വാഷിങ്ടന്‍: 2028ല്‍ യുഎസ് പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അതിന് നിയമപരമായ വലിയ തടസങ്ങളുണ്ടെന്നും ട്രംപ് സമ്മതിച്ചു. മൂന്നാം തവണയും മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്, ആ കാര്യത്തില്‍ നിയമം വളരെ കര്‍ശനമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. മത്സരിക്കാന്‍ എനിക്ക് വലിയ താല്‍പര്യമുണ്ട്, പക്ഷേ നിയമം ശക്തമാണ്' -ട്രംപ് പറഞ്ഞു. സമീപകാലത്ത് ട്രംപ് പലതവണ 2028ലെ തെരഞ്ഞെടുപ്പിനേക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ട് അനുയായികള്‍ നടത്തുന്ന പ്രകടനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപിന്റെ പ്രതികരണം.
യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ കഴിയില്ല. ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് നാല് തവണ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 1951ലാണ് ഈ ഭേദഗതി കൊണ്ടുവന്നത്. 2016ലും 2024ലും ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ ഈ നിയന്ത്രണത്തെ വെല്ലുവിളിക്കുമെന്നോ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നോ ട്രംപ് വ്യക്തമാക്കിയില്ല. പകരം നിലവിലെ നിയമത്തിന്റെ ശക്തിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ഈ നിയന്ത്രണം മാറ്റാന്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും മൂന്നില്‍ രണ്ട് ഭാഗത്തിന്റെയോ അല്ലെങ്കില്‍ സംസ്ഥാന നിയമസഭകളുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ പിന്തുണയോടെ വിളിച്ചുചേര്‍ക്കുന്ന കണ്‍വെന്‍ഷന്റെയോ പിന്തുണയോടെ ഭേദഗതി നിര്‍ദ്ദേശിക്കുകയും, തുടര്‍ന്ന് നാലില്‍ മൂന്ന് സംസ്ഥാനങ്ങള്‍ അത് അംഗീകരിക്കുകയും വേണം.
തുര്‍ക്കിയിലേക്കുള്ള യാത്രാവേളയില്‍ സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ട്രംപ് സംസാരിച്ചു. തന്റെ യാത്രാ ക്രമീകരണങ്ങള്‍ നിശ്ചയിച്ചത് രഹസ്യന്വേഷണ വിഭാഗവും സൈന്യവുമാണെന്നും അവരുടെ നിര്‍ദ്ദേശങ്ങളാണ് പാലിച്ചതെന്നും ട്രംപ് പറഞ്ഞു. തനിക്ക് ധാരാളം ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും, സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഭീഷണികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates