

കൊച്ചി: ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി. പൊലീസ് ഡിജെ പാര്‍ട്ടികളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ബാറില്‍ നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, പള്ളികളിലും അമ്പലങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ?, നൃത്തം ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയും? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ച് കൊണ്ട് പൊലീസ് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വാദത്തിനിടെയാണ് ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ബാറില്‍ നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. അമ്പലങ്ങളിലും പള്ളികളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ?, നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെയാണ് പറയാനാകുക? എന്നും കോടതി ചോദിച്ചു.
മദ്യാസക്തി ബാറുകളില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ഡിജെ പാര്‍ട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുന്‍വിധി പാടില്ല. ആളുകള്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്. രാത്രികാലങ്ങളില്‍ സിനിമയ്ക്ക് പോകുന്നത് ഒഴിച്ചാല്‍ കേരളത്തില്‍ മറ്റെന്താണ് ചെയ്യാന്‍ ഉള്ളത്? നൈറ്റ് ലൈഫ് എങ്ങനെയാണ് നിരോധിക്കാനാകുക എന്നും കോടതി ചോദിച്ചു.
ബാര്‍ ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സ്ഥലത്ത് ഡിജെ പാര്‍ട്ടി നടത്തിയാല്‍ അത് എങ്ങനെ നിരോധിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ഇതിന് ലൈസന്‍സ് ആവശ്യമുണ്ടോ എന്നും കോടതി വിശദീകരണം ചോദിച്ചു. മദ്യവില്‍പ്പന സര്‍ക്കാരിന് പ്രശ്‌നമല്ല. കാരണം മദ്യത്തിന്റെ വില്‍പ്പനയിലൂടെ സര്‍ക്കാരിന് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഡിജെ പാര്‍ട്ടികളെ മാത്രം പ്രത്യേകം ലക്ഷ്യവെയ്ക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates