ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'പ്രവചനാതീതമായ പെരുമാറ്റം' മനസ്സിലാക്കി സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാക്കുന്നതിനായി ഇറാന്‍ മുതിര്‍ന്ന മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയെന്ന് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് ഈ അസാധാരണ നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ മാധ്യമമായ ഡ്രോപ്പ് സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, രണ്ട് മുതിര്‍ന്ന മനശാസ്ത്ര വിദഗ്ധരെ ഇറാന്‍ ചര്‍ച്ചാ സംഘത്തിന്റെ ഉപദേശക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ സ്വഭാവ രീതികളും തീരുമാനമെടുക്കുന്ന രീതികളും വിലയിരുത്തുക, അദ്ദേഹത്തിലേക്ക് എത്തിക്കുന്ന സന്ദേശങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണമെന്നതില്‍ നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ചുമതലകളാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.
'മനോവൈകല്യമുള്ള പെരുമാറ്റ രീതികള്‍' എന്നാണ് ട്രംപിന്റെ ചില പ്രതികരണങ്ങളെ ഇറാന്‍ വിലയിരുത്തിയിരുന്നത്. അതിനാല്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുമ്പോള്‍ പ്രത്യേക സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് ചര്‍ച്ചാ സംഘം കരുതിയെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷമാണ് മനശാസ്ത്ര വിദഗ്ധര്‍ ഇറാന്റെ ചര്‍ച്ചാ സംഘത്തെ സഹായിക്കാന്‍ തുടങ്ങിയത്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ കരട് വ്യവസ്ഥകള്‍ അമേരിക്കയും ഇറാനും പരസ്പരം കൈമാറിത്തുടങ്ങിയ സാഹചര്യത്തിലായിരുന്നു നടപടി.
മനശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ സന്ദേശങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം ട്രംപിന്റെ പ്രതികരണങ്ങളില്‍ പ്രകടമായ മാറ്റം കണ്ടതായി ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ഭാവിയില്‍ ഈ രേഖകള്‍ ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍, ചര്‍ച്ചകളില്‍ ഓരോ പക്ഷവും സ്വീകരിച്ച തന്ത്രങ്ങളുടെ ഗൗരവവും നിലവാരവും വ്യക്തമായിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇറാന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ക്കിടെ ട്രംപിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയിലും ഉയര്‍ന്നിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ റോയിറ്റേഴ്‌സ്-ഇപ്സോസ് സര്‍വേയില്‍ പങ്കെടുത്ത അമേരിക്കക്കാരില്‍ 61 ശതമാനം പേരും പ്രായം കൂടുന്നതിനനുസരിച്ച് ട്രംപിന്റെ പെരുമാറ്റം കൂടുതല്‍ പ്രവചനാതീതമാകുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ 89 ശതമാനവും സ്വതന്ത്ര വോട്ടര്‍മാരില്‍ 64 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളില്‍ 30 ശതമാനവും ഈ അഭിപ്രായം പങ്കുവെച്ചതായി സര്‍വേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രതികരണത്തിനു മുതിര്‍ന്നില്ല.
2025 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പാള്‍ 75 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അതോടെ സ്ഥാനാരോഹണ ദിനത്തില്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ട്രംപ്. അധികാരത്തിലെത്തിയശേഷം നിരവധി പുതിയ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വ്യാപകമായ തീരുവ ഏര്‍പ്പെടുത്തുന്നതും കുടിയേറ്റ വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതുമടക്കമുള്ള തീരുമാനങ്ങള്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
നാല് മാസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ച് വെള്ളിയാഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഗര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കുമെന്ന് രാജ്യം വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates