ന്യൂഡല്‍ഹി: 2026 ജനുവരി മുതല്‍ ഇതുവരെ 1076 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനധികൃതമായി അമേരിക്കയില്‍ താമസിക്കുകയോ കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്തവരെയാണ് തിരിച്ചയച്ചിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
അനധികൃത കുടിയേറ്റം തടയുന്നതിനും മനുഷ്യക്കടത്ത് ശൃംഖലകളെ ഇല്ലാതാക്കുന്നതിനുമായി അമേരിക്കന്‍ ഭരണകൂടവുമായുള്ള സഹകരണം ഇന്ത്യ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 2025 ല്‍ 3,567 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
'ഈ വര്‍ഷം ഇതുവരെ 1,076 ഇന്ത്യന്‍ പൗരന്മാരെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. 2025 ല്‍ ആകെ 3,567 പേരെ യുഎസില്‍ നിന്ന് നാടുകടത്തി' : വാര്‍ത്താസമ്മേളനത്തില്‍ ജയ്‌സ്വാള്‍ പറഞ്ഞു.
നിയമാനുസൃത യാത്ര, വിദ്യാഭ്യാസം, തൊഴില്‍, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റം എന്നിവ സുഗമമാക്കുന്നതിനൊപ്പം നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകളെ അഭിസംബോധന ചെയ്യുക എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. അമേരിക്കയുമായുള്ള സഹകരണത്തിലൂടെ അനധികൃത കുടിയേറ്റ ശൃംഖലകളെ കൂടുതല്‍ ഫലപ്രദമായി തടയാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
അമേരിക്കയില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ പൗരന്മാരുടെ നാടുകടത്തലില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മടക്കി അയച്ചവരില്‍ ഭൂരിഭാഗം പേരും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ അമേരിക്കയിലെത്തോനോ അവിടെ തുടരാനോ ശ്രമിച്ചവരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അമരിക്കയില്‍ നിന്നും നാടുകടത്തപ്പെടുന്നവരുടെ ഇന്ത്യന്‍ പൗരത്വം സ്ഥിരീകരിച്ച ശേഷം മാത്രമാണ് രാജ്യം അവരെ സ്വീകരിക്കുന്നതെന്നും വിദേശമന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates