Representational Image AI Generated
World

ഇന്തോ-പസഫിക് സൈനിക കമാന്‍ഡിന്റെ പേരില്‍ നിന്ന് 'ഇന്തോ' ഒഴിവാക്കി യുഎസ്; വിദേശനയം മാറുന്നു?

അമേരിക്കയുടെ ഏറ്റവും പഴയതും വലുതുമായ ഏകീകൃത സൈനിക കമാന്‍ഡുകളില്‍ ഒന്നാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

വാഷിങ്ടണ്‍: ഇന്ത്യ-പസഫിക് മേഖലയിലെ യുഎസിന്റെ പ്രധാന സൈനിക കമാന്‍ഡുകളിലൊന്നായ യുഎസ് ഇന്തോ-പസഫിക് കമാന്‍ഡിന് അതിന്റെ പഴയ പേരായ 'യുഎസ് പസഫിക് കമാന്‍ഡ്' എന്നാക്കി മാറ്റിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. കമാന്‍ഡിന്റെ ദീര്‍ഘകാല ചരിത്രത്തെയും പാരമ്പര്യത്തെയും മാനിച്ചാണ് ഈ പേര് മാറ്റമെന്ന് അധികൃതര്‍ പറയുന്നു.

1947ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനാണ് ഈ കമാന്‍ഡ് സ്ഥാപിച്ചത്. ഏഴ് പതിറ്റാണ്ടിലേറെക്കാലം യുഎസ് പസഫിക് കമാന്‍ഡ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. അമേരിക്കയുടെ ഏറ്റവും പഴയതും വലുതുമായ ഏകീകൃത സൈനിക കമാന്‍ഡുകളില്‍ ഒന്നാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങളിലും, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം തുടങ്ങിയ നിര്‍ണായക ഘട്ടങ്ങളിലും ഈ കമാന്‍ഡ് വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രപരമായ വേരുകളെ ആദരിക്കാനാണ് പേര് പുനഃസ്ഥാപിക്കുന്നതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

എട്ട് വര്‍ഷം മുന്‍പ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ് ഇന്തോ എന്ന ഭാഗം കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ മഹാസമുദ്രവും പസഫിക് സമുദ്രവും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അന്ന് പേര് മാറ്റിയത്. ചൈനയുടെ ഉയര്‍ന്നുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുന്നതിലും ഈ സമീപനത്തിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു.

അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ജെയിംസ് മാറ്റിസ്, ഈ കമാന്‍ഡ് ബോളിവുഡ് മുതല്‍ ഹോളിവുഡ് വരെ വ്യാപിച്ചു കിടക്കുന്നതാണെന്ന് വിശേഷിപ്പിച്ചിരുന്നു. പുതിയ മാറ്റം, അമേരിക്കയുടെ തന്ത്രപരമായ മുന്‍ഗണനകളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 'ഇന്തോ' ഒഴിവാക്കിയത് വെറും സാങ്കേതിക മാറ്റമാണോ, അതോ അമേരിക്കയുടെ വിദേശ-സുരക്ഷാ നയത്തില്‍ പുതിയ മാറ്റത്തിന്റെ സൂചനകളുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തലത്തില്‍ വ്യക്തമായ വിശദീകരണം പുറത്തുവന്നിട്ടില്ല.

അന്താരാഷ്ട്ര നയരംഗത്തെ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, പേരുമാറ്റങ്ങള്‍ പലപ്പോഴും ഭരണകൂടത്തിന്റെ ഭൂമിശാസ്ത്ര-രാഷ്ട്രീയ സമീപനങ്ങളിലെ മാറ്റങ്ങളുടെ പ്രതിഫലനമായിരിക്കും. അതേസമയം, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധത്തില്‍ ഉടന്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുകള്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടില്ല. പേര് മാറ്റം ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലും വിശാലമായ ഇന്‍ഡോ-പസഫിക് മേഖലയുടെ രാഷ്ട്രീയ-സുരക്ഷാ സമവാക്യങ്ങളിലും എന്ത് സ്വാധീനം ചെലുത്തുമെന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായേക്കും.

US Drops ‘Indo’ From Military Command Name Eight Years After Trump-Era Change

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

28 വര്‍ഷത്തിനു ശേഷം ലോകകപ്പ് വേദിയില്‍; ജോര്‍ദാനെതിരെ ജയിച്ചുതുടങ്ങി ഓസ്ട്രിയ

70 വിദേശയാത്രകൾ നടത്തി പിണറായി, താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്

'ആരാണ് നിങ്ങളുടെ പ്രചോദനം ?', ട്രാൻസ്ഫർമേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ​ഗ്രേസ് ആന്റണി

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

SCROLL FOR NEXT