ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി സമുദ്രത്തിലും സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇറാന്റെ 20-ലധികം യുദ്ധക്കപ്പലുകള്‍ അമേരിക്കന്‍ നാവികസേന തകര്‍ക്കുകയോ മുക്കുകയോ ചെയ്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിനിടെയാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേന ആക്രമണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇറാന്റെ നാവിക ശേഷിയെ സാരമായി ബാധിക്കുന്നതാണ് ഐആര്‍ഐഎസ് ദേന തകര്‍ത്ത യുഎസ് നടപടി.
എന്നാല്‍, 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി സമുദ്രത്തില്‍ യുഎസ് ആക്രമണം കടുപ്പിക്കുമ്പോള്‍ ഐആര്‍ഐഎസ് ദേന തകര്‍ത്തത്തില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെട്ടോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സമുദ്രയുദ്ധത്തില്‍ പാലിക്കപ്പെടേണ്ട വ്യവസ്ഥകള്‍ ഇങ്ങനെയാണ്.
ഐആര്‍ഐഎസ് ദേന തകര്‍ക്കപ്പെട്ടത് എവിടെ
യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ എന്നതില്‍ ഉള്‍പ്പെടെ അവ്യക്തത നിലനില്‍ക്കുമ്പോഴാണ് യുഎസ് ശ്രീലങ്കന്‍ തീരത്തുനിന്നും നാല്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇറാന്‍ കപ്പല്‍ ആക്രമിച്ച് തകര്‍ക്കുന്നത്. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാല്‍ തന്നെ സമുദ്രത്തില്‍ എതിര്‍ കക്ഷികളെ ആക്രമിക്കുന്നതില്‍ വലിയ നിബന്ധങ്ങളാണ് അന്താരാഷ്ട്ര നിയമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
യുദ്ധങ്ങളില്‍ കക്ഷികളായ രാജ്യങ്ങളുടെ 12 നോട്ടിക്കല്‍ മൈല്‍ വരുന്ന സമുദ്രാതിര്‍ത്തിയില്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്താന്‍ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ രാജ്യങ്ങളുടെ 12 നോട്ടിക്കല്‍ മൈല്‍ ടെറിട്ടോറിയല്‍ ജലാശയത്തിന് പുറത്ത് എവിടെയും അത്തരമൊരു ആക്രമണം സംഭവിക്കാം. എന്നാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇറാന്റെ ഐറിസ് ദേന ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ആക്രമണത്തില്‍ അതിര്‍ത്തി സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങളില്ലെന്നാണ് വിലയിരുത്തല്‍.
അതിജീവിച്ചവരുടെ സംരക്ഷണം
യുദ്ധത്തില്‍ ആക്രമണങ്ങളെ അതിജീവിച്ചവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാവിക യുദ്ധ നിയമമങ്ങളുടെ വ്യവസ്ഥകള്‍ പാലിട്ടപ്പെട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. 1949-ലെ രണ്ടാം ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം, യുദ്ധത്തിലെ കക്ഷികള്‍ സമുദ്രത്തില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പരിക്കേറ്റവരെ തിരയാനും കണ്ടെത്താനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്നാണ് നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്.
എന്നാല്‍, അന്തര്‍വാഹിനികള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇത്തരം ഒരു രക്ഷാ ദൗത്യത്തിന് നിരവധി പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥാനം മറ്റ് കപ്പലുകളെയോ അധികാരികളെയോ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് രക്ഷാപ്രവര്‍ത്തനം സുഗമമാക്കാം. ഇതാണ് ശ്രീലങ്കന്‍ തീരത്ത് നടന്നത് എന്നാണ് വിലയിരുത്തല്‍.
ശ്രീലങ്കന്‍ നാവികസേനയാണ് രക്ഷാ ദൗത്യത്തില്‍ ആദ്യം പങ്കാളിയാകുന്നത്. ദേനയില്‍ നിന്ന് 32 നാവികരെ രക്ഷപ്പെടുത്തിയെന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കപ്പല്‍ ആക്രമിക്കപ്പെട്ട വിവരം ശ്രീലങ്കന്‍ അധികൃതരെ എങ്ങനെയാണ് അറിഞ്ഞതെന്ന് ഇതുവരെ വ്യക്തമല്ല. യുഎസ് നാവിക സേന തന്നെയായിരിക്കാം ഈ വിവരങ്ങള്‍ കൈമാറിയത് എന്നാണ് വിലയിരുത്തല്‍.
ആക്രമണത്തില്‍ യുഎസ് പങ്കാളിത്തം സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ അന്തര്‍വാഹിനിയുട ആക്രമണത്തില്‍ കപ്പല്‍ തകര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും വിവരങ്ങള്‍ കൈമാറിയതിന്റെ സൂചനകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates