വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക താരിഫില്‍ വിചിത്ര ന്യായീകരണവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയുമായുള്ള എണ്ണ ഇടപാടിലൂടെ ഇന്ത്യയിലെ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു എന്നാണ് പീറ്റര്‍ നവാരോയുടെ പുതിയ അവകാശവാദം.
റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തുന്നതിന് മുമ്പ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നില്ല. 2022 ഫെബ്രുവരിക്ക് ശേഷം പുടിന്‍ മോദിക്ക് ക്രൂഡ് ഓയിലിന് ഇളവ് നല്‍കി. റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഉയര്‍ന്ന വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇതുവഴി അമിത ലാഭം ഉണ്ടാക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്മണര്‍ ലാഭം കൊയ്യുകയാണ്. അത് അവസാനിപ്പിക്കണം. ഇന്ത്യന്‍ ജനത ദയവായി ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ചൂണ്ടിക്കാട്ടി.
യുദ്ധം നടത്തുന്നതിന് റഷ്യയ്ക്ക് ഇന്ത്യ പണം നല്‍കുകയാണ്. ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ, വ്‌ളാഡിമര്‍ പുടിനും ഷി ജിന്‍പിങ്ങിനുമൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും നവാരോ പ്രതികരിച്ചു.
റഷ്യന്‍ ബന്ധത്തില്‍ നേരത്തെയും ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി പീറ്റര്‍ നവാരോ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ എണ്ണ പണമിടപാട് സ്ഥാപനം എന്നും, റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ പരാമര്‍ശിച്ച് മോദിയുടെ യുദ്ധം എന്നും നവാരോ കുറ്റപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates