രക്തരൂക്ഷിതമായ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍, വിമാനാപകടങ്ങള്‍, മാനുഷിക ദുരന്തങ്ങള്‍ ഇതിനെല്ലാം അപ്പുറത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകൾ... 2025 നെ ലോകം അടയാളപ്പെടുത്തിയ സംഭവങ്ങളെ ഇത്തരത്തില്‍ ചുരുക്കി വിവരിക്കാം. ഗാസ, യുക്രൈന്‍, സുഡാന്‍ യുദ്ധ ഭീകരതയുടെ ക്രൂരമായ മുഖം കണ്ട നാളുകള്‍ കൂടിയായിരുന്നു കടന്നുപോയത്. മനുഷ്യത്വം എന്തെന്ന ചോദ്യം പോലും ലോകത്തിന്റെ പല കോണുകളില്‍ നിന്നും നിരന്തരം ഉയര്‍ന്നു.
ആയിരങ്ങളുടെ ജീവനെടുത്ത പ്രകൃതി ദുരന്തങ്ങള്‍
ഭൂചലനം, കാട്ടുതീ, ഉഷ്ണ തരംഗം, കൊടുങ്കാറ്റ് ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ച വര്‍ഷമായിരുന്നു 2025. കാലാവസ്ഥാ ദുരന്തങ്ങള്‍ സാധാരണമായി മാറുന്ന നിലയില്‍ സാഹചര്യങ്ങള്‍ എത്തി.
ജനുവരി 7- ന് ടിബറ്റില്‍ ഉണ്ടായ ഭൂചലനമായിരുന്നു 2025 ലെ ആദ്യ പ്രധാന പ്രകൃതി ദുരന്തം. 50 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. മാര്‍ച്ച് 28-ന് മ്യാന്‍മറിലുണ്ടായ ഭൂകമ്പം (7.7 തീവ്രത) 3,300 നും 5,500 നും ഇടയില്‍ ആളുകളുടെ ജീവന്‍ കവര്‍ന്നു. തായ്ലന്റില്‍ 103 പേരും മരിച്ചു.
ഓഗസ്റ്റ് 31-ന്, അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 2,200 കടന്നതായാണ് വിലയിരുത്തല്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഭൂചനം നാശം വിതച്ചപ്പോള്‍ യൂറോപ് കൊടും ചൂടില്‍ വലഞ്ഞ വര്‍ഷമായിരുന്നു കടന്നുപോയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ ഉഷ്ണതരംഗങ്ങള്‍ കുറഞ്ഞത് 4,700 പേരുടെ മരണത്തിന് കാരണമായി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണ സംഖ്യ 16,500-ല്‍ കൂടുതലാണ്.
ജനുവരിയില്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീ ലോക ചരിത്രത്തിലെ ഏറ്റവും സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ ഒന്നായാണ് അടയാളപ്പെടുത്തയത്. ഈറ്റണ്‍, പാലിസേഡ് എന്നിവിടങ്ങളില്‍ ഉണ്ടായ കാട്ടുതി 50-61 ദശലക്ഷം ഡോളറിന്റെ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. 1800 ല്‍ അധികം നിര്‍മിതികളും നാമാവശേഷമായി. കൊടുങ്കാറ്റുകളും ലോക രാജ്യങ്ങളെ പലപ്പോഴായി ദുരിതത്തിലാഴ്ത്തി. നവംബര്‍ അവസാനത്തോടെ തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സെന്‍യാര്‍ ചുഴലിക്കാറ്റ് 1,353 പേരുടെ ജീവന്‍ കവര്‍ന്നു.
ജൂണില്‍ പാകിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 1,040-ലധികം പേര്‍ കൊല്ലപ്പെടുകയും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മെയ് മാസത്തില്‍ നൈജീരിയെയും വെള്ളപ്പൊക്കം പിടികൂടി. ദുരന്തത്തില്‍ കുറഞ്ഞത് 500 പേരെങ്കിലും മരിച്ചെന്നാണ് കണക്കുകള്‍. നവംബറിലുണ്ടായ ദിത്വാ ചുഴലിക്കാറ്റായിരുന്നു ഏറ്റവുമൊടുവില്‍ നാശം വിതച്ചത്. ശ്രീലങ്കയായിരുന്നു ഇതിന്റെ ദുരിതം ഏറ്റവും അധികം പേറിയത്.
ഫിലിപ്പീന്‍സിലും തായ്ലന്‍ഡിലും മാറ്റ്മോ, കല്‍മേഗി എന്നീ ചുഴലിക്കാറ്റുകള്‍ കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ ചുഴലിക്കാറ്റ് ജമൈക്ക, ഹെയ്തി, ക്യൂബ എന്നിവിടങ്ങളില്‍ നാശം വിതച്ചു. ഫ്‌ലോറിഡയെയും തെക്കുകിഴക്കന്‍ യുഎസിനെയും തകര്‍ത്തെറിഞ്ഞ് മില്‍ട്ടണ്‍ ചുഴലിക്കാറ്റും ആഞ്ഞടിച്ചു.
ലൂവ്ര് മ്യൂസിയത്തിലെ മോഷണം
പാരീസിലെ പ്രശസ്തമായ ലൂവ്ര മ്യൂസിയത്തില്‍ നടന്ന പകല്‍ കൊള്ള 2025 ലെ ഏറ്റവും നാടകീയമായ സംഭവങ്ങളിലൊന്നായി മാറി. ഒക്ടോബര്‍ 19 നായിരുന്നു ലോകത്തെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്. നിര്‍മ്മാണ തൊഴിലാളികളുടെ വേഷം ധരിച്ച നാല് കള്ളന്മാര്‍ ഏകദേശം 102 മില്യണ്‍ ഡോളര്‍ (ഏകദേശം 900 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ജാഫര്‍ എക്‌സ്പ്രസ് റാഞ്ചല്‍
പാകിസ്ഥാനിലെ ജാഫര്‍ എക്‌സ്പ്രസ് ബലൂച് വിഘടനവാദി ഗ്രൂപ്പ് റാഞ്ചിയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മാര്‍ച്ച് 11 ന്, ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ്, ബൊലാന്‍ പാസിന് സമീപത്ത വച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) റാഞ്ചുകയായിരുന്നു. ട്രെയിന്‍ തട്ടിയെടുത്ത അക്രമികള്‍ ട്രാക്കുകള്‍ തകര്‍ക്കുകയും ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിര്‍ത്തിയിടുകയും ചെയ്തു. 30 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്ക് ഒടുവില്‍ ആയിരുന്നു ട്രെയിനിലെ യാത്രികരെ മോചിപ്പിച്ചത്. 33 വിമതരെ വധിച്ചാണ് 354 ബന്ദികളെ രക്ഷപ്പെടുത്തിയത്.
ബംഗ്ലാദേശ് വിമാനാപകടം
ജൂലൈ 21 ന്, ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍, കോളേജ് കാമ്പസിലേക്ക് സൈനിക പരിശീലന ജെറ്റ് ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ 32 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും പൈലറ്റും ഉള്‍പ്പെടെ കുറഞ്ഞത് 36 പേര്‍ മരിച്ചു, 170 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു.
സുഡാന്‍ യുദ്ധത്തിന്റെ മൂന്നാം വര്‍ഷം
ലോകത്തിന്റെ ശ്രദ്ധ ഗാസയിലേക്കും യുക്രൈനിലേക്ക് നീണ്ടപ്പോള്‍ സുഡാനിലെ രക്ത രൂക്ഷിതമായ യുദ്ധം പലപ്പോഴും വിസ്മരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിയെന്ന നിലയിലേക്കായിരുന്നു സായുധ സേനയും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള സംഘര്‍ഷം സുഡാനെ കൊണ്ട് എത്തിച്ചത്.
സംഘര്‍ഷം ഉണ്ടാക്കിയ പ്രതിസന്ധി മൂലം 14 ദശലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്‌പ്പെട്ടത്. 9.5 ദശലക്ഷം പേര്‍ ആഭ്യന്തരമായി സുരക്ഷിത ഇടം തേടി ജന്മനാട് വിട്ടപ്പോള്‍. 4.3 ദശലക്ഷത്തിലധികം ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടു. ജനസംഖ്യയുടെ പകുതിയോളം വരുന്ന ഏകദേശം 21 ദശലക്ഷം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് നേരിടുന്നത്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷം
2022 ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ ആക്രമിച്ചതിനുശേഷം ആരംഭിച്ച സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങള്‍ സജീവമായ വര്‍ഷമാണ് കടന്നുപോകുന്നത്. നിലവില്‍ യുക്രൈന്‍ പ്രദേശത്തിന്റെ ഏകദേശം 19.2 ശതമാനം റഷ്യ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.1 ദശലക്ഷത്തിലധികം റഷ്യന്‍ സൈനികരും 400,000 യുക്രൈന്‍ സൈനികരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
28 ഇന സമാധാന പദ്ധതിയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ട് വയ്ക്കുന്നത്. പ്രദേശിക ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് റഷ്യ വ്യക്തമാക്കുന്നു. തങ്ങളുടെ പ്രദേശങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ യുക്രൈനും സ്വീകരിക്കുമ്പോള്‍ സംഘര്‍ഷം ഇനിയും തുടരുമെന്നാണ് സുചനകള്‍.
വെടിനിര്‍ത്തിയ ഗാസ, അയല്‍ രാജ്യങ്ങളെ കടന്നാക്രമിക്കുന്ന ഇസ്രയേല്‍
ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇടപെട്ട് വെടി നിര്‍ത്തല്‍ സാധ്യമാക്കിയ വര്‍ഷം കൂടിയായിരുന്നു 2025. അതേസമയം, തങ്ങളുടെ ആറ് അയല്‍ രാജ്യങ്ങളില്‍ കടുന്നു കയറി ആക്രമണം നടത്തിയ ഇസ്രയേലിനെയും ലോകം കണ്ടു. പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി വര്‍ധിപ്പിക്കുന്നതായിരുന്നു ഇസ്രയേല്‍ ഇടപെടല്‍.
ഇറാന്‍ ആയിരുന്നു ഇസ്രായേലിന്റെ ആക്രമണത്തിന് വിധേയമായ രാജ്യങ്ങളില്‍ പ്രമുഖര്‍. ഹിസ്ബുള്ളയ്ക്കെതിരെ എന്ന പേരില്‍ ലെബനനില്‍ വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തി. സിറിയയിലെ സൈനിക കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തി. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും യെമനിലെ ഹൊദൈദയിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയിലും ആക്രമണം ഉണ്ടായി. ടുണീഷ്യയെയും ഇസ്രയേല്‍ ആക്രമിച്ചു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടത്തിയ സൈനിക നീക്കത്തില്‍ 70,937 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 171,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. നിലവിലെ വെടിനിര്‍ത്തലിന് കീഴില്‍ ഗാസയിലേക്ക് ആന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജനസംഖ്യയുടെ 77 ശതമാനം (1.6 ദശലക്ഷം ആളുകള്‍) ഇപ്പോഴും കടുത്ത പട്ടിണി അനുഭവിക്കുന്നു. സെപ്റ്റംബറില്‍, ഗാസയിലെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള നയം ഇന്ത്യ ഉള്‍പ്പെടെ 142 രാജ്യങ്ങള്‍ പിന്തുണച്ചതും ഈ വര്‍ഷത്തെ സുപ്രധാന സംഭവങ്ങളായി.
ജെന്‍ സീ പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് നേപ്പാള്‍
നേപ്പാളിലെ സര്‍ക്കാരിനെ അട്ടിമറിച്ച ജെന്‍ സീ പ്രക്ഷോഭമായിരുന്നു 2025 ല്‍ ലോകം കണ്ട വലിയ ജനകീയ നീക്കങ്ങളില്‍ പ്രധാനം. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഉണ്ടായതിന് സമാനമായിരുന്നു സെപ്തംബറില്‍ നേപ്പാളില്‍ ഉണ്ടായ പ്രക്ഷോഭം. നേപ്പാളിലെ അഴിമതിയിലും സാമ്പത്തിക സ്തംഭനത്തിലും എതിരെ യുവാക്കള്‍ തെരുവിലിറങ്ങിയതായിരുന്നു സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്. ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്ട്സ്ആപ്പ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വിലക്കിക്കൊണ്ട് സെപ്റ്റംബര്‍ 4-ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിച്ചു.
സംഘര്‍ഷങ്ങളില്‍ 76 പേര്‍ മരിക്കുകയും 2,100-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫെഡറല്‍ പാര്‍ലമെന്റ് കെട്ടിടവും സിംഗ ദര്‍ബാറും ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കി. സെപ്റ്റംബര്‍ 9 ന് കെ പി ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും രാജ്യം വിട്ട് പലായനം ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 12 ന്, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയുടെ നേതൃത്വത്തില്‍ നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നു. രാജ്യത്ത് ആദ്യമായി ഒരു വനിത നയിക്കുന്ന സര്‍ക്കാര്‍ കൂടിയാണിത്.
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
ആഗോള കത്തോലിക്ക സഭയുടെ 267ാം മാര്‍പ്പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ത് തെരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച അദ്ദേഹം യുഎസില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാണ്. വത്തിക്കാനിലെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ നാലാം വട്ട വോട്ടെടുപ്പിലാണ് ലിയോ പതിനാലാമന്‍ കത്തോലിക്ക സഭയുടെ ഇടയനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഏപ്രില്‍ 21 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തത്.
ഷെയ്ഖ് ഹസീനയുടെ വധശിക്ഷ
ബംഗ്ലദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതും ഈ വര്‍ഷമായിരുന്നു. നവംബര്‍ 17 നായിരുന്നു ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 5-ന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടമായ ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അക്രമ സംഭവങ്ങള്‍ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.
ട്രംപിന്റെ വര്‍ഷം
അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരത്തില്‍ എത്തിയ ഡോണള്‍ഡ് ട്രംപിന്റെ വര്‍ഷമായിരുന്നു കടന്നു പോയത്. ലോക മാധ്യമങ്ങളില്‍ ട്രംപിന്റെ പേരില്ലാത്ത ചുരുക്കം ദിനങ്ങള്‍ മാത്രമായിരിക്കും 2025 ല്‍ ഉണ്ടായിട്ടുള്ളത്. ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫുകള്‍, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍, കുടിയേറ്റ വിരുദ്ധ നിലപാടുകള്‍, യുദ്ധങ്ങള്‍, അവകാശവാദങ്ങള്‍ പട്ടിക വളരെ വലുതാണ്. ട്രംപ് ഇഷ്ടാനുസരണം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പുറപ്പെടുവിക്കുന്നതായിരുന്നു മറ്റൊരു കാഴ്ച. അധികാരത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 121 ഉത്തരുകളാണ് ട്രംപ് പുറപ്പെടുവിച്ചത്.
പകരച്ചുങ്കം എന്ന പേരില്‍ ലോക രാജ്യങ്ങള്‍ക്ക് മേല്‍ എകപക്ഷീയമായ താരിഫ് നിരക്കുകള്‍ ട്രംപ് ഭരണകൂടം നടപ്പാക്കി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന താരിഫ് നടപ്പാക്കി. ഏപ്രില്‍ 5 മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു.
യുഎസുമായി വലിയ വ്യാപാര കമ്മിയുള്ള രാജ്യങ്ങള്‍ക്ക്, ട്രംപിന്റെ ഭരണകൂടം ഉയര്‍ന്ന പകരച്ചുങ്കം പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് തീരുമാനിച്ചപ്പോള്‍ ഇന്ത്യയും അതിന്റെ ചൂടറിഞ്ഞു. ചടങ്ങലകളില്‍ ബന്ധിച്ച ഇന്ത്യന്‍ പൗരന്‍മാരുമായി യുഎസ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത് ആഗോള തലത്തില്‍ ചര്‍ച്ചയായി.
അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ കരാറില്‍ നിന്നും യുഎസിനെ ഔദ്യോഗികമായി പിന്‍വലിച്ചു. പൗരന്മാരല്ലാത്തവരുടെ കുട്ടികള്‍ക്കുള്ള ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു. ഈ നടപടികള്‍ നിയമ കുരുക്കിലേക്ക് ട്രംപിനെ കൊണ്ടെത്തിച്ചു.
ടെസ്ല സിഇഒ എലോണ്‍ മസ്‌കുമായുള്ള അടുപ്പവും, ബന്ധത്തിലെ തകര്‍ച്ചയും കണ്ട വര്‍ഷമായിരുന്നു 2025. മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് സെന്‍സിറ്റീവ് ഫെഡറല്‍ പേയ്മെന്റിന് അമിത അധികാരം നല്‍കി ട്രംപ് കൂടെ നിർത്തി.
എന്നാല്‍ വര്‍ഷം പകുതി പിന്നിട്ടതോടെ ഇരുവരും പിരിഞ്ഞു. യുഎസ്എഐഡി അടച്ചുപൂട്ടി, ഫെഡറല്‍ ജീവനക്കാരുടെ 12 ശതമാനം വെട്ടിക്കുറച്ചു, ടെസ്ല വില്‍പ്പന 13 ശതമാനം കുറഞ്ഞു.
യുദ്ധവും സമാധാനവും
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങളെങ്കിലും നിര്‍ത്താന്‍ താന്‍ ഇടപെട്ടു എന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടു. സമാധാന നൊബേലിന് ഉള്‍പ്പെടെ താന്‍ അര്‍ഹനാണെന്നും ട്രംപ് സ്വന്തം നിലയില്‍ അവകാശപ്പെട്ടു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ചു. എന്നാല്‍, തന്റെ സമാധാന ദൗത്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. റഷ്യ - യുക്രൈന്‍, സുഡാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates