ചൊവ്വയിലേക്ക് സ്ഥിര താമസത്തിന് ആളുകളെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ടെക് കോടീശ്വരൻ ഇലൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്. ഈ ചൊവ്വവാസി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. എന്നാൽ ആദ്യ ചൊവ്വാവാസി നിർമിത ബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യന്ത്ര മനുഷ്യനായിരിക്കുമെന്ന സൂചനയാണ് മസ്ക് ഇപ്പോൾ നൽകുന്നത്. ട്വിറ്ററിലൂടെയാണ് ലോകത്തിന്റെ ആകാംക്ഷയ്ക്ക് മസ്ക് മറുപടി നൽകിയത്.
ആദ്യ ചൊവ്വാവാസിയാകുന്നത് മനുഷ്യനേക്കാൾ ബുദ്ധിമാനായ യന്ത്രമായിരിക്കുമോ എന്ന ചോദ്യത്തിന് 30 ശതമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഈ ശതമാനക്കണക്കിൽ നിഗൂഢത നിലനിൽക്കുന്നുണ്ടെങ്കിലും ഈ നിർമിതബുദ്ധിജീവി ഏത് രൂപത്തിലായിരിക്കുമെന്ന ചിന്തയിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രകുതുകികൾ. ചൊവ്വാപ്രതലത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യ സഹായമില്ലാതെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താൻ കഴിയുന്ന ഒരു ഉപകരണമായിരിക്കും ഇതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചതിന് പുറമെ ചൊവ്വയിലും മനുഷ്യനെയെത്തിക്കാൻ ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ചൊവ്വാദൗത്യത്തിൽ താൻ പങ്കാളിയാകാൻ സാധ്യതയുണ്ടെന്ന് നവംബറിൽ മസ്ക് പറഞ്ഞിരുന്നു. എന്നാൽ ഈ ദൗത്യത്തിൽ പങ്കാളിയാകാൻ കുറച്ചുപേർ മാത്രമേ മുന്നോട്ടുവന്നിട്ടുള്ളു. ദൗത്യത്തിലെ അപകട സാധ്യതയും ഉയർന്ന ചെലവുമാണ് ഇതിന് കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates