വിയന്ന: കൊറോണ വൈറസ് ബാധ ആശങ്ക വര്‍ധിപ്പിച്ച് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിഥിയെ ചുംബിച്ച് അഭിവാദ്യം ചെയ്യുന്ന രീതി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി അലെയ്ന് ബെര്‍സെറ്റ് നിര്‍ദേശിച്ചു. ഇരുകവിളിലും പരസ്പരം ചുംബനം നല്കി അഭിവാദ്യം ചെയ്യുന്നതാണ് സ്വിസ് രീതി. വൈറസ് പടരാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലാണ് ഈ രീതി ഒഴിവാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
സാമൂഹികമായി അകലം പാലിക്കുകയാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല വഴി. അതിനാലാണ് അഭിവാദ്യ ചുംബനം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി കണക്കിലെടുക്കാന്‍ നിര്‍ദേശിക്കുന്നതെന്ന് മന്ത്രി പറയുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 വരെ 1000 പേരില്‍ കൂടുതലുള്ള ചടങ്ങുകളും സ്വിറ്റ്സര്‍ലന്റില്‍ നിരോധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ ഹസ്തദാനം ഒഴിവാക്കണമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവര്‍ വെറന്‍ നിര്‍ദേശിച്ചിരുന്നു.
ലോകത്തെ ആശങ്കയിലാഴ്ത്തി കൂടുതല്‍ രാജ്യങ്ങളിലേക്ക് കൊവിഡ് പടരുകയാണ്. വിവിധ രാജ്യങ്ങളിലായി മരണം 3100 ന് അടുത്തെത്തി. ഇന്ത്യയുള്‍പ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ രോഗം ബാധിച്ച് ഇന്നലെ മരിച്ചത് 31 പേരാണ്. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2943 ആയി.
അമേരിക്കയില്‍ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ യുഎസില്‍ കൊറോണ മരണം ആറായി ഉയര്‍ന്നു. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും കൊവിഡ്19 ( കൊറോണ) ബാധിച്ച് മരിച്ചിട്ടുണ്ട്. സൗദി അറേബ്യ, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് തീവ്രമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates