ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. കാമുകി കാരി സിമൻസിൽ (31) ജോൺസനു (55) കുഞ്ഞു പിറക്കാൻ പോകുന്നതായി വാർത്തകളുണ്ടായിരുന്നു. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നു കാരി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വിവാഹം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു വിവാഹ നിശ്ചയം.
കൺസർവേറ്റിവ് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് മേധാവിയായിരുന്ന കാരി 2012ലെ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ജോൺസന്റെ പ്രചാരണ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ യുഎസ് പരിസ്ഥിതി സംഘടന ഓഷ്യാനയിൽ പ്രവർത്തിക്കുന്നു.
അലീഗ്ര ഒവനാണു ബോറിസ് ജോൺസന്റെ ആദ്യ ഭാര്യ. 1987 ൽ വിവാഹിതരായി. 1993ൽ വേർപിരിഞ്ഞു. ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തത് അതേ വർഷം. നാല് മക്കളുമായി 25 വർഷം നീണ്ട ആ ദാമ്പത്യം 2018ൽ അവസാനിച്ചു. വിവാഹ മോചന നടപടികൾ അവസാന ഘട്ടത്തിലാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൻ, കാരി സിമൻസിനൊപ്പമാണു ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്. 173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമ വനിത കാരിയാണ്. അഗസ്റ്റസ് ഹെൻറി ഫിറ്റ്സ്റോയിയാണ് ഇതിന് മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ (1768– 1770) പുനർ വിവാഹം ചെയ്ത മറ്റൊരാൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates