ജൊഹനാസ്ബര്‍ഗ്: സ്വകാര്യ ഉപയോഗത്തിന് കഞ്ചാവ് നിയമ വിധേയമാക്കി ദക്ഷിണാഫ്രിക്കന്‍ പരമോന്നത കോടതി ഉത്തരവിറക്കി. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് ഉത്തരവിറക്കിക്കൊണ്ട് ഡപ്യൂട്ടി ചീഫ് ജസ്റ്റിസ് റെയ്മണ്ട് സോണ്ടോ പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൂടിയുള്ള അധികാരം സ്വകാര്യതയ്ക്കുള്ള അവകാശം നല്‍കുന്നുണ്ടെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമായി പ്രഖ്യാപിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് ഈ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. കഞ്ചാവിന്റെ ഉപയോഗവും കൈവശം വയ്ക്കുന്നതും കുറ്റകരമാക്കിയുള്ള നിയമം വ്യക്തികളുടെ സമത്വത്തെയും അന്തസ്സിനെയും വിശ്വാസങ്ങളെയും ഹനിക്കുന്നതാണെന്നാണ് റാസ്താ ഫാരിയന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയെങ്കിലും ഇത് എത്ര അളവ് വരെ എന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയിട്ടില്ല. ഈ അളവ് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ് എന്നും ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവോടെ നിലവിലുള്ള നിയമം ഭേദഗതി ചെയ്യേണ്ട ഭരണഘടനാപരമായ ബാധ്യത പാര്‍ലമെന്റിനുണ്ട്.
റാസ്താഫാരിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കോടതി വിധിയില്‍ ആഹ്ലാദപ്രകടനം നടത്തി. വര്‍ഷങ്ങളായി ഉന്നയിച്ച ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ച് ചികിത്സ നടത്തുന്നവരും കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ആരോഗ്യ- നീതിന്യായ വകുപ്പുകള്‍ ഉള്‍പ്പടെ സര്‍ക്കാരിന്റെ വിവധ മന്ത്രാലയങ്ങള്‍ കോടതി വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ വിധി മുന്‍നിര്‍ത്തി നിയമം രൂപീകരിക്കരുതെന്നും അങ്ങേയറ്റം ദോഷകരമാണിതെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രതികരിച്ചു.
ലെസ്‌തോയ്ക്കും സിംബാബ്വെയ്ക്കും പിന്നാലെ കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ രാജ്യമാവും ഇതോടെ ദക്ഷിണാഫ്രിക്ക. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും മരുന്നിനായുള്ള കഞ്ചാവ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നതും ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates