''എടാ, ആ കുഞ്ഞാപ്പു ചത്തുപോയി. ശവം പായില്‍പൊതിഞ്ഞ് ഉന്തുവണ്ടീല്‍ കൊണ്ടുപോണതു കണ്ടു.''
ചോറുരുള എന്റെ തൊണ്ടയില്‍ കുടുങ്ങി.
ഇന്നും മിന്നാമിനുങ്ങിനെ കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുഞ്ഞാപ്പുവായിരിക്കുമോ?
പൊള്ളുന്ന വാക്കുകളില്‍ ഒരു അനുഭവം വിവരിക്കുകയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്. മിന്നാമിനുങ്ങ് എന്ന തലക്കെട്ടില്‍ 1997 ആഗസ്റ്റ് 22 ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്.
ഇന്നും മിന്നാമിനുങ്ങിനെ കാണുമ്പോള്‍ ഞാന്‍ കുഞ്ഞാപ്പുവിനെ ഓര്‍ക്കും.
കുട്ടിക്കാലത്ത് ഉമ്മറത്തു ഞാന്‍ സന്ധ്യാനാമം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മിന്നാമിനുങ്ങ് പാറിവന്നു. അതിനെപ്പിടിച്ച് ഒരു കൊച്ചു കുപ്പിയില്‍ അടച്ചു. കട്ടിലിന്നടിയില്‍ സൂക്ഷിച്ചുവച്ചു.
രാത്രി വിളക്കുകള്‍ അണച്ച് എല്ലാവരും കിടന്നുകഴിഞ്ഞപ്പോള്‍ രഹസ്യമായി ആ കുപ്പി എടുത്തുനോക്കി. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ മുറി സ്വപ്നലോകമായി.
നേരം ഒന്നു വെളുത്തോട്ടെ. ഈ അത്ഭുതം കുഞ്ഞാപ്പുവിനെ കാണിക്കണം. അവന്‍ കണ്ണുമിഴിച്ചുപോവും.
കുഞ്ഞാപ്പു വല്യമ്മാവന്റെ പുരയിടത്തിലെ കുടികിടപ്പുകാരി നാണിപ്പണിക്കത്തിയുടെ മകനാണ്. ചിരട്ടക്കയിലുകള്‍ ഉണ്ടാക്കി വില്‍ക്കലാണ് നാണിപ്പണിക്കത്തിയുടെ തൊഴില്‍. കുഞ്ഞാപ്പുവിന്റെ അച്ഛന്‍ ആരാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തോട്ടുവക്കത്തെ ചെറ്റക്കുടിലില്‍ നാണിപ്പണിക്കത്തിയേയും കുഞ്ഞാപ്പുവിനേയും കൂടാതെ മറ്റാരെയും കണ്ടിട്ടില്ല.
കുഞ്ഞാപ്പു ജന്മനാ രോഗിയാണ്. ഈര്‍ക്കില്‍ പോലെ മെലിഞ്ഞ കയ്യും കാലും. വീര്‍ത്തുന്തിയ വയറ്. മുഴച്ചുതള്ളിയ പൊക്കിള്‍. ഉണ്ടക്കണ്ണുകള്‍. കഴുത്തിന്റെ ബലക്ഷയം കാരണം എപ്പോഴും ഇളക്കിക്കൊണ്ടിരിക്കുന്ന മൊട്ടത്തല. പഴഞ്ചന്‍ വള്ളിനിക്കറിന്റെ പിന്നിലെ കീറലിലൂടെ സ്വല്പം ചന്തി എപ്പോഴും പുറത്തുകാണാം. വെയിലുകൊള്ളാനോ വേഗം നടക്കാനോ ഓടാനോ ചാടാനോ മാവില്‍ കയറാനോ നീന്താനോ ഒന്നും നിത്യദീനക്കാരനായ കുഞ്ഞാപ്പിന് വയ്യ. ഞങ്ങളുടെ കളികള്‍ നോക്കിക്കൊണ്ട് തളര്‍ന്ന കണ്ണുകളോടെ വല്ല തണലത്തും കുഞ്ഞാപ്പു കുത്തിയിരിക്കും പഞ്ചപാവം.
എന്റെ ഓര്‍മ്മകള്‍ തുടങ്ങുമ്പോള്‍ തറവാടിന്റെ വടക്കേമുറ്റത്ത് കുഞ്ഞാപ്പു ഉണ്ട്. ഉച്ചയാകുമ്പോള്‍ മുറ്റത്തെ മണലില്‍ ഒരു കുഴി ഉണ്ടാക്കി അതില്‍ ചേമ്പില കോട്ടി പാത്രം പോലെയാക്കി വച്ച് പ്ലാവിലക്കുമ്പിളുമായി കുഞ്ഞാപ്പു കുത്തിയിരിക്കും. ദീനമായി വിളിക്കും.
''കുഞ്ഞമ്മോ, ത്ര കഞ്ഞിവെള്ളം.''
എന്റെ അമ്മയ്ക്ക് കുഞ്ഞാപ്പുവിനോട് വലിയ ദയയായിരുന്നു. ചേമ്പിലയില്‍ കഞ്ഞിയും കറിയും വിളമ്പിക്കൊടുക്കും. കുഞ്ഞാപ്പു അതീവശ്രദ്ധയോടെ സാവധാനം പ്ലാവിലക്കുമ്പിള്‍കൊണ്ട് കഞ്ഞി കോരിക്കുടിക്കും. ഇടയ്ക്ക് നാക്കുകൊണ്ട് ചുണ്ടുകള്‍ തുടച്ചിട്ട് നായ്ക്കുട്ടി നോക്കുന്നതുപോലെ അമ്മയെ ഒന്നു നോക്കും.
അമ്മ സങ്കടത്തോടെ അതു കണ്ടുനില്‍ക്കും. അമ്മയുടെ മുണ്ടിന്‍തുമ്പില്‍ പിടിച്ച് ഞാനും.
''അശ്രീകരം.''
കഠിനഹൃദയയായ ചെറിയമ്മ കുഞ്ഞാപ്പിനെ നോക്കി മുറുമുറുക്കും. അമ്മ രൂക്ഷമായി ചെറിയമ്മയെ നോക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുഞ്ഞാപ്പുവിനെ എന്തെങ്കിലും തിന്നാന്‍ കൊടുക്കുന്നത് എനിക്കും വലിയ സന്തോഷമാണ്. നിലവറയില്‍ വലിയ ഭരണികളില്‍ സൂക്ഷിച്ചിരിക്കുന്ന ഏത്തയ്ക്കാ വറുത്തതും ചക്ക വരട്ടിയതും മാങ്ങാത്തിരയും ഒക്കെ ആരും കാണാതെ എടുത്ത് ഞാന്‍ കുഞ്ഞാപ്പുവിന് കൊടുക്കും. അവന്‍ തിന്നുന്നത് കാണാന്‍ കൗതുകമുണ്ട്. ഒട്ടും ആര്‍ത്തിയില്ലാതെ അതീവശ്രദ്ധയോടെ സാവധാനം ഒരു തരിപോലും കളയാതെ തിന്നും. എന്നിട്ട് നായ്ക്കുട്ടി നോക്കുന്നതുപോലെ നന്ദിയോടെ നോക്കും.
ഞാന്‍ സ്‌കൂള്‍ വിട്ടുവരുന്നതും കാത്ത് വഴിയരികിലെ ആഞ്ഞിലിച്ചോട്ടില്‍ കുഞ്ഞാപ്പു കുത്തിയിരിക്കും. സ്‌കൂളിലെ സംഭവങ്ങള്‍ ഞാന്‍ വിവരിക്കുന്നത് കേള്‍ക്കാനാണ്. അവന് സ്‌കൂളില്‍ പോകാന്‍ ഭാഗ്യമില്ല.
നേരം വെളുത്തോട്ടെ കുപ്പിയിലടച്ച മിന്നാമിനുങ്ങിനെ കുഞ്ഞാപ്പുവിന് കാണിച്ചുകൊടുക്കണം. അവന്റെ ഉണ്ടക്കണ്ണുകള്‍ പുറത്തേക്ക് തള്ളും.
രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ കുപ്പി അരികില്‍ത്തന്നെ ഉണ്ട്. മിന്നാമിനുങ്ങ് മിന്നുന്നതായി തോന്നിയില്ല. ചത്തുപോയോ? കുപ്പിയുമെടുത്ത് ആരും കാണാതെ ഞാന്‍ പുറത്തുകടന്നു.
നേരെ ഓടിയത് കുഞ്ഞാപ്പുവിന്റെ കുടിലിലേക്കാണ്.
കുടിലിന്റെ മുറ്റത്ത് മണ്ണിരകള്‍ ഉയര്‍ത്തിയ കൂനകളിലെ മണ്ണ് അടര്‍ത്തിത്തിന്നുകൊണ്ട് കുഞ്ഞാപ്പു കുത്തിയിരിക്കുന്നു. പിത്തത്തിന്റെ അസുഖം കൊണ്ടാണ് അവന്‍ മണ്ണുതിന്നുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
കുപ്പി കണിച്ചപ്പോള്‍ കുഞ്ഞാപ്പു കണ്ണുമിഴിച്ചുനോക്കി.
''എന്താ ദില്?''
''മിന്നാമിന്നി'' ഞാന്‍ പറഞ്ഞു.
''അയ്യോ തൊറന്നുവിട്. പാപം കിട്ടും.''
കുഞ്ഞാപ്പുവിന് വിഷമമായി.
''അതെന്താ?''
ഞാന്‍ ചോദിച്ചു.
''ചത്തുപോയോര്‌ടെ ആത്മാവാ മിന്നാമിന്നി.''
''ആരു പറഞ്ഞു?''
ഞാന്‍ തെല്ലുപേടിയോടെ ചോദിച്ചു.
''ന്റമ്മ പറഞ്ഞ്.''
''നൊണ.''
''ന്റമ്മ നൊണ പറയൂല്ല.''
ഞാന്‍ കുപ്പിയുടെ അടപ്പുതുറന്നു കുടഞ്ഞു. ആ ചെറുപ്രാണി മണ്ണില്‍ വീണു. അത് ചത്തുപോയിരുന്നു.
കൂരിരുട്ടുള്ള രാത്രികളില്‍ തൊടിയിലെ മരക്കുട്ടങ്ങളില്‍ മാലമാലയായി മിന്നാമിനുങ്ങുകള്‍ മിന്നുന്നത് ജനലിലൂടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പരേതാത്മാക്കളുടെ വിനീതമായ വെളിച്ചം തൊടിയെ പ്രേതലോകമാക്കി മാറ്റുന്നത് ഭീതിയോടെ കണ്ടിട്ടുണ്ട്.
ഇടയ്ക്കിടയ്ക്ക് രോഗം മൂര്‍ച്ഛിച്ച് കുഞ്ഞാപ്പുവിനെ ധര്‍മ്മാശുപത്രിയില്‍ കൊണ്ടിടാറുണ്ട്.
''ഇത്തവണ പോക്കാ കുഞ്ഞമ്മോ.'' നാണിപ്പണിക്കത്തി എന്റെ അമ്മയോട് പറയുന്നതുകേള്‍ക്കാം.
''പത്തുമാസം ചുമന്നുപെറ്റതാ. ഞാന്‍ പറയാമ്പാടില്ല. എന്നാലും എന്റെ കുഞ്ഞമ്മോ, ന്റെ കുഞ്ഞാപ്പു നേരത്തേ പോട്ടെ. ന്റെ കണ്ണടഞ്ഞാ ആര്ണ്ട് അവന്?''
നാണിപ്പണിക്കത്തി കണ്ണു തുടയ്ക്കും.
''ഒക്കെ ഈശ്വരനിശ്ചയം പണിക്കത്തി.'' അമ്മ ആശ്വസിപ്പിക്കും. അവര്‍ക്ക് മുറുക്കാനും പൊടിയരിയും കൊടുക്കും.
രാത്രി കിടക്കുമ്പോള്‍ എനിക്ക് സങ്കടം വരും. കുഞ്ഞാപ്പു ധര്‍മ്മാശുപത്രിയില്‍ കിടക്കുകയാണ്. ചത്തുപോയേക്കും. ചത്താല്‍ മിന്നാമിനുങ്ങായി വരുമോ? ജനാലയ്ക്ക് പുറത്ത് ആര്യവേപ്പില്‍ പടര്‍ന്ന മുല്ലച്ചെടിയുടെ ഇലയില്‍ ഇരുന്ന് രാത്രി എന്നെ നോക്കി മിന്നുമോ?
കുറെ ദിവസം കഴിയുമ്പോള്‍ വടക്കേമുറ്റത്ത് കുഞ്ഞാപ്പുവിന്റെ ദീനമായ വിളി കേള്‍ക്കാം.
''കുഞ്ഞമ്മോ, ത്ര കഞ്ഞിവെള്ളം.''
അമ്മയുടെ മടിയില്‍ തലവെച്ചുകിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു:
''അമ്മേ കുഞ്ഞാപ്പുവിന്റെ ദീനം എന്താ മാറാത്തത്?''
അമ്മ വാത്സല്യത്തോടെ എന്റെ മുടിയില്‍ തലോടിക്കൊണ്ടുപറഞ്ഞു:
''നീ പഠിച്ച് വല്യ ഡോക്ടറാവ്. അപ്പൊ കുഞ്ഞാപ്പിന്റെ ദീനം മാറ്റാം.''
പിറ്റേന്ന് ഞാന്‍ കുഞ്ഞാപ്പുവിനോട് സ്വകാര്യമായി പറഞ്ഞു:
''കുഞ്ഞാപ്പു, ഞാന്‍ പഠിച്ചുപഠിച്ച് വല്യ ഡോക്ടറാവും. അപ്പോ നിന്റെ ദീനം മാറ്റും.''
കുഞ്ഞാപ്പു അത്ഭുതത്തോടെ എന്നെ നോക്കുക മാത്രം ചെയ്തു.
പ്രൈമറി സ്‌കൂളില്‍നിന്ന് ഹൈസ്‌കൂളിലേക്കും പിന്നെ കോളജിലേക്കും ഞാന്‍ വളര്‍ന്നു. എന്റെ ലോകം വലുതായി. ആ ലോകത്തിന്റെ ഏതോ കോണിലേക്ക് ബാല്യകാലവും കുഞ്ഞാപ്പുവും ഒക്കെ മറഞ്ഞുപോയി.
അതിനിടെ വല്യമ്മാവന്‍ ആ പുരയിടം ആര്‍ക്കോ വിറ്റു. കുഞ്ഞാപ്പുവിനേയുംകൊണ്ട് നാണിപ്പണിക്കത്തി എങ്ങോ പോയി. ചിരട്ടക്കയിലുകളുംകൊണ്ട് ചന്തയ്ക്കുപോകുന്ന ആ അമ്മയേയും മകനേയും വല്ലപ്പോഴും വഴിക്കുവെച്ച് ഞാന്‍ കണ്ടിരുന്നുവോ? എന്റെ ഉല്ലാസഭരിതവും ഗര്‍വിഷ്ഠവുമായ കൗമാരം ആ പാവങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. വിനയം നിറഞ്ഞ അകലം പാലിച്ച് ആ ദരിദ്രജീവിതങ്ങള്‍ എന്നെ കടന്നുപോയിട്ടുണ്ടാവും.
ഒരു ദിവസം ഞാന്‍ കോളജ് വിട്ടുവരുമ്പോള്‍ നാണിപ്പണിക്കത്തി പരവശപ്പെട്ട് ഓടിവരുന്നതുകണ്ടു.
''എന്താ പണിക്കത്തീ ഓടണത്?'' ഞാന്‍ വെറുതെ ചോദിച്ചു.
''കുഞ്ഞാപ്പു ആശൂത്രീലാ. മോനേ. ഇത്തവണ പോക്കാ.''
നാണിപ്പണിക്കത്തി ഓടിപ്പോയി.
ഏറെക്കാലത്തിനുശേഷം അന്ന് ഞാന്‍ കുഞ്ഞാപ്പുവിനെക്കുറിച്ചും എന്റെ ബാല്യത്തെക്കുറിച്ചും ഓര്‍ത്തു. കുഞ്ഞാപ്പുവിനെ ഒന്നുപോയി കാണാം ഞാന്‍ വിചാരിച്ചു.
ധര്‍മ്മാശുപത്രിയുടെ ഒരു മൂലയില്‍ നിലത്ത് കീറപ്പായില്‍ കുഞ്ഞാപ്പു ചുരുണ്ടുകിടന്നു. എന്നെ കണ്ടപ്പോള്‍ കുഞ്ഞാപ്പുവിന്റെ കണ്ണുനിറഞ്ഞു. ഞാന്‍ അടുത്തിരുന്ന് അവന്റെ കൈയില്‍ പതുക്കെ തൊട്ടു.
''അനങ്ങാമ്മേല ബാലന്‍കുഞ്ഞേ. അപ്പിടി നീരാ. ചത്ത മതിയാര്ന്ന്. പണിയെട്ക്കാമ്മേലാതെ ഇങ്ങനെ കെടക്കണത് എന്തിനാ?''
അഗാധമായ വേദനയോടെ കുഞ്ഞാപ്പു വിതുമ്പി. എന്റെ ഉള്ളം വിങ്ങി.
അന്നുരാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കുഞ്ഞാപ്പുവിന്റെ ദീനമായ മുഖം മാത്രമായിരുന്നു എന്റെ മനസ്സില്‍. ഉറക്കം വരുന്നേയില്ല. ജനല്‍ തുറന്ന് കൂരിരുട്ടുനിറഞ്ഞ തൊടിയിലേക്ക് നോക്കി. മിന്നാമിനുങ്ങുകള്‍ ഉണ്ടോ?
പിറ്റേന്ന് അവധി ദിവസമായിരുന്നു. ഉച്ചയ്ക്ക് ഞാന്‍ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയലത്തെ ചങ്ങാതി ബാബു കയറിവന്നു. എന്റെ പ്ലേറ്റില്‍ നിന്ന് ഒരു കഷണം പപ്പടം പൊട്ടിച്ചുതിന്നുകൊണ്ട് അവന്‍ അലസമായി പറഞ്ഞു:
''എടാ, ആ കുഞ്ഞാപ്പു ചത്തുപോയി. ശവം പായില്‍പൊതിഞ്ഞ് ഉന്തുവണ്ടീല്‍ കൊണ്ടുപോണതു കണ്ടു.''
ചോറുരുള എന്റെ തൊണ്ടയില്‍ കുടുങ്ങി.
ഇന്നും മിന്നാമിനുങ്ങിനെ കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുഞ്ഞാപ്പുവായിരിക്കുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates