Opinion

'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്'

Author : ബാലചന്ദ്രന്‍ ചുള്ളിക്കാട്

'തെറ്റിന്റെ തേനും മധുരമാണോ' എന്ന് വിസ്മയാനന്ദത്തോടെ ജീവിതത്തോടു ചോദിച്ചതു ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ കവിതയേക്കാള്‍ അദ്ദേഹത്തിന്റെ പ്രകോപനകരമായ ജീവിതമാണ് എന്നെ സ്വാധീനിച്ചത്. ജി.ശങ്കരക്കുറുപ്പിന്റെ കവിതകളെ ഇഷ്ടപ്പെടുമ്പോഴും അലക്കിത്തേച്ച ആ ജീവിതം അഭികാമ്യമായി എനിക്കു തോന്നിയില്ല.

ചെറുപ്പത്തില്‍ സഹിക്കേണ്ടിവന്ന മനോവേദനകളോട് രണ്ടുരീതിയില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു.

ചങ്ങമ്പുഴയേക്കാള്‍ രൂക്ഷമായ കവിതകള്‍ എഴുതുക. ചങ്ങമ്പുഴയേക്കാള്‍ വിനാശകരമായ ജീവിതം നയിക്കുക. രണ്ടിനും എനിക്കു കഴിഞ്ഞില്ല.

എങ്കിലും തെറ്റുകള്‍ പരസ്യമായി ചെയ്യുക, രഹസ്യമായി ചെയ്ത തെറ്റുകള്‍ പരസ്യമാക്കുക, ചെയ്യാത്ത തെറ്റുകള്‍ ഏറ്റെടുത്ത്, അതിനുകൂടി സമൂഹത്തിന്റെ പഴി കേട്ടു രസിക്കുക, സമൂഹം വിലമതിക്കുന്നതിനെയെല്ലാം അവജ്ഞയോടെ അവഗണിക്കുക തുടങ്ങി ചങ്ങമ്പുഴ വൈദഗ്ദ്ധ്യം നേടിയ കലകള്‍ അല്പമെങ്കിലും സ്വായത്തമാക്കാന്‍ ചെറുപ്പകാലത്ത് കഴിവുപോലെ ഞാന്‍ പരിശ്രമിച്ചുപോന്നു. വേണ്ടത്ര വിജയിച്ചില്ലെങ്കിലും.

ആ പരിശ്രമത്തിന്റെ സാഫല്യങ്ങള്‍ ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ എന്നോടുള്ള വിദ്വേഷവും വെറുപ്പുമായി പതഞ്ഞുപൊങ്ങുന്നതു കാണുമ്പോള്‍ ഒരുള്‍ക്കുളിരു തോന്നാറുണ്ട്.

ചങ്ങമ്പുഴയോളം സാധിച്ചില്ലെങ്കിലും ഇത്തിരിയൊക്കെ വഴിതെറ്റാന്‍ എനിക്കും സാധിച്ചല്ലോ എന്നൊരഭിമാനവും തോന്നാറുണ്ട്.

ഇന്നിപ്പോള്‍ അലക്കിത്തേച്ച ജീവിതം നയിക്കുന്ന എന്നോട് എനിക്കല്‍പം പുച്ഛവും തോന്നാറുണ്ട്. ഭീരു എന്നു ഞാന്‍ സ്വയം പറയും.

പണ്ടു ലഭിച്ച ഒരു ബഹുമതിയെക്കുറിച്ച് ഓര്‍ക്കുന്നു.

മദ്യപാനകാലം. എറണാകുളം നോര്‍ത്തിലെ എലൈറ്റ് ഹോട്ടലിന്റെ (ഇപ്പോഴത്തെ ലൂമിനാര) ബാറിലാണ് അക്കാലത്ത് എനിക്കു പറ്റുപടി. നിത്യവും കുടിക്കാന്‍ പണമില്ല. അതിനാല്‍ ശമ്പളം കിട്ടുമ്പോള്‍ പറ്റു തീര്‍ത്തുപോന്നു.

ചിലപ്പോള്‍ പറ്റുതീര്‍ക്കാന്‍ സര്‍ക്കാര്‍ തരുന്ന ശമ്പളം തികയില്ല. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ അവരുടെ സൊസൈറ്റിയില്‍നിന്ന് ലോണെടുത്തു തരും. അതായിരുന്നു അന്നത്തെ ജീവിതം.

ഒരു രാത്രി എലൈറ്റ് ബാറില്‍ ഞാന്‍ കുടിച്ചുകൊണ്ടിരിക്കെ നന്നായി മദ്യപിച്ച ഒരാള്‍ എന്റെ മുമ്പില്‍ വന്നുനിന്നു. മങ്ങിയ വെളിച്ചത്തില്‍ മുഖം വ്യക്തമായില്ല.

അയാള്‍ ഉറക്കെ ചോദിച്ചു:

'നീയാണോടാ ബാലചന്ദ്രന്‍ ചുള്ളിക്കാട്'

ഞാനും പരുഷമായി പ്രതികരിച്ചു:

'ആണെങ്കില്‍?'

അയാള്‍ എന്നെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അനായാസം പൊക്കിയെടുത്ത് അലറി: 'പരമദ്രോഹീ. ഇന്നു നിന്നെ ഞാന്‍ തീര്‍ക്കും.'

ആരൊക്കെയോ കൂടി അയാളെ പിടിച്ചു മാറ്റി.

പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്. അവന്റെ പോക്കറ്റിലൊണ്ടായിരുന്നു.'

പുരസ്‌കാരങ്ങളല്ല, തിരസ്‌കാരങ്ങളാണ് എന്നെ കവിയാക്കിയത് എന്നു കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്നു. മറ്റു കവികള്‍ അവര്‍ നേടിയ പുരസ്‌കാരങ്ങളോര്‍ത്ത് വാര്‍ദ്ധക്യകാലത്ത് അഭിമാനിക്കുമ്പോള്‍, എനിക്ക് ഓര്‍മ്മിക്കാന്‍ ഇത്തരം വിനാശകരമായ സന്ദര്‍ഭങ്ങള്‍ മാത്രം. തെറ്റിന്റെ തേനും മധുരമാണെന്ന് എന്നെ പഠിപ്പിച്ച അമ്ലസന്ദര്‍ഭങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT