അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? can teachers punish students AI Image
Opinion

ക്ലാസ് റൂമില്‍ വടിയെടുക്കാമോ?

അഡ്വ. സലീല്‍ കുമാര്‍ പി

ധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ അത് ഒരു ക്രിമിനല്‍ കുറ്റമാണോ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചര്‍ച്ചയാണിത്.

കേരളത്തിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകള്‍ നല്‍കാനുള്ള അവകാശം ഉണ്ട് എന്ന് 2024-25 കാലയളവില്‍ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവര്‍ ഈ വിഷയത്തില്‍ അധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവര്‍ക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു.

മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം:

ജസ്റ്റിസ് എ ബദറുദ്ദീന്‍ 2024-ല്‍ പുറപ്പെടുവിച്ച നിരവധി വിധികളില്‍, അധ്യാപകരാല്‍ വിദ്യാര്‍ത്ഥികളുടെ നന്മ ലാക്കാക്കി, എന്നാല്‍ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ നടപടികളും ശാസനകളും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു:

a) ജോമി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള (ജൂലൈ 34, 2024)

ഈ കേസില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് ലഭിച്ച 13 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റര്‍ കൈകൊണ്ട് അടിച്ചതിനെ തുടര്‍ന്ന്, ഇയാളുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 324 പ്രകാരം മാരകമല്ലാതെ അടിച്ചതിനും ജെജെ ആക്റ്റ് വകുപ്പ് 82 പ്രകാരവും വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കേസ് എടുത്തു.

എന്നാല്‍ ഈ കേസില്‍ അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി താഴെ പറയും പ്രകാരം വിധി പ്രസ്താവിച്ചു:

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുമ്പോള്‍, അധ്യാപകന്റെ ഉദ്ദേശ്യം വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കും ശാശ്വതമായ ഭാവിക്ക് വേണ്ടിയുള്ളതും ആയിരുന്നു. അതില്‍ അധ്യാപകന് ഒരു പ്രതികാര ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മേല്‍ പറഞ്ഞ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി കുറ്റപത്രം റദ്ദ് ചെയ്തു.

b) നവംബര്‍ 11, 2024 സമാന സ്വഭാവമുള്ള മറ്റൊരു കേസിലും ജസ്റ്റ്‌സ് ബദറുദ്ദീന്‍ സമാന വിധി പുറപ്പെടുവിക്കുക ഉണ്ടായി.

ഈ കേസില്‍, ഒരു 7-ാം ക്ലാസുകാരന്‍ അധ്യാപകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന്, അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വടി കൊണ്ട് അടിക്കുകയും ചെവി പിടിച്ച് വലിക്കുകയും ചെയ്തു. ഇവിടെയും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുത്തു. എന്നാല്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്, ഗുരുതര പരിക്ക് ഇല്ലാത്ത ചെറിയ ശാസനയോ ശിക്ഷാ നടപടിയോ ക്രിമിനല്‍ കുറ്റമല്ല എന്നും അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ആയിരുന്നു. അധ്യാപകന്റെ നടപടി അതിക്രമമല്ല, മറിച്ച് വിദ്യാര്‍ത്ഥിയുടെ അധിക്ഷേപത്തിന്റെ പ്രതികരണമാണ് എന്നും കോടതി വ്യക്തമാക്കി.

c) ജൂലൈ 5, 2024 ന് മറ്റൊരു കേസിലും ഹൈക്കോടതി അധ്യാപകര്‍ക്ക് അനുകുല നിലപാട് സ്വീകരിച്ചു. എന്നാല്‍, അധ്യാപകര്‍ ശിക്ഷാ നടപടികളില്‍ മിതത്വം പാലിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അധ്യാപകര്‍ കുട്ടികളെ നന്മക്കായുള്ള ഉദ്ദേശത്തോടുകൂടി ശാസന നല്‍കുമ്പോള്‍' അതിന്റെ മാന്യതയും പരിധിയും പാലിക്കണമെന്നു കോടതി വ്യക്തമാക്കി.

ഉയര്‍ന്ന ആക്രോശത്തിലല്ലാത്ത ശാസന,

ആരോഗ്യപരമായ കഷ്ടതയോ ഭൗതികമായ പരുക്കോ ഉണ്ടാക്കാത്തതോ ആയ ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് ഈ വിധികളിലൂടെ കോടതി വിധി പ്രസ്താവിച്ചു.

അധ്യാപക ജോലിയുടെ ശ്രേഷ്ഠതയ്ക്കും ന്യായപരമായ അധ്യാപനത്തിനും കാവലായി, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും 2025 ല്‍ അധ്യാപകര്‍ക്ക് അനുകുല ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണമുണ്ടാകണം എന്ന് കോടതി വ്യക്തമായ നിര്‍ദേശം നല്‍കി.

അധ്യാപകര്‍ വടി കൈവശം വെക്കുന്നത് അതിക്രമത്തിനല്ല, മറിച്ച് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് മാത്രമാണെന്നും അത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു.

കേരള ഹൈക്കോടതി ഈ വിധിയില്‍ ക്ലാസുകളിലെ ചില യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കുക ഉണ്ടായി. ഇന്ന് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയത്ത്, അധ്യാപകര്‍ക്കുള്ള ആത്മവിശ്വാസവും നിയമസംരക്ഷണവും അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

ഈ വിധികളിലൂടെ ഒരു സമതുലിത സമീപനമാണ് കേരള ഹൈക്കോടതി സ്വീകരിച്ച് പോന്നിരിക്കുന്നത്.

ഈ വിധികള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെയും അധ്യാപകരുടെ നിയമ പരിരക്ഷയുടെയും സമതുലിത നിലപാട് എടുക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് രൂപം കൊടുക്കുന്ന കൈകളാണ്. കേരള ഹൈക്കോടതിയുടെ ഈ വിധികള്‍, അധ്യാപകര്‍ക്ക് ശക്തമായ നിയമ പരിരക്ഷയാണ് നല്‍കുന്നത്.

can teachers punish students in class room? what the law says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്‍, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

കൊച്ചിയില്‍ ആളൊഴിഞ്ഞ വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

SCROLL FOR NEXT