shiju
Opinion

സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട്

മുസാഫിര്‍

2024 ഡിസംബര്‍ 26. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ്. സോവ്യറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ ആദ്യരൂപം കൈക്കൊള്ളുകയും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഘടിത രൂപം പ്രാപിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം കേരളമുള്‍പ്പെടെ പ്രസ്ഥാനത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വിപുലമായി ആചരിക്കപ്പെടുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ ആഘോഷപരിപാടിയും തിരുവനന്തപുരത്തെ പുതിയ പാര്‍ട്ടി ആസ്ഥാനമായ, പുതുക്കിപ്പണിത എം.എന്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും മാറ്റി വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും യുവജന വിദ്യാര്‍ഥികളുടേയും ഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ സി.പി.ഐയുടെ രാഷ്ടീയ സന്ദേശത്തിന്റെ പ്രസക്തി ഏറ്റവുമധികം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് ത്യാഗത്തിന്റേയും പോരാട്ടങ്ങളുടേയും ഓര്‍മപ്പെടുത്തലുകളുമായി ശതവാര്‍ഷികത്തിന്റെ ആരവങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയെ മുഖരിതമാക്കുന്നത്.

രാഷ്ട്രീയമായ ഒട്ടേറെ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലത്തിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ ആധുനിക ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. രാഷ്ടീയവും സംഘടനാപരവുമായ ശൈഥില്യങ്ങള്‍, തിരിച്ചടികള്‍, നയപരമായ പാളിച്ചകള്‍, പരാജയങ്ങള്‍.. ഇതൊക്കെ നേരിടുമ്പോഴും സി.പി.ഐ ഇന്ത്യക്ക് നല്‍കിയ പ്രൗഢമായ സംഭാവനകള്‍, തേജസ്സുറ്റ നേതാക്കള്‍, കരുത്തുറ്റ നേതൃത്വം.. ഇവയൊന്നും മറക്കാനാവില്ല. എ.ഐ.ടി.യു.സി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സി.പി.ഐ നേതാക്കളാണ് പില്‍ക്കാലത്ത് റെയില്‍വെ പണിമുടക്ക് പോലെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പൊരുതിയവരില്‍ ഐക്യത്തിന്റേയും ഒരുമിച്ചുനില്‍ക്കലിന്റേയും അഗാധമായ വര്‍ഗബോധം സൃഷിച്ചത്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലകളിലും മറ്റ് സര്‍വീസ് സംഘടനാ രംഗങ്ങളിലും സമരസന്ദേശത്തിന്റെ വിത്ത് പാകുന്നതില്‍ സി.പി.ഐ നേതാക്കള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്.ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് സി.പി.ഐയുടെ ബഹുജനസംഘടനയായി സമരപഥങ്ങളെ ചുവപ്പിച്ചതും ചരിത്രം. 1936 ലായിരുന്നു ഇത്. വിദ്യാര്‍ഥി സംഘടന ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.

ഇന്തോ സോവ്യറ്റ് ബന്ധത്തിന്റെ രാസത്വരകം കൂടിയായിരുന്നു റഷ്യന്‍ ബ്ലോക്കിനകത്തെ സി.പി.ഐ എന്ന സഹോദര കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്‌കസ് (ഇന്തോ സോവ്യറ്റ് കള്‍ച്ചറല്‍ സൊസൈറ്റി), യുദ്ധങ്ങള്‍ക്കെതിരായ ലോകസമാധാന പ്രസ്ഥാനം (ഇപ്‌സോ) എന്നിവയെല്ലാം അന്നത്തെ ഇന്ത്യന്‍ പുരോഗമന വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കി. നാടക കലാരംഗത്ത് ഇപ്റ്റ നല്‍കിയ സംഭാവനകള്‍, ഹിന്ദി സിനിമാരംഗത്തെ പുരോഗമന വീക്ഷണം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ എന്നിവയൊക്കെ സി.പി.ഐയ്ക്ക് അവകാശപ്പെടാനുള്ളതാണ്.

എസ്.വി ഘാട്ടെ എന്ന മംഗലാപുരത്തുകാരനായിരുന്നു സി.പി.ഐയുടെ പ്രഥമസെക്രട്ടറി. 1970 ല്‍ അന്തരിച്ച ഇദ്ദേഹം അവസാനകാലം വരെ സി.പി.ഐയുടെ മുന്നണിപ്പോരാളിയായിരുന്നു. ഘാട്ടെയോടൊപ്പം എം.എന്‍. റോയ്, ശിങ്കാരവേലു ചെട്ടിയാര്‍, ഇവാലിന്‍ ട്രെന്റ് റോയ്, അബനി മുഖര്‍ജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് ഷെഫീഖ്, മുഹമ്മദലി. എം.പി.ടി ആചാര്യ, എസ്.എ ഡാങ്കെ, മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി കാണ്‍പൂരില്‍ പിറവിയെടുക്കുമ്പോള്‍ നേതൃനിരയില്‍. 1933 ലായിരുന്നു സി.പി.ഐയുടെ കൊല്‍ക്കത്താ സമ്മേളനം. പിറ്റേ വര്‍ഷം പാര്‍ട്ടിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേരളത്തില്‍ പാര്‍ട്ടി രൂപീകരണം 1937 ലായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, എന്‍.സി ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ പാറപ്പുറത്തായിരുന്നു പാര്‍ട്ടി രൂപീകരണയോഗം.

രണ്ടാം ലോകമഹായുദ്ധത്തിനെതിരെ മുംബൈയില്‍ നടന്ന കൂറ്റന്‍ തൊഴിലാളി പണിമുടക്കില്‍ ഒരു ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത് സി.പി.ഐയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി രേഖപ്പെടുത്തപ്പെട്ടു. ഇതിനിടെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും അഭിപ്രായ വ്യത്യാസവും നേതാക്കളുടെ അറസ്റ്റുമെല്ലാം പ്രസ്ഥാനത്തെ ശൈഥില്യത്തിലെത്തിച്ചു. 1957ല്‍ ഇ.എം.എസിന്റൈ നേതൃത്വത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍. ആ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം. 1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികള്‍ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കൈയേറ്റങ്ങള്‍. വിരുദ്ധരുടെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂര്‍ മാളയ്ക്കടുത്ത് ഒരു ചെത്ത് തൊഴിലാളിയെ വിമോചന സമരക്കാര്‍ കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തൃശൂരിലും പരിസരത്തും വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിന്റെ മൂന്നാമത്തെ വര്‍ഷം ചൈനീസ് യുദ്ധം, പാര്‍ട്ടി നയത്തിലെ വൈരുധ്യം പ്രകടമായി. കോണ്‍ഗ്രസിനോടുള്ള സമീപനം, സോവ്യറ്റ് നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആഭ്യന്തര സംഘര്‍ഷം കനത്തു. പാര്‍ട്ടി രണ്ടായി സി.പി.ഐ, സി.പി.ഐ (എം).

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചീന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ വികാരമാണ് അദ്ദേഹം ചൗഎന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യന്‍ നയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാര്‍വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്‌ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്‌ഘോഷ്, പി.സി.ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി.

സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ്ഗുപ്ത, മുസഫര്‍ അഹമ്മദ്, പി. രാമമൂര്‍ത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അവിഭക്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.ഐഎമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈന്‍ സ്വീകരിച്ച് സി.പി.ഐയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

'കുടിലുകളില്‍, കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്രവയലാറിന്റേയും രക്തപങ്കിലമായ രണശിലയില്‍ പടുത്തുയര്‍ത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത കറുത്ത മുഹൂര്‍ത്തങ്ങളായിരുന്നു അത്.

ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് മുഖ്യശത്രുവായ അന്നത്തെ മഹാസഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നു പാര്‍ട്ടി ലൈന്‍. സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും എം.എന്‍, ടി.വി തുടങ്ങിയ മന്ത്രിമാരുടെ ദീര്‍ഘദൃഷ്ടിയും കേരളത്തിന്റെ അധികാരഘടനയില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനാവില്ല. ഏറ്റവും കാലിബര്‍ ഉള്ള നേതാക്കളെയാണ് ആ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത്. ജീര്‍ണിച്ചു തുടങ്ങിയ ഇന്ത്യന്‍ നേതൃനിരയെ കണ്ടു മടുക്കുന്നവര്‍ക്ക് ഏറെ നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട്, ഗതകാല സി.പി.ഐ നേതാക്കളില്‍ നിന്ന്. പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും അക്കാര്യം സമ്മതിക്കും.

1979 ആയപ്പോഴേക്ക് ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്ന സ്ട്രാറ്റജി അംഗീകരിക്കപ്പെട്ടു. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രി പി.കെ.വിയുടെ രാജിയും തുടര്‍ന്നുള്ള സി.പി.ഐ സി.പി.എം ഐക്യവുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. 1996 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സി.പി.ഐ നേതാക്കളായ ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരായതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1952 ലെ പ്രഥമ ഇന്ത്യന്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായിരുന്നു എ.കെ.ജി അനൗദ്യോഗിക നേതാവായ സി.പി.ഐ എന്നതും ചരിത്രം. യു.പി.എയുടെ സുവര്‍ണകാലത്തും അതിനു മുമ്പും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശോഭായമാനമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി ഇന്ന് അതിന്റെ ഏറ്റവും ക്ഷീണിതമായ പാര്‍ലമെന്ററി അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച നിരവധി നേതാക്കളെ സംഭാവന ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 2023 ആയതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്നതും ആ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഏറ്റവും വലിയ പ്രതിസന്ധിയായി. പ്രതിസന്ധിയുടെ കടല്‍ മുറിച്ചുനീന്താന്‍ എന്ത് പോംവഴിയെന്ന് കണ്ടെത്തേണ്ടത് വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേ കൂടി ചുമതലയായിരിക്കും.

നൂറ് വര്‍ഷത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ജീര്‍ണതയും സൈദ്ധാന്തിക ശൂന്യതയും സംഘടനാദൗര്‍ബല്യവും കനത്ത വെല്ലുവിളികളായി സി.പി.ഐയെ സദാ ചൂഴ്ന്നു നില്‍ക്കുന്നുവെന്ന സത്യം നേതൃത്വത്തിന് തിരിച്ചറിവുണ്ടാകാതെ ഭൂതകാലപ്രതാപം തിരിച്ചുപിടിക്കാനാവുകയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT