ആത്മബലിയുടെ ആറു പതിറ്റാണ്ട്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നിട്ട് ഏപ്രിൽ 11 ന് അറുപത് വര്‍ഷം(1964 ഏപ്രില്‍ 11 - 2024 ഏപ്രില്‍ 11)
ആത്മബലിയുടെ ആറു പതിറ്റാണ്ട്
Manvender Vashist

1964 ഏപ്രില്‍ 11. ആത്മസമര്‍പ്പണത്തിന്റെയും ആത്മവീര്യത്തിന്റേയും ബലിശിലയില്‍ പണിതുയര്‍ത്തിയ പാര്‍ട്ടിയെന്ന് വിശ്വസിക്കപ്പെട്ടു പോന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന ദിവസം. പിളര്‍പ്പിന് നേരിട്ട് സാക്ഷ്യം വഹിച്ച കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകന്‍ കെ. യു. വാര്യരുമായി ( അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ടൈംസ് പത്രത്തിന്റെ എഡിറ്റര്‍), അദ്ദേഹം മരിക്കുന്നതിന്റെ രണ്ട് വര്‍ഷം മുമ്പ് നടത്തിയ അഭിമുഖത്തില്‍ പങ്കിട്ട ചില ചരിത്ര വിശേഷങ്ങള്‍, രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ഇന്ത്യന്‍ പോര്‍മുഖത്ത് അത്രമേല്‍ അനിവാര്യമോ എന്ന സന്ദേഹമുയരുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ പങ്ക് വയ്ക്കുന്നത് അപ്രസക്തമാവില്ല എന്ന് തോന്നുന്നു. അറുപത് വര്‍ഷം മുമ്പ് ഇത് പോലുള്ള ഒരു ദിവസം ഇന്ത്യന്‍ കമ്യൂണിസ്റ്റ്

പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് ക്ഷുഭിതരായി ഇറങ്ങിവന്ന 32 സഖാക്കളെ നോക്കി, ഹൃദയം തകര്‍ന്ന് നിന്ന കെ. യു വാര്യര്‍ പറഞ്ഞ ആ സംഭവകഥകളിലൂടെ..

കെ. യു വാര്യര്‍
കെ. യു വാര്യര്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മുപ്പത്തിരണ്ടു പേര്‍ ഇറങ്ങിപ്പോകുന്നു. അവിഭക്ത പാര്‍ട്ടിയിലെ ആദ്യശൈഥില്യത്തിന്റെ അശുഭകരമായ രംഗങ്ങളുടെ ഈ അരങ്ങേറ്റം നടന്നത് നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഡല്‍ഹിയിലെ എന്‍.എം. ജോഷി ഹാളില്‍. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയും പിന്നീട് സി.പി.ഐയുടെ ട്രേഡ് യൂണിയനുമായി മാറിയ ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി) 1920 - ല്‍ ലാലാലജ്പത്റായിയും മറ്റും ചേര്‍ന്നു രൂപവല്‍ക്കരിക്കുമ്പോള്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായിരുന്നു എന്‍.എം. ജോഷി. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ട രാജ്യതലസ്ഥാനത്തെ ഓഡിറ്റോറിയം (മുംബൈയിലെ എന്‍.എം. ജോഷി മാര്‍ഗ് അദ്ദേഹത്തിനുള്ള മറ്റൊരു സ്മാരകമാണ്) അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിന് മൗനസാക്ഷ്യം വഹിച്ചു.

ഇ.എം.എസ്, എ.കെ. ഗോപാലന്‍, ജ്യോതിബസു, പി. സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ്ഗുപ്ത, മുസഫര്‍ അഹമ്മദ്, പി. രാമമൂര്‍ത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അന്നത്തെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.ഐ-എമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈന്‍ സ്വീകരിച്ച് സി.പി.ഐയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

എ.കെ.ജി, ഇ.എം.എസ്, സുന്ദരയ്യ
എ.കെ.ജി, ഇ.എം.എസ്, സുന്ദരയ്യ

'കുടിലുകളില്‍, കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്ര-വയലാറിന്റേയും രക്തപങ്കിലമായ രണശിലയില്‍ പടുത്തുയര്‍ത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത ആ കറുത്ത മുഹൂര്‍ത്തങ്ങള്‍ ഹൃദയവേദനയോടെ കണ്ടു നിന്ന ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ വള്ളുവനാട്ടിലുണ്ടായിരുന്നു. ദേശീയ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചവരില്‍ അവസാനത്തെ കണ്ണിയായി പ്രസ്ഥാനത്തിനകത്ത് ഇന്ന് അവശേഷിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ എന്നത് പോലെ പ്രസ്തുത സംഭവങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ പത്രപ്രവര്‍ത്തകനാണ് ചെര്‍പ്പുളശ്ശേരിക്കടുത്ത തൃക്കടീരിയില്‍ അടുത്ത കാലം വരെ ജീവിച്ച കെ. ഉണ്ണിക്കൃഷ്ണവാര്യര്‍ എന്ന കെ.യു വാര്യര്‍.

ദേശാഭിമാനി, ജനയുഗം പത്രങ്ങളിലും നവയുഗം വാരികയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ ജിഹ്വയായ ന്യൂഏജ് ഇംഗ്ലീഷ് വാരികയിലും ലേഖകനായും പത്രാധിപ സമിതി അംഗമായും പിന്നീട് ശങ്കേഴ് വീക്ക്ലി, മെയിന്‍സ്ട്രീം, ഐ.പി.എ വാര്‍ത്താ ഏജന്‍സി, അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി മുഖപത്രമായ കാബൂള്‍ ടൈംസ് എന്നിവയിലും പ്രവര്‍ത്തിച്ചു, കെ. ഉണ്ണിക്കൃഷ്ണ വാര്യര്‍.

ദേശീയ - സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ സുതാര്യമായും സമഗ്രമായും അവതരിപ്പിക്കുന്ന വാര്യരുടെ ഇംഗ്ലീഷ് ശൈലി ഭൂപേഷ് ഗുപ്തയെപ്പോലുള്ള ന്യൂ ഏജ് വാരികയുടെ ആദ്യകാലശില്‍പികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇത് തന്നെയാകാം 1960 ല്‍ വാര്യര്‍ പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്തേക്ക് നിയോഗിക്കപ്പെടാനുണ്ടായ കാരണം. പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും പ്രഭാഷണങ്ങളും കേട്ടെഴുതുന്നതില്‍ മിടുക്കനായിരുന്നു അദ്ദേഹം. ഭൂപേഷ് ഗുപ്തയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട കേട്ടെഴുത്തുകാരനായിരുന്നു വാര്യര്‍. ഗുപ്തയെ നേതാവ് എന്നതിലേറെ ഗുരു എന്ന അര്‍ഥത്തിലാണ് വാര്യര്‍ കണ്ടിരുന്നത്.

ജ്യോതി ബസു, ഭൂപേഷ് ഗുപ്ത, ഇ.എം.എസ് നമ്പൂതിരിപ്പാട്
ജ്യോതി ബസു, ഭൂപേഷ് ഗുപ്ത, ഇ.എം.എസ് നമ്പൂതിരിപ്പാട്

1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികള്‍ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കൈയേറ്റങ്ങള്‍. വിരുദ്ധരുടെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂര്‍ മാളയ്ക്കടുത്ത് ഒരു ചെത്ത് തൊഴിലാളിയെ വിമോചന സമരക്കാര്‍ ക്രൂരമായി കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തൃശൂരിലും പരിസരത്തും വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. 'ഈ കിരാതവാഴ്ച തടയണം' എന്ന തലക്കെട്ടില്‍ വാര്യര്‍ ജനയുഗത്തില്‍ ലേഖനമെഴുതി. അക്രമസംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഉണ്ണിക്കൃഷ്ണവാര്യര്‍ ന്യൂ ഏജിനും ഇന്ത്യാ പ്രസ് ഏജന്‍സിക്കുമയച്ചു. ഡല്‍ഹിയിലെ ഇടതുപക്ഷ മാധ്യമങ്ങളില്‍ ഇത് പ്രാധാന്യത്തോടെ അച്ചടിച്ചു.

ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ (1960) തൃത്താല കൂടി ഉള്‍പ്പെടുന്ന പൊന്നാനി ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഉണ്ണിക്കൃഷ്ണവാര്യര്‍ക്ക് നിര്‍ദേശം ലഭിച്ചു. പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കൂടി തീരുമാനമായിരുന്നു അത്. വാര്യരെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായൊരു തീരുമാനമായിരുന്നു അത്. പത്രപ്രവര്‍ത്തനവുമായി തിരുവനന്തപുരത്ത് ഒതുങ്ങിക്കഴിയണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഭരണത്തിനു ശേഷം പാര്‍ലമെന്ററി ജീവിതത്തോട് വിട പറഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പ്രചാരണവും വോട്ടുപിടുത്തവുമൊന്നുമൊന്നും തനിക്കിണങ്ങിയ പണിയല്ലെന്ന് വാര്യര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പ്രസംഗകനോ പ്രവര്‍ത്തകനോ അല്ലെന്ന ചിന്തയും നേതൃത്വത്തിന്റെ മുന്‍നിരയിലേക്ക് വരുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ധൈഷണിക കേന്ദ്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന സി. ഉണ്ണിരാജ, എന്‍.ഇ. ബാലറാം, പി. ഗോവിന്ദപ്പിള്ള, എം.എസ്.ദേവദാസ് തുടങ്ങിയവരുമായുള്ള സൗഹൃദങ്ങളും സംവാദങ്ങളുമായിരുന്നു വാര്യര്‍ക്ക് ഏറെ ഇഷ്ടം. ഏതായാലും നിയമസഭാ സ്ഥാനാര്‍ഥിയാകണമെന്ന പാര്‍ട്ടി തീരുമാനത്തിന് വഴങ്ങേണ്ടി വന്നു. പക്ഷേ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വി.പി.സി. തങ്ങളോട് രണ്ടായിരത്തോളം വോട്ടിനു ഉണ്ണിക്കൃഷ്ണവാര്യര്‍ പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വീണ്ടും പൂര്‍ണമായി പത്രപ്രവര്‍ത്തനരംഗത്തേയ്ക്ക് തന്നെ തിരിച്ചെത്തി. പതിനാലു വര്‍ഷം ഡല്‍ഹിയുടെ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കണ്ണും കാതും നല്‍കിയുള്ള ജീവിതം. തലസ്ഥാനത്തെ ഇടതുപക്ഷ മാധ്യമലോകത്തെ പ്രധാനികളിലൊരാളായി വളരെ വേഗം മാറിയ വാര്യര്‍ ആസഫലി റോഡിലെ സി.പി.ഐ ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. നിഖില്‍ ചക്രവര്‍ത്തി, അരുണാ ആസഫലി, എടത്തട്ട നാരായണന്‍, ആര്‍.പി. നായര്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, സി.പി. രാമചന്ദ്രന്‍., പോത്തന്‍ ജോസഫ്, വി.എന്‍. നായര്‍ ( നരേന്ദ്രന്‍), സദാനന്ദ്, ശ്യാംലാല്‍, ചലപതിറാവു തുടങ്ങിയ മഹാപ്രതിഭകള്‍ അടക്കിവാണ ഡല്‍ഹി പത്രലോകത്തിന്റെ പടവുകളാണ് വാര്യര്‍ സുധീരം ചവിട്ടിക്കയറിയത്. സി.പി.ഐ ആസ്ഥാനത്ത് ഭൂപേഷ് ഗുപ്തയും ഇന്ദ്രജിത് ഗുപ്തയും മോഹിത്സെന്നും വാര്യരുടെ സഖാക്കള്‍ മാത്രമല്ല, നല്ല മാര്‍ഗദര്‍ശികളുമായി. പാര്‍ട്ടി വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മോഹിത്സെന്നുമായുള്ള ആത്മബന്ധം അയവിറക്കുമ്പോള്‍ വാര്യര്‍ വികാരാധീനനാകും. അവസാന കാലത്ത് എസ്.എ.ഡാംഗെക്കു പിന്നാലെ സി.പി.ഐയില്‍ നിന്നു പുറത്താക്കപ്പെട്ട സൈദ്ധാന്തികനായിരുന്നു മോഹിത്സെന്‍. ന്യൂ ഏജിലെ പണി കൊണ്ടു മാത്രം ജീവിതം മുന്നോട്ടു പോകില്ലെന്ന അവസ്ഥയായപ്പോള്‍ ശങ്കേഴ്സ് വീക്ക്ലിയിലും ലിങ്ക് വാരികയിലും പേട്രിയട്ട് പത്രത്തിലും പാര്‍ട്ടൈം ജോലിയെടുത്താണ് വാര്യര്‍ ഡല്‍ഹിയിലെ ജീവിതം തള്ളിനീക്കിയത്. പാര്‍ട്ടിയില്‍ നിന്നു കിട്ടുന്ന പണം ലെവി കഴിഞ്ഞാല്‍ വളരെ തുച്ഛമായ സംഖ്യ മാത്രമേ ബാക്കി വന്നിരുന്നുള്ളൂ.

എസ് എ ഡാംഗേ,
ഇന്ദ്രജിത്ത് ഗുപ്ത, പി.സി ജോഷി
എസ് എ ഡാംഗേ, ഇന്ദ്രജിത്ത് ഗുപ്ത, പി.സി ജോഷി

ഇന്ത്യന്‍ മാധ്യമലോകത്തെ മഹാരഥനായ നിഖില്‍ ചക്രവര്‍ത്തിയോടൊപ്പം ജോലിയെടുക്കുകയെന്നത് ഒരനുഭവം തന്നെയെന്ന് വാര്യര്‍ പറയുന്നു. 'നിഖില്‍ദാ'യോടും അദ്ദേഹത്തിന്റെ പത്നിയും അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍ നേതാവുമായിരുന്ന രേണു ചക്രവര്‍ത്തിയോടും സഹോദര നിര്‍വിശേഷമായ സ്നേഹമാണ് വാര്യര്‍ക്കുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് മുഖപത്രമായി ന്യൂ ഏജ് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് 'ക്രോസ് റോഡ്' എന്ന പേരിലായിരുന്നു വാരിക പുറത്തിറങ്ങിയിരുന്നത്. രമേഷ്താപ്പറായിരുന്നു അന്നു ക്രോസ്റോഡിന്റെ എഡിറ്റര്‍. അദ്ദേഹം പിന്നീട് 'സെമിനാര്‍' ആരംഭിച്ചു. രമേഷ് താപ്പറില്‍ നിന്ന് അവിഭക്ത പാര്‍ട്ടി ക്രോസ്റോഡ് ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരിക്കാരനായ എ. രാഘവന്‍ ( ബ്ലിറ്റ്സില്‍ പ്രസിദ്ധമായ 'ക്യാപിറ്റല്‍ റൗണ്ടപ്പ്' എന്ന കോളമെഴുതിയിരുന്ന രാഘവന്‍) അന്ന് ക്രോസ്റോഡിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായിരുന്നു. അദ്ദേഹത്തെ റൂസി കരഞ്ചിയ ബ്ലിറ്റ്സിലേയ്ക്ക് കൊണ്ടു പോയ ഒഴിവിലാണ് സി.പി. രാമചന്ദ്രന്‍ ക്രോസ്റോഡിലെത്തിയതെന്ന് ഉണ്ണിക്കൃഷ്ണവാര്യര്‍ ഓര്‍ക്കുന്നു. 'വിദുര' എന്ന തൂലികാനാമത്തില്‍ സി.പി. എഴുതിയിരുന്ന സറ്റയര്‍ കോളവും മലബാര്‍ വിശേഷം എന്ന കോളവും ഡല്‍ഹി മീഡിയാ ലോകത്തിന്റെ മിടിപ്പുകള്‍ തൊട്ടറിഞ്ഞു തുടങ്ങിയ വാര്യരെ ഏറെ പ്രലോഭിപ്പിച്ചിരുന്നു. സി.പിയുടെ ഇംഗ്ലീഷ് എഴുത്തിന്റെ കരുത്ത് പിന്നെ വന്ന മലയാളി- ഇംഗ്ലീഷ് ജേണലിസ്റ്റുകള്‍ക്കൊന്നും കിട്ടിയിട്ടില്ലെന്ന അഭിപ്രായവും വാര്യര്‍ക്കുണ്ട്. എഡിറ്റര്‍ വി.എന്‍. കൗളിനു ഏറെ പ്രിയംകരനായിരുന്നുവത്രേ സി.പി. രാമചന്ദ്രന്‍. വാര്‍ത്തയെഴുത്തിന്റേയും എഡിറ്റിംഗിന്റേയും കല തന്നെ പഠിപ്പിക്കുന്നതില്‍ 'നിഖില്‍ദാ'യുടെ പങ്ക് വളരെ വലുതാണെന്ന് വാര്യര്‍ നന്ദിയോടെ സ്മരിക്കുന്നു. അസം സംസ്ഥാനത്ത് നിന്നു ഓക്സ്ഫോര്‍ഡില്‍ പോയി പഠിക്കുകയും തിരികെ വന്ന് കൊല്‍ക്കത്തയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനാവുകയുമായിരുന്നു നിഖില്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള ധിഷണാപരമായ ഉള്‍ക്കാഴ്ചയോടെയാണ് സൈദ്ധാന്തികവും സംഘടനാപരവുമായ മേഖലയില്‍ അദ്ദേഹം ഒരു പോലെ മുഴുകിയത്. ഓക്സ്ഫോര്‍ഡില്‍ സഹപാഠിയായിരുന്ന രേണുവിനെയാണ് നിഖില്‍ ജീവിതസഖാവാക്കിയത്. 1942 ല്‍ 'ജനകീയ യുദ്ധം' പാര്‍ട്ടി നിലപാടായി സ്വീകരിച്ചപ്പോള്‍ പാര്‍ട്ടി മുഖപത്രങ്ങളിലൊന്നായ 'പീപ്പിള്‍സ് വാറി'ന്റെ പ്രധാന ലേഖകന്‍ നിഖില്‍ ചക്രവര്‍ത്തിയായിരുന്നു. ക്രോസ്റോഡ് ന്യൂ ഏജായപ്പോള്‍ ഭൂപേഷ്ഗുപ്ത ചീഫ് എഡിറ്ററായി. നിഖില്‍ ന്യൂഏജ് വിട്ട് ഇന്ത്യന്‍ പ്രസ് ഏജന്‍സി ( ഐ.പി.എ) എന്ന ഇന്ത്യയിലെ ആദ്യത്തെ ഇടതുപക്ഷ വാര്‍ത്താ വിതരണ ഏജന്‍സിക്ക് തുടക്കം കുറിച്ചു. ഉണ്ണിക്കൃഷ്ണ വാര്യര്‍ പിന്നീട് ഐ.പി.എയുടെ കേരള പ്രതിനിധിയായി നിയോഗിക്കപ്പെട്ടതും നിഖില്‍ദായുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടി പിളര്‍പ്പിനു ശേഷമാണ് നിഖില്‍ ചക്രവര്‍ത്തി മെയിന്‍സ്ട്രീം എന്ന പേരില്‍ പ്രത്യേക രാഷ്ട്രീയ-താത്ത്വിക പ്രസിദ്ധീകരണം തുടങ്ങിയത്. വി.പി. സിംഗ് പ്രധാനമന്ത്രിയായ കാലത്ത് അദ്ദേഹം പ്രസാര്‍ഭാരതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മരിക്കുന്നത് വരെ സി.പി.ഐ അംഗത്വം പുതുക്കിയിരുന്നു ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പത്രാധിപ പ്രതിഭയായ നിഖില്‍ ചക്രവര്‍ത്തി. മകന്‍ ഷുമിത് ചക്രവര്‍ത്തിയാണ് ഇപ്പോള്‍ മെയിന്‍സ്ട്രീം നടത്തുന്നത്.

അസം സംസ്ഥാനത്ത് നിന്നു ഓക്സ്ഫോര്‍ഡില്‍ പോയി പഠിക്കുകയും തിരികെ വന്ന് കൊല്‍ക്കത്തയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനാവുകയുമായിരുന്നു നിഖില്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള ധിഷണാപരമായ ഉള്‍ക്കാഴ്ചയോടെയാണ് സൈദ്ധാന്തികവും സംഘടനാപരവുമായ മേഖലയില്‍ അദ്ദേഹം ഒരു പോലെ മുഴുകിയത്.

1962 ല്‍ ചൈനയുടെ ഇന്ത്യാ ആക്രമണത്തിനു തൊട്ടുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ആശയശൈഥില്യവും സംഘടനാ പാളിച്ചകളും മൂര്‍ധന്യത്തിലെത്തിയിരുന്നു. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ് തൊട്ടേ ആരംഭിച്ചിരുന്ന ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ ഉമിത്തീയില്‍, ഇന്ത്യന്‍ തൊഴിലാളി വര്‍ഗം പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രസ്ഥാനം നീറിപ്പുകയുകയായിരുന്നു. ദേശീയ ബൂര്‍ഷ്വാസിയെന്ന് നിര്‍വചിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടുള്ള സമീപനം, ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് ആ രാജ്യത്തോട് സ്വീകരിച്ച പാര്‍ട്ടി നിലപാടിലെ വൈരുധ്യം, ചെയര്‍മാന്‍ എസ്.എ. ഡാംഗെ ബ്രിട്ടീഷ് അധികൃതര്‍ക്ക് എഴുതിയെന്നു പറയുന്ന കത്ത് തുടങ്ങിയ പ്രശ്നങ്ങളിലാരംഭിച്ച പാര്‍ട്ടിയുടെ ആഭ്യന്തര പ്രതിസന്ധിയില്‍ ഉണ്ണിക്കൃഷ്ണവാര്യര്‍ ഔദ്യോഗിക നിലപാടിനോടൊപ്പമായിരുന്നു. അതിനനുസൃതമായി ന്യൂ ഏജില്‍ വാര്‍ത്തകള്‍ എഡിറ്റ് ചെയ്യുകയും പേജുകള്‍ സംവിധാനം ചെയ്യുകയും ലേഖനങ്ങളെഴുതിക്കുകയും ചെയ്തു അദ്ദേഹം. ഹിരണ്‍ മുഖര്‍ജിയുടേയും രമേഷ്ചന്ദ്രയുടേയും (ലോക സമാധാന കൗണ്‍സില്‍ സെക്രട്ടറി) ലേഖനങ്ങള്‍ കേട്ടെഴുതിയാണ് അച്ചടിക്കാന്‍ കൊടുത്തത്. പാര്‍ട്ടി പിളര്‍പ്പിനു രണ്ടു വര്‍ഷം മുമ്പ് മരിച്ച അജയ്ഘോഷ് ഉണ്ണിക്കൃഷ്ണ വാര്യരുടെ പഴയ ഓര്‍മകളിലെ മറ്റൊരു തീപ്പൊരിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ സാരഥിയായിരുന്നു ഘോഷ്. ഉത്തര്‍പ്രദേശിലെ മഹിജം ഗ്രാമത്തില്‍ അജയ്നദീ തീരത്തെ വീട്ടില്‍ പിറന്നത് കൊണ്ടാണ് അദ്ദേഹത്തിന് ഈ പേര് കിട്ടിയത്. ഡാംഗെയുടെ വലംകൈയായിരുന്ന ഘോഷ് 1961 ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്നീട് സി.പി.ഐ അംഗീകരിച്ച ദേശീയ ജനാധിപത്യ വിപ്ലവം എന്ന ആശയത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. ആ രേഖ വന്‍ചര്‍ച്ചയ്ക്ക് കളമൊരുക്കുകയും 1964 ലെ പിളര്‍പ്പിന്റെ ആക്കം കൂട്ടുകയും ചെയ്തതായും വാര്യര്‍ സ്മരിക്കുന്നു. അജയ്ഘോഷിന്റെ സ്മരണ നിലനിര്‍ത്തുന്ന സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജയ്ഭവന്‍ ഫിറോസ്ഷാ കോട്ലാ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്നു. അജയ്ഘോഷിന്റെ പത്നി ലിറ്റോ ഘോഷ് സി.പി.ഐ മഹിളാഫെഡറേഷന്റേയും ഇന്തോ സോവ്യറ്റ് സാംസ്‌കാരിക സമിതിയുടേയും ( ഇസ്‌കസ്) അഖിലേന്ത്യാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. അജയ്ഘോഷിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു പാര്‍ട്ടി മുഖവാരികയായ ന്യൂ ഏജിന്റേയും ചീഫ് എഡിറ്റര്‍. ഇടയ്ക്ക് മുഖപ്രസംഗങ്ങള്‍ എഴുതുന്ന ജോലിയും ഇ.എം.എസ് കൃത്യതയോടെ നിര്‍വഹിച്ചിരുന്നതായി വാര്യര്‍ പറയുന്നു. ആ എഴുത്തിന്റെ സരളതയും സമഗ്രതയും കണ്ടു പഠിക്കേണ്ടത് തന്നെയാണ്. തിരക്കുകള്‍ക്കിടയില്‍ ലേഖനമെഴുത്ത് മുടക്കാത്ത ഇ.എം.എസ് മിക്ക ആഴ്ചകളിലും അവ കൃത്യമായി ഉണ്ണിക്കൃഷ്ണവാര്യരെ ഏല്‍പ്പിച്ചു പോന്നു.

അജയ്ഘോഷ്
അജയ്ഘോഷ്

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്റുവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചീന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ വികാരമാണ് അദ്ദേഹം ചൗഎന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിയ്ക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യന്‍ നയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാര്‍വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്ഘോഷ്, പി.സി.ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേ സമയം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ഈ വിഭാഗത്തിന് അതിന്റെ പേരില്‍ കനത്ത വില നല്‍കേണ്ടി വന്നതായി ഉണ്ണിക്കൃഷ്ണവാര്യര്‍ സമ്മതിച്ചു. ഇതിനിടെ, ചൈനീസ് ചാരന്മാരെന്നു മുദ്ര കുത്തി കേരളത്തിലുള്‍പ്പെടെ നിരവധി കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് ഭരണം കോപ്പ് കൂട്ടിയിരുന്നു. ജനകീയ ജനാധിപത്യ വിപ്ലവം, ദേശീയ ജനാധിപത്യ വിപ്ലവം എന്നീ രണ്ടു രാഷ്ട്രീയ സ്ട്രാറ്റജികള്‍ കമ്യൂണിസ്റ്റ് ശബ്ദതാരാവലിയില്‍ ഇടം പിടിച്ചതും ഇക്കാലത്ത് തന്നെ.

ഔദ്യോഗിക നിലപാടുകളെ ശക്തമായി ന്യായീകരിച്ചുകൊണ്ട് 'ന്യൂ ഏജ്' ചൈനീസ് നയത്തെക്കുറിച്ച് വിലയിരുത്തലുകള്‍ നടത്തി. ചൈനീസ് അനുകൂല ലേഖനങ്ങള്‍ പത്രം തമസ്‌കരിച്ചു. ചൈനീസ് ചാര•ാരെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി. സുന്ദരയ്യ, ബി.ടി.രണദിവെ തുടങ്ങിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഡിറ്റര്‍ ഇ.എം.എസ് എഴുതിയ പ്രസ്താവനയും തുടര്‍ന്നുള്ള രണ്ടു ലക്കങ്ങളിലേക്കായി തയാറാക്കിക്കൊടുത്ത ചൈനീസ് നയം സംബന്ധിച്ച ലേഖനങ്ങളും ന്യൂഏജിന്റെ ന്യൂസ്റൂമിലെ ചവറ്റുകൊട്ടയില്‍ പോയി. (താങ്കളാണോ ഇ.എം.എസിന്റെ ലേഖനം പൂഴ്ത്തിവെച്ചതെന്ന ചോദ്യത്തോട് ഉണ്ണിക്കൃഷ്ണ വാര്യര്‍ പ്രതികരിച്ചില്ല. കനത്ത മൗനവുമായി അദ്ദേഹം മീശ തടവി. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന കാര്‍ഡ് ഹോള്‍ഡറാണ് താനിപ്പോഴും എന്നായിരുന്നു അദ്ദേഹം മൗനം മുറിച്ചത്). തന്റെ ലേഖനം വെളിച്ചം കാണാതെ പോയതിന് ചീഫ് എഡിറ്ററായ ഇ.എം.എസില്‍ നിന്ന് എഡിറ്റോറിയല്‍ ബോര്‍ഡിലുള്ളവര്‍ക്ക് കണക്കിനു കിട്ടേണ്ടതായിരുന്നു. പക്ഷേ ക്ഷുഭിതനായ ഒരു ഇ.എം.എസിനു പകരം ചിന്താമഗ്‌നനായ ഇ.എം.എസിനെയാണ് പാര്‍ട്ടി ആസ്ഥാനത്തുള്ളവര്‍ക്ക് കാണാന്‍ സാധിച്ചതത്രേ. ഇ.എം.എസിനറിയാമായിരുന്നു തന്റെ ലേഖനം കൊട്ടയിലെറിയാന്‍ പറഞ്ഞിരിക്കുക പാര്‍ട്ടിയിലെ ചൈനീസ് വിരുദ്ധ നിലപാട് സ്വീകരിച്ചവരായിരിക്കുമെന്ന കാര്യം. ചെയര്‍മാന്‍ ഡാംഗെയും ഇതിനു പിന്നിലുണ്ടായിരിക്കാമെന്നു ഇ.എം.എസ് വിശ്വസിച്ചു. ഇ.എം.എസിനെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് 'ചൈനയുടെ പിളര്‍പ്പന്‍ നയം' എന്ന പേരിലുള്ള ക്രൂഷ്ച്ചേവിന്റെ ലേഖനമാണ് എഡിറ്റ് പേജില്‍ ആ വാരം പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ ദേശീയ കൗണ്‍സിലിലെ ചൈനീസ് അനുകൂലികളായ മുപ്പതോളം പേരുടെ പട്ടിക അന്നത്തെ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദയ്ക്ക് കൈമാറിയെന്ന ആരോപണവുമുയര്‍ന്നു വന്നു. നിഖില്‍ ചക്രവര്‍ത്തിയുടെ പത്നി രേണുവിനു നേരെയാണ് രണദിവെയും മറ്റും ഇക്കാര്യത്തില്‍ വിരല്‍ചൂണ്ടിയത്. സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ പ്രവ്ദ ചൈനയ്ക്കെതിരെ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങള്‍ ഉണ്ണിക്കൃഷ്ണവാര്യരും സഹപ്രവര്‍ത്തകരും പരിഭാഷപ്പെടുത്തി ന്യൂ ഏജില്‍ പ്രസിദ്ധീകരിച്ചു. പാര്‍ട്ടി വ്യക്തമായും രണ്ടു ചേരിയില്‍ നിന്നുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. തന്റെ ലേഖനം അച്ചടിക്കാത്ത ന്യൂ ഏജ് ഓഫീസിന്റെ പടികള്‍ പിന്നീട് ഇ.എം.എസ് ചവിട്ടിയില്ല.

എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, സി.അച്ചുതമേനോന്‍
എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, സി.അച്ചുതമേനോന്‍
ഔദ്യോഗിക നിലപാടുകളെ ശക്തമായി ന്യായീകരിച്ചുകൊണ്ട് 'ന്യൂ ഏജ്' ചൈനീസ് നയത്തെക്കുറിച്ച് വിലയിരുത്തലുകള്‍ നടത്തി. ചൈനീസ് അനുകൂല ലേഖനങ്ങള്‍ പത്രം തമസ്‌കരിച്ചു. ചൈനീസ് ചാര•ാരെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി. സുന്ദരയ്യ, ബി.ടി.രണദിവെ തുടങ്ങിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഡിറ്റര്‍ ഇ.എം.എസ് എഴുതിയ പ്രസ്താവനയും തുടര്‍ന്നുള്ള രണ്ടു ലക്കങ്ങളിലേക്കായി തയാറാക്കിക്കൊടുത്ത ചൈനീസ് നയം സംബന്ധിച്ച ലേഖനങ്ങളും ന്യൂഏജിന്റെ ന്യൂസ്റൂമിലെ ചവറ്റുകൊട്ടയില്‍ പോയി.
എന്‍.എം. ജോഷി
എന്‍.എം. ജോഷി

ഒരുമിച്ചു നിന്നവര്‍ ഭിന്നിച്ചു നിന്നു പോരടിക്കുന്ന കാഴ്ച ഉണ്ണിക്കൃഷ്ണവാര്യരെപ്പോലെ നിരവധി സഖാക്കളുടെ ഉള്ളുലച്ചു. 1964 ഏപ്രില്‍ 11- ന് എന്‍.എം. ജോഷി ഹാളിന്റെ ഇടനാഴിയില്‍ റൈറ്റിംഗ് പാഡും പേനയും പിടിച്ചു കാത്ത് നിന്ന വാര്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കാണാനായത് ക്ഷുഭിതരായി ഇറങ്ങിവരുന്ന 32 സഖാക്കളെയാണ്. ഉവ്വ്, പിളര്‍പ്പ് യാഥാര്‍ഥ്യമായി. തന്റെ ജന്മദേശമായ തൃത്താലയിലും പൊന്നാനി താലൂക്കിന്റെ മറ്റ് ഭാഗങ്ങളിലും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഒളിവിലും തെളിവിലുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇ.കെ. ഇമ്പിച്ചിബാവ ഇറങ്ങിവരുന്നവരിലുണ്ടായിരുന്നു. വാര്യരെ കണ്ടപ്പോള്‍ ഇമ്പിച്ചിബാവ മുഖം തിരിച്ചു. അദ്ദേഹത്തിനറിയാമായിരുന്നു വാര്യര്‍ ഏത് പക്ഷത്താണെന്ന്. സി.പി.ഐ (എം) എന്ന പാര്‍ട്ടിയുടെ പിറവി അധികം വൈകാതെ സംഭവിച്ചു. പീപ്പിള്‍സ് ഡെമോക്രസി പാര്‍ട്ടി മുഖപത്രമായി. ഉണ്ണിക്കൃഷ്ണവാര്യര്‍ ഔദ്യോഗിക ലൈനിനോടൊപ്പം നിന്നു. പാര്‍ട്ടി പിളര്‍പ്പുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ വാര്യരുടെ മനസ്സില്‍ അലയടിക്കുന്നുണ്ട്. നേതാക്കളുടെ വൈരാഗ്യം, പരസ്പര സ്പര്‍ധ, അധികാരക്കൊതി, ഈഗോയിസം... ആശയപരമായ വൈജാത്യത്തെ പിറകിലാക്കി വ്യക്തിഹത്യയുടേയും ശത്രുതയുടേയും പരിണതി കൂടിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്. പക്ഷേ ഇപ്പോള്‍ അതേക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹം. അത് കൊണ്ട് ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത നേതാക്കളെക്കുറിച്ച് പഴി പറയാന്‍ എനിക്കാവില്ല- വാര്യര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി പാര്‍ട്ടിക്കകത്തെ സംഭവങ്ങള്‍ അപ്പപ്പോള്‍ കേരളത്തിലെ പാര്‍ട്ടി കേന്ദ്രത്തിലേക്കും പാര്‍ട്ടി പത്രങ്ങളിലേക്കും വാര്യര്‍ എത്തിച്ചു കൊടുത്തിരുന്നു. ഇതിനിടെ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായരുടെ നിര്‍ദേശപ്രകാരം വാര്യര്‍ തിരുവനന്തപുരത്തെത്തി ജനയുഗം പത്രത്തിന്റെ ചുമതലയേറ്റു.

ദേശാഭിമാനി പത്രം പിളര്‍പ്പ് കാലത്ത് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നറിയപ്പെട്ട സി.പി.ഐക്കാരുടെ കൈയില്‍ നിന്ന് കെ.പി.ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തതും ചരിത്രം.

1962 ലെ ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ( അന്ന് പാര്‍ട്ടി ഔപചാരികമായി രണ്ടായിട്ടില്ല) പാര്‍ട്ടിയ്ക്കകത്ത് രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. എസ്.എ ഡാംഗെ ചൈനീസ് അക്രമത്തെ അപലപിക്കുകയും നെഹിറുവിന് പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ ഇ.എം.എസിന്റെ പ്രസിദ്ധമായ പ്രഖ്യാപനം: ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂപ്രദേശങ്ങള്‍...

അന്നത്തെ ഇടത് ചേരിക്കാരെന്ന് അറിയപ്പെടുന്ന പല നേതാക്കളും ചൈനീസ് ചാരന്മാരായി മുദ്ര കുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. ജനറല്‍ സെക്രട്ടറി അജോയ്‌ഘോഷ്, ചൈനയെ പരസ്യമായി അപലപിച്ചു. ഇ.എം.എസും ഡാംഗെയും പരസ്പരം ഏറ്റുമുട്ടിയ സമയവുമായിരുന്നുവെന്ന് കെ.യു വാര്യര്‍ പറഞ്ഞതോര്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കി ജയിലില്‍ നിന്ന് ഡാംഗെ കത്തെഴുതിയെന്ന ആരോപണം കൂടിയുയര്‍ന്നതോടെ സി.പി.ഐയ്ക്കകത്തെ പിളര്‍പ്പ് രൂക്ഷമാവുകയും 1964 ഏപ്രില്‍ 11 ന് പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയും ചെയ്തു. ഈ കത്ത് വ്യാജനിര്‍മിതിയാണെന്ന് സി.പി.ഐ തിരിച്ചടിച്ചു.

ഏതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇതോടെ രണ്ട് പാര്‍ട്ടികളായി അറിയപ്പെട്ടു. 1964 നവംബര്‍ ഏഴിന് കൊല്‍ക്കത്തയില്‍ നടന്ന ഏഴാം കോണ്‍ഗ്രസിന്റെ സമാപനദിവസം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു. പരസ്പരം വഴക്കടിച്ചും രൂക്ഷമായ സംഘട്ടനം പലപ്പോഴും കൊലപാതകത്തില്‍ വരെയെത്തിയതുമായ തരത്തിലേക്ക് പിളര്‍പ്പ് വളരുകയും ഇരു പാര്‍ട്ടി നേതാക്കളും കണ്ടാല്‍ മിണ്ടാതെയുമായി.

ഏതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇതോടെ രണ്ട് പാര്‍ട്ടികളായി അറിയപ്പെട്ടു. 1964 നവംബര്‍ ഏഴിന് കൊല്‍ക്കത്തയില്‍ നടന്ന ഏഴാം കോണ്‍ഗ്രസിന്റെ സമാപനദിവസം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു. പരസ്പരം വഴക്കടിച്ചും രൂക്ഷമായ സംഘട്ടനം പലപ്പോഴും കൊലപാതകത്തില്‍ വരെയെത്തിയതുമായ തരത്തിലേക്ക് പിളര്‍പ്പ് വളരുകയും ഇരു പാര്‍ട്ടി നേതാക്കളും കണ്ടാല്‍ മിണ്ടാതെയുമായി.

സി.പി.ഐക്കാരനായ ടി.വി തോമസും സി.പി.ഐ-എമ്മുകാരിയായ കെ.ആര്‍.ഗൗരിയും വര്‍ഷങ്ങളോളം പിണങ്ങി നടന്നു. സി.പി.ഐ ദേശീയ സെക്രട്ടറിയായും രാജ്യസഭാംഗവുമായിരുന്ന എസ്.കുമാരനും സഹോദരന്‍ എസ്. ദാമോദരനും രണ്ടു പാര്‍ട്ടികളിലായി. സി.കെ. ചന്ദ്രപ്പനും സഹോദരി സുശീലാ ഗോപാലനും സി.പി.ഐയും സി.പി.എമ്മുമായി. പൊന്നാനിയില്‍ കുഞ്ഞന്‍ബാവ, തലശ്ശേരി മുഴക്കുന്നില്‍ ദാമോദരന്‍, കോട്ടയം നാട്ടകത്ത് ടി.കെ തങ്കപ്പന്‍ എന്നീ സി.പി.ഐക്കാരുടെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.

1967 ലെ സപ്തകക്ഷി മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും ഘടകകക്ഷികളായതോടെ പിണക്കത്തിന്റെ മഞ്ഞുരുക്കം കണ്ടു. പക്ഷേ ആരോഗ്യമന്ത്രിയായിരുന്ന കെ.ടി.പിക്കാരന്‍ ബി. വെല്ലിംഗ്ടണനെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ ഒപ്പം മന്ത്രിമാരായ ടി.വി തോമസിനും എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കൊ്ണ്ട് മുഖ്യമന്ത്രി ഇ.എം.എസ് മുന്നോട്ടുവന്നതോടെ പഴയ കുടിപ്പക വീണ്ടും തല പൊക്കി. സി.പി.എമ്മേതര പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ രണ്ടാം ഇ.എം.എസ് മന്ത്രിസഭ 31 മാസത്തിനു ശേഷം നിലംപതിച്ചു. 1969 ല്‍ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വന്നത് സി.പി.എമ്മിന് കനത്ത ആഘാതമായിരുന്നു. പഴയ വൈരം വീണ്ടും ശക്തമാവുകയും പലയിടങ്ങളിലും സി.പി.എം- സി.പി.ഐ കക്ഷികള്‍ തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം

ഭട്ടിന്‍ഡയില്‍ നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടത്പക്ഷ ഐക്യമെന്ന ആശയമുദിച്ചതോടെ ഇടക്കാലത്ത് അധികാരത്തിലെത്തില്‍ വന്നിരുന്ന സി.പി.ഐ മുഖ്യമന്ത്രി പി.കെ.വി രാജിവെക്കുകയും ഇരുപാര്‍ട്ടികളും ഐക്യത്തിലാവുകയും ചെയ്തു.

സി.പി.ഐയുടെ തുടര്‍ന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളിലെല്ലാം ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ലയനം മുഖ്യ അജണ്ടയായി മാറിയെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നല്ലാതെ ലയനമെന്നത് തങ്ങളുടെ അജണ്ടയിലേ ഇല്ലെന്ന് സി.പി.എം പറഞ്ഞതോടെ ലയനസിദ്ധാന്തത്തിന് അവസാനമായി.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു, എന്റെ അച്ഛാച്ഛന്‍ ( പൊന്നാനിയിലെ പഴയകാല സി.പി.ഐ നേതാവ് പുന്നയ്ക്കല്‍ കണാരന്‍ മാഷ്) മൗനിയായിയെന്നും എന്റെ അച്ഛന്‍ സഖാവ് ബാലേട്ടന്‍ (ചാവക്കാട്ടെ സി.പി.ഐ പ്രവര്‍ത്തകന്‍ ബാലന്‍) ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നും ഞാന്‍ (പ്രമുഖ കഥാകൃത്ത് വി.ബി ജ്യോതിരാജ്) ഹിപ്പിയായെന്നും എഴുതിയത് ഇപ്പോള്‍ ഇവിടെയോര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com