സ്വതന്ത്രവും നിഷ്പക്ഷവുമായ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും സുപ്രധാനമായ അടിത്തറയെന്നത് കുറ്റമറ്റതും സുതാര്യവുമായ വോട്ടര്‍ പട്ടികയാണ്. രാജ്യത്ത് അര്‍ഹരായ ഓരോ പൗരന്റേയും വോട്ടവകാശം സംരക്ഷിക്കുന്നതിനും അതേസമയം കാലങ്ങളായി പട്ടികയില്‍ കടന്നുകൂടിയ വ്യാജ എന്‍ട്രികളും അപാകതകളും പൂര്‍ണമായി പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപ്പിലാക്കിവരുന്ന ചരിത്രപരമായ ദൗത്യമാണ് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR). എന്നാല്‍, പതിറ്റാണ്ടുകള്‍ക്കുശേഷം നടക്കുന്ന ഈ സമഗ്രമായ വോട്ടര്‍ പട്ടിക ശുദ്ധീകരണ നടപടിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു എന്ന രീതിയില്‍ വലിയ തോതിലുള്ള തെറ്റായ പ്രചാരണങ്ങളും രാഷ്ട്രീയ ആരോപണങ്ങളുമാണ് രാജ്യത്തിനകത്തും പുറത്തും ചില കേന്ദ്രങ്ങള്‍ അഴിച്ചുവിടുന്നത്. ഈ സാഹചര്യത്തില്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കപ്പുറം എസ്ഐആര്‍ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യവും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്ന വസ്തുതകളും എന്താണെന്നും ഈ പ്രക്രിയ രാജ്യത്തിന്റെ ജനാധിപത്യത്തിനും സുരക്ഷയ്ക്കും എങ്ങനെയാണ് കരുത്തേകുന്നതെന്നും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
ജനാധിപത്യത്തിന്റെ അടിത്തറ: കുറ്റമറ്റ വോട്ടര്‍ പട്ടികയുടെ പ്രാധാന്യം
ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന തത്വം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാക്കണമെങ്കില്‍ വോട്ടര്‍ പട്ടിക തികച്ചും കുറ്റമറ്റതായിരിക്കേണ്ടതുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ വോട്ടര്‍ പട്ടികകള്‍ സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നില്ല. നഗരവല്‍ക്കരണം, വ്യാപകമായ കുടിയേറ്റങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടികകളില്‍ വന്‍തോതിലുള്ള അപാകതകളാണ് അടിഞ്ഞുകൂടിയിരുന്നത്. വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് സ്ഥിരതാമസമില്ലാത്തവരുടേയും മരിച്ചവരുടേയും പേരുകള്‍, രേഖപ്പെടുത്തിയിട്ടുള്ളതും ഒരേ വ്യക്തിയുടെ പേര് പലയിടങ്ങളിലായി ആവര്‍ത്തിച്ചുവരുന്നതും തുടങ്ങിയ നിരവധി ഗുരുതരമായ പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്യവ്യാപകമായി സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) എന്ന സമഗ്രമായ ശുദ്ധീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും അര്‍ഹരായ മുഴുവന്‍ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈയൊരു നടപടി അത്യന്താപേക്ഷിതമായിരുന്നുവെന്ന് ഭരണഘടനാവിദഗ്ദ്ധരും ഔദ്യോഗിക രേഖകളും വ്യക്തമാക്കുന്നു.
ഇതൊരിക്കലും ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കലല്ല, മറിച്ച് പട്ടികയില്‍ കാലങ്ങളായി കിടന്നിരുന്ന അനാവശ്യവും വ്യാജവുമായ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രക്രിയ മാത്രമായിരുന്നു
13 കോടി വോട്ടര്‍മാരുടെ ഒഴിവാക്കല്‍ എന്ന വ്യാജ പ്രചാരണവും യാഥാര്‍ത്ഥ്യവും
വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചതു മുതല്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വലിയ തോതിലുള്ള തെറ്റായ പ്രചാരണങ്ങളാണ് ചില കോണുകളില്‍നിന്ന് ഉണ്ടായത്. 13 കോടിയിലധികം യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍നിന്നു പുറത്താക്കിയെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍, ഈ പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യം എന്തെന്ന് പരിശോധിക്കുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. ദേശീയതലത്തില്‍ നക്കല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയപ്പോള്‍ അടയാളപ്പെടുത്തിയ 13.39 കോടി എന്‍ട്രികളാണ് ഈ വിവാദങ്ങള്‍ക്ക് ആധാരമായി മാറിയത്. 6.30 കോടി പേര് സ്ഥിരമായി താമസം മാറിയവരും 3.01 കോടി പേര് സ്ഥലത്തില്ലാത്തവരോ കണ്ടെത്താന്‍ കഴിയാത്തവരോ ആയിരുന്നു. കൂടാതെ മരിച്ച 2.80 കോടി വോട്ടര്‍മാരുടേയും ഇരട്ടിപ്പുകളായി കണ്ടെത്തിയ 1.02 കോടി എന്‍ട്രികളുടേയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതായത്, ഇതൊരിക്കലും ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കലല്ല, മറിച്ച് പട്ടികയില്‍ കാലങ്ങളായി കിടന്നിരുന്ന അനാവശ്യവും വ്യാജവുമായ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രക്രിയ മാത്രമായിരുന്നു.
അര്‍ഹരായ വോട്ടര്‍മാരുടെ തിരിച്ചുവരവും യഥാര്‍ത്ഥ നെറ്റ് കുറവും
പ്രാരംഭഘട്ടത്തില്‍ കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതായി കാണിച്ച പേരുകളില്‍ വലിയൊരു ഭാഗം പിന്നീട് അര്‍ഹരായ പൗരന്മാര് സ്വയം തെളിയിച്ചുകൊണ്ട് തിരികെ നേടിയെടുത്തിട്ടുണ്ട്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഡ്രാഫ്റ്റ് ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍നിന്ന് ഏകദേശം 1.74 കോടിയോളം അര്‍ഹരായ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിച്ച നടപടികളുടെ സുതാര്യതയും ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്. എല്ലാ പരിശോധനകളും പൂര്‍ത്തിയായതിനുശേഷമുള്ള യഥാര്‍ത്ഥ കുറവ് എന്നത് വെറും 9.1 ശതമാനം മാത്രമാണ്, അതായത് ഏകദേശം ആറ് കോടി എന്‍ട്രികള്‍. വ്യാജ വോട്ടര്‍മാരുടേയും മരിച്ചവരുടെ പേരുകളും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയ ഈ അന്തിമ പട്ടിക രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കി മാറ്റുകയാണുണ്ടായത്. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരാതിരിക്കുന്നതിനുമുള്ള എല്ലാ മുന്‍കരുതലുകളും ഈ പ്രക്രിയയില്‍ കര്‍ശനമായി പാലിക്കപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക
പഴയ വോട്ടര്‍ പട്ടികകള്‍ എത്രത്തോളം അശാസ്ത്രീയവും ഗുരുതരമായ പിഴവുകള്‍ നിറഞ്ഞതുമായിരുന്നു എന്നത് പശ്ചിമ ബംഗാളിനിന്നും പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. 2002-ലെ വോട്ടര്‍ പട്ടികയുമായി പരിശോധിച്ചപ്പോള്‍ വലിയ അപാകതകളാണ് അവിടെ കണ്ടെത്തിയത്. ഒരേ വ്യക്തിയെ 389 വോട്ടര്‍മാരുടേയും മറ്റൊരാളെ 310 വോട്ടര്‍മാരുടേയും പിതാവായി രേഖപ്പെടുത്തിയിരിക്കുന്ന വിചിത്രമായ സാഹചര്യങ്ങള്‍ പോലുമുണ്ടായിരുന്നു. കൂടാതെ 200-ല്‍ അധികം കുട്ടികളുള്ള രണ്ട് പിതാക്കന്മാരും 100-ല്‍ അധികം കുട്ടികളുള്ള ഏഴ് പേരും ഈ പട്ടികയിലുണ്ടായിരുന്നു. പിതാവിന്റെ പേര് തെറ്റായി നല്കിയ 85 ലക്ഷം എന്‍ട്രികളും പ്രായവ്യത്യാസമുള്ള 12 ലക്ഷം എന്‍ട്രികളും വെളിച്ചത്തുവന്നു. ഇത്തരം ഗുരുതരമായ തകരാറുകള്‍ നിറഞ്ഞ ഒരു പട്ടിക വെച്ചുകൊണ്ട് സ്വതന്ത്രവും നീതിപൂര്‍വവുമായ ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് തികച്ചും അസാധ്യമായ കാര്യമായിരുന്നു.
രാഷ്ട്രീയ നിഷ്പക്ഷതയും വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങളും
എസ്ഐആര്‍ നടപടികള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി മാത്രമുള്ളതാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എസ്ഐആറിനെ തുടര്‍ന്ന് ഗുജറാത്തല്‍ 13.4 ശതമാനവും ഉത്തര്‍പ്രദേശില്‍ 13.2 ശതമാനവും തമിഴ്നാട്ടില്‍ 11.6 ശതമാനവും പശ്ചിമബംഗാളില്‍ 8.1 ശതമാനവും ബിഹാറില്‍ 6.0 ശതമാനവും മധ്യപ്രദേശില്‍ 6.0 ശതമാനവും കേരളത്തില്‍ 3.2 ശതമാനവും കുറവ് വന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ ഭരണത്തിലിരിക്കെയാണ് സമാനമായ രീതിയില്‍ പട്ടികകള്‍ ശുദ്ധീകരിക്കപ്പെട്ടത്. ബിഹാറില്‍ എന്‍ഡിഎയും വെസ്റ്റ് ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും മറ്റു വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും അധികാരത്തില്‍ വന്നതും ഈ പ്രക്രിയയുടെ പൂര്‍ണമായ രാഷ്ട്രീയ നിഷ്പക്ഷതയെയാണ് അടയാളപ്പെടുത്തുന്നത്. വ്യത്യാസമില്ലാതെ രാജ്യവ്യാപകമായി ഒരേ മാനദണ്ഡത്തിലാണ് ഈ ശുദ്ധീകരണ പ്രക്രിയ നടപ്പിലാക്കപ്പെട്ടത്. പഞ്ചാബില്‍ ഡ്രാഫ്റ്റ് പട്ടികയെ അപേക്ഷിച്ച് അന്തിമ പട്ടികയില്‍ 3.64 ശതമാനം വര്‍ദ്ധനവോടെ പുതിയ വേട്ടര്‍മാര്‍ കടന്നുവന്നതും ഈ പ്രക്രിയയുടെ സുതാര്യതയ്ക്കും നിഷ്പക്ഷതയ്ക്കും ഏറ്റവും വലിയ തെളിവാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലുമുള്ള സമ്പൂര്‍ണ അധികാരവും മേല്‍നോട്ടവും നല്‍കുന്നുണ്ട്
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കഠിനാധ്വാനവും സാങ്കേതികവിദ്യയുടെ ഉപയോഗവും
ഈ വലിയ ദൗത്യത്തിന്റെ അടിത്തറ ലക്ഷക്കണക്കിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) അക്ഷീണമായ പരിശ്രമവും കഠിനാധ്വാനവുമാണ്. സാങ്കേതികവിദ്യ പ്രാരംഭഘട്ടത്തിലെ പരിശോധനകള്‍ക്കും ഡാറ്റാ മാപ്പിങ്ങിനും മാത്രമാണ് ഉപയോഗിച്ചത്. സോഫ്റ്റ്വെയര് നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരായ സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തിയാണ് ഓരോ അന്തിമ തീരുമാനങ്ങളും എടുത്തത്. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലുകളും മേല്‍നോട്ടവും ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ബംഗാളില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ രൂപീകരിക്കുകയും ലക്ഷക്കണക്കിന് അപ്പീലുകള്‍ സുതാര്യമായി തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. ഫോ 6 മുഖേനയുള്ള അപേക്ഷാവഴികള് സജീവമാക്കി അര്‍ഹരായ മുഴുവന്‍ പൗരന്മാരുടേയും വോട്ടവകാശം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മിഷന് ഉറപ്പാക്കിയിട്ടുമുണ്ട്. സാങ്കേതികപരമായ കൃത്യതയും മനുഷ്യപ്രയത്നവും ഒരുപോലെ സംയോജിപ്പിച്ചാണ് ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഭരണഘടനാപരമായ സാധുതയും സുപ്രീംകോടതിയുടെ അംഗീകാരവും
വോട്ടര്‍ പട്ടികയുടെ ഈ പ്രത്യേക പുനഃപരിശോധനയ്ക്ക് പൂര്‍ണമായും ഭരണഘടനാപരവും നിയമപരവുമായ അടിത്തറയുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലുമുള്ള സമ്പൂര്‍ണ അധികാരവും മേല്‍നോട്ടവും നല്‍കുന്നുണ്ട്. ജനപ്രാതിനിധ്യ നിയമം 1950-ലെ സെക്ഷന്‍ 21(3) പ്രകാരം പ്രത്യേക കാരണങ്ങളാലും സാഹചര്യങ്ങളിലും വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനഃപരിശോധന നടത്താന്‍ കമ്മിഷന് പൂര്‍ണ അധികാരമുണ്ട്. ഈ നിയമപരമായ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി, 2026 മേയ് 27-ലെ ചരിത്രപരമായ വിധിയിലൂടെ എസ്ഐആര്‍ നടപടികളുടെ പൂര്‍ണമായ നിയമസാധുതയും ഭരണഘടനാപരമായ ശരിയും അംഗീകരിക്കുകയുണ്ടായി. കൃത്യമായ നോട്ടീസ് നല്‍കുക, വ്യക്തിഗതവാദം കേള്‍ക്കുക, നിയമപരമായ അപ്പീലിനുള്ള അവസരം നല്‍കുക എന്നീ സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ പ്രക്രിയ മുന്നോട്ട് കൊണ്ടുപോയതെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
അന്തര്‍ദേശീയ തലത്തിലുള്ള തെറ്റായ പ്രചാരണങ്ങളും വസ്തുതകളും
ഭരണകൂടത്തിന്റെ സുതാര്യമായ ഈ നടപടികളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചില അന്തര്‍ദേശീയ മാധ്യമങ്ങളും സംഘടനകളും ബോധപൂര്‍വമായ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പ്രാരംഭഘട്ടത്തിലെ ഡ്രാഫ്റ്റ് കണക്കുകളെ മാത്രം അടര്‍ത്തിമാറ്റി ലക്ഷക്കണക്കിന് ആളുകളെ സ്ഥിരമായി ഒഴിവാക്കിയെന്ന രീതിയില്‍ വ്യാജമായ കഥകള്‍ മെനയുകയാണ് അവര്‍ ചെയ്തത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇതൊരു സ്വാഭാവികമായ ഭരണപരമായ ശുദ്ധീകരണ പ്രക്രിയ മാത്രമാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ആഭ്യന്തര സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരേയും വ്യാജവോട്ടര്മാരേയും പട്ടികയില്‍നിന്നു നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും ശക്തമായ ഇച്ഛാശക്തിയുടെ ഫലമായി രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന ഇത്തരം സുപ്രധാന ദേശീയ സുരക്ഷാനടപടികളെ വഴിതിരിച്ചുവിടാന്‍ ശ്ര മിക്കുന്ന ശക്തികളുടെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്.
ശക്തമായ ജനാധിപത്യത്തിനും രാഷ്ട്രസുരക്ഷയ്ക്കും വേണ്ടിയുള്ള ചുവടുവെപ്പ്
ചുരുക്കത്തില്‍, സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) എന്നത് ഏതെങ്കിലും ഒരു വിഭാഗത്തേയോ പൗരന്മാരേയോ ലക്ഷ്യമിട്ടുള്ളതല്ല, മറിച്ച് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കരഹിതമാക്കാനുള്ള ചരിത്രപരമായ ഒരു സുപ്രധാന ചുവടുവെപ്പാണ്. വ്യാജന്മാരുടേയും മരിച്ചവരുടേയും പേരുകള്‍ ഒഴിവാക്കി യഥാര്‍ത്ഥ പൗരന്മാരുടെ യഥാര്‍ത്ഥ വേട്ടുകള്ക്കു മാത്രം വിലകല്‍പ്പിക്കുന്ന ഒരു പുതിയ ജനാധിപത്യ സംസ്കാരത്തെയാണ് ഇതു സൃഷ്ടിച്ചെടുക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ചില സ്ഥാപിത താല്പര്യക്കാരും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഈ നടപടികളെ വളച്ചൊടിക്കാന്‍ ശ്രമിക്കുമ്പോഴും സുപ്രീംകോടതിയുടെ അടിയുറച്ച പിന്തുണയേടെ മുന്നേറുന്ന ഈ പ്രക്രിയ രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും കരുത്ത് പകരുകയാണ് ചെയ്യുന്നത്. രാഷ്ട്രസുരക്ഷയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ഈ മാതൃകാപരമായ ഭരണപരിഷ്കാരം ഇന്ത്യയുടെ ജനാധിപത്യഘടനയെ കൂടുതല്‍ തിളക്കമുള്ളതും സുദൃഢവുമാക്കി മാറ്റുമെന്നതില്‍ യാതൊരു സംശയവുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates