Opinion

കൊല്ലുന്നെങ്കില്‍ കൊല്ല്, ചിലയ്ക്കാതെ!

'നിങ്ങളും ദൈവത്തെപ്പോലെ എന്നെ വേട്ടയാടുന്നതെന്തിന്?

പി ആര്‍ ഷിജു

ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്കുകുള്ളില്‍ നിന്‍

തിരുമെയ് വിട്ടകലാതെ ചിന്തയും.

അനുകമ്പാ ദശകത്തിലെ ആദ്യ വരികളാണ്. ദൈവദശകം ചൊല്ലിപ്പഠിക്കുന്നവര്‍ അനുകമ്പാ ദശകം കൂടി ചൊല്ലിയിരുന്നെങ്കില്‍ ലോകം കുറേക്കൂടി നല്ലതായേനെ എന്നു തോന്നുന്നുണ്ടോ? അതല്ല, ഉറുമ്പിനെപ്പോലും നോവിക്കാത്തയാളാണല്ലോ ഞാന്‍ എന്നൊരു സ്വയം വിശ്വാസം തോന്നുന്നുണ്ടോ? കൊലപാതകം ചെയ്യാനോ, ഹേയ്, ഞാനോ എന്നൊരു സംശയമെങ്കിലും തോന്നുന്നുണ്ടോ? വരട്ടെ, ഒരു കഥ പറയാം. സിനിമാക്കഥയാണ്.

ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചിരുന്നു. ഒട്ടുമിക്ക കഥകളിലുമുള്ള അപ്പൂപ്പനേയും അമ്മൂമ്മയേയും പോലെ പരമസാധുക്കള്‍, നല്ലവര്‍. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച് കുട്ടികള്‍ക്ക് ട്യൂഷനൊക്കെ എടുത്ത് കഴിയുകയാണ് അപ്പൂപ്പന്‍. അമ്മൂമ്മയാകട്ടെ, മുഴുവന്‍ സമയ ഭക്തയും പിന്നെ ബാക്കിയുള്ള നേരം അടുക്കളയില്‍ റൊട്ടിയുണ്ടാക്കലും. റൊട്ടി, അമ്മൂമ്മ എന്നൊക്കെ കേട്ട് പഴയ റഷ്യന്‍ നാടോടിക്കഥയൊന്നും ഓര്‍ത്തു നോക്കേണ്ട. ഇക്കഥയുടെ പശ്ചാത്തലം ഗ്വാളിയോറാണ്. അപ്പൂപ്പനായി സഞ്ജീവ് മിശ്രയും അമ്മൂമ്മയായി നീനാ ഗുപ്തയും അഭിനയിച്ച, ജസ്പാല്‍ സിങ് സന്ധു എഴുതി, സംവിധാനം ചെയ്ത വധ് എന്ന സിനിമയുടെ കഥയാണ്.

വലിച്ചു നീട്ടാതെ പറയാം. നാട്ടിലെ പ്രധാന കൊള്ളരുതാത്തവനായ പാണ്ഡേയുടെ കൈയില്‍ നിന്ന് മിശ്ര കുറേ പണം കടം വാങ്ങിയിട്ടുണ്ട്. അത് കുറേശ്ശെ കുറേശ്ശെയായി തിരിച്ചു കൊടുത്തു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കെല്ലാം മുടങ്ങും. അതിന്റെ പേരില്‍ അയാള്‍ ഇവരെ വല്ലാതെ ദ്രോഹിക്കും. വീട്ടില്‍ വന്നിരുന്ന് മദ്യവും മാംസവും കഴിക്കുക (അവര്‍ ശുദ്ധ സസ്യാഹാരികളാണ്), തെരുവു പെണ്ണുങ്ങളെ കൂട്ടി വന്ന് ഇവരുടെ കിടക്കമുറിയില്‍ വച്ച് സെക്‌സ് ചെയ്യുക, ഉപയോഗിച്ച കോണ്ടം അവിടെത്തന്നെ ഇട്ടിട്ടു പോവുക... ഇങ്ങനെയൊക്കെയാണ് ഉപദ്രവങ്ങള്‍. ഇതൊക്കെ മറുത്തൊന്നും പറയാതെ സഹിച്ച മിശ്ര, വീട്ടില്‍ ട്യൂഷന് വരുന്ന, കൊച്ചുമകളെപ്പോലെ കരുതുന്ന പന്ത്രണ്ടുകാരിയിലേക്ക് പാണ്ഡേയുടെ കണ്ണുകള്‍ നീണ്ടപ്പോള്‍ പ്രതികരിച്ചു. സ്‌കൂ ഡ്രൈവര്‍ അയാളുടെ കഴുത്തില്‍ കുത്തിയിറക്കി കൊന്നു, ശരീരം കോടാലികൊണ്ട് വെട്ടിമുറിച്ച് ചാക്കില്‍ കെട്ടി കൊണ്ടുപോയി കത്തിച്ചു, അസ്ഥികള്‍ പെറുക്കിയെടുത്ത് ഗോതമ്പ് മില്ലില്‍ കൊണ്ടുപോയി പൊടിച്ചു കളഞ്ഞു. പാണ്ഡേ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി, സിംപിള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുഷ്യന്‍ നിവൃത്തിയില്ലാതെ കൊലപാതകം ചെയ്യുന്ന, അതു മറച്ചുവയ്ക്കുന്ന എത്രയെത്രസിനിമകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്? പിന്നെ ഇതില്‍ എന്താണിത്ര? അതിനും ഉത്തരം സിംപിളാണ്; ആറ്റിറ്റിയൂഡ്. മിശ്ര സംശയമൊന്നുമില്ലാതെ പറയുന്നുണ്ട്, 'ഇനിയും ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഇതു തന്നെ ചെയ്യും.' കൊലപാതകം ചെയ്യുന്ന മനുഷ്യരില്‍ ഉണ്ടാവുമെന്ന് നമ്മളെല്ലാം കരുതി വച്ചിരിക്കുന്ന അരുതായ്മാ ബോധം ലവലേശം പ്രകടിപ്പിക്കാതെയാണ് അയാളുടെ പെരുമാറ്റം. അതിന് അയാള്‍ക്കൊരു തിയറിയുണ്ട്: 'ഞാന്‍ ചെയ്തത് ഹത്യയല്ല, വധമാണ്'. ഈ രണ്ടു വാക്കുകള്‍ തമ്മില്‍ സൂക്ഷ്മാര്‍ഥത്തില്‍ അങ്ങനെയൊരു വ്യത്യാസമുണ്ടാകണം. ഹത്യ നിഗ്രഹം, വധം ദുഷ്ട നിഗ്രഹം.

കുറ്റകൃത്യത്തെക്കുറിച്ച്, അതും കൊലപാതകത്തെക്കുറിച്ച്, നമ്മളെയെല്ലാം അമ്പരപ്പിച്ച ഒരു ചിന്തയുണ്ടായത് ഒന്നര നൂറ്റാണ്ട് മുമ്പാണ്. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍നിക്കോവ് അതൊരു തിയറിയായി പ്രസിദ്ധീകരിക്കുകയായിരുന്നു. കുറ്റമൊന്നും ചെയ്യുന്നില്ലെങ്കില്‍ അഥവാ നിയമം ലംഘിക്കുന്നില്ലെങ്കില്‍ നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നതാണ് ആ തിയറിയുടെ കാതല്‍. മനുഷ്യര്‍ രണ്ടു തരമുണ്ട്; സാധാരണക്കാരും അല്ലാത്തവരും. സാധാരണക്കാര്‍ എല്ലാറ്റിനും കീഴ്‌പ്പെട്ട് ജീവിക്കുന്നവര്‍. അവര്‍ക്ക് നിയമം ലംഘിക്കാന്‍ അവകാശമില്ല. മറു വിഭാഗം അങ്ങനെയല്ല, അവര്‍ക്ക് ഏതു തടസ്സങ്ങളെയും ഇല്ലാതാക്കാം; മനുഷ്യരെപ്പോലും. സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടി കുറ്റകൃത്യം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ വെറും സാധാരണക്കാരന്‍ മാത്രമാണ്! റസ്‌കോള്‍നിക്കോവ് ചെയ്ത കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്താനിറങ്ങിയ കുറ്റാന്വേഷകന്‍ അയാളിലേക്കെത്തുന്നതില്‍ ഒരു ഘടകം, കുറ്റകൃത്യം ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിച്ച ഈ തിയറിയാണ്.

ദസ്തയേവ്‌സ്‌കിയും ഷേക്‌സ്പിയറും ഇയ്യോബിന്റെ പുസ്തകത്തിന്റെ രചയിതാവുമാണ് അത്യുന്നതങ്ങള്‍ മഹത്വപ്പെടുത്തിയ എഴുത്തുകാര്‍ എന്നു പറഞ്ഞത് ആര്‍ച്ചിബാള്‍ഡ് മാക്ലീഷ് ആണ്. കെപി അപ്പന്‍ 'ബൈബിള്‍: വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകത്തില്‍ അത് ഉദ്ധരിക്കുന്നുണ്ട്.ശരിയാവണം, കാരണമില്ലാത്ത ദുഃഖത്തെക്കുറിച്ച് ഇയ്യോബ് ഉയര്‍ത്തിയ മുഴുവന്‍ ചോദ്യങ്ങളും അങ്ങനെ തന്നെ നിര്‍ത്തിയാണ്, പഴയ നിയമത്തിലെ ആ ഭാഗം അവസാനിക്കുന്നത്. ദൈവനീതിയെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ സുഹൃത്തുക്കളോട് അയാള്‍ ചോദിച്ചു; 'നിങ്ങളും ദൈവത്തെപ്പോലെ എന്നെ വേട്ടയാടുന്നതെന്തിന്?' ഇയ്യോബിന്റെ പുസ്തകത്തെ അയഞ്ഞ മട്ടില്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് നാടകമെഴുതിയിട്ടുണ്ട്, ആര്‍ച്ചിബാള്‍ഡ് മാക്ലിഷ്. അതിലെ ഒരു കഥാപാത്രം പറയുന്നു, 'നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിഷ്‌കളങ്കരെങ്കില്‍, ദൈവത്തിന് പിന്നെ എന്ത് പ്രസക്തി?

റസ്‌കാള്‍നിക്കോവിന്റെ തിയറിയില്‍ പറഞ്ഞതു പോലെ വെറും സാധാരണക്കാര്‍ ആവാതിരിക്കാനാണോ മനുഷ്യര്‍ മനുഷ്യരെ കൊന്നുതള്ളിയത്? അതോ മാക്ലീഷിന്റെ കഥാപാത്രം പറഞ്ഞതുപോലെ കുറ്റം ചെയ്തവരാവുകയല്ലാതെ മറ്റു വഴിയില്ലാഞ്ഞിട്ടോ? ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നില്‍ നല്ലൊരുപങ്കും നടപ്പാക്കിയത്, ഒരു വിരോധവുമില്ലാത്ത മനുഷ്യരെ, അവരെ പരിചയം പോലുമില്ലാത്ത സാധാരണ മനുഷ്യര്‍ നേര്‍ക്കുനേര്‍ നിന്ന് വെടിവച്ചു വീഴ്ത്തിക്കൊണ്ടാണെന്ന് അറിയുമ്പോള്‍ വല്ലാത്തൊരു ഭീതി തോന്നുന്നില്ലേ? അതെ, സാധാരണ മനുഷ്യര്‍ തന്നെ!ഓര്‍ഡിനറി മെന്‍ - ദി ഫൊര്‍ഗോട്ടന്‍ ഹോളോകോസ്റ്റ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ അതുണ്ട്.

ഇരുപതു ലക്ഷം പേര്‍! പ്രായമായവരും കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങിയ, നിരായുധരും നിസ്സഹായരുമായ 20 ലക്ഷം മനുഷ്യരെയാണ്, ഓര്‍ഡര്‍ പൊലീസ്എന്ന പേരില്‍ നാസികള്‍ നിയോഗിച്ച സാധാരണ മനുഷ്യരുടെ സംഘങ്ങള്‍ വെടിവച്ചു കൊന്നത്. കൂലിപ്പണിക്കാരായിരുന്നു അവരിലേറെയും; പ്ലംബര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മരപ്പണിക്കാര്‍, അങ്ങനെയങ്ങനെ. (കൊന്നു കൊന്ന് അവര്‍ക്ക് മടുത്തപ്പോഴാണത്രേ, ഹിറ്റ്‌ലര്‍ ഓഷ്വിറ്റ്സ് പോലുള്ള മാസ് എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപുകളുണ്ടാക്കിയത്) എന്തിനാണ് അവരീ ചോര മരവിച്ചു പോവുന്ന കൂട്ടക്കൊലകള്‍ നടത്തിയത്? അമേരിക്കന്‍ ചരിത്ര ഗവേഷകനായ ക്രിസ്റ്റഫര്‍ ബ്രൗണിങ് അതന്വേഷിച്ചു പോയതിന്റെ ഉത്തരമാണ്, ഓര്‍ഡിനറി മെന്‍. (1992 ല്‍ ഇറങ്ങിയ ബ്രൗണിങ്ങിന്റെ പുസ്തകമാണ് ഡോക്യുമെന്ററിക്കാധാരം. പോളണ്ടിലെ ലുബ്‌ളിനില്‍ കൂട്ടക്കൊലയ്ക്ക് നിയോഗിക്കപ്പെട്ട, 101 റിസര്‍വ് പൊലീസ് ബറ്റാലിയന്‍ എന്ന ഒരൊറ്റ സംഘം ഓര്‍ഡര്‍ പൊലീസിനെയാണ് ബ്രൗണിങ് പഠന വിധേയമാക്കുന്നത്)

യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്താണ്, ഹിറ്റ്‌ലറുടെ ഭരണകൂടം ഓര്‍ഡര്‍ പൊലീസിനെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. പോളണ്ട് ഏതാണ്ട് കീഴടക്കിക്കഴിഞ്ഞു. ഇനിയും എത്രയോ ഭൂപ്രദേശങ്ങള്‍ കീഴടക്കാനിരിക്കുന്നു. അവിടെയെല്ലാം പൊലീസ് വേണം. ആദ്യമാദ്യം നാസി ചിന്തയുള്ളവരേയും അനുഭാവികളെയും മാത്രമാണ് നിയമിച്ചത്. പിന്നെപ്പിന്നെ ആരായാലും മതി എന്നായി. ഹംബര്‍ഗില്‍ 101 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍ അതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ ആ നഗരത്തിലെ അതിസാധാരണക്കാരായിരുന്നു, റിസര്‍വ് പൊലീസ് സേനയുടെ ഭാഗമായത്. 1942 ജൂണ്‍ 25ന് ലുബ്ലിനില്‍ ഇറങ്ങുമ്പോള്‍, സത്യത്തില്‍ അവര്‍ക്കറിയില്ലായിരുന്നു എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്. ബറ്റാലിയന്‍ കമാന്‍ഡര്‍ക്കും അതില്‍ വ്യക്തതയൊന്നുമില്ലായിരുന്നു. മൂന്നാഴ്ച തികയുംമുമ്പുതന്നെ പക്ഷേ, അവര്‍ക്കുള്ള ആദ്യ അസൈന്‍മെന്റ് എത്തി. ജൂലൈ 13ന് രാവിലെ ബറ്റാലിയന്‍ അസംബ്ലിയില്‍ മേജര്‍ വില്‍ഹെം ട്രാപ്പ് ആ സന്ദേശം അറിയിച്ചു. അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'കഠിനമായൊരു ദൗത്യമാണ് ഇന്ന് നമുക്കു ചെയ്യാനുള്ളത്.1500 മനുഷ്യരെ, പ്രായമായവരും കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന 1500 ജൂതരെ വെടിവച്ചു കൊല്ലണം' ക്യാംപില്‍ വല്ലാത്തൊരു നിശബ്ദത പരന്നു. ആരും ഒരക്ഷരം മിണ്ടിയില്ല. ഘോരമായ ആ മൗനത്തിനു മുകളില്‍ വീണ്ടും മേജര്‍ ട്രാപ്പിന്റെ ശബ്ദം കേട്ടു. 'ഇതു ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് മുന്നോട്ടു വരാം'

വീണ്ടും നിശബ്ദത. ഏതാനും നിമിഷങ്ങള്‍ അത് നീണ്ടുനിന്നു കാണും. ഒരാള്‍ പതുക്കെ കൈ ഉയര്‍ത്തി, മുന്നോട്ടു വന്നു. കുറച്ചു നേരം കഴിഞ്ഞ് ഒന്നിനു പിറകെ ഒന്നായി ഏതാനും പേര്‍ കൂടി. അഞ്ഞൂറു പേരുള്ള സംഘത്തില്‍, നിരാലംബരായ മനുഷ്യരെ മുഖത്തോടു മുഖം നിന്ന് വെടിവച്ചു കൊല്ലാനാവില്ലെന്ന്ഉറപ്പോടെ പറഞ്ഞത് പന്ത്രണ്ടു പേര്‍! ശേഷിച്ചവര്‍ ഒരു മുറുമുറുപ്പു പോലുമില്ലാതെ, കൊന്നു തള്ളേണ്ട നൂറുകണക്കിന് മനുഷ്യരേയും തെളിച്ചു കൊണ്ട് സമീപത്തെ കാടിനുള്ളിലേക്ക് നടന്നു. അവിടെയായിരുന്നു അവര്‍ക്കുള്ള കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയിരുന്നത്.

മുന്‍പേ പരിചയമുണ്ടായിരുന്നയാളെയാണ് തങ്ങള്‍ക്കു വെടിവച്ചു കൊല്ലേണ്ടിവന്നതെന്ന് ഓര്‍ത്തെടുത്തിട്ടുണ്ട്, ചില ഓര്‍ഡര്‍ പൊലീസുകാര്‍. നാട്ടില്‍ പതിവായി സിനിമ കാണാന്‍ പോയിരുന്ന തിയ്യറ്ററിന്റെ ഉടമസ്ഥന്‍. കുറേ മുമ്പാണ് അയാളുടെ കുടുംബം പോളണ്ടിലേക്ക് കുടിയേറിയത്. അയാളെയാണ് കൊല്ലാന്‍ കൊണ്ടുപോവുന്നത്. കാട്ടിലേക്കുള്ള യാത്രാമധ്യേ, പഴയ സിനിമാക്കാലത്തെക്കുറിച്ചെല്ലാം അയാളോട് സംസാരിച്ചു കൊണ്ടു നടന്നുവെന്ന് ഒരാള്‍. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും തമ്മിലുള്ള അന്ത്യ സംഭാഷണം. വെന്‍ യു ഹാവ് ടു ഷൂട്ട്, ഷൂട്ട്; ഡോണ്ട് ടോക്ക്. (കൊല്ലുന്നെങ്കില്‍ കൊല്ല്, ചിലയ്ക്കാതെ) ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമയിലെ ആ വിഖ്യാത ഡയലോഗ് ഓര്‍മ വരുന്നുണ്ടോ? സാരമില്ല, പോയിന്റ് ബ്ലാങ്കില്‍ നമ്മളല്ലല്ലോ. നമ്മുടേതല്ലാത്ത പോയിന്റ് ബ്ലാങ്കില്‍ നിന്നുകൊണ്ട് നമുക്ക് കവിത വരെ എഴുതാം.

കൊല്ലുക അല്ലെങ്കില്‍ മരിക്കുക എന്നീ രണ്ടു സാധ്യതകള്‍ മാത്രമുള്ളപ്പോള്‍ മനുഷ്യര്‍ ആദ്യത്തേത് തെരഞ്ഞെടുക്കുന്നതില്‍ അതിശയമേയില്ല. ഒന്നുകില്‍ വര്‍ഗീസിനെ വെടിവച്ചു കൊല്ലുക, അല്ലെങ്കില്‍ പൊലീസിന്‍റെ വെടിയേറ്റു മരിക്കുക എന്നൊരു ഘട്ടത്തില്‍ രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ കൊലപ്പെടുത്തുന്നത് പോലെയാണത്. ഹോളോകോസ്റ്റില്‍ പക്ഷേ, എവിടെയും അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടേയില്ലത്രേ. വെടിവയ്ക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചവരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുകയായിരുന്നു, ജനറല്‍ ട്രാപ്പ് ചെയ്തത്. പരമാവധി അവര്‍ക്കു നേരിടേണ്ടി വന്നിട്ടുണ്ടാവുക, ഭീരുക്കള്‍ എന്ന സഹപ്രവര്‍ത്തകരുടെ പരിഹാസം മാത്രമായിരിക്കണം. കൊല്ലാന്‍ വിസമ്മതിച്ചിന്റെ പേരില്‍ ഒരു പൊലീസുകാരന്റേയും ജീവന് ഭീഷണിയുണ്ടായില്ല. എന്നിട്ടും അവര്‍ കൂട്ടക്കൊലകള്‍ക്കിറങ്ങിത്തിരിച്ചത് എന്തുകൊണ്ടായിരിക്കും? സാധാരണക്കാരാ, സത്യത്തില്‍ നീ ആരാണ്?

ചിത്രത്തില്‍ ഓഷ്‌വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാംപ്/എഎഫ്പി ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT