''ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ പതിനൊന്ന്. ഇരുപത് നിയോജക മണ്ഡലങ്ങളിലുമായി മൂന്നു മുന്നണികള്‍ മല്‍സരിപ്പിക്കുന്നവരുടെ എണ്ണം ഒമ്പതു മാത്രം; അതായത് ആറിലൊന്നു പോലുമില്ല. തിരുവനന്തപുരത്തെ എസ് യു സി ഐ സ്ഥാനാര്‍ത്ഥി എസ് മിനി, കൊല്ലത്തെ എസ് യു സി ഐ സ്ഥാനാര്‍ത്ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍'', ലോക്സഭാ തെരഞ്ഞെടുപ്പിലെ പെണ്‍ സ്ഥാനാര്‍ത്ഥി പങ്കാളിത്തത്തേക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. അന്നു ഞങ്ങള്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യമായി സംസാരിച്ചത് ട്വിങ്കിള്‍ പ്രഭാകരന്‍ മാത്രമാണ്; .'' കുത്തകകള്‍ക്കു വേണ്ടി രാജ്യം മുടിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുക, ബഹുജന സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സര്‍വമേഖലകളിലും അങ്ങേയറ്റം കോര്‍പറേറ്റ് അനുകൂല, ജനാധിപത്യവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബിജെപിയുടെ പത്തു വര്‍ഷത്തെ ഭരണം അതാണു കാണിക്കുന്നത്. പക്ഷേ,പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇടതുപക്ഷത്തിനു പോലുമോ ബിജെപിയെ നയങ്ങളില്‍ എതിര്‍ക്കുന്ന സമീപനമില്ല. രാജ്യത്തു വളര്‍ന്നു വരുന്ന ഒരു സമരത്തെയും ബിജെപിക്കെതിരായി വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. ബിജെപിയുടെ നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് സിപിഎം. കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി മാറ്റുകയും തൊഴില്‍ സമയം വര്‍ധിപ്പിക്കുകയും ചെയ്തത് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്ത്യാ മുന്നണി നയപരമായി ബിജെപിയെ പരാജയപ്പെടുത്തുന്ന ഒരു ശക്തിയല്ല. ബിജെപിയെ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങളുടേതായ സമര രാഷ്ട്രീയം വളര്‍ന്നു വരണം. അതിനാണ് എസ് യു സി ഐ ശ്രമിക്കുന്നത്'', എസ് യു സി ഐ (കമ്യൂണിസ്റ്റ്) കൊല്ലം ജില്ലാ കമ്മിറ്റി അംഗം ട്വിങ്കിള്‍ പ്രഭാകരന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ എസ്.മിനിയെ ഫോണില്‍ കിട്ടിയപ്പോഴും അവര്‍ക്ക് കാര്യമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പൊതുവേ മാധ്യമങ്ങളോട് അതാണ് രീതി എന്ന് പിന്നീട് മനസ്സിലായി.
കേസും മറുകേസും
പക്ഷേ, കഴിഞ്ഞ മാസം പത്തിന് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ത്തന്നെ എസ്. മിനിയായി ശ്രദ്ധാ കേന്ദ്രം. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ അതങ്ങനെയങ്ങ് സംഭവിക്കുകയായിരുന്നു. സമരം പുറത്തു പറയുന്നതുപോലെ സ്വതന്ത്രമല്ല എന്നും എസ് യു സി ഐ ആണ് സമരത്തെ ചലിപ്പിക്കുന്നത് എന്ന് മാധ്യമങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും വ്യക്തമാകുന്നതിനു മുമ്പേ തന്നെ മിനിയുടെ മുഴുവന്‍ സമയ സാന്നിധ്യം കൊണ്ട് ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അത് മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെയാണ് സമരം തുടങ്ങി ഒരാഴ്ചയായപ്പോള്‍, ഫെബ്രുവരി 17ന്, സെക്രട്ടേറിയറ്റിനു മുന്നിലെ 'വഴി തടഞ്ഞുള്ള' സമരത്തിന്റെ പേരില്‍ മിനിക്ക് പൊലീസ് നോട്ടീസ് കിട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ പേട്ട വില്ലേജില്‍ കുന്നുകുഴി വാര്‍ഡില്‍......താമസം സാവിത്രി മകള്‍ മിനി എസ് , വയസ് 51 ആണ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത 35 (3) പ്രകാരം കന്റോണ്‍മെന്റ് പൊലീസ് അയച്ച നോട്ടീസിന്റെ സ്വീകര്‍ത്താവ്. ഈ നോട്ടീസിലെ വ്യവസ്ഥകളുടെ പേരില്‍ വേണമെങ്കില്‍ പൊലീസിനു മിനിയെ പിന്നീടും 'പൂട്ടാം'. ഭാവിയില്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാന്‍ പാടുള്ളതല്ല എന്നു തുടങ്ങുന്ന 11 വ്യവസ്ഥകളും സാധാരണഗതിയില്‍ പൊലീസിനു തൃപ്തിയാകുന്ന വിധത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് നടപ്പാക്കിക്കൊടുക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. നടക്കില്ല എന്നു തന്നെ. പൊലീസ് പറയുന്ന 'ഭാവിയിലെ കുറ്റകൃത്യം' ഒരു സമരത്തിന്റെ ഭാഗമായി വഴി തടയലാകാം. ആ കുറ്റകൃത്യം ചെയ്യാതെ മിനി എങ്ങനെ മിനിയാകും എന്നതാണ് കാര്യം. മിനി എങ്ങനെ മിനിയായി എന്നത് അറിയാവുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക്, യോജിച്ചുകൊണ്ടും വിയോജിച്ചുകൊണ്ടും മിനിയുടെ രാഷ്ട്രീയ ആര്‍ജ്ജവത്തോടു മുഖം തിരിക്കാനാകില്ല. സാധാരണ നിലയില്‍ നിന്ന്, സാധാരണക്കാരുടെ പ്രശ്നങ്ങളുടെ ഭാഗമായി നിന്നാണ് മിനി ജീവിക്കുന്നത്. ചിലര്‍ കോണ്‍ഗ്രസാകുന്നു, ചിലര്‍ സിപിഎം ആകുന്നു, ചിലര്‍ ബിജെപിയും ചിലര്‍ എസ്ഡിപിഐയുമാകുന്നു; മിനിക്ക് എസ് യു സി ഐ ആകാനുമുണ്ട് അവകാശം എന്ന് അംഗീകരിക്കുന്നതിനപ്പുറമാണ് ആക്രമണങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങള്‍.
അതിനിടയിലാണ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ വീട്ടില്‍ കാണാന്‍ സമരത്തെ പ്രതിനിധീകരിക്കുന്നവര്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വെളുപ്പാന്‍ കാലത്തും വീട്ടില്‍ പോയി കണ്ട അനുഭവമുണ്ട് എന്നും പറയുന്ന മിനിയുടെ പ്രസംഗം വൈറലായത്. കള്ളമാണ് പറഞ്ഞതെന്നും അത് അധിക്ഷേപിക്കലാണെന്നും മന്ത്രിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോടു പറഞ്ഞതോടെ വാര്‍ത്തയില്‍ മിനിയുടെ സാന്നിധ്യം കൂടുതലായി, സമൂഹമാധ്യമങ്ങളിലും. മിനിക്കെതിരേ നിയമ നടപടിയെടുക്കുമെന്നു കൂടിയാണ് മന്ത്രി വീണയുടെ ഭര്‍ത്താവ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ എസ് യു സി ഐക്കും മിനിക്കുമെതിരേ ഇടതു പ്രൊഫൈലുകളുടെ രൂക്ഷ കടന്നാക്രമണം, കോണ്‍ഗ്രസ്, ലീഗ് പ്രൊഫൈലുകളുടെയും സിപിഎം വിരുദ്ധ ഗ്രൂപ്പുകളുടെ ദുര്‍ബലപ്രതിരോധം. ദിവസങ്ങള്‍ കഴിഞ്ഞ് സുരേഷ് ഗോപി എംപി സമരപ്പന്തലില്‍ വന്നപ്പോള്‍ മഴ. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കാത്തതും ഉള്ളതുതന്നെ കൃത്യമായി കൊടുക്കാത്തതും സജീവ വിഷയമായി നിലനില്‍ക്കെ മഴ നനയാതിരിക്കാന്‍ സമരക്കാര്‍ക്ക് കുട കൊടുത്ത് സുരേഷ് ഗോപി ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു. അതിനോട് പ്രതികരിക്കുമ്പോള്‍ ഇടതുപക്ഷത്തെ ഒരു നേതാവിന് നാവ് പിഴച്ചു. കുട മാത്രമാണോ ഉമ്മയും കൊടുത്തോ എന്ന് അറിയില്ല, മുമ്പ് കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്തു. അത് തങ്ങളെ അധിക്ഷേപിക്കലാണ് എന്ന് ചൂണ്ടിക്കാട്ടി നിയമ നടപടിക്കു തീരുമാനിച്ചിരിക്കുകയാണ് മിനിയും സഹപ്രവര്‍ത്തകരും. മിനി തന്നെയാണ് സമകാലിക മലയാളത്തോട് ഇത് പറഞ്ഞത്.
ചിലര്‍ കോണ്‍ഗ്രസാകുന്നു, ചിലര്‍ സിപിഎം ആകുന്നു, ചിലര്‍ ബിജെപിയും ചിലര്‍ എസ്ഡിപിഐയുമാകുന്നു; മിനിക്ക് എസ് യു സി ഐ ആകാനുമുണ്ട് അവകാശം എന്ന് അംഗീകരിക്കുന്നതിനപ്പുറമാണ് ആക്രമണങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങള്‍
പാട്ടയും ഒരു രാഷ്ട്രീയചിഹ്നമാണ്
അതായത്, കേരളത്തില്‍ കാര്യമായ സംഘടനാ ശേഷി ഇല്ലാതിരുന്നിട്ടും രാഷ്ട്രീയം ശ്രദ്ധിക്കുന്ന കൊച്ചുകുട്ടിക്കും സുപരിചിതമാക്കി സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ എന്ന എസ് യു സി ഐയെ മാറ്റിത്തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച വളരെക്കുറച്ചു പ്രവര്‍ത്തകരില്‍ ഒരാളാണ് എസ് മിനി; തലസ്ഥാനത്ത് ആ പാര്‍ട്ടിയുടെ മുഖം. മറ്റ് പാര്‍ട്ടികളും സംഘടനകളും വീതിയില്‍ ബാനര്‍ പിടിക്കുമ്പോള്‍ നീളത്തില്‍ ബാനര്‍ പിടിച്ചും കറുപ്പും ചുവപ്പും നിറങ്ങള്‍ മാത്രം ഉപയോഗിച്ച് പോസ്റ്ററുകളും ബാനറുകളും ചുമരുകളും എഴുതിയും പ്രത്യേക തരം പാറ്റേണില്‍ പ്രവര്‍ത്തിച്ചാണ് ഈ ചെറുസംഘം വലിയ ശ്രദ്ധ നേടിയത്. വിയോജിക്കാം, പക്ഷേ, അവഗണിക്കാനാകില്ല എന്ന സ്ഥിതി. നാലാള്‍ കൂടുന്നിടത്ത്, എസ് യു സി ഐ എന്ന് എഴുതി ഒട്ടിച്ച പാട്ടയുമായി നടത്തുന്ന പിരിവും ശ്രദ്ധ നേടാനുള്ള ഈ സവിശേഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. തിരുവനന്തപുരം നഗരത്തില്‍ പാളയം കോണിമാറ മാര്‍ക്കറ്റിനു മുന്നില്‍ മിക്കവാറും പാട്ടപ്പിരിവു നടത്തുന്നവരിലൊരാള്‍ എസ് മിനി തന്നെയാണ്. രണ്ടു വട്ടം പാര്‍ലമെന്റിലേക്കു മല്‍സരിച്ച മിനി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തനത്തിനു പാട്ടപ്പിരിവ് നടത്തുന്നതും ആശാ വര്‍ക്കേഴ്സിനെ സംഘടിപ്പിച്ച് കോണ്‍ഗ്രസിനോ സിപിഐക്കോ ബിജെപിക്കോ കഴിയാത്ത വിധം എല്‍ഡിഎഫ് സര്‍ക്കാരിനെ ഇളക്കുന്നതും ഈ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പല മുനകള്‍. തിരുവനന്തപുരത്തായതുകൊണ്ട് സമരങ്ങളില്‍ മാത്രമല്ല എസ് യു സി ഐയെ പ്രതിനിധീകരിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കു പോകുന്നതും ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ തിരിച്ചിറങ്ങുന്നവര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നതും മിനി തന്നെയാണ്. ബസ്സിലോ ട്രെയിനിലോ വന്ന പ്രവര്‍ത്തകര്‍ക്ക് തിരിച്ചു പോകാന്‍ വണ്ടിക്കൂലി സംഘടിപ്പിച്ചു കൊടുക്കുന്നതില്‍ വരെ നീളുന്ന സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിരയിലെ കണ്ണി. പക്ഷേ, സിപിഎം നേതൃത്വം നല്‍കുന്ന മുഖ്യധാരാ ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് കോണ്‍ഗ്രസിനോടും സംഘപരിവാറിനോടുപോലും ചിലപ്പോള്‍ മൃദുനയം സ്വീകരിച്ച്, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുനിരയിലാണ് എസ് യു സി ഐ ബംഗാളിലും കേരളത്തിലും ഇടം നേടിയത്. അതിന്റെ എല്ലാ രൂക്ഷതയും മിനിയെ ടാര്‍ഗറ്റ് ചെയ്യുന്ന ഇടതുപക്ഷത്തിന്റെ വാക്കിലും നോക്കിലുമുണ്ട്. എങ്കിലും പാട്ടപ്പിരിവുകാര്‍ എന്നുള്‍പ്പെടെ അങ്ങനെ കിട്ടുന്ന കല്ലേറുകളെല്ലാം പൂമാലകളാവുകയാണ് മിനിക്കും സഹപ്രവര്‍ത്തകര്‍ക്കും. അങ്ങനെയൊക്കെ അവരെക്കുറിച്ച് പറയാതിരിക്കാമായിരുന്നു.
ഈ സമരം ഞങ്ങള്‍ വിജയിക്കാന്‍ തന്നെ തുടങ്ങിയതാണ്, വിജയിച്ചിട്ടേ പിന്മാറുകയുള്ളു
വോട്ടു കൂടുന്നുണ്ട്
തിരുവനന്തപുരം ലോക്സഭാ നിയോജക മണ്ഡലത്തില്‍ 2019ല്‍ മല്‍സരിച്ചപ്പോള്‍ കിട്ടിയ 664 വോട്ടുകളില്‍ നിന്ന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് മിനിക്കു കിട്ടിയ വോട്ടുകളുടെ എണ്ണം1109 ആയി ഉയര്‍ന്നു. എസ് യു സി ഐയെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ വിജയം തന്നെയാണ്. '' തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെന്നു വരാം. പക്ഷേ, ഈ സമരം ഞങ്ങള്‍ വിജയിക്കാന്‍ തന്നെ തുടങ്ങിയതാണ്, വിജയിച്ചിട്ടേ പിന്മാറുകയുള്ളു'', സമകാലിക മലയാളം ഓണ്‍ലൈനോട് എസ് മിനി പറഞ്ഞു. '' വ്യക്തിപരമായ അധിക്ഷേപങ്ങളും അധിക്ഷേപിക്കുന്നവരെയും പൊതുസമൂഹം കാണുന്നുണ്ട്. അവര്‍ വിലയിരുത്തട്ടെ'', മിനിയുടെ വാക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates