
പിതാവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള കോളം പൂരിപ്പിക്കാതെയും, അല്ലെങ്കിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന ഉത്തരവും നൽകി പോവുന്ന കുട്ടികളുടെ മാനസികാവസ്ഥ എത്രമാത്രം ഭീകരമാണ്. ഒരുമിച്ചുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് ആരംഭിക്കുന്ന പല വിവാഹബന്ധങ്ങളും പാതിവഴിയിൽ അവസാനിക്കുമ്പോൾ, അതിന്റെ വേദനകൾ പേറുന്നത് ഇത്തരം കുഞ്ഞുങ്ങൾ കൂടിയാണ്. എന്നാൽ, വിവാഹബന്ധം വേർപിരിയാൻ പരിരക്ഷ നൽകുന്നതും, മറ്റൊരു വിവാഹത്തിന് തടസ്സങ്ങളില്ല എന്നുള്ളതുമായ വിശാലമായ നിയമ വ്യവസ്ഥ നിലനിൽക്കുന്ന നാട്ടിലാണ് ‘ഒരു വിഭാഗം’ കുട്ടികൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. ഈ വക കാര്യങ്ങൾ വിശദമായി മനസിലാക്കി കൊണ്ട് ഭാര്യയുടെ മുൻ വിവാഹബന്ധത്തിലെ കുട്ടിയെ പൂർണമായും ദത്തെടുക്കാൻ അമ്മയുടെ നിലവിലെ പങ്കാളി തയ്യാറാകുമ്പോൾ പോലും അദ്ദേഹത്തിന് മുന്നിൽ കടമ്പകൾ ഏറെയാണ്. കുട്ടിയുടെ മേലുള്ള അവകാശവാദത്തിലുറച്ച് പിതാവും, സാങ്കേതിക-നിയമ കുരുക്കുകൾ പരിഹരിച്ചുകൊണ്ട് കുട്ടിയെ തന്നിലേക്ക് ചേർത്തുനിർത്താൻ രണ്ടാനച്ഛനും തയ്യാറെടുക്കുന്നതോടെ വിഷയം നിയമയുദ്ധത്തിലേക്കും നീങ്ങുകയായി. കുട്ടിയെ ചൊല്ലിയുള്ള വൈകാരിക നീക്കങ്ങളും, അതേ കുട്ടിയെ കരുതിയുള്ള ഇടപെടലുകളും നേർക്കുനേരെ നീങ്ങുമ്പോൾ യഥാർത്ഥത്തിൽ കോടതി മുറികൾക്കുള്ളിൽ സംഭവിക്കുന്നത് എന്താണ്?
ആദ്യ വിവാഹം ബന്ധം തകർന്നതിന്റെ മാനസിക സംഘർഷവും ദുഃഖവും മറികടന്നപ്പോഴാണ് എറണാകുളത്തെ നാല്പതുകാരായ ദമ്പതികൾ രണ്ടാം വിവാഹം ആലോചിച്ചതും, അവരൊന്നിച്ചതും. ആദ്യ വിവാഹത്തിൽ യുവതിക്ക് ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടിയുടെ ഭാവിയോർത്തു രണ്ടാനച്ഛൻ കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വർഷമായി കുട്ടിയെ ഉപേക്ഷിച്ചിട്ടും, ദത്തെടുക്കലിന് അനുമതി നൽകാൻ പിതാവ് (Biological father) വിസമ്മതിക്കുന്നു. അദ്ദേഹത്തിന്റെ അഭാവവും അവഗണനയും കുട്ടിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. അതേസമയം ആ കുട്ടിയെ യഥാർത്ഥത്തിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളെ ദത്തെടുക്കാൻ ആ അച്ഛൻ അനുവദിക്കുന്നില്ല എന്ന പ്രശ്നമാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.
തടസങ്ങൾ എന്താണ് ?
നിയമപരമായി, രണ്ടാനച്ഛന് കുട്ടിയുടെ പിതാവിന്റെ സമ്മതമില്ലാതെ ദത്തെടുക്കലുമായി മുന്നോട്ട് പോകാൻ കഴിയില്ല, ഈ സാഹചര്യത്തിൽ കുട്ടിയെ ദത്തെടുക്കാനുള്ള രണ്ടാനച്ഛന്റെ അപേക്ഷ നിരസിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികൾ പറയുന്നതനുസരിച്ച്, അവർ ന്യൂഡൽഹിയിലെ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയെ (CARA- Central Adoption Resource Authority) സമീപിച്ചു. എന്നാൽ CARA, എറണാകുളത്തെ ചൈൽഡ് വെൽഫെയർ സമിതിയോട് അന്വേഷിച്ചു ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു. പക്ഷേ ആ അപേക്ഷ അർഹമായ പരിഗണനയില്ലാതെ നിരസിക്കപ്പെട്ടു, കുട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായി എന്നാണ് വാദം.
യുവതിയുടെ വാദം
കോടതി അംഗീകരിച്ച ഒത്തുതീർപ്പിലൂടെ കുട്ടിയുടെ സ്ഥിരമായ സംരക്ഷണം തനിക്ക് അനുവദിച്ചുവെന്നും, പിതാവിന് പരിമിതമായ സന്ദർശനം മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും ഭാര്യ വാദിച്ചു. എന്നിരുന്നാലും, അയാൾ കുട്ടിയെ നിരന്തരം അവഗണിച്ചു, ബന്ധം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു, ഇത് സൂചിപ്പിക്കുന്നത് അയാൾ കുട്ടിയെ ഉപേക്ഷിച്ചുവെന്നും കുട്ടിയുടെ ക്ഷേമത്തിൽ യാതൊരു ആശങ്കയോ കരുതലോ കാണിക്കുന്നില്ല എന്നുമാണ്.
നിയമവശം
ദത്തെടുക്കൽ ചട്ടങ്ങളിലെ 55-ാം ചട്ടം (Regulation 55 of the Adoption Regulations 2022), രണ്ടാനച്ഛന് ദത്തെടുക്കുന്നതിന് കുട്ടിയുടെ രക്ഷിതാവിന്റെ സമ്മതം നിർബന്ധിക്കുന്നുണ്ട് . അതേസമയം ചട്ടം 63, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിക്കു ഓരോ കേസിന്റെയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തി തീരുമാനം എടുക്കാനും അധികാരം നൽകുന്നുണ്ട് . ഹൈക്കോടതിയിൽ വാദം പൂർത്തിയായ കേസിൽ ഉടൻ ഉത്തരവുണ്ടാകും. കുട്ടിയുടെ അവകാശങ്ങൾ മുൻ നിർത്തി ഹർജിക്കാരിക്ക് അനുകൂല വിധി ഉണ്ടായാൽ അത് നിരവധി ദമ്പതികൾക്ക് സഹായകമാകും.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും -- ramdaspnr@gmail.com
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക