ജനാധിപത്യത്തിന്റെ കിടപ്പാടത്തിന് നാല് തൂണുകളുണ്ടെന്നാണ് വെച്ചിരിക്കുന്നത്: നിയമനിര്‍മ്മാണ സഭ, നിയമ നിര്‍വ്വഹണത്തിനു ഭരണയന്ത്രം, നിയമത്തിലേയും നിയമം നടപ്പാക്കുന്നതിലേയും അപാകതകള്‍ പരിഹരിക്കാന്‍ കച്ചേരി, നിയമവാഴ്ചയുടെ എല്ലാ വശങ്ങളും ജനപക്ഷത്തുനിന്നു നിരീക്ഷിച്ച് ഗുണപരമായി വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍.
ഇതു നാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നാട്ടില്‍ സ്വര്‍ഗ്ഗരാജ്യം നടപ്പിലാവുമെന്ന് നിശ്ചയം. മറിച്ച്, നരകതുല്യമാവുന്നു ജീവിതമെങ്കില്‍ ഇവയില്‍ ഏതെങ്കിലുമോ എല്ലാമോ തകരാറിലാണെന്നര്‍ത്ഥം. പണ്ഡിതരല്ലാത്തവര്‍ക്കും തുല്യ പങ്കുള്ളതാണല്ലോ ജനായത്തം. അതിനാല്‍, സാമാന്യ ബുദ്ധിവെച്ച് ആകെ മൊത്തം ഒന്നു നോക്കാം.
നിയമനിര്‍മ്മാണ സഭകള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാക്കിയ നിയമങ്ങള്‍ നാടിന് എത്ര ഗുണം ചെയ്തു? ഒരെണ്ണംപോലും ഒരു ഗുണവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, ദോഷം ധാരാളം ചെയ്തിട്ടുമുണ്ട്. കോടികള്‍ ചെലവുള്ളതാണ് ഓരോ സഭയുടേയും നടത്തിപ്പ്. പുല്ലു തിന്നുകയില്ല, പശുക്കളെ തിന്നാന്‍ അനുവദിക്കയുമില്ല എന്ന (ദു)ശ്ശാഠ്യത്തോടെ പുല്ലുവട്ടിയില്‍ കിടക്കുന്നതായി പറയപ്പെടുന്ന ഏതോ ഒരു ജന്തുവിന്റെ രീതിയിലാണ് 'നിര്‍മ്മാതാക്കള്‍' പെരുമാറുന്നത്. തങ്ങളുടെ ശമ്പളവും പെന്‍ഷനും അലവന്‍സും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലാണ് ആകപ്പാടെ 'ഐകമത്യമഹാബലം' കാണപ്പെടുന്നത്. ചെയ്യാത്ത ജോലിക്ക് കൂലി ഇല്ല എന്നൊരു നിയമം എന്തുകൊണ്ടുണ്ടാകുന്നില്ല? മാത്രമല്ല, ജോലി ശരിയായി ചെയ്യുന്നെങ്കില്‍പ്പോലും ഒരു 'നിയമ നിര്‍മ്മാതാ'വിന് ഒരു ശരാശരി കേരളീയന്റെ വരുമാനത്തിലേറെ ശമ്പളമോ പെന്‍ഷനോ കൊടുക്കുന്നത് എന്തു നീതിയുടേയും ന്യായത്തിന്റേയും ബലത്തിലാണ്?
ജനം നിയമം കയ്യിലെടുക്കരുത് എന്നാണ് അടിസ്ഥാന നിയമം. ന്യായം തന്നെ. അതിര്‍ത്തി വിട്ടുപോകരുതല്ലോ. പക്ഷേ, നിയമപാലകര്‍ക്ക് നിയമം കയ്യിലെടുക്കാമോ? ആരെയും എപ്പോള്‍ വേണമെങ്കിലും പിടികൂടാമെന്ന അവസ്ഥയുണ്ട്. അത്രമാത്രം സങ്കീര്‍ണ്ണവും ബഹുലവുമാണ് നാട്ടിലെ നിയമങ്ങള്‍. ഒരു പൗരനും ഒരു ദിവസവും ഒരു നിയമമെങ്കിലും തെറ്റിക്കാതെ ജീവിക്കാന്‍ സാധ്യമല്ല. ഭരണഘടനയ്ക്കുണ്ടായ ഭേദഗതികള്‍ എത്രയെണ്ണമെന്നുപോലും ഒട്ടുമിക്ക പേര്‍ക്കും തിട്ടമില്ല. എനിക്കും നിശ്ചയമില്ല; കൈവിട്ടുപോയി. എന്തിനും ഏതിനും വകുപ്പുണ്ട്. എം.എല്‍.എ ബലാത്സംഗം ചെയ്താല്‍ അത് 'ബഹുജന സമ്പര്‍ക്ക പരിപാടിയാവും! പൊലീസുകാരനാവാന്‍ ഏഴു ജന്മം കഴിഞ്ഞാലും അര്‍ഹത നേടാനാവാത്തവര്‍ എങ്ങനെ ആ ഉടുപ്പിടാനിടയാകുന്നു? അത്തരക്കാര്‍ ചവിട്ടിക്കൊല നടത്തിയാലത് എങ്ങനെ തെളിവെടുപ്പിന്റെ 'ഭാഗ'മാവുന്നു?
നാലു കാലുകളില്‍ നെടുന്തൂണ്‍ കോടതിയാണ്. സത്യക്കോടതി ന്യായക്കോടതിയായതോടൊപ്പം 'നാണയ'ക്കോടതി കൂടി ആയി. എന്നുവെച്ചാല്‍ ന്യായാധിപര്‍ കൈക്കൂലി വാങ്ങുന്നു എന്നല്ല (അറിയില്ല). കാശില്ലാത്തവന് ഒരു കോടതിയുടേയും നാലയലത്തു ചെല്ലാനൊക്കില്ല. അവന്റെ ഭാഷ അവിടെ ആര്‍ക്കും മനസ്സിലാവില്ല. കറുത്ത കുപ്പായം കൂടി ആവുമ്പോള്‍ ഏതോ പ്രേതകഥയുടെ രംഗാവിഷ്‌കാരം പോലെ ആയിത്തീരുന്നു!
എണ്ണമറ്റ കേസുകള്‍ കെട്ടിക്കിടക്കുന്നു. വിചാരണ പതിറ്റാണ്ടുകള്‍ നീളുകയും പ്രതികള്‍ അത്രയും കാലം റിമാന്റില്‍ കഴിയുകയും ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലാത്തവനെ പതിറ്റാണ്ടോളം ജയിലിലിടുന്നത് കുറ്റമല്ലെന്നുണ്ടോ?
വോട്ടുബാങ്കുകളുണ്ടാക്കാനും സംരക്ഷിക്കാനും സ്ഥാപിത താല്‍പ്പര്യക്കാര്‍ കേസുകളുണ്ടാക്കുകയും അവ കേള്‍ക്കാന്‍ കോടതികള്‍ മറ്റെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നു. 'തിരിഞ്ഞു കളിക്കുന്ന' തിരുമാലികളുടെ മനസ്സിലിരിപ്പ് കോടതികള്‍ക്ക് മനസ്സിലാകാത്തതാണോ?' (അല്ലെന്നു വിചാരിക്കുന്നത് കോടതിയലക്ഷ്യത്തിലേക്കു നയിക്കാവുന്ന നിഗമനങ്ങളിലല്ലെ എത്തുക?)
പുഴയില്‍നിന്ന് ഒരു മീന്‍പിടുത്തക്കാരന് നല്ലൊരു മീന്‍ കിട്ടിയാല്‍, ഈ ഉള്‍നാട്ടില്‍ ആളുകള്‍ ഇന്നും പറയും: ''ഹമ്പൊ, ഇതു കൊണ്ടുചെന്നു കൊടുത്താല്‍ തുക്ടിസായ്വ് ഏത് കൊലക്കേസ്സും വിടും!'' ('തുക്ടി' എന്നാല്‍ സായ്പിന്റെ കാലത്തെ കളക്ടര്‍, അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു.)
'വെളുക്കാന്‍ തേച്ചത് പാണ്ടാവുമ്പോള്‍' ഓര്‍ക്കുന്ന കോടതിക്കഥള്‍ വേറെയുണ്ട്: രണ്ടുപേര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മൂത്ത് ക്രിമിനല്‍ കേസായി. ജയിക്കാന്‍ ആരെയാണ് 'പിടി'ക്കേണ്ടത് എന്ന് ഇരുകൂട്ടരും അന്വേഷണം തുടങ്ങി. കൂട്ടത്തില്‍ പാവമായ ആള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഒന്നുമില്ല കൈവശം. ആകെയുള്ള പത്തു കോഴിമുട്ട വീട്ടുകാരിയോട് വാങ്ങി കിഴികെട്ടി പുറപ്പെട്ടു. എതിര്‍ഭാഗം വക്കീല്‍ ക്രോസ്സുവിസ്താരം തുടങ്ങിയപ്പോള്‍ ഇയാള്‍ ന്യായാധിപനെ നോക്കി കണ്ണീരോടെ അറിയിച്ചു: ''യശ്മാ, നേര് ഇന്റെ പാകത്താ. പിന്നെ, ഇന്റേക്കെ പത്ത് കോഴിമുട്ടയെ ഉള്ള്. അത് ഇതാ!''
നല്ലവനായ ആ മജിസ്‌ട്രേറ്റ് ഇരുഭാഗം വക്കീല്‍മാരേയും ചേംബറിലേക്ക് വിളിപ്പിച്ച് കേസ് കോടതിക്കു പുറത്തു രാജിയാക്കാന്‍ നിര്‍ദ്ദേശിച്ചുപോലും: ''ഇത്രയും പാവങ്ങളായ ആളുകള്‍ ഒരു കേസിലും പ്രതികളായിക്കൂടാ?''
'കോയക്കുട്ട്യാക്ക കോയിമുട്ടേങ്കൊണ്ട് കോടതീപ്പോയപോലെ' എന്നൊരു പറച്ചിലും ഉണ്ടായി.
മാധ്യമങ്ങളുടെ കാര്യം ഇതിലെല്ലാമേറെ പരുങ്ങലിലാണ്. വലിയ പൊല്ലാപ്പിലാണവര്‍. കൂടെ ഉണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം, അതേസമയം തിരിഞ്ഞു കളിക്കുന്ന രാഷ്ട്രീയത്തിരുമാലികളുടെ ചോറില്‍ മണല്‍ വീഴ്ത്തരുത്, പരോക്ഷമായി അധികാരത്തിന്റെ പങ്കും ആനുകൂല്യങ്ങളും വേണം. വന്നുവന്ന് സമൂഹമാദ്ധ്യമങ്ങളെപ്പോലും 'താല്പര്യ സിന്‍ഡിക്കേറ്റുകള്‍' കൈവശപ്പെടുത്തിക്കഴിഞ്ഞു. വന്‍ അഴിമതികളുടേയും അക്രമങ്ങളുടേയും അനീതികളുടേയും കഥകള്‍ മൂര്‍ന്നുനാളത്തെ അത്ഭുങ്ങള്‍ മാത്രമായി കലാശിപ്പിക്കുകയാണ് മുറ. 'ഇലയ്ക്കും മുള്ളിനും കേടില്ലാതെ' അടുത്ത തലവാചകം കൊണ്ട് കാര്യം കുശാലാക്കും.
ജാതിമത കക്ഷിതാല്പര്യങ്ങള്‍ക്കതീതമായി എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് ഒരു നിമിഷവും ചിന്തിക്കാന്‍ ജനങ്ങളിലാരെയും അനുവദിക്കല്ല എന്നു ശപഥം ചെയ്ത മട്ടിലാണ് വാര്‍ത്താവിനിമയം. വേനല്‍ക്കാലം പിറന്നാല്‍ വെറും ഉത്സവങ്ങളും പെരുന്നാളുകളും ചന്ദനക്കുടം നേര്‍ച്ചകളും കൊണ്ട് സമയവും സ്ഥലവും നിറക്കാം. എല്ലാവര്‍ക്കും സന്തോഷം. അതാണല്ലോ കാര്യം!
ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം അടുത്തിടെയുണ്ടായ ചില നിയമനിര്‍മ്മാണങ്ങളും കോടതിവിധികളും കേന്ദ്ര-കേരള ഭരണനടപടിക്രമങ്ങളും ഇവയോടൊക്കെ മാധ്യമങ്ങള് പ്രതികരിച്ച രീതിയുമാണ്.
നമ്മുടെ ജനായത്തം ഒരു സ്വേച്ഛാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കുതന്നെയോ നീങ്ങുകയാണോ എന്ന ആശങ്കയാണ് കുറിപ്പിനാധാരം. എല്ലാ തൂണുകളും തട്ടിനിരപ്പാക്കപ്പെടും മുന്‍പ് നില്പു നേരെയാക്കാന്‍ ഓരോ തൂണിനും ഇപ്പോഴും സമയം അല്പമായെങ്കിലും ബാക്കിയുണ്ട്. ഓര്‍ക്കുക, നിശ്ശബ്ദ കാഹളം മുഴങ്ങുന്നു!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates