ഞാന്‍ വിശ്വാസിയാണ്, ക്ഷേത്രത്തിലും പ്രതിഷ്ഠയിലും വിശ്വാസമുണ്ട്. പക്ഷേ, തിരുവനന്തപുരത്തു നിന്നു വളരെ ദൂരെയായതുകൊണ്ടും ആചാരപരമായി പ്രത്യേക താല്‍പ്പര്യം തോന്നാത്തതുകൊണ്ടുമാണ് ഇതുവരെ ശബരിമല ക്ഷേത്രത്തില്‍ പോകാതിരുന്നത്. പോകണമെന്നു തോന്നിയിരുന്നെങ്കില്‍ സ്ത്രീകളില്‍ ഒരു വിഭാഗത്തെ വിലക്കുന്നതു മറികടന്നു പോകാന്‍ ശ്രമിക്കുകതന്നെ ചെയ്യുമായിരുന്നു. നിയമപരമായ വിലക്കുണ്ടെങ്കില്‍ അതു ലംഘിക്കാന്‍ പറ്റില്ല. പക്ഷേ, ആചാരത്തിന്റെ പേരിലുള്ള വിലക്കിനെ വകവയ്ക്കില്ല. താല്‍പ്പര്യം തോന്നിയില്ല എന്നതാണ് സത്യം.
ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നു. ഒരുപറ്റം സ്ത്രീകള്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നതായും തയ്യാറെടുക്കുന്നതായും മനസ്സിലാക്കുന്നു. അതുകൊണ്ടാണല്ലോ കോടതി ഈ വിഷയം പരിഗണിച്ചതും. ക്ഷേത്രങ്ങള്‍ എന്റെ 'ഏരിയ ഓഫ് ഇന്ററസ്റ്റാ'ണ്. ഞാന്‍ പഠിച്ചതും എഴുതിയതും ക്ഷേത്രങ്ങളേയും ക്ഷേത്രാചാരങ്ങളേയും കുറിച്ചാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകാന്‍ തന്നെ ആഗ്രഹിക്കുന്നു; പോകേണ്ട സമയം വന്നിരിക്കുന്നു. സുപ്രീംകോടതി വിധി ഉയര്‍ത്തിപ്പിടിക്കുന്നു; പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സ്ത്രീകളാണ്.
പക്ഷേ, വാദങ്ങളുടേയും എതിര്‍വാദങ്ങളുടേയും ഭാഗമായി സ്ത്രീ മാറുന്നു. സ്ത്രീയുടെ ഏറ്റവും സ്വകാര്യ വിഷയമായ ആര്‍ത്തവത്തെക്കുറിച്ച് അവരുടെ അന്തസ്സ് കെടുത്തുംവിധം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകേണ്ടിവരുന്നു. ക്ഷേത്രങ്ങളില്‍ മാലകെട്ടി നല്‍കുന്ന പൂവുള്‍പ്പെടെ എല്ലാം പുറത്തുനിന്നു വാങ്ങുന്നതല്ലേ. അവിടെ കാണിക്കയായി എത്തുന്ന നോട്ടുകള്‍, നാണയങ്ങള്‍, സ്വര്‍ണ്ണം, ആര്‍ത്തവസമയത്തെ സ്ത്രീ തൊടാത്തതാണ് അതെല്ലാമെന്ന് ഉറപ്പുണ്ടോ?
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രദര്‍ശനമെന്നല്ല ഒരു കാര്യവും ചെയ്യാന്‍ പൊതുവേ ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം. സ്ത്രീകള്‍ക്കറിയാം ശുദ്ധിയും അശുദ്ധിയും വൃത്തിയും വൃത്തിയില്ലായ്മയും. അതനുസരിച്ചു ചെയ്യേണ്ടതും ചെയ്യരുതാത്തതും അറിയാം. അതിലേക്ക് മറ്റാരും കടന്നുകയറാതിരിക്കുകയാണു വേണ്ടത്. പക്ഷേ, അതിനു വിരുദ്ധമായി പ്രതിഷേധത്തിലെ ആള്‍ക്കൂട്ടമായി മാറുന്നതും സ്ത്രീകള്‍ തന്നെയാണ് എന്നതു വിചിത്രമായി തോന്നുന്നു.
വസ്തുതകള്‍ ശരിയായി മനസ്സിലാക്കിയാല്‍, ചരിത്രം മനസ്സിലാക്കിയാല്‍ അവര്‍ ഇതിനു നില്‍ക്കില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം ഉല്ലാസത്തോടെ ശബരിമലയില്‍ പോയിരുന്നതായി 1940-കളില്‍ ടി.കെ. വേലുപ്പിള്ള എഴുതിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പറയുന്നുണ്ട്. പിന്നീട് 1950-കള്‍ക്കു ശേഷം ഏതോ തന്ത്രിക്ക് തോന്നിയതാണ് സ്ത്രീകളുടെ സന്ദര്‍ശനത്തിനു പ്രായപരിധി വയ്ക്കാന്‍.
ബ്രഹ്മചാരിയാണെന്നു വിശ്വസിക്കപ്പെടുന്ന അയ്യപ്പന്റെ പേരില്‍ ശരണം വിളിച്ചുകൊണ്ട് യുവതികളായ സ്ത്രീകള്‍ തെരുവില്‍ക്കൂടി പ്രകടനം നടത്തുന്നതാണ് ശരിയായ ആചാരലംഘനം. മാത്രമല്ല, യൗവ്വനയുക്തകളായ സ്ത്രീകളെ കാണുന്ന മാത്രയില്‍ വികാരക്ഷോഭം ഉണ്ടാകുന്നത് ചപലനും സംസ്‌കാരരഹിതനുമായ പുരുഷനു മാത്രമാണ്. അങ്ങനെയൊരു പുരുഷനാണോ ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന അയ്യപ്പന്‍. അങ്ങനെ കരുതാനാകുന്ന വിധം അദ്ദേഹത്തിന്റെ വ്യക്തിത്വം താഴ്ത്തിക്കെട്ടാന്‍ പാടുണ്ടോ.
(സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates