മധുരയിലെ
സൂര്യകാന്തി
പാടങ്ങള്‍ക്കിടയിലൂടെ
അലഞ്ഞു
നടക്കുന്നതിനിടയില്‍
കാവല്‍മാടത്തിലെവിടെയോ
പഴയ തമിഴ് പാട്ടുകള്‍
ഉച്ചത്തില്‍ പാടുന്ന
ഒരുവളെ
കേട്ടതോര്‍ക്കുന്നു
പാട്ടിന്റെ ഓര്‍മ്മയെ
അവിടെ വിട്ട്
വിളകള്‍
മാറി മാറി വരുന്ന
പാടങ്ങള്‍ കടന്ന്
അവസാനമില്ലാതെ
നീണ്ടുപോകുന്ന
തമിഴ് വെയിലിലേക്ക്
അവനവനെ
എടുത്തെറിഞ്ഞതോര്‍ക്കുന്നു
ഭാഷയുടെ
വളവുകള്‍ക്കപ്പുറം
ഇടവിട്ട് കേള്‍ക്കുന്ന
അമ്പല മണികള്‍ക്കിടയില്‍
പ്രാര്‍ത്ഥനയ്ക്കും
പ്രാക്കിനും
ഇടയിലെ
കടലോരങ്ങളില്‍
മരത്തണലുകളില്‍
അലഞ്ഞ്
കടും ചായക്കൂട്ടുകള്‍
കോരിയൊഴിച്ച
വഴിയോര മദ്യശാലയില്‍
തിരക്കിന്റെ
തിരശ്ശീല മൂടിയ
കാത്തിരുപ്പു കേന്ദ്രങ്ങളില്‍
കവിതയും
കഫവും
കൂടിക്കുഴഞ്ഞ
ഇടവഴിക്കുന്നില്‍
യാത്രയുടെ
അവസാന
മണിക്കൂറിലെവിടെയോ
കാലം
അടര്‍ന്നു തുടങ്ങിയ
നക്ഷത്രങ്ങള്‍
നീട്ടി യാത്ര
പറഞ്ഞത്
വാക്കിന്റെ
വളവുകള്‍ക്കപ്പുറം
നിറയെ
പൂക്കള്‍ നിറഞ്ഞ
വണ്ടിയില്‍
ഉറക്കത്തിന്റെ
ചുരമിറങ്ങിയത്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates