ഉരുളച്ചോറ് - രാജേഷ് മോന്‍ജി എഴുതിയ കവിത malayalam poem AI Image
Pen Drive

ഉരുളച്ചോറ് - രാജേഷ് മോന്‍ജി എഴുതിയ കവിത

രാജേഷ് മോൻജി

ഉമ്മാ, ഒരുരുള കൂടി.

എളുപ്പം വലുതാവണമുമ്മാ,

തുറുങ്കുവീടുവിട്ട് മാനത്തോളമുയരത്തിലൊരു കൊട്ടാരം കെട്ടണം.

അതിന്റെ മട്ടുപ്പാവില്‍നിന്ന്

താഴേക്ക് ഒരൂഞ്ഞാല് കെട്ടണം.

ഉമ്മയെ അതിലേറ്റി

ഉമ്മ കാണാത്ത ആകാശവിതാനത്തിലേക്ക് കൊണ്ടുപോണം.

തിരിച്ച് ഇതേ മണ്ണില്‍ കാലുകുത്തി

മുഖം മണ്ണിലര്‍പ്പിച്ച്

പ്രാര്‍ത്ഥിക്കണം.

ഉമ്മാ,

ഒരുരുള കൂടി....

ഉപ്പ ഇപ്പോ വരാമെന്നു പറഞ്ഞു പോയിട്ട്

നാളേറെയായല്ലോ.

അകത്തെ ആണിയില്‍ തൂക്കിയിട്ട

നീളന്‍ കുപ്പായത്തിനുള്ളിലെ

ഉപ്പാന്റെ മണം തീര്‍ന്നു തുടങ്ങി.

ഉപ്പ വരുമ്പോഴേക്കും

ഉപ്പാന്റെ തോളറ്റമെത്തണം;

ഉമ്മാ, ഒരുരുള കൂടി.

ഉമ്മാ, ഒരുരുള കൂടി.

മഞ്ഞച്ച മണ്ണ് വാരിത്തിന്ന്

മടുത്തുമ്മാ,

വയറിന് ഭൂമിയുടെ കനമാണുമ്മാ!

ചലനമറ്റുറങ്ങിയൊടുങ്ങിയ

അനിയത്തിക്ക് വേണ്ടി

ഒരുരുള താ ഉമ്മാ,

പറവ വറ്റിയ ആകാശത്തിന്

കൊടുക്കട്ടെ!

ഉമ്മാ, ഒരുരുള കൂടി.

ആകാശത്ത് ഭൂതം കണക്കെ മേഘങ്ങള്‍ കുന്നുകൂടിക്കിടക്കുന്നല്ലോ,

പനിക്കിടക്കയിലുറക്കമറ്റ് കിടന്നപ്പോള്‍

ഉമ്മ പറഞ്ഞ കഥയിലെ

ചീങ്കണ്ണിയാണോ,

അതോ,

ഉദിച്ച നിലാവിനെപ്പോലും വിഴുങ്ങുന്ന

പരുന്തോ?

ഉമ്മാ, ഒരുരുള കൂടി.

പേടിയാവുന്നുമ്മാ,

അകലെയെങ്ങോ നിന്ന് ബലിമൃഗത്തിന്റെ രോദനം പോലെ സൈറണ്‍ മുഴങ്ങുന്നുമ്മാ

പടിഞ്ഞാറന്‍ ആകാശത്ത് മിന്നല്‍പ്പിണരുകള്‍ക്കൊപ്പം

വെടിയൊച്ചകള്‍ കേള്‍ക്കുന്നുമ്മാ

ആരുടെ ഉത്സവമാണുമ്മാ?

ഉമ്മാ,

ഒരുരുള കൂടി.

ഒരുരു......

ഒരൊറ്റ മിന്നലില്‍

തെറിച്ചു വീണ ഉമ്മ

മകനു വേണ്ടിയുള്ള ചോറ്

തെറിക്കാതിരിക്കാന്‍

പാത്രം ഉയര്‍ത്തിപ്പിടിച്ചു.

അറ്റ കൈയില്‍

ഉയര്‍ന്നു നില്‍ക്കുന്ന

പാത്രത്തില്‍

അപ്പോള്‍

ഒരുരുള തലച്ചോറ്

Malayalam poem written by Rajesh Monji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

SCROLL FOR NEXT