''ഇപ്പോള്‍ തെക്കോട്ടുള്ള വണ്ടിയല്ലേ പോയത്, ഇനി പത്തു നിമിഷം കഴിഞ്ഞാല്‍ വടക്കോട്ടുള്ള വണ്ടി വരും. അതു കഴിഞ്ഞാല്‍ കുറേ നേരത്തേക്ക് വണ്ടിയില്ല. പിന്നെ തെക്കോട്ടൊന്ന് പോകും. അത് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസാ...'' '..... അതു പോയാല്‍ പിന്നെ സാധാരണ ഞങ്ങളെല്ലാം ഉറങ്ങാറാണ് പതിവ്. നീ ചോറു തിന്നോ, അത് കഴിഞ്ഞ് ഉറങ്ങിക്കോ..... പന്ത്രണ്ട് മണീന്റെ വെസ്റ്റ് കോസ്റ്റ്.... തെക്കോട്ടും വടക്കോട്ടുമുണ്ട്. അതൊന്നും കാത്തു നിക്കണ്ടാ.... ഉറങ്ങിക്കോ.... '
പറയുന്നത് നിര്‍ത്തി അമ്മ കണ്ണടച്ചു കിടന്നു.
എനിക്ക് ഒന്നും മനസിലായില്ല.
അടുത്ത് നില്‍ക്കുന്ന അമ്മയുടെ മൂത്ത മകന്റെ ഭാര്യയുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി...
' കുറേ ദിവസായി അമ്മ ഇങ്ങിനെയാണ് ഗോവിന്ദായരേ, ഞങ്ങള്‍ക്കും പലപ്പോഴും ഒന്നും മനസ്സിലാകില്ല'
അവര്‍ എന്റെയും മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.
വലിയ നഗരത്തിലെ കണ്ണായ സ്ഥലത്തെ പത്തു നില ഫ്‌ലാറ്റാണ്. അതിലെ എട്ടാം നിലയിലാണ് അമ്മയുള്ളത്. നാട്ടില്‍ നിന്ന് അമ്മ ഇവിടെ മൂത്ത മകന്റെയടുത്ത് എത്തിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. അമ്മയ്ക്ക് സുഖമില്ലെന്ന് ഗോവിന്ദന്‍ നായരാണ് എന്നോട് പറഞ്ഞത്. നാട്ടില്‍ അമ്മയുടെ വീടിന്റെ മൂന്നാമത്തെ വീടാണ് ഗോവിന്ദന്‍ നായരുടേത്. നായര്‍ പട്ടാളത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്. എപ്പോഴാണ് റിട്ടയര്‍ ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നത് കൈക്കോട്ട് പണിക്കാരനായ നായരേയാണ്. ഗ്രാമത്തിലെ ഏതാണ്ടെല്ലാ വീട്ടിലും തെങ്ങ് തുറക്കുന്നതും വളമിടുന്നതും കണ്ടംകൊത്തുന്നതുമെല്ലാം നായരുടെ നേതൃത്വത്തിലാണ്. നല്ല ഉയരമുള്ള നായരോടൊപ്പം പടന്നയുടെ ഉയരം മാത്രമുള്ള രണ്ട് സഹായികളുമെപ്പോഴുമുണ്ടാകും.
അമ്മയുടെ തറവാട് വീടിന്റെ പടിഞ്ഞാറു ഭാഗം റെയില്‍പാളമാണ്. പാളം മുറിച്ചു കടന്നാല്‍ സ്‌കൂളായി. പാളത്തിലൂടെ തെക്കോട്ട് നടന്നാല്‍ കറുത്ത ഗെയ്റ്റാണ്. തീവണ്ടിക്ക് ചാടി മരിക്കാന്‍ ആളുകള്‍ സ്ഥിരമായി എത്താറുള്ള സ്ഥലമാണ് കറുത്ത ഗേയ്റ്റ്. വടക്കോട്ട് സ്‌കൂളും കഴിഞ്ഞാല്‍ പാളത്തിന് പടിഞ്ഞാറായി ഒരുയര്‍ന്ന സ്ഥലമുണ്ട്. അവിടെ നിന്ന് ചാടിയാല്‍ നേരെ തീവണ്ടിക്കടിയിലേക്ക് വീഴും. പിന്നെ ഒന്നും നോക്കേണ്ടി വരില്ല. മരണം ഉറപ്പ്. എന്‍ജിന്‍ കടന്നു പോയതിനു ശേഷമാണ് ചാടേണ്ടതെന്നാണ് രാരുക്കുട്ടി പറയാറ്. ഞങ്ങളുടെ നാട്ടിലെ തെങ്ങുകയറ്റക്കാരനാണ് രാരുക്കുട്ടി. നാട്ടിലെ പീടികത്തിണ്ണയിലും വയല്‍ വരമ്പിലും റേഷന്‍ ഷോപ്പിലുമെല്ലാമെത്തുന്നവരോട് ഉറക്കെ തമാശ പറഞ്ഞ് ചിരിക്കുന്ന രാരുക്കുട്ടി എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാണ്. നാട്ടിലെ ഞാനടക്കമുള്ള കുട്ടികളെല്ലാം പച്ചത്തെറികള്‍ ആദ്യമായി കേട്ടത് രാരുക്കുട്ടിയുടെ കവല പ്രസംഗങ്ങളില്‍ നിന്നാണ്. അതൊരു തെറിവാക്കാണെന്നും പരസ്യമായി പറയുന്നത് മോശമാണെന്നും മുതിര്‍ന്നവരായപ്പോഴാണ് ഞങ്ങള്‍ക്കെല്ലാം തോന്നിയത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിട്ടും രാരുക്കുട്ടിയുടെ വീട്ടിലെ അവസ്ഥ പലപ്പോഴും ദയനീയമായിരുന്നു. ഉച്ചവരെ തെങ്ങിന്‍ മേല്‍ കയറി തിരിച്ചെത്തിയാല്‍ തിയ്യത്തി അയാളെ ഒന്നിലും പരിഗണിച്ചിരുന്നില്ലായിരുന്നത്രേ.
വിശപ്പും ദാഹവും കൊണ്ട് റെയിലിന്‍മേല്‍ തന്നെ വീഴുമായിരുന്ന ഗോവിന്ദന്‍ നായര്‍ക്ക് നല്ല നെല്ലു കുത്തരിയുടെ കഞ്ഞിയുമായി റെയിലിനരികിലെത്തിയ ദാക്ഷായണിയമ്മയെ ഒരു കാലത്തും ഗോവിന്ദന്‍ നായര്‍ക്ക് മറക്കാന്‍ കഴിയില്ല
രാരുക്കുട്ടി ചേമഞ്ചേരി വച്ച് തീവണ്ടിക്ക് ചാടിയ വാര്‍ത്തയാണ് ഒരു മഴക്കാലത്ത് ഞങ്ങള്‍ കേട്ടത്. കുട്ടികളായ ഞങ്ങള്‍ക്ക് അതോര്‍ക്കുമ്പോള്‍ വലിയ സങ്കടമാണുണ്ടായത്. വണ്ടിക്ക് കുടുങ്ങിയ രാരുക്കുട്ടിയുടെ ശവശരീരം വരുന്നതും കാത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് വൈകുന്നേരമാണ് യഥാര്‍ത്ഥ വിവരം കിട്ടിയത്. പാളത്തില്‍ സമാന്തരമായിരുന്നത്രേ രാരുക്കുട്ടി കിടന്നത്.
വണ്ടി പോയതിനു ശേഷം രാരുക്കുട്ടി എണീറ്റ് പോന്നുവത്രേ. പിന്നെ മൂന്നു തവണ കൂടി അയാള്‍ തീവണ്ടിക്ക് ചാടാന്‍ പോയി. അതില്‍ രണ്ടെണ്ണം കറുത്ത ഗെയ്റ്റിനടുത്തായിരുന്നു. മൂന്നു തവണ തീവണ്ടിക്ക് ചാടാന്‍ പോയിട്ടും പരാജയപ്പെട്ട രാരുക്കുട്ടിയെ നാട്ടിലെ പീടികത്തിണ്ണയില്‍ നിന്നും കുട്ടികളടക്കം മക്കാറാക്കാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും രാരുക്കുട്ടി തീവണ്ടിയെ തേടി പോയത്. അത് വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ പൗലോ കൊയ്ലോ പറഞ്ഞ വാക്യങ്ങള്‍ സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
രാരുക്കുട്ടിയുടെ പല ഭാഗത്തായി തെറിച്ച ശരീരം പൊതിഞ്ഞെടുത്തത് ഗോവിന്ദന്‍ നായരായിരുന്നു. പൊലീസുകാര് ശവശരീരം കൊണ്ടുപോയതിനു ശേഷം ഗോവിന്ദന്‍ നായര് അടുത്തുള്ള പല വീട്ടിലും കയറി കഞ്ഞി വെള്ളം ചോദിച്ചുവത്രേ, വിശപ്പും ദാഹവും കൊണ്ട് റെയിലിന്‍മേല്‍ തന്നെ വീഴുമായിരുന്ന ഗോവിന്ദന്‍ നായര്‍ക്ക് നല്ല നെല്ലു കുത്തരിയുടെ കഞ്ഞിയുമായി റെയിലിനരികിലെത്തിയ ദാക്ഷായണിയമ്മയെ ഒരു കാലത്തും ഗോവിന്ദന്‍ നായര്‍ക്ക് മറക്കാന്‍ കഴിയില്ല. അതു കൊണ്ടാ തീവണ്ടിയില്‍ മൂന്നു ദിവസമിരുന്നിട്ടായാലും അയാള്‍ ദാക്ഷായണി അമ്മയെ കാണാന്‍ നഗരത്തിലെത്തിയത്.
ഒരു ദിവസം രാവിലെ തന്നെ എന്റെ വീട്ടിലെത്തിയ ഗോവിന്ദന്‍ നായര് പറഞ്ഞു. നമുക്ക് പോണം, നഗരത്തില്‍ പോയി ദാക്ഷായണിഅമ്മയെ കാണണം. എനിക്ക് വയസായില്ലേ, നീ എന്നെക്കൊണ്ടു പോകണം. പൈസയെല്ലാം ഞാനെടുക്കാം. അങ്ങനെയാണ് അമ്മയെ കാണാന്‍ ഞങ്ങള്‍ നഗരത്തിലെത്തിയത്.
മക്കളെല്ലാം നഗരത്തിലേക്ക് ചേക്കേറിയപ്പോള്‍ അമ്മ നാട്ടിലെ വീട്ടിലൊറ്റക്കാവുകയായിരുന്നു. അക്കാലത്ത് അമ്മ സമയം കണക്കാക്കിയത് പാളത്തിലുടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടി നോക്കിയാണ്.
അമ്മയെ ഒറ്റയ്ക്കാക്കുന്നതില്‍ മക്കള്‍ക്കെല്ലാവര്‍ക്കും വിഷമമുണ്ടായിരുന്നു. തറവാട്ടുവീട്ടില്‍ അമ്മയോടൊപ്പം കഴിയാന്‍ എല്ലാവര്‍ക്കുമാഗ്രഹവുമുണ്ട്. സാഹചര്യത്തിന്റെ പ്രശ്‌നം കൊണ്ട് ആര്‍ക്കും നാട്ടില്‍ വന്നു നില്‍ക്കാന്‍ കഴിയില്ല. മൂത്ത മകനാണല്ലോ തീരുമാനമെടുക്കേണ്ടത്. മൂത്ത മകന്റെ തീരുമാനപ്രകാരമാണ് അമ്മയെ നഗരത്തിലേക്ക് കൊണ്ടുപോയത്. അമ്മയെ എല്ലാ കാര്യങ്ങളും സഹായിക്കാനായി ഒരു മലയാളിയെ തന്നെ വച്ചു. മോനും ഭാര്യയും മക്കളുമെല്ലാം നന്നായി തന്നെ പരിചരിച്ചു. പകലും രാത്രിയും ടെലിവിഷന്‍ കണ്ടു. അതിനിടയില്‍ പലപ്പോഴും അമ്മ ഒററയ്ക്കായി. തനിച്ചിരിക്കുമ്പോള്‍ അമ്മ തീവണ്ടിയുടെ ശബ്ദം കേട്ടു .തീവണ്ടിയില്‍ സീറ്റിലിരുന്നു പുറത്തേയ്ക്ക് കൈ നീട്ടി ടാററ പറയുന്ന കുഞ്ഞുങ്ങളെ കണ്ടു. തറവാട്ടുവീട്ടിലെ മുറ്റത്തു നിറയുന്ന പുല്ലുകള്‍ കണ്ടു. വീടിന്റെ അകമെല്ലാം ചിതലരിക്കുന്നതായി കണ്ടു.
പകല്‍ മുഴുവന്‍ താഴത്തെ നിലയില്‍ കഴിഞ്ഞ അമ്മ രാത്രിയാകുമ്പോള്‍ മുകള്‍നിലയില്‍ ഉറങ്ങാന്‍ പോകുമായിരുന്നു. പിന്നീട് താഴത്തെ നിലയില്‍ തന്നെ രാത്രിയും കഴിയാന്‍ തുടങ്ങി. ടെലിവിഷനു മുന്നിലെ സോഫയിലായി പിന്നെ മുഴുവന്‍ സമയവും കിടത്തം.
നടക്കാന്‍ മടിയായതോടെ കിടത്തം തന്നെ ശരണമായി. പിന്നെ നടക്കാന്‍ കഴിയാതായി. മകന്റെ ഭാര്യ വിശദീകരിച്ചു. അമ്മയുടെ തലയില്‍ തേച്ച ചെമ്പരത്തി ചേര്‍ത്ത വെളിച്ചെണ്ണയുടെ മണം മുറിയില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു. അമ്മേ ഇതാരാ വന്നതെന്ന് നോക്ക്? അമ്മയ്ക്ക് മനസിലായോ? അമ്മ ഗോവിന്ദന്‍ നായരുടെ മുഖത്തേക്ക് തുറിച്ചു നോക്കി, ഒരു നിമിഷം എന്നെയും. എന്നിട്ട് പറഞ്ഞു ''വൈന്നേരം തെക്കോട്ട് പോകുന്ന ഒരു തീവണ്ടിയുണ്ട്, അതിനെയാ നോക്കേണ്ടത്.........
അമ്മ അവസാനം പറഞ്ഞ വാക്ക് അതാണു പോലും. പിന്നെ അമ്മ സംസാരിച്ചിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ നാട്ടിലെത്തിയത്. നാട്ടിലെത്തിയ അന്ന് വൈകുന്നേരം ഞങ്ങള്‍ അമ്മയുടെ തറവാട്ടുവീട്ടിലെത്തി. മുറ്റം നിറയെ കാടു നിറഞ്ഞിരുന്നു. ഓടിട്ട വീടിന്റെ കഴുക്കോലും പട്ടികയുമെല്ലാം ചിതല്‍ നിറഞ്ഞിരുന്നു പെട്ടെന്ന് വന്ന വലിയ മഴയില്‍ നിന്ന് രക്ഷപ്പെടാനായി ഞങ്ങള്‍ വരാന്തയിലേക്ക് കയറി നിന്നു. മഴയുടെ ശബ്ദത്തിനപ്പുറം ഒരു തീവണ്ടിയും അപ്പോള്‍ റെയില്‍ പാളത്തിലൂടെ കുതിച്ചു പാഞ്ഞു പോയിരുന്നു. തെക്കോട്ട് പോകുന്ന വണ്ടിയുടെ സീറ്റില്‍ നിന്ന് വെള്ള വസ്ത്രം ധരിച്ച ആരോ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങുന്നുണ്ടായിരുന്നു. അതൊര് സ്ത്രീയായിരുന്നെന്നാണ് ഗോവിന്ദന്‍ നായര്‍ പറഞ്ഞത്. അപ്പോള്‍ പടിഞ്ഞാറു നിന്ന് വീശിയടിച്ച കാറ്റില്‍ ചെമ്പരത്തി ചേര്‍ത്ത് മുറുക്കിയെടുത്ത വെളിച്ചെണ്ണയുടെ മണം തറവാട്ടു വീടിന്റെ മുറ്റത്തു നിറഞ്ഞുനിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates