Pen Drive

ആകാശമീനുകള്‍ - അരുണിമ എഴുതിയ കഥ

അരുണിമ

'ഈ കാണുന്ന കടലും നാളെ കരയാകു'മെന്ന് പറഞ്ഞ് കടലും കരയും കാണാതെ ആകാശത്തേക്ക് പറന്നുപോയ അമ്മാവന്‍നക്ഷത്രങ്ങള്‍! നീന്തി മറയാനും ഊളിയിട്ട് പൊങ്ങി വരാനുമാകാതെ മേഘക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആകാശമീനുകള്‍!

പാതി തുറന്ന ജനാലയിലൂടെ അപ്പുക്കുട്ടന്‍നായര് ആകാശത്തേക്ക് കണ്ണു മിഴിച്ചു, തന്റെ മരിച്ചുപോയ കാരണവന്‍മാരെയോര്‍ത്തു.

പുഴയില്‍ വീണും പാമ്പ് കടിയേറ്റും മേലാകെ പൊള്ളിയടര്‍ന്നും ശ്വാസം മുട്ടിയും ഒടുങ്ങിയ എത്രയോപേര്‍! ഒരക്ഷരം ഉരിയാടാനോ ശരീരം ഒന്നനക്കാനോ കഴിയാതെ മരത്തടിപോലെ, ഈ കിടപ്പ് തുടങ്ങീട്ട് നാളെ മൂന്നാമത്തെ ഓണപ്പുലരി.

പതിവുപോലെ ഇന്നും മരണം തലയ്‌ക്കെ നിന്ന് വായ പൊത്തിച്ചിരിക്കുന്നുണ്ട്. കഴുത്തിലൂടെ തലോടുന്നുണ്ട്. അയാള്‍ക്ക് കുളിരു കോരി! മരണം ഇക്കിളിയിടുമ്പോഴൊക്കെ, ജനിച്ചു വീണ കുഞ്ഞിനെപ്പോലെ അയാള്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കും, കൈത്തലം മുറുക്കെ അടച്ചു പിടിക്കും.

'നിനക്കുള്ള ഇര അവിടെയുണ്ട്'

അയാള്‍ തലയല്പം ചെരിച്ചു കിണറുവെള്ളം നിറച്ച കണ്ണാടിക്കുപ്പിയിലേക്ക് നോട്ടമെറിഞ്ഞു. പറന്നു പറന്നു തളരുന്ന മീന്‍ചിറകുകള്‍, അടിത്തട്ടിലേക്ക്. മരണത്തിന്റെ വായില്‍ പിടയുന്ന വര്‍ണ്ണച്ചിറകുകള്‍!

അയാളുടെ ജീവനേയും തോളിലിട്ട് സമയം പിന്നെയും നൂല്‍പാലത്തിലൂടെ നടന്നു. ഉറക്കപ്പിച്ചില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു കുഞ്ഞമ്പിളിയപ്പോള്‍.

'ഇന്ന് ഓണോണപ്പോച്ചാ'ന്ന് നീട്ടി വിളിച്ച് തെക്കേതില്‍ താമസിക്കുന്ന മൂത്ത മോന്റെ വീട്ടീന്ന് കൊണ്ടുക്കൊടുത്ത സദ്യ കുഞ്ഞമ്പിളി ഇലയില്‍ കുഴച്ചുരുട്ടും. അവളുടെ വായില്‍ നിന്നുമിറ്റ് വീഴുന്ന കൊതിച്ചാറുകൂടി ചേര്‍ത്തുരുട്ടി വായിലേക്ക് വച്ചു തരുമ്പോള്‍ കറികള്‍ ഒന്ന് തൊടാതെയിരിക്കണമെന്ന് വാശി പിടിച്ച ഉച്ചനേരങ്ങള്‍ തൊണ്ടയില്‍ കുടുങ്ങും, ചുമയ്ക്കും.

ഛര്‍ദിക്കും!

അപ്പോച്ചാ... അപ്പൊ ചത്തുപോയോരൊക്കെ നഷത്രങ്ങളാണാ?' 'മ്മ്... പിന്നല്ലാതെ, ചത്തു കഴിഞ്ഞാല്‍പ്പിന്നെ എല്ലാരും മേല്‍പ്പോട്ടാ...' 'നഷത്രം രാത്രിയല്ലേ? അപ്പൊ ചത്തുപോയോര്‍ക്ക് മ്മളെപ്പോലെ പകല് ഇറങ്ങി നടക്കണ്ടേ? നഷത്രങ്ങള് പാവം.'

നാല് ആണ്മക്കള്‍. ഒരു പെണ്ണിന് വേണ്ടി നൊയമ്പ് നോക്കുമ്പോള്‍ അപ്പുക്കുട്ടന്‍ നായര്‍ക്ക് ദേവകിയമ്മയോട് നീരസം തോന്നിയിട്ടുണ്ട്. 'വയ്യാണ്ട് കിടന്നാല്‍ ഒരിറ്റ് വെള്ളന്തരാന്‍ ഒരു പെണ്ണിനെത്തന്നെ വേണം'. അവസാനം ദേവകിയമ്മയുടെ പ്രാര്‍ത്ഥനപോലെ ഒരു പെണ്ണ് ജനിച്ചു.

വയററിയാതെ തിന്നുന്ന, ശരീരമാറിയാതെ കുളിക്കുന്ന, കാരണമേതുമില്ലാതെ പൊട്ടിച്ചിരിക്കുന്ന, നിയമങ്ങള്‍ അറിയാതെ കളിക്കുന്ന, ദേഷ്യം വരുമ്പോള്‍ സ്വന്തം കൈ കടിച്ചു മുറിക്കുന്ന, ഇടവഴിയില്‍ പതുങ്ങിയിരിക്കുന്ന കരിയിലമാടനെ ഭയക്കുന്ന കുഞ്ഞമ്പിളി!

ഇരുട്ടിലും വിടര്‍ക്കെയുള്ള പുഞ്ചിരി കണ്ടാണ് ദേവകിയമ്മ അവള്‍ക്ക് അമ്പിളിയെന്ന് പേരിട്ടത്. വലുതായിട്ടും കുഞ്ഞുങ്ങടെ സ്വഭാവം, അതങ്ങനെ കുഞ്ഞമ്പിളിയായി.

ആദ്യമൊക്കെ അപ്പുക്കുട്ടന്‍നായര്‍ക്ക് കുഞ്ഞമ്പിളിയെ ഇഷ്ടമൊന്നുമല്ലായിരുന്നു.

'എരണക്കേടെന്നും കോവില്‍ക്കാളയെന്നുമൊക്കെ പറഞ്ഞു

മുഖം കറുപ്പിച്ചു.

പക്ഷേ, അച്ഛന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാത്ത ആണ്‍തലക്കനപ്പുകളില്‍ കുഞ്ഞമ്പിളി പിന്നീടങ്ങോട്ട് അയാള്‍ക്ക് കൂട്ടായി മാറുകയായിരുന്നു.

പാടത്തു പോകാന്‍, തേങ്ങയെണ്ണിപ്പെറുക്കാന്‍ ആറ്റുമീന്‍ പിടിക്കുമ്പോള്‍ തീ പൊരുത്തി ചുട്ടെടുക്കാന്‍ , അക്കരക്കരയിലെ സുഭദ്രയുടെ നെഞ്ചിലെ തീ കെടുത്തുമ്പോള്‍ പുറത്ത് കാവലിരിക്കാന്‍, അന്തിക്കള്ളിന്റെ ലഹരിയൊട്ടും കെടാതെ വീട്ടിലെത്തിക്കാന്‍ അങ്ങനെയങ്ങനെ കുഞ്ഞമ്പിളി അപ്പുക്കുട്ടന്‍നായര്‍ക്ക് എന്തിനും പോന്ന മകളും കുഞ്ഞമ്പിളിക്ക് നീട്ടിവിളിക്കാനൊരു അപ്പോച്ചനുമായി.

പണ്ട് കാരണവന്‍മ്മാര് പറഞ്ഞു കൊടുത്ത കഥകളൊക്കെ നായര് കുഞ്ഞമ്പിളിക്ക് പറഞ്ഞു കൊടുക്കും. അതൊക്കെ കേട്ട് അപ്പോച്ചന്റെ മുന്നില്‍ കണ്ണു മിഴിച്ചിരിക്കുന്ന കുഞ്ഞമ്പിളിയുടെ കൈയിലെ അകം ചുവന്ന പേരയ്ക്ക ഇളിച്ചു ചിരിക്കും.

'അപ്പോച്ചാ... അപ്പൊ ചത്തുപോയോരൊക്കെ നഷത്രങ്ങളാണാ?'

'മ്മ്... പിന്നല്ലാതെ, ചത്തു കഴിഞ്ഞാല്‍പ്പിന്നെ എല്ലാരും മേല്‍പ്പോട്ടാ...'

'നഷത്രം രാത്രിയല്ലേ? അപ്പൊ ചത്തുപോയോര്‍ക്ക് മ്മളെപ്പോലെ പകല് ഇറങ്ങി നടക്കണ്ടേ? നഷത്രങ്ങള് പാവം.'

സൂര്യനെ കാണാന്‍ കഴിയാത്ത നക്ഷത്രങ്ങളെയോര്‍ത്ത് അന്നത്തെ രാത്രി മുഴുവന്‍ കുഞ്ഞമ്പിളി കരഞ്ഞു.

ആ കരച്ചില്‍ നിര്‍ത്താന്‍ ദേവകിയമ്മയ്ക്ക് മറ്റൊരു കള്ളം പറയേണ്ടി വന്നു. ആകാശത്തിലെ മീനുകളാണ് നക്ഷത്രങ്ങളെന്നും അവയ്ക്ക് കാഴ്ചയില്ലെന്നും പറഞ്ഞ് അവര്‍ അവളെ ആശ്വസിപ്പിച്ചു. പിന്നീടങ്ങോട്ട് കണ്ണു കാണാതെ കാലു തെറ്റി വീഴുന്ന നക്ഷത്രങ്ങളെ നോക്കി നടക്കലായി കുഞ്ഞമ്പിളി.

കുഞ്ഞമ്പിളിയെ ഓര്‍ത്തുള്ള ആകുലതകളും, നാലു ദിക്കുകളിലേക്കുള്ള ആണ്മക്കളുടെ പോക്കും ഓര്‍ത്ത് സങ്കടപ്പെട്ടു കിടന്ന ഒരു രാത്രി, ദേവകിയമ്മ കരയില്‍ പിടിച്ചിട്ട മീനായി!

ഒരു തുള്ളി വെള്ളത്തിനായവര്‍ ചുണ്ട് നീട്ടിപ്പിടഞ്ഞു. ഇരുട്ടില്‍ പതുങ്ങി വന്ന കാലാവര്‍ഷം; കയര്‍ ചുഴറ്റിയെറിഞ്ഞു!

മഴയത്തു താഴെ വീണുപോയ നക്ഷത്രങ്ങളെത്തിരഞ്ഞ് കുഞ്ഞമ്പിളി അന്നുരാത്രി പുറത്തിറങ്ങി,

ആകാശം നോക്കി മഴ നനഞ്ഞു.

പണിക്കുവന്ന പുലയപ്പെണ്ണിന്റെ എല്ലൊടിച്ചു കത്തിച്ച തീയില്‍ ചൂടാറ്റിക്കിടന്ന അപ്പുക്കുട്ടന്‍നായര് മഴയും പുഴയും കണ്ടില്ല.

നനഞ്ഞു കുതിര്‍ന്നിരുന്ന കുഞ്ഞമ്പിളി ദേവകിയമ്മയുടെ കനലിന്റെ ചൂടില്‍ അര്‍ത്ഥമറിയാതെ കരഞ്ഞു. തണുപ്പിനെ പറത്തിവിട്ടു.

രണ്ട് ആണ്‍മ്മക്കളെ കെട്ടിച്ചു. മൂന്നാമന്‍ നാട് വിട്ടുപോയി. നാലാമന്‍ ജാതിയില്‍ താഴ്ന്ന ഒരുത്തിയെ വിളിച്ചുകൊണ്ടു വന്നു. അന്നത്തെ കോലാഹലത്തില്‍ ഒന്നായി കിടന്നതൊക്കെ നായര് ഭാഗം വച്ചു. നല്ലതൊക്കെ ആദ്യത്തെ രണ്ട് ആണ്മക്കള്‍ക്കും ആര്‍ക്കും വേണ്ടാത്ത തെക്കേപ്പുരയിടം നാലാമനും കുടുംബവീട് കുഞ്ഞമ്പിളിക്കും കൊടുത്തു.

അപ്പോച്ഛനും തനിക്കും വേണ്ടി കുഞ്ഞമ്പിളി കഞ്ഞി വച്ചു. മീനിന് വേണ്ടി പുഴയിലെ മഞ്ഞവെയില്‍ കൊണ്ടു, വിറകിന് വേണ്ടി പുരയിടങ്ങള്‍ കയറിയിറങ്ങി.

അങ്ങനെയൊരു ഉച്ചനേരത്താണ് കുഞ്ഞമ്പിളി ഒട്ടുപാലെടുക്കാന്‍ വന്ന ദിവാകരനെ കാണുന്നത്. റബ്ബറുംകാ പൊട്ടിത്തെറിക്കുമ്പോലെ ഒരിഷ്ടം കുഞ്ഞമ്പിളിയുടെ മേലെ തെറിച്ചു വീണു.

'ദികാവരന്‍'

തന്റെ പേര് നേരെ പറയാന്‍ കഴിയാത്ത കുഞ്ഞമ്പിളിക്ക്, ദിവാകരന്‍ സൂര്യനെ കാണിച്ചു, കണ്ണു ചിമ്മിച്ചു. നെറ്റിത്തടത്തിലൂടെ അരുവിയിട്ടൊഴുകിയ വിയര്‍പ്പ് തുള്ളിയെ മഞ്ഞുതുള്ളിയാക്കിയ ദിവകാരന്റെ ഇഷ്ടം. റബ്ബറുംകായകള്‍ പൊട്ടിത്തെറിച്ചു. ചൂടുള്ള മുത്തങ്ങളില്‍ കുഞ്ഞമ്പിളി കുടുകുടാ പൊട്ടിച്ചിരിച്ചു. ഇടവഴികളിലെ പച്ചിലക്കാട് പൂത്തു. പുഴയാഴങ്ങളില്‍ സ്‌നേഹത്തിന്റെ വേരുകള്‍ ചുറ്റിപ്പിണഞ്ഞു. കൈതമുള്ളുകള്‍ വിറച്ചു.

ചെത്തുകള്ളിന്റെ കയര്‍പ്പ് തുപ്പിക്കളഞ്ഞ ഒരുത്തന്റെ നാവില്‍ കുഞ്ഞമ്പിളിയുടെ ഇഷ്ടം ലഹരി പിടിപ്പിച്ച സന്ധ്യക്ക് കുഞ്ഞമ്പിളി കാറി വിളിച്ച് വീടിനു ചുറ്റുമോടി.

'തല്ലല്ലേ അപ്പോച്ചാ. ദികാവരന്‍ പാവാ. നിറയെ മീന്‍ പിടിച്ചു തരും. '

നായരുടെ ചൂരലിനു മുന്നില്‍ കുഞ്ഞമ്പിളി തുള്ളിച്ചാടി നിലവിളിച്ചു.

'ഒരുമ്പെട്ടോള്‍ക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞേ. കൊല്ലും എല്ലാത്തിനേം ഞാന്‍! '

നായര് തൂണില്‍ കെട്ടിയിട്ട് കുഞ്ഞമ്പിളിയെ തല്ലി. അന്ന് രാത്രി സൂര്യനെ കാണാന്‍ കൊതിച്ച് കുഞ്ഞമ്പിളി അലറിക്കരഞ്ഞു.

റബ്ബര്‍വെട്ടാന്‍ രണ്ടു ദിവസമായി കാണാതെ വന്ന ദിവാകരനെ പുഴക്കരയില്‍ കണ്ടുകിട്ടി, മീന്‍ കൊത്തിവലിച്ച അയാളുടെ ചീര്‍ത്ത ശരീരം!

കുഞ്ഞമ്പിളി അലറി വിളിച്ചോടി. കലങ്ങിമറിഞ്ഞ ആകാശത്ത് നോക്കിക്കരഞ്ഞു.

ദിവാകരന്‍ പോയതിന്റെ ഏഴാം നാള്‍, സുഭദ്രയുടെ വീട്ടില്‍പ്പോയിട്ട് തിരികെ വരുന്ന വഴി നായരു വീണു. പതിനഞ്ചടി താഴത്തേക്ക്. അന്ന് കിടപ്പ് തുടങ്ങിയതാണ്. ആരുമറിയാതെ കൊന്നു തള്ളിയ ദിവാകരന്റെ ശാപമാണെന്ന് നാട്ടുകാര് വിധിയെഴുതി.

അപ്പോച്ചന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് കുഞ്ഞമ്പിളിയാണ്. കഴിഞ്ഞ രണ്ടു മാസമായി നായര്‍ക്ക് ദീനം കൂടി. ശരീരം മീന്‍ കൊത്തിയതുപോലെ പൊട്ടി, ചലമൊഴുകി.

കഴുത്തും കണ്ണും കുഴിഞ്ഞ് മരണം തന്നെത്തുറിച്ചു നോക്കുന്നത് അയാള്‍ക്ക് കാണാം. അപ്പോഴൊക്കെ നായര് വെപ്രാളം കാണിക്കും.

തേടി വരുന്ന മരണത്തിന്റെ മൂര്‍ച്ചയുള്ള ചൂണ്ടയില്‍ നിന്നും വഴുതി മാറുന്ന മുഷിയെപ്പോലെ അയാള്‍ കാലം വലുതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതിനുള്ള വഴി കുഞ്ഞമ്പിളിക്ക് കിടപ്പിലാകുമ്പോള്‍ത്തന്നെ നായര് ഉപദേശിച്ചിരുന്നു.

കിടക്കുന്ന മുറിയില്‍ ഏതെങ്കിലും ഒരു ജീവനുള്ളതിനെ വളര്‍ത്തിയാല്‍ മതി. അത് മരണത്തിന് മുന്നില്‍ ചാടി വീഴുന്ന ചാവേറായിക്കൊള്ളും. ആദ്യം ഒരു പൂച്ചയെ വളര്‍ത്തി. രാത്രി ഇഴജന്തുക്കളെ മുറിയില്‍ കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ പൂച്ചയുടെ ജീവിതം വേലിക്കപ്പുറത്തായി.

ഉറക്കം കെടുത്താത്ത ഒരു ജീവിയെത്തേടി കുഞ്ഞമ്പിളി പല ജീവനുകളുംആ മുറിയില്‍ പരീക്ഷിച്ചു.

അവസാനം ഒരു ഒച്ചിനെക്കിട്ടി. രാത്രി മേശപ്പുറത്തു ഉറങ്ങാന്‍ കിടത്തിയ ഒച്ചിനെ രാവിലെ കാണാനില്ല. പതിയെ സഞ്ചരിക്കുന്ന ആ ജീവിയുടെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവരകള്‍ ചുവരില്‍ അങ്ങിങ്ങായി തിളങ്ങി. പിന്നെ മീന്‍കുഞ്ഞുങ്ങളെ പിടിച്ച് കുപ്പിയിലാക്കി നായരുടെ മുറിയില്‍ വച്ചു.

ശ്വാസത്തെ പിടിച്ചെടുക്കുന്ന മരണക്കെണിയില്‍ മീനുകള്‍ ഓരോന്നും പിടഞ്ഞു ചത്തു. ഓരോ പ്രാവശ്യവും മീനുകളുടെ ചിറകിട്ടടിയില്‍ നായര്‍ തൊണ്ടക്കുഴിയനക്കി ജീവന്‍ പോയില്ലെന്നു ഉറപ്പ് വരുത്തി സന്തോഷിച്ചു.

ചത്തു കിടക്കുന്ന മീന്‍കുഞ്ഞുങ്ങളെ പുഴയില്‍ വിട്ട് അടുത്തതിനെ പിടിക്കുമ്പോള്‍ കുഞ്ഞമ്പിളി ദിവാകാരനെ ഓര്‍ക്കും.

വെയില് കുടിച്ച് മെലിഞ്ഞുണങ്ങിയ പുഴയില്‍ കുഞ്ഞമ്പിളി കാല് നീട്ടി. ഓര്‍മ്മയുടെ മീന്‍കൊത്തലുകള്‍, കാലില്‍ ഇക്കിളി കൂട്ടി. സങ്കടച്ചെതുമ്പലുകള്‍ പൊങ്ങിവന്നു. കുഞ്ഞമ്പിളി ശബ്ദമില്ലാതെ കരഞ്ഞു.

വെയില് കുടിച്ച് മെലിഞ്ഞുണങ്ങിയ പുഴയില്‍ കുഞ്ഞമ്പിളി കാല് നീട്ടി. ഓര്‍മ്മയുടെ മീന്‍കൊത്തലുകള്‍, കാലില്‍ ഇക്കിളി കൂട്ടി. സങ്കടച്ചെതുമ്പലുകള്‍ പൊങ്ങിവന്നു. കുഞ്ഞമ്പിളി ശബ്ദമില്ലാതെ കരഞ്ഞു. കൈതമുള്ളുകളില്‍ വിരലുകള്‍ ഉരസി രക്തമിറ്റിച്ചു. ഇണചേരുന്ന പാമ്പുകളുടെ വിഷപ്പല്ലുകളെ വെല്ലുവിളിച്ചു. ഇഷ്ടങ്ങളുടെ പൊരുള്‍ തേടി!

ഒഴിഞ്ഞ കുപ്പിയുമായി വീട്ടിലെത്തിയ കുഞ്ഞമ്പിളിയെ നായര് ശേഷിച്ച ശബ്ദത്തില്‍ പ്രാകി. വാതില്‍ക്കല്‍ എത്തിനോക്കുന്ന മരണത്തിനോട് അയാള്‍ യാചിച്ചു.

നിലത്തു പായില്‍ ബോധം കെട്ടുറങ്ങുന്ന കുഞ്ഞമ്പിളിയെ ഉണര്‍ത്താന്‍ നായര് തൊണ്ടക്കുഴിയിലെ വേരുകളെ പൊട്ടിച്ചു. കാറി ബഹളമുണ്ടാക്കി.

മരണം നിലത്തിരുന്ന് കുഞ്ഞമ്പിളിയുടെ വലതു കാലില്‍ ചുംബിച്ചു. വെളുത്തുതടിച്ച അവളുടെ കാലുകളിലെ ഞരമ്പുകളില്‍ രക്തം നീലിച്ചു. മരണം ഒരു കാമുകനെപ്പോലെ അവളുടെ ശ്വാസം കവര്‍ന്നു.

കുഞ്ഞമ്പിളിയുടെ പിടച്ചിലുകളില്‍ നായര് തന്റെ ജീവനെ ചേര്‍ത്തു പിടിച്ചു. സമയം ഇരുട്ടിനെ പിഴിഞ്ഞുവീഴ്ത്തി കണ്‍കുഴികള്‍ നിറച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT