വിനയന് അതിരാവിലെ എഴുന്നേല്‍ക്കും. വീട്ടിലെ പ്രാതലിന്റെ കാര്യങ്ങള്‍ നോക്കണം. പിന്നെ ഉച്ചയ്ക്കത്തെ ചോറും കറികളും വെയ്ക്കണം. വീട്ടില്‍ അമ്മയും അച്ഛനും മാത്രം. അവരുടെ കാര്യങ്ങളും വീട്ടിലെ മറ്റെല്ലാ കാര്യങ്ങളും വിനയന്‍ ഒരാള്‍ തന്നെ ഓടി നടന്ന് ചെയ്യണം. അമ്മയ്ക്ക് എഴുപതിനടുത്ത് പ്രായം. അച്ഛന് 77 ഉം.
നാല് വര്‍ഷം മുമ്പ് അമ്മയ്ക്ക് വലതുകാലില്‍ മുള്ള് തറച്ച് കാല്‍ പഴുപ്പ് കയറിയപ്പോള്‍ പല ഹോസ്പിറ്റലിലായി കിടന്ന് ചികിത്സ നടത്തി പഴുപ്പ് നീക്കം ചെയ്തു. ഭീമമായ ഹോസ്പിറ്റല്‍ ചെലവ് വന്നു. നാല് പെങ്ങന്മാരും മൂത്ത ജ്യേഷ്ഠനും മാറി മാറി നിന്ന് അമ്മയെ ശുശ്രൂഷിച്ചു. വീട്ടില്‍ തനിച്ചായ അമ്മയെ നോക്കാന്‍ വിനയന്‍ വീട്ടില്‍ തന്നെ ഉണ്ടാവും.
ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തിയത് മുതല്‍ അമ്മയെ എല്ലാ ദിവസവും ഓട്ടോ വിളിച്ച് ടൗണിലെ ഹോസ്പിറ്റലില്‍ കാണിച്ച് മുറിവ് ഡ്രസ്സ് ചെയ്യണം. അങ്ങനെ ചെയ്ത് ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് കാലിന് ഉണക്കം വച്ചത്. പക്ഷെ ഇത്ര വര്‍ഷമായിട്ടും അമ്മയ്ക്ക് ഒരടിപോലും വോക്കര്‍ ഇല്ലാതെ നടക്കാന്‍ പറ്റില്ല.
സത്യത്തില്‍ ജീവിതം ഒരു മടുപ്പ് പോലെയാണ്. എല്ലാവരുടെയും കാര്യം നോക്കി കഴിയുമ്പോള്‍ നമ്മുടെ കാര്യം നോക്കാന്‍ നമുക്ക് സമയം ഉണ്ടാവില്ല. ഒന്നു നടു നിവര്‍ത്താന്‍ പോലും സമയം ഇല്ല. എല്ലാ പണിയും കഴിഞ്ഞ് രാത്രി കിടക്കുമ്പോള്‍ രാത്രി 2:30 കഴിയും ഉറക്കം വരുമ്പോള്‍ മൂന്ന് മണിയും. കഷ്ടിച്ച് അഞ്ചു മണിക്കൂര്‍ പോലും ഉറങ്ങാന്‍ സമയം കിട്ടില്ല. രാവിലെ ആവുമ്പോള്‍ വീണ്ടും തുടങ്ങും പിടിപ്പത് പണികള്‍.. ചിരട്ടകളില്‍ തീര്‍ക്കുന്ന ക്രാഫ്റ്റ് വര്‍ക്കും എഴുത്തും പാട്ടുകളുമായി പോവുന്നു വിനയന്റെ ജീവിതം .എങ്കിലും പഴയത് പോലെ ഒന്നിനും സമയം ഇല്ല. ഉള്ള സമയം വച്ച് എല്ലാം ചെയ്ത് തീര്‍ക്കുന്നു.
വിനയന്‍ പാത്രങ്ങള്‍ എല്ലാം തേച്ചു കഴുകി വൃത്തിയാക്കി വച്ചു. അതിന് ശേഷം തലേ ദിവസം രാത്രി മിക്‌സിയില്‍ ആട്ടിയ ദോശ മാവ് എടുത്ത് ഇളക്കി നോക്കി. ഇനിയും പൊന്തി വരാനുണ്ട്. തല്‍ക്കാലം അത്ര മതി. എല്ലാ പണിയും കഴിഞ്ഞ് മാവ് ആട്ടുമ്പോള്‍ ഇടയ്ക്ക് സമയം ഒരുപാട് താമസിക്കാറുണ്ട്. ഇനി നോക്കിയിട്ട് കാര്യമില്ല.
8 മണിക്കകം അമ്മയ്ക്ക് ദോശയും പാല് ചേര്‍ത്ത് പഞ്ചസാര ഇടാത്ത ചായയും കൊടുക്കണം. അമ്മയ്ക്ക് ചായ നിര്‍ബന്ധമാ. ഒരു നുള്ള് പഞ്ചസാര ഇടണം. അല്ലെങ്കില്‍ അതിന് വര്‍ത്തമാനം പറയും. അതും ഒന്നാന്തരം പ്രമേഹം ഉള്ള ആളും. അതുകൊണ്ടാണല്ലൊ കാലിലെ മുറിവ് മാറി വരാന്‍ ഒരു വര്‍ഷം എടുത്തത്.
'എന്റെ മൂത്ത മോളുടെ വീട്ടില്‍ നിന്നപ്പോള്‍ എനിക്ക് അവള്‍ ഇത്തിരി പഞ്ചസാര ഇട്ട് ചായ തരാറുണ്ട്' എന്ന്
കുട്ടികളെ പോലെ ശാഠ്യം പിടിക്കുമ്പോള്‍ നമ്മള്‍ ഇത്തിരി പഞ്ചസാര ഇട്ട് കൊടുക്കും.
'അമ്മേ, നിങ്ങള്‍ക്ക് ഷുഗര്‍ കൂടുമെ..'
'എനിക്ക് ഷുഗര്‍ ഒന്നും കൂടാറില്ല. ഇടയ്ക്ക് ഷുഗര്‍ കുറയും. മൂത്ത മകന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഷുഗര്‍ കുറയാറുണ്ട്. അപ്പോള്‍ അവള് പഞ്ചസാര ചേര്‍ത്താ ചായ തരുന്നത്. പിന്നെ നീയെനിക്ക് ഇന്‍സുലിന്‍ വെക്കുന്നതല്ലെ.'
'ഇന്‍സുലിന്‍ ഇതിന്റെ ലൈസന്‍സല്ല.' അത് പറയുമ്പോള്‍ വിനയന് ചിരി വരും.
വിനയന്‍ ചൂടായ ദോശക്കല്ലില്‍ ദോശ ഓരോന്നായി ചുട്ടെടുത്തു. അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ചട്ട്ണിക്ക് തേങ്ങയില്ലല്ലോ. വിനയന്‍ തേങ്ങാമുറി ഉണ്ടോന്ന് ഫ്രിഡ്ജ് തുറന്നു നോക്കി. അവിടെയൊന്നും കണ്ടില്ല. അപ്പോഴാണ് പൊതിച്ച ഒരു തേങ്ങയുമായി അച്ഛന്‍ ഗോവിന്ദന്‍ അകത്തേക്ക് കയറി വന്നത്.
'വിനയാ, നിനക്ക് ചമ്മന്തിക്ക് തേങ്ങ ഉണ്ടോ? ഇല്ലെങ്കില്‍ ഇതാ.'
വിനയന് സന്തോഷമായി. മനസ്സ് വായിച്ചത് പോലെയാണല്ലോ അച്ഛന്റെ തേങ്ങയുമായുള്ള വരവ്. വിനയന്‍ തേങ്ങ വാങ്ങി വേഗം ചിരകി.
8 മണിയാവാന്‍ ഇനി പത്ത് മിനിറ്റ് ഉണ്ട്. വിനയന്‍ അമ്മയ്ക്ക് പല്ല് തേക്കാനുള്ള ബ്രഷും പെയ്സ്റ്റും കൊടുത്തു. അമ്മ പല്ല് തേച്ച് മുഖം കഴുകിയപ്പോള്‍ വിനയന്‍ ഫ്രിഡ്ജ് തുറന്ന് ഇന്‍സുലിന്‍ എടുത്തു.
'എട്ട് യൂണിറ്റ് ചെയ്താല്‍ മതി മോനെ.' അമ്മ നൈറ്റിയുടെ ഹൂക്ക് അഴിച്ച് വലതു കൈ ഭാഗം താഴോട്ട് നീക്കി കൈകാണിച്ചു. വിനയന്‍ ഇഞ്ചക്ഷന്‍ വച്ചു.
'എനിക്ക് പെണ്ണ് കിട്ടാഞ്ഞതാണോ? എന്റെ കല്യാണം എന്റെ പെങ്ങള്‍മാരും നിങ്ങള്‍ എല്ലാം ഓരോ കുറ്റം പറഞ്ഞ് മുടക്കിയതല്ലെ
'വിനയാ, നീ എന്നെ നോക്കി മാത്രം ജീവിച്ചാല്‍ മതിയോ? നിനക്ക് ഒരു ജീവിതമൊക്കെ വേണ്ടേ?' അമ്മയുടെ കണ്ണ് നിറഞ്ഞു. സിറിഞ്ച് വച്ച ഭാഗത്ത് ചെറുതായിട്ട് തടവിയിട്ട് അമ്മ പറഞ്ഞു.
'ഞാന്‍ ഒരാളല്ല. എന്റെ കൂടെ പഠിച്ച 20 പേരോളം നമ്മുടെ ഈ നാട്ടില്‍ അതിന്റെ ഇരട്ടി പേരും പെണ്ണ് കെട്ടാനുണ്ട്. ആര്‍ക്കും പെണ്ണ് ഇല്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിക്കാരെ വേണം.'
'നിന്റെ കാര്യം പറയുമ്പോള്‍ നീ മറ്റുള്ളവരുടെ കാര്യം പറഞ്ഞോ?'
വിനയന്‍ മൂളി.
'എനിക്ക് പെണ്ണ് കിട്ടാഞ്ഞതാണോ? എന്റെ കല്യാണം എന്റെ പെങ്ങള്‍മാരും നിങ്ങള്‍ എല്ലാം ഓരോ കുറ്റം പറഞ്ഞ് മുടക്കിയതല്ലെ. വിവാഹം എന്ന് പറയുന്നത് ഒരു യോഗമാ. അതിന് ഒരു ടൈം ഉണ്ട്. എന്റെ നല്ല കാലത്ത് ഞാന്‍ എത്ര പെണ്ണ് കണ്ടതാ. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇഷ്ടമായതാണോ?'
അത് കേട്ടുകൊണ്ടാണ് വത്സല ചെറിയമ്മയും മോളും കയറി വന്നത്. വത്സല ചെറിയമ്മയുടെ മുഖത്ത് അമ്മയെയും പെങ്ങള്‍മാരെയും വിനയന്‍ കുറ്റം ആരോപിച്ചതിന്റെ ചെറിയ ചിരി.
വിനയന്‍ തിരിഞ്ഞ് നോക്കി. വത്സല ചെറിയമ്മയും പതിനെട്ട് വയസ്സുകാരി നന്ദനയും.
'ഏട്ടത്തി, വിനയന്‍ പറയുന്നത് ശരിയല്ലേ? ഇപ്പോള്‍ വിനയന് വയസ്സ് കൂടി. നല്ല പ്രായത്തില്‍ അവന്‍ എത്ര പെണ്ണ് കണ്ടു. ഈ പറയുന്ന നിങ്ങള്‍ ആരെങ്കിലും മുന്നിട്ടിറങ്ങിയോ? ഇല്ല.' വത്സല ചെറിയമ്മ ഗോമതി അമ്മയെയും വിനയന്റെ പെങ്ങള്‍മാരെയും കുറ്റപ്പെടുത്തി.
'അമ്മേ.. അമ്മയൊന്നു മിണ്ടാതിരി?' നന്ദന വത്സല അമ്മയെ തോണ്ടി.
'നീ മിണ്ടാതിരിക്ക്. എനിക്ക് പറയാനുള്ളത് ഞാന്‍ പറയും.' അവര്‍ ഗോമതിയമ്മയ്ക്ക് അരികിലേക്ക് വന്നു.
വിനയന്‍ ഒരു കസേര നീക്കിവച്ചു കൊടുത്തു. വത്സല ചെറിയമ്മ കസേരയില്‍ ഇരുന്നു.
'ഏട്ടത്തി, ഈ നില്‍ക്കുന്ന വിനയന്‍ നല്ല പ്രായത്തില്‍ എത്ര പെണ്ണ് കണ്ടു. ഏതെങ്കിലും ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടോ? ആര്‍ക്കെങ്കിലും നടത്തി കൊടുക്കാന്‍ പറ്റിയോ? എല്ലാവരും നൂറ് കുറ്റം പറഞ്ഞ് എല്ലാ ആലോചനയും മുടക്കും. മൂത്ത ജ്യേഷ്ഠന്‍ വിവാഹം കഴിച്ച കുട്ടി പോര എന്നും അതുപോലെ ആവരുതെന്നും പറഞ്ഞ് എത്ര കല്യാണമാ നിങ്ങളൊക്കെ മുടക്കിയത്. ഉള്ള കാലം ജ്യേഷ്ഠനും ഭാര്യയും നിങ്ങളുടെ കാര്യങ്ങള്‍ നോക്കുമെന്ന് നിങ്ങള്‍ വിചാരിച്ചു. അവര്‍ വേറെ വീട് വച്ച് പോയപ്പോള്‍ മുതല്‍ നിങ്ങളുടെ പ്ലാന്‍ മാറി. വിനയന്‍ ഒരു കെട്ട് കഴിഞ്ഞ കുട്ടിയെ കെട്ടിയാലും കുഴപ്പമില്ല. ഭംഗിയില്ലെങ്കിലും കുഴപ്പമില്ല. അന്യജാതി ആയാലും കുഴപ്പമില്ല. പ്രായമായ അമ്മയെയും അച്ഛനെയും നോക്കാന്‍ ഒരു പെണ്ണ് വരണം. അതാണ് ഇപ്പോള്‍ എല്ലാവരുടെ മനസ്സിലിരിപ്പ്. വിനയന് ഇഷ്ടമാവുമോ എന്നു കൂടെ നോക്കണ്ടേ ഏട്ടത്തി?' വത്സല പറഞ്ഞു.
ഗോമതി അമ്മയുടെ തല താണു.
'സത്യാ, ഞാനും അവരെ പോലെ ചിന്തിച്ചതാ. അതെല്ലാം തെറ്റായിരുന്നു എന്ന് എനിക്കിപ്പോള്‍ ബോധ്യമായി വത്സലേ.'
വത്സല ചെറിയമ്മയുടെ സംസാരം കേട്ട് പഴയതൊന്നും പറഞ്ഞ് ആരെയും വേദനിപ്പിക്കേണ്ട എന്ന് തോന്നി. കഴിഞ്ഞത് കഴിഞ്ഞ് ഇനി അതൊന്നും ഓര്‍ത്തിട്ടൊ പറഞ്ഞിട്ടൊ എന്തു കാര്യം? അനുഭവിക്കാന്‍ ഞാന്‍ ഒരാളുണ്ടല്ലൊ.
വിവാഹം കഴിക്കാത്ത ചെറുപ്പക്കാര്‍ സമൂഹത്തില്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നു. അവര്‍
ഒറ്റപ്പെടുന്നു. മറ്റുള്ളവരുടെ കണ്ണില്‍
അവര്‍ അപരാധികളും പരിഹാസകഥാപാത്രങ്ങളും ആയി മാറുന്നു. പലരുടെയും വായ അടപ്പിക്കാന്‍ നമ്മളെകൊണ്ടു പറ്റുമോ? പ്രായം കൂടുന്തോറും ആ നോട്ടം നമ്മളെ കൂടുതല്‍
വേദനിപ്പിക്കും.
വിനയന്‍ ക്ലോക്ക് നോക്കി.
8 മണിയാവുന്നു. അവന്‍ ഇത്തിരി പഞ്ചസാര ചേര്‍ത്ത് അമ്മയ്ക്ക് ചായയും ദോശയും റൂമില്‍ കൊണ്ടു വച്ചു. കൂടെ തക്കാളി ചേര്‍ത്തരച്ച സ്‌പെഷ്യല്‍ ചമ്മന്തിയും.
'വത്സല ചെറിയമ്മയ്ക്ക് ചായ എടുക്കട്ടെ?'
'വേണ്ട വിനയാ, ഞങ്ങള്‍ കഴിച്ചാ ഇറങ്ങിയത്. നീ കുടിക്ക് വിനയാ.'
'കുടിക്കണം. അതിന് മുമ്പ് ഉച്ചയ്ക്കത്തേക്കുള്ള ചോറിന് വെള്ളം വയ്ക്കണം.' അത് കഴിഞ്ഞ് ബുക്ക് ചെയ്ത് വച്ച ഗ്യാസ് കുറ്റി എടുക്കാന്‍ പോണം. ഇന്ന് ഉച്ചയ്ക്ക് മുന്നേ ഗോഡൗണ്‍ ക്ലോസ് ചെയ്യും. ഇവിടെയുള്ള ഗ്യാസ് ഏജന്റിനെ വിളിച്ചാല്‍ കിട്ടത്തില്ല. നാളെ കൊണ്ടുവരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേ ദിവസായി.
വിനയന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
വിനയന്‍ കമഴ്ത്തി വച്ച ചോറ് വെയ്ക്കുന്ന ചെമ്പ് എടുത്തപ്പോള്‍ വത്സല ചെറിയമ്മ അത് എടുത്ത് നന്ദനയ്ക്ക് നീട്ടി.
'നന്ദൂട്ടി, നീ പോയി ചോറിന് വെള്ളം വച്ചേ.' നന്ദന പാത്രവുമായി അടുക്കളയിലേക്ക് നടന്നു.
'വിനയാ, നിന്റെ എഴുത്തുകളൊക്കെ എവിടെവരെയായി?'
'അത്യാവശ്യം എഴുത്ത് നടക്കുന്നുണ്ട്. ജീവിക്കാന്‍ ആകെപ്പാടെ തോന്നുന്നത് ഇതൊക്കെ ഉള്ളത് കൊണ്ടാ. രണ്ട് കഥകളും ഒരു കവിതയും വേറെ വേറെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണത്തിന് തയ്യാറായി നില്‍ക്കുന്നു. പിന്നെ ഞാന്‍ എഴുതിയ പാട്ട് ഉണ്ട്. ഓര്‍ക്കസ്‌ട്രേഷന് വേണ്ടി പ്രൊഡ്യൂസറെ തെരയുന്നു. എല്ലാം നടന്നാല്‍ നല്ലത്.'
'എല്ലാം നടക്കും വിനയാ. നിന്റെ മനസ്സ് എനിക്കറിയത്തില്ലെ.. ഞാന്‍ പ്രാര്‍ത്ഥിക്കാം.' വത്സല ചെറിയമ്മ വിനയനെ അനുഗ്രഹിച്ചു.
'പിന്നെ വിനയാ, മറ്റൊരു കാര്യം പറയാനും കൂടിയാ ഞാനിപ്പം വന്നത്. ഗോവിന്ദേട്ടന്‍ ഇവിടില്ലേ?'
'ഉണ്ട് ചെറിയമ്മേ. ഇന്നലെ കാറ്റില്‍ തെക്കേ തൊടിയില്‍ കുലച്ചു നിന്ന ഒരു വാഴ വീണു. അത് ശരിയാക്കാന്‍ വളപ്പിലേക്ക് ഇറങ്ങുന്നത് കണ്ടു.' വിനയന്‍ ജനല്‍പ്പാളി തുറന്നു നോക്കിയപ്പോള്‍ അച്ഛന്‍ വാഴ റെഡിയാക്കി പൈപ്പിന്റെ ചുവട്ടില്‍ നിന്ന് കൈയ്യും കാലും കഴുകി അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു.
'ചെറിയമ്മേ, ദാ അച്ഛന്‍.'
'ഇതാര് വത്സലയോ? എന്തൊക്കെയുണ്ട് വത്സലേ വിശേഷം?'
'നമ്മള്‍ക്ക് എന്ത് വിശേഷമാണ് ഏട്ടാ? കുഴപ്പമില്ലാതെ പോവുന്നു.' അത് പറഞ്ഞ് വത്സല കസേരയില്‍ നിന്ന് എഴുന്നേറ്റു.
'ഏട്ടന്‍ ഇവിടെ ഇരിക്ക്. എനിക്ക് കുറച്ച് പറയാനുണ്ട്.'
'നീ അവിടെ ഇരി. ഞാന്‍ ഇവിടെ ഇരുന്നോളാം.' എന്നു പറഞ്ഞ് ഗോവിന്ദേട്ടന്‍ വേറൊരു കസേര ഇട്ട് വത്സലയ്ക്ക് മുന്നില്‍ ഇരുന്നു.
'ഇനി നീ പറ.'
അപ്പോള്‍ നന്ദന അങ്ങോട്ടു വന്നു.
'ങ് ഹാ, മോള് ഉണ്ടായിരുന്നോ?'ഗോവിന്ദന്‍ മോളെ നോക്കി.
നന്ദന ചിരിച്ചു.
'അമ്മാ, അരി ഇട്ടിട്ടുണ്ട്.'
'ഇനി മോള് ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ നോക്കിക്കോളാം.' വിനയന്‍ ചിരിച്ചു.
'അവള്‍ ഒരു കെട്ട് കഴിഞ്ഞ് ബന്ധം വേര്‍പ്പെടുത്തി വീട്ടിലിരിക്കുന്നവളല്ലേ വത്സലേ?'
'നീ കാര്യം പറയ് വത്സലേ.' കാര്യമറിയാന്‍ ഗോവിന്ദനും ഗോമതിക്കും വിനയനും എല്ലാം ആകാംക്ഷയായി.
'വിനയന്റെ നക്ഷത്രം എന്താ?'
'കാര്‍ത്തിക നക്ഷത്രമാ വത്സലേ' ഗോമതിയമ്മ ആലോചനയോടെ പറഞ്ഞു.
'ഏതാ വര്‍ഷം?' വത്സല എല്ലാവരെയും നോക്കി.
വയസ്സ് അറിയുന്നതില്‍ വിനയന് തെല്ല് ജാള്യത തോന്നി.
'നീ വിഷമിക്കേണ്ട വിനയാ. നിന്റെ കെട്ട് നമുക്ക് ഉടനെ നടത്താം. നീ വയസ്സ് പറയ്.'
'42.'
'42! അതിന് മാത്രം വലിയ വയസ്സ് ഒന്നും അല്ല.' വത്സല വിനയനെ നോക്കി.
'ഞാന്‍ എതായാലും ഒരു തീരുമാനം എടുത്തു കഴിഞ്ഞു. വിനയന്റെ കല്യാണം ഞാന്‍ നടത്തും. ഇനി കുറ്റം പറഞ്ഞ് ആരും മുടക്കാതിരുന്നാല്‍ മതി. ഇവനും ഒരു ജീവിതം വേണ്ടേ? ഇവിടെ അടുക്കളപ്പണിയും എടുത്ത് ഇരുന്നാല്‍ പോരല്ലോ. ഒരു പെണ്ണ് കയറി വന്നാല്‍ ഇവനേയും നിങ്ങളെയും അവള്‍ പൊന്നുപോലെ നോക്കും.' വത്സല എല്ലാവരെയും നോക്കി.
'നീയാരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ വത്സലേ?' ഗോവിന്ദന്‍ ചോദിച്ചു.
'വിനയന് പറ്റിയ ഒരു പെണ്ണ് ഉണ്ട്. മംഗലാപുരത്ത് താമസിക്കുന്ന എന്റെ മൂത്താങ്ങളായ ജയദേവേട്ടന്റെ മകള്‍. ജയദേവേട്ടന്റെ മകള്‍ കല്യാണി.'
'അവള്‍ ഒരു കെട്ട് കഴിഞ്ഞ് ബന്ധം വേര്‍പ്പെടുത്തി വീട്ടിലിരിക്കുന്നവളല്ലേ വത്സലേ?'
'അതിനിപ്പം എന്താ കുഴപ്പം? ബന്ധം വേര്‍പ്പെടുത്തിയതല്ലേ. വെറും മൂന്ന് മാസം അവന്റെ കൂടെ കഴിഞ്ഞതാ. അതില്‍ മക്കളും ഇല്ല. കല്യാണി ഈ വീട്ടില്‍ കയറി വന്നാല്‍ വിനയനെയും നിങ്ങളെയും അവള്‍ പൊന്നുപോലെ നോക്കും. ഒരു സംശയോ ഇല്ല. ഞാന്‍ ഇന്നലെ വിനയന്റെ കാര്യം അവരോട് സംസാരിച്ചു. അവര്‍ക്ക് താല്പര്യം ഉണ്ട്. ഇനി വൈകിക്കേണ്ട. നമുക്ക് ഇത് ഉടനെ നടത്താം.'
'എനിക്ക് കുഴപ്പം ഒന്നും ഇല്ല. വിനയന്റെ സമ്മതം അറിയണ്ടേ? പോരാത്തതിന് ഇവന്റെ പെങ്ങള്‍മാരുടെയും അളിയന്മാരുടെയും സമ്മതം അറിയണ്ടേ?' ഗോമതിയമ്മ ചോദിച്ചു.
'ഏട്ടത്തി, നിങ്ങള്‍ ഒന്ന് മിണ്ടാതിരി. ചെക്കന്റെ വിവാഹം നല്ല കാലത്ത് കഴിയാതെ നില്‍ക്കാന്‍ കാരണം അവരൊക്കെയല്ലേ? ഇനിയിപ്പം ആരുടെയും സമ്മതം നോക്കേണ്ട ആവശ്യം ഇല്ല. വിനയന് ഇഷ്ടമാണോന്ന് മാത്രം അറിഞ്ഞാല്‍ മതി.'
'അത് ശരിയാ. വിനയന് ഇഷ്ടമാണെങ്കില്‍ നമുക്കിത് നടത്താം.'
'എന്താ വിനയാ, നിന്റെ അഭിപ്രായം?'
'എനിക്ക് സമ്മതക്കുറവൊന്നും ഇല്ല.'
'എന്നാലും വത്സലേ, നീ പറഞ്ഞ കാര്യം വിനയന്റെ പെങ്ങള്‍മാരോട് ഒന്ന് വിളിച്ച് പറഞ്ഞേക്ക്. അവരുടെ അഭിപ്രായമൊന്നും നോക്കേണ്ട.'
വത്സല ഫോണ്‍ എടുത്ത് കമലയെ വിളിച്ചു. കാര്യം പറഞ്ഞതും കമലയ്ക്ക് അതൃപ്തി.
'അതു രണ്ടാം കെട്ട്. വിനയന് ആദ്യ വിവാഹക്കാരിയെ കിട്ടില്ലേ?'
'നീ മിണ്ടരുത് കമലേ. ഇങ്ങനെ ഓരോ കുറ്റം കണ്ട് പിടിച്ച് നിങ്ങള്‍ നിങ്ങളുടെ ആങ്ങളയുടെ ജീവിതം തകര്‍ത്തു. ആ പാവം ഈ വയസ്സായ തന്തയെയും തള്ളയെയും നോക്കി നോക്കി, അടുക്കളപ്പണിയും എടുത്ത്, സമയത്ത് ഭക്ഷണം പോലും കഴിക്കാതെ ജീവിച്ച് തീര്‍ക്കുകയാ. നിങ്ങളെ പോലെ അവനും ഒരു ജീവിതം വേണ്ടാന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?'
ഉടനെ ഫോണ്‍ കട്ടായി.
'എന്ത് പറഞ്ഞു?' ഗോമതിയമ്മ വത്സലയെ നോക്കി.
'ഇഷ്ടായില്ല പോലും. ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു.'
'വിനയാ, നീ രക്ഷപ്പെടുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത്ര തന്നെ. നന്ദൂട്ടീ, നമ്മള്‍ ഇറങ്ങാ. എനിക്കാകെ ദേഷ്യം കയറിട്ട് വയ്യ.' വത്സല എഴുന്നേറ്റു.
വിനയനെ കൊണ്ട് എതെലും പെണ്ണിനെ കെട്ടിപ്പിക്കാനാ
ഇവരുടെയൊക്കെ പ്ലാന്‍ എന്നാ ഞാന്‍ പുറത്ത്നിന്ന് അറിഞ്ഞത്. അന്യജാതിയായാലും കുഴപ്പം ഇല്ല
എന്നും എട്ടത്തിയെയും എട്ടനെയും
നോക്കുന്ന ഒരു പെണ്ണ് മതിയെന്ന്.
ഇതിപ്പോ പഴയ സ്വഭാവത്തിന് ഒരു
മാറ്റോം ഇല്ലെല്ലോ. ഇവരൊക്കെ ഇത്
എന്ത് കണ്ടിട്ടാണ് ഇങ്ങനെ
സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല... വത്സലയ്ക്ക്
ദേഷ്യം വന്നു .
വത്സലേ നീ ഒന്നടങ്ങ്, നമുക്ക് അവരെ
പറഞ്ഞ് തിരുത്താം ഗോവിന്ദന്‍
എഴുന്നേറ്റു.
'ഞാന്‍ എതായാലും ഒരു തീരുമാനം
എടുത്തു കഴിഞ്ഞു. വിനയന്റെ കല്യാണം ഞാന്‍ നടത്തും.
'വിനയാ, എനിക്ക് നിന്റെ തീരുമാനം അറിഞ്ഞാല്‍ മതി. ഞങ്ങള്‍ ഇറങ്ങുന്നു. വൈകുന്നേരത്തിനുള്ളില്‍ ഉചിതമെന്ന് തോന്നുന്ന ഒരു മറുപടി നിനക്ക് തരാം.'
വിനയന്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്.
ഉടനെ വത്സലയുടെ ഫോണിലേക്ക് കമല വിളിച്ചു.
'ഇവള് ഇനി എന്തിനാ വിളിക്കുന്നത്?' അത് പറഞ്ഞു കൊണ്ട് വത്സല ഫോണ്‍ എടുത്തു.
'കമലാ, പറയ്.'
'ചെറിയമ്മേ, നമുക്ക് ഇത് വേണ്ട. രണ്ടാം കെട്ട് അല്ലേ? പോരാത്തതിന് മംഗലാപുരത്തും. ദൂരം കൂടുതല്‍ അല്ലേ. ഞങ്ങള്‍ വിനയന്റെ പെങ്ങള്‍മാരും അളിയന്മാരും എല്ലാവരും ആയി ഇപ്പോ സംസാരിച്ചു. ഇത് വേണ്ട. വേറെ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.'
ഉടനെ വത്സല ചെറിയമ്മയുടെ കൈയില്‍ നിന്ന് വിനയന്‍ ഫോണ്‍ പിടിച്ച് വാങ്ങി.
'എന്റെ കാര്യം ഓര്‍ത്ത് ആരും വിഷമിക്കേണ്ട. വത്സല ചെറിയമ്മ കൊണ്ടുവന്ന ഈ ആലോചനയ്ക്ക് എനിക്ക് സമ്മതമാ. എന്റെ കല്യാണം നടത്തി തരാന്‍ നിങ്ങള്‍ക്ക് വയ്യെങ്കില്‍, നിങ്ങളാരും ഈ വിവാഹത്തിന് പങ്കെടുക്കണമെന്നില്ല. ഇത്രേ കാലായിട്ട് എന്റെ കല്യാണം മുടക്കിയതൊന്നു പോരെ നിങ്ങള്‍ക്ക്?'
വിനയന്‍ അത് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
'വിനയാ, ഇങ്ങനെ തന്നെ പറയണം. ഇഷ്ടമല്ലെങ്കില്‍ അവരോട് പോകാന്‍ പറയണം.'
'വിനയാ, നമുക്ക് ഇത് ഉടനെ നടത്താം.' അത് പറഞ്ഞ് വിനയനെ സമാധാനിപ്പിച്ച് വത്സല നന്ദനയുമായി ഇറങ്ങി.
അപ്പോഴാണ് ഉടനെ വിനയന്റെ ഫോണ്‍ ശബ്ദിച്ചത്. പ്രൊഡ്യൂസര്‍ ശബരിനാഥ് ആയിരുന്നു. മുമ്പ് താന്‍ എഴുതി ട്യൂണിട്ട പാട്ട് ശബരിനാഥ് സാറിന് വിനയന്‍ അയച്ചുകൊടുത്തിരുന്നു. അത് കേട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ശബരിനാഥ് സാര്‍ വിളിച്ചത്.
'ഹായ് വിനയ'
'ഹായ് ശബരി സാര്‍'
'വിനയാ, നിനക്ക് സന്തോഷം നല്‍കുന്ന ഒരു കാര്യം പറയാനാണ് വിളിച്ചത്.
നിന്റെ പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷനു വേണ്ട എല്ലാ ചെലവും ഞാന്‍ വഹിക്കാം. പാട്ടും എനിക്ക് ഇഷ്ടമായി. പാട്ട് റിക്കോര്‍ഡിങ് കഴിഞ്ഞാല്‍ നമുക്ക് ആല്‍ബത്തിന്റെ ഷൂട്ടും ഉടനെ തുടങ്ങാം.' എന്തു പറയുന്നു.
സന്തോഷമായി..സന്തോഷമായി. ശബരി സാര്‍. ഒത്തിരി സന്തോഷമായി.
വിനയന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
എന്നാല്‍ ഞാന്‍ നാളെ വിളിക്കാം. ബാക്കിയുള്ള കാര്യങ്ങളൊക്കെ നേരില്‍ സംസാരിക്കാം.
ശബരി സാര്‍ ഫോണ്‍ വച്ചിട്ടും വിനയന്‍ തന്റെ അമിത സന്തോഷത്തില്‍ നിന്ന് മുക്തനാകാതെ കുറച്ചുനേരം നിന്നു.
ഇരുട്ടില്‍ വര്‍ഷങ്ങളോളം കിടന്ന ഒരു ദീപം പെട്ടെന്ന് തെളിയുന്നതുപോലെ, വിനയന്റെ മുഖത്ത് ഒരു പ്രകാശം പരന്നു. കാര്‍ത്തിക നക്ഷത്രം ആകാശത്ത് മാത്രമല്ല, അവന്റെ ജീവിതത്തിലും ഉദിച്ചിരിക്കുന്നു. വര്‍ഷങ്ങളായി അടുക്കളയുടെ ചൂടില്‍ വെന്തുരുകിയ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തണല്‍ കിട്ടിയിരിക്കുന്നു. എഴുത്തും പാട്ടും പുതിയ കല്യാണിയും - എല്ലാം കൂടി അവന് പുതിയൊരു ജന്മം പോലെ തോന്നി.
അവന്‍ പതിയെ ജനലരികിലേക്ക് നടന്നു. പുറത്ത് മഴമേഘങ്ങള്‍ മാറി വെളിച്ചം പരന്നിരിക്കുന്നു.
വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മനസ്സിന്റെ കവാടത്തില്‍ ആദ്യമായി പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം വീണതുപോലെ, നനഞ്ഞ ഭൂമിക്ക് മുകളില്‍ ആകാശം ഏഴുനിറം ചാലിച്ച് ഒരു മഴവില്ല് വിരിച്ചിരിക്കുന്നു. തകര്‍ന്നുപോയ സ്വപ്നങ്ങള്‍ക്കിടയിലും ഇനിയും പൂക്കാന്‍ ബാക്കിയുള്ള ജീവിതമുണ്ടെന്ന് ആ നിറക്കൂട്ട് അവനോട് മെല്ലെ മന്ത്രിക്കുന്നതുപോലെ വിനയന് അനുഭവപ്പെട്ടു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates