ശ്രീലത മലയില്‍ എഴുതിയ കഥ AI Image
Pen Drive

അരണ്ട നിലാവെളിച്ചത്തില്‍ ആ കാഴ്ചകണ്ട് ഞെട്ടി, കുഴിയില്‍ ദേവിയുടെ ആഭരണപ്പെട്ടി

അത്താഴപ്പൂജ കഴിഞ്ഞപ്പോള്‍ - പ്രൊഫ. ശ്രീലത മലയില്‍ എഴുതിയ കഥ

പ്രൊഫ. ശ്രീലത മലയില്‍

ത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞു നടയടച്ചു മേല്‍ശാന്തി വേഗത്തില്‍ ശ്രീകോവിലിനു പുറത്തിറങ്ങി. രാത്രികാലത്തു ദേവതകള്‍ പരാശക്തിയുമായി സംവദിക്കാനും സമയം ചെലവഴിക്കാനും എത്തുമെന്നാണ് വിശ്വാസം. തിരുവോണത്തിന്റ്‌റെ അവധി ദിവസങ്ങളായതുകൊണ്ടു കീഴ്ശാന്തിയും കഴകക്കാരന്‍ വാരിയരും അവധിയിലാണ്. അവരുടെ പണികള്‍ കൂടി ചെയ്യേണ്ടി വന്നതുകൊണ്ടാവാം ലേശം അവശതയുണ്ട്.

കിഴക്കേ ഗോപുരവാതില്‍ പൂട്ടി പുറത്തിറങ്ങുന്നതിനു മുന്‍പ് ഒരു പ്രദക്ഷിണം പതിവാണ്. ക്ഷേത്രമതില്‍ക്കകത്തുനിന്ന് ഭക്തരെല്ലാം പുറത്തേക്കിറങ്ങി എന്നുറപ്പു വരുത്താന്‍. വലംചുറ്റി ഗോപുരപ്പടി കടന്നപ്പോഴേക്കും കാവല്‍ക്കാരന്‍ വലിയ ഗോപുരവാതില്‍ പൂട്ടാനൊരുങ്ങി.

പെട്ടെന്ന് അകത്തെന്തോ ശബ്ദം കേട്ടതുപോലെ. ജാഗ്രതയോടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഓര്‍ത്തു. ഊരാണ്മ്മക്കാരായി ഇപ്പോള്‍ ഒരൊറ്റ കുടുംബമേയുള്ളു. ക്ഷേത്രകാര്യങ്ങളുടെ എല്ലാ അവകാശങ്ങളും ഉത്തരവാദിത്തവും തനിക്കാണ്. പരാശക്തിയുടെ പൂജാദി ആചാരങ്ങള്‍ക്കും സ്ഥാവരജംഗമ സമ്പാദ്യങ്ങള്‍ക്കും ഒരു വിഘ്‌നവും വന്നുകൂടാ.

ശ്രീകോവിലിനു മുന്നിലെ പൂട്ട് തുറക്കുമ്പോള്‍, എന്തോ വീഴുന്ന ശബ്ദം വീണ്ടും. അല്‍പ്പം അങ്കലാപ്പോടെ അകത്തേക്ക് കയറിയപ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം. പരാശക്തിയെ മനസ്സില്‍ ധ്യാനിച്ച് ശ്രീകോവിലിനു ചുറ്റും നടന്നു. ആരെയും കാണാതെ വീണ്ടും പരിസരത്തു മുഴുവന്‍ പരതി. പെട്ടെന്നാണ് കണ്ടത്. തിടപ്പള്ളിയുടെ ചുമരിനോടുചേര്‍ന്ന് തറയിലെ ഒരു സ്‌ളാബ് ഇളക്കിമാറ്റിയതു പോലെ. അല്‍പ്പം ഭയത്തോടെ അദ്ദേഹം സ്‌ളാബ് പതിയെ പിടിച്ചു പൊക്കി.

അരണ്ട നിലാവെളിച്ചത്തില്‍ ആ കാഴ്ചകണ്ട് ഞെട്ടി പുറകോട്ടു മാറി. മഴവെള്ളം ഒഴുകിപ്പോകാനായി സ്ലാബിനടിയിലുണ്ടാക്കിയ കുഴിയില്‍ ദേവിയുടെ വിലകൂടിയ ആഭരണങ്ങളുടെ പെട്ടി. ആ കാഴ്ച ഉള്‍ക്കൊള്ളാനാവാതെ ചലനശേഷിയറ്റ് നിന്നുപോയി. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട അവസ്ഥ. പെട്ടി നഷ്ടപ്പെടാതെ ഇവിടെനിന്നു എടുത്തു മാറ്റേണ്ടത് തന്റ്‌റെ കര്‍ത്തവ്യം. തന്നെ മാത്രം വിശ്വസിച്ചു കാവല്‍ക്കാരനാക്കി അങ്ങ് ദൂരെ ഇരിക്കുന്നവരോട് ഉത്തരം പറയണം. പക്ഷേ, അടുത്തെവിടെയോ ഇരുന്ന് ഒരു മോഷ്ട്ടാവ് തന്നെ നിരീക്ഷിക്കുന്നുണ്ടാകും. എടുത്തുചാടി എന്തെങ്കിലും ചെയ്താല്‍ മണ്ടത്തരമാകും.

'എന്തുപറ്റി തിരുമേനി? ഞാനകത്തേക്കു വരണോ? ' കാവല്‍ക്കാരന്‍ പ്രകാശ്.

'. ഞാനിതാ വരുന്നു '. എന്തോ നിശ്ചയിച്ചുറച്ചതുപോലെ അദ്ദേഹം ശ്രീകോവില്‍ പൂട്ടി പുറത്തേക്കിറങ്ങി.

കിഴക്കേ ഗോപുരം പൂട്ടി മതില്‍ക്ക് പുറത്തു പ്രദക്ഷിണമായി പടിഞ്ഞാറേ ഗോപുരവാതിലിലെത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നകത്ത് കയറി. ശ്രീകോവിലിനു പുറത്ത് നിലയുറപ്പിച്ചു. മനസ്സിലെ ഭീതി കൈകാലുകളെ തളര്‍ത്തുന്നതുപോലെ തോന്നിയെങ്കിലും എല്ലാം പരാശക്തിയിലര്‍പ്പിച്ചു.

പെട്ടെന്ന് വാതില്‍ തുറന്ന് ഒരാള്‍ പുറത്തേക്ക്. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി അയാള്‍ അടുത്തേക്ക് നടന്നു വരുന്നു. തിരുമേനി ഒട്ടും ശങ്കിക്കാതെ ഓടിച്ചെന്ന് അയാളുടെ കാല്‍ക്കല്‍ സാഷ്ട്ടാംഗ പ്രണാമം ചെയ്തു. അയാളുടെ കയ്യില്‍ തൂക്കിയിരുന്ന സഞ്ചി തോളില്‍ തട്ടിയപ്പോള്‍ വേദനിച്ചെങ്കിലും അതിനു വേണ്ടിയാണല്ലോ തന്റ്‌റെ പരാക്രമങ്ങള്‍ എന്നദ്ദേഹം സമാധാനിച്ചു.

പൂജാരിയുടെ അപ്രതീക്ഷിത നീക്കത്തില്‍ അന്ധാളിച്ചു നിന്ന തസ്‌ക്കരന്‍ ഒന്ന് പുറകോട്ടു ചാടി. 'അങ്ങേന്താണീ കാണിക്കുന്നത് ? എഴുന്നേല്‍ക്കൂ.'

'സഹോദര....നോം ക്ഷേത്രത്തിലെ മേല്ശാന്തി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു സ്വപ്ന ദര്‍ശനം തന്നുകൊണ്ടിരിക്കണു. അടുത്ത ദിവസങ്ങളില്‍ ഒരു വിശിഷ്ട്ടാഥിതി രാത്രിയുടെ ആദ്യയാമത്തില്‍ ക്ഷേത്രദര്‍ശനത്തിനായി എത്തും. അദ്ദേഹത്തെ ആചാരപൂര്വം സ്വീകരിക്കുക ' ഇതാണ് സ്വപ്നത്തിലെ വെളിപാട്.''

' അങ്ങ് ശങ്കിക്കാതെ നമ്മുടെ ആദിത്യം സ്വീകരിച്ചു് ഇല്ലത്തേക്ക് വരിക. ഇവിടെ അടുത്താണെ '

എന്തു ചെയ്യണമെന്നറിയാതെ തസ്‌ക്കരന്‍ കുഴങ്ങി. ഈ മണ്ടശിരോമണിയെ അനുസരിക്കുന്നതാവും ഇപ്പോള്‍ ഉചിതം. തൊണ്ടിമുതല്‍ സൂഷിക്കാനൊരിടവും തരപ്പെടും. രണ്ടുപേരും കൂടി ഇല്ലത്തേക്ക് നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു.

'എന്റ്‌റെ പേര് സത്യശീലന്‍...എന്നെ അങ്ങിനെ വിളിച്ചോളൂ. '

എത്ര ഉചിതമായ നാമധേയം. തിരുമേനി ഊറിച്ചിരിച്ചു.

അദ്ദേഹം വിനയാന്വിതനായി മോഷ്ട്ടാവിനെ സ്വീകരിച്ചു , അയാള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തു. അയാളാകെ അസ്വസ്ഥനായി. ഈ മണ്ടന്‍ നമ്പൂതിരിയെ ഒഴിവാക്കി പെട്ടി ഒന്നൊളിപ്പിക്കണം. തിരുമേനിയും ഉറക്കം നടിച്ചു് തസ്‌ക്കാരന്റ്‌റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു. പ്രതീക്ഷിച്ചതുപോലെ പെട്ടിയുമായി അയാള്‍ പത്തായപ്പുരയിലേക്കു കയറി. ഹാവൂ......ആശ്വാസമായി.

ബ്രാഹ്മ മുഹൂര്‍ത്തം. സുപ്രഭാത'ത്തിന്റ്‌റെ ഈണങ്ങളില്‍ പരാശക്തി പള്ളിയുണരുന്നു. സത്യശീലന്‍ തിരുമേനിക്കൊപ്പം, നിവൃത്തിയില്ലാതെ നിര്മാല്യദര്‍ശനം ചെയ്തു. ദേവീ....എങ്ങിനെയെങ്കിലും സാധനവും കൊണ്ട് ഇവിടെനിന്ന് രക്ഷപെടുത്തണമേ. ..ഛെ... ഉടയോനോടു തന്നെ അനുവാദം ചോദിക്കുന്നു. അയാള്‍ക്ക് ചിരി വന്നു .

തിരുമേനി പൂജ കഴിഞ്ഞു പുറത്തിറങ്ങുന്നതുവരെ ഇവിടെ തങ്ങാതെ വയ്യ. പക്ഷേ, വിവരം പുറത്തറിഞ്ഞാല്‍ താന്‍ കുടുങ്ങും. പതിനൊന്നു മണിയോടെ പൂജ കഴിഞ്ഞു. ഇല്ലത്തേക്ക് അയാള്‍ മേല്‍ശാന്തിയെ അനുഗമിച്ചു. പ്രാതലിനു ശേഷം മുറുക്കാന്‍ ചെല്ലം മുന്നിലേക്ക് നീക്കി വച്ച്, തിരുമേനി സത്യശീലനോട് പറഞ്ഞു.

'അങ്ങു ഇവിടെ എത്തിച്ചേര്‍ന്നതിന് ഒരു നിയോഗമുണ്ട്. ഇന്നലെ രാത്രി അതും നമ്മെ കാട്ടിത്തന്നിരിക്കണു ' ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു.

'ഇവിടെ വേദപണ്ഡിതരുടെ സത്സംഗം നാളെ തുടങ്ങുകയാണ്. അങ്ങൊരു പ്രഭാഷണം നടത്തണം. അസാന്മാര്‍ഗീക പ്രവണതകളില്‍ നിന്നൊക്കെ വിട്ടുനില്‍കാനായി നമ്മുടെ കുട്ടികള്‍ക്കൊരു പ്രചോദനം. അതിനു ഏറ്റം ഉത്തമന്‍ അങ്ങു തന്നെ. '

' തിരുമേനി.... അയാളുടെ വിളി, നിലവിളിയായിപ്പോയി.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരന്റ്‌റെ പള്ളക്ക് കോമ്പസ്മുന കുത്തിയിറക്കി , പേടിച്ചു നാടുവിട്ടോടി. പിന്നെ കുറഞ്ഞൊരു കാലം കൊണ്ട് 'ഗുണ്ടാശീലന്‍ ' ആയി പ്രസിദ്ധി നേടി. ഇപ്പോളിതാ സത്സംഗം നടത്തുന്ന ആചാര്യനായിരിക്കുന്നു. പ്രകൃതിയുടെ ഒരു വികൃതിയെ ...'കക്കാനും മോട്ടിക്കാനും ,വേണമെങ്കില്‍ ഒരുത്തനെ ഒന്ന് താങ്ങാനും എങ്ങിനെ അനായാസം സാധിക്കും ? ' വിഷയം അതായിരുന്നെങ്കില്‍ ഒന്ന് ഷൈന്‍ ചെയ്‌തേനെ. ഇദിപ്പോ.... ഒന്നും മിണ്ടാനാവാതെ അയാള്‍ തലകുനിച്ചു നിന്നു.

ഈ മന്ദബുദ്ധിയെ ഒഴിവാക്കി തോണ്ടിമുതലുമെടുത്തു രക്ഷപെടാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. നാലാം ക്‌ളാസ്സിന്റ്‌റെ തനിയാവര്‍ത്തനം. പക്ഷേ ഈ തിരുമേനിയുടെ കരുതലും സ്‌നേഹവും ....അതു വേണ്ട.

'ഇങ്ങട് ഇരിക്കുക...ഇതങ്ട് ഭുജിക്കുക. ഇനിയല്പം ശയിക്കുക' ഇങ്ങനെയെ പ്പോഴും നിഴലായി കൂടെ. അയാളെ വെറുതെ വിട്ട് മൊതലുമായി മുങ്ങണം..'

''ഇതങ്ട് മനനം ചെയ്യുക...എല്ലാം ഇതിലുണ്ടെ '. ഒരു തടിച്ച പുസ്തകവുമായി നമ്പൂതിരി മുന്നില്‍. അക്ഷരം കൂട്ടി വായിക്കാന്‍ പറ്റാത്ത താന്‍....എന്റ്‌റെ ഗുരോ....ഗുണ്ടവേലപ്പനോട് അയാള്‍ക്ക് വല്ലാത്ത അരിശം തോന്നി. ജീവിതാവസാനം വരെ കഴിയാനുള്ള മൊതലുണ്ടാവും..പോയിട്ട് വാ..എന്നൊക്കെ തലയില്‍ കൈ വച്ച്..

' തിരുമേനീ ...ഇനി എനിക്ക് പോണം. ധാരാളം സത്സംഗവും ഗീതാക്ലാസ്സുമൊക്കെ ബുക്കിങ് ഉള്ളതാണ്. എല്ലാം തീര്‍ക്കണം. ' അയാള്‍ വിനയാന്വിതനായി.

' ശരി...മറ്റന്നാള്‍ ഉത്സവം കൊടിയേറുകയാണ്. ഒരു മഹാത്മാവിന്റ്‌റെ കരസ്പര്‍ശമുണ്ടെങ്കിലേ കൊടിയേറൂ........'' അയാള്‍ക്ക് തല കറങ്ങി വീഴുമെന്നു തോന്നി. ഇയാളുടെ കാല്‍ക്കല്‍വീണു മാപ്പു പറഞ്ഞാലോ എന്നു പോലും ആലോചിച്ചു.

പെട്ടെന്നൊരു ഞെട്ടലോടെ ഓര്‍ത്തു..... ഉത്സവത്തിന് ദേവിയെ ആടയാഭരണങ്ങളെല്ലാം അണിയിച്ചല്ലേ ഒരുക്കുന്നത്? ഉടനെ പിടിക്കപ്പെടുമെന്നയാള്‍ക്കുറപ്പായി. എന്തെങ്കിലും ചെയ്തേ പറ്റൂ. മുതലെടുക്കാന്‍ നില്‍ക്കേണ്ട...എങ്ങിനെയെങ്കിലും തടി കേടാകാതെ രക്ഷപ്പെട്ടാല്‍ മതിയെന്നായി. .

' ആ ചടങ്ങു് അടുത്ത ഉത്സവത്തിനാകാം തിരുമേനി ...എന്നോട് പൊറുക്കണം '

'ശിവ ..ശിവ. എന്തായീ കേള്‍ക്കണേ. നാമങ്ങയോട് പൊറുക്കുകേ...

ശരി...നാളെ നിര്മാല്യദര്‍ശനത്തിനു ശേഷം മടങ്ങുക...''

എഴുവെളുപ്പിന് കുളിച്ചു റെഡിയായി അയാള്‍ ഉമ്മറത്തെത്തി. മുന്നിലൊരു തുണി സഞ്ചിയുമായി തിരുമേനി.

' ഇതങ്ട് സ്വീകരിക്കുക.... ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളും അല്‍പ്പം അവില്‍ വിളയിച്ചതും യാത്രാച്ചിലവിനുള്ള പണവും ഇതിലുണ്ട്. തിരസ്‌ക്കരിക്കല്ലേ '

അയാള്‍ക്ക് പൊട്ടിക്കരയാന്‍ തോന്നി. അന്നാദ്യമായി സത്യശീലന്‍ നിര്‍മ്മാല്യ ദര്‍ശനത്തിനായി കണ്ണടച്ചു തൊഴുകൈയ്യോടെ നിന്നു. മേല്‍ശാന്തി മണിയടിച്ചു നട തുറന്നു. സുപ്രഭാതഗീതം മുഴങ്ങി. അയാളുടെ തുറന്ന കണ്ണുകളില്‍ സര്‍വാഭരണവിഭൂഷിതയായ ദേവിയുടെ സുന്ദര രൂപം. വിശ്വസിക്കാനാവാതെ അയാള്‍ വീണ്ടും വീണ്ടും തൊഴുതു കൊണ്ടേയിരുന്നു...

പരാശക്തിയേയോ...അതോ ദേവിയുടെ അരികില്‍ ചിരിച്ച മുഖവുമായി തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ആ രൂപത്തെയോ....അയാള്‍ സാഷ്ട്ടാന്ഗം നമസ്‌ക്കരിച്ചു.

Malayalam short story written by Sreelatha Malayil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരത്ത് പൊലീസുകാരനെ തല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കേസ്

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സുമായി അസാപ്, താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം

സാമ്പത്തിക പ്രതിസന്ധിക്ക് നിക്ഷേപകർ ഉത്തരവാദികളല്ല , സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കരുത്: ഉപഭോക്തൃ കമ്മീഷന്‍

പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?

SCROLL FOR NEXT