സൂറത്ത് കേരള കലാ സമിതി സംഘടിപ്പിച്ച മലയാളി മഹാസംഗമത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പായിപ്ര രാധാകൃഷ്ണന് സാഹിത്യ പ്രതിഭ പുരസ്‌കാരം സമ്മാനിക്കുന്നു surat kerala kala samiti 
Pen Drive

ഗുജറാത്തിലെ കേരള മോഡല്‍ - ഒരു കലാ സമിതിയുടെ കഥ, സ്‌കൂളിന്റേയും

സുരേഷ് കീഴില്ലം

ഗുജറാത്ത് മോഡല്‍ ഒട്ടേറെ രാഷ്ട്രീയ അഭിപ്രായവിത്യാസങ്ങളുള്ള ഒരു പരാമര്‍ശമാണ്. പക്ഷെ, ഗുജറാത്തിലെ ഈ കേരള മോഡല്‍ യാതൊരുവിവാദത്തിനും ഇടനല്‍കുന്നില്ലെന്ന് മാത്രമല്ല, മതരാഷ്ട്രീയസാമൂഹ്യ ഭേദമില്ലാതെ ഏവരും തലകുലുക്കി ശരിവയ്ക്കുന്നതുമാണ്.

അത് കൃത്യമായി സാക്ഷ്യപ്പെടുത്തുന്ന രണ്ട് ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞ ജനുവരി മൂന്ന്, നാല് തീയതികള്‍. സൂറത്തില്‍ കേരള കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മലയാളി മഹാസംഗമവും സമിതി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ സി.ബി.എസ്.ഇ സ്‌കൂളിന്റെ ഉദ്ഘാടനവും.

സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍ ആണ്. വീര്‍ നര്‍മ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കിഷോര്‍സിങ്ങ് എന്‍ ചാവ്ദ, എം.എല്‍.എമാരായ സന്ദീപ് ദേശായി, മനുഭായ് എം പട്ടേല്‍, സൂറത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. ഭഗീരഥ് സിങ്ങ് എസ് പര്‍മാര്‍, പരേഷ് പട്ടേല്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു, അത്.

അതിന്റെ തലേന്ന് നടന്ന മലയാളി മഹാസംഗമമാകട്ടെ, മലയാളത്തിലെ ഉജ്ജ്വല പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി. രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കാനെത്തിയത് ഗുജറാത്ത് മലയാളികള്‍ അടക്കമുള്ള വന്‍ജനാവലിയും.

കേരള കലാസമിതി വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ സൂറത്തിലെ മലയാളികളുടെ മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു എന്നാണ് വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിരീക്ഷിച്ചത്.

കേരളത്തിനു തന്നെ ദിശാനിര്‍ദേശം നല്‍കാന്‍ കെല്പുള്ള വിധം സമിതി വളര്‍ന്നു പന്തലിച്ചു എന്നും അദ്ദേഹം പറഞ്ഞു. സൂറത്ത് കേരള കലാസമിതി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന മലയാളി മഹാസംഗമവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. സമിതി പ്രസിഡന്റ് സുരേഷ് പി നായര്‍ അധ്യക്ഷത വഹിച്ചു.

പായിപ്ര രാധാകൃഷ്ണന്‍, ജോണി ലുക്കോസ്, ജയരാജ് വാര്യര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ആര്‍ട്ടിസ്റ്റ് മദനന്‍ എന്നിവര്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെ വേദിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ രേഖകളിലേക്ക് ആവാഹിച്ചത് സദസ്സിന് വലിയ കൗതുകമായി. തുടര്‍ന്ന് വയലാര്‍ സ്മൃതിയും ജയരാജ് ഷോയും നടന്നു.

മലയാളി സംഗമത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലാസാഹിത്യ ശില്‍പശാലയും അവിസ്മരണീയമായി. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും എഴുത്തുകാരനുമായ പായിപ്ര രാധാകൃഷ്ണനായിരുന്നു ക്യാമ്പ് ഡയറക്ടര്‍. കേരളത്തില്‍ നിന്നുള്ള പ്രതിഭാശാലികളുമായി സംവദിക്കാന്‍ ഗുജറാത്തിലെ മലയാളി കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത് നടാടെയായിരുന്നു.

1971 ലാണ് സൂറത്തില്‍ കേരള കലാസമിതി രൂപീകരിക്കുന്നത്. കെ പി ജോണ്‍ ആയിരുന്നു സമിതിയുടെ സ്ഥാപക പ്രസിഡന്റ്. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ അല്പം കലാസാംസ്‌കാരിക പരിപാടികള്‍, മലയാളികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കൈത്താങ്ങ് ഒരുക്കുക എന്നിങ്ങനെ മറ്റേതൊരു മറുനാടന്‍ മലയാളി സംഘടനയും പോലെ തന്നെയായിരുന്നു കേരള കലാസമിതിയും.

പക്ഷെ, 1976 ല്‍ സമിതി കൈക്കൊണ്ട ഒരു തീരുമാനം ചരിത്രപരമായി മാറി. സൂറത്തിലെ മലയാളി കുട്ടികള്‍ക്കായി സമിതിയുടെ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങാനുള്ള തീരുമാനമായിരുന്നു അത്. ആ വര്‍ഷം ജൂലൈ മാസം ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ഉദ്‌ന ഒന്നാം നമ്പര്‍ റോഡരികില്‍ വാടകയ്ക്ക് എടുത്ത ചെറിയ കെട്ടിടത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഒരു ടീച്ചറും ഒരു സഹായിയും കേവലം 18 കുട്ടികളുമായി നന്നെ ചെറിയ ഒരു തുടക്കം.

പരിമിതമായ സ്ഥലസൗകര്യവും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയായി സ്‌കൂള്‍ മുന്നോട്ട് പോയി.

സമിതിയുടെ അഭ്യുദയകാംഷി ആയിരുന്ന പ്രഭുദാസ് ബിചാന്ദ് മോഡി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉദ്‌ന റോഡ് നമ്പര്‍ 1 ലെ സ്ഥലം ഉപയോഗിക്കാന്‍ സമിതി ഭാരവാഹിയായ പി ആര്‍ നായര്‍ക്ക് അനുവാദം നല്‍കിയതോടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടി.

1975 ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്ത് ഈ വിദ്യാലയം സമിതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1985 ല്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.

എംജിഎസ് നമ്പൂതിരി സമിതി പ്രസിഡന്റായിരുന്നപ്പോഴാണ് പോസ്റ്റല്‍ സൊസൈറ്റിയിലുള്ള ഇന്നത്തെ വളപ്പിലേക്ക് 1995 ല്‍ സ്‌കൂള്‍ പറിച്ചുനടുന്നത്. പുതിയ കെട്ടിടം സൂറത്ത് കലക്ടറായിരുന്ന വി എസ് ഗാന്ധി ഐ എ എസിന്റെ സാന്നിദ്ധ്യത്തില്‍ ബറോഡയിലെ മഹാരാജ സയാജി റാവു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായിരുന്ന ഡോ. പത്മ രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്.

കെആര്‍ജി നായര്‍ പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ 2001 ല്‍ സ്‌കൂള്‍ വീണ്ടും അനേകം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

കേരള കലാസമിതിയുടെ പുതിയ സ്‌കൂള്‍

സമിതി ഭാരവാഹികളായിരുന്ന ശ്രീനിവാസന്‍, യു കെ പിള്ള, സേതുമാധവന്‍, ടി കെ രാജന്‍ തുടങ്ങിയവരുടെയൊക്കെ ശ്രമഫലമായാണ് സ്‌കൂള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ താണ്ടിയത്. മലയാളികളും പ്രദേശവാസികളുമായി ഏതാണ്ട് അയ്യായിരത്തിലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.

ഇപ്പോഴത്തെ പ്രസിഡന്റ് സുരേഷ് പി നായരുടെ നേതൃത്വത്തില്‍ സൊനാരിയില്‍ ആരംഭിക്കുന്ന പുതിയ സ്‌കൂളിന്റെ ഉദ്ഘാടനമാണ് ഇപ്പോള്‍ നടന്നത്. ഒരേസമയം പതിനായിരത്തോളം കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ബഹുനില സ്‌കൂള്‍ സമുച്ചയവും വിശാലമായ സ്‌കൂള്‍ കാമ്പസുമാണ് ഒരുക്കിയിട്ടുള്ളത്. പുതിയ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ അഞ്ഞൂറോളം ജീവനക്കാരുണ്ടാവും ഇവിടെ. മലയാള പുസ്തകങ്ങള്‍ അടങ്ങുന്ന വിശാലമായ ലൈബ്രറിയാവും സ്‌കൂളിന്റെ പ്രധാന ആകര്‍ഷണം.

ഉദ്‌നയിലെ ചെറിയ കെട്ടിടത്തില്‍ കേരള കലാസമിതിയുടെ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ആശംസാ പ്രസംഗകരിലൊരാള്‍, വരും കാലത്ത് ഈ സ്‌കൂള്‍ ഒരു യൂണിവേഴ്‌സിറ്റിയായി മാറട്ടെ എന്ന് ആശംസിച്ചിരുന്നു. അത് ഒരു അതിശയോക്തിയായിട്ടല്ല, അതിശക്തമായ ദിശാസൂചകമായി തന്നെയാണ് സമിതി ഭാരവാഹികള്‍ കണ്ടത്. സ്‌കൂളിന്റെ ഓരോ വളര്‍ച്ചയുടേയും പടവുകള്‍ കയറുമ്പോള്‍ അവര്‍ ഗുജറാത്തില്‍, മലയാളികള്‍ നേതൃത്വം കൊടുക്കുന്ന ഒരു സര്‍വ്വകലാശാല സ്വപ്നം കാണുന്നു.

കേരള കലാസമിതിയുടെ മറ്റൊരു സ്വപ്നപദ്ധതിയാണ് സൂറത്തില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ചെറിയ ചില തടസ്സങ്ങള്‍ കൂടി മാറിക്കിട്ടിയാല്‍ ആശുപത്രി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സമിതി ഭാരവാഹികളായ സുരേഷ് പി നായര്‍, പ്രദീപ് ശ്രീധരന്‍ എന്നിവര്‍ പറയുന്നു.

2024 വര്‍ഷം ഏറ്റവും നല്ല മറുനാടന്‍ മലയാളി സംഘടനയ്ക്കുള്ള അക്ഷയ പുരസ്‌കാരം സൂറത്ത് കേരള കലാസമിതിക്കു ലഭിച്ചതോടെയാണ് കേരളത്തിലെ പൊതുസമൂഹം ഈ മറുനാടന്‍ വിജയഗാഥ തിരിച്ചറിയുന്നത്.

ഉപജീവനത്തിനായി വണ്ടികയറി ചെന്നവര്‍ ഗുജറാത്ത് പോലൊരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, കലാ, സാഹിത്യ മേഖലകളില്‍ അതിശക്തമായി നിലയുറപ്പിച്ച കഥയാണ് കലാസമിതിയുടേത്. എവിടേയും നടന്നുകയറിച്ചെന്ന് സ്വയം അടയാളപ്പെടുത്തുന്ന മലയാളി സര്‍ഗ്ഗാത്മകതയ്ക്കുള്ള മറ്റൊരു ഉദാഹരണം.

Story of a Gujarat Malayali school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെക്‌സ് ചാറ്റ് ആപ്പുകളില്‍ സജീവം, ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെ കൊലപാതകം; ഷിജിന്‍ കൊടുംക്രിമിനല്‍

'ജാനകിയമ്മ ആരോ​ഗ്യവതി'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചേക്കും?; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് തുടരും

'അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനം', കേരള കുംഭമേളയില്‍ ഇന്ന് പുണ്യസ്‌നാനവും സൂര്യാരാധനയും

എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്

SCROLL FOR NEXT