സുകുമാര്‍ അഴീക്കോട് എഴുതിയ ലേഖനം sukumar azhikode file
Archives

Archive|ഈ ദൈവവും തോല്‍ക്കുമോ? സുകുമാര്‍ അഴീക്കോട് എഴുതിയ ലേഖനം

(മലയാളം വാരിക 1997 23 മേയ് (ലക്കം രണ്ട്)ല്‍ പ്രസിദ്ധീകരിച്ചത്)

സുകുമാര്‍ അഴീക്കോട്

(മലയാളം വാരിക 1997 23 മേയ് (ലക്കം രണ്ട്)ല്‍ പ്രസിദ്ധീകരിച്ചത്)

ദൈവം മരിച്ചെന്നോ, മരിച്ചിട്ടില്ലെങ്കില്‍ തോറ്റെന്നോ (രണ്ടായാലും മരണം തന്നെ!) ആദ്യം പറഞ്ഞത് ആരാണ്? നീഷെയാണോ?

ആ ദൈവം, ഇന്നും എന്നും പുതിയ വിശ്വാസികളെ ആകര്‍ഷിച്ചുകൊണ്ട് പൂജിക്കപ്പെട്ടു പോരുന്നു. നീഷെയും നീഷെയുടെ പ്രഖ്യാപനവുമാണ് മരിച്ചത്. നീഷെയുടെ പ്രഖ്യാപനത്തിനുശേഷം ജനവിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ട് പല ഉപദേവതകളും പ്രത്യക്ഷപ്പെട്ടിരുന്നു. കമ്യൂണിസത്തെ നവദൈവമായിക്കണ്ട ആര്‍തര്‍ കോയിസ്റ്റരെപോലുള്ളവര്‍ ആ ദൈവവും തോറ്റു എന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തെ ദൈവമായി കണ്ടവരും തങ്ങളുടെ ദേവതയുടെ പരാജയം അനുഭവിച്ചുകഴിഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇനി തോല്‍ക്കാന്‍ അവശേഷിച്ചിരിക്കുന്നത് രണ്ട് ദൈവങ്ങളാണ്. ഒന്ന് ജുഡീഷ്യറി എന്ന നിയമവ്യവസ്ഥയും പിന്നെ പത്രങ്ങളും. പൊങ്ങിപ്പുറത്തുവന്ന കൂറ്റന്‍ കളവുകേസുകളിലെ പ്രധാന പ്രതികളായ 'വിശ്രുത ഇന്ത്യന്‍ പൗരന്മാര്‍' (വി.ഐ.പിയുടെ പുതിയ വിപുലീകരണം!) ബോഫോഴ്സ്, സെന്റ് കിറ്റ്‌സ്, എം.പി. കോഴ, കാലിത്തീറ്റ എന്നിവയുടെ ഊരാക്കുടുക്കില്‍നിന്ന്. നിയമത്തിന്റെ ഏത് വകുപ്പ് ഉദ്ധരിച്ചുകൊണ്ടായാലും രക്ഷപ്പെടുകയാണെങ്കില്‍ ഇന്ത്യയില്‍ നിയമത്തിലെ വിധികര്‍ത്താക്കളുടെ അന്തിമ പരാജയമായിരിക്കാം അത്.

പിന്നെ ബാക്കിനില്‍ക്കുന്നത് പത്രമാണ്. പത്രം മാത്രം. അതും പൂര്‍വദേവതകളെപ്പോലെ തോറ്റുപോവുകയാണെങ്കില്‍ 'ഒരു ദൈവം ഇന്ത്യക്കാരന്' എന്ന് നമുക്ക് ഉദ്‌ഘോഷിക്കാന്‍ പറ്റാതാവും. ദൈവമില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യക്കാര്‍ തള്ളിപ്പോകും. മഹാകവി ചോദിച്ചതുപോലെ ഇത് ''ആര്‍ക്കാനുമോര്‍ക്കാവതോ?''

ഇന്ത്യയിലെ പത്രങ്ങള്‍ ഇപ്പോള്‍ മരണഭീതിയോടെ കാതോര്‍ത്തിരിക്കുന്നത്, ഭാരതീയ പത്രലോകത്തിലേക്ക് പുതിയ കാലടികള്‍ വെളിയില്‍നിന്നു കടന്നുവരുന്നതിന്റെ ഒച്ചയെയാണ്. കേരളത്തിലെ വന്‍ പത്രങ്ങളുടെ ഉടമകള്‍ ഈ 'മൃത്യുഭീതി' പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രകടിപ്പിച്ചു വരുന്നുമുണ്ട്.

പക്ഷേ, അവ ഇവിടെ വന്നുകയറി പഴയ നാടന്‍പത്രങ്ങളെ വിഴുങ്ങുകയോ വറുത്തു ശാപ്പിടുകയോ എന്തു ചെയ്താലും പിന്നെയും നാട്ടില്‍ പത്രങ്ങള്‍ അവശേഷിക്കുക തന്നെ ചെയ്യും. നാടന്‍ പത്രങ്ങളല്ലെങ്കില്‍, മറുനാടന്‍ പത്രങ്ങള്‍. കുറച്ചുകാലം കൂടി കഴിയുമ്പോള്‍ അവ നാടന്‍ പത്രങ്ങളായിക്കൂടായ്കയില്ല.

ഇപ്പോഴത്തെ നാടന്‍പത്രങ്ങള്‍ നിലനില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറുനാടന്‍ നാടനാകുമ്പോള്‍ ആ നാടന്‍ ശരിയായ നാടനല്ലാതാകും. അതൊരു ഭാഷാപരമായ ആപത്തു മാത്രമല്ല, സംസ്‌കാരത്തിനും ജീവിതത്തിനും വന്നുപെടുന്ന വിപത്തുമാണ്.

സുകുമാർ അഴീക്കോട്

എങ്കിലും അത്തരമൊരു ദുരന്തസാഹചര്യത്തിലും ഇവിടെ പത്രങ്ങള്‍ കാണും. ഇന്ത്യയിലെ സമൂഹത്തെ നേരിടുന്ന ബാഹ്യങ്ങളായ എതിര്‍ ശക്തികളെപ്പറ്റിയല്ല ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നത്; ഇന്ത്യന്‍ പത്രങ്ങളുടെ ആന്തര ദൗര്‍ബല്യങ്ങളെയാണ്. ബാഹ്യശത്രുക്കള്‍ ആത്മാവിനെ ബാധിക്കയില്ല. എന്നാല്‍, അന്തര്‍വൈകല്യങ്ങള്‍ ആത്മക്ഷയം വരുത്തിവെയ്ക്കുന്നു.

ആശ്ചര്യമെന്നു പറയട്ടെ, ഈ അന്തര്‍വൈകല്യങ്ങള്‍ ആരംഭിക്കുന്നത് ഇന്ത്യ സ്വാതന്ത്ര്യം നേടിയ മുഹൂര്‍ത്തം തൊട്ടാണ്. ആന്തരരോഗങ്ങള്‍ അവസാനിക്കേണ്ട ശുഭനിമിഷത്തില്‍ നമ്മുടെ പത്രവംശം മഹാരോഗങ്ങള്‍ പിടിപെട്ട് അവശമായിക്കൊണ്ടിരുന്നു.

സമരകാലം എന്നും എങ്ങും ഒരു വ്യക്തിയുടേയോ പ്രസ്ഥാനത്തിന്റേയോ ഉള്ളിലും പുറത്തും തെളിഞ്ഞും ഒളിഞ്ഞും കിടക്കുന്ന സമസ്തബലങ്ങളേയും ഉത്തേജിപ്പിക്കുന്ന അസാധാരണതയുടെ യുഗമാണ്. സ്വാതന്ത്ര്യപ്പോരിന്റെ ദശയില്‍ ഇന്ത്യന്‍ പത്രങ്ങള്‍ സുശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ മര്‍ദനങ്ങള്‍ക്കും പ്രതിഷേധമെന്നോണം വിധേയമായിരുന്നു. എത്രയോ പത്രാധിപന്മാര്‍ കാരാഗൃഹങ്ങളില്‍ എത്തിച്ചേര്‍ന്നു. എത്രയോ പത്രങ്ങള്‍ നിര്‍ത്തേണ്ടി വന്നു. പക്ഷേ, ഈ പ്രതികൂലതയുടെ ചുറ്റുപാടിലും കൊഴുത്തുവളര്‍ന്നു നാട്ടിലെ പത്രപ്രവര്‍ത്തനം. അവര്‍ അന്നെഴുതിയ മുഖലേഖനങ്ങള്‍ ബ്രിട്ടന്റെ മുഖത്ത് അതിന്റെ പാപങ്ങള്‍ കലക്കി ലേപനം ചെയ്തു. ചലപതി റാവുവിന്റെ 'നാഷണല്‍ ഹെറാള്‍ഡ്', രാമാനന്ദ ചാറ്റര്‍ജിയുടെ 'മോഡേണ്‍ റിവ്യൂ', തുഷാര്‍ കാന്തിഘോഷിന്റെ 'അമൃത ബസാര്‍ പത്രിക', കസ്തൂരി ശ്രീനിവാസന്റെ 'ഹിന്ദു', ഖാസാ സുബ്ബറാവുവിന്റെ 'സ്വതന്ത്ര', വി.ആര്‍. ഹര്‍ലയുടെ 'ആന്ധ്ര പത്രിക', കെ.പി. കേശവമേനോന്റെ 'മാതൃഭൂമി'- അന്നത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരാകാശം ഈ പത്രങ്ങളുടെ ചിറകടികൊണ്ട് സജീവമായിരുന്നു.

ആ ചൈതന്യം ഇന്നില്ല. അന്നത്തെ മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പറ്റിയ തരം പത്രങ്ങള്‍ ഇന്നില്ലെന്നുതന്നെ പറയാം. അന്നത്തെ പേന വാള്‍ത്തലയും മഷി ചോരയുമായിരുന്നു. ഇന്ന് പേനയില്‍നിന്ന് പുറത്തുവരുന്ന അക്ഷരങ്ങള്‍ കാണാന്‍ പോലും കഴിയുന്നില്ല. മഷി പച്ചവെള്ളമാണ്. പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ വിജയം പത്രപ്രവര്‍ത്തകരുടെ ശമ്പളക്കെട്ടാണ്. അന്ന് ഇന്ത്യ ജീവിക്കാന്‍ സ്വയം ജീവിതം നിഷേധിച്ചവരായിരുന്നു പത്രപ്രവര്‍ത്തകര്‍. ഇന്ന് സ്വയം ജീവിതമേയുള്ളൂ നാടിന്റെ ജീവിതം ആര്‍ക്കും പ്രശ്‌നമല്ല. ഇവരുടെ നിര്‍ജീവമായ മുഖപ്രസംഗങ്ങളില്‍ ഈ പ്രാണശൂന്യത പ്രതിഫലിക്കപ്പെടുന്നു.

ശൂര്‍പ്പണഖയോട് രാമലക്ഷ്മണന്മാര്‍ പെരുമാറിയതുപോലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും വാര്‍ത്തകളോട് പെരുമാറുന്നു

പത്രം എന്ന ഉഗ്രദേവത സൗമ്യദേവതയായി മാറുന്നു. പിന്നീട് ദേവതയല്ലാതായി. വെറും പീറക്കടലാസ് (ragpaper) ആകുമോ എന്ന ഭയത്തിന്റെ ഉദയത്തറയിലാണ് നാമിന്ന് നില്‍ക്കുന്നത്. മിക്ക പത്രങ്ങളുടേയും വായിക്കേണ്ടാത്ത വശം മുഖപ്രസംഗമാണെന്ന് വന്നിരിക്കുന്നു. ശൂര്‍പ്പണഖയോട് രാമലക്ഷ്മണന്മാര്‍ പെരുമാറിയതുപോലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും വാര്‍ത്തകളോട് പെരുമാറുന്നു. സാങ്കേതികമായ മേന്മയോടെ മുദ്രണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ കാഴ്ചയ്ക്ക് ഇന്ന് ഒളിയും തിളക്കവും കലര്‍ന്നുനില്‍ക്കുന്നു. പക്ഷേ, സൂക്ഷിച്ചുനോക്കുമ്പോള്‍ അതിലെ അക്ഷരങ്ങളും വാക്കുകളും പകുതിവച്ച് മുറിക്കപ്പെട്ട് ചോരയൊലിക്കുന്നതായി കാണാം. ഒരേ വാര്‍ത്തയെ പലതാക്കാനാണ് ഇന്ന് പത്രങ്ങള്‍ പലതായി പ്രസിദ്ധീകരിക്കുന്നത്. സത്യം ഒന്നാണെങ്കിലും വാര്‍ത്ത ഇന്ന് പലതാണ്. അതിനാല്‍ പത്രങ്ങളില്‍ ഇക്കാലത്ത് സത്യത്തിന്റെ മുഖം നാം ദര്‍ശിക്കുന്നില്ല. പണ്ടേ സത്യത്തിന്റെ അന്തര്‍ധാനം പതുക്കെ തുടങ്ങിയിരിക്കുന്നു. വൃത്താന്തപത്രങ്ങളില്‍ വരുന്നത് തുടര്‍ക്കഥയാണെന്നും അതില്‍നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് പതിര് പ്രസിദ്ധീകരിക്കുന്നവരാണ് പത്രാധിപന്മാര്‍ എന്നും അഡ്ലായി സ്റ്റീവന്‍സണ്‍ പ്രസ്താവിച്ചതിന്റെ പൊരുള്‍ വ്യക്തമാണല്ലോ.

ഇന്ന് പത്രങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് എല്ലാവരും പറയുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പുളകപദമാണ്. പക്ഷേ, പത്രസ്വാതന്ത്ര്യം ആര്‍ക്ക്? പത്രപ്രവര്‍ത്തകനല്ല, തീര്‍ച്ച. വായനക്കാരുടെ സ്വാതന്ത്ര്യം അയാള്‍ പത്രം വായിക്കില്ലെന്ന് വെയ്ക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു. പഴയ ആംഗലശൈലി, 'Reading between the lines' എന്നാണ് - 'വരികള്‍ക്കിടയില്‍ വായിക്കുക.' ഇന്ന് ശൈലി മാറി - 'Reading between the lies' എന്നായിരിക്കുന്നു പുതു പത്രശൈലി. 'കളവുകള്‍ക്കിടയിലൂടെ വായിക്കല്‍' ആണ് സത്യം മനസ്സിലാക്കാനുള്ള ഏക മാര്‍ഗം.

പണ്ട് പത്രപ്രവര്‍ത്തകരെല്ലാം പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ ആയിരുന്നു - എന്നുവെച്ചാല്‍ 'വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍!' ഇന്ന് പത്രത്തില്‍ 'പ്രവര്‍ത്തിക്കാത്ത പത്രപ്രവര്‍ത്തകര്‍' കൂടി വരുന്നു. നോണ്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍! പ്രവര്‍ത്തിക്കുന്നവര്‍ ഉള്ള സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാത്തവര്‍ കടന്നുകൂടുക സ്വാഭാവികമാണ്. അവര്‍ അകത്തുകടന്നാല്‍, തമ്പില്‍ കടന്ന ഒട്ടകം അറബിയെ തള്ളിപ്പുറത്താക്കുന്നതുപോലെ, യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ കീഴടക്കിവയ്ക്കുന്നു. ഇന്ന് പത്രങ്ങള്‍ പ്രവര്‍ത്തിക്കാത്ത പത്രപ്രവര്‍ത്തകരുടെ കയ്യിലാണ്. ഇവര്‍ പ്രവര്‍ത്തകരല്ല, വര്‍ത്തകര്‍ മാത്രം. പത്രത്തെ ഇവര്‍ കച്ചവടമാക്കുന്നു. ജനങ്ങള്‍ക്ക് സത്യസന്ധതയോടെ വാര്‍ത്ത നല്‍കുകയല്ല. തങ്ങളേയും തങ്ങളുടെ തൊഴിലിനേയും വളര്‍ത്തുകയാണ് ഉദ്ദേശ്യം.

വ്യവസായക്കാര്‍ പത്രമുടമകളായാല്‍ ദോഷമെന്നതുപോലെ ഗുണവുമുണ്ട്. പക്ഷേ, രാഷ്ട്രീയക്കാരന്‍ കയറിവന്നാല്‍ ജേര്‍ണലിസം ജീര്‍ണമാവുകയേയുള്ളൂ

പണ്ട് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പത്രം കുട പിടിച്ചിരുന്നു. കൊക്കോ വ്യവസായിയായ ജോര്‍ജ് കാഡ്ബറി (കാഡ്ബറി എന്ന് കേള്‍ക്കാത്തവരുണ്ടോ ഇന്ന് പ്രപഞ്ചത്തില്‍?)യുടെ അധീനതയിലായിരുന്നു ഇംഗ്ലണ്ടിലെ 'ഡെയ്ലി ന്യൂസ്' പ്രസിദ്ധനായ ഉപന്യാസകാരനും എഡിറ്ററുമായ എ.ജി. ഗാര്‍ഡിനര്‍ കാഡ്ബറിയുമായി ഇടഞ്ഞ് ഒരരുകിലാക്കപ്പെട്ട കഥ യൂറോപ്യന്‍ ജേര്‍ണലിസത്തിന്റെ ഒരു കറുത്ത അദ്ധ്യായമാണ്.

വ്യവസായക്കാര്‍ പത്രമുടമകളായാല്‍ ദോഷമെന്നതുപോലെ ഗുണവുമുണ്ട്. പക്ഷേ, രാഷ്ട്രീയക്കാരന്‍ കയറിവന്നാല്‍ ജേര്‍ണലിസം ജീര്‍ണമാവുകയേയുള്ളൂ. ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച് നടന്ന ഒരു മലയാളപത്രം, ഇന്ന് ചെറിയ ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ് പറയുന്നത് തലയിലെഴുത്തായി കഴിഞ്ഞുപോകുന്നു. ആ നേതൃമ്മാന്യന്റെ പാദപീഠവും കോവണിയും സുഖശയ്യയും ജയകാഹളവും എല്ലാം ഈ ദേശീയ പത്രമാണ് ഇന്ന്. തന്റെ പടങ്ങള്‍കൊണ്ട് ആവുന്നത്ര പത്രസ്ഥലം അലങ്കരിക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ ഇംഗിതം. ഈ തിരുവുള്ളം ഗ്രഹിച്ചു പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റിനേ പത്രത്തില്‍ രക്ഷയുള്ളൂ. ഈ മഹാപുരുഷനെ വല്ലവരും എതിര്‍ത്തുപോയാല്‍, ആ പാവത്തിന്റെ പേരു വരാതെ ആവുന്നത്ര നോക്കും ഈ വിനീതദാസന്മാര്‍.

സുകുമാര്‍ അഴീക്കോട്
'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ ജീവനും പ്രാണനുമായ ഗോയങ്കയുടെ പടം ഞാന്‍ അതില്‍ കണ്ടത് അദ്ദേഹത്തിന്റെ ശവശരീരത്തിന്റേതായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു

നാട്ടിന്റെ പത്രം ഒരാളിന്റെ ഉപകരണം ആയിക്കൊണ്ടുവരുന്നു. സ്വന്തം ഭാവിയെ വളര്‍ത്തലാണ് ഇവരുടെ ലക്ഷ്യം. ഷെയറുകള്‍ വാരിക്കൂട്ടി ഇവര്‍ പത്രങ്ങളുടെ മാനേജിങ്ങ് ('ഡാമേജിങ്ങ്' എന്നല്ലേ പറയേണ്ടത്?) ഡയറക്ടറോ എഡിറ്ററോ ആയി വന്നാല്‍ ഇവരുടെ ശൗചക്രിയകളുടെ വാര്‍ത്തകളും പടങ്ങളുമായിരിക്കണം പത്രങ്ങളിലെ മുഖ്യ ഇനം.

ഇത്തരം പത്രക്കയ്യേറ്റക്കാരെ മഹാനായ ചലപതിറാവു പണ്ടേ വിശേഷിപ്പിച്ചത് 'പിണ്ഡാരികളും തഗ്ഗുകളും' എന്നാണ്. പക്ഷേ, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം മറ്റൊന്നാണ്. 'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ ജീവനും പ്രാണനുമായ ഗോയങ്കയുടെ പടം ഞാന്‍ അതില്‍ കണ്ടത് അദ്ദേഹത്തിന്റെ ശവശരീരത്തിന്റേതായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. തന്നെപ്പറ്റി ചെറുതായി പരാമര്‍ശിക്കുന്ന ഉപന്യാസങ്ങള്‍ പോലും തള്ളിക്കളഞ്ഞ ഖാസാ സുബ്ബറാവുവിനെ നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍, പൊതുവെ പറഞ്ഞാല്‍ ആത്മപ്രശംസയുടേയും ആത്മപ്രചാരണത്തിന്റേയും പ്രവണത അന്യമാണ്. പത്രം തനിക്കുവേണ്ടിയല്ല, രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് എന്ന സത്യം ഇവിടെ മിക്ക പത്രം നടത്തിപ്പുകാരും മറന്നിട്ടില്ല.

എങ്കിലും ആരോഹണം മാത്രം ലക്ഷ്യമാക്കിയ രാഷ്ട്രീയ പ്രഭുക്കളുടെ കടന്നുകയറ്റം തുടരുകയാണെങ്കില്‍ ഈ മഹിതപാരമ്പര്യം ഇന്നലത്തെ ഒരു ഓര്‍മയായി തീര്‍ന്നുപോയിക്കൂടായ്കയില്ല.

രാഷ്ട്രത്തിന്റെ രക്ഷണത്തിനുവേണ്ടി ഉയരേണ്ട കൈകള്‍ തന്നെയും തന്റെ കുടുംബത്തേയും തലോടാനും ഉയര്‍ത്താനും മാത്രം ചലിക്കുന്ന ഒരു ചീത്തക്കാലമാണ് ഇത്. ദേവതകളായി ഉയര്‍ന്ന, പ്രകാശം ചൊരിഞ്ഞ പല പ്രസ്ഥാനങ്ങളും കരിക്കട്ടകളായി മാറിക്കൊണ്ടിരിക്കുകയാണ്.

ചങ്ങമ്പുഴ ചോദിച്ചതുപോലെ ''നീയും കരിക്കട്ട തന്നെയോ മായികേ?''

Archive: sukumar azhikode writes about indian news papaers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT