ഓര്‍മ്മക്കുറിപ്പുകള്‍
'കലിക' എഴുതിയ മോഹനചന്ദ്രന്‍, (അംബാസിഡറായ ബി.എം.സി. നായര്‍) ഒരിക്കല്‍ എന്നോട് ചോദിച്ചു.
മലയാറ്റൂരുമായി എന്നെ അടുപ്പിച്ചു നിര്‍ത്തിയ പ്രധാന ഘടകം എന്താണ്?
ഞാന്‍ എന്നോടു ചോദിച്ചു. മലയാറ്റൂരൂമായി എന്നെ അടുപ്പിച്ചു നിര്‍ത്തിയ പ്രധാന ഘടകം എന്താണ്? ഉത്തരം കിട്ടി.
ടെലിഫോണ്‍.
ടെലിഫോണിലൂടെ മലയാറ്റൂരുമായി സംസാരിച്ചതത്രയും നേരിട്ട് സംസാരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ പതിവ്.
അകലെനിന്ന് ആദരിച്ചിരുന്ന മലയാറ്റൂര്‍ എന്ന 'ഐക്കോണ്‍' തൊട്ടടുത്ത് വന്നുപെട്ടത് കൊല്ലം ടി.ബിയില്‍വച്ചാണ്.
നല്ല മൂഡിലായിരുന്നു അന്ന്.
പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ശംഖുമുഖം ബീച്ചില്‍ വച്ച് പാതിരാവില്‍ കണ്ടപ്പോഴും നല്ല മൂഡിലായിരുന്നു. കൊല്ലത്തിനും ശംഖുമുഖത്തിനുമിടയില്‍ ആയിരത്തൊന്നുരാവുകള്‍ ഞങ്ങള്‍ കഥ പറഞ്ഞു.
എന്നു പറഞ്ഞാല്‍ മലയാറ്റൂര്‍ പറഞ്ഞു, ഞാന്‍ കേട്ടു.
കഥയാണോ പറഞ്ഞത്?
കഥയും ചില കഥയില്ലായ്മയും.
ആ കഥയില്ലായ്മകള്‍ക്ക് ഒരു ചാരുതയുണ്ട്.
മലയാറ്റൂരിന്റെ വശ്യത.
അവിടെയാണ് മലയാറ്റൂര്‍ ഫോമിലാകുന്നത്.
ഒരു മഹാപ്രതിഭയുടെ മനസ്സിന്റെ സങ്കീര്‍ണ്ണതയില്‍നിന്ന് തെളിഞ്ഞ് ഒഴുകിയെത്തുന്ന മനുഷ്യത്വത്തിന്റെ തെളിനീര്‍പ്പുഴകള്‍ അവിടെ കാണാം.
ആ പുഴയില്‍ ഒഴുകുന്നത് നന്മ മാത്രം കാണുന്ന ഒരു പാവം മനസ്സാണ്.
പാതിരാവില്‍ ഉണര്‍ന്നെണീറ്റ് ഉറയ്ക്കാത്ത കാലുകള്‍ വച്ച് പണ്ടെന്നോ തന്റെ കൂടെ ജോലി ചെയ്ത പ്രഭാകരന്‍ നായരുടെ മരണവീട്ടിലേക്ക് പോയ സെന്റിമെന്റലായ നാടന്‍ പട്ടര്‍.
വേണിയെ ഒളിപ്പിച്ച് കുസൃതി കാട്ടാന്‍ നില്‍ക്കുന്ന മോഹനന്, നല്ലൊരു ജോലി സംഘടിപ്പിച്ചു കൊടുക്കാന്‍ ശുപാര്‍ശ ചെയ്ത ആശ്രിതവത്സലനായ മലയാറ്റൂര്‍.
തെറ്റ്.
ആശ്രിതവത്സലന്‍ എന്നു പറഞ്ഞോ?
മലയാറ്റൂരിന്റെ മുന്‍പില്‍ എല്ലാവരും സമന്മാരാണ്.
''ടേയ്, ഈ മോഹനനുണ്ടല്ലോ, അവനെ തട്ടണം, അഹങ്കാരി, ഉഴപ്പന്‍, ദുഷ്ടന്‍. അവനെ ഉടന്‍ തട്ടണം.''
ചിലപ്പോള്‍ ടെലിഫോണെടുത്ത് എന്നെ വിളിക്കും.
''ടേയ്, ഈ മോഹനനുണ്ടല്ലോ, അവനെ തട്ടണം, അഹങ്കാരി, ഉഴപ്പന്‍, ദുഷ്ടന്‍. അവനെ ഉടന്‍ തട്ടണം.''
''യെസ് സര്‍, തട്ടിക്കളയാം.'' സന്തോഷപൂര്‍വ്വം മലയാറ്റൂര്‍ ഫോണ്‍ താഴെവയ്ക്കുന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ടെലിഫോണ്‍.
''ടേയ്, അവന്‍ വന്നു. അവന്‍ ആത്മാര്‍ത്ഥതയുള്ളവനാണ്, അവന്‍ ചതിക്കില്ല.''
പിന്നെ പിന്നെ നീണ്ടുപോകുന്ന മോഹനപുരാണം.
തന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായ മോഹനന്‍ അന്നുവരാന്‍ അഞ്ച് മിനിറ്റ് താമസിച്ചാലാണ് 'തട്ടാന്‍' തുടങ്ങുന്നത്. അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ 'ദുഷ്ടന്‍' നല്ലവനാകും. മോഹനന്‍ പൊന്നുകൊണ്ട് ഉണ്ടാക്കിയ ആള്‍രൂപമാവും. അതാണ് മലയാറ്റൂര്‍.
കടുകു പോലെ പൊട്ടിത്തെറിക്കും.
പൊട്ടിപ്പൊട്ടി ആ ദേഷ്യമെല്ലാം കടുകു പോലെ തന്നെ ഇല്ലാതാകും.
കൊടുക്കുന്തോറും ഏറിടുന്ന സ്‌നേഹം. മലയാറ്റൂരിനെ ഒരിക്കല്‍ അറിഞ്ഞവര്‍ പിന്നെ മാറുന്നില്ലെങ്കില്‍ അതിന്റെ കാരണം ഇതുതന്നെയാണ്. അല്ലെങ്കില്‍ മലയാറ്റൂരിന്റെ ഹൃദയത്തില്‍ ഇടം കിട്ടിയ ത്രിവിക്രമന്‍ പറയട്ടെ.
വര്‍ഷങ്ങളായി കൂട്ടു കിടക്കുന്ന പയ്യന് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് വേണമെന്ന് മലയാറ്റൂരിനു തോന്നി.
തോന്നിയാല്‍പ്പിന്നെ നടപ്പിലാക്കാന്‍ വൈകിക്കൂടല്ലോ.
എങ്കില്‍ അത് മലയാറ്റൂരല്ല.
അഞ്ചുസെന്റ് എടുത്ത് അവനു കൊടുത്തു. താന്‍ എഴുതിയ നോവലല്ല.
വീട്ടുവളപ്പിലെ അഞ്ചുസെന്റ് ഭൂമി.
പിന്നീടൊരിക്കല്‍ തോന്നി.
അകലെയുള്ള മക്കള്‍ക്കുവേണ്ടേ വീട്ടുവളപ്പില്‍ ഇടംകൊടുക്കാന്‍?
ഒരിക്കല്‍ ഒരു ദൂതനെ പറഞ്ഞയച്ചു.
എന്റെ പയ്യന്‍ ഇപ്പോള്‍ നിന്റെ കൂടെയാണല്ലോ.
അവന്റെ അഞ്ചുസെന്റ് എനിക്കു വിലയ്ക്കു വാങ്ങിയാല്‍ കൊള്ളാം.
വിലതരാം എന്നു പറഞ്ഞാല്‍ അവന്‍ വാങ്ങില്ല.
നീയത് അവനെക്കൊണ്ട് വാങ്ങിപ്പിക്കണം.
ഈ വൈരുദ്ധ്യമാണ് മലയാറ്റൂര്‍.
എന്റെ പയ്യന്‍ ഇപ്പോള്‍ നിന്റെ കൂടെയാണല്ലോ. അവന്റെ അഞ്ചുസെന്റ് എനിക്കു വിലയ്ക്കു വാങ്ങിയാല്‍ കൊള്ളാം. വിലതരാം എന്നു പറഞ്ഞാല്‍ അവന്‍ വാങ്ങില്ല. നീയത് അവനെക്കൊണ്ട് വാങ്ങിപ്പിക്കണം
വാള്‍ട്ട് വിറ്റ്മാന്‍ പറയുന്നില്ലേ-
Do I contradict myself?
Yes, I do contradict myself.
I contain multitudes
ഇത് മലയാറ്റൂരിനെ ഉദ്ദേശിച്ച് എഴുതിയ ചരമ വാക്യമല്ലേ?
വേരുകളിലെ അമ്മാളു.
യന്ത്രത്തിലെ ബാലചന്ദ്രന്‍.
ആറാം വിരലിലെ വേദരാമന്‍.
ആദിവാസി ഊരിലെ പൊന്നി.
അങ്ങനെ മാറിമാറി വരുന്ന മലയാറ്റൂര്‍ ഭാവങ്ങള്‍.
ശരിയല്ലേ.
He contains multitudes.
സര്‍വ്വീസിന്റെ മലമുകളിലെ ദൈവത്താന്‍.
റവന്യൂ ബോര്‍ഡ് മെംമ്പര്‍.
ആ സ്ഥാനം തനിക്കു വേണ്ട. വലിച്ചെറിഞ്ഞു.
എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ആകാന്‍ പറ്റാത്തതില്‍ സങ്കടം.
ഹൈസ്‌കൂളില്‍ പഠിച്ചിട്ട് മിഡില്‍ സ്‌കൂളില്‍ പഠിക്കാന്‍ മോഹം.
ജീനിയസ്സുകള്‍ അങ്ങനെയാണ്.
അല്ലേ?
മൈക്കല്‍ ആഞ്ചലോ പറയുന്നുണ്ടല്ലോ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സിസ്‌റ്റൈന്‍ ചാപ്പലില്‍ അനശ്വരയുടെ മഹാപ്രതിഭയ്ക്ക് വിഷാദം.
താന്‍ എങ്ങുമെങ്ങും എത്തിയിട്ടില്ല.
വിഷാദം തീര്‍ക്കാന്‍ എന്തു ചെയ്തു?
കവിതയെഴുതാന്‍ തുടങ്ങി.
പൊട്ടക്കവിതയാണോ, എന്തോ- നിരൂപകന്മാര്‍ ആരും മൈക്കല്‍ ആഞ്ചലോയിലെ കവിതയെക്കുറിച്ച് ഇതേവരെ പറഞ്ഞുകേട്ടിട്ടില്ല.
മൈക്കല്‍ ആഞ്ചലോയും മലയാറ്റൂരും.
പ്രതിഭയുടെ കൂടപ്പിറപ്പാണോ വൈരുദ്ധ്യം?
അന്നൊരിക്കല്‍ പാതിരാവില്‍, വീണ്ടും മലയാറ്റൂരിനു വേണ്ടി ഫോണ്‍ ചിലച്ചു.
എന്റെ ഭാര്യയാണ് ഫോണെടുത്തത്.
മോളേ ലക്ഷ്മീ, ഇത് പട്ടര്‍...
''പന്നപ്പട്ടര്‍...'' സ്ഥിരമുള്ള പരിചയപ്പെടുത്തല്‍.
പിന്നെ നീണ്ട കരച്ചില്‍.
ഞങ്ങള്‍ വെളുപ്പിന് ശാസ്ത്രിനഗറിലെ വൈദേഹിയില്‍ ചെന്നു. മലയാറ്റൂരിന്റെ വീട്ടില്‍.
ഞാനും ഭാര്യയും അവളുടെ അമ്മയും.
വേണി. മലയാറ്റൂരിന്റെ ഭാര്യയും സുഹൃത്തും. അമ്മയും ശത്രുവും മിത്രവും എല്ലാമെല്ലാമായ ഒരേയൊരു വേണി.
വേണി കരയുന്നു, പരിഭവിക്കുന്നു.
''ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാ. ചോദിക്ക്. ഇന്നലെ രാത്രിയില്‍ എന്തായിരുന്നെന്ന്?''
അമ്മയെ (മലയാറ്റൂരിന്റെ വേണിയെ ഞങ്ങള്‍ വിളിക്കുന്നത് അങ്ങനെയാണ്) ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല.
കിടപ്പായെങ്കിലും തന്റെ ഭര്‍ത്താവിനെ മനസ്സിലാക്കി പരിചരിക്കുന്ന ആ നല്ല അമ്മ.
ഭര്‍ത്താവിലെ പ്രതിഭയെ, സാഹിത്യകാരനെ, ആരോ എഴുതിച്ചേര്‍ത്ത മൂല്യങ്ങളുടെ ചട്ടക്കൂടില്‍ ഒരിക്കലും തളച്ചിടാന്‍ ശ്രമിച്ചിട്ടില്ലാത്ത ആള്‍. അന്ന് പക്ഷേ, അമ്മയ്ക്കുതോന്നി, ഇതിത്തിരി കൂടിപ്പോയല്ലോ?
അതാണ് അമ്മയുടെ പരിഭവത്തിന്റെ ഉറവിടം.
ഞാന്‍ മലയാറ്റൂരിന്റെ മുറിയിലെത്തി.
എട്ടുവയസ്സുകാരന്റെ കൊച്ചുകള്ളം കണ്ടുപിടിക്കുമ്പോള്‍ അവനുള്ള ജാള്യത്തോടെ, ആ മഹാപ്രതിഭ പറയുന്നു. ഉള്ളില്‍ ചിരിപടര്‍ത്തുന്ന ഒരു കുഞ്ഞുകള്ളം.
എന്തുപറയാനാടാ, ഇന്നലെ ഒരു രണ്ടു പെഗ് അടിച്ചു. അതിനാണ് അവള്‍ ഈ ബഹളമെല്ലാം കൂട്ടുന്നത്!
പിന്നീടറിഞ്ഞു, മാസങ്ങളോളം ജോണിവാക്കറിന് വീട്ടില്‍നിന്ന് വാക്കൗട്ട് നടത്താന്‍ അയ്യര്‍വാള്‍ ഓര്‍ഡര്‍ കൊടുത്തെന്ന്.
മലയാറ്റൂരിലെ ധിക്കാരി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഒരേയൊരു സ്ഥലം. വൈദേഹിയിലെ വേണിയുടെ മുന്‍പില്‍ മാത്രം.
''എങ്കില്‍ വേണ്ടടാ. നാളെ സെക്രട്ടേറിയറ്റ് നടയില്‍ ഈ പട്ടര്‍ വന്ന് കുത്തിയിരിക്കും. നീ എന്തു ചെയ്യും?''
ഒരിക്കല്‍ സ്‌നേഹിതനായ ഒരു മന്ത്രിയെ ടെലിഫോണില്‍ വിളിക്കുന്നതു കേട്ടു. ഗുരുതരമായ ഒരു പ്രശ്‌നത്തിലുള്ള പ്രതികരണം അറിയിക്കാനാണ്. ഇങ്ങേ തലയ്ക്കലെ സംഭാഷണം ഏതാണ്ടിതുപോലെ.
''എടേ, നിന്റെ മന്ത്രി അവിടെ ഉണ്ടോ?''
'.....................'
അത് നിന്നോടെന്തിനാ പറയുന്നത്? നിന്റെ മന്ത്രിക്കു കൊടുക്ക്.
''ടേ മന്ത്രി, തനിക്ക് മനസ്സിലായോ, ഇത് പട്ടര്‍.''
അങ്ങേ തലയ്ക്കല്‍ നിന്നുള്ള പ്രതികരണത്തിനുശേഷം മലയാറ്റൂര്‍ തുടര്‍ന്നു.
''ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. അതുപോലെ ചെയ്തില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും.''
അങ്ങേ തലയ്ക്കല്‍ നിന്ന് അനുനയത്തിന്റെ ശബ്ദമാണെന്ന് വ്യക്തം. മലയാറ്റൂരിനെ വന്നു കണ്ട് സാന്ത്വനിപ്പിക്കാനുള്ള നയമാണ് മന്ത്രിയുടേതെന്ന് തോന്നി.
കാരണം, മലയാറ്റൂര്‍ പറയുന്നു.
''നീ വന്നോ, അത് നല്ല കാര്യം. പക്ഷേ, ഇതിനായി നീ ഇവിടെ വരെ വരുകയൊന്നും വേണ്ട.''
പിന്നെ മന്ത്രിയുടെ ഏതോ നയപ്രഖ്യാപനം കഴിഞ്ഞെന്നു തോന്നുന്നു. മലയാറ്റൂര്‍ മന്ത്രിയെ മുട്ടികുത്തിച്ചു.
''എങ്കില്‍ വേണ്ടടാ. നാളെ സെക്രട്ടേറിയറ്റ് നടയില്‍ ഈ പട്ടര്‍ വന്ന് കുത്തിയിരിക്കും. നീ എന്തു ചെയ്യും?''
മലയാറ്റൂരിന് നല്ലതെന്നു തോന്നിയ ഒരു പൊതുസ്ഥാപനത്തെ തകര്‍ക്കാന്‍ ആരോ നടത്തിയ നീക്കത്തോടുള്ള പ്രതികരണമായിരുന്നു അത്.
കേട്ടുനിന്ന ഞങ്ങളോര്‍ത്തു. ലക്ഷങ്ങള്‍ ആരാധിക്കുന്ന മലയാറ്റൂര്‍. സെക്രട്ടേറിയറ്റിലെ പദവികള്‍ വലിച്ചെറിഞ്ഞ് അക്ഷരത്തിന്റെ പര്‍ണ്ണശാലയില്‍ തപസ്സിരിക്കുന്ന മലയാറ്റൂര്‍. ആ മലയാറ്റൂര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുത്തിയിരുന്നാല്‍ സെക്രട്ടേറിയറ്റ് കുലുങ്ങുമോ? കുലുങ്ങും.
പണ്ട് ഡോ. രാധാകൃഷ്ണന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നപ്പോള്‍ ഒരു സംഭവമുണ്ടായി. ലിന്‍ലിത് ഗോ പ്രഭുവായിരുന്നു അന്നത്തെ വൈസ്രോയി. സര്‍വ്വകലാശാല അടച്ചിടാനുള്ള തീരുമാനമായി. പ്രഭുവിനെ ആരോ ഉപദേശിച്ചു. ഇതിനു പ്രത്യാഘാതമുണ്ടാകും. എന്തു പ്രത്യാഘാതം? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തി മുഴുവന്‍ സംഭരിച്ചുകൊണ്ട് വൈസ്രോയി ഇന്ത്യയില്‍നിന്നുള്ള പ്രത്യാഘാതത്തെ നിസ്സാരമായി തള്ളി. അവിടെ വൈസ് ചാന്‍സലര്‍ ഡോ. രാധാകൃഷ്ണനാണ്. മറക്കണ്ട. അദ്ദേഹത്തെ അവഹേളിച്ചാല്‍ പാശ്ചാത്യലോകത്തെ ബുദ്ധിജീവികള്‍ അത് സഹിക്കുമെന്നു തോന്നുന്നുണ്ടോ? ലീന്‍ലിത് ഗോ പിന്നൊന്നും ചിന്തിച്ചില്ല. നടപടികള്‍ പിന്‍വലിച്ചു. ഒരു വ്യക്തിത്വത്തിനു മുന്‍പില്‍ ഒരു സര്‍ക്കാര്‍ തലകുനിക്കുന്നു.
മലയാറ്റൂരിന്റെ കാര്യത്തിലും അതുതന്നെയാണു കണ്ടത്. സ്വാര്‍ത്ഥതയില്ലാത്ത വ്യക്തിപ്രഭാവത്തിന്റെ അപ്രമാദിത്വം.
മരണത്തിനു മുന്‍പുള്ള ആഴ്ച. രാവേറിയപ്പോള്‍ സമന്‍സ് വന്നു. ഉടന്‍ വൈദേഹിയിലെത്തണം. ആ തടിയനെയും കൊണ്ടുവരണം. തടിയന്‍ എന്നാല്‍, ഡ്രൈവര്‍ ബാബു. മലയാറ്റൂര്‍ എലിയും പൂച്ചയും കളിക്കാനുള്ള പുറപ്പാടാണെന്ന് മനസ്സിലായി. കാര്‍ സ്റ്റാര്‍ട്ട് ആകുമ്പോള്‍ മലയാറ്റൂര്‍ പറയും. റെയ്സ് ചെയ്യെടാ. റെയ്സ് ചെയ്യുമ്പോള്‍ പറയും, നിര്‍ത്തെടാ. ഒരു കുപ്പിവെള്ളം കാറിന്റെ ബോണറ്റില്‍ വയ്ക്കണം. എന്നിട്ട് കാര്‍ സ്പീഡില്‍ പോകണം. കുപ്പി മറിയാന്‍ പാടില്ല. അതാണ് റൂള്‍സ് ഓഫ് ദ ഗയിം. പാവം ഡ്രൈവര്‍ ബാബു. വൈദേഹി മുതല്‍ ബീച്ച് വരെ ഇവരുടെ എലിയും പൂച്ചയും കളി തുടര്‍ന്നു. ഒന്നും സംഭവിക്കാത്ത മട്ടിലുള്ള ബാബുവിന്റെ മുഖഭാവം അവസാനം മലയാറ്റൂരിന് ബാബുവിനോട് കലശലായ സ്‌നേഹം.
അന്ന് ബീച്ചില്‍ പോയപ്പോള്‍ മലയാറ്റൂര്‍ ഗായകനായി. ധാരാളം പാടി. കൂടെവന്ന വാസുദേവനോട് കഥകള്‍ പറഞ്ഞു. തമാശകള്‍ പറഞ്ഞു. ഇടയ്ക്ക് ഞങ്ങളെയൊക്കെ വിരട്ടും. ഉടന്‍ തന്നെ സാന്ത്വനിപ്പിക്കും. ഒരു വിവരംകെട്ടവനെപ്പോലെ കടല്‍ കിടന്നു ചിലയ്ക്കുന്നത് അദ്ദേഹത്തിന് അത്ര പിടിച്ചില്ല. കടലിനേയും വിരട്ടി. ഇതിനിടയില്‍ ബിനുകുമാര്‍ ഒന്നു വലിയാന്‍ ശ്രമിച്ചു. വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്. താന്‍ ചെല്ലാതെ അമ്മ ഉറങ്ങില്ല. ഇത് മലയാറ്റൂരിനെ ചൊടിപ്പിച്ചു. ഇവന്‍ എന്നെ ബീച്ചില്‍ തള്ളിയിട്ട് വലിയാന്‍ ശ്രമിക്കുന്നോ?
പെട്ടെന്ന് മലയാറ്റൂര്‍ ഗൗരവക്കാരനായി. പഴയ മജിസ്ട്രേറ്റായി. ഒറ്റപ്പാലത്തെ തുക്കിടി സായിപ്പായി. കോഴിക്കോട് കലക്ടറായി. റവന്യൂ ബോര്‍ഡ് ഒന്നാം മെമ്പറായി. വെളിവിന്റെ വെളിച്ചപ്പാടായി. തന്റെ മാനിഫെസ്റ്റോ നിരത്തി. I don't want to be taken casually (എന്നെയാരും സാമട്ടില്‍ എടുക്കരുത്).
അതിന്റെ ആഘാതം എനിക്ക് ഉള്‍ക്കൊള്ളാനായി. മലയാറ്റൂരില്‍നിന്ന് എനിക്കും മുന്‍പ് ഇങ്ങനെ കിട്ടിയിട്ടുണ്ട്.
ബിനു എന്ന ചെറുപ്പക്കാരനായ പത്രലേഖകനെ ഒരു വലിയ ചങ്ങാതിയെപ്പോലെ എപ്പോഴും പരിഗണിക്കാറുള്ള മലയാറ്റൂര്‍, ഞങ്ങളെയെല്ലാം ഒരു വലിയ പാഠം പഠിപ്പിച്ചു.
ശംഖുമുഖത്തെ മണല്‍ത്തരികളെ സാക്ഷി നിര്‍ത്തി, ആത്മാഭിമാനത്തിന്റെ പാഠം. ആത്മഗര്‍വിന്റെ പാഠം. സ്‌നേഹത്തില്‍ ന്യായമില്ല. ന്യായത്തില്‍ സ്‌നേഹമില്ല. അയ്യര്‍ ദ ഗ്രേറ്റ്. സ്‌നേഹം കൊടുക്കും. ദ്രവ്യം കൊടുക്കും. ജീവന്‍ കൊടുക്കും. പക്ഷേ, ആര്‍ക്കും കൊടുക്കാത്ത ഒന്നുണ്ട്. ആത്മാഭിമാനം. അതില്‍ ഒരു പോറലേല്‍ക്കാന്‍ പോലും മലയാറ്റൂര്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. അതുകൊണ്ടല്ലേ, അസുഖം വന്ന് കാലുറയ്ക്കാതെയായിട്ടും തല ഉയര്‍ന്നുതന്നെ നിന്നത്.
ഉറയ്ക്കാത്ത കാലും ഉയര്‍ന്ന ശിരസ്സും.
വൈരുദ്ധ്യങ്ങളുടെ വലിയ തമ്പുരാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates