പശുക്കളും മനുഷ്യരും വഴിപിരിഞ്ഞ സുഹൃത്തുക്കള്‍ file
Archives

പശുക്കളും മനുഷ്യരും വഴിപിരിഞ്ഞ സുഹൃത്തുക്കള്‍

1999 ജൂണ്‍ 4 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ഡോ. വി ശങ്കരന്‍ നായര്‍

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഒരു ബന്ധു ഗ്രാമത്തിലെ എന്റെ വീട്ടില്‍ വന്നു. പതിവില്ലാതെ മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ല് കണ്ടിട്ട് അതെന്താണെന്ന് അന്വേഷിച്ചു. നാം എന്നും കഴിക്കുന്ന ചോറാണതെന്ന് പറഞ്ഞപ്പോള്‍ കുറ്റബോധത്തോടെ അവര്‍ പറഞ്ഞു: ''ഞാന്‍ നെല്ലു നെല്ലായി കണ്ടിട്ടില്ല'' എന്ന്. കാലം വരുത്തിയ കോലം എന്താണെന്ന് അവര്‍ എനിക്ക് മനസ്സിലാക്കിത്തന്നു. എന്റെ അച്ഛന്‍ നെല്ലുകൊണ്ട് തീര്‍ത്തു വരാന്തയില്‍ തൂക്കിയിരുന്ന മനോഹരശില്പം ഞാനവര്‍ക്ക് കൊടുത്തു. ഇതുപോലെയാണ് പലരും പശുവിനെക്കുറിച്ചും അറിയുന്നത്. വനവാസിയായിരുന്ന മനുഷ്യന്‍ യുഗങ്ങള്‍ക്കു മുന്‍പുതൊട്ടേ അതിനെ സഹജീവിയാക്കിയിരുന്നു. രാത്രി കാട്ടുമൃഗങ്ങളില്‍നിന്നും രക്ഷിക്കാനും യഥാസമയം തീറ്റ നല്‍കാനും അവര്‍ പശുക്കളെ സ്വന്തം കൂരയ്ക്കുള്ളില്‍ത്തന്നെ താമസിപ്പിച്ചു. പശു നല്‍കുന്ന പാല്, ചാണകം, ഗോമൂത്രം എന്നിവ അവര്‍ക്ക് ഭക്ഷണവും മരുന്നുമായിരുന്നു. പക്ഷേ, മനുഷ്യന്റെ പുരോഗതി പശുവും മനുഷ്യനും തമ്മിലുള്ള സഹവാസത്തിന് അന്ത്യംകുറിച്ചു. കാടുകള്‍ ഗ്രാമമായപ്പോള്‍ കുടുംബവും വീടും വിപുലമായപ്പോള്‍ അവര്‍ ഇരുകൂരകളിലായി.

വാസ്തുവിദ്യയില്‍ പശുത്തൊഴുത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. രാവിലെ എണീറ്റാല്‍ പശുവിനെ കണികാണണം. ദൂരയാത്രയ്ക്കിറങ്ങുമ്പോള്‍ ശുഭശകുനമായി പശു എതിരെ വരണം. ഇന്നും തമിഴ്നാട്ടില്‍ ആണ്ടിലൊരിക്കല്‍ പശുക്കളുടെ പേരില്‍ ഒരാഘോഷമുണ്ട് - മാട്ടുപ്പൊങ്കല്‍. ഒരേ കൂരക്കീഴില്‍ കഴിഞ്ഞിരുന്ന കാലത്തിന്റെ ഓര്‍മ്മ അയവിറക്കുന്ന രീതിയില്‍ പശുക്കളെ കുളിപ്പിച്ച് മോടിപിടിപ്പിച്ച്, നല്ല ഭക്ഷണം നല്‍കി, ആര്‍ഭാടമായി ആഹ്ലാദപൂര്‍വ്വം തന്നെ ആ ദിനം ഇന്നും ആഘോഷിച്ചുപോരുന്നു. ഉഴവുകാളകളെയും പശുക്കളെയും ഉള്‍പ്പെടുത്തി ഗ്രാമങ്ങളിലെങ്ങും പല ഉത്സവങ്ങളും ഇന്നും നടത്തപ്പെടുന്നു.

കുടിയാന്റെയും ജന്മിയുടെയും നമ്പൂതിരിയുടെയും വീടുകളില്‍ വളരുന്ന പശുക്കള്‍ തിന്നുന്നത് ഒരേ വൈക്കോലാണെങ്കിലും അവ നല്‍കുന്ന സംഭാവനകള്‍ ഏറ്റുവാങ്ങുന്നവര്‍ അതുപയോഗിക്കുന്ന രീതികള്‍ അവരുടെ സംസ്‌കാരത്തിന്റെയും ജീവിതശൈലിയുടെയും മുഖമുദ്രയായി സ്വീകരിക്കുകയാണുണ്ടായത്. കുടിയാന്റെ നിത്യഭക്ഷണത്തിന് പാല് വേണം. ജന്മിയുടെ പത്തായപ്പുര നിറയ്ക്കാന്‍ നെല്ലുണ്ടാക്കാന്‍ ചാണകം വേണം. അവരുടെ വിശപ്പടക്കാന്‍ ഗോമാംസവും വേണം.

തമിഴ്നാട്ടില്‍നിന്നും, പ്രത്യേകിച്ച് പൊള്ളാച്ചിയില്‍നിന്നും വാങ്ങുന്ന പശുക്കളും എരുമകളുമാണ് ചില ആലകളിലെങ്കില്‍ പ്രഭുഗൃഹങ്ങളില്‍നിന്നു ദാനം ചെയ്തുകിട്ടുന്ന കറവപ്പശുക്കളായിരിക്കും ശുദ്ധബ്രാഹ്മണരുടെ വീടുകളില്‍. പശുവിനെ കയറില്‍ക്കെട്ടി ആ കയറാണ് ദാനം ചെയ്യുന്നത്. ഷഷ്ഠ്യബ്ദപൂര്‍ത്തി അല്ലെങ്കില്‍ ശതാഭിഷേകം എന്നിവയ്‌ക്കൊക്കെ ഇതു ചടങ്ങായിരുന്നു. പ്രത്യേക പശുവിനുപകരം മൂന്നു രൂപ രണ്ടണ നാലു പൈസയും കോടിവസ്ത്രവും ദാനം ചെയ്തിരുന്നു.

അഗ്‌നിഹോത്രകര്‍മ്മങ്ങള്‍ ചെയ്യുന്നവരായതുകൊണ്ടാണ് ബ്രാഹ്മണര്‍ക്കു ഗോദാനം ചെയ്യുന്നത്. പൈദാനമുണ്ടായിരുന്നതുകൊണ്ട് പശുക്കള്‍ മനകളില്‍ ഇഷ്ടംമാതിരിയുണ്ടാകും. പറമ്പിലേയ്ക്ക് അഴിച്ചുവിടും. വൈക്കോല് കൊടുക്കും. ചാകുമ്പോള്‍ പറയര്‍ വന്ന് കൊണ്ടുപൊയ്‌ക്കോളും തോലും മാംസവും എടുത്തുപയോഗിക്കാന്‍.

അഗ്‌നിഹോത്രകര്‍മ്മങ്ങള്‍ ചെയ്യുന്നവരായതുകൊണ്ടാണ് ബ്രാഹ്മണര്‍ക്കു ഗോദാനം ചെയ്യുന്നത്.

ബ്രാഹ്മണരുടെ ദൃഷ്ടിയില്‍ ഗോക്കള്‍ ദൈവികമാണ്. പാല്, തൈര്, നെയ്യ്, ചാണകത്തില്‍നിന്നുള്ള ഭസ്മം തുടങ്ങിയവ ദേവതാസ്നാനത്തിനും ലേപനത്തിനും അഭിഷേകത്തിനും ഹോമത്തിനും മറ്റും ഉപയോഗിക്കുന്നു. പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയൊക്കെ ശുദ്ധികലശത്തിനും. അതുകൊണ്ട് ഇവ പഞ്ചകലശം എന്ന പേരിലും അറിയപ്പെടുന്നു. അങ്ങനെ ദേവപ്രീതി സമ്പാദിക്കാനവര്‍ പശുവിന്റെ സമ്മാനങ്ങളായ പഞ്ചഗവ്യങ്ങളെ ഉപയോഗിച്ചുതുടങ്ങി. ഇത് എന്നുമുതലാണെന്നൊന്നും ആര്‍ക്കും പറയാനാവില്ല.

ജനനം മുതല്‍ മരണംവരെ കേരളീയന്റെ ചടങ്ങുകളില്‍ പാലിന്റെ വിനിയോഗം പ്രധാനമാണ്. ഗൃഹപ്രവേശത്തിന് പാലുകാച്ച് എന്നാണ് പറയുക. നവദമ്പതികള്‍ ആദ്യം പങ്കിടുന്നത് പാല്‍കിണ്ണിയാണ്. പ്രസവിച്ചുകഴിഞ്ഞാല്‍ വാലായ്മയും പ്രസൂതികാലവും കഴിഞ്ഞശേഷം നവജാതശിശുവിന്റെ ബന്ധുക്കള്‍ പഞ്ചസാര ചേര്‍ന്ന പാല്‍ ശിശുവിന് കൊടുക്കുന്ന മലബാറിലെ സമ്പ്രദായം പാലിത്ത് എന്നും പാല്‍പിത്ത് എന്നും അറിയപ്പെടുന്നു. തെരണ്ടുകല്ല്യാണത്തിന് പാല്‍ക്കഞ്ഞി ഉണ്ടാക്കിക്കൊടുക്കും. മരിച്ചുകഴിഞ്ഞാല്‍ അസ്ഥിനമസ്‌കാരത്തിന് തയ്യാറാക്കുന്ന അസ്ഥികള്‍ ശുദ്ധീകരിക്കുന്നത് ഗോമൂത്രംകൊണ്ടും പാലുകൊണ്ടുമാണ്.

സദ്യയില്‍ പരിപ്പ്, പര്‍പ്പടകത്തോടൊപ്പം നെയ്യ് അല്ലെങ്കില്‍ വെണ്ണ കൂട്ടിയുള്ള ചോറൂണ് കേരളീയര്‍ക്ക് എത്ര പ്രിയങ്കരമാണെന്ന് പറയേണ്ടതില്ലല്ലോ. പണ്ടൊക്കെ കരുപ്പുകട്ടി കാപ്പിയില്‍ പാലിനുപകരം ചേര്‍ക്കുന്നത് അല്പം നെയ്യാണ്. സദ്യയ്ക്ക് മോരും സംഭാരവും കൂടിയേ തീരൂ. ചായ, കാപ്പി, നെയ്യ്, തൈരുകൂട്ടാന്‍ എന്നു വേണ്ട, ഭക്ഷണാവശ്യത്തിന് പശുവിന്റെ പാല്‍ കൂടിയേ തീരൂ.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുടുംബങ്ങളില്‍ രണ്ടും മൂന്നും തൊഴുത്തും ധാരാളം പശുക്കളും ഉണ്ടായിരുന്നു

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുടുംബങ്ങളില്‍ രണ്ടും മൂന്നും തൊഴുത്തും ധാരാളം പശുക്കളും ഉണ്ടായിരുന്നു. ഓരോ അമ്മമാര്‍ സ്വന്തം ആവശ്യത്തിനും പൈക്കളെ വളര്‍ത്തിയിരുന്നു. പശുക്കള്‍ക്ക് മേയാന്‍ ധാരാളം പറമ്പുകളുണ്ടായിരുന്നു. പശുവൊന്നിന് കണ്ടമാനമൊന്നും പാല്‍ ഉണ്ടാകില്ല. നാലോ അഞ്ചോ നാഴിയേ കിട്ടൂ. അമ്പതും അറുപതും അംഗങ്ങളുള്ള കൂട്ടുകുടുംബങ്ങളില്‍ മിക്ക ദിവസവും പിറന്നാള്‍ ആചരണം ഉണ്ടാകും. അന്നൊക്കെ അമ്പലത്തില്‍ പാലഭിഷേകമോ പാല്‍പ്പായസമോ ഉണ്ടാകും. ബാക്കിവരുന്ന പാല്‍ വഴിപാടായി പാല്‍പ്പായസമായി സാധാരണക്കാരന്റെ സൗജന്യഭക്ഷണമായി മാറും. ബാക്കിവയ്ക്കാനോ വില്‍ക്കാനോ അന്നൊന്നും പാല് അവശേഷിച്ചിരുന്നില്ല.

പണ്ടത്തെ വലിയ മനകളിലും മറ്റും തൈരും മോരും സൂക്ഷിക്കുവാന്‍ പ്രത്യേകം ഒരു മുറിയുണ്ടായിരുന്നു- വളരെ ഇടുങ്ങിയ കുഞ്ഞുപടിഞ്ഞാറ്റ. ഹോമത്തിന് തൈര് കടയുവാനുള്ള സംവിധാനവും അവിടെയുണ്ട്. ഫ്രിഡ്ജും സ്റ്റീല്‍ പാത്രങ്ങളും ഇല്ലാത്ത അക്കാലത്ത് ക്ലാവ് പിടിക്കാത്ത ചീനഭരണികളിലോ, പിച്ചള, ചെമ്പ് തുടങ്ങിയവയിലുള്ള കിണ്ണങ്ങളിലോ പാത്രങ്ങളിലോ അത് സൂക്ഷിച്ചുവയ്ക്കും.

ഭക്ഷണമെന്ന നിലയില്‍ പാലിന്റെ അതുല്യസ്ഥാനം ഇന്നും തുടരുന്നു. ഇന്നാകട്ടെ ഒരിടത്തെ പാല്‍ ദീര്‍ഘദൂരം കടന്നുള്ള സ്ഥലങ്ങളില്‍ ദീര്‍ഘകാലങ്ങള്‍ക്കുശേഷവും വിനിയോഗിക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പാലിന്റെ വിനിയോഗവും പാല്‍വിഭവങ്ങളും നാള്‍ക്കുനാള്‍ കൂടിക്കൂടിവരുന്നു. 1997-ലെ എഫ്.എ.ഒയുടെ കണക്കനുസരിച്ച് ലോകമൊട്ടാകെയുള്ള പാലുല്പാദനം 47.2 കോടി ടണ്ണാണ്. ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ആദ്യത്തെ രണ്ടു രാജ്യങ്ങള്‍ അമേരിക്കയും (7.1 കോടി ടണ്‍) ഇന്ത്യയും (3.45 കോടി ടണ്‍) ആണ്.

ഇത്രത്തോളമില്ലെങ്കിലും പലതരത്തിലും പ്രധാനപ്പെട്ടവയാണ് ഗോമൂത്രവും ചാണകവും. വിവിധയിനം സസ്യങ്ങള്‍ തിന്നുന്ന പശുവിന് ആ സസ്യങ്ങളിലെ വൈവിധ്യമാര്‍ന്ന മരുന്നിന്റെ ഗുണങ്ങള്‍ പാലിലും ഗോമൂത്രത്തിലും പ്രദാനം ചെയ്യാന്‍ കഴിയുന്നു.

ഗോമൂത്രം സര്‍വ്വശ്രേഷ്ഠവും പരിശുദ്ധവുമായ ദിവ്യൗഷധമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആയുര്‍വ്വേദവിധിപ്രകാരം ഗോമൂത്രം ശമിപ്പിക്കുന്ന അസുഖങ്ങളുടെ പട്ടിക ഇപ്രകാരമാണ്. കഫം, കാമില, കര്‍ണ്ണരോഗം, കുഷ്ഠം, കൃമി, അതിസാരം, അര്‍ശസ്സ്, അരുചി, ആനാഹം, ആമദോഷം, വാതം, വിഷം, വസ്തിനോവ്, വയറുനോവ്, വായുമുട്ടല്‍, വീക്കം, പാണ്ഡ്, മഹോദരം, മൂത്രത്തടവ്, മൂലരോഗം, മലബന്ധം, മേദസ്സ്, ചുമ, ചൊറി, ഗുല്മം, നേത്രരോഗം, ജ്വരം തുടങ്ങിയവ. എല്ലാം വൈദ്യന്‍ രോഗിയെ കണ്ടശേഷമേ നിശ്ചയിക്കാവൂ എന്നുമാത്രം.

പണ്ടേയ്ക്കുപണ്ടേ, ചാണകവും ഗോമൂത്രവും വളമായും വിള സംരക്ഷിക്കാനുള്ള ഔഷധമായും ഉപയോഗിച്ചുപോന്നിരുന്നു. വൃക്ഷായുര്‍വ്വേദമെന്ന ഗ്രന്ഥം പൗരാണികമായ പ്രയോഗങ്ങള്‍ എന്തൊക്കെയാണെന്നു വിവരിക്കുന്നു. അതില്‍ പലതും ഇന്നു നാം പരിപാലിച്ചുവരുന്നു. അണുബാധയുള്ള ചില സസ്യങ്ങളില്‍ ചാണകവെള്ളം തളിച്ചാല്‍ അത് മാറും. ഇത്, ചാണകത്തിലെ ബാക്ടീരിയ സസ്യത്തിലെ ബാക്ടീരിയയെ തിന്നൊടുക്കുന്നതുകൊണ്ടാണോ അതോ ചാണകത്തിലെ ഔഷധഗുണങ്ങള്‍ സസ്യത്തെ ബാധിച്ച ബാക്ടീരിയകളെ നശിപ്പിക്കുന്നതുകൊണ്ടാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പഠനങ്ങളിലൂടെ പൊരുള്‍ കണ്ടെത്താതെ അനുഷ്ഠാനമായി തുടരുകയാണ് പലതും.

മറ്റുചിലത് പരിഷ്‌കാരത്തിന്റെ പേരില്‍ വലിച്ചെറികയും ചെയ്തു. ഗോമൂത്രവും ചാണകവും ചേര്‍ന്ന മിശ്രിതത്തില്‍നിന്നു ഗോബര്‍ ഗ്യാസ് ഉല്പാദിപ്പിക്കുന്നിടത്തോളം ഇവയുടെ ഉപയോഗം പുതിയ കാലത്ത് എത്തിനില്‍ക്കുന്നു.

ഭാരതത്തിലെ അനേകലക്ഷം ഗ്രാമങ്ങളിലെ വീടുകളില്‍ ഇന്നും ചാണകം സുലഭമായി ഉപയോഗിച്ചുകാണുന്നു

ഇന്നത്തെ കെട്ടിടനിര്‍മ്മാണശൈലിയില്‍ തൊഴുത്തിന് സ്ഥാനമില്ല. വീടുണ്ടാക്കുന്നതിലെ ചാണകത്തിന്റെ സ്ഥാനവും നഷ്ടമായി. അപൂര്‍വ്വം വീടുകളില്‍ മാത്രം നിത്യവും മുറ്റത്ത് ചാണകംമെഴുകി അതില്‍ അരിപ്പൊടികൊണ്ടുള്ള കോലം ഇടുന്ന പതിവ് തുടരുന്നു. ഓണപ്പൂക്കളമൊരുക്കാനും ഞായറാഴ്ചകളില്‍ മുറ്റത്ത് സൂര്യന് പൊങ്കാലയിടാനും ചാണകംകൊണ്ട് വട്ടത്തില്‍ മെഴുകി തറ ശുദ്ധമാക്കണം. സൂര്യപൊങ്കാലയ്ക്കു നിവേദ്യം വയ്ക്കുന്നതോടൊപ്പം തുമ്പെലയില്‍ ചാണകംകൊണ്ട് ഒരു കൊച്ചുഗണപതിയുണ്ടാക്കി, കറുക അണിയിച്ചുവയ്ക്കും. പഴമയുടെ ബാക്കി ഇത്രയൊക്കെ മാത്രം.

എന്നാല്‍, ഭാരതത്തിലെ അനേകലക്ഷം ഗ്രാമങ്ങളിലെ വീടുകളില്‍ ഇന്നും ചാണകം സുലഭമായി ഉപയോഗിച്ചുകാണുന്നു. മുറ്റം, വീട്ടിലെ തറ, നെല്ല് മെതിക്കാനുള്ള കളം എന്നിവ മെഴുകാനും ചുമരില്‍ പൂശാനും ചാണകം തന്നെയാണ് ഉപയോഗിക്കുന്നത്. നെല്‍ക്കളത്തില്‍ ചാണകത്തിന്റെ സമ്പര്‍ക്കം പത്തായപ്പുരയില്‍ കഴിയുവാനുള്ള നെല്ലിന്റെ സുരക്ഷയ്ക്കുവേണ്ട അണുനിര്‍മ്മാര്‍ജ്ജനശേഷി നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. ദൈനംദിനം ചാണകം ഈ രീതിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്രാമീണര്‍ നഗരപ്രാന്തത്തില്‍ ജോലി തേടി കുടിയേറിപ്പാര്‍ക്കുമ്പോള്‍ ചാണകത്തെ വറളിയാക്കി വിറകാക്കി മാറ്റാനാണ് വെമ്പല്‍ കാട്ടുന്നത്.

എന്നാല്‍, ചാണകം ഗോബര്‍ ഗ്യാസാക്കുകയും ഉച്ചിഷ്ടം വളമാക്കുകയും ചെയ്യാമെന്നിരിക്കെ, ചാണകം നേരിട്ട് കത്തിക്കുന്നത് ദുരുപയോഗമാണ്. എങ്കിലും, ഗ്രാമം വിടുമ്പോള്‍ ചാണകത്തിനു വന്നുചേരുന്ന വിനിയോഗവ്യത്യാസം ശ്രദ്ധേയമാണ്.

ഗ്രാമത്തിലെ പശു പുല്ലു തിന്നുന്നു. നഗരത്തിലെ പശു കാലിത്തീറ്റയും
നഗരത്തില്‍ കിട്ടുന്നതും ഗ്രാമപ്രദേശങ്ങളില്‍ കിട്ടുന്നതുമായ ചാണകത്തിന് വ്യത്യാസമുണ്ട്. ഗ്രാമത്തിലെ പശു പുല്ലു തിന്നുന്നു. നഗരത്തിലെ പശു കാലിത്തീറ്റയും

പുര മെഴുകാന്‍ ഉപയോഗിച്ചിരുന്ന ചാണകം വീട്ടിന്റെ ചുവരുപൂശാനുള്ള പുതിയ വസ്തുവായി പുനരവതരിക്കുകയാണിപ്പോള്‍. ചാണകം, മണ്ണെണ്ണ, മെഴുക്, വൈക്കോല്‍, ടാര്‍ എന്നിവ മണ്ണില്‍ കലര്‍ത്തി രണ്ടാഴ്ച നീണ്ട രാസപ്രക്രിയയിലൂടെ ഉണ്ടാക്കാവുന്ന വസ്തുകൊണ്ട് ചുമരു പൂശാമെന്നാണ് കണ്ടെത്തല്‍. ഈ പുതിയ സാങ്കേതികവിദ്യയില്‍ ചാണകത്തിലെ ബാക്ടീരിയകളാണ് പ്രധാന പങ്ക് വഹിക്കുന്നത്.

നഗരത്തില്‍ കിട്ടുന്നതും ഗ്രാമപ്രദേശങ്ങളില്‍ കിട്ടുന്നതുമായ ചാണകത്തിന് വ്യത്യാസമുണ്ട്. ഗ്രാമത്തിലെ പശു പുല്ലു തിന്നുന്നു. നഗരത്തിലെ പശു കാലിത്തീറ്റയും. നഗരത്തിലെ ചാണകത്തില്‍ നാടന്‍ ചാണകത്തിലെ ഗുണഗണങ്ങള്‍ കാലിയായിരിക്കും. ദൈനംദിന ജീവിതത്തില്‍ ചാണകത്തിന്റെ ഉപയോഗം കുത്തനെ കുറഞ്ഞുപോയതുകൊണ്ടാകണം ആ കാര്യം ശ്രദ്ധിച്ചുകാണാത്തത്.

പണ്ടൊക്കെ വീട്ടുമുറ്റത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ആറടി വീതിയില്‍ ചാണകം മെഴുകിയിരുന്നിരുന്നു. ഈ തറയില്‍ കൂടെ നടന്നുവരുമ്പോള്‍ നഗ്‌നപാദരായ അതിഥികളുടെ കാലിലെ രോഗാണുക്കള്‍ നശിച്ചുപോകുന്നു എന്നാണ് വിശ്വാസം. വീട്ടിനകത്തു കയറുമ്പോള്‍ അവരുടെ കാലുകള്‍ രോഗാണുവിമുക്തമാകുന്നു. ഈ സമ്പ്രദായം ഇന്ന് ലോപിച്ചുലോപിച്ച് ചാണകംകൊണ്ടൊരു വട്ടവും അതില്‍ അരിപ്പൊടികൊണ്ടുള്ള കോലവുമായി ചുരുങ്ങിക്കഴിഞ്ഞു.

പണ്ടൊക്കെ വീട്ടിനുള്ളിലെ തറ മണ്ണുനിരത്തി ഉറപ്പിച്ച് കരിയടങ്ങിയ ചാണകംകൊണ്ട് തേച്ചുമിനുപ്പിച്ചതായിരുന്നു. ചാണകവും ചകിരി അരച്ചതും സമാസമം ചേര്‍ത്ത് അമ്മിയിലരച്ച്, മൂന്നുനാലു സ്ത്രീകള്‍ മൂന്നുനാലു ദിവസംകൊണ്ട് വീട് മുഴുവന്‍ മെഴുകും. വിഷു, ഓണം, കര്‍ക്കടകം, ചിങ്ങംനിറ, പിറന്ന നാള്‍ എന്നീ ദിവസങ്ങളാണ് ചാണകം മെഴുകി വീട് ശുദ്ധമാക്കുന്നത്. തറ മെഴുകുന്നത് എല്ലാ ദിവസവും ഉണ്ടാകില്ല. എല്ലാ മുറികളും ചൂലുകൊണ്ടടിച്ച് ചാണകം കലക്കിയുള്ള വെള്ളം തളിക്കണം. എന്നാലേ ശുദ്ധമാകൂ. എച്ചിലുള്ള ഇടം എല്ലായ്‌പ്പോഴും മെഴുകും. മറ്റു സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം മെഴുകും. ശുദ്ധമാകണമെങ്കില്‍ ചാണകം മെഴുകണം എന്നാണ് അക്കാലത്തെ വിശ്വാസം.

ചാണകവും കരിയും താളിയും ചേര്‍ന്ന മിശ്രിതത്തിനുവേണ്ടി അമ്മിക്കല്ലില്‍ അരച്ച് വശങ്ങള്‍ തേഞ്ഞു നീളത്തില്‍ ത്രികോണരൂപം പ്രാപിച്ച അമ്മിക്കുഴവികളുള്ള വീടുകള്‍ ഇപ്പോഴും ഉണ്ട്. അമ്മിയും കുഴവിയും ഉപയോഗശൂന്യമാകുമ്പോള്‍ വീട്ടുവളപ്പിലെവിടെയെങ്കിലും കുഴിച്ചിടും. അവ എണ്ണം തെറ്റാതെ തിരിച്ചെടുക്കാമെങ്കില്‍ ആ വീട്ടിന്റെ വയസ്സ് നിര്‍ണ്ണയിക്കാം. എന്നാല്‍, ഒരു കടങ്കഥയെന്നപോലെ, എത്ര ശ്രമിച്ചാലും ആ കല്ലുകള്‍ കിട്ടാറില്ല.

ഇടത്തരം വീടുകളിലെ തൊട്ടുകൂടാത്ത സ്ത്രീകള്‍ ഇറയത്തിനോടുചേര്‍ന്ന വരാന്തയില്‍ ചാണകം മെഴുകിയ തറയില്‍ വെറും തുണിയോ മറ്റോ വിരിച്ചേ കിടക്കാന്‍ പാടുള്ളു. ഈ ചാണകം പൂശിയ തറയുടെ ഗന്ധത്തിലാണ് ഒരായുസ്സ് മുഴുവനും പഴമക്കാര്‍ കഴിഞ്ഞുപോന്നിരുന്നത്. പക്ഷേ, ഇന്ന് ലഭ്യമായ കാലിത്തീറ്റ തിന്നു ലഭിക്കുന്ന ചാണകമാണ് തറ മെഴുകുവാന്‍ എടുക്കുന്നതെങ്കില്‍ മനുഷ്യന്റെ ആരോഗ്യസ്ഥിതി തകരാറിലാകുകയായിരിക്കും ഫലം. സിമന്റിന്റെ ഉപയോഗം സാര്‍വ്വത്രികമായത് അക്കണക്കിന് ഭാഗ്യം തന്നെ.

ചാണകത്തില്‍നിന്നും ഉണ്ടാക്കുന്ന മറ്റൊരു വസ്തുവാണ് ഭസ്മം. ചാണകം ശുചിയാക്കി, ഉണക്കി, വറളിപിടിച്ചത് ഉമികൊണ്ടു മൂടി തീയിടുന്നു. അത് മുഴുവന്‍ വെന്ത് വെണ്ണീറാകുമ്പോള്‍ ശുദ്ധജലത്തില്‍ കലക്കി ശുദ്ധമായ ഭസ്മം വേര്‍തിരിച്ചെടുത്ത് സുഗന്ധതൈലങ്ങള്‍ ചേര്‍ത്ത് ഒരുകൊല്ലത്തെ ആവശ്യത്തിനുവേണ്ടി സൂക്ഷിച്ചുവെയ്ക്കുന്നു. നമ്പൂതിരിമനകളില്‍ തന്ത്രിമാരാണ് അത് ചെയ്യുന്നത്.

പണ്ടത്തെ വീടുകളില്‍ ഇറയത്ത് തട്ടിന്റെ വളയത്തില്‍ പ്രത്യേകം മണ്‍പാത്രത്തിലോ മരപ്പാത്രത്തിലെ ഭസ്മം നിറച്ച് കെട്ടിത്തൂക്കിയിടും. വീട്ടില്‍ കയറിവരുന്ന ആരും തൊടുകുറിയിടുകയാണ് ആദ്യം ചെയ്യുക. വിയര്‍ത്തുവരുമ്പോള്‍ നെറ്റിയിലെ ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവ് ഭസ്മത്തിനുണ്ടത്രെ. അങ്ങനെയിടുന്ന ഭസ്മക്കുറികള്‍ക്ക് ഭസ്മത്രിപുണ്ഡ്രങ്ങള്‍ എന്നാണ് പറയുന്നത്. ഉച്ചിയിലെ നനവ്, വിയര്‍പ്പ് എന്നിവ വലിച്ചെടുത്ത് ജലദോഷത്തിന്റെ സാദ്ധ്യത കുറയ്ക്കുമെന്നാണ് വിശ്വാസം. ചിലര്‍ തലയില്‍, നെറ്റിയില്‍, കഴുത്തില്‍, മാറത്ത്, രണ്ടു കൈകളിലും പുറത്തും ഒക്കെ ഭസ്മം ധരിക്കുന്നു. ചിലര്‍ ശരീരത്തിന്റെ എല്ലാ സന്ധികളിലും ഭസ്മം ധരിക്കുന്നു.

ചില ഭക്തന്മാര്‍ അല്പം ഭസ്മം നാക്കിലിട്ട് ഭുജിക്കുന്നു. ശൈവഭക്തന്മാരാണ് ഭസ്മം ഇടുന്നത്. (വിഷ്ണു ഭക്തന്മാര്‍ ചന്ദനവും ദേവി ഉപാസകര്‍ കുങ്കുമവും ഉപയോഗിക്കുന്നു) അതുകൊണ്ടാണ് ശിവരാത്രിയുടെ അന്ന് ഭസ്മമുണ്ടാക്കുന്നത്.

ഇങ്ങനെ ഭക്ഷണമായും ഔഷധമായും ഗൃഹനിര്‍മ്മാണ വസ്തുവായും സംഭാവനകള്‍ നല്‍കി സഹസ്രാബ്ധങ്ങളായി ഗോക്കള്‍ മനുഷ്യരുമായി ഉത്തമ സുഹൃദ്ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു.

മനുഷ്യപുരോഗതിയോടൊപ്പം പശുക്കളും കടന്നുപോയിട്ടുണ്ട്. പക്ഷേ, അത് വെറും കച്ചവടവ്യവസ്ഥിതിയോടെയാണെന്നുമാത്രം. അത്യാധുനിക ഡയറികളില്‍ പശുക്കള്‍ സുഭിക്ഷരായി ആരോഗ്യദൃഢഗാത്രരായി വളരുന്നു. കൂടുതല്‍ പാലും വിഭവങ്ങളും അവ നല്‍കുന്നു. ശാസ്ത്രീയമായ സ്ലോട്ടര്‍ ഹൗസുകളില്‍ അവ ജീവിതം അവസാനിപ്പിക്കുന്നു.

കൂടുതല്‍ കൊഴുപ്പും ചൂടും നല്‍കാന്‍ പ്രാപ്തിയുള്ളതാണ് ഗോമാംസം. അതുകൂടാതെ ഒരുദിവസം പോലും മുമ്പോട്ടുപോകാന്‍ കഴിയാത്തവരാണ് ലോകത്തിലെ ഒരുവിഭാഗം ജനങ്ങള്‍. വളരെ ദൃഢമായ പേശിയുള്ളതും പൊക്കം കൂടിയതുമായ മനുഷ്യര്‍ക്ക് രൂപം നല്‍കാന്‍ അതിന് കഴിയും.

ജപ്പാന്‍കാര്‍ ഒരുകാലത്ത് പൊക്കം കുറഞ്ഞവരായിരുന്നു. പക്ഷേ, മാട്ടിറച്ചി ഉപയോഗിച്ചതിനുശേഷമാണത്രെ അവര്‍ പൊക്കമുള്ളവരും ദൃഢഗാത്രരുമായത്. കേരളത്തിലെ ജനങ്ങള്‍ വാമനന്മാരാണ്. അവരുടെ ഭക്ഷണക്രമമാണോ ഇതിനു കാരണം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മാട്ടിറച്ചി കഴിക്കുന്നവരിലാണ് ഹൃദ്രോഗം കൂടുതലായിക്കാണുന്നത്. അതുകൊണ്ട് മാട്ടിറച്ചി കഴിക്കുന്നത് ഏതു രീതിയില്‍ അഭികാമ്യമാകും എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

നഗരമനുഷ്യന്‍ കന്നുകാലികളില്‍നിന്ന് അകലുക മാത്രമല്ല, അവറ്റയ്ക്കു ഭീഷണി ഉയര്‍ത്തുക കൂടി ചെയ്യുന്നു. ഡല്‍ഹി പോലുള്ള നഗരങ്ങളിലെ ബഹുനിലമന്ദിരങ്ങളില്‍നിന്നും വലിച്ചെറിയുന്ന പഴത്തൊലിയും മറ്റും കുത്തിനിറച്ച പോളിത്തീന്‍ ബാഗുകള്‍ പശുക്കളെ മൃത്യുഗര്‍ത്തത്തിലേയ്ക്കു വലിച്ചിഴയ്ക്കുന്നു. മനുഷ്യപുരോഗതി പശുക്കളില്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു മുഖഭാവം മാത്രമാണത്.

മനുഷ്യന്റെ പുരോഗതിയില്‍ ഗോക്കള്‍ നില്‍ക്കുന്ന രണ്ട് അന്തരങ്ങള്‍! ഇതിന് മദ്ധ്യേയാണ് ഗ്രാമീണരുടെ ഇടയില്‍ ഗോക്കളുടെ സ്ഥാനം. വയലുഴാനും ഭാരം വലിക്കാനും പാലിനും ചാണകത്തിനും ഒക്കെയായി ഗ്രാമവാസികളുടെ സാമ്പത്തികഭദ്രതയ്ക്കുള്ള ഒരു വലിയ അത്താണിയായി അവ ഇന്നും നില്‍ക്കുന്നു.

In Indian life, the cow holds a deep position as a sacred, cultural, and economic anchor. Vouching for life, maternal care, and sustenance, its significance spans across spiritual reverence, rural economics, and daily nutrition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കോടതി മുൻകൂർ ജാമ്യം റദ്ദാക്കി: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ല്‍ താഴെ തന്നെ

'ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം; അച്ഛനു നീതി കിട്ടും വരെ പോരാടും'

തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; 'അര്‍ണബ്' മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ കര തൊടും, ആന്ധ്രയില്‍ ജാഗ്രതാനിര്‍ദേശം