representative image created by Ai image generator Ai image generator
Archives

അമ്മവഴിക്കേരളം; നമ്മുടെ കുടുംബ വ്യവസ്ഥയുടെ ചരിത്രം

1999 ഫെബ്രുവരി 19 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

രാഘവ വാരിയര്‍

അച്ഛനാണ് പ്രധാനം. അച്ഛനാണ് പ്രമാണം. അച്ഛന്റെ വഴിയാണ് പാരമ്പര്യം. അതുതന്നെ സംസ്‌കാരത്തിന്റെ വഴി; മേന്മയുടെ വഴി. അമ്മവഴിയൊന്നുണ്ട്. ആ വഴി പഴമയുടെ വഴി. പ്രാകൃതവഴി. അതു സംസ്‌കൃതിക്കു ചേര്‍ന്ന വഴിയല്ല. അമ്മവഴി വിടുക, അച്ഛന്‍വഴി തേടുക- അധീശ പ്രത്യയശാസ്ത്രത്തിന്റെ അനുജ്ഞ അതായിരുന്നു.

അമ്മവഴി വിടുന്നതും അച്ഛന്‍വഴി പിടിക്കുന്നതും ഒരു പ്രപഞ്ചബോധത്തിന്റെ, ലോകജ്ഞാനത്തിന്റെ ജീവിതവീക്ഷണത്തിന്റെ കാര്യമാണ്. ആണ്‍കോയ്മയുടെ ആ വീക്ഷണം മലയാളിയുടെ തറവാട്ടുമുതലായിരുന്നില്ല. മലയാളിയുടെ ലോകബോധത്തിലും ജീവിതദര്‍ശനത്തിലും അമ്മവഴിക്ക് ആക്കും കൂടും എന്ന കാര്യം ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ പ്രാധാന്യം നേടുന്നു. മലയാളിയുടെ ജീവിത വ്യവഹാരങ്ങളിലും അവയെ രൂപപ്പെടുത്തുന്ന ഭാഷാസംസ്‌കാരത്തിലും അമ്മയുടെയും അമ്മവഴിയുടെയും അനുഭവധാരയാണ് അടിസ്ഥാനപ്രമാണം. തലമുറതലമുറയായി കാതോടുകാതു പകര്‍ന്നുപോരുന്ന, ജീവിതവിജ്ഞാനം ആറ്റിക്കുറുക്കിയ പഴഞ്ചൊല്ലുകളില്‍ അമ്മയ്ക്കുള്ള മുച്ചും കൈയും ശ്രദ്ധിച്ചുനോക്കുക. കടമകളുടെ സന്നിഗ്ദ്ധാവസ്ഥകളില്‍ അതും വയ്യ ഇതുംവയ്യ, എന്തുചെയ്താലുമുണ്ട് പഴി എന്നുവന്നിട്ട് രണ്ടുംകല്പിച്ച് ഒന്നു ചെയ്യുമ്പോള്‍ അവനു ഭാഷ സഹായത്തിനെത്തുന്നത് ഒരു പഴഞ്ചൊല്ലിന്റെ വടിവായിട്ടാണ്. അമ്മയെത്തല്ലിയാലും രണ്ടുണ്ടുപക്ഷം. കെടുകാര്യമാണ് ചെയ്തത്; ശരി. എന്നാലും അതിനുമുണ്ട് പക്ഷാന്തരം എന്നുസാരം. കൂറും താല്പര്യവും അളക്കേണ്ടിവരുമ്പോള്‍ അതിനും ഒരു നറുചൊല്ല് നാവിന്‍തുമ്പിലെത്തും: പെറ്റ അമ്മയ്ക്കില്ലാത്തതോ, പോറ്റിയ മുത്താച്ചിക്ക്? അതിന്റെ കാരണം, പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല എന്നതുതന്നെ. ഒരാള്‍ക്ക് പ്രാണസങ്കടം, അതേസമയം വേറൊരാള്‍ക്ക് കളിവിളയാട്ടം. ജീവിതത്തില്‍ പലഘട്ടങ്ങളിലും നേരിടുന്ന ഒരനുഭവമാണിത്. ആ അനുഭവജ്ഞാനം ഒരു നാട്ടുചൊല്ലിന്റെ ചിമിഴിലാക്കിയാണ് മലയാളി മനസ്സില്‍ കൊണ്ടുനടക്കുന്നത്- അമ്മയ്ക്ക് പ്രസവവേദന, മകള്‍ക്ക് വീണവായന. അകത്ത് അമ്മയ്ക്ക് പേറ്റുനോവാണ്, അതിന്റെ മൂളലും ഞരങ്ങലും പുറത്ത് മകളുടെ വീണവായനയും കൂടിച്ചേരുന്ന ഈ രംഗം അമ്മയും മകളും ഒരേ വീട്ടില്‍ പുലരുന്ന പഴയ കുടുംബവ്യവസ്ഥയെക്കൂടി ഓര്‍മ്മിപ്പിക്കുവാന്‍ പോന്നതാണ്. വീണ വായിച്ചുരസിക്കാനുള്ള പ്രായമാവുമ്പോഴേയ്ക്ക് വീടുമാറിത്താമസിക്കുന്ന വഴക്കത്തിനു ആ പഴയ കുടുംബഗതി മനസ്സിലാവില്ലെന്നേയുള്ളു. അമ്മവഴി വിട്ട് അച്ഛന്‍വഴി പിന്തുടര്‍ന്നുകൊണ്ട് മനസ്സിലാവാതായിപ്പോയ ഒരുപാട് ജീവിതവ്യവഹാരങ്ങളും മലയാളിക്കുണ്ട്. ബന്ധങ്ങളില്‍വച്ചേറ്റവും മുറുക്കമുള്ളത് അമ്മയും മകളും തമ്മിലുള്ള ബന്ധമാണല്ലോ. എന്നാല്‍, പ്രായോഗികജീവിതത്തിലെ ആ ആപദ്ഘട്ടങ്ങളില്‍ ആ ബന്ധംപോലും പൊട്ടിച്ചിതറി തന്‍കാര്യം തലപൊക്കും; തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളു എന്ന്, അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഊക്കിനെക്കുറിച്ച് അമര്‍ത്തിപ്പറയുകയാണ് ഈ ചൊല്ല്. അതും വിടാന്‍വയ്യ, ഇതും വിടാന്‍വയ്യ എന്നാവുമ്പോള്‍, 'അമ്മയോടൊപ്പം കിടക്കുകയും വേണം, അച്ഛന്റെ ഒപ്പം പോവുകയും വേണം' എന്ന ധര്‍മ്മസങ്കടം പരിഹാസത്തോടെ പറയുന്നതാണ് മലയാളിയുടെ സ്വഭാവം.

അമ്മവഴിയെത്തന്നെ അനുസരിക്കുന്നതാണ് മലയാളിയുടെ കുടുംബവ്യവസ്ഥ. അത് അവന്റെ ഉല്പാദനബന്ധങ്ങളോടും ജീവിതരീതിയോടും ബന്ധപ്പെട്ടിരിക്കുന്നു. അനേകം തായ്വഴികളടങ്ങുന്ന ഒന്നാണ് തറവാട് എന്ന ഘടന. തായ്വഴി (താവഴി എന്നു ലോപം) എന്ന പേരുതന്നെ നോക്കൂ. തായിന്റെ, അമ്മയുടെ വഴിയാണത്. തന്തവഴിക്കാരായ ചിലരും മുഖ്യതറവാട്ടിലെ ശാഖക്കാരെ താവഴിക്കാരെന്നുതന്നെയാണ് വ്യവഹരിക്കുക. മലയാളിയുടെ ഭാഷയും മസ്തിഷ്‌കവും അങ്ങനെയാണ് രൂപപ്പെടുന്നതെന്നു സാരം. പല താവഴികള്‍ ചേര്‍ന്ന് ഒരേ മേല്‍ക്കൂരയ്ക്ക് താഴെ താമസിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയാണ് തറവാടുകളുടേത്. എന്നാല്‍, താവഴികളെല്ലാം തറവാട്ടില്‍ത്തന്നെ ഞെങ്ങിഞെരുങ്ങി കഴിഞ്ഞുകൊള്ളണമെന്നില്ല. അയവറ്റ ഒരു ചട്ടക്കൂടായിട്ടല്ല തറവാടിനെ സങ്കല്പിക്കുന്നത്. സൗകര്യംപോലെ താവഴികള്‍ക്ക് മാറിത്താമസിക്കുന്നതിനുള്ള വിലക്കുകളൊന്നുമുണ്ടായിരുന്നില്ല എന്നുതന്നെയല്ല, ഭൂസ്വത്തുകള്‍ പലേടങ്ങളിലായി ചിതറിക്കിടക്കുന്ന തറവാടുകള്‍ക്ക് താവഴികളെയും പലേടങ്ങളായി വിന്യസിക്കേണ്ടത് ഒരാവശ്യമായി വന്നു. പുതിയൊരു താവഴിയോ തറവാടോ ഉണ്ടാവുമ്പോള്‍ അതു മാതൃഘടനയുടെ സ്വഭാവം തന്നെ സ്വീകരിക്കുകയും ചെയ്തു. ഈ മട്ടില്‍ പെറ്റുപെരുകുന്ന ഒരു ജൈവഘടനയാണ് തറവാട്. പെറ്റുപെരുകുന്നതുപോലെതന്നെ ചത്തൊടുങ്ങുകയും ചെയ്യും. അറ്റടങ്ങിയ താവഴികള്‍ അമ്മയായ തറവാട്ടിലേയ്ക്കു തന്നെ വിലയം കൊള്ളും.

അമ്മവഴിക്ക് ദായക്രമം അനുസരിക്കുന്ന ഈ ഘടനയില്‍ പുരുഷന്‍ കേവലം പരാന്നജീവിയോ അപ്രധാനനോ ആയി പുറന്തള്ളപ്പെട്ടുപോന്നുവെന്നു കരുതേണ്ട. ആണിന്നു ആണിന്റെ പ്രാധാന്യം എന്നതാണ് അമ്മ വഴിയുടെ വഴക്കം. അതുകൊണ്ടുതന്നെ ആങ്ങളമാര്‍ക്ക് അവിടെ ഒരു സ്ഥാനമുണ്ട്. അതായത് അമ്മാവന്മാര്‍ക്ക് അമ്മവഴിയില്‍ അര്‍ഹിക്കുന്ന പദവി തന്നെയുണ്ട് എന്നര്‍ത്ഥം. അമ്മായിമാരുടെ വാക്കുകേട്ട് മരുമക്കളെ പീഡിപ്പിക്കുന്ന അമ്മാവന്മാരെപ്പറ്റിയാണ് കഥകളില്‍ ഏറെയും കേള്‍ക്കുക. എന്നാല്‍, അമ്മാവന്റെ അടിസ്ഥാനസ്വഭാവം ആഹ്ലാദകാരിത്വമായിട്ടാണ് മലയാളഭാഷ വ്യവഹരിക്കുന്നത്. വീടിന്റെ മേല്‍ക്കൂരയ്ക്കു പുറത്തേക്കു കടന്നാല്‍ ഏറ്റവും ആഹ്ലാദകരമായി, അത്ഭുതമായി ബാലമനസ്സ് കണ്ടെത്തുന്ന വസ്തുക്കളിലൊന്നു ചന്ദ്രനാണല്ലോ. ചന്ദ്രബിംബം മലയാളിയുടെ കുഞ്ഞിന് അമ്പിളിഅമ്മാവനാണ്. അമ്പിളിയച്ഛന്‍ എന്നൊരു സങ്കല്പം ആര്‍ക്കുമില്ലതാനും. അമ്പിളിയെ അമ്മാവനുമായി കൂട്ടിച്ചേര്‍ത്ത സമൂഹമനസ്സിന് അമ്മാവന്‍ ആഹ്ലാദകാരിയായ കാരണവര്‍ തന്നെ. ചന്ദ്രന്റെ കളങ്കത്തെപ്പറ്റിയും മറ്റുമുള്ള ആശയം പുറകേ വരികയേ ഉള്ളൂ. അമ്മാവന്റെ രൂപാന്തരമോ സ്ഥാനാന്തരമോ ആയിട്ടാണ് ആങ്ങളയെ കാണേണ്ടത് എന്നുതോന്നുന്നു. ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായേടങ്ങളിലൊക്കെ അവിടങ്ങളിലെ വാമൊഴിവഴക്കങ്ങളില്‍ ആ ബന്ധദാര്‍ഢ്യം ചില സങ്കല്പനങ്ങളുടെയോ ചൊല്ലുവഴക്കങ്ങളുടെയോ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാവും. മലയാളിയുടെ പാട്ടുകഥകളിലും തോറ്റംപാട്ടുകളിലുമൊക്കെ ഒറ്റപ്പെങ്ങള്‍ക്ക് ഏഴാങ്ങളമാര്‍ എന്ന കഥനരൂപം കാണാം. തുളുനാട്ടിലെ ചില പാടദാനങ്ങളിലും മറ്റും ഇതേ രീതിതന്നെ കാണുന്നുണ്ട്. തുളുനാട്ടിലും മലയാളത്തിലെപ്പോലെ അമ്മവഴിയുടെ ആചാരം ശക്തമാണ് എന്നുകൂടി ഇവിടെ ഓര്‍ക്കുക: ആങ്ങളമാര്‍ ചിലപ്പോഴെങ്കിലും വഴിതെറ്റി നടന്നുവെന്നും പെങ്ങള്‍ക്കു വിനയായെന്നും വന്നുകൂടായ്കയില്ല. നാത്തൂന്‍പോരും അമ്മായിപ്പോരും മലയാളിക്ക് അറിയാത്ത പുതുമയൊന്നുമല്ല. ദാരികനെപ്പോലെ ഒരു അസുരനെ സൃഷ്ടിക്കുമ്പോള്‍ ദുഷ്ടനായ ഒരാങ്ങള മനസ്സിലുണ്ട് എന്നു വ്യക്തം. അക്കഥ അല്പം വിസ്തരിക്കാനുണ്ട്. അതു വഴിയെ.

കൊടുങ്ങല്ലൂരമ്മ മറ്റു പലേടത്തെയും ഭഗവതിമാരുടെ ജ്യേഷ്ഠത്തിയാണ്. ചെട്ടിക്കുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ അനുജത്തിയാണത്രെ

മലയാളിയുടെ അമ്മ വഴി കുടുംബസങ്കല്പം സാമൂഹ്യക്രമത്തെയും കടന്ന് അവന്റെ ദേവതാ സങ്കല്പങ്ങളിലേക്കും പടര്‍ന്നുകയറിയിട്ടുണ്ട്. കാവുകളാണ് മലയാളിയുടെ ആരാധനാകേന്ദ്രം. തനിമയുറ്റ ദേവതാസ്ഥാനം. കാവില്‍ കുടികൊള്ളുന്നത് അമ്മയാണ്. മക്കളെ രക്ഷിക്കാനും ശിക്ഷിക്കാനും ശക്തിയുള്ള അമ്മ മക്കളെ കാത്തുപോരുന്നു. ശിക്ഷിക്കേണ്ടവരെ മാരിവിത്തെറിഞ്ഞ് മുടിക്കുന്നതും ആ അമ്മ തന്നെ. അമ്മയുടെ ഈ ഇരുമുഖസ്വഭാവത്തെ ആസ്പദമാക്കി ഓരോ നാട്ടുകഥകളും ഉണ്ട്. അമ്മമാര്‍ ഒന്നല്ല. പലതാണ്. കുടുംബത്തിലും അങ്ങനെതന്നെയാണല്ലോ. പെറ്റമ്മയുടെ മൂത്തതും ഇളയതുമായ അമ്മമാര്‍ പലരുണ്ടാവും തറവാട്ടില്‍. മലയാളിക്കിടാങ്ങളുടെ സാമൂഹ്യവത്കരണത്തിന്റെ ദശയിലെ ഒരു പ്രത്യേകതയാണിത്. പെറ്റമ്മയുടെ അഭാവം അഥവാ അസാന്നിദ്ധ്യം പലമട്ടില്‍ പരിഹരിക്കാനുള്ള വഴികളുണ്ട് അമ്മവഴിക്കുടുംബങ്ങളില്‍. മലയാളികളുടെ ഭഗവതിയമ്മമാരും അമ്മവഴിക്കുടുംബത്തിലെ അംഗങ്ങള്‍ പോലെതന്നെ. നാടിന്റെ നാനാഭാഗങ്ങളിലായി പിരിഞ്ഞു കുടികൊള്ളുന്ന ഈ അമ്മമാര്‍ തമ്മില്‍ സഹോദരീബന്ധം കല്പിക്കുന്നത് സാധാരണമാണ്. ഇന്നേടത്തെ ഭഗവതി ഇന്നേടത്തെ ഭഗവതിയുടെ ഏട്ടത്തി, അല്ലെങ്കില്‍ അനുജത്തി എന്നൊരു സങ്കല്പത്തിന് ധാരാളം പ്രചാരമുണ്ട്. കൊടുങ്ങല്ലൂരമ്മ മറ്റു പലേടത്തെയും ഭഗവതിമാരുടെ ജ്യേഷ്ഠത്തിയാണ്. ചെട്ടിക്കുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ അനുജത്തിയാണത്രെ. ലോകനാര്‍കാവില്‍ ഭഗവതി ഇവരുടെ രണ്ടുപേരുടെയും കനിഷ്ഠസഹോദരിയാണെന്ന് ചിലര്‍ സങ്കല്പിക്കും. ജ്യേഷ്ഠത്തി-അനുജത്തിബന്ധം മാത്രമല്ല, അമ്മ-മകള്‍ ബന്ധവും ഭഗവതിമാര്‍ തമ്മില്‍ പുലര്‍ന്നുപോരുന്നുണ്ട്. അങ്ങനെയാണ് മുത്തശ്ശിയാര്‍കാവുകളടെ ഉത്ഭവം. അമ്മയുടെയും അമ്മയാണല്ലോ മുത്തശ്ശി. മുത്തശ്ശിയാര്‍കാവിലെ ഭഗവതി ഏതോ കാവുകളിലെ അമ്മമാരുടെ അമ്മയാണ് എന്നു സൂചിപ്പിക്കുന്നു.

മനുഷ്യനിര്‍മിതമായ ഒരു സാംസ്‌കാരികസ്ഥാനമാണ് ജ്യേഷ്ഠത്തി-അനുജത്തി-അമ്മമകള്‍ ഭഗവതിമാരുടെ കാവുകളെ കൂട്ടിക്കൊരുത്തുകൊണ്ട് മലയാളി ഒരുക്കിവച്ചിട്ടുള്ളത്. അത്തരം സാംസ്‌കാരിക സ്ഥാനങ്ങള്‍ പലപ്പോഴും ദേവതാസങ്കല്പത്തിന് മാത്രമല്ല, സാമൂഹ്യക്രമത്തിനും കുടുംബവ്യവസ്ഥയ്ക്കുമൊക്കെ ആധാരമായിത്തീരുന്നതായിട്ടാണ് കാവുകളുടെ വിന്യാസരീതികൊണ്ടറിയുന്നത്. സാമൂഹ്യജീവിതത്തില്‍ പലപലതലങ്ങളില്‍ ബന്ധപ്പെടുന്ന കൂട്ടായ്മകളുടെ പരസ്പരബന്ധങ്ങളും കരണപ്രതികരണങ്ങളുമൊക്കെത്തന്നെയാണ് കാവുസമുച്ചയങ്ങളുടെ സാംസ്‌കാരിക സ്ഥാനങ്ങള്‍ മുഖേന സൂചിതമാവുന്നത്.

അച്ഛന്‍ വഴിയും മക്കത്തായവും നിഷ്ഠയോടെ പുലര്‍ത്തിപ്പോരുന്നവരാണ് ബ്രാഹ്മണര്‍

അമ്മമാരുടെ ആസ്ഥാനങ്ങളായ കാവുകളിലെ നിറതാലപ്പൊലി മഹോത്സവങ്ങളാണ് കേരളത്തിലെ നാട്ടിന്‍പുറങ്ങളുടെ ദേശീയോത്സവങ്ങള്‍ എന്നുപറയാം. അവിടെയാണ് കാവരങ്ങിന്റെ സാംസ്‌കാരികസന്ദര്‍ഭങ്ങള്‍, കാവരങ്ങിന്റെ പല ആവിഷ്‌കാരരൂപങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരാഖ്യാനം ദാരികാവധമാണ്. അമ്മ, സ്വന്തം സഹോദരനായ ദാരികനെ വധിക്കുന്ന കഥയാണത്. ഒരുവേള, കുടുംബവ്യവസ്ഥയില്‍ ആങ്ങളമാരുടെ അഥവാ അമ്മാവന്മാരുടെ കാര്യസ്ഥാനം ആണ്‍കോയ്മയും അത്യാചാരങ്ങളുമാവാന്‍ തുടങ്ങുമ്പോള്‍ അതിനെ പിഴുതെറിയുന്നതിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരമാവാം ദാരികാവധം കഥ.

മരണാനന്തരച്ചടങ്ങുകളിലും വീരാരാധനപരങ്ങളായ അനുഷ്ഠാനങ്ങളിലുമൊക്കെ അമ്മവഴിയുടെ സ്വാധീനം പറന്നുചെന്നിട്ടുണ്ട്. മക്കള്‍ക്ക് കൊടുക്കുന്നത് അച്ഛന്റെ ഇഷ്ടം. മരുമക്കള്‍ക്ക് അവകാശം അമ്മാവന്റെ സ്വത്തിന്മേലാണ്. ആ സ്വത്തവകാശത്തിന്റെ സൂചകമായി ശവദാഹത്തില്‍ ശേഷംകൊള്ളാനുള്ള അവകാശവും പിന്നീട് പിണ്ഡം വയ്ക്കാനുള്ള അവകാശവും മരുമക്കള്‍ക്കുള്ളതായി. സമുദായത്തിലും വാഴ്ചയിലും മറ്റുമുള്ള 'സ്ഥാനം' എന്ന അവകാശവും മരുമക്കള്‍ക്കുള്ളതാണ്. അമ്മാവനില്‍നിന്നു മരുമക്കളിലേയ്ക്കുള്ള 'സ്ഥാന'ത്തിന്റെ പകര്‍ച്ചയെയാണ് 'പുരുഷാന്തരം' എന്നുപറയുന്നത്. നാടുവാഴിസ്വരൂപങ്ങളാണ് പുരുഷാന്തരച്ചടങ്ങിന്റെ മേല്‍ക്കോയ്മയും കയ്യാളുക.

ബോധത്തിലും സങ്കല്പങ്ങളിലും വ്യവഹാരങ്ങളിലും സ്വാധീനം നേടിയ അമ്മവഴിയുടെ ആരാധനാരൂപമാണ് തോറ്റംപാട്ടുകള്‍. തോറ്റിയുണര്‍ത്തുന്ന ദേവതമാരില്‍ പലരും കുടുംബിനിമാരോ കുടുംബത്തിലെ പെണ്‍സന്തതിയോ ആവും. തോറ്റംപാട്ടുകളിലെ കുടുംബസങ്കല്പവും അമ്മവഴിയുള്ളതുതന്നെ. മാക്കപ്പോതി(കടാങ്കോടു മാക്കം)യുടെ തോറ്റമാണ് മികച്ച ഒരുദാഹരണം.

വാമൊഴിവഴക്കത്തിലുള്ള തോറ്റംപാട്ടുകളുടെ കുടുംബസങ്കല്പം തന്നെയാണ് പാട്ടുകഥകളിലും കാണുക. തച്ചോളിപ്പാട്ടുകളില്‍ ഏറിയകൂറും ഈ വകുപ്പില്‍പ്പെടും. പുത്തൂരംപാട്ടില്‍, ആരോമല്‍ച്ചേകവര്‍ ആര്‍ക്കുവേണ്ടി അങ്കംവെട്ടുന്നുവോ, ആ കുറുങ്ങാട്ടിടത്തിലെ കുടുംബം അമ്മവഴി അനുസരിക്കുന്നതാണ്. എന്നാല്‍ ചേകവരുടെ തറവാട് അച്ഛന്‍വഴിയാണ് പിടിക്കുന്നത്.

കേരളത്തിലെ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ സവിശേഷതയാണ് അമ്മവഴിക്കുള്ള കുടുംബക്രമമെന്നു പറയാനില്ല. പൊതുവെ നായര്‍-അമ്പലവാസി വിഭാഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും കുടുംബവ്യവസ്ഥ അതാണ്. അച്ഛന്‍ വഴിയും മക്കത്തായവും നിഷ്ഠയോടെ പുലര്‍ത്തിപ്പോരുന്നവരാണ് ബ്രാഹ്മണര്‍. എങ്കിലും കേരളത്തിലെ ബ്രാഹ്മണരില്‍ അമ്മവഴിക്കാര്‍ അതീവദുര്‍ലഭമായെങ്കിലും ഉണ്ട്, വടക്കേ മലയാളത്തില്‍. ആ പ്രദേശമാവട്ടെ, നമ്പൂതിരിമാര്‍ക്ക് വലിയ പ്രാധാന്യമുള്ള ഒരു പ്രദേശമല്ലതാനും. മക്കത്തായക്കാരാണ് കേരളത്തിലെ മുസ്ലീങ്ങള്‍ എന്ന് പൊതുവെ പറയാമെങ്കിലും അമ്മവഴി കുടുംബങ്ങളുടെ പല രീതികളുടെയും കലര്‍പ്പ് അവരുടെ കുടുംബക്രമങ്ങളിലുണ്ട്. കേരളത്തില്‍നിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരായ ലക്ഷദ്വീപുകാരില്‍ അമ്മവഴി കുടുംബങ്ങളുടെ സവിശേഷതകളില്‍ പലതും ഈയടുത്തകാലംവരെ ഊര്‍ജ്ജിതമായി നിലനിന്നു. മിനിക്കോയി ദ്വീപിലെ സമ്പ്രദായങ്ങളില്‍ ഇപ്പോഴും പെണ്‍വഴിപ്പെരുമയുള്ള കുടുംബവഴക്കങ്ങള്‍ പലതും സജീവമായി നിലനില്പുണ്ട്. പറഞ്ഞുവരുന്നത്, അമ്മവഴിയും അതിന്റെ വ്യവസ്ഥകളും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സവിശേഷതയല്ല എന്നാണ്. സ്വത്തുടമയുടെയും ജീവിതസമ്പ്രദായങ്ങളുടെയും പ്രശ്‌നങ്ങളുമായിട്ടാണ് അമ്മവഴിക്രമങ്ങള്‍ക്ക് ഏറെ ചാര്‍ച്ചയും വേഴ്ചയും.

ആണ്‍കോയ്മയും പെണ്‍പ്രമാണിത്തവും സാമൂഹ്യക്രമത്തിന്റെ ലക്ഷണങ്ങളായിട്ടുള്ള ഇന്‍ഡോ ആര്യന്‍ സംസ്‌കൃതിയുടെ സാഹിത്യത്തില്‍ അമ്മവഴിയുടെ വഴക്കങ്ങളെ തങ്ങളില്‍നിന്ന് വേറിട്ടുള്ള ഒരു നാട്ടുകൂട്ടായ്മയായ 'അപര'ത്തിന്റെ അടയാളമായി അധിക്ഷേപിക്കുന്ന പ്രകരണങ്ങളുണ്ട്. മഹാഭാരതത്തിലെ അത്തരം പംക്തികളെ ഉദാഹരിക്കാം. ഭാഗിനേയന്‍ പിണ്ഡകര്‍ത്താവായ ചില കൂട്ടായ്മകളെയാണ് മഹാഭാരതം പരിഹസിക്കുന്നത്. ഭാരതപംക്തികളുടെ ശരവ്യം കേരളമല്ലതാനും. അതു നില്‍ക്കട്ടെ.

സംസ്‌കൃതഭാഷയും അതിന്റെ സംസ്‌കാരവും കൊണ്ടുവന്നത് സാംസ്‌കാരികമായ ഒരധിനിവേശമായിരുന്നു. 'അനാര്യ'മെന്ന് അവര്‍ക്കു തോന്നിയതിനെയൊക്കെ അവര്‍ അധിക്ഷേപിച്ചു; സംസ്‌കൃതവല്‍ക്കരിക്കാന്‍ ശ്രമിച്ചു; കുറേയൊക്കെ വിജയിച്ചു. ദണ്ഡനീതിയുടെയും ഭരണതന്ത്രങ്ങളുടെയും രാഷ്ട്രീയമുറകള്‍ ഉപയോഗിച്ചല്ല, വിദ്യാഭ്യാസത്തിന്റെയും ജ്ഞാനപ്രചാരണത്തിന്റെയും പൗരസമൂഹമുറകള്‍ ഉപയോഗിച്ചാണ് ആര്യഭാഷാസമൂഹങ്ങള്‍ അവരുടെ സമുദായരീതികളെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം, ആര്യസംസ്‌കാരത്തിന്റെ പ്രതിനിധികള്‍ നമ്പൂതിരിബ്രാഹ്മണരായിരുന്നുവല്ലോ. അവര്‍ അവയുടെ ചര്യകളില്‍ സംസ്‌കൃതമനസ്‌കനായ ഒരു വ്യക്തിയുടെ പ്രതിച്ഛായ വാര്‍ത്തെടുത്തു. സാമൂഹ്യഘടനയില്‍ പ്രാധാന്യവും പ്രാമാണ്യവും കൈവന്ന അവരോടൊപ്പമെത്തേണ്ടവര്‍ ആ പ്രതിച്ഛായ തന്നെ സ്വീകരിക്കുകയും അതിനാസ്പദമായ ചര്യകള്‍ അനുസരിക്കുകയുമാണുണ്ടായത്. അങ്ങനെ ആര്യഭാഷാസമൂഹങ്ങളില്‍ പെടാത്തവരും ആര്യസംസ്‌കൃതിക്കൊത്തു താന്താങ്ങളുടെ സ്വത്വം വാര്‍ത്തെടുക്കാന്‍ തിടുക്കപ്പെട്ടു. എന്നിരുന്നാലും കുടുംബവ്യവസ്ഥ, ദായക്രമം തുടങ്ങിയ അടിസ്ഥാനഘടകങ്ങളില്‍ ചിലത് മാറാതെ നിലനിന്നുപോന്നു. കേരളത്തിലെ അമ്മവഴിയുടെ 'സംസ്‌കാരം' അക്കൂട്ടത്തിലൊന്നാണ്.

കേരളത്തിലെ സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരോ വേശ്യകളോ ആണെന്നും പുരുഷന്മാര്‍ ബഹുഭര്‍ത്തൃത്വത്തിലെ പങ്കാളികളും സ്ത്രീലമ്പടന്മാരും ആണെന്നുമുള്ള ആശയഗതികളെ പ്രമാണമായി സ്വീകരിക്കുന്നവയാണ് ആ റിപ്പോര്‍ട്ടുകള്‍

ബ്രിട്ടീഷ് ഭരണവും അതിനോടൊപ്പം വന്ന ആധുനികതയുമാണ് 'അമ്മവഴി'ക്കേരളത്തെ മറ്റൊരു രീതിയില്‍ കാണാനും വിവരിക്കാനും മാറ്റിമറിക്കാനും തുനിഞ്ഞത്. അധീശവാഴ്ച അതിന് ഉപാധിയാക്കിയത് നിയമവാഴ്ചയുടെയും ഭരണകൂടത്തിന്റേയും തന്ത്രങ്ങളായിരുന്നു. രാഷ്ട്രീയ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തുണച്ചുകൊണ്ട് പൗരസമൂഹത്തിന്റെ പ്രചാരണപ്രയന്തങ്ങളും കൂടിയായപ്പോള്‍ ഇഷ്ടമില്ലാത്ത അമ്മവഴി തൊട്ടതൊക്കെ കുറ്റം എന്നായി. കേരളത്തില്‍ സുവിശേഷവേലയ്ക്കായി വന്നെത്തിയ പാശ്ചാത്യമിഷണറിമാരാണ് ആധുനിക പാശ്ചാത്യനാഗരികതയുടെ ആദര്‍ശങ്ങളെ ഉത്തമമനുഷ്യത്വത്തിന്റെ മാതൃകകളായി ചിത്രീകരിച്ചുകൊണ്ട് ഇവിടെ ആത്മവിമര്‍ശത്തിന്റെയും പാശ്ചാത്യാനുകരണത്തിന്റെയും ഒരു പുതുവഴി നടപ്പാക്കിയത്. അവരതിന് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും മറ്റും കരുവാക്കുകയും ചെയ്തു. പുതിയ വിജ്ഞാനരൂപങ്ങളുടെ പൊതിയില്‍ പൊതിഞ്ഞാണ് ആശയങ്ങള്‍ പലതും സമൂഹമനസ്സിലേയ്ക്ക് വിക്ഷേപിക്കപ്പെട്ടത്. 'മലയാളരാജ്യത്തിന്റെ ഭൂമിശാസ്ത്രത്തോടുകൂടിയ ചരിത്രം' എഴുതുമ്പോള്‍ ഡോ. ഹെമന്‍ ഗുണ്ടര്‍ട്ട് കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് എഴുതി: ''മരുമക്കത്തായം വേറെ ഒരു ശാപം തന്നെ. അതിന്റെ സംഗതി വിവാഹാവസ്ഥയില്‍ വെടിപ്പില്ലായ്മകൊണ്ടത്രെ.'' എന്നിരുന്നാലും കൂട്ടുകുടുംബവ്യവസ്ഥയെപ്പറ്റി അദ്ദേഹത്തിന് നല്ലതു പറയാനുണ്ട്: ''തറവാടുമുതല്‍ വിഭാഗിച്ചുപോകാതിരിക്കേണ്ടതിനു കുടുംബങ്ങള്‍ പിരിഞ്ഞുപോകാതെ ഒരുമിച്ചുപാര്‍ക്കുന്നത് നല്ലൊരു കാര്യം.'' മുതല്‍സംബന്ധമായി മാത്രമല്ല. കുട്ടികളുടെ സാമൂഹ്യവല്‍ക്കരണം, വൃദ്ധജനങ്ങളുടെ പരിചരണവും പരിരക്ഷയും തുടങ്ങി വേറെയും ഗുണങ്ങള്‍ കൂട്ടുകുടുംബവ്യവസ്ഥയ്ക്കുണ്ട്.

അമ്മവഴിക്കേരളത്തിന്റെ സാമൂഹികക്രമമായ മരുമക്കത്തായത്തിന്റെ ഉല്പത്തിയെങ്ങനെയായിരുന്നു എന്ന കാര്യം പലരേയും കുഴക്കിയിട്ടുണ്ട്. മദ്ധ്യകാലം തൊട്ടുള്ള വിദേശസഞ്ചാരികളില്‍ പലരും ഷെയ്ക് സെയ്നുദ്ദീനെപ്പോലെ ചിലരും കേരളത്തിലെ മരുമക്കത്തായം, കൂട്ടുകുടുംബം എന്നിവയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ഉത്തരകേരളത്തിന്റെ ചരിത്രം വിവരിക്കുന്ന മൂഷികവംശകാവ്യം പറയുന്നത്, രാജകല്പന മുഖേനയാണ് മരുമക്കത്തായം നടപ്പാക്കിയതെന്നാണ്. കേരളോല്പത്തികള്‍ പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം പരശുരാമനില്‍ നിക്ഷിപ്തമാവും. കേരളോല്പത്തി വഴക്കങ്ങള്‍ പരിചയമുള്ള ഗുണ്ടര്‍ട്ടോ മറ്റോ രചിച്ചതെന്നു കരുതേണ്ട 'ദുഷിപര്‍വ്വം' എന്നൊരു കൃതിയില്‍ ഇതേ വാദം ആവര്‍ത്തിച്ചുകേള്‍ക്കാം. ആ കൃതിയില്‍ പറയുന്നതിന്നനുസരിച്ച് ബ്രാഹ്മണര്‍ സ്വാര്‍ത്ഥപൂര്‍ത്തിക്കായി കല്പിച്ച് നായന്മാര്‍ തുടങ്ങിയ ജാതികളുടെ ഇടയില്‍ നടപ്പാക്കിയതാണ് മരുമക്കത്തായം. കെ.പി. പത്മനാഭമേനോനെപ്പോലെയുള്ള ചില കേരള ചരിത്രകാരന്മാര്‍ ഈ കേരളോല്പത്തിവാദം സ്വീകരിക്കുന്നില്ല. സാമൂഹിക വികാസദശയിലെ പ്രാകൃതഘട്ടങ്ങളിലൊന്നിന്റെ അവശിഷ്ടമെന്ന നിലയില്‍ നരവംശശാസ്ത്രപരമായ ഒരു വിശദീകരണത്തോടാണ് അക്കൂട്ടര്‍ക്ക് താല്പര്യം.

ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിഷ്‌കരണ സംരംഭങ്ങളുടെ ഭാഗമായിട്ടുണ്ടായ ചില കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ മരുമക്കത്തായം, കൂട്ടുകുടുംബം, സംബന്ധം എന്നിങ്ങനെ കേരളത്തിലെ അമ്മവഴിപ്പാരമ്പര്യത്തില്‍ പരസ്പരം ബന്ധപ്പെട്ട ഏര്‍പ്പാടുകളെ നിരക്കനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരോ വേശ്യകളോ ആണെന്നും പുരുഷന്മാര്‍ ബഹുഭര്‍ത്തൃത്വത്തിലെ പങ്കാളികളും സ്ത്രീലമ്പടന്മാരും ആണെന്നുമുള്ള ആശയഗതികളെ പ്രമാണമായി സ്വീകരിക്കുന്നവയാണ് ആ റിപ്പോര്‍ട്ടുകള്‍. അവയുടെ രചയിതാക്കളായ നിയമജ്ഞന്മാരുടെ തീര്‍പ്പുകളെപ്പറ്റി മറിച്ചെന്തെങ്കിലും പറയാന്‍ യാഥാര്‍ത്ഥ്യനിഷ്ഠമായ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഒന്നുറപ്പിച്ചു പറയാം: കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥയുടെ അപചയദശയെ മാത്രം നിരീക്ഷിച്ചും ആസ്പദിച്ചും ആ ദശയിലെ ദൂഷ്യവശങ്ങളെ ഊതിവീര്‍പ്പിച്ച നിലയിലുമാണ് റിപ്പോര്‍ട്ടുകളും നിയമങ്ങളും ആ കുടുംബസമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നത്. മലബാര്‍ മാര്യേജ് കമ്മിഷന്‍, തിരുവിതാംകൂര്‍ മരുമക്കത്തായം കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ കേരളീയ സമൂഹത്തെ പാശ്ചാത്യാധുനികതയുടെ ആദര്‍ശങ്ങള്‍ക്കൊപ്പിച്ച് ഉരുക്കിവാര്‍ക്കാനുള്ള തിടുക്കം പ്രകടമാണ്.

മരുമക്കത്തായവും കൂട്ടുകുടുംബത്തിലെ സ്വത്തവകാശവും മറ്റും ജീര്‍ണ്ണിച്ചുകഴിഞ്ഞിരുന്നു എന്നത് നേരാണുതാനും. കാരണവന്മാരുടെ സ്വാര്‍ത്ഥപരമായ ഏകാധിപത്യവും ആണ്‍കോയ്മയുടെ അത്യാചാരങ്ങളും അതിന്റെ ഒരു കാരണമായിരുന്നു. സംബന്ധമെന്ന ഏര്‍പ്പാടും മറ്റു ചില ജീര്‍ണ്ണതകളുടെ ഫലമായി അടിത്തട്ടോളം അധഃപതിച്ചു. ഊട്ടേണ്ട വായ്കളുടെ എണ്ണത്തിനൊത്ത് ഉണ്ണാനുള്ള 'വഹ' പെരുകാന്‍ ഭൂവുടമാസമ്പ്രദായത്തില്‍ കാലോചിതമായ പരിവര്‍ത്തനങ്ങള്‍ വന്നതിന് തെളിവില്ല. ഇങ്ങനെ വ്യവസ്ഥയ്ക്കകത്തുതന്നെ അതിനെതിരായ ശക്തികള്‍ കരുത്താര്‍ജ്ജിച്ചത് മരുമക്കത്തായത്തിന്റെ അടിത്തറ പിളര്‍ക്കാന്‍ പോന്നതായി. അപചയദശയിലെ ഈ അവസ്ഥയായിരുന്നു എന്നെന്നും അമ്മവഴിയുടെ അനുഭവമെന്നു കരുതുന്നത് ശരിയാവുകയില്ല. അമ്മവഴിയും മരുമക്കത്തായവും കൂട്ടുകുടുംബവും മറ്റും ഈയടുത്തകാലം വരെയും തുടര്‍ന്നുപോന്ന ലക്ഷദ്വീപുകാര്‍ സ്വത്തവകാശത്തിലും മറ്റും ചില പുതുമട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് വ്യവസ്ഥയെ ജീര്‍ണ്ണോദ്ധാരണത്തിനു വിധേയമാക്കിയ ഉദാഹരണം നമുക്കുണ്ട്. മരുമക്കത്തായത്തില്‍ത്തന്നെ, കാരണവര്‍ക്കു സ്വകാര്യസ്വത്തിനു പഴുതുകിട്ടുംവിധം ഭൂസ്വത്തിനെ തിങ്കളാഴ്ചസ്വത്തെന്നും (സ്വകാര്യസ്വത്ത്), വെള്ളിയാഴ്ച സ്വത്തെന്നും (തറവാട്ടുമുതല്‍) വകതിരിച്ചതാണ് ഇക്കാര്യത്തില്‍ ദ്വീപില്‍ സംഭവിച്ച ഒരു മാറ്റം. മരുമക്കത്തായവും കൂട്ടുകുടുംബവ്യവസ്ഥയും മറ്റും ഈയടുത്തകാലത്തായി അവിടെനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് വ്യവസ്ഥയുടെ ജീര്‍ണ്ണതമൂലം എന്നതിനേക്കാള്‍ പാശ്ചാത്യാദര്‍ശങ്ങളുടേയും ആധുനികതാഭ്രമത്താലും മറ്റുമാണെന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ ദ്വീപിലെ പരമ്പരാഗത കൂടുംബവ്യവസ്ഥയെപ്പറ്റി പലരും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നത്.

കേരളത്തിലെ കുടുംബവ്യവസ്ഥയില്‍ ജീര്‍ണ്ണോദ്ധാരശ്രമങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, ആ വ്യവസ്ഥയെ ആധുനികവല്‍ക്കരണശക്തികള്‍ തള്ളിപ്പറയുകയാണുണ്ടായത്. അതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ നിയമവാഴ്ചയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ കേരളത്തിന്റെ അമ്മവഴിപ്പാരമ്പ്യം ഒരു പഴങ്കഥയായി.

Archive: Kerala historically followed a Marumakkathayam or matrilineal system rather than a true matriarchy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്‍ഫ്യൂഷന്‍' മാറ്റി ജയശ്രീ

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടര്‍

തിരുവോണം ബംപര്‍ ഷെയര്‍ ഇട്ടാണോ വാങ്ങിയത്?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 30 കോടി രൂപ അടിച്ചാലും പണികിട്ടാം!

56 പന്തില്‍ 88 റണ്‍സ്... 'മിന്നി', മിന്നു മണി! ഇന്ത്യക്ക് ത്രില്ലര്‍ ജയം സമ്മാനിച്ച് മലയാളി താരം