ഓര്‍മ്മക്കുറിപ്പുകളില്‍ സുലോചന മദര്‍ തെരേസയെക്കുറിച്ച് എഴുതിയത്. 1997 സെപ്റ്റംബര്‍ 19 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
മദര്‍ തെരേസയെ എനിക്ക് വര്‍ഷങ്ങളായി അറിയും. ദൈവവിളി കേട്ട് പതിനെട്ടാം വയസ്സില്‍ അന്യനാട്ടില്‍ പോയവള്‍, സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കലില്‍നിന്ന് ലോകത്തെ മുഴുവന്‍ സ്നേഹമെന്തെന്ന് പഠിപ്പിക്കുകയെന്ന വിസ്തൃതമായ കര്‍മ്മരംഗത്തേക്കിറങ്ങിയ കരുണാമയി. മരിക്കാന്‍ കിടന്നിരുന്ന ഒരു മനുഷ്യജീവിയേയുംകൊണ്ട് മഹാനഗരത്തിലെ പല ആശുപത്രികളുടെയും തുറക്കപ്പെടാത്ത വാതിലുകളില്‍ തട്ടിത്തട്ടി കൈനൊന്തവള്‍, അനാഥര്‍ക്കും അശരണര്‍ക്കും സ്വാഭിമാനത്തോടെയുള്ള മരണം സാധിപ്പിച്ചു കൊടുത്ത ലോകത്തിന്റെ അമ്മ.
'മദര്‍ ഹൗസി'ല്‍ വച്ച് അവരുടെ ആര്‍ത്തിറ്റിസ് മൂലം മുഴച്ച് കോടിയ കൈകള്‍ പിടിച്ചത്, കാല്‍തൊട്ട് വന്ദിച്ചത്, അല്പം ശങ്കിച്ച്, അവരറിയാതെ സാരിയില്‍ ഇടതു ചുമലിനു പിന്നില്‍ തുന്നിക്കൂട്ടിയ ഇടത്തില്‍ വിരല്‍കൊണ്ട് സ്പര്‍ശിച്ചത്.. ഇവയെല്ലാം പക്ഷേ 1994 മേയ് മാസത്തിലായിരുന്നു.
പലയിടങ്ങളില്‍ പല നേരങ്ങളില്‍ എന്റെ മനസ്സില്‍ ഞാന്‍ സൃഷ്ടിച്ചുവെച്ച മദര്‍ തെരേസ എന്ന പുണ്യവതിയുടെ തിരുമുറിവുകള്‍ ഞാന്‍ കണ്ടു; അവയില്‍നിന്ന് വാര്‍ന്നൊഴുകുന്ന രക്തത്തിന്റെ തീക്ഷ്ണഗന്ധം എന്റെ സിരകളില്‍ പടര്‍ന്ന് എന്നെ അസ്വസ്ഥയാക്കി.
എനിക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ ഞാന്‍ അച്ഛന്റെ കൂടെ അച്ഛന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു സ്വാമിജിയെ കാണാന്‍ പോയി. വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച ആറടി പൊക്കമുള്ള സ്വാമിയുടെ പേര് നാരായണന്‍ എന്നായിരുന്നു. ഓരോ ശിഷ്യനും രണ്ടു കുട്ടികളെ പഠിപ്പിച്ച് ജോലിയാക്കി കൊടുക്കും. ആ കുട്ടികളും ഈ ചങ്ങല മുറിയാതെ തുടര്‍ന്നു പോവണം എന്നതിലൊതുങ്ങി നാരായണ സ്വാമിയുടെ മതം.
വളരെ കൊല്ലങ്ങള്‍ക്കുമുമ്പ് പൊള്ളാച്ചിക്കടുത്ത ഒരു മലമുകളിലെ തണുപ്പും നിഴലുകളുമുറങ്ങുന്ന അണലി എന്ന കാപ്പിത്തോട്ടത്തില്‍ കുപ്പായി എന്നു പേരായി ഒരു മുതുമുത്തശ്ശിയുണ്ടായിരുന്നു. അവരുടെ അമ്മയില്ലാത്ത പേരമകള്‍ പ്രായത്തിന്റെ കുറ്റംകൊണ്ട് പതിനഞ്ചു വയസ്സില്‍ കഴുത്തില്‍ താലിയില്ലാതെ പ്രസവിച്ചുപോയ കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച മറ്റൊരുത്തന്റെ കൂടെ നാടുവിട്ടു. കുപ്പായി വയറുന്തി വയസ്സന്റെ മുഖമുള്ള മുരുകനേയും മടിയില്‍വെച്ച് വിറക്കുന്ന സ്വരത്തില്‍ പാട്ടുകള്‍ പാടിക്കൊണ്ട് വെയില്‍ വീണു കിടക്കുന്ന ഒരു പാറമേല്‍ ഇരുന്നു. എന്നെക്കണ്ടാലുടനെ കുട്ടിയെ നീട്ടിക്കാണിച്ച് ഉറക്കെപ്പറയും ''നിങ്ങളുടെ പിള്ളപ്പാടി (creche)യില്‍ ഇവനേയും ചേര്‍ത്തി കുറച്ച് പാലും ഉപ്പുമാവും കൊടുക്കാഞ്ഞാല്‍ എന്റെ മുരുകന്‍ വേഗം മരിച്ചുപോവും ഡോക്ടറമ്മാ.'' കമ്പനിയുടെ പ്രത്യേകാനുവാദത്തോടെ കുട്ടി ക്രെഷിലെ ഭക്ഷണം കഴിച്ച് ഒന്ന് തെളിയാന്‍ തുടങ്ങിയതായിരുന്നു. പിന്നെയൊരുനാള്‍ അവിടെപ്പോയപ്പോള്‍ മുരുകനെയും കണ്ടില്ല, കുപ്പായിയേയും കണ്ടില്ല. അവര്‍ ഊരിലേക്ക് പോയെന്ന് കേട്ടു. പോകുമ്പോള്‍ കുപ്പായി അവളുടെ പാറയിലെ വെയിലിന്റെ തുണ്ടും കൊണ്ടുപോയതായി ഞാന്‍ കണ്ടു.
മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലെ സര്‍ജറി പ്രൊഫസര്‍, പിന്നെ ഡീന്‍ എന്നീ നിലകളില്‍ രണ്ടു തവണ റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ആര്‍. മഹാദേവന്‍ എന്ന വന്ദ്യഗുരുഭൂതനായിരുന്നു ഞാന്‍ മൂന്നാറില്‍ ചെന്ന കാലത്ത് ഞങ്ങളുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. പ്രായം എഴുപതിനോടടുത്ത അദ്ദേഹം ആശുപത്രി ജോലികള്‍ക്കു ശേഷം വൈകുന്നേരങ്ങളില്‍ അകലെയുള്ള എസ്റ്റേറ്റുകളില്‍ പോയി, രോഗങ്ങള്‍ തടുക്കുവാന്‍ കമ്പനിയും ഗവണ്‍മെന്റും കൂടാതെ ഓരോരുത്തര്‍ക്കും എന്തുചെയ്യാന്‍ കഴിയുമെന്നതിനെപ്പറ്റിയുള്ള 16 എം.എം സിനിമകള്‍ തൊഴിലാളി കോളനികളില്‍ കാണിക്കുകയും ആളുകളോട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കാരണം, അക്കാലത്ത് അവിടങ്ങളില്‍ മീസല്‍സ് എന്ന 'അമ്മ വിളയാടിയ' കുട്ടിയെ, കാലത്ത് 7 മണിക്ക് ജോലിക്കെത്തേണ്ട അമ്മമാര്‍ അഞ്ചാം നാള്‍ പാനയില്‍ വെയിലത്തു വച്ച് ചൂടാക്കിയതെന്ന് സങ്കല്പിക്കപ്പെട്ട വെള്ളത്തില്‍ സൂര്യോദയത്തിനു മുമ്പ് കുളിപ്പിച്ച് ന്യൂമോണിയ പിടിപ്പിച്ചു. വസൂരി കീറി വെക്കാന്‍ ചെന്ന ഡോക്ടറോട് വഴക്കിടാന്‍ കൊമ്പന്‍ മീശക്കാരനായ അച്ഛന്മാര്‍ തേയിലച്ചെടി വെട്ടുന്ന പ്രൂണിങ്ങ് നൈഫ് വീശിക്കൊണ്ട് ഓടിയെത്തി. കുടുംബാസൂത്രണത്തെപ്പറ്റി പറയുമ്പോള്‍ ''ആറു പെത്താ മൂന്നു പെഴയ്ക്കും. അതിലെയും ഒരുത്തന്‍താന്‍ ഉരുപ്പടിയായ് വരുവാന്‍'' എന്നു പറഞ്ഞ് കുടുംബാസൂത്രണവും ഉയര്‍ന്ന ശിശുമരണ നിരക്കും തമ്മിലുള്ള പൊരുത്തമില്ലായ്മ ഡോക്ടര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.
മന്ദബുദ്ധിയും സംസാരശേഷിയില്ലാത്തവനുമായ പാര്‍ത്ഥോ വടക്കന്‍ ബംഗാളിലെ ഡാം ഡിം എസ്റ്റേറ്റിലെ വികലാംഗര്‍ ഓഫീസ് സ്റ്റേഷനറിയുണ്ടാക്കുന്ന സെന്റില്‍ കാലത്ത് കൃത്യം ഒമ്പതുമണിക്കെത്തി. തലയുയര്‍ത്താതെ നടന്ന് പടിയിലെ ചവുട്ടിയില്‍ മൂന്നു തവണ കാലുകള്‍ അമര്‍ത്തിത്തുടച്ച് അകത്തുകയറി. ഇടവും വലവും നോക്കാതെ പോയി കടലാസ്സു വെട്ടുന്ന മെഷീനിന്റെ വലതുഭാഗം ചേര്‍ന്നു നിന്നു. പോളിയോക്കാരന്‍ കൊടുത്ത ഒരു കെട്ട് കടലാസ്സ് മെഷീനില്‍ വെട്ടി സൈസാക്കി മെഷീനിന്റെ ബ്ലേഡ് സ്വസ്ഥാനത്തേക്ക് തിരിച്ചുയര്‍ത്തിവച്ച് വീണ്ടും പഴയ സ്ഥലത്തെത്തി കീഴോട്ട് നോക്കി നില്‍പ്പായി- അടുത്ത് കടലാസ്സുകെട്ട് കയ്യില്‍ വരുന്നതുവരെ.
നവരാത്രി എസ്റ്റേറ്റിലെ അല്പം നൊസ്സുള്ള ശീലാമണി തന്റെ ഹെവി ഡ്യൂട്ടി സ്വീയിംഗ് മെഷീനില്‍ തേയില പാക്ക് ചെയ്യാനുള്ള ഒരു ചാക്ക് 40 മിനിട്ടില്‍ തുന്നിത്തീര്‍ത്തു. നൂല്‍ മുറിച്ചയുടന്‍ അവള്‍ കയ്യടിച്ച് ചിരിച്ചു. റീത്ത ചാക്കെടുത്ത് കൊണ്ടുപോയി കമ്പനിയുടെ സീല്‍ അതില്‍ കുത്താനാരംഭിച്ചു.
വടക്കന്‍ ബംഗാളിലെ എസ്റ്റേറ്റുകളില്‍ വേറെയുമുണ്ടായിരുന്നു രണ്ടു പേര്‍, ഓര്‍ക്കുമ്പോള്‍ ശ്വാസം മുട്ടിക്കുന്നവര്‍. കാലത്ത് എട്ടുമണിക്ക് എസ്റ്റേറ്റ് റോഡില്‍ വച്ച് പൂര്‍വ്വ വൈരാഗ്യം തീര്‍ക്കാന്‍ വെട്ടിമുറിച്ച് കഷണങ്ങളാക്കപ്പെട്ട കേദാര്‍ എന്ന സൂപ്പര്‍വൈസര്‍, പിന്നെ എസ്റ്റേറ്റു വിട്ട് സിലിഗുരിക്കടുത്ത് ഒരാശുപത്രിയില്‍ ജോലി കിട്ടി ഒരു മാസത്തിനുള്ളില്‍ ഒരു രോഗി മരിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്കതിക്രമിച്ചു കയറിയവരാല്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തപ്പെട്ട ക്യാപ്റ്റന്‍ ഡോ. ശര്‍മ്മ എന്ന സ്നേഹിതന്‍, കേദാറിന്റെ ഭാര്യ ഇന്ദ്രമായയും മൂന്നു കുട്ടികളും എസ്റ്റേറ്റിലെ ക്രഷില്‍ ഉണ്ട്. ശര്‍മ്മയുടെ ഭാര്യ മമത ഇരട്ട ആണ്‍കുട്ടികളോടൊപ്പം ഡാര്‍ജിലിങ്ങിലും.
എന്റെ മദര്‍ തെരേസ കുപ്പായിമാരോടൊപ്പം കുട്ടികള്‍ക്ക് ഭക്ഷണത്തിനായി യാചിച്ചു. മുരുകന്മാരെ വളര്‍ത്തി വലിയവരാക്കി. ഇന്ദ്രമായമാരെ മാറോടു ചേര്‍ത്തണച്ചു, ശീലാമണിമാരോടൊപ്പം കൈകൊട്ടിച്ചിരിച്ചു. ദുഷ്ടന്മാരെയും ശിഷ്ടന്മാരേയും സ്നേഹിച്ചു.
ഓഫീസ് സമയത്ത് ഒരു മിനിട്ട് ഒഴിവില്ലാത്ത ഞങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു അത്യാവശ്യമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉച്ചയ്ക്ക് ഊണിന്റെ സമയത്തു വന്നോളൂ എന്ന്. ഏറെ എണ്ണമയമുള്ള ഭക്ഷണം കഴിക്കാനിഷ്ടപ്പെടാത്ത അദ്ദേഹത്തിന് ഭാര്യ രത്‌ന വീട്ടില്‍നിന്ന് ചോറും പരിപ്പും ചെറിയ തൂക്കുപാത്രത്തില്‍ കൊടുത്തയച്ചു. ഞാന്‍ കല്‍ക്കത്തയിലുണ്ടായിരുന്ന അഞ്ചു വര്‍ഷത്തെ കാലയളവില്‍ വടക്കന്‍ ബംഗാളിലെ മൂന്ന് എസ്റ്റേറ്റുകള്‍ക്കു മാത്രം 45 ലക്ഷത്തിലേറെ രൂപയുടെ ക്യാപിറ്റല്‍ അനുമതി കുടിവെള്ളം, തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ പരിശീലനം, ക്രെഷുകളുടെ വികസനം എന്നിവയ്ക്കായി കൃഷ്ണകുമാര്‍ എന്ന വലിയ മനുഷ്യന്‍ നിറഞ്ഞ മനസ്സോടെ നല്‍കി. ഇരുപതു കൊല്ലം മുമ്പ് ക്രെഷിലെ കുട്ടികളുടെ ഭക്ഷണത്തിനനുവദിക്കപ്പെട്ട കുട്ടിയൊന്നിന് 3 പൈസ എന്നത് നൂറു പൈസയാക്കിക്കിട്ടാന്‍ ഒരുപാട് കണക്കുകള്‍ കൂട്ടുകയും രോഗവിവരങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തവളാണ് ഞാന്‍.
ഒരു ദിവസം ഉച്ചകഴിഞ്ഞ് എം.ഡി. എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. സിസ്റ്റര്‍ അക്വിനെറ്റിന്റെ കൈകള്‍ അവരുടെ ശബ്ദം പോലെ മൃദുവായിരുന്നു. അവര്‍ ഒരു ചെറിയ തൊണ്ടലോടെ നടന്നു. ചില വികലാംഗര്‍ക്കും മറ്റും എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി വന്നതാണവര്‍. അവരിലാരെങ്കിലും ഏതെങ്കിലും തൊഴിലില്‍ പരിശീലനം നേടിയിട്ടുണ്ടോ എന്ന് ഞാന്‍ എന്റെ വിവരക്കേട് എഴുന്നള്ളിച്ചു. എന്റെ ബുദ്ധി ആ വഴിക്കാണല്ലോ ഇക്കാലമത്രയും
ഓടിയത്. മാത്രമല്ല, 'You look after their tomorrows I shall look after their todays' എന്ന് മദര്‍ പറഞ്ഞകാര്യം ഞാനപ്പോള്‍ വായിച്ചിരുന്നുമില്ല. കന്യാസ്ത്രീകള്‍ പുഞ്ചിരിച്ചു. കൃഷ്ണകുമാര്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു ''സുലോചന, ഇവരിവിടെ സ്നേഹം മാത്രം കൊടുക്കുന്നു. മനസ്സു നിറയെ സ്നേഹം; നമുക്ക് വല്ലതും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കൂ.''
'മദര്‍ ഹൗസി'ന്റെ തൊട്ടടുത്ത ശിശുഭവനില്‍ ഒരു മുറിയില്‍ വച്ച് ഞാനും ഡോ. സിന്‍ഹയും കൂടി സിസ്റ്റര്‍ അക്വിനെറ്റ് വിളിച്ചു വരുത്തിയ കുറേപ്പേരെ ഇന്റര്‍വ്യൂ ചെയ്തു. ചിലര്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിഞ്ഞു. ചിലരെ രാമകൃഷ്ണ മിഷന്റെ തൊഴില്‍ പരിശീലന ക്ലാസ്സുകളില്‍ ചേര്‍ത്ത് പഠിപ്പിച്ചു.
അതിനിടെ ഞങ്ങളുടെ ഓഫീസില്‍ ഒരു ഭരണപരിഷ്‌കാരം നിലവില്‍ വന്നു. ദിവസേന ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം ലഭിച്ചിരുന്ന സമൃദ്ധമായ ഉച്ചയൂണ് ആഴ്ചയിലൊരു ദിവസം ഫലങ്ങള്‍ മാത്രമായി. അന്ന് പാകം ചെയ്ത ഭക്ഷണമൊക്കെ മദര്‍ തെരേസയ്ക്ക് കൊടുത്തയച്ചു എന്ന് ഊണ്‍മുറിയില്‍ ജോലി ചെയ്യുന്ന ജുമന്‍ പറഞ്ഞു. അയയ്ക്കുന്ന ഭക്ഷണം രണ്ടാം തരമാകാതിരിക്കാനായി ഓരോ ആഴ്ചയിലും ഏതു ദിവസത്തെ ഭക്ഷണമാണ് മദറിന് എന്ന കാര്യം കാലത്ത് പതിനൊന്നര മണി കഴിഞ്ഞു മാത്രം അടുക്കളയിലറിയിച്ചു. മാര്‍ക്കറ്റില്‍ പോയി പഴങ്ങള്‍ വാങ്ങാന്‍ അര മണിക്കൂര്‍ മതിയല്ലോ.
അങ്ങനെയിരിക്കെ 1994 മേയ് മാസം വന്നു. ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ ചില സ്നേഹിതന്മാരും കൂടി മദര്‍ തെരേസയെ കാണാന്‍ പോയി. എപ്പോഴാണ് കാണാന്‍ സൗകര്യപ്പെടുക എന്നന്വേഷിച്ചപ്പോള്‍ അമ്മയിവിടെയുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും വന്നു കാണാമല്ലോ എന്നുത്തരം കിട്ടി. എനിക്കത് ഒരു പുതിയ അനുഭവമായിരുന്നു. അപ്പോയ്ന്റ്‌മെന്റു തന്നതിനു ശേഷവും പല ഓഫീസുമുറികളുടെ മുന്നിലും മണിക്കൂറുകളോളമുള്ള കാത്തിരിപ്പിന് തയ്യാറെടുത്ത് ഒരു നോവല്‍ കൂടി കൊണ്ടു നടക്കാന്‍ മാത്രം വലുപ്പമുള്ള ഹാന്‍ഡ് ബാഗുകള്‍ എന്നും വാങ്ങിയവളാണ് ഞാന്‍. കാത്തിരിപ്പിന്റെ ദൈര്‍ഘ്യത്തോടൊപ്പം അകത്തുള്ളയാളുടെ 'അഹം' വലുതാകയും പുറത്തുള്ളയാളുടെ 'അഹം' ക്ഷീണിക്കുകയും ചെയ്യുന്നു എന്ന നിയമത്തില്‍ അപ്പീലില്ല; എങ്കിലും കിഴോട്ട് നോക്കി നോവല്‍ വായിച്ചാല്‍ ആകാശത്ത് മൂക്കുള്ളവരും, ഫയലുകള്‍ ഫോണുകള്‍ എന്നീ മാരകായുധങ്ങള്‍ കൈവശം വച്ചവരുമായ പ്യൂണ്‍ മറ്റു ശിങ്കിടികള്‍ എന്നീ ദുര്‍മ്മൂര്‍ത്തികള്‍ക്കതീതയാണ് ഞാനെന്ന് ഭാവിക്കാമല്ലോ.
എ.ജെ.സി. ബോസ് റോഡിലെ മദര്‍ ഹൗസില്‍ ഞങ്ങള്‍ ഉച്ച തിരിഞ്ഞ് മൂന്നരയോടെ എത്തി. ഇടുങ്ങിയ സിമന്റ് കോണിപ്പടികള്‍ കയറി ഒരു സിസ്റ്ററുടെ കൂടെ ഞങ്ങള്‍ മുകളിലേക്ക് പോയി. ഒരു വലിയ നടുമിറ്റത്തിനു ചുറ്റുമായി സുമാര്‍ അഞ്ചാറടി വീതിയുള്ള ഒരു വരാന്തയില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. ശ്രീരാമന്‍ തന്റെ വിരലുകള്‍ കൊണ്ട് തലോടിയതു പോലെ നീല ബോര്‍ഡറുള്ള വെള്ള സാരികള്‍ ധരിച്ച കര്‍ത്താവിന്റെ മണവാട്ടികള്‍ പലരേയും അവിടെ കാണാമായിരുന്നു. പിന്നെ കുറേ സാധാരണ മനുഷ്യരേയും. പെട്ടെന്ന് അകത്തെ മുറിയില്‍നിന്ന് അല്പം കൂനുള്ള ഒരു കന്യാസ്ത്രീ വേഗത്തില്‍ നടന്നുവന്ന് മറുവശത്തുള്ള ചാപ്പലിലേക്ക് പോകുന്നതും അവിടെക്കിടന്ന ഒരു ബഞ്ചെടുത്ത് പൊക്കാന്‍ ശ്രമിക്കുന്നതും കണ്ടു. ഒരു നിമിഷം അവരുടെ കാലുകള്‍ എനിക്ക് പരിചിതമാണെന്ന വിചാരം മനസ്സില്‍ മിന്നി. (കല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ഒരിക്കല്‍ ഞാന്‍ മദര്‍ തെരേസ നടന്നു പോകുന്നതു കണ്ടിരുന്നു. ദീനം ആകൃതി കെടുത്തിയ ആ കാലുകള്‍ തൊടണമെന്ന മോഹത്തോടെ ഞാന്‍ പലവുരു നോക്കിയതാണ്. എന്നാല്‍ അവരുടെ ചുറ്റുമുള്ള ആള്‍ത്തിരക്കും പിന്നെ എന്റെയുള്ളിലുള്ള വളയാത്ത ഏതോ വസ്തുവും കാരണം അതുണ്ടായില്ല).
അതിനിടെ ഞങ്ങളോടൊപ്പമുള്ള പുരുഷന്മാര്‍ അങ്ങോട്ടോടിച്ചെന്നു ബെഞ്ചു പൊക്കുന്ന പ്രായമായ സ്ത്രീയെ സഹായിക്കാന്‍, ഞങ്ങളുമെത്തി ഒപ്പം തന്നെ. അപ്പോള്‍ തലയുയര്‍ത്തി ഞങ്ങളുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു ഞങ്ങള്‍ക്കിരിക്കാന്‍ ബഞ്ചെടുത്തിടാന്‍ പോയ മദര്‍ തെരേസ. സ്നേഹം ശാന്തി അനുഗ്രഹം ഇവയെല്ലാം ആ ചാപ്പലിലെ അന്തരീക്ഷത്തില്‍ കനത്തു കിടക്കുന്നു;
''ഒച്ചയുണ്ടായിലനക്കമുണ്ടായലൊ-
രൊറ്റക്കുമിളയും പൊങ്ങിയില്ല''
വരാന്തയിലേക്കെടുത്തിട്ട മൂന്നു ബെഞ്ചുകളില്‍ ഞങ്ങളെല്ലാവരും അമ്മയോടൊപ്പം ഇരുന്നു. അന്നവിടെ സംസാരിച്ചതൊന്നും എനിക്കോര്‍മ്മയില്ല- പ്രാര്‍ത്ഥന സ്നേഹം ഇവയെപ്പറ്റിയാവണം. അവിടെയെത്തിക്കഴിഞ്ഞാല്‍ സാന്നിദ്ധ്യം മാത്രമേയുള്ളൂ. ബഹിര്‍ഗ്ഗമിച്ച വാക്കുകള്‍ ചന്ദനത്തിരിയുടെ പുകപടലം പോലെ എങ്ങുമെങ്ങുമെത്താതെ അലഞ്ഞു നടന്നു.
തരം കിട്ടിയപ്പോള്‍ സ്ഥലം മാറിയിരുന്ന ഞാന്‍ ആദ്യം അമ്മയുടെ കാല്‍മുട്ടും പിന്നീട് ഇടതുചുമലിനു പിറകിലും അറിയാത്ത ഭാവത്തില്‍ തൊട്ടു. കുറച്ചു കഴിഞ്ഞ് ശിശുഭവനിലേക്ക് പോകാനായി ഞങ്ങള്‍ വിടവാങ്ങി; ഞങ്ങളുടെ ബാഗുകളില്‍ അമ്മ ചുംബിച്ചനുഗ്രഹിച്ച വെള്ളി രൂപങ്ങളുണ്ടായിരുന്നു.
ഋഷിമൂലം ചോദിക്കാനോ പറയാനോ പാടില്ലെങ്കിലും ശിശുഭവനിലെ കന്യാസ്ത്രീ എന്റെ സ്‌നേഹിത അന്നുവിന്റെ ബന്ധുവായിരുന്നു പൂര്‍വാശ്രമത്തില്‍. വീടുവിട്ടുപോന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ മാത്രം, ഒഴിച്ചുകൂടാനാവാത്ത ഒരു മരണക്രിയയ്ക്കായി കേരളത്തിലെ സ്വന്തം വീട്ടിലേക്ക് ഒരതിഥിയായി അവര്‍ പോയത്രെ. ഞങ്ങള്‍ ചെന്ന ദിവസം മുകളില്‍ തൊട്ടില്‍ പ്രായത്തിലുള്ള കുട്ടികളെ കിടത്തുന്ന വലിയ ഹാളില്‍ 104 കുട്ടികളുണ്ടായിരുന്നു. അമ്മ, അച്ഛന്‍, മുത്തശ്ശി, മുത്തച്ഛന്‍ ഇവര്‍ക്കൊന്നും വേണ്ടെങ്കിലും ശിശുഭവന്‍ ഉണ്ടെന്ന കാരണത്താല്‍ ജനിച്ചയുടന്‍ കൊല്ലപ്പെടാതിരുന്നവരാവാം അവരില്‍ പലരും. അവിടെ നാലോ അഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ ഈ കുട്ടികള്‍ക്ക് പാലു കൊടുക്കാനും, അവരെ വൃത്തിയാക്കാനും, മരുന്നുകൊടുക്കാനുമൊക്കെ. കന്യാസ്ത്രീയായ ഒരു ഡോക്ടര്‍ ചില കുട്ടികള്‍ക്ക് ഡ്രിപ് കൊടുക്കുന്നതും ഇന്‍ജക്ഷന്‍ കൊടുക്കുന്നതുമൊക്കെ കണ്ടു. സിസ്റ്റര്‍ പറഞ്ഞു ഇവിടെയെത്തുമ്പോള്‍ അറിയാം ലോകത്തിന്റെ പാപഭാരം. അവര്‍ വന്നതില്‍പ്പിന്നെ ഒരിക്കലെങ്കിലും ഒരൊറ്റ അമ്മയെങ്കിലും താനുപേക്ഷിച്ചു പോയ കുഞ്ഞിനെ ഒരു നോക്കു കാണാന്‍ തിരിച്ചു വന്നിട്ടില്ല. ഇവിടെനിന്ന് ദത്തെടുക്കാന്‍ വരുന്നവര്‍ വെളുപ്പ്, ആരോഗ്യം, സൗന്ദര്യം, ത്വക്രോഗങ്ങളോ മറ്റസുഖങ്ങളോ ഇല്ലായ്മ എന്നിവ കണക്കാക്കി തങ്ങള്‍ക്കിഷ്ടപ്പെട്ട കുട്ടിയെ തിരഞ്ഞെടുത്ത് വീട്ടില്‍ കൊണ്ടുപോയി.
തൊട്ടില്‍പ്രായക്കാരെ കൂടാതെ മുന്നൂറിലധികം മുതിര്‍ന്ന കുട്ടികളുണ്ട് ശിശുഭവനില്‍. ഇവിടെ ചിരിച്ചുകൊണ്ട് നടക്കാന്‍ കഴിയുന്നതിലും വലിയ വിദ്യയില്ലെന്നു തോന്നി എനിക്ക്. അതിനാല്‍ ആ വൈകുന്നേരം അഞ്ചേമുക്കാല്‍ മണിക്ക് ഒരൊറ്റ മോഹമേയുണ്ടായിരുന്നുള്ളു എന്റെയുള്ളില്‍; രാജാ ബസന്തറോയ് റോഡിലുള്ള എന്റെ വീട്ടിലേക്ക് ഓടിപ്പോയി കുളിച്ച് കിടപ്പുമുറിയുടെ കതകടച്ച്, ഫാനും എ.സിയുമിട്ട് പതുത്ത മെത്തമേല്‍ കണ്ണടച്ചുകിടക്കുക, എന്നിട്ട് മനസ്സിന്റെ അടിത്തട്ടില്‍ ശിശുഭവനും അന്നുവിന്റെ കസിനും കൂടി ഉണ്ടാക്കിയ തീ അണച്ച് കനലാക്കുക, അതിനെ ചാരമിട്ട് മൂടിവയ്ക്കുക. ആകെ രണ്ടിഞ്ചു മാത്രം വണ്ണമുള്ള കൈയിലെ ഞരമ്പിലേക്കിറങ്ങിപ്പോകുന്ന നേരിയ പ്ലാസ്റ്റിക് ട്യൂബ്, മറ്റേ കൈയിലും കാലുകളിലുമൊക്കെ രക്തം കക്കിയ വേറെയും നീലപ്പാടുകള്‍, പുറം മുഴുവന്‍ പൊള്ളി പഴുത്ത് ദുര്‍ഗന്ധം പരത്തി കമിഴ്ന്നു കിടക്കുന്ന ഒരു മാസം പ്രായമുള്ള കുട്ടി, അടിക്കടി വയറിളക്കം വരുന്നതിനാല്‍ മലദ്വാരം പുറത്തേക്കു മുഴച്ചുനില്‍ക്കുന്ന പത്തുമാസക്കാരി ഇവരെയൊന്നും വേണ്ട എനിക്ക്. ഞാനെന്റെ മുറിയിലിരുന്ന് മരുന്നു കുറിച്ചുകൊടുത്തോളാം, കമ്പനി ശരിവെച്ചാല്‍ വൊക്കേഷണല്‍ ട്രെയിനിങ്ങ് സെന്ററുകള്‍ ആരംഭിച്ചോളാം, തോട്ടങ്ങളിലെ കുടുംബക്ഷേമ പരിപാടികളെക്കുറിച്ച് സെമിനാറുകളില്‍ പ്രസംഗിച്ചോളാം... അത്ര പോരേ എന്റെ അമ്മേ?
1997 സെപ്റ്റംബറില്‍ എറണാകുളത്തുള്ള എന്റെ വീട്ടിലിരുന്ന് ടി.വിയില്‍ മദര്‍ തെരേസ മരിച്ചുകിടക്കുന്നതു കണ്ടു. അവരുടെ പാവം ഇടത്തു കൈപ്പത്തിയുടെ പുറത്തു നീലനിറം, രക്തം കക്കിക്കിടക്കുന്ന നിറം. അതും ഞാന്‍ കണ്ടു, തിരിച്ചറിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates