പെലെയും മാറഡോണയും സൗഹൃദം പങ്കിട്ട നിമിഷത്തിന്റെ ഗ്രാഫിറ്റി മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ഫുട്‌ബോള്‍ പ്രേമി  AFP
Archives

പെലെയോ മാറഡോണയോ അതോ...? ആരാണ് ലോകം കണ്ട മികച്ച ഫുട്‌ബോളര്‍?

1998 ജൂണ്‍ 12 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

രവി മേനോന്‍

പ്രകൃതിയുടെ വരദാനങ്ങള്‍, സൂപ്പര്‍താരങ്ങള്‍

ന്തുകളി തലപോകുന്ന ഇടപാടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ബ്രിട്ടനില്‍. റയോഡി ജനീറോ മുതല്‍ റെയ്ക്ക് ജവിക്ക് വരെ, കെയ്‌റോ മുതല്‍ കല്‍ക്കത്ത വരെ, സാവോപോളോ മുതല്‍ സിസിലി വരെ ജനസഹസ്രങ്ങളുടെ സിരകളില്‍ തിളച്ചുമറിയുന്ന ആവേശമായി, 'വെള്ളം ചേര്‍ക്കാത്ത' ലഹരിയായി ഫുട്‌ബോള്‍ പടര്‍ന്നുകയറുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പത്തെ കഥ.

ബ്രിട്ടനില്‍ എഡ്വേര്‍ഡ് രണ്ടാമന്‍ എന്ന പരമരസികന്‍ ചക്രവര്‍ത്തിയുടെ ഭരണം പൊടിപൊടിക്കുന്ന കാലം. തലതിരിഞ്ഞ തീരുമാനങ്ങളുടെ 'ഉസ്താദ്' ആയിരുന്ന ചക്രവര്‍ത്തിക്ക് 1314-ലെ ഒരു സുപ്രഭാതത്തില്‍ വിപ്ലവാത്മകമായ ഒരു വെളിപാട് തോന്നുന്നു- ഫുട്‌ബോള്‍ കളി നിരോധിച്ചാലെന്ത്? ബ്രിട്ടനില്‍ മെല്ലെമെല്ലെ വേരുപിടിച്ചുവരികയായിരുന്ന കാല്‍പ്പന്തുകളിക്കെതിരെ ചരിത്രത്തിലാദ്യമായി കുതിച്ചുവന്ന 'പാര.'

ഉത്തരവ് ലംഘിച്ച് പന്തു തൊട്ടുപോയെന്നിരിക്കട്ടെ. അതിനുള്ള ശിക്ഷ വളരെ 'സിംപിള്‍'- ശിരച്ഛേദം.

ചക്രവര്‍ത്തിയുടെ കണ്ണില്‍ചോരയില്ലാത്ത നടപടിക്കു പിന്നില്‍, പക്ഷേ വളരെ ഗുരുതരമായ ഒരു 'ക്രമസമാധാന'പ്രശ്‌നമുണ്ടായിരുന്നു- പന്തുകളി 'ഹിസ് മെജസ്റ്റി'യുടെ ഉച്ചയുറക്കത്തിന് ഭംഗം വരുത്തുന്നു! അതുതന്നെ.

അതിശയോക്തി കലര്‍ന്നിട്ടില്ലേ എന്നു തോന്നാം- പക്ഷേ ചക്രവര്‍ത്തിയുടെ ഉത്തരവും തുടര്‍ന്നുണ്ടായ കോലാഹലവുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണിന്ന്. പ്രതിഷേധം നിയന്ത്രണങ്ങള്‍ക്കതീതമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയല്ലാതെ ചക്രവര്‍ത്തിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

14-ാം നൂറ്റാണ്ടില്‍ എഡ്വേര്‍ഡ് രാജാവിന്റെ ഉച്ചയുറക്കം തടസ്സപ്പെടുത്തിയ 'ഭ്രാന്തന്‍കളി' ഇന്ന് എത്രപേരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നുവെന്നു നോക്കുക- ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളും അമച്വറുകളുമായ ലക്ഷക്കണക്കിന് കളിക്കാരുടെ, വിജയതന്ത്രങ്ങള്‍ മെനയാന്‍ തലപുകയ്ക്കുന്ന പരിശീലകരുടെ; ജിയോവനി ആഗ്‌നല്ലിയെപോലുള്ള കോടീശ്വരന്മാരായ ക്ലബ്ബ് ഉടമകളുടെ; കോടികള്‍ വരുന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ; എന്തിനധികം, രാഷ്ട്രത്തലവന്മാരുടെ വരെ!

ഫുട്‌ബോള്‍ വേറെയും പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. എഡ്വേര്‍ഡ് മൂന്നാമന്‍, റിച്ചാര്‍ഡ് രണ്ടാമന്‍, ഹെന്റി നാലാമന്‍, ഒന്നാം എലിസബത്ത് രാജ്ഞി... പന്തുകളിയെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ഭരണാധികാരികളുടെ നിര അങ്ങനെ നീണ്ടുപോയി. പക്ഷേ, നിരോധനങ്ങളെയും പരീക്ഷണങ്ങളെയും കാലത്തെ തന്നെയും അതിജീവിച്ചുകൊണ്ട് ഫുട്‌ബോള്‍ വളരുകയായിരുന്നു.

തമാശ അതല്ല. 14-ാം നൂറ്റാണ്ടില്‍ എഡ്വേര്‍ഡ് രാജാവിന്റെ ഉച്ചയുറക്കം തടസ്സപ്പെടുത്തിയ 'ഭ്രാന്തന്‍കളി' ഇന്ന് എത്രപേരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നുവെന്നു നോക്കുക- ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളും അമച്വറുകളുമായ ലക്ഷക്കണക്കിന് കളിക്കാരുടെ, വിജയതന്ത്രങ്ങള്‍ മെനയാന്‍ തലപുകയ്ക്കുന്ന പരിശീലകരുടെ; ജിയോവനി ആഗ്‌നല്ലിയെപോലുള്ള കോടീശ്വരന്മാരായ ക്ലബ്ബ് ഉടമകളുടെ; കോടികള്‍ വരുന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ; എന്തിനധികം, രാഷ്ട്രത്തലവന്മാരുടെ വരെ!

193 രാജ്യങ്ങളിലായി 20 കോടി ആളുകള്‍ ഫുട്‌ബോള്‍ കളിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ജര്‍മനിയില്‍ മാത്രമുണ്ട് ചെറുതും വലതുമായി ഒരു ലക്ഷത്തിലേറെ ഫുട്‌ബോള്‍ ഫീല്‍ഡുകള്‍. ബല്‍ജിയത്തിലെ രജിസ്‌ട്രേഡ് ക്ലബ്ബുകളുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും. ജെ.ബി. പ്രിസ്റ്റ്ലീയുടെ ഭാഷയില്‍, മതങ്ങളേയും ജനതകളേയും സംസ്‌കാരങ്ങളേയും ഇണക്കിച്ചേര്‍ക്കുന്ന കണ്ണിയായി ഫുട്‌ബോള്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു- അവിശ്വസനീയവും അഭൂതപൂര്‍വ്വവുമായ വളര്‍ച്ച.

എന്താണീ അസാധാരണമായ ജനപ്രീതിയുടെ പൊരുള്‍?

1986 മെക്‌സിക്കന്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്‌

കളിക്കളത്തിലെ കടുത്ത ഫൗളുകളും ഗാലറിയിലെ നിയന്ത്രണാതീതമായ അക്രമങ്ങളും നിയമവിരുദ്ധമായ ബെറ്റിംഗ് റാക്കറ്റുകളും വന്‍കിട ടീമുകളുടെ തികച്ചും പ്രതിരോധാത്മകമായ സമീപനവും ഒരുപരിധിവരെ ഫുട്‌ബോളിന്റെ ചാരുത ചോര്‍ത്തിക്കളഞ്ഞിരിക്കാം. പക്ഷേ, ഈ കളിയെ ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ കുടിയിരുത്തുന്ന നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട്- അവയിലൊന്ന്, പന്തുകളിയെ അപൂര്‍വ്വസുന്ദരമായ ഒരു ഭാവഗീതത്തിന്റെ ഉദാത്തമായ തലങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഒരുപറ്റം കളിക്കാരാണ്.

ബൂട്ടുകളില്‍ നനയാത്ത വെടിമരുന്നും തലയ്ക്കകത്ത് അല്പം 'സ്റ്റഫും' ഉണ്ടെങ്കില്‍ ഏതു കൊലകൊമ്പന്‍ ടീമിനേയും വരച്ചവരയില്‍ നിര്‍ത്താമെന്ന് തെളിയിച്ചുതന്ന, പ്രകൃതിയുടെ വരദാനങ്ങള്‍ - എഡ്‌സണ്‍ അറാന്റസ് ഡോ നാസിമെന്റോ എന്ന 'പെലെ'യെയും ഡിയേഗോ ആര്‍ മാന്‍ഡോ മാറഡോണയെയും പോലെ.

1961 മാര്‍ച്ച് അഞ്ചിന് പിറന്ന ആ അസുലഭ ഗോളിന്റെ സ്മരണയ്ക്കായി, മാറക്കാന സ്റ്റേഡിയത്തില്‍ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. 'എക്കാലത്തെയും ഏറ്റവും സുന്ദരമായ ഗോള്‍'

ഇരുവരും അവരവരുടെ കാലഘട്ടങ്ങളിലെ ഉഗ്രന്മാരായ ഗോളടിവീരന്മാര്‍. ഒരാള്‍ ക്ലാസ്സിക്ക് ഫുട്‌ബോളിന്റെ സൗന്ദ്യവും ലാളിത്യവും സ്വന്തം ബൂട്ടുകളിലേക്ക് ആവാഹിച്ച് അറുപതുകളെ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്തിയ സൂപ്പര്‍താരം. മറ്റേയാള്‍ ആകട്ടെ, ആക്രമണാത്മക ഫുട്‌ബോളിന്റെ കരുത്തും ഓജസ്സുമാര്‍ന്ന ശൈലിയുടെ എക്കാലത്തേയും ഉന്നതനായ വക്താവ്.

ഇരുവരും കളിച്ചിരുന്ന കാലഘട്ടങ്ങള്‍ - അന്തരീക്ഷങ്ങളും - തീര്‍ത്തും വ്യത്യസ്തമായിരുന്നതുകൊണ്ട് ഒരു താരതമ്യപഠനം ഏറെക്കുറെ അസാദ്ധ്യം. ഒരളവോളം അപ്രസക്തവുമാണത്. പക്ഷേ, വ്യക്തിഗത പ്രകടനങ്ങളുടെ, പ്രത്യേകിച്ച് സ്‌കോറിംഗ് പാടവത്തിന്റെ അടിസ്ഥാനത്തില്‍ പെലെയേയും മറഡോണയേയും ഒന്നു താരതമ്യപ്പെടുത്തുന്നതു രസകരമായിരിക്കും. പ്രത്യേകിച്ചും, ഇവരിലാണ് യഥാര്‍ത്ഥ 'ഫുട്‌ബോള്‍ ചക്രവര്‍ത്തി' എന്നൊരു വിവാദം നിലനില്‍ക്കുമ്പോള്‍.

പെലെയുടെ അന്യാദൃശമായ പന്തടക്കത്തേയും സ്‌കോറിംഗ് പാടവത്തേയും കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞുവരുന്ന ഒരു അപൂര്‍വ്വ ചിത്രമുണ്ട്. റയോയിലെ പ്രശസ്തമായ ഫ്‌ലൂമിനീസനെതിരെ ഒരു തെക്കെ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ സാന്റോസ് ക്ലബ്ബിനുവേണ്ടി പെലെ നേടിയ അമാനുഷിക പരിവേഷമാര്‍ന്ന ഗോളിന്റെ ചിത്രം.

സ്വന്തം പെനാല്‍ട്ടി ഏരിയയ്ക്കകത്തുവച്ച് എതിര്‍ സെന്റര്‍ ഫോര്‍വേഡില്‍നിന്നും തട്ടിയെടുത്ത പന്തുമായി മുന്നോട്ടു കുതിച്ച പെലെ, ഫ്‌ലൂമിനീസിന്റെ നാലു ഫോര്‍വേഡുകളെയും രണ്ടു മിഡ്ഫീല്‍ഡല്‍മാരെയും നാലു ബാക്കുകളെയും ഒടുവില്‍ ഗോള്‍കീപ്പറെയും- മൊത്തം 11 കളിക്കാരെ - ഒന്നൊന്നായി വെട്ടിച്ചുകടന്നുകൊണ്ട്, എതിര്‍ ടീമിന്റെ വലയിട്ടു കുലുക്കിയപ്പോള്‍ മാറക്കാന സ്റ്റേഡിയത്തിലെ ഒന്നരലക്ഷം കാണികള്‍ ഞെട്ടിത്തരിച്ചിരുന്നുപോയെന്നാണ് ചരിത്രം.

1961 മാര്‍ച്ച് അഞ്ചിന് പിറന്ന ആ അസുലഭ ഗോളിന്റെ സ്മരണയ്ക്കായി, മാറക്കാന സ്റ്റേഡിയത്തില്‍ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. 'എക്കാലത്തെയും ഏറ്റവും സുന്ദരമായ ഗോള്‍'- ഫലകത്തില്‍ കുറിച്ചിട്ടുള്ള ഈ വാക്കുകള്‍ പെലെയുടെ ആദ്യകാല കോച്ച് വാള്‍ഡിമിര്‍ ഡി ബ്രിട്ടോ പറയുന്നു: ''വാക്കുകള്‍ക്കതീതമായിരുന്നു, ആ ഗോളിന്റെ ഭംഗി.''

1958ലെ ലോകകപ്പില്‍ ഗോള്‍ നേടിയ പെലെയുടെ ആഹ്ലാദം

അത്തരമൊരു 'മില്യണ്‍ ഡോളര്‍ ദൃശ്യം' വീണ്ടും കാണാന്‍ കാല്‍നൂറ്റാണ്ടുകൂടി കാത്തിരിക്കേണ്ടിവന്നു, ഫുട്‌ബോള്‍ ലോകത്തിന്- 1986ലെ മെക്സിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മാറഡോണയുടെ 'സ്വപ്നസദൃശ'മായ ഗോള്‍ വരുന്നതുവരെ.

അസ്ടക് സ്റ്റേഡിയത്തിലെ 1,14,580 കാണികളെ കോരിത്തരിപ്പിച്ച ആ ഗോളിന്റെ പിറവി ഇങ്ങനെയായിരുന്നു: മദ്ധ്യരേഖയ്ക്കടുത്തുവച്ചു ലഭിച്ച ഒരു പാസുമായി, ഒരു ഞെട്ടലില്‍ നിന്നെന്നവണ്ണം കുതികുതിച്ച മാറഡോണയ്ക്കു മുന്നില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധഭടന്മാര്‍ ഒന്നൊന്നായി നിലംപൊത്തുന്നു. ആദ്യം സ്റ്റീവന്‍സ്, പിന്നെ കെന്നിസാന്‍ഡം, തൊട്ടുപിന്നാലെ ടെറി ബുച്ചറും ടെറി ഫെന്‍വിക്കും.

ഏറ്റവുമൊടുവില്‍, ലോകത്തെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ പീറ്റര്‍ ഷില്‍ട്ടണെയും വകഞ്ഞുമാറ്റിക്കൊണ്ട് മാറഡോണ ഗോളടിക്കുന്നു- അര്‍ജന്റീനയ്ക്ക് ലോകകപ്പ് സെമിഫൈനലിലേക്ക് ശീട്ടുവാങ്ങിക്കൊടുത്ത ഗോള്‍.

പെലെയുടെ 'മാറക്കാന' ഗോളിനോളം വരുമോ മാറഡോണയുടെ ഗോള്‍? വരുമെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട് ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ക്കിടയില്‍. അതെന്തായാലും ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഗോളായി, ഈയിടെ ഫുട്‌ബോള്‍ ലേഖകരും മുന്‍ കളിക്കാരും ചേര്‍ന്ന് തിരഞ്ഞെടുത്തത് മാറഡോണയുടെ 'മെക്സിക്കോ മാജിക്' ആയിരുന്നു.

കളിക്കളത്തിലെ മാന്യത, 'ചക്രവര്‍ത്തിപദ'ത്തിന് മാനദണ്ഡമായെടുക്കാമെങ്കില്‍ പെലെ മാറഡോണയെ നൂറുകാതം പിന്നിലാക്കിക്കളയുമെന്നുറപ്പ്

ഒരുപക്ഷേ, ഒരു അന്താരാഷ്ട്ര മത്സരത്തില്‍, വിശിഷ്യ ഒരു ലോകകപ്പില്‍, ഇത്രയും നയനാഭിരാമമായ ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞതായിരിക്കാം മാറഡോണയെ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരുടെ കണ്ണിലുണ്ണിയാക്കിയത്. പക്ഷേ, അതുകൊണ്ട് പെലെയുടെ അത്യപൂര്‍വ്വമായ ഗോളിന്റെ ചാരുതയ്ക്ക് തെല്ലും മങ്ങലേല്‍ക്കുന്നില്ല- ഒരു തരിമ്പുപോലും.

കളിക്കളത്തിലെ മാന്യത, 'ചക്രവര്‍ത്തിപദ'ത്തിന് മാനദണ്ഡമായെടുക്കാമെങ്കില്‍ പെലെ മാറഡോണയെ നൂറുകാതം പിന്നിലാക്കിക്കളയുമെന്നുറപ്പ്. കളിക്കളത്തില്‍ ശാന്തനും സമാധാനപ്രിയനുമായിരുന്നു പെലെ എന്നെന്നും. ക്രൂരമായി കൈകാര്യം ചെയ്യാന്‍ കാത്തിരിക്കുന്ന എതിര്‍ടീമിലെ ആരാച്ചാര്‍ക്കുപോലും മാപ്പു നല്‍കുന്ന ഈ 'വിശാലമനസ്‌കത' പെലെയെ പരിക്കുകളുടെ സഹയാത്രികനാക്കിയെന്നതു വേറെ കാര്യം.

മാറഡോണയും എതിര്‍ബാക്കുകളുടെയും മാര്‍ക്കര്‍മാരുടെയും നോട്ടപ്പുള്ളയായിരുന്നു. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഫൗളുകള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനും വേണ്ടിവന്നാല്‍ റഫറിയുടെ 'മാര്‍ച്ചിംഗ് ഓര്‍ഡേഴ്സ്' വരെ നേടിയെടുക്കാനും മടികാണിക്കാത്ത ചങ്കൂറ്റമായിരുന്നു മാറഡോണയുടേത്. കളിക്കളത്തില്‍ മാന്യത ഒരു രണ്ടാംതരം ഇടപാടാണെന്നു വിശ്വസിച്ചിരുന്ന കളിക്കാരിലാണ് മാറഡോണയുടെ സ്ഥാനം.

ഇംഗ്ലണ്ടിനെതിരെ ലോകോത്തരമായ ആ ഗോള്‍ നേടുന്നതിന് നിമിഷങ്ങള്‍ മാത്രം മുന്‍പാണ് തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും 'നാണംകെട്ട' ഗോള്‍ മാറഡോണ സ്‌കോര്‍ ചെയ്തതെന്നോര്‍ക്കുക. 'ദൈവത്തിന്റെ കൈ' കൊണ്ടുള്ള ആ ഗോളിനെ ന്യായീകരിക്കാന്‍ മാറഡോണ കണ്ടെത്തിയ വാദഗതികളായിരുന്നു ഏറ്റവും രസകരം.

''പന്ത് എന്റെ കൈയില്‍ സ്പര്‍ശിച്ചുവെന്നതു നേര്. അത് ദൈവത്തിന്റെ കൈയായിരുന്നു. കരുതിക്കൂട്ടിയുള്ള ഒരടവായിരുന്നില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ എനിക്ക് അല്പം പോലും കുറ്റബോധം തോന്നുന്നില്ല. ഏതെങ്കിലും കളിക്കാരന്‍ റഫറിയുടെ അടുത്തു ചെന്നു പറയുമോ, 'അതു ഗോളല്ല, എന്റെ കൈ തട്ടിയതാ'ണെന്ന്?'' മത്സരാനന്തരം മാറഡോണ പറഞ്ഞു.

കുട്ടിക്കാലത്ത് പെലെയെ സ്വപ്നം കണ്ടുനടന്ന, 'പെല്യൂസ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടാനിഷ്ടപ്പെട്ട ഒരു കളിക്കാരന് ചേരുന്ന പ്രവൃത്തിയായിരുന്നില്ല അതെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്- ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളും ഫുട്‌ബോള്‍ കമന്റേറ്ററുമായ ജിമ്മി ഗ്രിവ്‌സിനെപ്പോലെ. ''കുറ്റം റഫറിയോട് ഏറ്റുപറയാന്‍ തയ്യാറായിരുന്നെങ്കില്‍ മാറഡോണ ലോകത്തെ ഏതു കൊച്ചുകുട്ടിയുടെയും ആരാധനാപാത്രമായി മാറിയേനെ. ഒരു ഹീറോ എന്നതിലുപരി ഒരു വഞ്ചകനായിട്ടായിരിക്കും ഭാവി തലമുറ മാറഡോണയെ വിലയിരുത്തുക''- ഗ്രീവ്‌സ് എഴുതുന്നു.

1986 ലോകകപ്പില്‍ മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍

റഫറിക്കും എതിര്‍ ടീമിലെ കളിക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ പെലെ ഒരിക്കലും മടിച്ചിരുന്നില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗോള്‍ഡന്‍ ബാങ്ക്‌സിന്റെ ആ ചരിത്രപ്രസിദ്ധമായ സെയ്വിന്റെ കാര്യം തന്നെ എടുക്കുക.

1970-ലെ മെക്സിക്കോ ലോകകപ്പിലെ ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം. പെനാല്‍ട്ടി ഏരിയയുടെ തൊട്ടുപുറത്ത് ഡെഡ്-ബാള്‍ ലൈനില്‍നിന്ന് ജര്‍സീഞ്ഞോ പന്ത് ഗോള്‍ ഏരിയയിലേക്ക് ക്രോസ് ചെയ്യുമ്പോള്‍ വലതു പോസ്റ്റില്‍ ഉരുമ്മി നില്‍ക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലോകപ്രശസ്തനായ ഗോള്‍കീപ്പര്‍. പെലെയാകട്ടെ ഇടതുപോസ്റ്റിനു തൊട്ടുപിന്നിലും.

പെലെയുടെ എണ്ണംപറഞ്ഞ ഹെഡ്ഡര്‍ ഗോളാകുമെന്ന കാര്യത്തില്‍ ഗ്വാദലജാറ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികള്‍ക്ക് തെല്ലുമില്ലായിരുന്നു സംശയം. പക്ഷേ, അവിശ്വസനീയമായ ഒരു മുഴുനീള ഡൈവിലൂടെ വലതുപോസ്റ്റില്‍നിന്ന് ഇടതുപോസ്റ്റിലേക്ക് വായുവില്‍ നീന്തിയെത്തിയ ബാങ്ക്‌സ് പന്ത് ഗോള്‍ലൈന്‍ കടന്നുപോകുംമുന്‍പ് വലതുകൈകൊണ്ട് കോരിയെടുത്തുകളഞ്ഞു.

ഗാലറിയിലെ പതിനായിരങ്ങളോടൊപ്പം പെലെയും ഞെട്ടിത്തരിച്ചുപോയെന്നതു സത്യം. പക്ഷേ, സമനില വീണ്ടെടുത്ത പെലെ ഹൃദ്യമായ ഒരു ചിരിയോടെ ബാങ്ക്‌സിനെ അഭിനന്ദിക്കാന്‍ മറന്നില്ല. ''ഞാന്‍ കണ്ട ഏറ്റവും ഉജ്ജ്വലമായ സെയ്വ്.'' മത്സരത്തിനുശേഷം പെലെ പറഞ്ഞു.

അതായിരുന്നു പെലെ. അടിമുടി ഒരു ജന്റില്‍മാന്‍. ആധുനിക ഫുട്‌ബോളിന് ഒട്ടും 'ഭൂഷണ'മല്ലാത്ത ഈ മാന്യത കൈയില്‍ വച്ചുകൊണ്ടുതന്നെ ബ്രസീലിന്റെ രണ്ടു ലോകകപ്പ് വിജയങ്ങളിലും സാന്റോസിന്റെ രണ്ട് ലോകക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങളിലും, രണ്ട് തെക്കെ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളിലും പങ്കാളിയാകാന്‍ പെലെയ്ക്ക് കഴിഞ്ഞുവെന്നത് മിതമായി പറഞ്ഞാല്‍ വിസ്മയകരം തന്നെയാണ്.

ഫുട്‌ബോള്‍ പണ്ടത്തേക്കാള്‍ നാലിരട്ടി പരുക്കനായി മാറിയകാലത്ത്, ക്ലോഡിയോ ഗെന്തീലിനേയും ബുച്ചറെയും ബറേസിയേയും പോലുള്ള കണ്ണില്‍ചോരയില്ലാത്ത ഡിഫന്‍ഡര്‍മാരുടെ കാലത്താണ് മാറഡോണയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടതെന്നു വാദിക്കുന്നവരുണ്ട്. 1966-ലെ ലോകകപ്പില്‍ ഇറ്റലിയുടെ റോമിയോ ബെനേറ്റിയും പോര്‍ച്ചുഗലിന്റെ മോറെയ്സും പെലെയെ 'കൈകാര്യം' ചെയ്ത രീതി വീഡിയോയിലെങ്കിലും കാണാനിടവന്നവര്‍ അങ്ങനെ പറയുമെന്നു തോന്നുന്നില്ല.

ഫൗളുകളില്‍ ഒരു 'ആര്‍ട്ടിസ്റ്റ്' എന്നു കുപ്രസിദ്ധി നേടിയ ബെനേറ്റി പെലെയെ നെഞ്ചിലിടിച്ച് നിലത്തുവീഴ്ത്തുകയും വീണുകിടന്ന കറുത്തമുത്തിന്റെ വയറ്റത്തും തുടകളിലും ബൂട്ടിട്ട കാലുകള്‍കൊണ്ട് തൊഴിക്കുകയും ചെയ്യുന്ന സര്‍വ്വസാധാരണമായ കാഴ്ച കണ്ട് എത്രയോ ബ്രസീലുകാര്‍ പൊട്ടിക്കരഞ്ഞിരിക്കുന്നു. പക്ഷേ, പെലെ ആ തിരിച്ചടികളെയും അതിജീവിക്കുകതന്നെ ചെയ്തു.

മാറഡോണയെ പെലെയുടെ പിന്‍ഗാമിയായി വാഴ്ത്തുന്നവര്‍ ഏറെയുണ്ട്. പക്ഷേ, ആല്‍ഫ്രെഡോ ഡൈ സ്റ്റെഫാനോ എന്ന മറ്റൊരു അര്‍ജന്റീനിയന്‍ സൂപ്പര്‍താരവുമായാണ് മാറഡോണയുടെ ശൈലിക്കു കൂടുതല്‍ പൊരുത്തമെന്നു തോന്നുന്നു. ഡൈ സ്റ്റെഫാനോയെപ്പോലെ, ഒരു സ്‌കോറര്‍ എന്നതിലുപരി, സ്വന്തം ടീമിന്റെ നീക്കങ്ങളുടെ ഒരു ഒന്നാന്തരം 'ഓര്‍ക്കസ്ട്രേറ്റര്‍' ആയിരുന്നു മാറഡോണ. കളിക്കാന്‍ മാത്രമല്ല, കൂട്ടാളികളെക്കൊണ്ട് കളിപ്പിക്കാനും കഴിവുള്ള, മത്സരത്തിന്റെ ഒഴുക്കിനെ ഇഷ്ടാനുസരണം നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു മികച്ച പ്ലേ മേക്കര്‍.

പെലെയും മാറഡോണയും

ബോബി ചാള്‍ട്ടന്റെ വാക്കുകളില്‍, പെലെയേക്കാള്‍ ഒരടിയെങ്കിലും മുന്നിലാണ് ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ ഡൈ സ്റ്റെഫാനോയുടെ സ്ഥാനം. പെലെയെപ്പോലെ എണ്ണംപറഞ്ഞ ഒരു ഇന്‍സൈഡ് ഫോര്‍വേഡായിരുന്നു സ്റ്റെഫാനോ. പക്ഷേ, കളിക്കളത്തിലെ ഏതു പൊസിഷനിലും- സീപ്പര്‍ബാക്ക് ഉള്‍പ്പെടെ- അത്യുഗ്രമായ കളി കെട്ടഴിക്കാന്‍ കഴിവുള്ള അസാധാരണനായ ഒരു ഓള്‍റൗണ്ടറായിരുന്നു സ്റ്റെഫാനോ എന്ന് ചാള്‍ട്ടണ്‍ ചൂണ്ടിക്കാട്ടുന്നു.

ഫിനിഷിംഗില്‍ നിത്യവിസ്മയമായിരുന്നു സ്റ്റെഫാനോ. റയല്‍ മാഡ്രിഡിനുവേണ്ടി ഈ ഒന്‍പതാം നമ്പറുകാരന്‍ അടിച്ചുകൂട്ടിയ ഗോളിന്റെ എണ്ണം 428. യൂറോപ്യന്‍ കപ്പില്‍ സ്റ്റെഫാനോയുടെ ഗോള്‍ വര്‍ഷം (49 ഗോള്‍) ഒരു റിക്കാര്‍ഡായി നിലനില്‍ക്കുന്നു. രണ്ടുതവണ - 1957ലും 1959-ലും അദ്ദേഹം യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ബഹുമതി നേടി. അരഡസന്‍ തവണ റയലിന് യൂറോപ്യന്‍ കപ്പ് നേടിക്കൊടുത്തു.

ഇതൊക്കെയാണെങ്കിലും, ഡൈസ്റ്റെഫാനോയുടെ ഷോകേസില്‍ ഒരു ലോകകപ്പിന്റെ അഭാവം പ്രകടമായിരുന്നു. ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ സ്റ്റെഫാനോ ഒരൊറ്റ തവണ പോലും കളിച്ചില്ലെന്നത് അത്ഭുതകരമായി തോന്നാം. 1962-ലെ സ്പെയിന്‍ ലോകകപ്പില്‍ സ്റ്റെഫാനോ കളിക്കേണ്ടതായിരുന്നു, ഒടുവില്‍ പരിക്ക് വഴിമുടക്കിയിരുന്നില്ലെങ്കില്‍. പക്ഷേ, ഈ പിന്മാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നുവെന്ന് സ്റ്റെഫാനോയുടെ സഹകളിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു - ടീം മാനേജര്‍ ഹെലനിയോ ഹെരേറയുമായുള്ള 'ഈഗോ' പ്രശ്‌നം.

ജോര്‍ജ് ബെസ്റ്റിനെപ്പോലെ, ഒരിക്കല്‍ പോലും ലോകകപ്പ് കളിച്ചില്ലെങ്കില്‍ പോലും, ലോക ഫുട്‌ബോളിലെ ഉത്തുംഗശൃംഗങ്ങളില്‍ തന്നെയാണ് ഡൈസ്റ്റെഫാനോയുടെയും സ്ഥാനം. പെലെ, മാറഡോണ, പുഷ്‌കാസ്, യോഹാന്‍ ക്രൈഫ് എന്നിവരോടൊപ്പം.

'ഡച്ച് പെലെ' എന്ന വിശേഷണം യോഹാന്‍ ക്രൈഫിനെ ചിലപ്പോഴെങ്കിലും ക്രുദ്ധനാക്കിയിട്ടുണ്ട്. ''നിങ്ങള്‍ക്കെന്തുകൊണ്ട് പെലെയെ ബ്രസീലിയന്‍ ക്രൈഫ് എന്നു വിളിച്ചുകൂടാ?'' ഒരിക്കല്‍ ക്രൈഫ് ചോദിച്ചു. ആ ചോദ്യത്തിനു പിന്നില്‍ അഹങ്കാരമോ അഹംഭാവമോ അല്ലായിരുന്നു. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ സ്വന്തം കഴിവുകളിലുള്ള ഉറച്ച ആത്മവിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമായിരുന്നു അത്.

''ക്രൈഫിന്റെ ഫുട്‌ബോള്‍ മസ്തിഷ്‌കത്തിന്റെ സൃഷ്ടിയായിരുന്നു പെലെയുടേത്, ശരീരത്തിന്റേയും.''

എഴുപതുകളില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രഭാവകാലത്ത്, ലോകഫുട്‌ബോളില്‍ നിറഞ്ഞുനിന്ന ക്രൈഫിന് പക്ഷേ, ഒരു ലോകകപ്പ് മാത്രം കൈപ്പാടകലെ വച്ച് നഷ്ടപ്പെടുകയായിരുന്നു. 1974-ലെ മ്യൂണിക് ഫൈനലില്‍ ബെക്കന്‍ ബോവറുടെയും ഗെര്‍ഡ് മുള്ളറുടെയും ജര്‍മനി, ഹോളണ്ടിനെ കഷ്ടിച്ച് പരാജയപ്പെടുത്തിയപ്പോള്‍.

എങ്കിലെന്ത്? ക്രൈഫിന്റെ ഷോകേസില്‍ ട്രോഫികള്‍ സമൃദ്ധം. 1971 മുതല്‍ 1973 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം അയാക്സ് ആംസ്റ്റര്‍ഡാമിന് യൂറോപ്യന്‍ കപ്പ് നേടിക്കൊടുക്കാന്‍ ഈ സ്വര്‍ണ്ണത്തലമുടിക്കാരന്‍ കെട്ടഴിച്ച കളി ഫുട്‌ബോള്‍ ഫോക്ക്ലോറിന്റെ ഭാഗമാണിന്ന്. ക്രൈഫിന്റെ ഓള്‍റൗണ്ട് മികവിന്റെ പിന്‍ബലത്തില്‍ അയാക്സ് 1972-ലെ ലോകക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് നേടുന്നതും കണ്ടു. മൂന്നുതവണ 'യൂറോപ്യന്‍ ഫുട്‌ബോളര്‍' ബഹുമതി നേടിയ അപൂര്‍വ്വ ചരിത്രം മറ്റൊരു സുവര്‍ണ്ണനേട്ടം.

സെന്റര്‍ ഫോര്‍വേഡായി കളി തുടങ്ങിയ ക്രൈഫ് ഒന്നര പതിറ്റാണ്ടു നീണ്ടുനിന്ന തന്റെ ഫുട്‌ബോള്‍ ജീവിതത്തിനിടെ പയറ്റിനോക്കാത്ത 'റോളു'കളില്ല; കളിച്ചുനോക്കാത്ത പൊസിഷനുകളും ''പെലെയേക്കാള്‍ കൂടുതല്‍ നാച്വറല്‍ ആയ ഒരു നായകനാണ് ക്രൈഫ്. പെലെ പ്രകൃതിദത്തമായ കഴിവുകളെ പൂര്‍ണ്ണമായി ആശ്രയിച്ചപ്പോള്‍ ക്രൈഫ് അവ വികസിപ്പിച്ചെടുക്കാന്‍ ശ്രദ്ധിച്ചു.'' 'ഗ്രെയ്റ്റ് സോക്കര്‍ സ്റ്റാര്‍' എന്ന പുസ്തകത്തില്‍ ലോകപ്രശസ്ത ഫുട്‌ബോള്‍ നിരൂപകനായ ജിമ്മി ഹില്‍ പറയുന്നു. ''ക്രൈഫിന്റെ ഫുട്‌ബോള്‍ മസ്തിഷ്‌കത്തിന്റെ സൃഷ്ടിയായിരുന്നു പെലെയുടേത്, ശരീരത്തിന്റേയും.''

അതെന്തായാലും പെലെയുടെ വലിയൊരു ആരാധകനാണ് ക്രൈഫ്. ഈ നൂറ്റാണ്ടില്‍ മാത്രമല്ല, അടുത്ത നൂറ്റാണ്ടിലും പെലെയെപ്പോലെ അനുഗൃഹീതനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെ കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്ന് ക്രൈഫ് അഭിപ്രായപ്പെടുന്നു.

അതു ക്രൈഫിന്റെ വിശ്വാസം. മറിച്ചു ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ കണ്ണില്‍ 'അടുത്ത നൂറ്റാണ്ടിലെ പെലെ'യെ ലോകഫുട്‌ബോളില്‍ ഇപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു. മറ്റാരുമല്ല, റൊണാള്‍ഡോ തന്നെ.

യോഹാന്‍ ക്രൈഫ് ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍

റൊണാള്‍ഡോ ലൂയിസ് നസാറിയോ ഡി ലിമയെ 'ലോക ഫുട്‌ബോളിലെ സുവര്‍ണ്ണതാരം' എന്നാണ് പെലെ തന്നെ വിശേഷിപ്പിക്കുന്നത്. ''ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് റൊണാള്‍ഡോ. അയാള്‍ ജീവിക്കുന്നതു തന്നെ ഗോളുകള്‍ അടിച്ചുകൂട്ടാന്‍ വേണ്ടിയാണെന്നു തോന്നുന്നു.''

പക്ഷേ, മാറഡോണയുടെയത്രയും 'ക്രിയേറ്റീവ്' അല്ല റൊണാള്‍ഡോയിലെ ഫുട്‌ബോളര്‍ എന്ന് പെലെ ചൂണ്ടിക്കാട്ടുന്നു. 'വാന്‍ബാസ്റ്റനുമായി റൊണാള്‍ഡോയെ താരതമ്യപ്പെടുത്താനാണ് എനിക്കിഷ്ടം. ഇരുവരുടെയും ഫിനിഷിങ്ങിലെ കൃത്യത തന്നെ കാരണം.''

അതെന്തായാലും 21 വയസ്സിനിടയ്ക്ക് രണ്ടു തവണ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ 'ഗോള്‍ഡന്‍ ഗോള്‍' നേടുക എന്നത് ചില്ലറ കാര്യമല്ല. റൊണാള്‍ഡോയുടെ സ്‌കോറിംഗ് ബൂട്ടുകളുടെ പിന്‍ബലത്തില്‍ ഇന്റര്‍മിലാന്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ അശ്വമേധം തുടങ്ങിക്കഴിഞ്ഞു.

ജൂണ്‍ പത്തിന് ഫ്രാന്‍സില്‍ കിക്കോഫ് ചെയ്യപ്പെടുന്ന ലോകകപ്പില്‍ റൊണാള്‍ഡോ തന്റെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ കളി കെട്ടഴിക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെയുണ്ട്. റഫറിമാര്‍ ഇത്തിരി കരുണ കാണിക്കുമെങ്കില്‍- പിന്നില്‍ നിന്നുള്ള ടാക്ലിംഗിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെങ്കില്‍- ലോകകപ്പില്‍ തന്റെ 'യഥാര്‍ത്ഥ നിറം' കാണിച്ചുതരാമെന്നാണ് റൊണാള്‍ഡോ തന്നെ വാഗ്ദാനം ചെയ്യുന്നത്.

പാരീസില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഉരുത്തിരിയുന്ന വിലപിടിപ്പുള്ള ഒരു ചോദ്യമുണ്ട്. ''ആരായിരിക്കും ലോക ഫുട്‌ബോളിലെ പുതിയ സൂപ്പര്‍സ്റ്റാര്‍?''

റൊണാള്‍ഡോ, ഡെല്‍ പിയറോ, ഡെനില്‍സണ്‍, സിഡാനെ, റൗള്‍, റോബര്‍ട്ടോ കാര്‍ലോസ്, മിയാറ്റോവിച്ച്... ഇവരിലാരാകും ആ ഭാഗ്യവാന്‍?

സുവര്‍ണ്ണതാരങ്ങളുടെ ഈ കണ്ണഞ്ചിക്കുന്ന നിരയില്‍നിന്ന്, പെലെയുടെയും മാറഡോണയുടെയും ക്രൈഫിന്റേയും റിക്കാര്‍ഡുകളെ പോലും നിഷ്പ്രഭമാക്കുന്ന തകര്‍പ്പന്‍ പ്രകടനവുമായി ഒരാള്‍, ഒരു പുതിയ ചക്രവര്‍ത്തി, ഉയര്‍ന്നുവരുമോ?

അറിയില്ല. ഒന്നുമാത്രമറിയാം. ഫ്‌ലൂമിനീസിനെതിരെ 37 വര്‍ഷം മുന്‍പ് പെലെ നേടിയ ആ മിന്നുന്ന ഗോളുണ്ടല്ലോ? 11 കളിക്കാരെയും വെട്ടിച്ചുനേടിയ ആ മില്യണ്‍ ഡോളര്‍ ഗോള്‍. അത്തരത്തിലൊന്ന് ഇനി ഈ ജന്മം നമുക്ക് കണികാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല.

വിട്ടുവീഴ്ചയില്ലാത്ത ടാക്ലിംഗും കടുത്ത മാന്‍ടു-മാന്‍ മാര്‍ക്കിംഗും പരുക്കന്‍ പ്രതിരോധവും ഫുട്‌ബോളിന്റെ മുഖമുദ്രകളായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ നാളുകളില്‍ ഏതു ഫോര്‍വേഡിനാണ് അത്രയും അനായാസമായി, അത്രയും അവിശ്വസനീയമായി ഒരു ഗോള്‍ നേടാന്‍ കഴിയുക?

The debate between Pelé and Maradona is the ultimate football rivalry. Pelé is statistically the greatest, with 3 World Cups and over 1,200 career goals. Maradona is celebrated for his magical flair, carrying Argentina to the 1986 World Cup, and transforming underdog clubs into champions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളാടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി; കരാർ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

'ചിക്കന്‍, പാസ്ത, നൂഡില്‍സ് വേണം, സ്വന്തമായി പാചകം ചെയ്‌തോളാം!' ആവശ്യവുമായി തിഹാര്‍ ജയിലില്‍ കഴിയുന്ന യുഎസ് പൗരന്‍

'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്'; കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

'അത്തരം എസ്എംഎസുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്'; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

മൊറോക്കോ തോറ്റത് 'യുഎസിൽ', കൈയാങ്കളിയും കലാപവും 'ലണ്ടനിൽ'; പേടിച്ച 'പാരിസിൽ' എല്ലാം 'ഭായ്- ഭായ്'!