മോഹന്‍ലാല്‍ എന്ന സിനിമാനടന്‍ മലയാളികളില്‍നിന്ന് ചുരത്തിയെടുക്കുന്നത് വാത്സല്യവും സ്‌നേഹവുമാണ് file
Archives

എന്നും കൗമാരപ്രായം, കൗമാരനഷ്ടം സംഭവിച്ചാല്‍ മോഹന്‍ലാല്‍ മോഹന്‍ലാലല്ലാതെയാകും

1999 ജനുവരി ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

പിഎസ് കൃഷ്ണമൂര്‍ത്തി

ഒരു നാടോടിക്കാറ്റുപോലെ

ആലോചിച്ചുനോക്കിയാല്‍ രസമുള്ള ഒരു വിഷയം കിട്ടും- സിനിമാ നടന്റെ ജന്മം കിട്ടിയിരുന്നില്ലെങ്കില്‍ മോഹന്‍ലാല്‍ എന്താകുമായിരുന്നു?

ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിലെ അക്കൗണ്ടന്റ്? അവിടെയെത്തിയില്ലെങ്കില്‍ മോഹവുംകൊണ്ട് ഗള്‍ഫിലേക്കൊരു പറക്കല്‍. അങ്ങനെ പറന്നുപറന്നു പോയില്ലെന്നിരിക്കട്ടെ. പിന്നെ...?

ഉഴപ്പാതെ പഠിച്ച് ബിരുദാനന്തര ബിരുദത്തില്‍ ക്ലാസ്സ് വാങ്ങിയാല്‍ എന്‍.എസ്.എസ്. കോളേജില്‍ ഒരു പഠിപ്പിക്കല്‍ പണി. ചില ചിന്ന ചിന്ന ലൈനുകള്‍. നര്‍മ്മവും ലഹരിയും ഒത്തുകൂടുന്ന വൈകുന്നേരങ്ങള്‍. പൊലീസ് ഓഫീസറാകാനുള്ള മോഹം ഓര്‍മ്മക്കുറിപ്പുകളില്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും കാക്കിയിട്ടൊരു മോഹന്‍ലാലിനെക്കുറിച്ചും സങ്കല്പിച്ചുനോക്കാമെന്ന് തോന്നുന്നു. ചിരിച്ചും ചിരിപ്പിച്ചും നിന്നിട്ട് പെട്ടെന്ന് മുട്ടുമടക്കി മര്‍മ്മസ്ഥാനത്ത് ഇടിക്കുന്ന പൊലീസ് ഓഫീസര്‍. കൊള്ളാം, അവിടെയും തോല്‍ക്കാന്‍ വഴിയില്ല. മേല്പറഞ്ഞ കഥാപാത്രങ്ങളിലാരെങ്കിലുമായിരുന്നെങ്കില്‍ മോഹന്‍ലാലിനെ ഒരു രണ്ടാംവട്ട കൗതുക ചിന്തകൊണ്ടു നോക്കുമായിരുന്നോ? ഇല്ല. അതുതന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്‍. മോഹന്‍ലാലിനെ ഏത് കഥാപാത്രമായും സങ്കല്പിച്ചുനോക്കാം. സങ്കല്പത്തിനെ ഏതു ലെവലില്‍ പറത്തിവിട്ടാലും ശരി അവിടെയൊക്കെ മോഹന്‍ലാല്‍ സ്യൂട്ടബിളായിരിക്കും. ഇതാണ് അഭിനയപാടവമെങ്കില്‍ മോഹന്‍ലാലിന് സമനായി മോഹന്‍ലാല്‍ മാത്രമെയുള്ളു.

മോഹന്‍ലാല്‍
വ്യായാമമുറകളില്‍ വലിയ വിശ്വാസമില്ലാത്ത ശരീരവും ആലോചനകളില്ലാതെ ചിരിക്കുന്ന മുഖവും. ഈ ശരീരവും ഈ മുഖവുംകൊണ്ട് തെലുങ്കിലോ ഹിന്ദിയിലോ ചെന്നാല്‍ മോഹന്‍ലാല്‍ സ്വീകരിക്കപ്പെടുമെന്നു കരുതുന്നുണ്ടോ, ഇല്ല.

വ്യായാമമുറകളില്‍ വലിയ വിശ്വാസമില്ലാത്ത ശരീരവും ആലോചനകളില്ലാതെ ചിരിക്കുന്ന മുഖവും. ഈ ശരീരവും ഈ മുഖവുംകൊണ്ട് തെലുങ്കിലോ ഹിന്ദിയിലോ ചെന്നാല്‍ മോഹന്‍ലാല്‍ സ്വീകരിക്കപ്പെടുമെന്നു കരുതുന്നുണ്ടോ, ഇല്ല. മോഹന്‍ലാലിന്റെ രൂപം മലയാളികള്‍ക്ക് വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. അത് മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. ആദ്യ ദര്‍ശനത്തില്‍ കള്ളച്ചിരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും സമസ്തഭാവങ്ങളും ഗോപനം ചെയ്യുന്ന അര്‍ത്ഥമുള്ള ചിരിയാണതെന്നറിയാന്‍ ലാലിന്റെ കഥാപാത്രങ്ങള്‍ സാക്ഷി. ഇളക്കമാണോ എന്നു സംശയിപ്പിക്കുന്ന ചലനക്ഷമതയാണ് മോഹന്‍ലാലിന്റെ അഭിയനത്തിന്റെ ദേഹക്കൂറ്. കാട്ടുവള്ളിപോലെ എങ്ങനെയും വളയും എവിടെയും കയറി പടരുകയും ചെയ്യും. പടരുന്നിടം പറിച്ചെടുക്കുകയും ചെയ്യും.

മോഹന്‍ലാല്‍ എന്ന സിനിമാനടന്‍ മലയാളികളില്‍നിന്ന് ചുരത്തിയെടുക്കുന്നത് വാത്സല്യവും സ്‌നേഹവുമാണ്. ഈയളവില്‍ വാത്സല്യവും സ്‌നേഹവുംകൊണ്ട് തഴുകപ്പെട്ടൊരു സിനിമാനടന്‍ മലയാളത്തിലില്ല. നെഞ്ചില്‍ കയറിക്കൂടി കൊഞ്ചിക്കുഴയുന്ന അഭിനയത്തിന് എന്നും കൗമാരപ്രായം. കൗമാരനഷ്ടം സംഭവിച്ചാല്‍ മോഹന്‍ലാല്‍ മോഹന്‍ലാലല്ലാതെപോകും.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

കോഫീഹൗസ് വൈകുന്നേരങ്ങളുടെ സൗഹൃദപ്പൊരുത്തങ്ങളില്‍നിന്ന് നേരെ സിനിമയിലേയ്ക്ക് എയ്തുവിടപ്പെടുകയായിരുന്നു മോഹന്‍ലാല്‍. കോളേജില്‍ കൊട്ടിയാടിയ നാടകങ്ങള്‍ നല്‍കിയതില്‍ കവിഞ്ഞൊരു അഭിനയബോധം മോഹന്‍ലാലിലാരോപിച്ചാല്‍ ലാലത് നിഷേധിച്ചുവെന്നു വരും. 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' പുതുമകളുടെ കാല്പനിക സമാഹാരമായിരുന്നു. അതിലൊരു പുതുമ നരേന്ദ്രനായി വന്ന മോഹന്‍ലാല്‍ എന്ന നടനായിരുന്നു. നരേന്ദ്രനാകാന്‍ കോഫീഹൗസ് സ്വപ്നങ്ങളുടെ ഊര്‍ജത്തില്‍ കവിഞ്ഞെന്തെങ്കിലും ഉപയോഗപ്പെടുത്തിയെന്നു തോന്നുന്നില്ല. പക്വമായ അഭിനയത്തിന്റെ പ്രാഥമിക പാഠം പോലുമല്ല നരേന്ദ്രന്‍. ചലനങ്ങളിലെ അനായാസത, അതൊരു സൂചനയായിരുന്നു. ശരീരത്തിന്റെ മൊബിലിറ്റിയോടൊപ്പം ചേരുന്ന അഭിനയവും കൂടി ഒത്തുകിട്ടിയാല്‍ ഒരു നക്ഷത്രപ്പിറവി, അതായിരുന്നു സൂചന. അത് ഫലിക്കുകയും ചെയ്തു. മലയാള സിനിമയില്‍ ഏറ്റവുമധികം ജനസമ്മതി നേടിയെടുത്ത നടന്‍. ഈ ജനസമ്മതി സമൂഹത്തിലെ എല്ലാ തലങ്ങളിലും വര്‍ത്തിക്കുന്നവര്‍ ഒത്തൊരുമിച്ച് സൃഷ്ടിച്ചുകൊടുത്തതാണ്. പ്രേംനസീറിന്റെ കാര്യമെടുക്കാം. താരങ്ങളുടെ താരമായി വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ പോലും ഒരു ചാന്ദ്രമുഖത്തില്‍ കവിഞ്ഞൊന്നും നസീറിലില്ലായിരുന്നുവെന്നു കരുതിയവര്‍ ഒട്ടനവധിയുണ്ടായിരുന്നു. അവരുടെ പരിഹാസങ്ങളില്‍ പ്രേംനസീര്‍ വെറും കുഞ്ഞിരാമനായിരുന്നു. നസീറിന് നേരെ അര്‍ത്ഥമുള്ള പരിഹാസശരം എയ്തുവിട്ടു ചിരിച്ച സെക്ഷനുപോലും മോഹന്‍ലാല്‍ സ്വീകാര്യനായിരിക്കുന്നു. 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രന്‍ എന്ന അപക്വമായ കഥാപാത്രത്തില്‍നിന്ന് തുടങ്ങിയ വളര്‍ച്ച ഏത് തരം കഥാപാത്രത്തെ കിട്ടിയാലും അതിനെയെടുത്ത് പക്വമായ അഭിനയചിന്തകള്‍കൊണ്ടു പെരുമാറാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ നടനിലെത്തിയിരിക്കുന്നു. വികലമായ കഥാപാത്രങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും അഭിനയമികവുകൊണ്ടൊരു രക്ഷപ്പെടുത്തലിന് മോഹന്‍ലാലിന് കഴിയുന്നു. ലാലിനു വന്നുചേരുന്ന വികലമായ കഥാപാത്രങ്ങളിലധികവും മൈത്രിയുടെയും കടപ്പാടിന്റേയും കണക്ക് രേഖപ്പെടുത്തുന്നവയാണ്.

വലിഞ്ഞുമുറുകലുകളുടെ സംഭരണം (tension packed) എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ മുഖദാവില്‍ കാണുന്ന കഥാപാത്രങ്ങളില്‍ അഭിനയം അത്രയധികം കോരി നിറയ്‌ക്കേണ്ടിവരില്ല. ഷോട്ടുകളുടെ റെയിഞ്ചും ക്യാമറയുടെ ആംഗിളുകളും എഡിറ്റിങ്ങിലെ ചടുലതയും ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭിനേതാവിനെ പിന്തുണയ്ക്കാനുണ്ടാവും. അയഞ്ഞുനില്‍ക്കുന്ന ജീവിത സന്ദര്‍ഭങ്ങളാണ് അഭിനയിക്കുന്നവര്‍ക്ക് കൂടുതല്‍ വെല്ലുവിളി നല്‍കുന്നത്. ഈ വെല്ലുവിളി മലയാള സിനിമയില്‍ ഏറ്റവുമധികം നേരിട്ടിട്ടുള്ള നായകനടന്‍ മോഹന്‍ലാലാണ്. നര്‍മ്മപഥത്തില്‍നിന്ന് സ്ഫോടകാത്മക സംഭവത്തിലേയ്ക്ക് നീങ്ങുമ്പോള്‍ അഭിനയത്തിനുണ്ടാകുന്ന ഭേദപ്പെടലുകളും (vibration) അതിനായി സ്വീകരിക്കുന്ന ടൈമിങ്ങും പ്രശംസിക്കപ്പെടേണ്ടതാണ്. മോഹന്‍ലാലിനെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച സിനിമകള്‍ ഇത്തരം അഭിനയത്തിന്റെ ഡെമോണ്‍സ്ട്രേഷനുകളാണ്.

പൊളിവചനങ്ങളുടെ സംവിധായകനും നടനും എന്ന അപഖ്യാതിയില്‍നിന്ന് പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും ഒരുപോലെ രക്ഷിച്ചത് 'താളവട്ട'മായിരുന്നു
Mohanlal and Priyadarshan

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഋതുപരിവര്‍ത്തനങ്ങള്‍ എങ്ങനെ ഒരു നല്ല നടന്‍ രൂപംകൊള്ളുന്നുവെന്നതിന് ഉത്തമോദാഹരണമായി മാറുന്നു. ഫാസിലിന്റെ കന്നിച്ചിത്രത്തിലെ നരേന്ദ്രനില്‍നിന്നാരംഭിച്ച വില്ലന്‍ കഥാപാത്രങ്ങളില്‍നിന്ന് നായകകഥാപാത്രത്തിലേയ്ക്ക് പിടിച്ചുകയറാന്‍ ലാലിനെ സഹായിച്ചത് ഉറ്റചങ്ങാതിയായ പ്രിയദര്‍ശനാണ്. ഒരേ ദിശയിലേയ്ക്ക് സ്വപ്നസഞ്ചാരം നടത്തിയ കൗമാരം പങ്കുവച്ചവരാണ് മോഹന്‍ലാലും പ്രിയദര്‍ശനും. പ്രിയന്റെ പ്രഥമ ചിത്രമായ 'പൂച്ചയ്‌ക്കൊരു മൂക്കുത്തി' 'സംഭവബഹുല'മായ ഹാസ്യചിത്രമായിരുന്നു. കോമഡി എന്ന ലേബല്‍ പോസ്റ്ററുകളില്‍ തന്നെ പതിച്ചുവച്ചിട്ടുണ്ടായിരുന്നു.

ചിതറിനിന്നിരുന്ന സംഭവങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് രസകരമായ ഒരു സമാപ്തിയിലെത്തിച്ച ഈ ചിത്രത്തില്‍ നായകനായ ശങ്കറിനെക്കാള്‍ മികച്ചുകണ്ടത് മോഹന്‍ലാലിനെയാണ്. എങ്കിലും മോഹന്‍ലാലിലെ നടനെ തിരിച്ചറിയാന്‍ പിന്നീടും ചിത്രങ്ങള്‍ വേണ്ടിവന്നു. 'ഓടരുതമ്മാവാ ആളറിയാം', 'മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു' തുടങ്ങിയ പ്രിയന്‍ ചിത്രങ്ങള്‍ പൊളി കോമഡിയുടെ വെറും വചനങ്ങള്‍ മാത്രമായിരുന്നു. പൊളിവചനങ്ങളുടെ സംവിധായകനും നടനും എന്ന അപഖ്യാതിയില്‍നിന്ന് പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും ഒരുപോലെ രക്ഷിച്ചത് 'താളവട്ട'മായിരുന്നു. മിലോസ് ഫോര്‍മാന്റെ 'വണ്‍ ഫ്‌ലൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ്' പ്രിയദര്‍ശന്‍ ഭംഗിയോടെ തസ്‌കരിച്ചു. ജാക്ക് നിക്കോള്‍സന്റെ മക്മര്‍ഫി എന്ന കഥാപാത്രത്തിന്റെ ബാഹ്യരൂപത്തിനുള്ളിലുണ്ടായിരുന്നത് എന്തായിരുന്നുവെന്നു മോഹന്‍ലാല്‍ അറിഞ്ഞെന്നു തോന്നുന്നില്ല. മരിജുവാനയും എല്‍.എസ്.ഡിയും സൃഷ്ടിച്ച സൈക്കഡലിക് ഭ്രമണങ്ങളും ശരാശരി അമേരിക്കക്കാരന്റെ യുദ്ധവിദ്വേഷവുമെല്ലാം മക്മര്‍ഫിയില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിരുന്നു. കാര്യമെന്തൊക്കെയായാലും മെന്റല്‍ സാനിറ്റോറിയത്തിലെ ആ കുഴഞ്ഞാട്ടക്കാരനും അഴിഞ്ഞാട്ടക്കാരനുമായ കഥാപാത്രത്തെ മോഹന്‍ലാല്‍ ഹൃദയസ്പര്‍ശിയാക്കി. അഭിനയത്തില്‍ ഭ്രാന്ത് രോചകമായി കലര്‍ത്തുന്നതെങ്ങനെയെന്ന് ജാക്ക് നിക്കോള്‍സണില്‍നിന്ന് മോഹന്‍ലാല്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. മറിച്ചാകാന്‍ വഴിയില്ലല്ലൊ.

Mohanlal and Sreenivasan

മോഹന്‍ലാല്‍ എന്ന നടന് തന്റെ താരവളര്‍ച്ചയ്ക്ക് സഹായകരമായ ശുഭ ഋതുക്കളിലൊന്ന് ലഭിച്ചത് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍നിന്നാണ്, സത്യന്‍ അന്തിക്കാട് ശ്രീനിവാസന്റെ രചനാസഹായം നേടിത്തുടങ്ങിയ നാളിന് മുന്‍പുതന്നെ തന്റെ ഒരു ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു അനുയോജ്യവേഷം നല്‍കിയിട്ടുണ്ട്. 'അപ്പുണ്ണി'യാണ് ആ ചിത്രം. നിഷ്‌കപട നര്‍മ്മത്തിന്റെ മര്‍മ്മം തേടുന്ന 'അപ്പുണ്ണി'യുടെ രചന സാക്ഷാല്‍ വി.കെ.എന്നിന്റേതായിരുന്നു.

നര്‍മ്മരചനക്കാരനും സത്യന്‍ അന്തിക്കാടും ഒത്തുചേര്‍ന്ന ചലച്ചിത്രശ്രമം അത്രയധികം ശ്രദ്ധിക്കപ്പെട്ടുവെന്നു തോന്നുന്നില്ല. പക്ഷേ, അഴകൊഴമ്പന്‍ വേഷവും ഭാവങ്ങളുമായി വരുന്ന മോഹന്‍ലാലിന്റെ സ്‌കൂള്‍മാഷ്. കഥാപാത്രത്തെ മനസ്സിലാക്കാനുള്ള നടന്റെ ആന്തരിക ലക്ഷണങ്ങള്‍ ഭംഗിയായി പ്രകടിപ്പിക്കുകയുണ്ടായി.

കോമഡിയുടെ വിജയത്തിനായി സത്യനിരാസം ചെയ്യുന്നവരാണ് മലയാളത്തിലെ കോമഡി സിനിമാക്കാരില്‍ ഏറെയും ഡോക്ടര്‍ ബാലകൃഷ്ണനും 'പഴയ' ഹരിഹരനും എടുത്തുപ്രയോഗിച്ച് വിജയിക്കുകയും തോല്‍ക്കുകയുമൊക്കെ ചെയ്ത ചലച്ചിത്ര മാതൃകകള്‍ അതിലും എത്രയോ താണനിലവാരത്തില്‍ ഇപ്പോഴും പിന്തുടരപ്പെടുന്നുണ്ട്. കോമഡി രണ്ടര മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാം മറക്കാനുള്ള റെമഡിയായി മാത്രം കാണുന്നവരല്ല സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. അവര്‍ക്ക് സാര്‍ത്ഥകമായി തീര്‍ന്നേക്കാവുന്ന ചില ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങളില്‍ പരമപ്രധാനം യാഥാര്‍ത്ഥ്യത്തിന്റെ മുഖം നോക്കിയുള്ള വെളിച്ചം പായിക്കലാണ്. ആ ഉദ്ദേശലക്ഷ്യത്തെക്കുറിച്ച് ബോധവാനാണ് മോഹന്‍ലാല്‍ എന്ന നടന്‍. തൊഴില്‍ തേടിയുള്ള രണ്ടു യുവാക്കളുടെ അലയലും അവരുടെ കബളിപ്പിക്കപ്പെടലും കബളിപ്പിക്കപ്പെടുന്നവന്റെ ജീവിത ദാഹവുമൊക്കെ കഥാബീജമായി സ്വീകരിച്ചുകൊണ്ടാണ് 'നാടോടിക്കാറ്റി'ല്‍ കോമഡിയും ആക്ഷനും പരുവപ്പെടുത്തിയെടുക്കുന്നത്. മാമുക്കോയ അഭിനയിക്കുന്ന ഗഫൂര്‍ എന്ന തട്ടിപ്പുകാരനും ബോംബെയില്‍നിന്ന് വരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ ആ വാടകക്കൊലയാളിയും പോലുള്ള നെഗറ്റീവ് കഥാപാത്രങ്ങള്‍ക്കുപോലും സഹതാപം ലഭിക്കുംവിധം സത്യന്‍ അന്തിക്കാട് ചലച്ചിത്രകര്‍മ്മം നിര്‍വ്വഹിക്കുന്നു. ഇത്തരം സമീപനം പുലര്‍ത്തുന്ന ഒരു സിനിമയ്ക്കുവേണ്ടി മോഹന്‍ലാല്‍ കാത്തിരുന്നിരിക്കണം. ലാലിന്റെ അഭിനയം അങ്ങനെയാണ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്.

ദൈവത്തിനുപോലും അനുകരിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി'ലെ സേതു. അയാളുടെ നെഞ്ചകം നിറയെ മുറിവുകളാണ്.

ദൈവത്തിനുപോലും അനുകരിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി'ലെ സേതു. അയാളുടെ നെഞ്ചകം നിറയെ മുറിവുകളാണ്. ആ മുറിവുകള്‍ അയാളിലേല്പിച്ചത് ജീവിതമാണ്. ആ ജീവിതം തന്നെയാണ് ശത്രുസ്ഥാനത്തുള്ളത്. അയാള്‍ ചിരിപ്പിക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. നേരിടേണ്ടിവരുന്ന ജീവിതസന്ദര്‍ഭങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കാഴ്ചക്കാര്‍ ചിരിക്കുന്നുവെങ്കില്‍ ആ ചിരി അയാള്‍ക്ക് ബാധകമല്ലാത്തതുപോലെ. ഇത്തരം ഒരു കഥാപാത്രത്തിന്റെ സമൂല പ്രതിരൂപമാകേണ്ടിവരുന്ന നടന് അത് സാധിച്ചെടുക്കേണ്ടത് ഒരു അതീന്ദ്രിയ ധ്യാനത്തില്‍നിന്നുതന്നെയാണ്. ആ ധ്യാനത്തിന്റെ അരുവിയിലൂടെ മോഹന്‍ലാല്‍ ഒഴുകിപ്പോകുന്നതു കാണുമ്പോള്‍ ഒരു സംശയം എന്തേ സേതു മോഹന്‍ലാലിന് ഒരു നാഷണല്‍ അവാര്‍ഡ് സമ്മാനിക്കാതിരുന്നത്.

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും കൂട്ടുചേരുന്ന 'ടി.പി. ബാലഗോപാലന്‍ എം.എ', 'സന്മനസ്സുള്ളവര്‍ക്കു സമാധാനം', 'വരവേല്പ്' എന്നീ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങള്‍ക്ക് സമാനത ഉണ്ടെന്ന് പറയാതെ വയ്യ. ആവര്‍ത്തനദോഷമുണ്ടെന്നകാര്യം മറച്ചുപിടിക്കാനും വയ്യ. പക്ഷേ, ഈ ന്യൂനതകള്‍ വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ ചിത്രങ്ങളില്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യാവലോകന പാടവം. ജീവിതത്തിന്റെ ശകലങ്ങളില്‍ തൊട്ടുചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളെ മോഹന്‍ലാലിന് നല്‍കിയെന്ന കാര്യത്തില്‍ സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും അഭിമാനിക്കാമെന്നു തോന്നുന്നു.

പഞ്ചാഗ്നി

ഭരതന്റെ 'കാറ്റത്തെ കിളിക്കൂടി'ല്‍ മോഹന്‍ലാല്‍ നായകനല്ല. മദ്ധ്യവയസ്‌ക നായകനായ ഗോപിയുടെ പുറകിലായിട്ടാണെങ്കിലും സമാന്തരമായി ചിരിക്കുന്ന യുവാവായ ഒരു കഥാപാത്രം. പ്രതിനായക സ്വഭാവത്തിന്റെ കുടിലവാസനകളാണോ അയാളുടെ മനസ്സിലുള്ളത് എന്നൊരു ചോദ്യമാണ് അര്‍ദ്ധപകുതി കഴിഞ്ഞിട്ടും അയാള്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ അയാളിലുള്ളത് ദുഷ്ടതയല്ലെന്ന് മനസ്സിലാക്കപ്പെടുമ്പോള്‍ അയാളെ ഇഷ്ടമാകുന്നു. ഇങ്ങനെയൊരു കഥാപാത്രം മലയാള സിനിമയ്ക്ക് പരിചിതമായിരുന്നില്ല. സ്വഭാവികമായും പരിചിതമല്ലാത്ത ഒരു അഭിനയം ആ കഥാപാത്രം ആവശ്യപ്പെടുന്നു. ഒച്ചവയ്ക്കലിന്റേതായ ഒരു പൂരക്കാലത്തിനിടയിലാണ് മോഹന്‍ലാല്‍ കാറ്റത്തെ കിളിക്കൂട്ടില്‍ കയറുന്നത്. കിളികള്‍ അലോസരപ്പെടാതെയിരിക്കണമെങ്കില്‍ ശബ്ദത്തെയും ചേഷ്ടകളെയും അടക്കിപ്പിടിക്കുന്ന അഭിനയമാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ അറിയുന്നു. ഇത്തരം കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ ആവശ്യമാണ്. ആത്മപരിശോധനയ്ക്കായി 'പഞ്ചാഗ്‌നി'യിലെ മോഹന്‍ലാലിനേയും ഇതേ ഗണത്തില്‍ പെടുത്താമെന്നു തോന്നുന്നു.

പത്മരാജന്റെ 'ഉദകപ്പോള' എന്ന നോവലില്‍ ജയകൃഷ്ണന്‍ ഇടയ്ക്കിടെ വന്നൊന്നു മുഖംകാണിച്ച് എവിടെയോ മറയുന്ന ഒരു കഥാപാത്രമാണ്, പക്ഷേ അയാള്‍ മറയുമ്പോള്‍ അയാളോടൊപ്പമുണ്ടായിരുന്നവരില്‍ അയാളൊരു കഥ ഏല്പിച്ചിട്ടുണ്ടാവും. അത് അയാളെക്കുറിച്ചുള്ള കഥയാവും. ആ കഥയ്ക്ക് ചുറ്റും പട്ടണത്തിന്റെ നാവുകള്‍ വന്നുകൂടി കഥകളുടെ എണ്ണം കൂട്ടുന്നു. 'ഉദകപ്പോള'യ്ക്ക് പത്മരാജന്‍ 'തുവാനത്തുമ്പികള്‍' എന്ന പേരില്‍ സിനിമാരൂപം നല്‍കിയപ്പോള്‍ ചലച്ചിത്രബുദ്ധി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് ജയകൃഷ്ണന്‍ നായകനായി വികസിച്ചത്. ഒരു വ്യക്തിത്വത്തിനുള്ളില്‍ മറ്റൊരു വ്യക്തിത്വം ഒളിച്ചുവച്ചു രസിക്കുന്നവനാണ് ഈ കഥാപാത്രം. ഗ്രാമത്തിലെ വലിയ തറവാട്ടില്‍ കാരണവന്മാരുടെ അപദാനകഥകള്‍ക്ക് നടുവില്‍ തറവാടിയായി കഴിയുന്ന ജയകൃഷ്ണന്‍ പട്ടണത്തിലെത്തുമ്പോള്‍ ലഹരിപിടിച്ച രതിയുടെ ഉപാസകനാകുകയാണ്. വിചിത്രവും അതിലേറെ രസികത്വവുമുള്ള ഈ കഥാപാത്രത്തെ തന്റെ അഭിനയംകൊണ്ട് തൊട്ടുണര്‍ത്തി മോഹന്‍ലാല്‍ ചേതോഹരമാക്കുന്നു. കൂടുവിട്ട് കൂടുമാറുന്ന തരത്തിലുള്ള അഭിനയ തന്ത്രത്തിലൂടെ സിനിമ കാണുന്നവരെ സ്ഥലജലഭ്രമം പോലെയുള്ള ഒരു മാനസികാവസ്ഥയിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

തൂവാനത്തുമ്പികൾ

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഹിറ്റുകള്‍ കൊണ്ടനുഗ്രഹിക്കപ്പെട്ട നടന്‍ മോഹന്‍ലാലാണ്. ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ വരവ് ചെലവ് കണക്കുകളെടുത്താല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. ജനങ്ങള്‍ക്കിടയില്‍ ലഭിച്ച വ്യാപകമായ സ്വീകാര്യതയാണ് കാരണം. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ഇഷ്ടങ്ങളില്‍ മോഹന്‍ലാലിന് ഒന്നാംസ്ഥാനം ലഭിച്ചത് വിപണനത്തില്‍ വിജയം ഉറപ്പാണെന്നതുകൊണ്ട് മാത്രമല്ല ആരേയും മുറിപ്പെടുത്താത്ത പെരുമാറ്റം കൊണ്ടുകൂടിയാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന സെറ്റില്‍ ടെന്‍ഷന്‍ എന്നത് ഒഴിവാക്കപ്പെടുന്ന വാക്കാണ്. ഇടവേളകളില്‍ മോഹന്‍ലാല്‍ സൗഹൃദ സദസ്സുകള്‍ക്ക് രൂപംനല്‍കുന്നു. ആ സദസ്സില്‍ പ്രൊഡക്ഷന്‍ ബോയ്ക്കുപോലും കയറി നില്‍ക്കാം. സ്വന്തം ഇഷ്ടത്തെ മറ്റുള്ളവരുടെ ഇഷ്ടത്തോടൊപ്പം കലര്‍ത്തി സുഖിപ്പിക്കുന്നത് ഒരു തന്ത്രമായിരിക്കാം. ആ തന്ത്രംകൊണ്ട് ആര്‍ക്കുമൊരു ചേതമില്ലല്ലൊ. മോഹന്‍ലാല്‍ കൂര്‍മ്മബുദ്ധിയാണെങ്കിലും സ്‌നേഹപ്രകടനത്തിനും പ്രീണനത്തിനും വ്യാജസ്തുതിക്കും ഡേറ്റ് നല്‍കി വിജയകഥയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഇല്ലത്തുനിന്നു തിരിച്ചപ്പോള്‍ തന്നെ അഹം നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ അമ്മാത്ത് എങ്ങനെയാണ് എത്തിച്ചേരുക. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ കൊട്ടകയില്‍ കയറാത്ത പ്രേക്ഷകനോടാണ് മോഹന്‍ലാല്‍ നന്ദി പറയേണ്ടത്. ബുദ്ധിനാട്യത്തിന്റെ ഗുരുസാഗരങ്ങളിലും മോഹന്‍ലാല്‍ മങ്ങിപ്പോയിട്ടുണ്ട്. ഒരു കാര്യമോര്‍ത്ത് ആശ്വാസംകൊള്ളാം ഡേറ്റടിച്ചെടുത്തവര്‍ അതുകൊണ്ട് രക്ഷപ്പെട്ടല്ലോ.

പ്രിയദര്‍ശന്‍ സിനിമയുടെ രണ്ടാംഘട്ടം മോഹന്‍ലാലിന്റെ മറ്റൊരു ശുഭ ഋതുവായിമാറി. ലാല്‍ തൊട്ടതെല്ലാം ബോക്സോഫീസില്‍ പൊന്നായി. പ്രേക്ഷകര്‍ക്ക് റൊമാന്റിക് കോമഡിയുടെ സല്‍ക്കാരം ലഭിക്കുകയായിരുന്നു. 'ചിത്രം', 'കിലുക്കം', 'വന്ദനം' തുടങ്ങിയ ചിത്രങ്ങളുടെ ഇതിവൃത്തം തീര്‍ത്തും മോഹന്‍ലാലില്‍ അര്‍പ്പിതമായിരുന്നു. അതുകൊണ്ട് ഇംപ്രവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ധാരാളം ലഭിച്ചിട്ടുണ്ടാവണം. ഇഷ്ടകഥാപാത്രലഭ്യതയില്‍ അഭിനയമെങ്ങനെ ആയാസരഹിതമാകുമെന്നതിന് ഈ ചിത്രങ്ങള്‍ തെളിവ് നല്‍കുന്നു. അഗ്‌നിപര്‍വ്വതം ഹിമാവൃതമാക്കുന്ന തരത്തിലുള്ളതാണ് 'ചിത്ര'ത്തിന്റെ ഇതിവൃത്ത സ്വഭാവം. സ്വയം ആശ്വസിക്കാന്‍ കഴിയാതിരിക്കെ തന്നെ മറ്റൊരാളിന്റെ ആശ്വാസമായിതീരുന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ താപം മോഹന്‍ലാലില്‍ നന്നായി ഏറ്റുവെന്ന് അഭിനയവിജയം തെളിയിക്കുന്നു.

മോഹന്‍ലാലിനു പകരം മമ്മൂട്ടിയായിരുന്നുവെങ്കിലോ? മണിച്ചിത്രത്താഴ് അടഞ്ഞുതന്നെ കിടക്കുമായിരുന്നു

'കിലുക്ക'ത്തിലേയും 'വന്ദന'ത്തിലേയും പ്രധാന കഥാപാത്രങ്ങളുടെ തച്ചുശാസ്ത്രം ഒന്നുതന്നെയാണ്. ഈ ആവര്‍ത്തനദോഷത്തെ തന്റെ പോപ്പുലര്‍ നമ്പറുകള്‍കൊണ്ട് മോഹന്‍ലാല്‍ അതിജീവിക്കുന്നു. ഇതേ നമ്പരുകള്‍ തന്നെയാണ് പ്രേക്ഷകരെ ഉല്ലാസത്തിന്റെ 'തേന്മാവിന്‍ കൊമ്പില്‍' കയറ്റിയിരുത്തിയതും. ഇതിവൃത്ത സംബന്ധിയായ അച്ചടക്കവും തകര്‍ത്ത് സിനിമയ്ക്കപ്പുറം വളര്‍ന്നുപോകുന്നതാണ് പല മോഹന്‍ലാല്‍ കഥാപാത്രങ്ങളും അതിന് നല്ലൊരു ഉദാഹരണമായിത്തീരുന്നു ഫാസിലിന്റെ 'മണിച്ചിത്രത്താഴ്'. മറ്റേതെങ്കിലും സംവിധായകന്റെ തകിടം മറിഞ്ഞ ചിന്തകള്‍ പോലും സണ്ണിയെപ്പോലുള്ള ഒരു വട്ടന്‍ മനോരോഗ ചികിത്സകനെ സിനിമയില്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. പിന്നെയെങ്ങനെ ഫാസിലിന് ധൈര്യം വന്നു? മോഹന്‍ലാലിലുള്ള വിശ്വാസം. ജനങ്ങളില്‍ മോഹന്‍ലാലിനുള്ള വിശ്വാസവും ഫാസിലിന്റെ വിശ്വാസമുറപ്പിക്കാന്‍ സഹായിച്ചുകാണണം. മോഹന്‍ലാലിനു പകരം മമ്മൂട്ടിയായിരുന്നുവെങ്കിലോ? മണിച്ചിത്രത്താഴ് അടഞ്ഞുതന്നെ കിടക്കുമായിരുന്നു.

വാമപക്ഷബുദ്ധിജീവികളില്‍ സന്ദേഹവും ഉല്‍ക്കണ്ഠയും ജനിപ്പിച്ചതാണ് 'ദേവാസുരവും' 'ആറാംതമ്പുരാനും'. ഈ രണ്ടു ചിത്രങ്ങളിലുമടങ്ങിയിരിക്കുന്നത് ഹൈന്ദവാടത്തിന് സഹായം നല്‍കുന്ന പ്രേരണകളാണെന്ന് അവര്‍ കുറ്റപത്രത്തില്‍ എഴുതിപ്പിടിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിച്ചവര്‍ക്ക് ഹൈന്ദവ ചിന്തകളുടെ മൊബ്ലൈസേഷന്‍ ഒരു ലക്ഷ്യമാണെന്ന് തോന്നുന്നില്ല.

'രാജാവിന്റെ മകനെ'പ്പോലെ മോഹന്‍ലാലിന്റെ ശരീരത്തിനെയും വാഗ്വിലാസത്തെയും നന്നായി ചൂഷണം ചെയ്തുകൊണ്ടൊരു സിനിമ; അതേ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവുകയുള്ളൂ. ഈ രണ്ടു ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ ആരെക്കൊണ്ടെങ്കിലും കാവിക്കൊടി എടുപ്പിക്കുമെന്നു തോന്നുന്നില്ല. 'ലാല്‍സലാ'മില്‍ മോഹന്‍ലാല്‍ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് കമ്മ്യൂണിസത്തിലേയ്ക്ക് കൂടുതല്‍പേര്‍ ആകൃഷ്ടരായതുമില്ല. സിനിമയിലെ ആക്ഷന്‍ സീനുകള്‍ കഥയുടെ വികാസപരിണാമത്തിന് എങ്ങനെ അനുഗുണമാകുമെന്ന് മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ ഒരുവട്ടം കണ്ടാല്‍ മതി. ഒരു ലോഭവുമില്ലാതെ പണം കൊണ്ടുവന്നെങ്കിലും 'സ്ഫടികം' ഒരു അടിപൊളി അസംബന്ധം തന്നെയാണ്. കോമഡിയില്‍ മോഹന്‍ലാലിനുള്ള സിദ്ധികള്‍ പുറത്തുകൊണ്ടുവരണമെങ്കില്‍ ഒന്നുകില്‍ ശ്രീനിവാസന്‍ വേണം അല്ലെങ്കില്‍ ജഗതിശ്രീകുമാറുണ്ടാവണം. ജഗദീഷിനോ മണിയന്‍പിള്ള രാജുവിനോ ഇങ്ങനെ ഒരു സഹായം ലാലിന് നല്‍കാന്‍ കഴിയുന്നില്ല. പ്രിയദര്‍ശന്‍ പറഞ്ഞത് നേരാണ്. മോഹന്‍ലാല്‍ നര്‍മ്മോല്ലാസവാനാകണമെങ്കില്‍ എതിരെ ജഗതിതന്നെയുണ്ടാവണം. രണ്ടുപേരും അവരുടെ ഐറ്റങ്ങളെടുത്ത് കോമഡിക്കുന്നതു കാണാന്‍ എന്തു രസമാണ്. 'കിലുക്ക'ത്തിലും 'യോദ്ധ'യിലും രണ്ടുപേരും ശ്രദ്ധാപഹരണത്തിന് കിണഞ്ഞു ശ്രമിക്കുമ്പോള്‍ രണ്ടുപേര്‍ക്കും ഒരുപോലെ വിജയം ലഭിക്കുന്നു.

'ലാല്‍സലാ'മില്‍ മോഹന്‍ലാല്‍ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് കമ്മ്യൂണിസത്തിലേയ്ക്ക് കൂടുതല്‍പേര്‍ ആകൃഷ്ടരായതുമില്ല

'ഹിസ്‌ഹൈനസ് അബ്ദുള്ള'യും 'ഭരത'വും ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്നത് ഒരു പുതിയ ഫോര്‍മുലയാണ്. ആ ഫോര്‍മുല രൂപംകൊള്ളുന്നത് സംഗീതധാരയിലാണ്. കലാചിന്തകളും വ്യാപാരചിന്തകളും വേര്‍തിരിച്ചെടുക്കാനാവാത്തവണ്ണം ആ ധാരയില്‍ ലയിച്ചു ചേരുന്നു. സ്വാഗതാര്‍ഹമായ ഈ ഫോര്‍മുലയുടെ പകര്‍പ്പവകാശം ലോഹിതദാസിനുള്ളതാണ്. ചെറിയൊരു പാളിച്ചകൊണ്ടുമാത്രം തിരസ്‌കരിക്കപ്പെടാവുന്ന ഫോര്‍മുലയില്‍ വിശ്വാസമര്‍പ്പിച്ച് ലക്ഷങ്ങള്‍ മുടക്കിയ മോഹന്‍ലാല്‍ എന്ന പ്രൊഡ്യൂസര്‍ക്ക് ദൈവം കൊടുത്തു. ഒരു പ്രാര്‍ത്ഥനയുടെ ഏകാഗ്രത പുലര്‍ത്തുന്ന ലാലിന്റെ അഭിനയം. അഭിനയത്തിന്റെ അച്ചടക്കം അതിന്റെ പാരമ്യത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. മാധ്യമ പ്രതിബദ്ധത പുലര്‍ത്തുന്ന തിരക്കഥ തന്നെയാണ് 'കിരീട'ത്തിലെ മോഹന്‍ലാലിനെ കണ്ണീര്‍പ്പൂവാക്കിയത്. ആ കണ്ണീര്‍പ്പൂവിനെ മലയാളികള്‍ മനസ്സില്‍വച്ചു താലോലിച്ചു. പക്ഷേ, ആ വിജയത്തിന് ഒരു അനുബന്ധ വ്യവസായത്തിന്റെ 'ചെങ്കോല്‍'കൂടി നല്‍കിയപ്പോള്‍ പ്രേക്ഷക മോഹങ്ങളുടെ സൂര്യകിരീടം വീണുടയുകയാണുണ്ടായത്.

'ഹരികൃഷ്ണന്‍സ്' പോലുള്ള ഒരു ചിത്രം ഒരിക്കല്‍മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കബളിപ്പിക്കലാണ്. പക്ഷേ, ആ കബളിപ്പിക്കലിന് ആര്‍ജ്ജവുമുണ്ടായിരുന്നു. ആനച്ചന്തവുമുണ്ടായിരുന്നു. മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവിന്റെ ബാങ്ക് അക്കൗണ്ട് കൂടുതല്‍ കനക്കുകയും ചെയ്തു. 'ഹിസ് ഹൈനസ് അബ്ദുള്ള'യും 'ഭരത'വും സമ്മാനിച്ച മോഹന്‍ലാല്‍ 'ഹരികൃഷ്ണന്‍' ചരിതത്തിലൂടെ ഒരുപാടു താഴേയ്ക്ക് ഇറങ്ങി. അങ്ങനെ താഴേയ്ക്ക് ഇറങ്ങി നേടിയത് ചെലവഴിക്കുന്നത് ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥം' എന്ന ചിത്രത്തിനുവേണ്ടിയാകുമ്പോള്‍ 'ഹരികൃഷ്ണന്‍സി'നെ വെറുതെ വിടേണ്ടിവരും.

Archive: To a Malayali, Mohanlal—affectionately called Lalettan—is not just an actor, but a cultural icon and a member of the family who represents the soul of Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!