എ.എസ്.പി അയ്യര്‍  Samakalika Malayalam
Malayalam Weekly

എ.എസ്.പി. അയ്യര്‍: നിയമപണ്ഡിതന്റെ രചനാഭൂമിക

രഘു പി.

Once in a while. a unique being arises in this world, for the good of the many, for the good of many, for the happiness of the many, filled with compassion for all, by the Grace of God, he is born in the community and country which needs him most. Such a unique being was Sri Narayana Guru, the prophet of Kerala.

1958-ല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ച് പഞ്ചപകേശ അയ്യര്‍ എന്ന എ.എസ്.പി. അയ്യര്‍ എഴുതിയതാണിത്. അദ്ദേഹത്തിന്റെ ‘Rambles in Literature, art, Law, and Philosophy’ എന്ന പുസ്തകത്തില്‍. 126 ജന്മവര്‍ഷങ്ങള്‍ പിന്നിട്ട ഈ മനുഷ്യന്റെ സര്‍ഗതീക്ഷ്ണമായ കര്‍മചര്യയുടെ സഞ്ചാരപഥത്തെക്കുറിച്ച് ഒരു പാലക്കാടന്‍ പ്രാദേശിക ഗ്രാമത്തില്‍ പിറന്ന്, വൈദേശിക വിജ്ഞാനത്തില്‍ മികവുനേടി നീതിപീഠത്തിന്റെ പരമോന്നതിയിലെത്തിയ പ്രാഗല്‍ഭ്യം ഒരു വശത്ത്. നിയമം, തത്ത്വചിന്ത, നോവല്‍, നാടകം, കഥ, വിമര്‍ശനം, മതമീമാംസ, യാത്രാവിവരണം, ആത്മകഥ, സംഗീതം, ജീവചരിത്രം, സംസ്കൃത-ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ 27 പുസ്തകങ്ങള്‍ മറുവശത്ത്. സമാഹരിക്കപ്പെടാത്ത ഗവേഷണ ലേഖനങ്ങള്‍ വേറെയും. ആറരപതിറ്റാണ്ടില്‍ ഒരു ജന്മംകൊണ്ട് കഴിയുന്നതിനപ്പുറം അയ്യര്‍ എഴുതിത്തീര്‍ത്തു. മാനവികതയും സഹാനുഭൂതിയും മിതത്വമാര്‍ന്ന ഉള്‍ക്കാഴ്ചയും ഇവയിലുടനീളം തെളിഞ്ഞുനില്‍ക്കുന്നു. രചനകള്‍ ഏറെയും ഇംഗ്ലീഷിലാണ്.

ഇന്നത്തെ കേരള സംസ്ഥാനത്തിന് പുറത്തും വിദേശത്തുനിന്നുമായി അച്ചടിച്ച് പുറത്തിറക്കിയവ. ഒരു ബ്രാഹ്മണ കര്‍ഷകകുടുംബത്തില്‍ പിറന്നിട്ടും വൈദേശികകോയ്മയെ ബൗദ്ധികശേഷികൊണ്ട് അമ്പരപ്പിച്ചു അയ്യര്‍. സ്വന്തം നിലപാടുകളിലും വീക്ഷണത്തിലും കാഴ്ചപ്പാടുകളിലും ഉറച്ചുനിന്നു. ഇതരമായതൊന്നിനോടും സഖ്യം പുലര്‍ത്തിയില്ല. ഭരണകൂടത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിനു വിധേയനായി. എന്നിട്ടും നിരന്തരം ഉപരോധത്തിന്റെ അലകളുയര്‍ത്തി ആ ചിന്താസാഗരം. സൗമ്യമായ ഇടപെടലുകളിലൂടെ ഒരു നീതിജ്ഞന്‍ എങ്ങനെ സമൂഹത്തിന് മാതൃകയും പ്രചോദനവും പ്രാപ്യനുമാകണമെന്ന് അറിയിച്ചു. ഇത് തന്റെ വിധിത്തീര്‍പ്പുകളില്‍ നിലനിര്‍ത്തി.

1899 ജനുവരി 26-ന് പാലക്കാട് ജില്ലയിലെ കോട്ടായിലുള്ള അഖിലേശ്വരപുരം എന്ന അയിലം ഗ്രാമത്തിലാണ് അയ്യര്‍ ജനിച്ചത്. അച്ഛന്‍ എ.എസ്. സുബ്രഹ്മണ്യ അയ്യര്‍. അമ്മ അഖിലാണ്ഡേശ്വരി അമ്മാള്‍. ഒരു ബ്രാഹ്മണകര്‍ഷക പ്രഭുകുടുംബമായിരുന്നു അയ്യരുടേത്. ഗ്രാമത്തില്‍ ഉണ്ടായിരുന്ന 32 വീടുകളില്‍ 24 ആയി അന്നേ ചുരുങ്ങിയിരുന്നു. ഇതര ഗ്രാമങ്ങളില്‍നിന്നും വിഭിന്നമായി വിട്ടുനില്‍ക്കുന്ന, മൂന്നു നിലയില്‍ മരത്തിന്റെ തട്ടിട്ട ഉറപ്പുള്ള മണ്‍വീടുകളായിരുന്നു ഏറെയും. കൂട്ടുകുടുംബമായിരുന്നതുകൊണ്ട് വീട് നിറഞ്ഞ അന്തരീക്ഷം. തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും പ്രബലമായിരുന്ന ചുറ്റുപാടുകള്‍.

അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോട്ടായി സ്കൂളിലെ പഠനത്തെത്തുടര്‍ന്ന് പാലക്കാട്ടും ഉപരിപഠനത്തിന് ഇംഗ്ലണ്ടിലെ ഓക്‌‌സ്‌ഫോര്‍‍ഡ് യൂണിവേഴ്‌സിറ്റിയിലും (1919) അയ്യര്‍ ചേര്‍ന്നു. അറിവിന്റേയും ബന്ധങ്ങളുടേയും വായനയുടേയും ഒരു പുതുചക്രവാളം ഇതിലൂടെ തുറന്നുകിട്ടി.

1921-ല്‍ ഓക്‌‌സ്‌ഫോര്‍‍ഡില്‍നിന്ന് എം.എയും പൊതുപരീക്ഷയ്ക്കിരുന്ന് ഐ.സി.എസ്സും പാസായി. ഐ.സി.എസ് നേടുന്ന ആദ്യ മലയാളി. സുഭാഷ് ചന്ദ്രബോസിന്റെ ബാച്ച്. ബോസ് പൊതുരംഗത്തെ പ്രവര്‍ത്തനത്തിന് ഐ.സി.എസ്. അനുയോജ്യമാവില്ലെന്ന തീര്‍പ്പില്‍ വിട്ടുപോയി. 1933-ല്‍ ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍ ഫെലോവായി അയ്യരെ തിരഞ്ഞെടുത്തു. വിശാഖപട്ടണത്ത് സെഷന്‍സ് ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ബാര്‍ അറ്റ് ലോയുമായിരുന്നു. 1948-1959 വരെ മദിരാശി ഹൈക്കോടതിയില്‍ ജസ്റ്റിസായിരുന്നു.

ബാല്യം മുതല്‍ അടുത്തറിയാന്‍ ഇടവന്ന ജാതീയ – അധികാര വിവേചനങ്ങള്‍ അവസാനം വരെ അയ്യരുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. ഭാരതീയ ദര്‍ശനത്തിന്റെ ആഴങ്ങളിലേക്കും ഗ്രീക്ക് ചിന്താപദ്ധതികളിലേക്കും സഞ്ചരിക്കാന്‍ ഇത് പ്രേരണയായി. ബുദ്ധദര്‍ശനത്തില്‍ അവഗാഹം നേടാനുപകരിച്ചു. നാടകാചാര്യന്‍ ഭാസനെക്കുറിച്ച് പഠിച്ചു. ചന്ദ്രഗുപ്തനും ചാണക്യനും അലക്‌സാണ്ടറും ഓമറും കബീറും അബുള്‍ അലയും റൂമിയും ഖുസ്രോവും പ്രിയപ്പെട്ടവരായി. പാശ്ചാത്യ ക്ലാസ്സിക് രചയിതാക്കള്‍ക്കൊപ്പം നടന്നു. അയ്യരുടെ പുസ്തക സമര്‍പ്പണങ്ങളില്‍പോലുമുണ്ട് സവിശേഷത.

‘Suffering Millions of India in a spirit of humble service’, ‘to the youth of India in a spirit of humble service’, ‘all the lovers of truth and mirth.’ എന്നിങ്ങനെ പോകുന്നു ആ നിര.

ഐ.സി.എസ് നേടി കോട്ടായിലെത്തിയ അയ്യര്‍ തന്റെ സ്കൂള്‍ സഹപാഠിയായ രാമന്‍കുട്ടിയെ കണ്ടുമുട്ടുന്ന ഹൃദയസ്പര്‍ശിയായ ഒരു വിവരണമുണ്ട്: ‘Rambles in Literature, art, Law and Philosophy’ (1958) എന്ന പുസ്തകത്തില്‍. ഒരേ ക്ലാസ്സില്‍ പഠിച്ച രാമന്‍കുട്ടി, എല്ലാ പരീക്ഷകളിലും ഒന്നാമതെത്തുന്നവന്‍, ജാതിയുടെ പേരില്‍ മുന്നിലും സ്ഥാനത്ത് തൊട്ടുപിന്നിലും നില്‍ക്കുന്ന തന്നെ ഒന്നാമനാക്കാന്‍ ബദ്ധപ്പെടുന്ന അദ്ധ്യാപകന്‍; കാലം കഴിഞ്ഞ് ഐ.സി.എസ്സും എം.എയും നേടി നാട്ടിലെത്തിയ തന്റെ മുന്നില്‍ രാമന്‍കുട്ടി വന്നുപെടുന്നു. അപ്പോഴേയ്ക്കും അയാള്‍ ഒരു ഉപജീവനകര്‍ഷകനായി മാറിയിരുന്നു. മുഖം മ്ലാനവും നിസ്സംഗവുമായിരുന്നു. അയ്യര്‍ കൈപിടിച്ചപ്പോള്‍ വെറുതെ മുഖത്തൊരു ചിരി വരുത്തി ഒഴിഞ്ഞുനടന്നുപോയി. തുടര്‍പഠനത്തിന് (മൂന്നാം ഫോറം കഴിഞ്ഞ്) ഫീസ് കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് പഠനം നിര്‍ത്തേണ്ടിവന്ന രാമന്‍കുട്ടി. അയ്യര്‍ വ്യഥയോടെ, വ്യാകുലതയോടെ കുറിച്ചുപോകുന്നു: ഇങ്ങനെ എത്രയെത്ര ബാല്യങ്ങള്‍ എങ്ങുമെത്താതെ പോയിരിക്കണം. സാഹചര്യം അനുവദിച്ചിരുന്നെങ്കില്‍ രാമന്‍കുട്ടി എനിക്കും മുന്‍പേ ഐ.സി.എസ് നേടി ഉന്നതിയിലെത്തുമായിരുന്നു.

ഒരു നിയമപണ്ഡിതന്‍ മാത്രമായി നിലനില്‍ക്കേണ്ടിയിരുന്ന അയ്യര്‍ ചികഞ്ഞറിഞ്ഞ ചരിത്രവും മനോഹരമായ ഭാഷയും കലര്‍ത്തി എഴുത്തിന്റെ ലോകത്ത് സമാന്തരമായി ചുവടുറപ്പിച്ചു. താന്‍ രചിച്ച ഓരോ പുസ്തകങ്ങളേയും ശ്രദ്ധേയമാക്കി. ഭാസനെക്കുറിച്ചുള്ള ബൃഹത്തായ പുസ്തകമിറങ്ങുന്നത് 1942-ലാണ്. 1912-ല്‍ തിരുവനന്തപുരം താളിയോലഗ്രന്ഥശേഖരത്തിന്റെ ക്യൂറേറ്റര്‍ ഗണപതി ശാസ്ത്രി കണ്ടെടുത്ത 13 നാടകങ്ങളെത്തുടര്‍ന്നാണ് ഭാസന്‍ ലോകനാടക ചരിത്രത്തില്‍ ശ്രുതിപ്പെടുന്നത്. അയ്യര്‍ ലഭ്യമായ വസ്തുതകളത്രയും വിനിയോഗിച്ച് ആ ജീവിതത്തിന് പഠനാത്മകമായ വിതാനം തീര്‍ത്തെടുത്തു. സ്വന്തം രചനാഭൂമികയ്ക്ക് ഒരടിത്തറയും 1939-ല്‍ ‘ത്രിമെന്‍ ഓഫ് ഡെസ്റ്റിനി’ എന്ന നാടകമെഴുതി. 1952-ല്‍ ‘ദി സ്ലേവ് ഓഫ് ഐഡിയാസ്’. അന്നത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സിലും ഹിന്ദുവിലും മദ്രാസ് മെയിലിലും, മോഡേണ്‍ റിവ്യൂവിലുമാണ് അയ്യരുടെ പ്രസിദ്ധ നോവല്‍ ‘ചാണക്യ ആന്‍ഡ് ചന്ദ്രഗുപ്ത’യെ (1951)ക്കുറിച്ച് റിവ്യൂ വന്നത്.

മദിരാശിയിലെ തന്റെ നിയമപഠനകാലത്ത് പലപ്പോഴായി അയ്യരെ കണ്ടതും അടുത്തിടപെട്ടതും കഴിഞ്ഞ ദിവസമെന്നതുപോലെ പി.ടി. നരേന്ദ്രമേനോന്‍ ഓര്‍ക്കുന്നു. വായനയോടും എഴുത്തിനോടും ആഭിമുഖ്യം കാണിക്കുന്നവരെ അയ്യര്‍ ഏറെ ഇഷ്ടപ്പെട്ടു. വളരെ സൗമ്യമായ പെരുമാറ്റം. വീട്ടിലാണെങ്കില്‍ ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്ന് നിര്‍ബന്ധം.

മോക് കോടതിയല്ല യഥാര്‍ത്ഥ കോടതി. അനുബന്ധ തെളിവുകള്‍ സൂക്ഷ്മമായി പഠിക്കണം. സാക്ഷിവിസ്താരം ശ്രദ്ധയോടെ കേള്‍ക്കണം. തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതോ വിട്ടുപോയതോ എന്ന് ചികഞ്ഞറിയണം. അധാര്‍മികതയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കരുത്. മനുഷ്യത്വവും സഹാനുഭൂതിയും നിലനിര്‍ത്തണം. എല്ലാവരോടും സൗമ്യമായി, മിതഭാഷിയായി മാത്രമേ ഇടപെടാവൂ. ലഭ്യതയ്ക്കല്ല. ധാര്‍മികതയ്ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. ഈ വാക്കുകള്‍ ഇന്നും എനിക്ക് വഴിവിളക്കാണ്.

അപൂര്‍വം നിയമപണ്ഡിതര്‍ക്കല്ലാതെ എ.എസ്.പി അയ്യര്‍ ആരായിരുന്നു എന്ന് പാലക്കാട് ജില്ലയില്‍ത്തന്നെ അറിവുള്ളവര്‍ വിരളം. കോട്ടായിലെ ചില പഴമക്കാര്‍ ഈ പേര് ഓര്‍ക്കുന്നു. അയിലം ഗ്രാമത്തിലെ വീട് നിന്നിരുന്ന സ്ഥലം ചരിത്രസാക്ഷിയായി നില്‍ക്കുന്നു. ബന്ധപ്പെട്ട ഔദ്യോഗിക ജനകീയ കേന്ദ്രങ്ങളിലൊന്നും അയ്യരുടെ ഒരു ഛായാചിത്രം പോലുമില്ല. ചില പുസ്തകങ്ങള്‍ ഡിജിറ്റല്‍ പതിപ്പായും ഓണ്‍ലൈന്‍ വിപണിയിലുമുണ്ട്. അപൂര്‍വം ചിലത് ചിലരുടെ സ്വകാര്യശേഖരത്തിലും. 1955 ഒക്ടോബര്‍ 2-ന് അന്നത്തെ മുഖ്യമന്ത്രി കാമരാജ് ഒപ്പിട്ട് നിലവില്‍ വന്ന കോട്ടായി പഞ്ചായത്ത് ലൈബ്രറിക്ക് അയ്യര്‍ തന്റെ ബൃഹദ് ഗ്രന്ഥശേഖരം മരഅലമാരകളടക്കം സൗജന്യമായി നല്‍കി. പല ഘട്ടങ്ങളായി സ്ഥലം മാറിയ ലൈബ്രറിയില്‍ ഒരലമാരമാത്രം ക്ഷതം വന്ന് ബാക്കിയുണ്ട്. പുത്തന്‍ പുസ്തകങ്ങള്‍ക്കിടയില്‍ അയ്യരുടേതൊന്നുമില്ല. ഒരനുസ്മരണ സ്മാരകങ്ങളും ഈ ക്രാന്തദര്‍ശിയുടെ പേരിലില്ല. 1919-ലാണ് എ.എസ്.പി അയ്യരുടെ വിവാഹം. ഭാര്യ: വെങ്കിടനായകി അമ്മാള്‍.

ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരില്‍ ഒരാളായ എ.പി. വെങ്കിടേശ്വരനാണ് അയ്യരുടെ പുത്രന്‍ (1930 ആഗസ്റ്റ് 2 – 2014 സെപ്റ്റംബര്‍ 2). ഒരു കാര്യം സൂചിപ്പിച്ചാല്‍ വെങ്കിടേശ്വരനെ പെട്ടെന്നറിയും: ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടലിനെ ശക്തമായി എതിര്‍ത്ത വെങ്കിടേശ്വരന്‍ രാജീവ് ഗാന്ധിയുടെ അപ്രീതിക്കിരയായി. സ്ഥാനഭ്രഷ്ടനാക്കപ്പെടും മുന്‍പ് സ്വയം സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിന്റെ പത്രസമ്മേളനം (1987) വാര്‍ത്തയായി. 1963 ഏപ്രില്‍ 11-നായിരുന്നു (64) എ.എസ്.പി. അയ്യരുടെ വിയോഗം.

ഏറെ വിവാദമുയര്‍ത്തിയ അളമന്നൂര്‍ വധക്കേസിലെ അയ്യരുടെ വിധിപ്രസ്താവം ഏറെ ശ്രദ്ധിക്കപ്പെട്ടു. എ.എസ്.പി. അയ്യര്‍ എന്ന വ്യക്തിയേയും നിലപാടുകളേയും ഒറ്റ വാക്യത്തില്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ‘ശ്രീകൃഷ്‌ണ, ദി ഡാര്‍ലിങ് ഓഫ് ഹ്യുമാനിറ്റി’ എന്ന പുസ്തകത്തിലെ ഒറ്റ പ്രതിപാദ്യം മതി: ബി.സി. 4-ാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ഒരു ബ്രാഹ്മണ പണ്ഡിതനോടു ചോദിച്ചു:

How can we know a man to be God?

പണ്ഡിതന്‍ മറുപടി പറഞ്ഞു:

When he does what no man can ever do.

ചെമ്പൈയുടെ ആരാധകനും ആത്മമിത്രവുമായിരുന്നു അയ്യര്‍. ‘ചെമ്പൈ ശെല്‍വം’ എന്ന 1954-ല്‍ പ്രസിദ്ധീകരിച്ച ചെമ്പൈയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതിയത് അയ്യരാണ്, ഇംഗ്ലീഷില്‍. ആ ജീവിതത്തിന്റെ ഹൃദ്യമായൊരു അവലോകനം കൂടിയാണ് ഈ കുറിപ്പ്. വിഭാഗീയതകള്‍ക്കും ജാതീയതയ്ക്കും നേരെ ചെമ്പൈ സംഗീതത്തില്‍ പുലര്‍ത്തിയ സമീപനം അയ്യരെ ആകര്‍ഷിച്ചിരുന്നു. ആലത്തൂര്‍ ബാണിയുടെ വക്താക്കളും പ്രയോക്താക്കളുമായ ആലത്തൂര്‍ ബ്രദേഴ്‌സ് - ശ്രീനിവാസ അയ്യര്‍ (1911-1980), ശിവസുബ്രഹ്മണ്യ അയ്യര്‍ (1916-1965) എ.എസ്.പി. അയ്യരുടെ കുടുംബപരമ്പരയില്‍ ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

വിക്രം ഓൺ ഫയർ; 'ചിയാൻ 63' ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

ഗാലറിയിൽ ഇരുന്ന് ഐപിഎൽ കണ്ട് ജയ് ഷായും ​ഗാം​ഗുലിയും; അമ്പരപ്പ്, കൈയടി

അഗാധമായ ദുഃഖം; വാല്‍പ്പാറ അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

'കുംഭമേള വൈറല്‍ താരത്തിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവില്‍ ഉണ്ട്; ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചു'

SCROLL FOR NEXT