നൂറിലേറെ വിദ്യാര്‍ഥിനികളെ ഷര്‍ട്ട് ഊരിമാറ്റി വീട്ടിലേക്ക് അയച്ചതായി പരാതി പ്രതീകാത്മക ചിത്രം
Malayalam Weekly

നിശ്ചയദാര്‍ഢ്യത്തിന്റെ കൈക്കരുത്ത്

മഹിള സമഖ്യ സൊസൈറ്റിയും മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്

പി.എസ്. റംഷാദ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ മഹിള സമഖ്യ സൊസൈറ്റിയും മഹിളാ ശിക്ഷൺ കേന്ദ്രങ്ങളും കേരളത്തിലെ സ്ത്രീകളുടേയും പെൺകുട്ടികള്‍ക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കു സമാനതകളില്ല. പലവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിയ പെൺകുട്ടികൾക്കു തുടർപഠനവും അതുവഴി ജീവിതവും നൽകുന്നു മഹിളാ ശിക്ഷൺ കേന്ദ്രങ്ങൾ. 2005 മുതൽ ഇതുവരെ 4292 പെൺകുട്ടികളാണ് പഠനത്തിലേക്കും അതുവഴി ജീവിതത്തിന്റെ നിറങ്ങളിലേക്കും തിരിച്ചുവന്നത്. നിലവിൽ എട്ട് മഹിളാ ശിക്ഷൺ കേന്ദ്രങ്ങളിലായി 248 പെൺകുട്ടികൾ താമസിച്ചു പഠിക്കുന്നു.

കേന്ദ്ര പദ്ധതിയായിരുന്നു മഹിള സംഖ്യ സൊസൈറ്റി (എം.എസ്.എസ്). ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1986-ൽ രൂപീകരിച്ചു; 1992-ൽ ചില മാറ്റങ്ങൾ വരുത്തി. കേരളത്തിൽ തുടങ്ങിയത് 1999-ൽ. 2014-ൽ കേന്ദ്ര ഭരണത്തിൽ മാറ്റമുണ്ടായ ശേഷം മാനവ വിഭവശേഷി വികസന മന്ത്രാലയം എം.എസ്.എസ്സിന്റെ പ്രവർത്തനം നിർത്തി. എന്നാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പോകുന്നതിനു മുന്‍പ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാര്‍ ആ നയം തുടർന്നു. അതുകൊണ്ടിപ്പോൾ കേരളത്തിൽ മാത്രം എം.എസ്.എസ് പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാർ വേണ്ടെന്നു വച്ചപ്പോൾ സ്വാഭാവികമായും ഫണ്ടും നിലച്ചു. കഴിഞ്ഞ ചില മാസങ്ങളായി സാമ്പത്തിക ഞെരുക്കം എം.എസ്.എസ്സിനേയും മഹിള ശിക്ഷൺ കേന്ദ്രം (എം.എസ്‌.കെ) ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ശമ്പളവും വൈകുന്നു.

“ലിംഗപദവി അസന്തുലിതാവസ്ഥ തിരിച്ചറിയാനും പരിഹാരം കണ്ടെത്താനുമായി ഗ്രാമതലത്തിൽ സ്ത്രീകൾക്കുവേണ്ടി, പ്രത്യേകിച്ചും സാമൂഹികവും സാമ്പത്തികവുമായി പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി” ഇതാണ് മഹിള സമഖ്യ സൊസൈറ്റിയുടെ നയരേഖ. തിരുവനന്തപുരം വാമനപുരം ബ്ലോക്കിലും ഇടുക്കി അടിമാലി ബ്ലോക്കിലുമായിരുന്നു തുടക്കം. 2008-ൽ മലപ്പുറം, 2012-ൽ പാലക്കാട്, വയനാട്, കാസർകോട്, 2014-ൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും തുടങ്ങി. പ്രാദേശിക തലത്തിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും കൂട്ടായ്മകൾ രൂപീകരിച്ചു; ഔപചാരികവും അനൗപചാരികവുമായ ഇടപെടലുകളിലൂടെ അവരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ വിജയിച്ചു. അങ്ങനെയാണ് എം.എസ്.എസ് വേരൂന്നി. എട്ട് ജില്ലകളിലെ തെരഞ്ഞെടുത്ത 17 ബ്ലോക്കുകളിൽപ്പെട്ട 3715 വില്ലേജുകളിലാണ് എം.എസ്.എസ് ഉള്ളത്. ഗ്രാമങ്ങളിൽ രൂപീകരിച്ച 5400 വനിതാസഭകളിലായി 89525 സ്ത്രീകളുടെ സജീവ പങ്കാളിത്തം. 3124 കൗമാരസഭകൾ രൂപീകരിച്ചു. ഇതുവരെ 59407 പെൺകുട്ടികൾ ഇവയുടെ ഭാഗമായെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശിക്ഷണ്‍ കേന്ദ്രങ്ങള്‍

വ്യത്യസ്ത സാഹചര്യങ്ങളാൽ വീട്ടിൽ താമസിച്ചു വിദ്യാഭ്യാസം തുടരാൻ കഴിയാത്ത പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനാണു മഹിളാ ശിക്ഷൺ കേന്ദ്രങ്ങളിൽ അവസരമൊരുക്കിയത്. എട്ടു കേന്ദ്രങ്ങളുണ്ട് ഇപ്പോൾ. ഓരോ ഇടത്തും ഒരു റെസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, ക്ലീനിംഗ് സ്റ്റാഫ്, പാചകത്തൊഴിലാളി എന്നിവർകാണും. ഇതുവരെ ആകെ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഇടുക്കിയാണ് മുന്നിൽ, 1850. കണ്ണൂർ 108, കൊല്ലം 178, കാസർകോട് 161, പാലക്കാട് 249, വയനാട് 373, മലപ്പുറം 805, തിരുവനന്തപുരം 568. ഇപ്പോൾ തിരുവനന്തപുരം 12, ഇടുക്കി 30, മലപ്പുറം 82, കാസർകോട് 26, പാലക്കാട് 36, വയനാട് 19, കണ്ണൂർ 24, കൊല്ലം 18.

ഏഴ് ജില്ലകളിൽ എം.എസ്‌.കെ നടത്തുന്നത് എം.എസ്.എസ് നേരിട്ടാണ്. ഇതിനു പുറമേ ഒരു കേന്ദ്രം കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടോടുകൂടി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് പ്രാവച്ചമ്പലം, ഇടുക്കിയിൽ മറയൂർ, മലപ്പുറത്ത് നിലമ്പൂർ, കണ്ണൂരിൽ തൊക്കിലങ്ങാടി, കാസർകോട്ട് ചായോത്ത്, വയനാട്ടിൽ മാനന്തവാടി, പാലക്കാട് അട്ടപ്പാടി എന്നിവിടങ്ങളിലാണ് മറ്റ് എം.എസ്.കെ കേന്ദ്രങ്ങൾ. വിദ്യാഭ്യാസത്തിലേക്ക് എത്താൻ കഴിയാത്തതും ഇടയ്ക്കു നിലച്ചുപോകുന്നവരുമായ എല്ലാ കുട്ടികളുമാണ് ടാർഗറ്റെങ്കിലും പട്ടികജാതി, വർഗ വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇപ്പോഴും എപ്പോഴും അതിൽക്കൂടുതൽ. ഏറ്റവുമധികം ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുന്നത് അവരാണ്. അതുകൊണ്ടാണ് അവർക്കിടയിലും അവർ കൂടുതലുള്ള മേഖലകളിലും എം.എസ്‌.കെ പ്രവർത്തനം കേന്ദ്രീകരിക്കുന്നത്. എങ്കിലും മറ്റെവിടേയും ഏതെങ്കിലും തരത്തിൽ അതിക്രമത്തിന് ഇരയാകാൻ സാധ്യതയുള്ള കുട്ടികൾക്കും ശിശുക്ഷേമസമിതി(സി.ഡബ്ല്യു.സി)യുടെ അനുമതിയോടെ പ്രവേശനം നൽകുന്നു.

തിരുവനന്തപുരം, പാലക്കാട്, കാസർകോട്, മയ്യനാട് കേന്ദ്രങ്ങളിൽ അങ്ങനെയുള്ള കുട്ടികളുമുണ്ട്. എട്ടിടത്തും കൂടി സ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥിനികൾ ഉൾപ്പെടെ 230 പേരാണുള്ളത്. വയനാട് കേന്ദ്രങ്ങളിൽ ഏറ്റവുമധികമുള്ളത് പണിയ ഗോത്രവർഗ വിഭാഗത്തിലെ കുട്ടികളാണ്. കേരളത്തിലെ ആദിവാസികളിൽ ഏറ്റവുമധികം ജനസംഖ്യയുള്ള വിഭാഗമാണിത്. ഏറ്റവുമധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും ആ വിഭാഗം തന്നെയാണെന്ന് അവർക്കിടയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പ്രത്യേക ശ്രദ്ധ ആവശ്യവുമാണ്. ബി.എഡ് ഉൾപ്പെടെ ബിരുദപഠനവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവരായി അവരുടെ ഉൾപ്പെടെ പെൺകുട്ടികളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ എം.എസ്‌.കെ വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ സാഹചര്യമനുസരിച്ച് അതിൽ അവരുടെ പക്ഷത്തുനിന്നുകൊണ്ടുള്ള തീരുമാനവും ഇടപെടലും നടത്തുന്നു. “മാറിയ അധ്യാപന, ബോധന രീതികൾക്കനുസരിച്ചു കൂടിയുള്ള ഇടപെടലാണിത്. ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഭൗതിക സൗകര്യക്കുറവിനെ മറികടക്കാൻ അവരെ സഹായിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന തരം ഇടപെടലുകളുമാണിത്. പഠനപ്രവർത്തനങ്ങൾ-ആക്റ്റിവിറ്റികൾ-ചെയ്യുമ്പോൾ അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാക്കാൻ പിന്തുണ വേണ്ടിവരും. ഇപ്പോഴത്തെ രീതിയിലെ പഠനത്തിന് ചെറിയ ക്ലാസ് മുതൽ പലപ്പോഴും അവതരണ മികവ് (പ്രസന്റേഷൻ സ്കിൽ) വേണ്ടിവരും. ഗോത്രവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് ആ മികവ് ഉണ്ടാക്കിയെടുക്കാനും മെച്ചപ്പെടുത്താനും നല്ല പിന്തുണയാണ് നൽകുന്നത്. സിലബസ് പ്രകാരമുള്ള പഠനം മാത്രമല്ല, ജീവിതത്തെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകേണ്ട ആത്മവിശ്വാസം അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കിയെടുക്കാനും കൂടിയുള്ള ശ്രമങ്ങൾക്കാണ് മുൻഗണന. പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള കൂട്ടായ ശ്രമം. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായവും പിന്തുണയും ഇക്കാര്യത്തിലുണ്ട്” എം.എസ്‌.കെ സ്റ്റേറ്റ് കൺസൽട്ടന്റ് ബോബി ജോസഫ് പറയുന്നു. “ഗോത്രവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാനും പാഠ്യേതര മികവുകൾ നേടാനും താല്പര്യമുണ്ടെങ്കിലും അതു നൽകുന്ന സാഹചര്യം ആസ്വാദ്യകരമല്ലെങ്കിൽ അവർ നിൽക്കില്ല. ഓർമ വയ്ക്കുന്ന കാലം മുതൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേട്ടും കണ്ടും അറിഞ്ഞുമാണ് മറ്റു കുട്ടികൾ വളരുന്നത്. പക്ഷേ, ഈ കുട്ടികളുടെ സാഹചര്യം വ്യത്യസ്തമാണ്. ആ വ്യത്യാസം പ്രധാനമാണ്. അവരെ ഉൾക്കൊള്ളുന്ന സാഹചര്യമല്ല എന്ന് അവർക്കു തോന്നിയാൽ വിട്ടുപോകും. അങ്ങനെ പോകാതെ ചേർത്തുനിർത്തുന്നതിനാണ് പ്രത്യേക പരിപാടികൾ തയ്യാറാക്കി നടപ്പാക്കുന്നത്” -ബോബി ജോസഫ് വിശദീകരിക്കുന്നു.

നാടകത്തിന്റേയും തിയേറ്ററിന്റേയും ഉൾപ്പെടെ സാധ്യതകൾ ഈ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ എത്രത്തോളം നന്നായി പ്രയോജനപ്പെടുത്തുന്നു എന്നു കാണുമ്പോൾ മനസ്സിലാകും എം.എസ്‌.കെയുടേയും പിന്തുണയ്ക്കുന്ന മറ്റു സർക്കാർ സംവിധാനങ്ങളുടേയും ആത്മാർത്ഥതയുടെ ആഴം. നാടകവും മറ്റുമായി ബന്ധപ്പെടുത്തി വിവിധ പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. സർവശിക്ഷാ അഭിയാൻ, എസ്‌.ഐ.ഇ.ടി, കേരള കലാമണ്ഡലം, ലളിതകലാ അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവോപരി എസ്.ഇ.ആർ.ടി നൽകുന്ന കലവറയില്ലാത്ത പിന്തുണ; സർക്കാർ ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും കൈത്താങ്ങിനു വിശേഷണങ്ങളില്ല. അതിൽത്തന്നെ, എസ്.ഇ.ആർ.ടി സമീപകാലത്ത് തുടങ്ങിയ ഗോത്രയാനം പദ്ധതി അതിപ്രധാനമാണ്. കുട്ടികളെ കേട്ടും മനസ്സിലാക്കിയും അവർക്ക് ആവശ്യമുള്ള തരത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. നാടകം പഠിക്കണമെങ്കിൽ അതിന് ഏറ്റവും യോജ്യമായ സ്ഥലത്ത്, നൃത്തം പഠിപ്പിക്കണമെങ്കിൽ അതിന്റെ ഒന്നാംനിര സ്ഥാപനത്തിൽ, എഴുതാൻ താല്പര്യമുള്ളവർക്ക് അതിനുള്ള മികച്ച പരിശീലനം, സിനിമ പഠിക്കേണ്ടവർക്ക് മികച്ച ഇടം; അങ്ങനെയാണ് പഠിപ്പിക്കുന്നത്. കേരള കലാമണ്ഡലത്തിലും ഉഴവൂരിലെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിലുമൊക്കെ ക്യാമ്പുകൾ നടത്തിയത് ഈ സമീപനത്തിന്റെ ഭാഗമായാണ്. ഓരോ ക്യാമ്പും കുട്ടികൾക്കു വേണ്ടതെന്ത് എന്നതിലേക്കു കൂടുതൽ വെളിച്ചം നൽകുന്നതായി മാറുന്ന അനുഭവം. ചോട് എന്ന പേരിൽ രണ്ടു ഘട്ടങ്ങളായി കലാമണ്ഡലത്തിൽ സംഘടിപ്പിച്ച അനുഭവാധിഷ്ഠിത വിദ്യാഭ്യാസ രീതി വലിയ വിജയമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ആദിവാസിക്കുട്ടികൾ സ്വാഗതനൃത്തം ചെയ്യുന്നതാണ് പിന്നെ കേരളം കണ്ടത്, കഴിഞ്ഞ വർഷം.

എഴുതാൻ താല്പര്യമുള്ള കുട്ടികളെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഴുത്തു ശില്പശാലയിലാണ് പങ്കെടുപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല. ആ ശില്പശാലയുടെ മൊത്തം അന്തരീക്ഷവും അദ്ദേഹവും സഹപ്രവർത്തകരും മൂന്നു ദിവസത്തെ ക്യാമ്പിൽ കുട്ടികളോടു സംവദിച്ച രീതിയും എഴുത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതും എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നതുമായി. മൂന്നു ദിവസംകൊണ്ട് കുട്ടികൾ കഥയും കവിതയും എഴുതി എന്നത് അതിശയോക്തിയല്ല. മനുഷ്യനേയും ജീവിതത്തേയും പ്രകൃതിയേയും കുറിച്ചുൾപ്പെടെ മറ്റു കുട്ടികളിൽനിന്നു വ്യത്യസ്തമായ അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട് എന്നത് അവർക്ക് എഴുത്തിലും നൽകുന്ന കരുത്ത് ചെറുതല്ല.

പിന്നീട്, എസ്.ഇ.ആർ.ടിയുടെ തന്നെ ആഭിമുഖ്യത്തിൽ ഡോക്യുമെന്ററി നിർമാണ പരിശീലനം നൽകി. ഹ്രസ്വ സിനിമയെടുക്കുന്നതിന്റെ ഭാഗമായത് അവർക്കു നൽകിയ അനുഭവ സമ്പത്തിനു സമാനതകളില്ല. അതിനു ശേഷമാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി സെൽഫ് ഫിലിം മേക്കിംഗ് പരിശീലനം നൽകിയത്. സിനിമയുടെ മുഴുവൻ ഘട്ടങ്ങളിലൂടെയും അവർ കടന്നുപോയി. അവർ എഴുതിയ തിരക്കഥയിൽ, അവർ നിശ്ചയിച്ച അഭിനേതാക്കളെ വെച്ച്, അവർ തന്നെ ലൊക്കേഷൻ കണ്ടുപിടിച്ച് സംവിധാനം ചെയ്തു സിനിമ ഉണ്ടാക്കി. അഭിമാനത്തിനുമപ്പുറമായിരുന്നു അത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെ ഏകോപനം ഇതിലെല്ലാം വളരെ പ്രധാനപ്പെട്ടതായി മാറി. സഹസ്ഥാപനങ്ങൾ വലിയ പിന്തുണയും സഹായവുമാണ് നൽകിയത്.

കൂടെയുണ്ട്

‘അക്കരെ’ എന്ന പേരിൽ മറ്റൊരു പ്രോഗ്രാം നടത്തുന്നുണ്ട് എം.എസ്.എസ്. ഇരുള ഗോത്ര ഭാഷയിൽ അക്കരെ എന്നാൽ, അർത്ഥം ആഗ്രഹം എന്നാണ്. പഠനത്തിൽനിന്നു വിട്ടുനിൽക്കുന്ന കുട്ടികൾ തിരിച്ചുപോകാൻ ആഗ്രഹിച്ചാൽ അതിനുവേണ്ട എല്ലാ പശ്ചാത്തല സൗകര്യങ്ങളും പിന്തുണയും നൽകുന്ന പ്രോഗ്രാമാണ്. ഇവരൊക്കെ താമസിക്കുന്ന ഉന്നതികൾ കാടിനുള്ളിലാണ്. അതിന്റെ ബുദ്ധിമുട്ടുകളെല്ലാം മറികടക്കാൻ കൂടെ നിൽക്കുകയാണ് ചെയ്യുന്നത്. പ്രവേശനം, ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന്റെ ഭാഗമായ കൗൺസലിംഗ്, വസ്ത്രത്തിനു വസ്ത്രം, കൂടെപ്പോകണമെങ്കിൽ കൂടെപ്പോകാൻ ആളുകൾ എല്ലാം. അങ്ങനെ കോഴ്‌സ് കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെയുണ്ടാകും ഈ പിന്തുണ. വയനാട്ടിലെ കുട്ടി തിരുവനന്തപുരത്ത് ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നതെങ്കിൽ, ആ കുട്ടിക്ക് അസുഖമോ മറ്റോ വന്നാൽ അക്കരെ പ്രോഗ്രാമുമായി ബന്ധപ്പെട്ടവർ അവിടെ എത്തി വേണ്ടതു ചെയ്തുകൊടുത്തിരിക്കും; അല്ലെങ്കിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ അതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കും. കുട്ടികൾ എഴുതിയ കഥകളും കവിതകളും തിരക്കഥകളും എസ്.ഇ.ആർ.ടി വൈകാതെ പ്രസിദ്ധീകരിക്കും.

ഫീൽഡിൽ പ്രവർത്തിക്കുന്ന എം.എസ്.എസ്-എം.എസ്‌.കെ പ്രവർത്തകർ, പഠനം നിർത്തിയ കുട്ടികളെക്കുറിച്ച് അറിഞ്ഞാൽ പെട്ടെന്നുതന്നെ അവരെ കണ്ടെത്താൻ ശ്രമിക്കും. മഹിളാ സമഖ്യ പ്രവർത്തിക്കുന്ന ബ്ലോക്കുകളിലും പഞ്ചായത്തുകളിലും താഴെത്തട്ടിൽ സേവിനിമാർ പ്രവർത്തിക്കുന്നുണ്ട്. അവരാണ് ഇങ്ങനെ ‘കൊഴിഞ്ഞുപോയവരെ’ എം.എസ്‌.കെയുമായി ബന്ധിപ്പിക്കുന്നത്. പ്രാദേശിക ജനപ്രതിനിധികളും രക്ഷിതാക്കളുമൊക്കെ കുട്ടികളെ കൊണ്ടുചെല്ലാറുമുണ്ട്. ആദിവാസി ഉന്നതികളിൽ പെൺകുട്ടികൾ പഠിക്കാൻ പോകാതെ വീട്ടിൽ നിൽക്കുന്നതിനൊപ്പം പലപ്പോഴും അവർക്കുണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങളുടെ അനുഭവങ്ങളുമുണ്ട്. രക്ഷിതാക്കൾ പണിക്കു പോയിക്കഴിഞ്ഞാൽ അവർ മാത്രമാണ് വീട്ടിലുണ്ടാവുക. വിദ്യാഭ്യാസം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, പഞ്ചായത്തീരാജ്, ആരോഗ്യം, നിയമം എന്നീ അഞ്ചു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സേവിനിമാരുടെ ചുമതല. അതുകൊണ്ട് അവരുടെ കണ്ണും കാതും എത്താത്ത ഒരിടവും ഉണ്ടാകാറില്ല. ഏതെങ്കിലും സ്ത്രീ ഗാർഹിക പീഡനത്തിന് ഇരയായാലും അവരെ അറിയിച്ചാൽ എത്തിയിരിക്കും. തുടർ നടപടികളും ഏകോപിപ്പിക്കും. പത്തുവർഷം കഴിഞ്ഞ വനിതാസഭകളെ ഏകോപിപ്പിച്ച് സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഫെഡറേഷനും പ്രവർത്തിക്കുന്നുണ്ട്.

സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിനുള്ള ഇടപെടലുകൾ, തൊഴിലിടങ്ങളിൽ അവർക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടൽ തുടങ്ങി എന്തിലുമേതിലുമുണ്ട് എം.എസ്.എസ്-എം.എസ്‌.കെ സാന്നിധ്യം. കുട്ടികളെല്ലാം മഹിളാ ശിക്ഷൺ കേന്ദ്രങ്ങളിൽത്തന്നെ താമസിച്ചാണ് പഠിക്കുന്നത്. അച്ഛനും അമ്മയുമുൾപ്പെടെ രക്ഷിതാക്കളാരുമില്ലാത്ത കുട്ടികളുണ്ട്. അവരെ പഠിപ്പിച്ച് ജോലി വാങ്ങി നൽകി വിവാഹം ചെയ്തയച്ച അനുഭവങ്ങളുമുണ്ട്. ഇതിനകം ഒന്‍പത് പെൺകുട്ടികൾ ഇങ്ങനെ വിവാഹിതരായി. മഹിള സമഖ്യയിലെ ജീവനക്കാരും എം.എസ്‌.കെയിലെ കുട്ടികളും പങ്കെടുത്ത് ലഹരിക്കെതിരേയും സ്ത്രീപീഡനത്തിനെതിരേയും ഉൾപ്പെടെ നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീപക്ഷ കാഴ്ചപ്പാടിലും സമീപനത്തിലുമാണ് എപ്പോഴും എം.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ. അനുബന്ധ പ്രവർത്തനങ്ങളിലും അതിന്റെ സ്വാഭാവിക സ്വാധീനമുണ്ട്. പിന്നെ, ആദിവാസികളുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനങ്ങളിലും സർക്കാരിന്റെ ഏത് വകുപ്പും ഏജൻസിയും എം.എസ്.എസ്സിന്റെ കൂടി സഹായത്തോടുകൂടിയാണ് ഏർപ്പെടാറ്. ഒന്ന്, ആദിവാസികൾക്ക് എം.എസ്.എസ് പ്രവർത്തകർ സുപരിചിതരാണ്; അവരെ വിശ്വാസമാണ്. രണ്ടാമതായി, ആദിവാസികളിലെ ഏത് വിഭാഗത്തെക്കുറിച്ചും ആധികാരികമായി വിവരങ്ങൾ നൽകാൻ കഴിയുന്ന വിവരശേഖരമുള്ളവരാണ് എം.എസ്.എസ് പ്രവർത്തകർ. മരിച്ചാൽ സംസ്കാരം നടത്തുന്നതിലുൾപ്പെടെ ആദിവാസി ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള എം.എസ്.എസ് പ്രവർത്തകരുണ്ട്.

ഒരു അനുഭവ കഥ

കാൻസർ ബാധിതയായ ഒരു പെൺകുട്ടിയുടെ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയിലും ജീവിതത്തിലും അങ്ങനെ ഇടപെട്ടതിന്റെ ഏറ്റവും സമീപകാലത്തെ അനുഭവം അത്തരത്തിൽ ഒന്നുമാത്രം. മറയൂരിലെ പെൺകുട്ടി എട്ടാം ക്ലാസിൽ പഠനം നിർത്തി വീട്ടിൽ കഴിയുമ്പോഴാണ് കഴിഞ്ഞ ജൂലൈയിൽ എം.എസ്‌.കെ പ്രവർത്തകർ കണ്ടെത്തി വീണ്ടും പഠനത്തിലേക്ക് എത്തിച്ചത്. യഥാർത്ഥത്തിൽ ആറാം ക്ലാസ്സിൽ വെച്ചുതന്നെ കാൻസർ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, കുടുംബത്തിനോ കുട്ടിക്കോ അത് കാൻസറാണെന്ന് അറിവുണ്ടായിരുന്നില്ല. ഓഗസ്റ്റിൽ വയറു വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവർക്കു തിരക്കിട്ടു വരാൻ കഴിഞ്ഞില്ല. അവർക്ക് സംഗതിയുടെ ഗൗരവം അറിയുമായിരുന്നില്ല. ചികിത്സിച്ചതിന്റെ രേഖകൾ വാട്‌സാപ്പിൽ അയച്ചു തരാൻ ആവശ്യപ്പെട്ടു. അതു കണ്ടപ്പോഴാണ് കാൻസറാണെന്ന് മനസ്സിലാകുന്നത്. ആശുപത്രിയിൽ പോകുന്നതിന് അവരെക്കൂടി കൂട്ടാൻ ആംബുലൻസ് അയച്ചപ്പോൾ അവർ കയറിയില്ല; പേടിയാണ്, ആംബുലൻസിൽ പോയാൽ മരിച്ചേ മടങ്ങിവരികയുള്ളൂ എന്ന് എങ്ങനെയോ മനസ്സിൽ കടന്ന വിശ്വാസം.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ വേറൊരു പ്രശ്നം. ഈ കുട്ടിയെ നേരത്തെ സർജറി തീരുമാനിച്ചിട്ട് അതിനു തയ്യാറാകാതെ വീട്ടുകാർ കൊണ്ടുപോയതാണ്, അതുകൊണ്ട് എം.എസ്‌.കെ അധികൃതർകൂടി ഉണ്ടെങ്കിൽ മാത്രമേ സർജറി ചെയ്യൂ എന്ന് ഡോക്ടർ പറഞ്ഞു. അതു സമ്മതിച്ചു. സർജറിക്ക് ഒന്നര ലക്ഷം രൂപയോളമാണ് ചെലവ്. 70000 രൂപ വരെ മാത്രമേ അനുവദിക്കാൻ സർക്കാരിനു കഴിയുമായിരുന്നുള്ളൂ. പക്ഷേ, കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സർജറി കഴിഞ്ഞ് വാഹനത്തിൽ തിരിച്ച് ഉന്നതിയിലേക്കു പോകാൻ റോഡ് സൗകര്യം കുറവാണെന്നതും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നമായി. റോഡും മറ്റെല്ലാ സൗകര്യങ്ങളുമുള്ളിടത്ത് വാടകയ്ക്ക് താൽക്കാലികമായി വീടെടുത്ത് കുട്ടിയേയും കുടുംബത്തേയും താമസിപ്പിച്ചാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് പ്രതികരിച്ചത്. വാടക മാത്രമല്ല, ഭക്ഷണവും മറ്റു ചെലവുകളും കൊടുക്കുകയും ചെയ്തു. സർജറിയുടെ ബുദ്ധിമുട്ടുകൾ മാറുന്നതുവരെ കുട്ടിയേയും രക്ഷിതാക്കളേയും സർക്കാർ സംരക്ഷിച്ചു. കുട്ടി മിടുക്കിയായി പഠനം തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാസര്‍കോടും മഞ്ചേശ്വരത്തും ഡീലോ! അറിയില്ല, സതീശനോട് തന്നെ ചോദിക്കൂ'

കോഹ്‌ലി റിയൽ ഹീറോ! സൺറൈസേഴ്‌സിനെ തകർത്ത് ആർസിബി

പാചക വാതക സിലിണ്ടര്‍ തരൂ, മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുംബസമേതം താമസിക്കാം; ഗംഭീര ഓഫര്‍

അമ്പോ,ഇതെന്താ പക്ഷിയാണോ?; ഇഷാനെ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി ഫിൽ സാൾട്ട് -വിഡിയോ

ഹോട്ടല്‍ ഉടമയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി, സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം; വീണ്ടും അറസ്റ്റ്

SCROLL FOR NEXT