സലിംകുമാര്‍  facebook
Malayalam Weekly

സലിംകുമാര്‍: പ്രതിഭയുടെ നിറചിരി

ഹാസ്യനടന്മാരെ ‘താരങ്ങളായി’ പരിഗണിക്കാത്ത കാലത്തായിരുന്നു സലിംകുമാറിന്റെ എന്‍ട്രി. താരശരീരത്തിന് യോജിച്ചതെന്ന് പൊതുബോധം കരുതുന്ന നിറവും ആകാരവുമില്ലാതിരുന്നിട്ടും അയാളുടെ പില്‍ക്കാലം മലയാള സിനിമയുടേതു കൂടിയായിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അയാള്‍ നമ്മുടെ സംഭാഷണങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. മിമിക്രിയില്‍ തുടങ്ങി ദേശീയപുരസ്‌കാരലബ്ധി വരെയെത്തിയ ആ കലാജീവിതത്തെക്കുറിച്ച്

പി.എസ്. റംഷാദ്

സലിംകുമാർ ഇല്ലാത്ത കേരളം എന്ന വ്യാജപ്രതീതിയെക്കാൾ സത്യസന്ധമാണ് സലിംകുമാറിനെ മറക്കില്ല കേരളം എന്ന സ്വാഭാവിക വിടപറയൽ. ആദ്യത്തേത്, വിയോഗ വേദനയുടെ ആഴം അറിയിക്കാൻ ചിലർ ആവേശംകൊണ്ട് പറഞ്ഞതാണ്; സമൂഹമാധ്യമങ്ങളിലും അത് പ്രതിഫലിച്ചു. രണ്ടാമത്തേത് സലിംകുമാറിന്റെ നിരവധി നല്ല കഥാപാത്രങ്ങളെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും വീണ്ടും കാണുകയും ചെയ്തവരുടെ മനസ്സാണ്.

56-ാം വയസ്സിൽ പോയതുകൊണ്ടല്ല സലിംകുമാറിന്റേത് അകാലവിയോഗമാകുന്നത്; ഇനിയും ആ വലിയ കണ്ണുകളിൽനിന്ന് പ്രതിഭയുടെ കണ്ണീരും ചിരിയും വരാനുണ്ടായിരുന്നതുകൊണ്ടാണ്. ഗംഭീര നടനായിരുന്നു സലിംകുമാർ. സൗദി അറേബ്യയാണ് രാജ്യം ശരീഅത്താണ് നിയമം എന്ന് ആവർത്തിച്ചു പറഞ്ഞ് റസിയയെ സങ്കടപ്പെടുത്തുന്നതിൽനിന്ന് ഉയർന്ന് അവളോടുള്ള കരുതലിന്റെ വാഗ്‌രൂപമായി മാറുന്ന ‘പെരുമഴക്കാല’ത്തിലെ ആമു എളാപ്പ, ‘അച്ഛനുറങ്ങാത്ത വീട്ടി’ലെ നെഞ്ചുരുകി ജീവിക്കുന്ന സാമുവൽ, ‘ആദാമിന്റെ മകൻ അബു’വിലെ നിസ്സഹായനായ ഹജ്ജ് തീർത്ഥാടകൻ അബു, ‘ഗ്രാമഫോണി’ലെ സ്നേഹതാളത്തിനുടമ തബല ഭാസ്‌കരൻ എന്നിവരെ മാത്രമല്ല, ചിരിപ്പിക്കൽ കഥാപാത്രങ്ങളായ പ്യാരിയേയും കമലാസനനേയും മണവാളനേയും ഡാൻസ് മാസ്റ്റർ വിക്രത്തേയുമൊക്കെ അദ്ദേഹം ഹൃദയംകൊണ്ടാണ് ഏറ്റെടുത്ത് നന്നാക്കിയത്. പ്രേക്ഷകർ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഗൗരവമുള്ള കഥാപാത്രം എന്ന വിശേഷണം സലിംകുമാർ നൽകിയതല്ല; സലിംകുമാറിന് എല്ലാം ഗൗരവമുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു.

സലിംകുമാറിന്റെ പ്രതിഭയിൽ ചിരിയും ചിന്തയുമുണ്ടായിരുന്നു.‘പെരുമഴക്കാല’വും ‘ആദാമിന്റെ മകൻ അബു’വും ‘അച്ഛനുറങ്ങാത്ത വീടും’ ഉൾക്കനംകൊണ്ട് പ്രേക്ഷകരുടെ ഉള്ളിലുണ്ട്. ദരിദ്ര കുടുംബത്തിൽ ജനിച്ച്, എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴും സിനിമ തന്നെയായിരുന്നു മനസില്‍. സിനിമയിലെ സലിംകുമാര്‍ ഡയലോഗുകള്‍ മലയാളികളുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങളില്‍ നിറയാറുണ്ട്. കല്യാണരാമനിലെ “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ” മുതൽ തിളക്കത്തിലെ അയാം ദി സോറി അളിയാ, സോറി” വരെ, ആ പ്രയോഗങ്ങളുടെ നിര നീണ്ടതാണ്.

സ്ത്രീക്കു മാത്രമല്ല, പുരുഷനും വലിയ കണ്ണുകൾ അഭിനയത്തിൽ ഭാവതീവ്രമായി പ്രയോജനപ്പെടുത്താനാകും എന്നു കാണിച്ചുതന്ന നടനാണ് സലിംകുമാർ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ഡയലോഗുകളിൽ സ്‌പൊണ്ടേനിയസ് ആയി വന്നവയുമുണ്ട് എന്നത് ശരിതന്നെ. പക്ഷേ, കഥാപാത്രത്തെ കാമ്പും കരുത്തുമുള്ളതാക്കി മാറ്റുന്നത് അഭിനയത്തിലെ പ്രതിഭാസ്പർശംകൊണ്ടാണ്. ഡയലോഗ് പറഞ്ഞ് വലിയ ആളാകുന്നതിനേക്കാൾ വളരെ കഴിവും അധ്വാനവും വേണം അഭിനയിച്ചു വലിയ ആളാകാൻ. ഡയലോഗുകൾ കാലത്തെ അതിജീവിച്ചാലും ഇല്ലെങ്കിലും സലിംകുമാറിന്റെ ഒട്ടേറെ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്കൊപ്പം നിലനിൽക്കും.

മിമിക്രി എന്ന അനുകരണ കലാരൂപം മലയാള സിനിമയ്ക്ക് നൽകിയ കലാകാരന്മാർക്ക് ഒരു പൊതുസ്വഭാവമുണ്ട്; അവർ സാധാരണക്കാരും അതുകൊണ്ടുതന്നെ മണ്ണിൽച്ചവിട്ടി ജീവിച്ചവരും ജീവിക്കുന്നവരുമാണ്. സലിംകുമാറും ആ കൂട്ടത്തിൽപ്പെടും. ജീവിതത്തിലും കലയിലും വഴിതെറ്റാതിരുന്നാൽ സ്വന്തം പ്രതിഭകൊണ്ട് ഉയരങ്ങളിലെത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ് സലിംകുമാർ. മിമിക്രിക്കാലം വിടാതെ പിന്തുടർന്ന നടനായിരുന്നു സലിംകുമാർ. അദ്ദേഹത്തിന്റെ അഭിനയത്തിൽ മിമിക്രി സ്വഭാവം തീരെ വരാതെ നോക്കിയപ്പോഴും ജീവിതവർത്തമാനങ്ങളിൽ അതു വന്നു. മിമിക്രിക്കാലത്തെക്കുറിച്ച് വാചാലമാകാതെ സലിംകുമാറിന്റെ ഒരൊറ്റ അഭിമുഖവും പൂർണമായില്ല.

പണ്ട്, ജയറാമിന്റെ ആദ്യ സിനിമ പത്മരാജന്റെ ‘അപരൻ’ റിലീസ് ചെയ്തപ്പോൾ സ്വന്തം നിലയിൽ വണ്ടിപിടിച്ച് കുറേ ആളുകളെ എറണാകുളത്തെ തിയേറ്ററിൽ സലിംകുമാർ എത്തിച്ച സംഭവവുമുണ്ട്. മിമിക്രിയിൽനിന്നുവന്ന ഒരാൾ സൂപ്പർഹിറ്റ് സംവിധായകന്റെ പടത്തിലൂടെ രക്ഷപ്പെട്ടാൽ അത് സിനിമയിൽ വരുന്ന മിമിക്രിക്കാർക്ക് അന്തസ്സാണ് എന്നതായിരുന്നു കാരണം. മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ‘ആദാമിന്റെ മകൻ അബു’ ചിരി തീരെയില്ലാത്ത പിരിമുറുക്കമുള്ള കഥാപാത്രമാണ്. പക്ഷേ, തന്റെ വേരുകൾ മിമിക്രിയിലാണ് എന്ന് ആ പുരസ്കാരം സ്വീകരിച്ച വേദിയിലും പറയാൻ സലിംകുമാർ മടിച്ചില്ല.

അതൊരു വശം. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ കിട്ടിയ കഥാപാത്രങ്ങളുടെ കരുത്തിനു കാരണം അഭിനയത്തിലൂടെ സ്വയം തെളിയിച്ചതുതന്നെയാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ‘തിളക്ക’ത്തിലെ ഓമനക്കുട്ടൻ അത്തരമൊരു കഥാപാത്രമാണ്. ദിലീപ്, അച്ഛൻ നെടുമുടി വേണു, അച്ചൻ ജഗതി ശ്രീകുമാർ, കാവ്യ മാധവൻ, കാവ്യയുടെ അച്ഛൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരെപ്പോലെയോ അതിനേക്കാളുമോ തിളങ്ങിയ കഥാപാത്രം. തിളക്കത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു ഓമനക്കുട്ടൻ. ‘ഗ്രാമഫോണി’ലെ തബല ഭാസ്‌കരൻ, ‘മായാവിയി’ലെ സ്രാങ്ക് എന്നിവരൊന്നും ഒരു താരതമ്യത്തിന്റേയും സ്‌കെയിലിൽ നിൽക്കാത്തവരാണ്. ‘ഗ്രാമഫോണി’ൽ “എന്തേ ഇന്നും വന്നില്ല” എന്ന പാട്ടിനിടെ മുരളി സലിംകുമാറിനെ കടലിൽ മുക്കിയെടുക്കുന്നുണ്ട്. തലയിൽനിന്ന് വെള്ളം ഇറ്റുവീഴുന്ന അവസ്ഥയിൽ തബലയ്ക്കു മുന്നിലിരുന്നൊരു പെരുക്കമുണ്ട്. അത് പ്രത്യേകമായി കേൾക്കാനില്ല, കാണാനേയുള്ളൂ. പക്ഷേ, പ്രേക്ഷകരുടെ കൂടെപ്പോരുന്ന സന്ദർങ്ങളിലൊന്ന്. ‘ഗ്രാമഫോണി’ൽത്തന്നെ ദിലീപിന്റെ സച്ചി വീണ്ടും പാട്ടുപാടാൻ സമ്മതം അറിയിക്കുന്ന നേരം തബലയ്ക്കു മുന്നിൽ പിടിച്ചിരുത്തുന്ന സലിംകുമാറിന്റെ കണ്ണുകളിലെ ആ ഭാവം, എന്തൊരു ഭാവമാണ്!

29 വർഷം മുന്‍പ്, 1997 സെപ്റ്റംബർ അവസാനം ‘ചിത്രഭൂമി’ സിനിമാവാരിക പ്രസിദ്ധീകരിച്ച ഒരു ബോക്സ് വാർത്തയുണ്ട്. നവാഗത പ്രതിഭകളെക്കുറിച്ച് അവരുടെ വിലാസം ഉൾപ്പെടെ എഴുതുന്ന അക്കാലത്തെ സിനിമാമാഗസിൻ, പത്രപ്രവർത്തനത്തിന്റെ രീതിയിലാണ് അത്. അത് തൊണ്ണൂറ്റിയേഴിലെ കാര്യം. അവിടെനിന്ന് കാലം ഒരുപാട് മുന്നോട്ടു പോന്നു. സലിംകുമാറിന്റെ ഹാസ്യനടൻ ലേബൽ ഇതേ കാലം തന്നെ പറിച്ചുകളഞ്ഞു. പത്തു വർഷം തികയുന്നതിനു മുന്‍പ്, 2005-ൽ ‘അച്ഛനുറങ്ങാത്ത വീട്ടി’ലെ സാമുവൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സലിംകുമാറിനു കൊണ്ടുക്കൊടുത്തു. 2010-ൽ ആണ് ‘ആദാമിന്റെ മകൻ അബു’വിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ കിട്ടിയത്. മൂന്നു വർഷംകൂടി കഴിഞ്ഞ്, 2013-ൽ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയ്ക്കു കിട്ടിയത് മികച്ച ഹാസ്യനടനുള്ള അവാർഡ്. ആ സിനിമ കണ്ടിട്ടുള്ളവർക്ക് സലിംകുമാറിന്റെ തോമാച്ചൻ അഥവാ തങ്കച്ചൻ ഒരു ഹാസ്യ കഥാപാത്രമാണെന്ന് തോന്നിയാലും ഇല്ലെങ്കിലും ജൂറിക്ക് അതാണ് തോന്നിയത്. ഏതായാലും അതൊരു വേറിട്ട കഥാപാത്രമായിരുന്നു. ജൂനിയർ ഡോക്ടർമാരുടെ ‘പഠനോപകരണം’ ആയി സ്വയം മാറി അതിൽനിന്ന് ഉപജീവനവും കണ്ടെത്തിയ ആളാണ് തോമാച്ചൻ. അതേ വർഷമാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കിട്ടിയത്. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും ആ പഴയ ‘ഹാസ്യനടന്’ കിട്ടി. സ്വന്തമായി സംവിധാനം ചെയ്ത ‘കറുത്ത ജൂതൻ’ ആയിരുന്നു ചിത്രം. അതുൾപ്പെടെ മൂന്നു സിനിമകളാണ് സംവിധാനം ചെയ്ത് ക്യാമറയ്ക്കു പിന്നിലേക്കു മാറിനിന്നും കഴിവു കാണിച്ചത്. ‘കമ്പാർട്ടുമെന്റ്’, ‘ദൈവമേ കൈതൊഴാം കെ കുമാർ ആകണം’ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു സിനിമകൾ.

അവസരങ്ങൾ കാത്തിരിക്കുന്ന ജൂനിയർ നടൻ റഫീഖ് ആയി സലിംകുമാർ അഭിനയിച്ചത് ‘ഉദയനാണ് താരം’ എന്ന ഹിറ്റ് ശ്രീനിവാസൻ-മോഹൻലാൽ സിനിമയിലാണ്. സ്വന്തം കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ അഭിമാനത്തോടെ ഞെളിഞ്ഞിരുന്ന് രണ്ടുവശത്തുമുള്ള ആളുകൾ തന്നെ തിരിച്ചറിയുന്നുണ്ടോ എന്നു നോക്കുന്നുണ്ട് റഫീഖ്. സലിംകുമാറിന്റെ ആത്മകഥാംശമുള്ള ചെറിയ, വലിയ കഥാപാത്രം. എത്ര സ്വാഭാവികമായും ഓർത്തുവയ്ക്കപ്പെടുന്ന വിധവുമാണ് സലിംകുമാർ ആ റോൾ ചെയ്തത്. പക്ഷേ, സലിംകുമാറിന്റെ കോമഡികളും അവ വെച്ചുള്ള ട്രോളുകളുമാണ് അദ്ദേഹത്തെ നാളെ മലയാള സിനിമയിൽ അടയാളപ്പെടുത്തുക എന്ന മട്ടിലാണ് പ്രതികരണങ്ങളിൽ അധികവും. സലിംകുമാറിനെ ഹാസ്യനടൻ മാത്രമാക്കുന്നതിൽ ആരൊക്കെയോ പ്രത്യേക സന്തോഷം അനുഭവിക്കുന്നതുപോലെ. പുട്ടിനു തേങ്ങപോലെ അതിനിടയിൽ ‘ആദാമിന്റെ മകൻ അബു’, ‘അച്ഛനുറങ്ങാത്ത വീട്’, ‘പെരുമഴക്കാലം’, ‘ബ്രിഡ്ജ്’ എന്നിവയെക്കുറിച്ച് ഒന്നു പറഞ്ഞുപോകുന്നു എന്നുമാത്രം.

യാഥാർത്ഥ്യം എന്താണ്. പ്രതിഭയുടെ കരുത്തും അഭിനയമികവും വെച്ചു നോക്കുമ്പോൾ നെടുമുടി വേണുവും തിലകനും ഒടുവിൽ ഉണ്ണികൃഷ്ണനും ജഗതി ശ്രീകുമാറും കൊച്ചിൻ ഹനീഫയും ചേർന്ന അപൂർവ കലാകാരനായിരുന്നു സലിംകുമാർ. “കിട്ടണതൊക്കെ വലിച്ചുവാരിത്തിന്നുകയും തോന്നിയതൊക്കെ പറയുകയും ചെയ്യുന്ന വായാണ്. ഇനി അന്റെ കൂടെ വന്നാൽ അയിന് പണിയാകും. വേണ്ട, വിട്ടോ നജീബേ” എന്നതല്ലേ സലിംകുമാറിന്റെ ഏറ്റവും ഗംഭീര ഡയലോഗ്. ‘പെരുമഴക്കാല’ത്തിൽ കരഞ്ഞുകരഞ്ഞു കണ്ണീരുണങ്ങാത്ത പ്രേക്ഷകർ കയ്യടിച്ച് ഊർജം തിരിച്ചുപിടിച്ച രംഗം. ശക്തമായി സ്ത്രീപക്ഷത്തു നിന്നുകൊണ്ട്, തിരിച്ചറിവോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയത്ത് അങ്ങനെ ചെയ്യുന്ന കരുത്തുള്ള കഥാപാത്രമായി ആമു എളാപ്പ മാറുന്നു. റസിയയെ തെറ്റിദ്ധരിക്കുകയും തന്റെ ഉദ്ദേശ്യം നടക്കില്ലെന്നു മനസ്സിലായപ്പോൾ അവളെക്കുറിച്ചു മോശമായി സംസാരിക്കുകയും ചെയ്യുന്ന നജീബിന്റെ നാവടപ്പിക്കുകയാണ് ആ ഒരൊറ്റ വർത്തമാനത്തിലൂടെ; അതുവരെ പറഞ്ഞുപോയ പാഴ്‌വാക്കുകളെയൊക്കെ മായ്‌ച്ചു കളയുന്നുണ്ട് ആ പറച്ചിലും ഇറങ്ങിപ്പോക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

'സ്ലേറ്റ്' പദ്ധതിയില്‍ 1.90 കോടിയുടെ ക്രമക്കേട് : പി വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

മരം ഒരു വരമോ? അയല്‍വാസിയുടെ മരം ചാഞ്ഞാല്‍ വെട്ടാതെ പിന്നെ ! നിയമം പറയുന്നതിങ്ങനെ

കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ

'ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തില്‍ പത്ത്'... മെസി റെക്കോർഡിട്ടു, ഫിഫ 'മലയാളി'യുടെ പിടിയിൽ!