സഞ്ജു സാംസണ്‍ Bikas Das
Malayalam Weekly

നന്ദി...അഭിമാനം സഞ്ജു വിശ്വനാഥ് സാംസണ്‍

എഎന്‍. രവീന്ദ്രദാസ്

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലും ഗൗതം ഗംഭീര്‍ എന്ന ഗൗരവക്കാരന്റെ പരിശീലനത്തിലും ടീം ഇന്ത്യ അവരുടെ ഏറ്റവും മികച്ച പ്രകടനം അന്തിമയുദ്ധത്തിനായി കരുതിവെച്ചിരിക്കയായിരുന്നു. It is Coming Home... ‘ഇത് വീട്ടിലേക്ക് വരുന്നു’ എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് സോക്കര്‍ മുദ്രാവാക്യം ക്രിക്കറ്റ് മൈതാനത്ത് അന്വര്‍ത്ഥമാക്കിയ പ്രകടനത്തിലൂടെയാണ് ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തേതടക്കം മൂന്നാം കിരീടവുമായി ഇന്ത്യ, 2026 മാര്‍ച്ച് എട്ട് ഞായറാഴ്ച രാവില്‍ ചരിത്രത്തിലേക്ക് കയറിപ്പോയത്. അതാ, തുടരെ മൂന്ന് അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ ഇന്ത്യയെ വിശ്വകിരീടത്തിലേക്ക് നയിക്കുന്നതില്‍ ഒരു മലയാളിയുടെ കയ്യൊപ്പുമുണ്ട്. നന്ദി...അഭിമാനം സഞ്ജു വിശ്വനാഥ് സാംസണ്‍. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ ആവേശത്തിന്റെ കൊടുമുടി കയറിയ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിനു കീഴടക്കിയ മെന്‍ ഇന്‍ ബ്ലൂ ട്വന്റി ലോകകപ്പില്‍ മൂന്നാമതും കിരീടമുയര്‍ത്തുന്ന ആദ്യ ടീമെന്ന രേഖാവലിയുമാണ് തീര്‍ത്തത്.

2023 നവംബര്‍ 19. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് ജയങ്ങളോടെ ഫൈനലിലേക്ക് ചീറിയടിച്ച രോഹിത് ശര്‍മയുടെ ടീം ഒടുവില്‍ ഫീനിക്‌സ് ജന്മമെടുത്ത ഓസ്‌ട്രേലിയയ്ക്ക് മുന്‍പില്‍ ചിറകറ്റു വീഴുകയായിരുന്നു. അന്ന് അഹമ്മദാബാദിലെ കളിമേട്ടില്‍ 90000-ത്തിലേറെ കാണികള്‍ക്കു മുന്‍പില്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ച് കങ്കാരുപ്പട കിരീടമണിഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞുപോയ ഇന്ത്യയ്ക്ക്, കടന്നുപോയ ഞായറാഴ്ച അതേ വേദിയില്‍ പീലിക്കെട്ടും തിരുമുടിയും ചൂടിക്കാന്‍ സഞ്ജു സാംസണ്‍ എന്ന മുപ്പത്തൊന്നുകാരന്‍ തേരാളിയായി നിന്നു.

ഇത്തവണ ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കിയപ്പോള്‍, തന്റെ സ്വപ്നത്തിലുള്ള പോരാട്ടമേതാണെന്ന ചോദ്യത്തിന് ഒരു നിമിഷംപോലുമെടുക്കാതെ സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ഇതായിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഫൈനല്‍. 2023-ലെ ഏകദിന ലോകകപ്പില്‍ ഓസീസിനോടേറ്റ തോല്‍വിക്കുശേഷം നീലക്കുപ്പായക്കാര്‍ നിരവധി മത്സരങ്ങളും ടൂര്‍ണമെന്റുകളും നേടിയെങ്കിലും ആ മുറിവ് പൂര്‍ണമായും ഉണങ്ങിയില്ല. ആരാധകരും അതേ വേദനയിലായിരുന്നു. താന്‍ ആഗ്രഹിച്ച സ്വപ്നഫൈനല്‍ സൂര്യയെ കടാക്ഷിച്ചില്ല. അതിലിപ്പോള്‍ നിരാശയുണ്ടാവില്ല. അതേ സ്റ്റേഡിയത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ആരാധകരുടെ നടുവില്‍ ടീം ഇന്ത്യ രചിച്ച വീണ്ടെടുപ്പിന്റെ വീരേതിഹാസം അതിലേറെ മനോഹരവും അര്‍ത്ഥപൂര്‍ണവുമാണ്. മൈതാനത്ത് തലങ്ങും വിലങ്ങും മാലപ്പടക്കം തീര്‍ത്ത സ്ട്രോക്കുകളിലൂടെ ബാറ്റര്‍മാര്‍ റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി തിരുത്തിയെഴുതി. ഇതുവരെ ട്വന്റി-20യില്‍ ഒരു ടീമും കപ്പ് നിലനിര്‍ത്തുകയോ ആതിഥേയത്വത്തിന്റെ സമ്മര്‍ദത്തെ അതിജീവിച്ച് അത് നേടുകയോ ചെയ്തിട്ടില്ല. 2024-ല്‍ യു.എസും കരീബിയന്‍ രാഷ്ട്രങ്ങളും വേദിയായ ട്വന്റി-20 ലോകകപ്പ് നേടിക്കൊണ്ടാണ് ഇന്ത്യ ഏകദിന പോരിലെ ആ സങ്കടം അകറ്റിയത്. ഒരിക്കല്‍ക്കൂടി ട്വന്റി-20 വിശ്വമേളയെത്തിയപ്പോള്‍ സൂര്യകുമാറും സംഘവും വിജയപീഠമേറിയത് ആതിഥേയര്‍ കൂടിയായ ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി.

പുരുഷ ടീമുകളുടെ ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിലെല്ലാം മലയാളികളുണ്ട്. 1983-ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടുമ്പോള്‍ ഒരു കളിയിലും അവസരം കിട്ടിയില്ലെങ്കിലും ഡല്‍ഹി മലയാളിയായ സുനില്‍ വല്‍സന്‍ അംഗമായിരുന്നു. മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2007-ല്‍ പ്രഥമ ട്വന്റി-20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും വെട്ടിപ്പിടിച്ച ടീമുകളില്‍ എസ്. ശ്രീശാന്ത് അംഗമായിരുന്നു. 2024-ല്‍ ട്വന്റി-20 കിരീടം നേടിയ ടീമില്‍ ഒരു മത്സരത്തിലും കളത്തിലിറങ്ങാന്‍ കഴിയാതെ പോയ സഞ്ജു സാംസണ്‍ ഇക്കുറി വിജയത്തിലെ നിര്‍ണായക സാന്നിധ്യമായി എന്നത് നമുക്ക് എക്കാലവും അഭിമാനിക്കാന്‍ വക നല്‍കുന്നു. ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തിന്റെ കിന്നരികളെല്ലാം ഇളകിപ്പോയ ഏകപക്ഷീയമായ അങ്കത്തില്‍ 46 പന്തില്‍ എട്ട് സിക്‌സും നാല് ഫോറുമടക്കം 89 റണ്‍സ് വാരിയ സഞ്ജുവിനൊപ്പം 21 പന്തില്‍ 52-ലെത്തിയ അഭിഷേക് ശര്‍മയുടേയും 24 പന്തില്‍ 54 റണ്ണടിച്ച ഇഷാന്‍ കിഷന്റേയും സംഭാവനകള്‍ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റേയും വിജയതൃഷ്ണയുടേയും സാധകപാഠങ്ങളായി നില്‍ക്കുന്നു. ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയ 255 റണ്‍സിനെ പിന്തുടര്‍ന്ന മിച്ചെല്‍ സാന്റ്നറുടെ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിലെത്തിയാണ് തോല്‍വിയിലേക്ക് തലതാഴ്‌ത്തിയത്.

ബാറ്റിങ് വിസ്‌ഫോടനത്തില്‍ നിറദീപമായി സഞ്ജു

ഈ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരം മാത്രമാണ് കളിച്ചതെങ്കിലും ഇന്ത്യയുടെ ബാറ്റിങ് വിസ്‌ഫോടനത്തിന്റെ ഒരറ്റത്ത് നിറഞ്ഞാടിയത് സഞ്ജുവാണ്. 97 നോട്ടൗട്ട്... 89... 89... നിര്‍ണായക മൂന്ന് ഇന്നിങ്സുകള്‍. ഫൈനലിലേക്ക് ഇന്ത്യയുടെ വഴിവെട്ടുകയും ഒടുവില്‍ വിജയത്തിന് അടിത്തറയും മേല്‍ക്കൂരയും തീര്‍ക്കുകയും ചെയ്ത മലയാളി ബാറ്റര്‍ക്ക് തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. എന്നാല്‍, തേരാളിയുടെ കഴിവും മികവും രാകിമിനുക്കിക്കൊണ്ട് അവസാന അങ്കത്തില്‍ ഈ മലയാളി സ്‌പര്‍ശം രാജ്യത്തിന്റെ പൊന്‍കിനാവിനെ സാക്ഷാല്‍ക്കരിക്കുന്നതില്‍ നിറദീപമായി നിന്നു.

തുടര്‍ച്ചയായ രണ്ടാം തവണയും കപ്പ് നേടുന്ന നായകനെന്ന തൂവല്‍ സൂര്യകുമാര്‍ യാദവിന്റെ തൊപ്പിയില്‍ ചാര്‍ത്തിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ജു സാംസണെന്ന മറ്റൊരു സൂപ്പര്‍താരത്തിന്റെ പിറവിക്കുകൂടിയാണ് സാക്ഷ്യംവഹിച്ചത്. പത്മവ്യൂഹം ഭേദിക്കുന്ന അഭിമന്യുവിന്റെ ക്ലേശഭരിതമായ സാഹസികതയോ ഏകാംഗസേന അക്ഷൗഹിണിയോടേറ്റുമുട്ടുന്ന അഗ്നിപരീക്ഷയോ ഏതായാലും പ്രതിഭാശാലിത്വവും ക്ഷമയും ശാന്തതയും നിറഞ്ഞുനിന്ന മൂന്ന് ഇന്നിങ്സിലൂടെ തനിക്കു മാത്രം അവകാശപ്പെട്ട ആവേശോജ്ജ്വല ചരിത്രമാണ് ഈ മലയാളി സമ്മാനിച്ചത്.

ലോകകപ്പുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒട്ടേറെ മികവാര്‍ന്ന പ്രകടനങ്ങളുണ്ടെങ്കിലും സഞ്ജു ആ നിരയില്‍ രാജകീയ സ്ഥാനത്താണ് പ്രതിഷ്ഠിക്കപ്പെടുന്നത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ബഞ്ചിലിരിക്കേണ്ടവനായി മാറുമോ എന്ന ആശങ്കയെ അകറ്റിയാണ് കിട്ടിയ അവസരങ്ങളൊക്കെ തന്റെ കളിജീവിതത്തിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളാക്കി സഞ്ജു മാറ്റിയത്. ക്വാര്‍ട്ടര്‍ ഫൈനലെന്നു വിശേഷിപ്പിക്കാവുന്ന ‘സൂപ്പര്‍ എട്ട്’ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജു ഇന്ത്യയുടെ വിജയത്തിലേക്കുള്ള പാലം തീര്‍ത്തത് 50 പന്തില്‍ 97 റണ്‍സുമായി അപരാജിതനായി നിന്നുകൊണ്ടായിരുന്നു. തന്റെ കയ്യകലയെത്തിയ സെഞ്ച്വറിയെക്കാള്‍ ടീമാണ് വലുതെന്ന സഞ്ജുവിന്റെ പ്രഖ്യാപനമായിരുന്നു ക്രീസില്‍ നങ്കൂരക്കാരന്റെ റോളില്‍ നിറഞ്ഞുനിന്ന ആ പോരാട്ടം. പിന്നാലെ ഇംഗ്ലണ്ടിനെതിരെ സെമിഫൈനലില്‍ 42 പന്തില്‍ 89 റണ്‍സടിച്ചും തുടര്‍ന്ന് 49 പന്തില്‍ വീണ്ടും 89-ലെത്തി, ഫൈനലിലും അതേ മികവിന്റെ നിദര്‍ശനമായി നിന്നു. കഴിഞ്ഞ ലോകകപ്പില്‍ ബാറ്റെടുക്കാന്‍ അവസരം കിട്ടാതെപോയ സഞ്ജു ഇത്തവണ വിജയശില്പിയായത് കാലത്തിന്റെ കാവ്യനീതിയാകാം.

കരിയറിലെ മികച്ച ഇന്നിങ്സുകള്‍

ട്വന്റി-20യുടെ മുഖശ്രീയെന്നു പറയാവുന്ന വമ്പനടികള്‍ക്കു മാത്രം മുതിരാതെ, സ്‌ട്രൈക്ക് വെച്ചുമാറാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഞ്ജു എപ്പോഴും ശ്രമിച്ചിരുന്നു. ഏത് ലോകോത്തര ബൗളിങ് നിരയ്ക്കും പേടിസ്വപ്നമാണ് ഈ മലയാളി. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലും സെമിയിലും ഒടുവില്‍ ഫൈനലിലും പിറന്നത് സഞ്ജുവിന്റെ കരിയറിലെ മികച്ച ഇന്നിങ്സുകളാണ്. അഞ്ച് മത്സരങ്ങളിലായി 321 റണ്‍സ് വാരിയെടുത്ത സഞ്ജു 24 സിക്‌സറുകളാണ് പറത്തിയത്. ഇഷാന്‍ കിഷന്‍ 18 സിക്‌സറും അടിച്ചു.

എതിരാളികളാല്‍ ചുറ്റപ്പെട്ട് നിരാലംബനായി പരിമിതികളോടെ പൊരുതുന്ന ഒരു ബാറ്റ്സ്‌മാന് പെട്ടെന്ന് തീരുമാനത്തിലെത്താനുള്ള കഴിവും പ്രവര്‍ത്തന അനായാസതയ്‌ക്കാവശ്യമായ മെയ്‌വഴക്കവും മറ്റേത് കളിയിലുമെന്നപോലെ അല്പം ഭാഗ്യവും ചേര്‍ന്നു മാത്രമേ ഇവിടെ പിടിച്ചുനില്‍ക്കാനാവൂ. പത്ത് വര്‍ഷത്തിലധികമായി മിന്നിയും മങ്ങിയും ഇന്ത്യന്‍ ടീമില്‍ അകത്തും പുറത്തുമായി സഞ്ജുവുമുണ്ട്. ഒരുപാട് നേട്ടങ്ങളേയും ആരാധകരേയും സ്വന്തമാക്കാന്‍ കഴിഞ്ഞു. പക്ഷേ, പല കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം മാത്രം സുരക്ഷിതമായിരുന്നില്ല. സഞ്ജു ദേശീയ ടീമിന്റെ കുപ്പായത്തില്‍ കളത്തിലിറങ്ങിയ ഓരോ സന്ദര്‍ഭവും മലയാളിക്ക് അഭിമാനത്തിന്റേയും അംഗീകാരത്തിന്റേയും നിമിഷങ്ങളാണ്. ആരാധകര്‍ ആ പേരു കേള്‍ക്കുമ്പോഴെല്ലാം ആവേശം കൊള്ളുന്നു. ആ സ്നേഹവും കളിപ്രേമികള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും താന്‍ അര്‍ഹിച്ചിരുന്നുവെന്ന് ഈ ലോകകപ്പ് നേട്ടത്തിലേക്കുള്ള പുകഴേന്തിയ പ്രകടനങ്ങളിലൂടെ അടിവരയിട്ടുറപ്പിക്കാന്‍ സഞ്ജുവിനു കഴിഞ്ഞു.

എന്നാല്‍, ട്വന്റി-20 ലോകകപ്പ് സംഘത്തിലേക്ക് ഇടം നേടിയശേഷം സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അമ്പേ പരാജയപ്പെട്ടു. 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇതില്‍ അ‌ഞ്ചാം മത്സരം നടന്നത് ജന്മനാടായ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു. തുടര്‍ന്ന് ലോകകപ്പിനോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. സഞ്ജുവിനെ കളിപ്പിക്കാന്‍ അഭിഷേക് ശര്‍മയേയോ തിലക് വര്‍മയേയോ മാറ്റണോ എന്നാണ് ചിരിച്ചുകൊണ്ട് ചോദിച്ചത്. സൂര്യകുമാറിന്റെ പ്രതികരണം പരിഹാസമായി വ്യാഖ്യാനിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയുമുണ്ടായി. എന്നാല്‍, ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സ് നേടിയ ശേഷം അഭിനന്ദിക്കാനെത്തിയ സൂര്യകുമാര്‍ തൊപ്പിയൂരി സഞ്ജുവിനെ വണങ്ങിയ ശേഷം കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കിട്ടത്. നല്ല ആളുകള്‍ക്ക് നല്ലത് സംഭവിക്കുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു. വിജയത്തിന്റേയും പ്രതിസന്ധികളുടേതുമായ ഘട്ടങ്ങളിലെല്ലാം താന്‍ തന്നില്‍തന്നെ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടുപോയെന്നാണ് സഞ്ജു പറഞ്ഞത്.

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ അമേരിക്ക, പാകിസ്താന്‍, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ സഞ്ജു പുറത്തിരിക്കേണ്ടിവന്നു. ആകെ കളിച്ചത് നമീബിയയ്ക്കെതിരെ മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം തോറ്റതോടെ പദ്ധതികള്‍ പാളിയെന്ന തിരിച്ചറിവില്‍ നടത്തിയ ധീരമായ അഴിച്ചുപണിയാണ് സഞ്ജുവിനെ ആദ്യ പതിനൊന്നിലേക്ക് എത്തിച്ചത്. തുടര്‍ന്നുള്ളതെല്ലാം ഈ മലയാളി താരത്തിന്റേയും ഇന്ത്യന്‍ ക്രിക്കറ്റിന്റേയും ചരിത്രമായി മാറി.

നങ്കൂരമിട്ട് കളിക്കാന്‍ സമര്‍ത്ഥന്‍

പ്രതിഭാശാലികള്‍ നിറഞ്ഞ ബാറ്റിങ് നിരയാണെങ്കിലും ടീമില്‍ നങ്കൂരമിട്ട് കളിച്ച് ഇന്നിങ്സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററുടെ കുറവ് ഇന്ത്യയ്ക്കുണ്ടായിരുന്നു. കോഹ്‌ലി ഒന്നരപതിറ്റാണ്ടോളം കൊണ്ടുനടന്ന ആ ഇടം 2024-ല്‍ അദ്ദേഹത്തിന്റെ വിരമിക്കലോടെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവവും എതിരാളികളുടെ തന്ത്രങ്ങളും കണ്ടറിഞ്ഞ്, സാഹചര്യത്തിനനുസൃതമായി കൃത്യമായ കണക്കുകൂട്ടലോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ കഴിയുന്ന ടീമിലെ ഒരാളുടെ ഇടമാണ് തന്റെ പ്രബലമായ സാന്നിധ്യത്തിലൂടെ സഞ്ജു നികത്തിയത്. അതായത് ദക്ഷിണാഫ്രിക്കയോട് നേരിട്ട തോല്‍വിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയ്ക്ക് കിട്ടിയത് സഞ്ജുവിലൂടെ അത്തരമൊരു നങ്കൂരമിട്ട് കളിക്കുന്ന ബാറ്ററെയാണ്.വേഗത്തിലുള്ള തുടക്കം ടീമിനു നല്‍കുക എന്ന ദൗത്യമാണ് സഞ്ജു ഏറ്റെടുത്തത്. ഒരറ്റത്ത് അഭിഷേക് ശര്‍മ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറ്റേ അറ്റത്ത് സഞ്ജു സിക്‌സറും ഫോറും യഥേഷ്ടം നേടി. അഭിഷേകും ഇഷാന്‍ കിഷനും കൂടാരമണഞ്ഞതോടെ അതുവരെ കാണാത്ത സഞ്ജുവിലെ പോരാളിയാണ് രക്ഷകനായത്. വിന്‍ഡീസിന്റെ റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ ആറ് റണ്‍ നേ‍ടിയതിനുശേഷം പിന്നീട് പരീക്ഷണത്തിന് സഞ്ജു മുതിര്‍ന്നില്ല. വമ്പനടികള്‍ക്കു സാധിക്കുമായിരുന്നെങ്കിലും ആ സാഹചര്യത്തില്‍ ക്രീസില്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു സഞ്ജു.

എതിരാളികളുടെ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടക്കാനും സഞ്ജുവിനായി. ലോകകപ്പിലെ പിന്തുടരലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു (97 നോട്ടൗട്ട്) കുറിച്ചത്. 2018-ല്‍ ഓസീസിനെതിരെ കോഹ്‌ലി നേടിയ 82 റണ്‍സാണ് വിന്‍ഡീസിനെതിരെ സഞ്ജു പഴങ്കഥയാക്കിയത്. അതോടെ ട്വന്റി 20 ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും സ്വന്തം പേരിലേക്കാക്കി. 2010 ദക്ഷിണാഫ്രിക്കയ്ക്കെതിരെ സുരേഷ് റെയ്‌ന സെഞ്ച്വറി (101) നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. രോഹിത് ശര്‍മയാണ് ഈ റെക്കോര്‍ഡില്‍ മൂന്നാമന്‍ (92).

2012 ജൂണ്‍ നാലിനാണ് സഞ്ജു വിശ്വനാഥ് സാംസണ്‍ എന്ന മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്‌മാന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയത്. റെയ്ഫി വിന്‍സന്റ് ഗോമസ്, ശ്രീകുമാരന്‍ നായര്‍, രോഹന്‍ പ്രേം, എം. സുരേഷ്‌കുമാര്‍ എന്നിവരുടെ പിന്‍ഗാമിയായാണ് സഞ്ജു കോലാലംപൂരിലെ ടൂര്‍ണമെന്റിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുന്‍പ് അണ്ടര്‍ 13, അണ്ടര്‍ 16 കേരള ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രഞ്ജി ട്രോഫി താരമായതിനു ശേഷം വിജയ് മര്‍ച്ചന്റ് ട്രോഫി, ക്രുച്ച് ബിഹാര്‍ ട്രോഫി ടൂര്‍ണമെന്റുകളില്‍ കളിച്ച സഞ്ജു ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ‌്സിന്റേയും താരമായിരുന്നു. വിഴിഞ്ഞം മുല്ലൂര്‍ക്കോണം ലിജി ഹട്ടില്‍ മുന്‍ സന്തോഷ് ട്രോഫി താരമായ വിശ്വനാഥന്റേയും ലിജിയുടേയും മകനായ സഞ്ജുവിന്റെ സഹോദരന്‍ സാലി വി. സാംസണും ക്രിക്കറ്റ് കളിച്ചിരുന്നു. ചാരുലതയാണ് ഭാര്യ.

കേരളത്തിന്റെ കായിക വിലാസത്തിനാണ് സഞ്ജു സാംസണ്‍ സൂര്യപ്രഭയേകിയത്. ടീമിനായി എപ്പോഴും ആക്രമിച്ചു കളിക്കുക, പക്ഷേ, വലിയ സ്‌കോറിലെത്തുന്നതിനു മുന്‍പ് വിക്കറ്റ് നഷ്ടമായി പവലിയനിലേക്കു മടങ്ങുക, ടീം മാനേജ്മെന്റിന്റേയും ആരാധകരുടേയും വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുക, ആദ്യ ടീമില്‍ സ്ഥാനമില്ലാതെ പുറത്തിരിക്കേണ്ടിവരിക. ഈ അവസ്ഥാന്തരങ്ങളിലൂടെയെല്ലാം കടന്നെത്തിയ സഞ്ജുവാണ് ഇപ്പോള്‍ ലോകകപ്പ് മത്സരങ്ങളില്‍ ആത്മവിശ്വാസത്തിന്റേയും ലക്ഷ്യപ്രാപ്തിയുടേയും മൂര്‍ച്ചയേറിയ പോരാളിയായി മാറിയത്.

ടീം മാനേജ്മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം തെറ്റായിരുന്നില്ലെന്ന് അദ്ദേഹം ലോകത്തിനു മുന്‍പില്‍ തന്റെ ബാറ്റിലൂടെ സാക്ഷ്യപ്പെടുത്തി. ഇതാണ് ഇന്ത്യയുടെ ചേസ് മാസ്റ്റര്‍. നിര്‍ണായക മത്സരങ്ങളില്‍ മുന്നില്‍നിന്നു നയിച്ച യോദ്ധാവ്. മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും അതേക്കാള്‍ മൂല്യമുള്ള ഇന്നിങ്സ് കളിച്ച സഞ്ജു തന്നെ കളിയിലെ താരമായത് സ്വാഭാവിക നീതിയായി. ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ സവിശേഷമായ ഒരു ക്രിക്കറ്റ് യാത്രയാണ് തന്റെതെന്ന് സഞ്ജു നിരീക്ഷിക്കുന്നു. കോഹ്‌ലി, രോഹിത് ശര്‍മ, സച്ചിന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പാഠങ്ങളാണ് ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് സഹായിച്ചതെന്നും പറഞ്ഞു.

ഈ കളിക്ക് അധികം വേരോട്ടമില്ലാത്ത ഇടങ്ങളില്‍നിന്നു വരുന്ന കളിക്കാര്‍ ക്രിക്കറ്റിനെ സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും മാറ്റുമ്പോള്‍ അത് കൂടുതല്‍ വിശാലവും ജനകീയവുമാവുന്നു. സഞ്ജു ഉള്‍പ്പെടെയുള്ള കളിക്കാര്‍ ഇനി കേരളത്തിന്റേയും ഇന്ത്യയുടേയും ക്രിക്കറ്റില്‍ വഹിക്കുന്ന പങ്ക് ഈ ദിശാസംക്രമണത്തെ സ്വാധീനിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ക്രിക്കറ്റിനെ നമ്മുടെ നാടിന്റെ രുചിയും ഗുണവും വിയര്‍പ്പിന്റെ മണവുമുള്ള കളിയാക്കി അവതരിപ്പിക്കാന്‍ സഞ്ജുവിന് കഴിയുന്നത് ക്രിക്കറ്റിനെ അത്രമേല്‍ മനസ്സിലേറ്റുന്നതിനാലാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരേതിഹാസം

ഈ ലോകകപ്പ് വിജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരേതിഹാസങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ നിറയുന്നു. ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങുമെല്ലാം പരസ്പരം സഹായിക്കുന്ന ഒരു സംവിധാനമാണ് ഒരു നല്ല ടീമിന്റെ ലക്ഷണം. ചങ്കുറപ്പോടേയും ടീം സ്പിരിറ്റോടേയും ഒറ്റക്കെട്ടായി നിന്ന ടീമിന്റെ നേട്ടത്തില്‍ എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. കളിക്കാര്‍ തമ്മിലുള്ള അസാധാരണമായ പൊരുത്തവും ഒത്തൊരുമയോടെയുള്ള ശ്രമവും വ്യക്തിഗത കൗശലങ്ങളും ആധുനിക ക്രിക്കറ്റിന്റെ കുഞ്ഞന്‍ രൂപമായ ട്വന്റി 20 കളിക്ക് അനിവാര്യമാണ്. ഈ മികവുള്ള ടീമിനെ ഒരുക്കാനായത് ഇന്ത്യന്‍ സെലക്റ്റര്‍മാരുടേയും ടെസ്റ്റ് ടീമിന്റേയും ഏകദിന ടീമിന്റേയും മോശം പ്രകടനങ്ങളുടെ പേരില്‍ പഴികേട്ട പരിശീലകന്‍ ഗൗതംഗംഭീറിന്റേയും വിജയമാണ്. ആക്രമണോത്സുകത, ധീരസമീപനം, സ്വന്തം കഴിവില്‍ വിശ്വസിക്കാനുള്ള മിടുക്ക്. ഈ മേന്മകളുടെയെല്ലാം ഒരു കളിസംഘമാണ് അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പുതുരചനയുടേയും ഫലപ്രാപ്തിയുടേയും പ്രഭാത തുല്യമായ വെളിച്ചത്തിലേക്ക് നയിച്ചത്.

അഹമ്മദാബാദില്‍ നീലപ്പട കുറിച്ച വീരചരിതം ഓരോ ഇന്ത്യക്കാരന്റേയും സിരകളില്‍ ആവേശമായി, ആഹ്ലാദാഭിമാനങ്ങളായി പടരുന്നു. ഇത് ഇന്ത്യന്‍ യുവത്വത്തിന്റെ തിളക്കമാര്‍ന്ന വാഗ്ദാനം. അമ്പരപ്പിക്കുന്ന ചക്രവാളങ്ങള്‍ കീഴടക്കാനും ചരിത്രാംശമായി നേട്ടങ്ങളിലേക്കെത്താനും യുവതയ്ക്ക് കഴിയുമെന്ന് തെളിയിച്ച അനര്‍ഘ മുഹൂര്‍ത്തമാണിത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവംദുബെ, തിലക്‌ വര്‍മ തുടങ്ങിയ ബാറ്റര്‍മാരും ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളര്‍മാരും ഒന്നിനൊന്നു നിറഞ്ഞാടിക്കൊണ്ട് വെട്ടിപ്പിടിച്ച അമൂല്യമായ കിരീടമാണിത്. റണ്ണുകളുടെ മഹാപ്രവാഹം സൃഷ്ടിച്ചില്ലെങ്കിലും കല്പനാവൈഭവവും കാര്യശേഷിയുമുള്ള നായകനാണ് താനെന്ന് സൂര്യകുമാര്‍ യാദവും അടിവരയിട്ടുറപ്പിക്കുന്നു.

ദേശീയ വികാരത്തെ ഇന്ധനമാക്കിയ ലോകവിജയം

നാടിന്റേയും ഭാഷയുടേയും വര്‍ഗത്തിന്റേയുമെല്ലാം അതിരുകളില്ലാത്ത ഇന്ത്യ എന്ന വികാരത്തെ ഇന്ധനശക്തിയാക്കി പോരാടിയ പതിനഞ്ചുപേര്‍ നേടിത്തന്നത് ദേശീയതയുടേയും ഒരുമയുടേയും ടീം സ്പിരിറ്റിന്റേയും ലോകകിരീടമാണ്. മഹാരാഷ്ട്രക്കാരന്‍ സൂര്യകുമാര്‍ യാദവ് നയിച്ച ടീമില്‍ തമിഴ്‌നാട്ടുകാരന്‍ വരുണ്‍ ചക്രവര്‍ത്തിയും തെലങ്കാനയുടെ തിലക് വര്‍മയും ജാര്‍ഖണ്ഡില്‍നിന്നുള്ള ഇഷാന്‍ കിഷനും പഞ്ചാബിന്റെ അഭിഷേക് ശര്‍മയും അര്‍ഷദീപ് സിങ്ങും ഗുജറാത്തുകാരായ ജസ്പ്രീത് ബുംറയും അഷര്‍ പട്ടേലുമെല്ലാം ഒരേ അണിയായി പോരാടി. ഉദ്ഘാടന മത്സരത്തില്‍ നായകന്‍ സൂര്യകുമാര്‍ വിജയത്തിന്റെ ശക്തിസ്രോതസ്സായി തിളങ്ങിയെങ്കില്‍ തുടര്‍ന്ന് ഇഷാനും ഹാര്‍ദിക്കും ദുബെയും സഞ്ജുവും അഭിഷേകുമെല്ലാം വിജയത്തിന്റെ തേരാളികളായി. ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദ മാച്ചും സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിലെ താരവുമാണ്.

ക്രിക്കറ്റില്‍ കണക്കുകളും അതിലധിഷ്ഠിതമായ സ്ഥിതിവിവരങ്ങളും ഒരു ടീമിന്റെ മൂല്യത്തിന്റേയും കാര്യശേഷിയുടേയും സൂചകങ്ങളാണ്. നോക്കൗട്ട് മാച്ചില്‍ 18 പന്തില്‍നിന്ന് 50 റണ്‍സിലെത്തിയ അഭിഷേക് ശര്‍മ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകമാണ് നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡും (106) ഇന്ത്യയുടെ പേരിലായി. അഞ്ച് മത്സരങ്ങളിലായി സഞ്ജു മാത്രം 24 സിക്‌സറടിച്ചു. ഒരു ലോകകപ്പിലെ സിക്‌സറുകളുടെ വ്യക്തിഗത റെക്കോര്‍ഡുമാണിത്.

കഠിനവഴികളിലൂടെയുള്ള ഒരു പ്രയാണവുമായിരുന്നു ടീം ഇന്ത്യയുടേത്. ആശങ്കയുടെ ആപല്‍സന്ധികളെ തരണം ചെയ്ത് കിരീടത്തിലെത്തിയതില്‍ നാഴികക്കല്ലുകളായ പ്രകടനങ്ങള്‍ ചിലതുണ്ട്. ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ 6-ന് 77 എന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടിരിക്കെ, നായകന്റെ ദൗത്യമേറ്റെടുത്തുകൊണ്ട് സൂര്യകുമാറാണ് 49 പന്തില്‍നിന്ന് 89 റണ്‍സ് നേടി, ടീമിനെ 9 വിക്കറ്റിന് 161-ലേക്കെത്തിച്ച് 29 റണ്‍സിന്റെ വിജയം നേടിക്കൊടുത്തത്. പാകിസ്താനെതിരെ ഇഷാന്‍ കിഷന്റെ ബാറ്റില്‍ വിരിഞ്ഞ 40 പന്തിലെ 77 റണ്‍സാണ് ഇന്ത്യയെ 8.3 ഓവറില്‍നിന്ന് 88 റണ്‍സെന്ന നിലയിലേക്കെത്തിച്ചത്. ഒടുവില്‍ ഏഴിന് 175 റണ്‍സിന്റെ വെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യയ്ക്ക് മുന്‍പില്‍ പാക് ടീം 114 റണ്‍സിന് ബാറ്റ് താഴ്ത്തി.

ദക്ഷിണാഫ്രിക്കയോട് തോറ്റതിനുശേഷം ഇന്ത്യ സിംബാബ്‌വേയ്ക്കെതിരെ നേടിയ നാലിന് 254 റണ്‍സ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറായതിന് മുഖ്യ സംഭാവനയേകിയത് 16 പന്തില്‍ 44 റണ്‍സോടെ പുറത്താകാതെ നിന്ന് തിലക് വര്‍മയുടെ പ്രകടനമാണ്. വിന്‍ഡീസിനും ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമെതിരെ സഞ്ജു സാംസണിന്റെ പ്രകടനവും ഇതോട് ചേര്‍ത്തു വയ്ക്കുക. ഫൈനലില്‍ നാലാം ഓവറില്‍ 24 റണ്‍സും അഞ്ചില്‍ 21-ഉം ആറില്‍ 20-ഉം 12-ാം ഓവറില്‍ 24 റണ്‍സും 14-ല്‍ 20-ഉം 20-ാം ഓവറില്‍ 24 റണ്‍സും അടിച്ചുകൊണ്ടാണ് ഇന്ത്യ 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിലെത്തിയത്.

ഒരു കാര്യം വ്യക്തമാണ്. ആലസ്യത്തിന്റേയും സമ്പന്നതയുടേയും ആലങ്കാരികതയുടേയും ക്ലാസിക് ശൈലികള്‍ ഇണക്കിച്ചേര്‍ത്ത ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് സാരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട ട്വന്റി 20-യുടെ ഈ ചടുലമായ കളി വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു. കാലത്തിനും മനുഷ്യശീലത്തിനും മറ്റ് ടീം കളികളുടെ രീതിക്കും ഇണങ്ങുന്നതാണ് ഈ ഫോര്‍മാറ്റ്.

ഓരോ കളിക്കാരനും ചലനത്തിന്റേയും ശ്രദ്ധയുടേയും മികവിന്റേയും തന്മാത്രകളെ നിമിഷംപോലും കൈവിടാതിരിക്കുകയും കാണികള്‍ അനുനിമിഷം കളിയുടെ സൗന്ദര്യത്തിലും ഉദ്വേഗത്തിലും ആറാടിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നത് മൂന്ന് മണിക്കൂര്‍ നീളുന്ന ട്വിന്റി 20 എന്നപോലെ ഏത് കായിക വിനോദത്തേയും മികച്ചതാക്കുന്നതാണ്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നേടിയിരിക്കുന്ന അഭിമാനകരമായ വിജയം സ്ഥായിയായി നിലനിര്‍ത്താര്‍ കഴിയണം. ഈ കളിക്ക് ദൃശ്യചാരുതയേറുമെങ്കിലും ഒരു ക്രിക്കറ്ററുടെ കഴിവുകളെ തേച്ചുമിനുക്കിയെടുക്കുന്നതില്‍ അത് എത്രത്തോളം സഹായകമാകുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

ജീവിതത്തിലെന്നപോലെ ക്രിക്കറ്റിലും നിങ്ങള്‍ എങ്ങനെ തുടങ്ങുന്നു എന്നതല്ല, എങ്ങനെ അവസാനിപ്പിക്കുന്നു എന്നതാണ് പ്രധാനം. ഒരു ലോകകപ്പില്‍ ഇന്നോളം ഒരു ടീമും ഇത്ര കണിശതയോടെ, കൃത്യതയോടെ മികവിന്റെ മഹാമേരുവായി ഒരു ഫൈനല്‍ ജയിച്ചിട്ടില്ല. അത് ടീം ഇന്ത്യയുടെ ഈ മുഹൂര്‍ത്തം മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാകിസ്ഥാനെ പോലെ ദല്ലാള്‍ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം'

പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാന്‍

കുടുംബ പ്രശ്നങ്ങള്‍ ബാധിച്ചേക്കാം, പക്ഷേ എല്ലാം ശാന്തമായി കൈകാര്യം ചെയ്യുക

ലോകത്തത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി

പുറപ്പെടാന്‍ വൈകി; കെഎസ്ആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലിസുകാരന്റെ ശ്രമം; മദ്യലഹരിയില്‍ എന്ന് ആരോപണം; കസ്റ്റഡിയില്‍

SCROLL FOR NEXT