AI IMAGe Samakalika Malayalam
Malayalam Weekly

‘പോനാൽ പോകട്ടും പോടാ...’

രവി മേനോന്‍

എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിലേക്കുള്ള നാല്‍പ്പത്തിരണ്ട് സിമന്റുപടികൾ ഒറ്റയടിക്ക് ഓടിക്കയറി കുഞ്ഞിരാമൻ. പിന്നെ, ദേഹത്തുനിന്ന് കുപ്പായമൂരി വലിച്ചെറിഞ്ഞ് കിതപ്പോടെ മുറ്റത്ത് നീണ്ടുനിവർന്നു കിടന്നു.

ഓർമയിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ചിത്രം. അരനൂറ്റാണ്ട് കടന്നുപോയെങ്കിലെന്ത് ?

വൈകുന്നേരം അഞ്ചുമണിയായിരിക്കണം. മുറ്റത്തെ ബെഞ്ചിൽ അമ്പിളിഅമ്മാവൻ വായിച്ചുകൊണ്ടിരുന്ന എന്നെ തല ചെരിച്ചു നോക്കി കിതച്ചുകൊണ്ടുതന്നെ കുഞ്ഞിരാമൻ പറഞ്ഞു: “പോയി അച്ഛനെ വിളിച്ചുകൊണ്ടുവാ... പെട്ടെന്ന്.”

എന്തോ കുഴപ്പമുണ്ട്. ഉറപ്പ്. പൊതുവെ തണുപ്പനും അലസനുമായി അറിയപ്പെടുന്ന കുഞ്ഞിരാമൻ ഇത്രകണ്ട് കിതയ്ക്കണമെങ്കിൽ എന്തെങ്കിലും സീരിയസ് പ്രശ്‌നമുണ്ടാവണം. എന്തായാലും അകത്തുചെന്ന് അച്ഛനെ വിളിക്കേണ്ടിവന്നില്ല. അതിനുമുൻപേ മുറ്റത്തെ ബഹളം കേട്ട് ഇങ്ങിവന്നിരുന്നു അച്ഛൻ; “എന്താടോ കുഞ്ഞിരാമാ പ്രശ്‌നം” എന്ന ചോദ്യത്തോടെ.

കൈകുത്തി എണീറ്റിരുന്നു കുഞ്ഞിരാമൻ. പിന്നെ കഴുത്തിനു ചുറ്റും കൈയാംഗ്യത്താൽ ഒരു അദൃശ്യവലയം വരച്ചു. മാലയിടുന്നതുപോലെയായിരുന്നു ആ ആംഗ്യം. ഇവിടിപ്പോൾ മാലയിടലിന് എന്ത് പ്രസക്തി? കല്യാണക്കാര്യമാണെങ്കിൽ അത് പറയാൻ എന്തിനിത്ര ബേജാറ്? ഒന്നും പിടികിട്ടുന്നില്ല.

തെളിച്ചു പറയെടോ എന്നായി അച്ഛൻ.

ഇത്തവണ, പണിപ്പെട്ട് ശബ്ദം വീണ്ടെടുത്ത് കഴിയുന്നത്ര ഉറക്കെ കുഞ്ഞിരാമൻ പറഞ്ഞു: “ആരോ തൂങ്ങി മൊയലാളീ, മ്മടെ കാപ്പക്കുന്നിന്റെ മോളില്...”

അച്ഛനും ഞാനും മാത്രമല്ല, ബഹളം കേട്ട് പുറത്തിറങ്ങിവന്ന അമ്മയും പാചകക്കാരൻ പിള്ളയും ഉൾപ്പെടെ സകലമാന പ്രേക്ഷകരും ഒന്നടങ്കം നടുങ്ങിപ്പോയ നിമിഷം. തൂങ്ങി എന്ന വാക്കിനൊപ്പം തൽക്ഷണം മനസ്സിൽ തെളിഞ്ഞത് ആയിടെ ഒരു തമിഴ് കൗബോയ് സിനിമയിൽ കണ്ട തേങ്കായ് ശ്രീനിവാസൻ എന്ന നടന്റെ ചിത്രമാണ്. തസ്‌കര കേന്ദ്രത്തിൽ ചാരനായി കടന്നുകൂടിയ ശ്രീനിവാസനെ നഗരമധ്യത്തിലെ ഒരു കഴുമരത്തിൽ തൂക്കുകയാണ് കൊള്ളത്തലവൻ എസ്.എ. അശോകന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ അനുചരർ. കഴുത്തിൽ കയർ മുറുകുമ്പോഴും ചിരിച്ചുകൊണ്ടിരുന്നു ശ്രീനിവാസൻ. ക്ലൈമാക്‌സിൽ അതൊരു പൊട്ടിച്ചിരിയായി മാറുന്നു. ഒടുവിൽ ദേഹി ദേഹം വിട്ടകലുമ്പോഴും അന്തരീക്ഷത്തിൽ ആ ചിരി ബാക്കി. ഏതോ വൈൽഡ് വെസ്റ്റ് സിനിമയിൽനിന്ന് റാഞ്ചിയതാണ് ആ മരണദൃശ്യം എന്ന് വ്യക്തം.

യഥാർത്ഥ ജീവിതത്തിലെ തൂങ്ങിമരണം അത്രത്തോളം സിനിമാറ്റിക് അല്ല എന്ന് അധികം വൈകാതെ മനസ്സിലായി. എസ്റ്റേറ്റിലെ പാറാവ് ജോലിക്കിടെ വൈകുന്നേരം അതിർത്തി പ്രദേശമായ കാപ്പക്കുന്നിൽ ചെന്നതായിരുന്നു കുഞ്ഞിരാമൻ. ചുണ്ടിലൊരു മൂളിപ്പാട്ടുമായി വഴിയരികിലെ പൊന്തക്കാടുകൾ അരിവാൾകൊണ്ട് വെട്ടിമാറ്റി നടക്കുന്നതിനിടെ രൂക്ഷമായ ദുർഗന്ധം മൂക്കിലേക്ക് അടിച്ചുകയറുന്നു. ഗന്ധത്തിന്റെ ഉറവിടം തേടിനടന്ന കുഞ്ഞിരാമൻ എത്തിച്ചേർന്നത് കാറ്റിലാടുന്ന രണ്ടു കാലുകളുടെ മുന്നിൽ. അമ്പരപ്പോടെ മുകളിലേക്ക് നോക്കിയപ്പോൾ കണ്ണുകൾ ചെന്ന് തറച്ചത് ദിവസങ്ങൾ മുൻപേ ലോകം വിട്ടുപോയ ഒരാളുടെ ജീർണിച്ചു തുടങ്ങിയ മുഖത്ത്. ശരിക്കും ഞെട്ടിത്തരിച്ചുപോയ നിമിഷം.

“ഒറ്റ നോട്ടമേ നോക്കിയുള്ളൂ മൊയലാളീ... തല കറങ്ങിപ്പോയി. പിന്നെ അവിടെ നിന്നില്ല. തിരിഞ്ഞോടി. എവിടെയൊക്കെയോ തട്ടി കയ്യും കാലും മുറിഞ്ഞു. കയ്യിലെ അരിവാൾ പോലും തെറിച്ചുപോയി. ആ ഓട്ടമാണ് ഇപ്പോൾ ഇതാ ഇവിടെ...” കുഞ്ഞിരാമന്റെ ശബ്ദം ഇടറുന്നു.

ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഞൊടിയിടയിൽ സമനില വീണ്ടെടുത്തു അച്ഛൻ. വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കാൻ ആളെ വിട്ടു. ഫോണൊന്നും ഇല്ലാത്ത കാലമാണ്. ആളിന് ആൾ തന്നെ വേണം. സ്റ്റേഷനിൽനിന്ന് വന്ന രണ്ടു പൊലീസുകാർക്കൊപ്പം അച്ഛനും എസ്റ്റേറ്റ് റൈറ്റർ മണിയും ആത്മഹത്യാ സ്ഥലത്തേക്ക് പുറപ്പെടുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. കൂടെ പോയാലോ എന്നൊരു ചിന്ത ഉള്ളിൽ മൊട്ടിട്ടെങ്കിലും രൂക്ഷമായ ഒരു നോട്ടത്താൽ മുളയിലേ അതിനെ നുള്ളിക്കളഞ്ഞു അച്ഛൻ. “നീയ്യ് പോണ്ട ചെക്കാ. കാഴ്ച കണ്ട് പേടിച്ച് വയറിളകിയാൽ തരാൻ മരുന്നൊന്നും ല്യ ഇബടെ”- വല്യമ്മ.

തൂങ്ങിനിൽക്കുന്ന ഇടം അച്ഛനും പൊലീസുകാർക്കും കാണിച്ചുകൊടുത്ത ശേഷം ആദ്യം തിരികെയെത്തിയത് കുഞ്ഞിരാമനാണ്. പുറത്തെ ബെഞ്ചിൽ അക്ഷമരായി ഉറക്കമിളച്ചു കാത്തിരുന്ന അമ്മവല്യമ്മമാർക്കും എനിക്കും മുൻപിൽ സിമന്റ്പടവിൽ കുന്തിച്ചിരുന്ന് താൻ കണ്ട ഭീകരദൃശ്യം പൊടിപ്പും തൊങ്ങലും കൂട്ടി വിളമ്പി കുഞ്ഞിരാമൻ. വിശദാംശങ്ങൾ ഒന്നും നഷ്ടപ്പെടരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അയാൾക്ക്. രാത്രിയായതിനാൽ കുഞ്ഞിരാമന്റെ വാക്കുകൾ മനസ്സിൽ വല്ലാത്തൊരു ഭയം നിറച്ചു. ‘അർജുനൻ ഫൽഗുനൻ’ ജപിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. നാവ് കടിച്ചുപിടിച്ച് ഇരുട്ടിൽനിന്ന് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു ഒരു അജ്ഞാത രൂപം. ഈശ്വരാ, ഇന്നത്തെ ഉറക്കം പോയതുതന്നെ.

AI Image

പരേതൻ തമിഴനാണ് എന്ന് കുഞ്ഞിരാമൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അടിവസ്ത്രത്തിന്റെ കീശയിൽനിന്ന് തമിഴിലെഴുതിയ ഒരു കടലാസുതുണ്ട് കണ്ടെടുത്തത്രേ പൊലീസുകാർ. മരണക്കുറിപ്പാവണം. “ഇവടെ എവിടേം കണ്ടിട്ടില്ല ആളെ”- കുഞ്ഞിരാമൻ പറഞ്ഞു. കാഴ്ചയിൽ നല്ല ചെറുപ്പം. ചെലപ്പോ ചുണ്ടേൽ എസ്റ്റേറ്റിൽ പണി എടുക്കുന്ന ആരെങ്കിലും ആവണം. തൊട്ടപ്പുറത്താണല്ലോ മലയാളം പ്ലാന്റേഷൻസിന്റെ തോട്ടം. “ആ ചൂരാണ് സഹിക്കാൻ പറ്റാത്തത്. ഒരു മിനിറ്റ് നിക്കാൻ പറ്റില്ല. നിന്റെ അച്ഛനെ സമ്മതിക്കണം”- കുഞ്ഞിരാമൻ പറഞ്ഞു. “പൊലീസുകാർക്ക് ഇതൊക്കെ ശീലമാണല്ലോ.”

അർദ്ധരാത്രിയോടടുത്തിരുന്നു നടപടികളെല്ലാം പൂർത്തിയാക്കി പൊലീസുകാരും അച്ഛനും മടങ്ങിയെത്തിയപ്പോൾ. വന്നയുടൻ കുളിമുറിയിൽ കയറി വിസ്തരിച്ചൊരു കുളി പാസാക്കി അച്ഛൻ. എന്നിട്ട് എസ്റ്റേറ്റ് പാടിയിൽ താമസിച്ചിരുന്ന സാംബനെ വിളിച്ചുവരുത്തി. സേലംകാരിയാണ് സാംബന്റെ അമ്മ. അച്ഛൻ മേപ്പാടിക്കാരൻ മലയാളിയും. തമിഴ് പറയാനും വായിക്കാനുമറിയാം. കയ്യിലുള്ള കടലാസ് സാംബന് നേരെ നീട്ടി കോൺസ്റ്റബിൾ പറഞ്ഞു: “ഇതൊന്ന് ഉറക്കെ വായിച്ചു കേൾപ്പിക്ക്. ചങ്ങായി ചാവാൻ കാരണം എന്താന്നറിയാലോ...”

ഉമ്മറത്തെ 25 വാട്ട് ബൾബിന്റെ വെട്ടത്തിലേക്ക് കടലാസ് നീട്ടിപ്പിടിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിക്കുന്നു സാംബണ്ണൻ. നിശ്ശബ്ദമായ വായന. ഇടയ്ക്ക് അണ്ണന്റെ മുഖം ഒരു ചിരിയാൽ പ്രകാശമാനമായപ്പോൾ പൊലീസ് ഇടപെട്ടു: “എന്തെടോ ഇത്ര ഇളിക്കാൻ? അത്രേം വല്യ തമാശ എന്താ ഐലുള്ളത് ?”

സാംബണ്ണൻ പറഞ്ഞു: “സാറേ, ഇതൊരു സിൽമാപ്പാട്ടാണ്. പാട്ട് ഫുൾ എഴുതി വെച്ചിരിക്കുവാണ് ആ ചങ്ങായി.”

പാട്ടോ? ചാവാൻ പോണോന് എന്ത് പാട്ട്?- പൊലീസുകാരന്റെ ചോദ്യം. എന്തായാലും നീ വായിക്ക്. കേൾക്കട്ടെ.

കടലാസ് നിവർത്തിപ്പിടിച്ച് ഈണത്തിൽ, താളത്തിൽ പാടുന്നു സാംബണ്ണൻ:

“പോനാൽ പോകട്ടും പോടാ

ഇന്ത ബൂമിയിൽ നിലൈയായ്

വാഴ്‌ന്തവർ യാരടാ

വന്തത് തെരിയും പോവത് എങ്കെ

വാസൽ നമക്കേ തെരിയാത്...

വന്തവരെല്ലാം തങ്കി വിട്ടാൽ

ഇന്ത മണ്ണിൽ നമക്കേ ഇടമേത്?”

‘പാലും പഴവും’ എന്ന സിനിമയ്ക്കുവേണ്ടി കവിഞ്ജർ കണ്ണദാസൻ എഴുതിയ പാട്ടിന്റെ വരികൾ മുഴുവൻ വായിച്ചുതീരും വരെ ക്ഷമയോടെ കാത്തിരുന്നു പൊലീസുകാർ. ആലാപനം നിലച്ചപ്പോൾ അന്തരീക്ഷം മൗനമുഖരിതം. “വേറെയൊന്നും എഴുതിയിട്ടില്ലേ വിദ്വാൻ?” മൗനം ഭഞ്ജിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു. “ചോട്ടില് നോക്ക്...”

ഇല്ലെന്ന് തലയാട്ടുന്നു സാംബണ്ണൻ. എന്നിട്ട് ഇത്ര കൂടി. “മൂപ്പര് പറയണ്ടതൊക്കെ പറഞ്ഞൂന്നാ എനിക്ക് തോന്നിയത്. ആള് വല്ല പാട്ടുകാരനോ മറ്റോ ആണോ ആവോ...” അമ്പരപ്പോടെ പരസ്പരം നോക്കിയ അച്ഛന്റേയും പൊലീസുകാരുടേയും മുഖഭാവം ഓർമയിലുണ്ട്.

അടുത്തൊരു ദിവസം വീണ്ടും പൊലീസുകാർ വീട്ടിൽ വന്നു. ശേഖരിച്ച വിവരങ്ങൾ കൈമാറാൻ വേണ്ടിയായിരുന്നു ആ വരവ്. തമിഴ്‌നാട്ടിലെ മധുരയിൽനിന്ന് വയനാട്ടിൽ ജോലി അന്വേഷിച്ചു വന്ന ആരോ ആണ് മരക്കൊമ്പിൽ ജീവിതം അവസാനിപ്പിച്ചത്. പേര് അരുണാചലം എന്നോ മറ്റോ. പേടി കാരണം കുറച്ചു ദിവസത്തേക്ക് കാപ്പക്കുന്നിൽ ‘കച്ചറ വെട്ടാൻ’ പോകാൻ മടിയായിരുന്നു എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്. മാത്രമല്ല, ഇടയ്ക്ക് ചെമ്പി എന്ന തൊഴിലാളി സ്ത്രീ ആ വഴി പോയപ്പോൾ പ്രേതത്തെ കണ്ട് പേടിച്ചതും വലിയ സംസാരമായി. തമിഴ് പാട്ട് പാടുന്ന പ്രേതം.

തൂങ്ങിമരണത്തിന് സാക്ഷ്യം വഹിച്ച മരം വെട്ടിമാറ്റിയാലേ എസ്റ്റേറ്റ് അതിർത്തിയിലേക്ക് പണിയെടുക്കാൻ പോകൂ എന്നായി തൊഴിലാളികൾ. പിന്നെ വൈകിയില്ല. മരം മുറിച്ചുമാറ്റാൻ നിർദേശം നൽകുന്നു മാനേജരായ അച്ഛൻ.

കാലക്രമേണ ആളുകൾ എല്ലാം മറന്നു. ജീവിതം പഴയപടിയായി. കാപ്പക്കുന്ന് വീണ്ടും പഴയ കാപ്പക്കുന്നായി. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോഴേക്കും വയനാടിനോടുള്ള ബന്ധം ഉപേക്ഷിച്ച് മലപ്പുറം ജില്ലയിലെ എടരിക്കോട്ടേക്ക് താമസം മാറ്റി ഞങ്ങൾ. വയനാടൻ ജീവിതം മധുരമുള്ള നൊസ്റ്റാൾജിയയുടെ ഭാഗമായി. പിന്നീടൊരിക്കൽ സന്ദർശകനായി ചെന്നപ്പോൾ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയിരുന്നു അവിടമെല്ലാം. പഴയ എസ്റ്റേറ്റ് നിന്നിരുന്ന സ്ഥലത്ത് ആരോ റിസോർട്ട് പണിയാനുള്ള ഒരുക്കത്തിലാണത്രേ.

എങ്കിലും നടുക്കുന്ന ഓർമയായി ആ രാത്രി ഇന്നുമുണ്ട് ഓർമയിൽ; മരണഗന്ധമുള്ള ആ വരികളും: “വന്തവരെല്ലാം തങ്കി വിട്ടാൽ ഇന്ത മണ്ണിൽ നമക്കേ ഇടമേത്?”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

എണ്ണവില 100 ഡോളറില്‍ താഴെ, കുതിച്ച് ഓഹരി വിപണി; രൂപയ്ക്കും നേട്ടം

കോഴിക്കോട് കോർപ്പറേഷന്റെ 'സിറ്റി സൈക്കിൾ' പദ്ധതി പാളി: സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ലെജൻഡ്സ് ഫുട്ബോൾ: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, പ്രത്യേക സർവീസുമായി മെട്രോ; ക്രമീകരണങ്ങൾ ഇങ്ങനെ