ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് Express Photo
Malayalam Weekly

'ഇസ്‌‌ലാമിനെ ഭീകരവാദം എന്നു വിളിക്കുന്നതുതന്നെ തെറ്റാണ്, സവര്‍ണ ക്രൈസ്തവര്‍ക്ക് ഇസ്ലാമിനോട് വെറുപ്പ്'

ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്, രാജഗോപാൽ വാകത്താനം

സഭയിലും സമൂഹത്തിലും തന്റെ അഭിപ്രായങ്ങൾ നിർഭയം പറയുന്ന ഗീവർഗീസ് മാർ കൂറിലോസ് അസാധാരണനായ ഒരു ബിഷപ്പാണ്. പദവികൾ വേണ്ടെന്നു വെക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരോട് സമരസപ്പെടുകയും ചെയ്യുന്ന അദ്ദേഹം നിരണം ഭദ്രാസനാധിപത്യം രാജിവെച്ച് ആനിക്കാട് ‘അൻപ്’ എന്ന ആശ്രയകേന്ദ്രത്തിലേക്ക് ജീവിതം ചുരുക്കിയെങ്കിലും യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും പുനർനിയമിച്ചു. ഇടതുപക്ഷ സഹയാത്രികനായ പുരോഹിതനാണെങ്കിലും തെറ്റായ നിലപാടുകളെ ക്രിസ്തുപക്ഷത്തുനിന്നു വിമർശിക്കുന്നതിൽ മടികാണിച്ചിട്ടില്ല. പരിവേഷങ്ങളുടെ ആഡംബരമല്ല, ചിന്തയുടെ മൂർച്ചയാണ് അദ്ദേഹത്തിന്റെ നിലപാടുകൾ

---

തിരുമേനി, തിരുമനസ്സ്, കല്പന, അരമന തുടങ്ങിയ വിശേഷണങ്ങൾ പാടില്ല എന്ന് അങ്ങുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവ ഫ്യൂഡലിസത്തിന്റെ അവശേഷിപ്പുകളാണ്. അത് ക്രൈസ്തവസഭയിൽ മാത്രമല്ല, ഇതര സമൂഹങ്ങളിലുമുണ്ട്. ഒരു പരിഷ്‌കൃതസമൂഹത്തിൽ ഇത് എത്രമാത്രം ആശാസ്യമാണ്?

ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല ഈ പ്രയോഗങ്ങൾ. ക്രൈസ്തവസഭ അത്തരമൊന്ന് ഏറ്റെടുത്തതുതന്നെ വിരോധാഭാസമാണ്. ക്രിസ്തുവിന്റെ സഭയ്ക്ക് അത് ഭൂഷണമല്ല. കൂടുതലും സിറിയൻ കമ്യൂണിറ്റിയിലാണ് ഇതിന്റെ അതിപ്രസരം. അവർ സവർണജാതി മേൽക്കോയ്മയിൽ അഭിരമിക്കുന്നതുകൊണ്ടാണ്. ഇതിന് ചരിത്രപരമായ ഒരു ബന്ധവുമില്ല.

ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരേയും സ്വാമി/തിരുമേനി എന്നൊക്കെ വിളിക്കാറുണ്ട്. അതൊരു മാഹാത്മ്യമായി അവർ കൊണ്ടുനടക്കുന്നുമുണ്ട്?

സവർണഹൈന്ദവ പാരമ്പര്യത്തിൽനിന്നും സ്വാംശീകരിച്ചതാണ് ഈ മേൽക്കോയ്മ. അതുകൊണ്ടുതന്നെ ഞാൻ അതിനെ എതിർക്കുന്നു. ക്രിസ്തുവിന്റെ ആത്മാവിനെ തള്ളിക്കളയുന്നതാണ് ഇത്തരം വിശേഷണങ്ങൾ. ബിഷപ്പ് എന്നോ ‘പിതാവ്’ എന്നോ വിളിക്കുന്നതാണ് കൂടുതൽ അഭികാമ്യം.

ബ്രാഹ്മണപാരമ്പര്യം എന്നത് എന്തോ മഹത്വമായി ആഘോഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ബ്രാഹ്മണരില്ല. എട്ടാം നൂറ്റാണ്ടിലാണ് നമ്പൂതിരിമാരുടെ വരവ്. ആധുനിക ജനിതക പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ പുറത്തുനിന്നു വന്നവർ ഇല്ല. എല്ലാ വിഭാഗങ്ങളും ഇവിടെത്തന്നെ ഉരുത്തിരിഞ്ഞവരാണ്. ആദിമ ഇന്ത്യൻ ജനത നിലമ്പൂരിലെ ചോലനായ്ക്കന്മാരാണ്. പിന്നെ എന്തു മഹത്വമാണ് അവകാശപ്പെടാനുള്ളത്?

ഒരു അർത്ഥവുമില്ലാത്ത മഹത്വവർണനയാണ്-ഒരു സിസ്റ്റമായി വളർന്നുവന്നവരാണ് ബ്രാഹ്മണർ. ബ്രാഹ്മണ്യം സവർണ പാരമ്പര്യമാണെന്ന മഹിമയിലാണ് അതിനെ അനുകരിക്കുന്നത്. എം.എൻ. ശ്രീനിവാസനെപ്പോലുള്ളവർ ഇതിനെ സംസ്‌കൃതീകരണം (Sanskritisation) എന്നു വിളിക്കുന്നു. ബ്രാഹ്മണരല്ലാത്തവരും ഈ പാരമ്പര്യം അവകാശപ്പെടുന്നു. സോഷ്യൽ മൊബിലിറ്റിക്കു അത് സഹായകരമാണെന്ന് അവർ കരുതുന്നു. ചരിത്രപരമായ ഒരു അടിത്തറയും അതിനില്ല. അതുകൊണ്ട് തന്നെ ഈ മഹത്വവൽക്കരണം തകർക്കപ്പെടേണ്ടതാണ്. സകലരാലും ആദരിക്കപ്പെടാനുള്ള മഹത്വവും മൂല്യവും ബ്രാഹ്മണ്യത്തിനില്ല. ഈ ബ്രാഹ്മണ്യത്തിനെതിരായ ധാരാളം പ്രസ്ഥാനങ്ങളുണ്ടായി. ബുദ്ധമതം ഉൾപ്പെടെയുള്ളവ. അതിനെയാണ് സഭകൾ സ്വാംശീകരിക്കേണ്ടത്. നിലനില്പിനും മേൽക്കോയ്മയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി സഭകൾ ഇതു തുടരരുത്.

ബ്രാഹ്മണരുടെ മാത്രം ഐഡന്റിറ്റിയല്ല, എല്ലാ ജാതിമത വിഭാഗങ്ങളും അവകാശപ്പെടുന്ന ഒന്നാണ് ബ്രാഹ്മണ്യം?

എല്ലാ കമ്യൂണിറ്റിയും ബ്രാഹ്മണിക്കൽ എലമെന്റിനെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നത് സോഷ്യൽ മൊബിലിറ്റിയുടേയും അന്തസ്സിന്റേയും ഭാഗമായി അതിനെ തെറ്റായി കാണുന്നതുകൊണ്ടാണ്.

എല്ലാ കുടുംബചരിത്രങ്ങളുടേയും പുരാതനത്വം ബ്രാഹ്മണ പാരമ്പര്യത്തിലാണ്. എല്ലാവരും അതിൽ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നുണ്ട്?

അതുകൊണ്ടാണ് കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയില്ല എന്നു പ്രസ്താവിച്ചത്. എല്ലാവരുടേയും പാരമ്പര്യം ചെന്നെത്തുന്നത് പകലോമറ്റം കുടുംബത്തിലാണ്. അതു ശരിയാണെങ്കിൽ പകലോമറ്റത്ത് ജനസംഖ്യാവിപ്ലവം ഉണ്ടാകണം. ഒരു അർത്ഥവുമില്ലാത്ത അസംബന്ധങ്ങളാണ്

പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം നില്‍ക്കണം സഭ” എന്ന് അങ്ങ് എഴുതിയിട്ടുണ്ട്. ക്രൈസ്തവ സഭയോ ഏതെങ്കിലും മതനേതൃത്വങ്ങളോ അങ്ങനെയുള്ളവർക്കൊപ്പം നിന്നിട്ടുണ്ടോ?

അങ്ങനെ ആകേണ്ടതാണ്. ആദിമസഭ അഥവാ വേദപുസ്തക സഭ ക്രിസ്തുവിന്റേതായിരുന്നു. കമ്യൂണിസംപോലും ഇതിന്റെയൊരു ഉള്ളടക്കമുള്ളതായിരുന്നു. ഒരുമിച്ചു കൂടുക, സമത്വമുണ്ടാക്കുക, പങ്കുവെക്കുക എന്നതായിരുന്നു. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റയിൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ അതു സാമ്രാജ്യത്വത്തിന്റെ സഭയായി മാറി. അതിനു ഏറ്റക്കുറച്ചിലുണ്ടായെങ്കിലും മതം സാമ്രാജ്യത്വ സ്ഥാപനമായി മാറി.

325-ലെ നിഖ്യസുന്നഹദോസും തുടർന്ന് സഭയ്ക്കുവേണ്ടി രാജ്യം തന്നെ എഴുതിക്കൊടുക്കുകയുമാണുണ്ടായത് ?

അതേ. എന്നാൽ, ഇടക്കാലത്ത് ആദിമ ക്രൈസ്തമൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാർട്ടിൻ ലൂഥറിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉദാഹരണം. കത്തോലിക്കാ സഭയിൽ അഴിമതിക്കെതിരായി, സമത്വത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളായിരുന്നു.

എന്നാൽ, പ്യൂരിട്ടാനിസവും പിന്നീട് സാമൂഹ്യവിരുദ്ധമാകുന്നതാണ് കണ്ടത്. ലൂഥർ തന്നെ വലിയ അഴിമതിക്കാരനായി മാറുന്നുണ്ട്?

മേൽനവീകരണ ശ്രമത്തിന്റെ (Reformation) 500-ാം വാർഷികം വിറ്റൻബർഗിൽ നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അവിടേയും ലൂഥറിന്റെ പ്രതിമകളും രൂപങ്ങളും ഉണ്ടാക്കി വിൽക്കാൻ വെച്ചിരിക്കുന്നു. അദ്ദേഹം തന്നെ ഒരു കമ്പോളവസ്തുവായിരിക്കുന്നു. റിഫർമേഷന്റെ ഇന്നത്തെ അവസ്ഥയാണിത്. ചരിത്രത്തിലുടനീളം സാമ്രാജ്യത്വത്തിന്റെ ഭാഗമായാണ് സഭ നില്‍ക്കുന്നത്.

ചുരുക്കത്തിൽ പ്രസംഗത്തിൽ മാത്രമേ സമത്വചിന്തയും മറ്റുമുള്ളൂ, പ്രവൃത്തിയിൽ ഇല്ല?

ഇതിനെ മറികടക്കാനുള്ള ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. 1970-കളിൽ ലാറ്റിനമേരിക്കയിൽ തുടങ്ങിയ ‘വിമോചന ദൈവശാസ്ത്രം’ അതിലൊന്നായിരുന്നു. അതു ലോകെമ്പാടും ശ്രദ്ധ നേടിയെങ്കിലും പൂർണ വിജയമായില്ല.

അതിനേയും സഭ വിഴുങ്ങുകയാണ് ഉണ്ടായത്. അങ്ങ് ഇങ്ങനെയൊരു നിലപാടിലേക്കു വരാൻ കാരണം അതാണോ?

അതേ, ചെറുപ്പം മുതൽ ഈ സ്വാധീനം ഉണ്ടായിരുന്നു. പൗലോസ് മാർ ഗ്രീഗോറിയോസ്, എം.എം. തോമസ്, പൗലൂസ് മാർ പൗലൂസ് തുടങ്ങിയവരിൽ ആകൃഷ്ടനായി. ഇപ്പോഴും ആ ആശയത്തിൽത്തന്നെയാണ് നില്‍ക്കുന്നത്.

ആ ധാര വളരെ പെട്ടെന്ന് ശിഥിലമായിപ്പോയോ? പാർശ്വവൽക്കരിക്കപ്പെടുന്നവരോട് പൊരുത്തപ്പെടുന്ന വിമോചന ദൈവശാസ്ത്രധാരയ്ക്ക് തുടർച്ചയുണ്ടായില്ല?

അങ്ങനെ സംഭവിക്കാൻ പല കാരണങ്ങളുണ്ട്. അന്ന് വിമോചന ദൈവശാസ്ത്രം പ്രചാരം നേടുന്നത് മാർക്സിസത്തിന്റെ സ്വാധീനത്തിലായിരുന്നു. പക്ഷേ, ആ ചിന്താധാരയിലും ഡോഗ്‌മാറ്റിസം കടന്നുവന്നതോടെ തകർച്ച നേരിട്ടു. ലാറ്റിനമേരിക്കയിലെ പ്രശ്നങ്ങൾ എല്ലാവരേയും ബാധിച്ചു. പക്ഷേ, തകർന്നില്ല. ഇന്ത്യയിൽ വിമോചന ദൈവശാസ്ത്രം മാർക്സിസ്റ്റ് ലൈനിൽനിന്ന് അംബേദ്കർ ലൈനിലേക്ക് മാറുകയാണുണ്ടായത്. ആദിവാസി, ദലിത് ദൈവശാസ്ത്രമായി അതു പരിണമിച്ചു.

മാർക്സിസത്തിനുണ്ടായ തകർച്ച ലിബറേഷൻ തിയോളജിയെ കാര്യമായി ബാധിച്ചോ? കാരണം ഇവ തമ്മിൽ ശക്തമായ ഒരു അന്തർധാരയുണ്ടായിരുന്നു?

ഒരു കാരണം അതാണ്. മാർക്സിസത്തിന്റെ വർഗവിശകലനം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലോ യൂറോപ്പിലോ പ്രസക്തമാണ്. പക്ഷേ, അതിനു പരിമിതിയുണ്ട്. ക്ലാസ്സ് എന്നത് ഒരു ടൂൾ ആണ്. എന്റെ Phd തീസിസിൽ ഇത് പരാമർശിക്കുന്നുണ്ട്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ വർഗവിശകലനം ശരിയായിരിക്കുമ്പോൾത്തന്നെ, ഇന്ത്യയിൽ ക്ലാസ്സ് റിഡക്ഷനിസത്തിലേക്കു പോകുമ്പോൾ ദലിത് പ്രശ്നങ്ങളെ അത് ഉൾക്കൊള്ളുന്നില്ല എന്ന പരിമിതിയുണ്ട്. ജാതി, വംശ, ലിംഗ പ്രശ്നങ്ങളെ ഒന്നിനേയും ഈ വർഗ വിശകലനം അഭിസംബോധന ചെയ്യുന്നില്ല.

വർഗത്തെ സംബന്ധിക്കുന്ന യൂറോപ്യൻ അപഗ്രഥനം ഇന്ത്യയിൽ ശരിയല്ല. ജാതി, ഉപജാതി, മത പ്രശ്നങ്ങളിൽ സങ്കീർണമാണ് ഇന്ത്യയുടെ വർഗ പ്രശ്നങ്ങൾ?

പക്ഷേ, അതു സമ്മതിക്കാൻ മാർക്സിസ്റ്റുകൾ മടിച്ചു. Class is caste എന്ന് അംബേദ്കർ പറഞ്ഞല്ലോ. അദ്ദേഹത്തെ തിരിച്ചറിയാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കു കഴിഞ്ഞില്ല എന്നതാണ് അവരുടെ പരിമിതി. എന്നാൽ, അംബേദ്കർ ചിന്ത ഇന്ത്യയിൽ ശക്തമാകുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടത് അതുകൊണ്ടാണ്. ജനങ്ങളുടെ വിശാലമായ പ്രശ്നങ്ങളിൽനിന്നും മാറി ഒരു കോർപ്പറേറ്റ് പ്രസ്ഥാനമായി മാറി.

ക്യാപിറ്റലിസം, വിദേശീയവിദ്വേഷം, സൈനികാധിപത്യം എന്നിവയെക്കുറിച്ച് അങ്ങ് എഴുതിയിട്ടുണ്ടല്ലോ. മുതലാളിത്തത്തിനെതിരെ സോഷ്യലിസത്തെക്കുറിച്ചു പറയുന്ന പാർട്ടിക്കാർ തന്നെ മുതലാളിത്ത പ്രസ്ഥാനങ്ങളായി മാറി. ദരിദ്രപക്ഷം സംസാരിക്കുന്ന സഭകളും വലിയ മുതലാളിമാരായി മാറിയിരിക്കുന്നു. ഇത് ഗുരുതരമായ വൈരുദ്ധ്യമല്ലേ?

വളരെ ഗുരുതരമാണ്. കേരളത്തിൽ സാമൂഹ്യനീതിക്കുവേണ്ടി മുന്നിട്ടുനിന്ന ധാരകളാണ് കമ്യൂണിസ്റ്റ് പാർട്ടിയും സഭയും. അതിലൊക്കെ വിമോചന ധാരയുണ്ടായിരുന്നു. ജാതിജന്മിത്വത്തിനെതിരെ നിലപാടെടുത്താണ് ഇരുകൂട്ടരും വളർന്നത്. കാലക്രമേണ രണ്ടും ക്യാപിറ്റലിസ്റ്റ്, കോര്‍പ്പറേറ്റ് സംഘങ്ങളായി മാറി. ഇരുകൂട്ടർക്കും മുലധനതാല്പര്യമാണ് മുഖ്യം.

Christian V Islam എന്നത് ആഗോളതലത്തിൽ വലിയ പ്രശ്നമാണ്. ഇസ്‌ലാമോഫോബിയ ഒരു പൊളിറ്റിക്കൽ അജണ്ടയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തമ്മിലുള്ള സംഘർഷം സംഘപരിവാറിനെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക?

വളരെ ശരിയായ നിരീക്ഷണമാണ്. കേരളത്തിൽ പ്രത്യേകിച്ച് സവർണ ക്രൈസ്തവ വിഭാഗങ്ങൾ ഇസ്‌ലാമിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നത് വളരെ നിർഭാഗ്യകരമാണ്. അത് ക്രൈസ്തവമൂല്യങ്ങൾക്കെതിരാണ്. ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വശക്തികളുടെ ശത്രുതാപരമായ ആഗോളതലത്തിലുള്ള ഒരു വിഷയമാണ്. അത് ഡൊണാൾഡ് ട്രംപിന്റെ ഒരു കാർഡ് തന്നെയാണ്. എന്റെ പ്രതീക്ഷ ഒരു ചെറുവിഭാഗം ക്രിസ്ത്യാനികൾ മാത്രമാണ് ഈ സ്വാധീനത്തിൽ വീണതെന്നാണ്.

കത്തോലിക്കാസഭ സംഘപരിവാറിന് സറണ്ടർ ചെയ്തുകഴിഞ്ഞു, അഥവാ അവരുമായി സഖ്യത്തിലായി. അതുപോലെ ഇസ്‌ലാമോഫോബിയ വളർത്തുന്നതിൽ ഇസ്‌ലാമിക തീവ്രവാദത്തിനു പങ്കില്ലേ?

കത്തോലിക്കാസഭ പൂർണമായും സറണ്ടറായി എന്ന് എനിക്ക് അഭിപ്രായമില്ല. ലാറ്റിൻ ക്രിസ്ത്യാനികൾ ഒരിക്കലുമില്ല. സിറിയൻ പാരമ്പര്യമുള്ള ഒരു വിഭാഗം മാത്രമാകാം അത്തരം ചർച്ചകൾ നടത്തിയിട്ടുള്ളത്. അതിനെ ജനറലൈസ് ചെയ്യാനാവില്ല. ഇസ്‌ലാമിക തീവ്രവാദം ഇസ്‌ലാമുമായി ബന്ധപ്പെട്ടതല്ല. ഇസ്‌‌ലാമിനെ ഭീകരവാദം എന്നു വിളിക്കുന്നതുതന്നെ തെറ്റാണ്. ഇത്തരം സൈന്യങ്ങളെ സൃഷ്ടിക്കുന്നത് സാമ്രാജ്യത്വമാണ്. അവർക്ക് എപ്പോഴും ശത്രുക്കൾ വേണം. എല്ലാ മതങ്ങളുടേയും പേരിൽ ടെററിസമുണ്ട്. അതൊക്കെ എതിർക്കപ്പെടേണ്ടതാണ്.

വേള്‍ഡ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍, കമ്മിഷന്‍ ഓഫ് വേള്‍ഡ് മുൻ മോഡറേറ്റർ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഉള്ള ഒരു ചോദ്യമാണ്. ആഗോളതലത്തിൽ ക്രൈസ്തവസഭ ശക്തിപ്പെടുകയാണോ തളരുകയാണോ?

ശക്തി എന്നത് എണ്ണം വെച്ചാണെങ്കിൽ വളരുകയല്ല. പക്ഷേ, അതിൽ ആശങ്കയില്ല. ക്രിസ്തുവിന്റെ കാഴ്ചപ്പാടിലാണെങ്കിൽ മൈനോരിറ്റിയായി നില്‍ക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ ഉപ്പാവുകയാണ് വേണ്ടത്. വെളിച്ചം എത്ര ചെറുതായാലും അത് പ്രകാശമാനമാണ്. ഉള്ളത് എങ്ങനെ പരിവർത്തിക്കപ്പെടുന്നു എന്നതാണ് പ്രശ്നം.

നവനാസ്തികർ മാർക്സിസത്തെ ‘നാലാംമതം’ എന്നാണ് വിശേഷിപ്പിക്കുന്നത്. മതത്തിന്റെ സ്വഭാവങ്ങൾ പലതും കമ്യൂണിസ്റ്റുകൾക്കില്ലേ?

പ്രത്യയശാസ്ത്ര പരിമിതി മൂലം മാർക്സിസം മതമാകാൻ സാദ്ധ്യതയുണ്ട്. പ്രത്യയശാസ്ത്രങ്ങൾ കേവലം ആണെന്നു വാദിച്ചാൽ ആ സിസ്റ്റം തകരും. പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്രപരമായ കഴിവും ഇല്ലാതാകണം. ആശയങ്ങളാണ് വേണ്ടത്, കുഞ്ഞാമൻ സാർ അതാണ് പറഞ്ഞത്. അതിന്റെ ബൃഹ്ദാഖ്യാനം അല്ല വേണ്ടത് ചെറിയ ആഖ്യാനങ്ങളാണ് ആവശ്യം.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട സിദ്ധാന്തമാണ് സെക്കുലറിസം. മതവും രാഷ്ട്രീയവും വേർതിരിയുക എന്നതല്ലേ സൈദ്ധാന്തികമായി ശരി?

അത് പാശ്ചാത്യപദ്ധതിയാണ്, മതനിരാസമാണ്. പൗരസ്ത്യ കാഴ്ചപ്പാടിൽ മതങ്ങൾ ആദരിക്കപ്പെടുകയും സ്വാംശീകരിക്കപ്പെടുകയും വേണം. നിർഭാഗ്യവശാൽ അത്തരം സെക്കുലർ യോഗ്യതാപത്രങ്ങള്‍ നഷ്ടപ്പെടുകയാണ്. ഫണ്ടമെന്റലിസവും ഫാഷിസവുമാണ് വളരുന്നത്. ക്യാപിറ്റലിസം, സമഗ്രാധിപത്യം ഒക്കെയാണ് യഥാർത്ഥത്തിൽ ചർച്ചയാകേണ്ടത്.

ഒരു ബഹുസ്വര സമൂഹത്തിൽ സെക്കുലറിസം ഇല്ലെങ്കിൽ അതു ഫാഷിസത്തിലേക്കായിരിക്കും കടന്നുപോവുക?

ശരിയാണ്, അവിടെ മതങ്ങൾക്കു ചില പങ്കുവഹിക്കാനുണ്ട്. ഞാൻ അംബേദ്കറെ പിൻപറ്റുന്നത് ഈ പശ്ചാത്തലത്തിലാണ്. മതത്തതിലെ ‘ധർമ’യെക്കുറിച്ചാണ് ബുദ്ധമതത്തെ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. ‘ധർമ’യെന്നാൽ നീതിയുടെ പക്ഷത്തു നിൽക്കുകയെന്നാണ്. അതൊക്കെയാണ് ഇന്നിന്റെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

കീം 2026 : പ്ലസ്‌ ടു മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയമായി

5,10, 20, 25 വര്‍ഷം കൊണ്ട് കോടീശ്വരനാകണോ?, എസ്‌ഐപിയില്‍ എത്ര വീതം നിക്ഷേപിക്കണം?; അറിയാം കണക്ക്

'ഓപ്പറേഷൻ തൂഫാൻ'; പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ റെയ്ഡ്, കഞ്ചാവ് പിടികൂടി, ജ്യോത്സ്യനെതിരെ കേസ്

'റാം ചരണിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല, റൊമാൻസ് ഒക്കെ വെറുപ്പിക്കൽ!'; 'പെദ്ദി' ആദ്യ ഷോ എക്സ് പ്രതികരണം

SCROLL FOR NEXT