Press Council of India  Samakalika Malayalam
Malayalam Weekly

ഇങ്ങനെയുണ്ടൊരു കൗൺസിൽ

സെബാസ്റ്റ്യന്‍ പോള്‍

കോടതികളിലെ സംഘർഷകാലത്ത് അഭിഭാഷകരുടെ ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ട മാധ്യമപ്രവർത്തകരോട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിദ്ധമായി പറഞ്ഞത് തല്ലുകൊള്ളാനായി ആരും അങ്ങോട്ടു പോകേണ്ട എന്നാണ്. അടികൊള്ളാനായി ജന്തർ മന്തറിലേക്ക് പോകേണ്ട എന്ന് പിണറായി വിജയനോട് പറയാനുള്ള സമയമാണിത്. കേരള ഹൗസിന്റെ സുരക്ഷിതത്വത്തിൽ എം.പിയുടേയും മുൻമന്ത്രിയുടേയും അകമ്പടിയോടെ നിന്നിട്ടും പിണറായി വിജയനെ ഡൽഹി പൊലീസ് പൊക്കി വട്ടം കറക്കി. മൊണാലിസയുടെ സ്മിതത്തിലെ നിഗൂഢതപോലെ നാനാർത്ഥങ്ങളിൽ സംസാരിക്കുന്നയാളാണ് പിണറായി വിജയൻ. മുഖ്യമന്ത്രി മാത്രമല്ല, ചീഫ് ജസ്റ്റിസും നൽകിയ ഉറപ്പുകൾ ഉറപ്പുകളാണെന്ന് തെറ്റിധരിച്ച മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ്ങിനായി വീണ്ടും കോടതികളിൽ പോകുകയും അടി വാങ്ങുകയും ചെയ്തു. പ്രസ് കൗൺസിൽ അംഗമായിരുന്നിട്ടുള്ള ഞാൻ ഈ അവസ്ഥ പ്രസ് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചെങ്കിലും പ്രതിസന്ധിക്കു പരിഹാരമാകുന്ന നടപടി ഉണ്ടായില്ല. ഔപചാരികമായ പരാതിയില്ലാതെതന്നെ പ്രസ് കൗൺസിൽ സ്വമേധയാ ഇടപെടേണ്ടതായ സന്ദർഭമായിരുന്നു അത്.

പത്രപ്രവർത്തകർക്ക് വഴികാട്ടിയും ആശ്രയവുമാണ് പ്രസ് കൗൺസിൽ എന്ന സ്റ്റാറ്റ്യൂട്ടറി സ്ഥാപനം. 1953-ൽ സ്ഥാപിതമായ ബ്രിട്ടീഷ് പ്രസ് കൗൺസിലിന്റെ മാതൃകയിൽ 1966-ൽ സ്ഥാപിതമായതാണ് ഇന്ത്യയിലെ ആദ്യത്തെ പ്രസ് കൗൺസിൽ. ആദ്യത്തെ ചെയർമാൻ ജസ്റ്റിസ് ജെ.ആർ. മുഥോൽകർ നടത്തിയ നിരീക്ഷണം കൗൺസിലിനെ അതിജീവിച്ച് നിലനിൽക്കുന്ന ഒന്നാണ്. കൗൺസിൽ കർമനിരതമല്ലാതാകുന്ന അവസ്ഥ പത്രസ്വാതന്ത്ര്യം അപകടത്തിലാകുന്നുവെന്നതിന്റെ സൂചനയാണ്. കൗൺസിൽ ജാഗരാവസ്ഥയിലാണെങ്കിൽ പത്രസ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന നീക്കങ്ങൾ പ്രതിരോധിക്കപ്പെടുമെന്നാണ് മുഥോൽകർ പറഞ്ഞതിന്റെ അർത്ഥം. സൂചന ഉൾക്കൊള്ളാൻ പ്രാപ്തിയുണ്ടായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയുടെ വിജയകരമായ നടത്തിപ്പിന് തടസ്സമായേക്കാവുന്ന പ്രസ് കൗൺസിലിനെ നിയമം മൂലം ഇല്ലാതാക്കി.

പത്രസ്വാതന്ത്ര്യത്തിന്റെ മൂല്യമറിഞ്ഞ ജനതാ ഗവൺമെന്റ് 1978-ൽ പുന:സ്ഥാപിച്ച കൗൺസിലാണ് ഇപ്പോഴുള്ളത്. സ്ഥാപിതമായ നവംബർ 16 പത്രദിനമായി ആചരിക്കുന്നു. സുപ്രീം കോടതിയിൽനിന്ന് പിരിഞ്ഞ ജഡ്ജിയാണ് നിയമാനുസൃതം കൗൺസിലിന്റെ ചെയർമാനാകേണ്ടത്. ജനാധിപത്യത്തിൽ അവിഭാജ്യമായതാണ് പത്രസ്വാതന്ത്ര്യം. നാലാം തൂണെന്നും നെടുംതൂണെന്നും ഒക്കെ പലതരത്തിലുള്ള വിശേഷണങ്ങൾ നാം മാധ്യമങ്ങൾക്ക് നൽകുന്നത് ഈ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയാണ്. വിളക്കുമാടം കണ്ണടച്ചാൽ നാവികൻ ദിശതെറ്റി സഞ്ചരിക്കും. ജനാധിപത്യത്തിലെ പ്രമുഖ സ്ഥാപനത്തിന്റെ അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മിഷണറെപ്പോലെതന്നെ നമുക്ക് സുപരിചിതനായിരിക്കേണ്ടതല്ലേ? പക്ഷേ, ജസ്റ്റിസ് രഞ്ജന ദേശായി എന്ന പേര് നമുക്കത്ര സുപരിചിതമല്ല.

ജന്തർ മന്തർ പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ അപകടകരമായ സാഹചര്യങ്ങളെയാണ് നേരിടുന്നത്. പ്രക്ഷോഭകരിൽനിന്നല്ല, പൊലീസിൽനിന്നാണ് അവർ ഭീഷണി നേരിടുന്നത്. മുഖപരിചയമോ തിരിച്ചറിയൽ കാർഡോ അവർക്ക് പരിരക്ഷയാകുന്നില്ല. മൈക്കും ക്യാമറയും അവരെ തിരിച്ചറിയുന്നതിനു സഹായിക്കുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിവാണ് അവരെ അപകടത്തിലാക്കുന്നത്. തങ്കമണിയിൽനിന്ന് വിലാപങ്ങൾ ഉയർന്ന രാത്രിയിൽ ചാനൽ ക്യാമറകളുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിൽ ആ അത്യാചാരം സംഭവിക്കുമായിരുന്നില്ലെന്ന് ഞാൻ കരുതി. എനിക്ക് തെറ്റി എന്ന് തത്സമയ സംപ്രേഷണത്തിന്റെ കാലത്ത് മനസ്സിലായി. തുറന്നുവച്ച ക്യാമറകളും ടെലിവിഷൻ സ്‌ക്രീനുകളും മന്ത്രിമാരുൾപ്പെടെയുള്ള അധികാരികളെ ചലിപ്പിക്കുന്നില്ല. ചാനൽ സംപ്രേഷണകാലത്ത് പൊലീസ് റിപ്പോട്ടിനുമുന്നേ ആഭ്യന്തരമന്ത്രി എല്ലാം കാണുന്നുണ്ട്. സി.സി.ടി.വി ക്യാമറകളുടെ സാന്നിധ്യം നിശാചാരികളെ തടസ്സപ്പെടുത്താത്തതുപോലെ ചാനൽ ക്യാമറകൾ അത്യാചാരത്തിനിറങ്ങുന്നവരെ തടസ്സപ്പെടുത്തുന്നില്ല. അരുതാത്തത് കാണുമ്പോൾ ഭയപ്പെടുന്നത് പ്രേക്ഷകരാണ്. ആ ഭയത്തെ അതിജീവിച്ചുകൊണ്ടാണ് ഭയമില്ലാത്ത കുട്ടികൾ അടുത്ത പ്രഭാതത്തിൽ വീണ്ടും പ്രതിഷേധത്തിന്റെ തെരുവിലേക്കിറങ്ങുന്നത്. ഉമ്മാക്കിയെന്നു കേട്ടാൽ ഭയപ്പെടുന്നവരല്ല ഇന്നത്തെ ജെൻ-സീ. കോടതികളിലെ സംഘർഷകാലത്ത് അഭിഭാഷകരുടെ ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ട മാധ്യമപ്രവർത്തകരോട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിദ്ധമായി പറഞ്ഞത് തല്ലുകൊള്ളാനായി ആരും അങ്ങോട്ടു പോകേണ്ട എന്നാണ്. അടികൊള്ളാനായി ജന്തർ മന്തറിലേക്ക് പോകേണ്ട എന്ന് പിണറായി വിജയനോട് പറയാനുള്ള സമയമാണിത്. കേരള ഹൗസിന്റെ സുരക്ഷിതത്വത്തിൽ എം.പിയുടേയും മുൻമന്ത്രിയുടേയും അകമ്പടിയോടെ നിന്നിട്ടും പിണറായി വിജയനെ ഡൽഹി പൊലീസ് പൊക്കി വട്ടം കറക്കി. മൊണാലിസയുടെ സ്മിതത്തിലെ നിഗൂഢതപോലെ നാനാർത്ഥങ്ങളിൽ സംസാരിക്കുന്നയാളാണ് പിണറായി വിജയൻ. മുഖ്യമന്ത്രി മാത്രമല്ല, ചീഫ് ജസ്റ്റിസും നൽകിയ ഉറപ്പുകൾ ഉറപ്പുകളാണെന്ന് തെറ്റിധരിച്ച മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ്ങിനായി വീണ്ടും കോടതികളിൽ പോകുകയും അടി വാങ്ങുകയും ചെയ്തു. പ്രസ് കൗൺസിൽ അംഗമായിരുന്നിട്ടുള്ള ഞാൻ ഈ അവസ്ഥ പ്രസ് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചെങ്കിലും പ്രതിസന്ധിക്കു പരിഹാരമാകുന്ന നടപടി ഉണ്ടായില്ല. ഔപചാരികമായ പരാതിയില്ലാതെതന്നെ പ്രസ് കൗൺസിൽ സ്വമേധയാ ഇടപെടേണ്ടതായ സന്ദർഭമായിരുന്നു അത്.

പ്രക്ഷുബ്‌ധമായ അവസ്ഥയിൽ റിപ്പോർട്ടിങ്ങിനിറങ്ങുന്ന പത്രപ്രവർത്തകർക്ക് സുരക്ഷാനിർദേശങ്ങൾ നൽകിക്കൊണ്ട് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ജന്തർ മന്തർ പ്രക്ഷോഭകാലത്ത് സാന്നിധ്യമറിയിച്ചു. ഭരണകൂടത്തിന്റെ കയ്യേറ്റങ്ങളിൽനിന്ന് പത്രങ്ങളെ സംരക്ഷിക്കാൻ നിയമപരമായി ബാധ്യസ്ഥമായ കൗൺസിൽ നൽകിയ നിർദേശങ്ങൾ കൗതുകമുണർത്തുന്നതാണ്. പ്രഥമശുശ്രൂഷാ വസ്തുക്കൾ, കുടിവെള്ളം, ലഘുഭക്ഷണം, ടോർച്ച്, കണ്ണട എന്നിവയടങ്ങിയ എമർജൻസി കിറ്റുകൾ കരുതണമെന്നതാണ് ഒരു നിർദേശം. ഒന്നാം ക്ലാസ്സിലേക്ക് കുട്ടിയെ അയയ്ക്കുമ്പോൾ അമ്മ നൽകുന്ന ജാഗ്രതാനിർദേശത്തേയും ഓർമപ്പെടുത്തലുകളേയും ഹാസ്യാത്മകമായി അനുസ്മരിപ്പിക്കുന്നതാണ് കൗൺസിലിന്റെ നിർദേശങ്ങൾ. ഇതാണോ കൗൺസിലിന് പാർലമെന്റ് നൽകിയിരിക്കുന്ന മാൻഡേറ്റ്. സംഘർഷമേഖലയിൽ അപകടകരമായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങൾ കല്പനാരൂപത്തിൽ പൊലീസിനും ആഭ്യന്തരമന്ത്രിക്കും നൽകാൻ ബാധ്യസ്ഥമായ കൗൺസിൽ ശിങ്കിടി മാധ്യമങ്ങളെ താലോലിക്കുന്ന ഭരണകൂടത്തിന് റാൻ മൂളിക്കൊണ്ട് കോമാളിവേഷം കെട്ടുന്നു. പൊട്ടിവീഴുന്ന കണ്ണീർവാതക ഷെല്ലുകളോ ഗ്രനേഡുകളോ എടുക്കരുതെന്ന നിർദേശം അമ്മയുടെ കൈപിടിച്ച് വെടിക്കെട്ടു കാണാൻ പോകുന്ന കുട്ടിക്ക് ലഭിക്കുന്ന നിർദേശത്തിനു തുല്യമാണ്. യുദ്ധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ജനീവാ നിർദേശങ്ങളുണ്ട്. യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുവേണ്ടിയുള്ളതാണ് ആ നിർദേശങ്ങൾ. അവ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമായിരിക്കുന്നു.

മാധ്യമപ്രവർത്തകർക്ക് നൽകേണ്ടതായ സംരക്ഷണത്തിന് പല തലങ്ങളുണ്ട്. ശാരീരികമായ സംരക്ഷണം അവയിൽ പ്രധാനപ്പെട്ടതാണ്. സമാധാനകാലത്ത് ആഭ്യന്തരമായ സംരക്ഷണം ഉറപ്പാക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഭരണകൂടത്തെ ചിലപ്പോൾ ശാസിക്കേണ്ടിവരും; ചിലപ്പോൾ ഉപദേശിക്കേണ്ടിവരും. ജനാധിപത്യഭരണകൂടം അതിനു വഴങ്ങണം. വഴങ്ങുന്നത് അസൗകര്യമായി കണ്ട ഇന്ദിരാഗാന്ധി കൗൺസിലിനെത്തന്നെ ഇല്ലാതാക്കി. ഏകാധിപതിയുടെ ആ നടപടിയിൽ സത്യസന്ധതയുണ്ടായിരുന്നു. മിഥ്യയിൽ നിലനിർത്തി അപ്രസക്തമാക്കുകയെന്നതാണ് പാർലമെന്റിനോടെന്നപോലെ പ്രസ് കൗൺസിലിനോടും നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാട്. എല്ലാം ജൈവചൈതന്യത്തിൽ യാഥാർത്ഥ്യമായി നമുക്കനുഭവപ്പെടും. പക്ഷേ, ഒ ഹെൻറിയുടെ പ്രസിദ്ധമായ ചെറുകഥയിലെ പ്രസിദ്ധമായ പച്ചിലപോലെ എല്ലാം വരച്ചുവയ്ക്കപ്പെടുന്നതാണെന്ന സത്യം കഥാന്ത്യത്തിലേ നാമറിയൂ. ഹെൻറിയുടെ പച്ചില നന്മയുടേയും ശുഭപ്രതീക്ഷയുടേയും പ്രതീകവും അടയാളവുമാണ്. മോദിയുടെ വരകൾ അപകടവഴികളിലേക്കുള്ള ഗൂഗിൾ രേഖകളാണ്.

ജനത്തെ ഭയത്തിലാക്കിയ ഭരണകൂടത്തെ ജനം ഭയപ്പെടുത്തിത്തുടങ്ങിയെന്ന സദ്‌വാർത്തയാണ് ജന്തർ മന്തറിൽനിന്ന് കേട്ടുതുടങ്ങിയത്. ഇപ്പോഴും ഭയത്തിന്റെ കരിമ്പടത്തിൽനിന്ന് പുറത്തുവരാൻ വിസമ്മതിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളും ജനാധിപത്യസ്ഥാപനങ്ങളും ഉണ്ടെന്നതാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി. മാധ്യമപ്രവർത്തകരെ കോടതിയിൽനിന്ന് ഗളഹസ്തം ചെയ്ത വർഷം മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോളസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന സംഘടനയാണ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഈ സൂചിക ആധികാരികമായി തയ്യാറാക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം 157 ആയിരിക്കുന്നു. 180 രാജ്യങ്ങളിലെ അവസ്ഥയാണ് സൂചിക തയ്യാറാക്കുന്നതിനുവേണ്ടി പരിശോധിക്കപ്പെടുന്നത്. അധോഗതി തടയാൻ ക്രിയാത്മകമായി പ്രവർത്തിക്കാൻ ബാധ്യതയുള്ള സ്ഥാപനമാണ് പ്രസ് കൗൺസിൽ. ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിൽ അവശ്യം വേണ്ടതായ സാന്നിധ്യമാണ് മാധ്യമപ്രവർത്തകരുടേത്. അവരെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള പൊലീസിൽനിന്നാണ് അവർക്ക് രക്ഷ വേണ്ടത്. അവർക്കുവേണ്ടി നിർഭയം സംസാരിക്കുന്നതിന് ഉത്തരവാദപ്പെട്ട വലിയ സ്ഥാപനമാണ് പ്രസ് കൗൺസിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി; വിഡിയോ

പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം: ആര്‍ക്കൊക്ക നിക്ഷേപിക്കാം? പലിശനിരക്ക് എത്ര?

'ഈ നഷ്ടം ആര് നികത്തും?': ഇന്ത്യാ മുന്നണി റാലിയിൽ 11,000 കോടിയുടെ നഷ്ടമെന്ന് ഡൽഹിയിലെ വ്യാപാരികൾ

വില 76,400 രൂപ, വേറിട്ട ലുക്ക്, ഐഡില്‍ സ്റ്റോപ്പ്- സ്റ്റാര്‍ട്ട് സിസ്റ്റം; ഹീറോ ഡെസ്റ്റിനി 110 ക്ലാസിക് എഡിഷന്‍ വിപണിയില്‍

ഉറക്കത്തിനിടെ അപസ്മാരം സീരിയൽ നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു; 'വിശ്വസിക്കാനാകുന്നില്ലെ'ന്ന് സുഹൃത്തുക്കൾ