

മുംബൈ: ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈയിലെ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരമുണ്ടായതിനെ തുടർന്നാണ് നടന്റെ അന്ത്യം. സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി.
സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്‌കരിച്ചു.
'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗർ' തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിൽ അനൂജ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
"നീ ഇനി ഞങ്ങളോടൊപ്പമില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. നീ എനിക്ക് വെറുമൊരു സുഹൃത്തായിരുന്നില്ല, മറിച്ച് ഒരു അനുജനെപ്പോലെയായിരുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. നിന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകളും, നീ പിന്നിട്ട വഴികളും എനിക്കിന്നും ഓർമയുണ്ട്. ജീവിതം എത്ര അപ്രതീക്ഷിതമാണ്!
നീ ഇത്ര പെട്ടെന്ന് വിടവാങ്ങി എന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല, ഹൃദയം തകർന്നുപോകുന്നു. ഈ വാർത്ത വിശ്വസിക്കാനേ കഴിയുന്നില്ല. നീ എന്നും ഞങ്ങളുടെ ഓർമയിലുണ്ടാകും, സഹോദരാ. ആദരാഞ്ജലികൾ".- എന്നാണ് നടന്റെ വിയോഗവാർത്ത പങ്കുവച്ച് രൂപേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates