Card Samakalika Malayalam
Malayalam Weekly

എബ്രഹാം ലിങ്കൻ ഹോർമുസ് കടക്കുമ്പോൾ

സെബാസ്റ്റ്യന്‍ പോള്‍

“ഞാൻ നിങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത്?” യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട സൈന്ധവതീരത്തെ ഹിന്ദുരാജാവ് പുരുഷോത്തമനോട് (ഗ്രീക്കുകാർക്ക് പോറസ്) വിജിഗീഷുവായ യവനൻ ചോദിച്ചു. ഒരു രാജാവിനോടെന്നപോലെ എന്നായിരുന്നു ബന്ധനസ്ഥനായ പുരുഷോത്തമന്റെ മറുപടി. പരാജിതന്റെ ധീരോദാത്തതയിൽ സംപ്രീതനായ വിജയി രാജ്യം വിട്ടുകൊടുത്തുകൊണ്ട് മടങ്ങി. ചരിത്രം അദ്ദേഹത്തെ മഹാനായ അലക്‌സാണ്ടർ എന്നു വിളിക്കുന്നു. പ്രത്തോറിയത്തിലെ വിചാരണയിൽ ദേശാധിപതി സമാനമായ ചോദ്യം തടവുകാരനോട് ചോദിക്കുന്നുണ്ട്. “നീ യഹൂദരുടെ രാജാവാണോ” എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരത്തിലെ അവ്യക്തതയാകാം യേശുവിനെ വധശിക്ഷയ്ക്ക് വിട്ടുകൊടുക്കാൻ പീലാത്തോസിനെ നിർബന്ധിതനാക്കിയത്. രണ്ടായിരം വർഷമായി ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളിലെ ബലിയർപ്പണവേളയിൽ ആ റോമൻ ഗവർണർ വിശേഷണമില്ലാതെ ഓർമിക്കപ്പെടുന്നുണ്ട്. അലക്‌സാണ്ടറുടെ ഹൃദയവിശാലതയോ പീലാത്തോസിന്റെ സന്ദേഹങ്ങളോ ഇല്ലാതെ ലോകം കീഴടക്കാനിറങ്ങിയിരിക്കുന്ന ഡൊണാൾഡ് ട്രംപിനെ ചരിത്രം കാണുന്നത് എവ്വിധമായിരിക്കും. ചരിത്രവും സമകാലിക ലോകസാഹചര്യങ്ങളും അനുകൂലമായിരിക്കുമ്പോഴും ട്രംപിന് ആജീവനാന്തം വിശ്വജേതാവാകാൻ കഴിയാത്തത് അദ്ദേഹത്തിന്റെ കാലാവധി 2029 ജനുവരിയിൽ നിശ്ചയമായും അവസാനിക്കുമെന്നതുകൊണ്ടാണ്. പക്ഷേ, വൈറ്റ്ഹൗസ് മാറിയാലും മാറാത്ത സ്ഥാപനമാണ് പെന്റഗൺ. ഭരണമാറ്റം മാത്രമാണ് സംഭവിക്കുന്നത്. നയവും നിലപാടും മാറുന്നില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കാലത്തും റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ കാലത്തും വിയറ്റ്‌നാം യുദ്ധം ഒരേ തീവ്രതയിൽ തുടർന്നു.

രാജ്യങ്ങളുടെ പരമാധികാരവും ജനതകളുടെ സ്വയംനിർണയാവകാശവും പ്രധാനപ്പെട്ട രാഷ്ട്രതത്ത്വങ്ങളാണെന്ന് മനസ്സിലാക്കുന്നതിന് പ്ലാറ്റോയുടെ റിപ്പബ്ലിക്കോ കൗടില്യന്റെ അർത്ഥശാസ്ത്രമോ വായിക്കണമെന്നില്ല. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ചാണെങ്കിലും കേരളത്തിലെ തെരഞ്ഞെടുക്കപ്പട്ട മുഖ്യമന്ത്രിയെ കേന്ദ്രം പിരിച്ചുവിട്ടപ്പോൾ ഞാൻ അസ്വസ്ഥനായി. അന്നെനിക്ക് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. 1956-ൽ ഇംറി നാഗിയെ തുരത്താൻ സോവിയറ്റ് ടാങ്കുകൾ ഹംഗറിയിലേക്ക് കടന്നപ്പോഴും ഈ അസ്വസ്ഥത എനിക്കുണ്ടായി. അന്ന് എറണാകുളത്തെ സെന്റ് ആൽബർട്‌സ് കോളേജിലെ വിദ്യാർത്ഥിൾക്കൊപ്പം പ്രതിഷേധപ്രകടനം കണ്ടും മുദ്രാവാക്യങ്ങൾ കേട്ടും നടന്നതോർക്കുന്നു. 1961-ൽ കോംഗോയിലെ പ്രധാനമന്ത്രി പാട്രിസ് ലുമുംബ മുതൽ ഏറ്റവുമൊടുവിൽ ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയി വരെ കൊലപാതകങ്ങൾ നിരവധി കണ്ടു. അമേരിക്കയുടേയോ റഷ്യയുടേയോ പ്രേരണയിൽ നടത്തപ്പെടുന്ന അട്ടിമറി എന്നറിയപ്പെടുന്ന ഉന്മൂലനമാണ് മിക്കതും. ചരിത്രം നിറയെ കൊട്ടാരവിപ്ലവത്തിന്റെ കഥകളാണ്. അവിഹിതമായി തന്നെ അധികാരത്തിന്റെ അവകാശിയാക്കിയ അമ്മയെവരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തുകൊണ്ടാണ് നീറോ അധികാരമുറപ്പിച്ചത്. അല്ലെങ്കിൽ അധികാരത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിപ്പിച്ചത്.

അനഭിമതനാകുന്ന ഏകാധിപതിയെ ഏത് മാർഗമുപയോഗിച്ചും നീക്കം ചെയ്യുന്നതിന് സംശയാസ്പദമെങ്കിലും ന്യായീകരിക്കാൻ കഴിയുന്ന അവകാശം ജനങ്ങൾക്കുണ്ട്. അത്യപൂർവമായ സാഹചര്യത്തിലല്ലാതെ മറ്റൊരു രാഷ്ട്രത്തിന് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. 1971-ൽ അങ്ങനെയൊരു ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യ പാകിസ്താനെ രണ്ട് തുണ്ടമാക്കി. അധികാരം പിടിച്ചെടുക്കുന്നതിന് ആഭ്യന്തരമായും ശ്രമമുണ്ടാകും. പക്ഷേ, ബാഹ്യശക്തികളുടെ ഇടപെടലിൽ ഒരു രാജ്യത്തെ ഭരണാധികാരി വധിക്കപ്പെടുന്നത് അസാധാരണമല്ലെങ്കിലും ന്യായീകരണം അനായാസമാക്കാൻ കഴിയാത്ത അപരാധമാണ്. ഒസാമ ബിൻ ലാദനെ സൂക്ഷ്മമായി വധിച്ചതുപോലെ സർജിക്കൽ സ്‌ട്രൈക്ക് സാങ്കേതികമായി സാധ്യമാണെന്നിരിക്കേ ഒരുമ്പെട്ടിറങ്ങിയാൽ ഒന്നും അസാധ്യമല്ല. കർണനും അർജുനനും നേർക്കുനേർ നിൽക്കുന്ന കുരുക്ഷേത്രയുദ്ധമല്ല ഇന്നത്തെ യുദ്ധം. പേരറിയാത്ത സേനാനായകർ ഡിജിറ്റൽ താവളങ്ങളിൽ മറഞ്ഞിരുന്ന് നടത്തുന്ന ഒളിപ്പോരാണ് ഇന്നത്തെ യുദ്ധങ്ങൾ. അതുകൊണ്ട് ഡൊണാൾഡ് ട്രംപിന് വിൻസ്റ്റൻ ചർച്ചിൽ ആകാൻ കഴിയില്ല. ജനറൽ ഡഗ്‌ളസ് മക്ആർതർ, ജനറൽ ജോർജ് എസ് പാറ്റൻ തുടങ്ങിയ യുദ്ധനായകരോ പീറ്റർ ആർണെറ്റ്, സെയ്‌മൂർ ഹെർഷ് തുടങ്ങിയ യുദ്ധലേഖകരോ എ.ഐ നിർമിതവും കംപ്യൂട്ടർ നിയന്ത്രിതവുമായ ഇന്നത്തെ യുദ്ധങ്ങളിൽ ഉണ്ടാവില്ല.

ചരിത്രത്തിലെ ഏറ്റവും സർഗാത്മകമായ കാലമായിരുന്നു രണ്ടാം ലോകമഹായുദ്ധം. യുദ്ധവുമായി ബന്ധപ്പെട്ട് ശാസ്ത്രവും സാങ്കേതികവിദ്യയും കൈവരിച്ച അതുല്യമായ നേട്ടങ്ങൾ മാത്രമല്ല, കലയുടെയും സാഹിത്യത്തിന്റേയും പുഷ്‌കലകാലം എന്ന നിലയിൽ കൂടി അക്കാലം ശ്രദ്ധേയമായി. ഹോളിവുഡ്ഡിനെ സമ്പന്നമാക്കിയ യുദ്ധചിത്രങ്ങൾ അക്കാലത്തുണ്ടായതാണ്. ബ്രിജ് ഓൺ ദ റിവർ ക്വായ്, ഡി-ഡേ, സേവിങ് പ്രൈവറ്റ് രായൻ, ഷിൻഡ് ലേഴ്‌സ് ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ ഇന്നത്തെ യുദ്ധപശ്ചാത്തലത്തിൽ പ്രതീക്ഷിക്കാനാവില്ല. യഥാർത്ഥ യുദ്ധം കരയിലാണ് നടക്കേണ്ടത്. പടയാളികൾ നേരിട്ട് ഏറ്റുമുട്ടണം. അപ്പോഴാണ് ഏറ്റുമുട്ടലിനു വീറും വീര്യവുമുണ്ടാകുന്നത്. യുദ്ധം രൗദ്രമെന്നപോലെ കാല്പനികവുമാണ്. സാധാരണകാലത്ത് ഞാൻ സമാധാനവാദിയാണ്. യുദ്ധകാലത്ത് യുദ്ധം ഹരമാകുന്നു.

യുദ്ധത്തിലെ ആദ്യത്തെ അത്യാഹിതം സത്യത്തിനാണ് സംഭവിക്കുക. പറയുന്നതാവില്ല ശരി. വിയറ്റ്‌നാമിലെ അമേരിക്കൻ ഇടപെടലിന് ഡൊമിനോ സിദ്ധാന്തത്തിന്റെ പിൻബലമുണ്ടായിരുന്നു. അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ യുദ്ധമായിരുന്നിട്ടും ഹോ ചി മിനെ വധിക്കാനോ തട്ടിക്കൊണ്ടു പോകാനോ അമേരിക്ക ശ്രമിച്ചില്ല. വെനസ്വേലയിലെ പ്രസിഡന്റ് നിക്കൊളാസ് മദുറോ ഇന്ന് അമേരിക്കയിലെ ജയിലിൽ തടവുകാരനാണ്. എന്തു നീതി എന്നു ചോദിച്ചാൽ ഇത് ട്രംപിന്റെ നീതി എന്നു പറയേണ്ടിവരും. സദ്ദാം ഹുസൈനെ പിടികൂടി വധിച്ചതിനു കാരണം അദ്ദേഹത്തിന്റെ കൈവശം ഭൂഗോളത്തെയാകെ സംഹരിക്കാൻ പര്യാപ്തമായ വിനാശായുദ്ധങ്ങൾ ഉണ്ടെന്നതായിരുന്നു. സദ്ദാം ഹുസൈനെ പിടികൂടിയെങ്കിലും ആയുധപ്പുര കണ്ടെത്താനായില്ല. ഇറാനെതിരേയും കുറ്റപത്രമുണ്ട്. ആണവായുധങ്ങൾ ശേഖരിക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നതാണ് കുറ്റം. കീഴടങ്ങിയ രാജ്യത്ത് അണുബോംബിട്ട് ലക്ഷക്കണക്കിനാളുകളെ കൊലപ്പെടുത്തിയ അമേരിക്കയാണ് ആരോപണം ഉന്നയിക്കുന്നത്.

ന്യായവും ന്യായീകരണവും എവ്വിധമായാലും ആദ്യം ആക്രമിക്കപ്പെട്ടത് ഇറാൻ ആണെന്ന വസ്തുത നിലനിൽക്കുന്നു. ആക്രമിക്കപ്പെടുന്നവന് പ്രത്യാക്രമണത്തിനുള്ള അവകാശമുണ്ട്. അതിന് ഇറാൻ എത്ര സജ്ജമാണെന്ന കാര്യത്തിലാണ് സംശയമുള്ളത്. ബലം കുറഞ്ഞ പോരാളിക്ക് തന്ത്രം വേണം. ഇസ്രയേൽ ഉരുവിട്ട് പഠിച്ച ഗോലിയാത്തിന്റെ കഥ റോൾ മാറ്റി ഇപ്പോൾ ഇറാൻ വായിക്കുന്നുണ്ടാകും. കവണയും കല്ലും ഉപയോഗിച്ചുള്ള അപ്രതീക്ഷിതമായ ആക്രമണത്തിലാണ് ബാലനായ ദാവീദ് രാക്ഷസനെ പരാജയപ്പെടുത്തിയത്. തന്ത്രമല്ല, അടിതെറ്റുമ്പോഴുള്ള പരാക്രമമാണ് ഇറാൻ കാണിക്കുന്നത്. കഴുത്തിനു പിടിച്ചാൽ എതിരാളിയുടെ ശ്വാസം മുട്ടിക്കാം. ലോകത്തെ ശ്വാസം മുട്ടിക്കാൻ ഇറാന്റെ അധീനതയിലുള്ള കഴുത്താണ് ഹോർമുസ് കടലിടുക്ക്. ഇറാന്റെ നാവിക ഉപരോധം ഭേദിക്കുന്നതിന് അമേരിക്കൻ പടക്കപ്പലുകൾ മേഖലയിൽ എത്തിയിട്ടുണ്ട്. ഒഴുകുന്ന നാവികത്താവളങ്ങളാണ് അവ. നൂറോളം യുദ്ധവിമാനങ്ങളും അയ്യായിരം സൈനികരുമായി ഒഴുകുന്ന യു.എസ്.എസ് എബ്രഹാം ലിങ്കൻ അമേരിക്കയുടെ നാവികശക്തിയുടെ സംഭ്രമിപ്പിക്കുന്ന പ്രതീകമാണ്. യൂണിയന്റെ നിലനിൽപ്പിനും അടിമകളുടെ വിമോചനത്തിനും വേണ്ടിയാണ് എബ്രഹാം ലിങ്കൻ യുദ്ധം ചെയ്തത്. ലിങ്കൻ ഹോർമുസ് കടക്കുമ്പോൾ സാക്ഷാൽ ലിങ്കൻ ജനാധിപത്യത്തിനു നൽകിയ നിർവചനം ഇറാൻ ഓർക്കുമെങ്കിൽ അത് ഇറാനും ലോകത്തിനും ഗുണകരമായ പാഠമായിരിക്കും.

USS Abraham Lincoln

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന്‍ എത്ര വോട്ടു 'കൊണ്ടുവന്നാല്‍' അമ്പലപ്പുഴ മറിയും?; സലാമെത്തിയപ്പോള്‍ 'സലാം' പറഞ്ഞത് 12,000 ഓളം വോട്ടുകള്‍, കണക്കുകള്‍ ഇങ്ങനെ

കാളയും പശുവും കോണ്‍ഗ്രസിന്, കേരള കോണ്‍ഗ്രസിന് കുതിര; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ?

അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്

97 വര്‍ഷങ്ങള്‍, നാല് നോമിനേഷനുകള്‍; ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ!

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ ഇവയാണ്

SCROLL FOR NEXT