ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ 100 മണിക്കൂര്‍ സമരം.  BP DEEPU-TVM
Malayalam Weekly

‘ജാതിയില്ലാ ജനാധിപത്യം’ ദളിതരെ പുറത്തുനിര്‍ത്തുമ്പോള്‍

രേഖാചന്ദ്ര

കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും ദളിത്-ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും അദൃശ്യരാണ്. ബൗദ്ധിക-സാംസ്കാരിക മണ്ഡലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ധാരാളമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുവേളയിലെ മുന്നണി ബന്ധങ്ങളായോ പ്രാതിനിധ്യമായോ അവ മാറുന്നില്ല. അതേസമയം, മുന്നണികൾ പല സന്ദർഭങ്ങളിലും ജാതി അസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാചാലമാകുകയും അതിൽനിന്ന് നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ദളിത് രാഷ്ട്രീയം ഉണ്ടാക്കിയ മാറ്റങ്ങൾ കേരളത്തിൽ ഇപ്പോഴും അസ്പൃശ്യമായും അദൃശ്യമായും നിൽക്കുന്നു. ദളിത് ഉയർത്തെഴുന്നേല്‍പ്പുകളെ തന്ത്രപരമായും അക്രമോത്സുകമായും തോല്‍പ്പിക്കാൻ പലപ്പോഴും മുന്നണികൾ മത്സരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രീയം ഇപ്പോഴും ഉൾക്കൊള്ളലിന്റെ മനോഭാവത്തിലേക്ക് പരുവപ്പെട്ടിട്ടില്ല. അതേസമയം, കേരളത്തിലെ ദളിത് രാഷ്ട്രീയത്തെ ബൗദ്ധിക മണ്ഡലത്തിലേക്ക് മാത്രം ഒതുക്കിനിർത്തേണ്ടതാണെന്ന ബോധം സംഘടനകളും പുലർത്തുന്നുണ്ടോ? എന്തുകൊണ്ട് ജനകീയ മുന്നേറ്റമായി മാറുന്ന ജാതിവിരുദ്ധ-അംബേദ്കറൈറ്റ് രാഷ്ട്രീയം കേരളത്തിൽ ഉണ്ടാകുന്നില്ല? ഇത്തരം ചോദ്യങ്ങളെ ഗൗരവമായി അഭിസംബോധന ചെയ്യേണ്ട സമയമാണിത്.

സ്ഥാനാർത്ഥി നിർണയത്തിലോ ജനപ്രതിനിധികളാകുന്നവരിലോ മന്ത്രിപദവികളിലോ പേരിനു മാത്രം പ്രാതിനിധ്യമാണ് ഇപ്പോഴുള്ളത്. അത് ആനുപാതികം പോലുമാകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് നേതാക്കളാകട്ടെ, സംവരണ സീറ്റിൽ മാത്രം മത്സരിക്കാൻ വിധിക്കപ്പെടുന്നവരാണ്. ജയിച്ച് അധികാരസ്ഥാനത്ത് എത്താറുണ്ടെങ്കിലും പാർട്ടിയുടെ സംവിധാനത്തിനകത്ത് നിന്നുകൊണ്ടുള്ള മുഖ്യധാരാ അജൻഡകളാണ് അവർ നടപ്പാക്കുന്നത്. ദളിത് സമുദായങ്ങളുടെ പ്രശ്നങ്ങൾ വേണ്ടവിധം അഭിസംബോധന ചെയ്യാതെ കയ്യൊഴിയപ്പെടുകയും ചെയ്യുന്നു.

ദളിത്-ആദിവാസി സമുദായത്തിന്റൈ പ്രാതിനിധ്യം തെരഞ്ഞെടുപ്പുവേളകളെ സ്വാധീനിക്കുന്ന തരത്തിൽ ചർച്ചയേ ആകുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരം. മുന്നണികളോട് വിലപേശാനുള്ള രാഷ്ട്രീയക്കരുത്ത് ദളിത്-ആദിവാസി സമുദായ സംഘടനകൾ ഇപ്പോഴും നേടിയെടുത്തിട്ടില്ല. സമൂഹത്തിൽ വലിയ സ്വാധീനമോ കേരളത്തിന്റെ വികാസത്തിൽ അത്രയൊന്നും ഇടപെടലുകളോ നടത്താത്ത നിരവധി ചെറുപാർട്ടികൾക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഉണ്ടാവുന്ന അതേ കേരളത്തിലാണ് ദളിത് വിഭാഗങ്ങൾക്ക് ഇത്തരം സ്ഥാനങ്ങളൊന്നും ലഭിക്കാത്തതും. ‘നമുക്ക് ജാതിയില്ല’ എന്ന പുരോഗമന ആവർത്തനങ്ങൾ കേരള രാഷ്ട്രീയത്തിലെ സാമൂഹ്യനീതിയുടെ പൊള്ളത്തരം വെളിവാക്കുന്നതാണ്. അത് മനസ്സിലാകാൻ സ്ഥാനാർത്ഥി പട്ടിക മാത്രം പരിശോധിച്ചാൽ മതി. ദളിതർ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ജാതിരാഷ്ട്രീയവും സ്വത്വവാദവുമാകുമ്പോൾ അധികാരം ജാതിരഹിതമാണെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. നിയമനിർമാണ പ്രക്രിയയിൽ ബഹുസ്വരമായ മനുഷ്യവിഭാഗങ്ങളെ കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇപ്പോഴും അകലെയാണ്.

സെക്രട്ടേറിയേറ്റ് മാര്‍ച്ച്

തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പ്രവര്‍ത്തിച്ച് നേതൃസ്ഥാനത്ത് എത്തുന്ന ദളിത് ആദിവാസി സമുദായങ്ങളിൽപ്പെട്ടവരെ കേരളത്തിലെ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ പൊതുവെ മത്സരിപ്പിക്കാറില്ല. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 16 സംവരണ സീറ്റുകളിൽ മാത്രമാണ് ഇവരെ പാർട്ടികൾ മത്സരിപ്പിക്കുന്നത്. 14 പട്ടികജാതി മണ്ഡലങ്ങളും രണ്ട് പട്ടിക വർഗ മണ്ഡലങ്ങളുമാണ് കേരളത്തിലുള്ളത്.

കേരളത്തിൽ പട്ടികജാതി ജനസംഖ്യ 9.1 ശതമാനം, പട്ടികവർഗം 1.5 ശതമാനം, ആദിവാസി-ഗോത്രവിഭാഗങ്ങൾ 1.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 70 വർഷത്തെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതുവരെ ഈ വിഭാഗങ്ങളിൽനിന്നൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ജനസംഖ്യയിൽ 11.9 ശതമാനം വരുന്ന നായർ സമുദായത്തിൽനിന്നാണ് ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉണ്ടായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നായർ വിഭാഗത്തിൽനിന്ന് 116-ഉം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് 77-ഉം മന്ത്രിമാരുണ്ടായപ്പോൾ പട്ടികജാതിയിൽനിന്ന് 18-ഉം പട്ടിക വർഗത്തിൽനിന്ന് രണ്ടും മന്ത്രിമാരാണ് കേരളത്തിൽ ഇതുവരെയുണ്ടായത്.

ജാതിയെ മനസ്സിലാക്കാനുള്ള കൃത്യമായ കണക്കാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്ന് എഴുത്തുകാരനും അദ്ധ്യാപകനും ചിന്തകനുമായ വിനിൽ പോൾ നിരീക്ഷിക്കുന്നു. “കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം ആരാണ് ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അപ്പർകാസ്റ്റ് പ്രാതിനിധ്യം മാത്രമാണ് അതിൽ വരുന്നത്. അത് വിസിബിളാണ്. അംബേദ്കർ ഇത് നേരത്തെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ ഭരണസംവിധാനം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് അതൊരു ഒളിഗാർക്കി ആയിരിക്കും എന്ന് അദ്ദേഹം മറുപടി പറയുന്നുണ്ട്. അതായത് രണ്ടോ മൂന്നോ സമുദായങ്ങൾ ചേർന്ന് ഭരണം നടത്തുന്ന ഒരു സംവിധാനം. അത് കൃത്യമാണ്. അത് തന്നെയാണ് കേരളം എടുത്താലും കാണുന്നത്” -അദ്ദേഹം പറയുന്നു.

രാഷ്ട്രീയമായ പരിവർത്തനത്തിലുപരി വിദ്യാഭ്യാസത്തിനും അതിലൂടെ ലഭിക്കുന്ന തൊഴിലിലേക്കും മാത്രം ശ്രദ്ധിക്കുകയും അതിലൂടെ പുരോഗതിയിലേക്ക് എത്താം എന്നതുമാണ് ദളിത് സമുദായങ്ങളും കൂടുതലായി ചിന്തിച്ചത്. ഈ ചിന്ത മറ്റ് മേഖലകളിലേക്ക് അവരുടെ കഴിവുകളെ വിന്യസിപ്പിക്കുന്നത് പരിമിതപ്പെടുത്തിയതായും കാണാം.

“പത്ത് ബി.എക്കാർ നമുക്കു വേണം എന്ന് അയ്യൻകാളി പറഞ്ഞത് സർക്കാർ ജോലി നേടുക എന്ന നിലയിലേക്ക് മാത്രം ചുരുങ്ങിയിരുന്നു” എന്ന് നരവംശ ശാസ്ത്രഗവേഷകനും ദളിത് ചിന്തകനുമായ മധുനാരായണൻ നിരീക്ഷിക്കുന്നു. “ദളിത് സമൂഹത്തിന് ഇന്നു കാണുന്ന പുരോഗതി എന്നു പറയുന്നത് സർക്കാർ സംവിധാനത്തിലൂടെയോ ധനസഹായത്തിലൂടെയോ മാത്രം ഉണ്ടായിട്ടുള്ളതാണെന്ന് കാണാം. അതായത് സർക്കാർ ശമ്പളം, സ്‌റ്റൈപെന്റുകൾ, മറ്റു ധനസഹായങ്ങൾ തുടങ്ങിയവയിലൂടെ. ഒരു ട്രഷറി സംവിധാനത്തിനകത്ത് നിന്നുകൊണ്ട് മാത്രം നമ്മുടെ പുരോഗതി നടക്കും എന്ന തെറ്റായ സന്ദേശം ഏറ്റുപിടിച്ചതിന്റെ അപാകത ഈ കമ്യൂണിറ്റിക്കുമുണ്ട്. പക്ഷേ, മറ്റു സമുദായങ്ങൾ സ്റ്റേറ്റിന്റെ വിവിധ സംവിധാനങ്ങളേയും ബോഡികളേയും ഘടനയേയും ഉപയോഗപ്പെടുത്തുകയും അതിന്റെ ഉപോല്പന്നങ്ങളായിട്ടാണ് പല രാഷ്ട്രീയ നേതൃത്വങ്ങളും യുവജന നേതൃത്വങ്ങളും ഉയർന്ന് വന്നിട്ടുള്ളതും. അങ്ങനെയാരു സംവിധാനത്തിന്റെ അപര്യാപ്തത രാഷ്ട്രീയമായി ദളിത് സമൂഹത്തെ നിയമനിർമാണ സഭകളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹം പറയുന്നു.

പരിഗണന ജാതി മാത്രം

സംവരണ മണ്ഡലങ്ങളിൽ ദളിത് സമുദായത്തിൽനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോൾ ജാതി മാത്രമാണ് അവരുടെ മാനദണ്ഡമായി പാർട്ടികൾ പരിഗണിക്കുന്നത്. മറ്റു തരത്തിലുള്ള അവരുടെ പ്രവർത്തനങ്ങളോ മികവോ ജനകീയതയോ വിദ്യാഭ്യാസമോ ഒന്നും അവിടെ മാനദണ്ഡമാകാറില്ല. കെ.ആർ. നാരായണനെ മൂന്നു തവണ കോൺഗ്രസ് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് ഒറ്റപ്പാലത്തെ സംവരണ സീറ്റിൽനിന്നായിരുന്നു എന്നത് ചരിത്രം.

സംവരണ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച് കഴിഞ്ഞാലും അവർക്ക് കൊടുക്കുന്ന വകുപ്പുകളിൽ പോലും പ്രകടമായ ജാതീയത കാണാനാകും. പലപ്പോഴും പട്ടികജാതി-പട്ടികവർഗ വകുപ്പാണ് മത്സരിച്ച് ജയിച്ചെത്തുന്ന ദളിത് ആദിവാസി വിഭാഗത്തിൽപ്പെട്ട നേതാവിന് മുന്നണികൾ നൽകി വരുന്നത്. ആ വകുപ്പാണ് കൈകാര്യം ചെയ്യുന്നതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കുന്നതുകൊണ്ടുതന്നെ ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും പദ്ധതികൾ ആവിഷ്‌കരിക്കാനും ഇവർ പരാജയപ്പെടുന്നതാണ് കാണുന്നത്. മുന്നണികൾ വിഭാവനം ചെയ്യുന്ന പദ്ധതികൾക്കപ്പുറത്ത് ദളിത് ആദിവാസി സംഘടനകളുമായോ സമുദായങ്ങളുമായോ നിരന്തരമായ ആശയവിനിമയത്തിലും അവരുടെ ഉന്നമനത്തിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നതിലും ഇവർ പരാജയപ്പെടുകയും ചെയ്യുന്നു. അവരെ നോമിനേറ്റ് ചെയ്യുന്ന പാർട്ടിയുടെ പ്രഖ്യാപിത നയത്തിനകത്ത് നിന്നുകൊണ്ടുമാത്രം കാര്യങ്ങളെ കാണാൻ ബാധ്യതപ്പെടുയാണ് പൊതുവെ സംവരണ മണ്ഡലത്തിലെ ജേതാക്കൾ.

സ്ഥാനാർത്ഥികളെ നിർത്തുന്നതിലും മന്ത്രിസ്ഥാനം നൽകുന്നതിലും ജാതി മാനദണ്ഡമാകാറില്ല എന്ന് പുറമേയ്ക്ക് പറയപ്പെടുമ്പോഴും എന്തുകൊണ്ടാണ് ഈ സ്ഥാനങ്ങളെല്ലാം ചുരുങ്ങിയ ചില ജാതിയിലും സമുദായത്തിലും മാത്രം ഒതുങ്ങിനിൽക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്. കേരള സംസ്ഥാനം രൂപീകൃതമായി എഴുപത് വർഷമായിട്ടും ഇതിന് മാറ്റം വന്നിട്ടുമില്ല.

കെ.ആർ. നാരായണനേയും ശശി തരൂരിനേയും കേരള രാഷ്ട്രീയവും കോൺഗ്രസ്സും സ്വീകരിച്ചത് രണ്ട് രീതിയിലാണ് എന്ന് വിനിൽ പോൾ നിരീക്ഷിക്കുന്നു. “കെ.ആർ. നാരായണന്റെ യോഗ്യതകളൊന്നും പരിഗണിക്കപ്പെടുന്നില്ല എന്നതാണ്. കൃത്യമായ ജാതിയാണ് നമുക്കതിൽ കാണാൻ കഴിയുന്നത്. ശശി തരൂരിന് അത്തരം പരിമിതികളൊന്നും ബാധകമാവുന്നില്ല എന്നും കാണാം.

കേരളത്തിന്റെ കണക്ക് നോക്കിയാൽ അധികാരസ്ഥാനത്തെത്തുന്നതിൽ ഭൂരിഭാഗവും നായരും ക്രിസ്ത്യാനികളും എന്ന രണ്ട് വിഭാഗമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിലെ പ്രബലവിഭാഗം ഇവരല്ല എന്നും കാണാം. കേരളത്തിലെ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരെയെടുത്താലും ഈ കണക്കുകൾ വ്യത്യസ്തമായിരിക്കില്ല.

കേരളത്തിൽ പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം എയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനെക്കുറിച്ചൊന്നും സംവരണ മണ്ഡലത്തിൽനിന്ന് ജയിച്ച് വരുന്നവർ ഒരിക്കലും മിണ്ടാറില്ല. ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നോക്കിയാലും മിക്കവാറും അപ്പർ കാസ്റ്റ് ആയിരിക്കും. അത് പാർട്ടിക്കാരാണ് എന്ന് പറയുമെങ്കിലും വീണ്ടും കറങ്ങിത്തിരിഞ്ഞ് അവിടെ എത്തുകയാണ്. ഏത് എം.എൽ.എ ആയാലും എം.പി.ആയാലും മന്ത്രിയായാലും” -വിനിൽ പോൾ പറയുന്നു.

ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രാതിനിധ്യം മാത്രം കൊടുത്താൽ മതി എന്ന തോന്നലാണ് ദളിത് രാഷ്ട്രീയത്തിലുള്ളവരും മറ്റു രാഷ്ട്രീയക്കാരും വിചാരിക്കുന്നതെന്ന് ചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായ പി. സനൽ മോഹൻ അഭിപ്രായപ്പെടുന്നു.

“സോഷ്യൽ സിറ്റിസൺഷിപ്പിന്റെ ഇല്ലായ്മയാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടാണ് ദളിത് വിഭാഗത്തിലുള്ളവരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കാനോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തിക്കാനോ കഴിയാത്തത്. ചില അധികാര സ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ടത് ആരാണ് എന്ന ഒരു പൊതുബോധം കേരളത്തിലുണ്ട്. അതാണ് അടിസ്ഥാന പ്രശ്നം. ജാതിയുടേയും നിറത്തിന്റേയും സാമ്പത്തികമായ ജീവിത നിലവാരത്തിന്റേയും സാംസ്കാരികമായ അഭിവൃദ്ധിയുടേയും തുടങ്ങി എല്ലാത്തരം കോംപ്ലക്‌സിറ്റിയും അതിലുണ്ട്” -സനൽ മോഹൻ പറയുന്നു.

ചോദിക്കാൻ ആരുണ്ട്?

പട്ടികജാതി-പട്ടിവർഗ വികസനത്തിനായി കോടിക്കണക്കിന് രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വകയിരുത്താറുണ്ടെങ്കിലും ഒരു കാലത്തും അത് കൃത്യമായി ഉപയോഗിക്കപ്പെടാറില്ല. വ്യക്തമായ ആസൂത്രണമില്ലായ്മയും പലവിധ താല്പര്യങ്ങളും ഫണ്ട് ലാപ്‌സാവുന്നതിലേക്കും വകമാറ്റി ചെലവഴിക്കുന്നതിലേക്കുമാണ് എത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ പട്ടികജാതി-പട്ടിവർഗ വിഭാഗത്തിനായി നീക്കിവെച്ച ഫണ്ടിൽ 7000 കോടിയിലധികം രൂപയാണ് ലാപ്‌സായത്. അതുപോലെത്തന്നെയാണ് പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് വിതരണം ചെയ്യാതെ ഈ ഫണ്ട് സർക്കാർ വകമാറ്റി ചെലവഴിച്ചു എന്ന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ കണ്ടെത്തിയതും.

ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടാനോ തിരുത്താനോ ഉള്ള അധികാര സ്ഥാനങ്ങളിൽ ഈ വിഭാഗത്തിൽനിന്നുള്ള ആളുകൾ ഇല്ല എന്നതിനാൽ തുടർന്നുപോകുന്ന ഒരു അനീതിയായി ഇതു മാറുന്നു. നിയമസഭയിലെ പ്രാതിനിധ്യമില്ലായ്മ സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

“പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി വകയിരുത്തുന്ന തുകയുടെ ഏകദേശം 25 ശതമാനം ലാപ്‌സായി പോകുകയാണെന്നും ചെലവഴിക്കപ്പെടുന്ന തുകയിൽത്തന്നെ 10 മുതൽ 15 ശതമാനത്തോളം വകമാറ്റിയാണ് ചെവഴിക്കുന്നത്” എന്നും മാധ്യമ പ്രവർത്തകനും ദളിത് ആക്ടിവിസ്റ്റുമായ കെ. സന്തോഷ്‌കുമാർ പറയുന്നു.

വകയിരുത്തിയ ഫണ്ടിൽ ഇത്ര കോടിക്കണക്കിന് രൂപ ലാപ്‌സാവുന്നതും വകമാറ്റുന്നതുമായ സാഹചര്യം ദളിത് വിഭാഗത്തിന്റേതല്ലാതെ മറ്റൊന്നിലും ഉണ്ടാവില്ലെന്നും ഇങ്ങനെയുണ്ടാവുന്നത് ജാതിയുടെ ഒരു മെക്കാനിസം ഇവിടെ വർക്ക് ചെയ്യുന്നത് കൊണ്ടാണെന്നും വിനിൽ പോൾ പറയുന്നു: “സർക്കാറിന്റെ പദ്ധതിയിലോ ഫണ്ട് വിതരണത്തിലോ ആ സമുദായത്തിനുവേണ്ടി സംസാരിക്കാൻ ആളില്ല. അതേസമയം രാജകുടുംബത്തിന് പെൻഷൻ കൊടുക്കുന്നത് നോക്കുക. 2023-’24 വർഷത്തിൽ 33 കുടുംബങ്ങൾക്ക് കൊടുത്തിരിക്കുന്നത് അഞ്ചുകോടി നാല്പത്തിയഞ്ച് ലക്ഷം രൂപയാണ്. അതേ വർഷം പരിവർത്തിത വികസന ശുപാർശിത കോർപ്പറേഷൻ അനുവദിച്ചിരിക്കുന്നത് അഞ്ചുകോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ്. 20 ലക്ഷത്തോളം മനുഷ്യരുള്ള ഒരു സമൂഹത്തിന് അനുവദിച്ച തുകയാണിത്. 33 കുടുംബത്തേയും 20 ലക്ഷം മനുഷ്യരേയും സർക്കാർ കാണുന്നത് എങ്ങനെയാണ് എന്നത് വ്യക്തമാണ്. നിയമസഭകളിൽ ഈ ചോദ്യം ഉന്നയിക്കാൻ ആരുമില്ല. സംവരണ മണ്ഡലങ്ങളിൽനിന്നു പോകുന്നവർ ഇത്തരം വിഷയങ്ങളിൽ മിണ്ടാതേയും ഇരിക്കും” -വിനിൽ പോൾ പറയുന്നു.

ജാതിയില്ലാ കേരളം

ജാതി സമവാക്യങ്ങൾ നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെങ്കിലും കേരളത്തിൽ ജാതി വിവേചനമില്ല എന്നും കേരളീയർ ജാതിയെക്കുറിച്ച് ചിന്തിക്കുന്നവരല്ല എന്നുമുള്ള പൊള്ളയായ പ്രചാരണത്തിന് ഏറ്റവും മുന്നിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളും അതിലെ ജനപ്രതിനിധികളുമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ജയിച്ചുവരുന്ന ദളിത് സമുദായത്തിലുള്ളവർ പലപ്പോഴും ജാതിയെക്കുറിച്ച് സംസാരിക്കാതിരിക്കാനാണ് ശ്രമിക്കാറുള്ളത്. ഇത് നിയമസഭയിൽ പല അനീതികളും ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള ഒരു കാരണം കൂടിയാവുന്നതാണ് കാണുന്നത്. ദളിത് ആദിവാസി വിഭാഗങ്ങൾ നടത്തുന്ന അവകാശ സമരങ്ങളോ അവകാശവാദങ്ങളോ ആണ് കേരളത്തിൽ ഇപ്പോഴും ജാതി പറയുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്. ദളിത് സംഘടനകൾ ജാതിസംഘടനകൾ എന്ന പ്രത്യക്ഷ ലേബലിൽ നിൽക്കുമ്പോൾ എൻ.എസ്.എസ് പോലെയുള്ള സംഘടനകൾക്ക് ജാതിസംഘടന എന്ന ‘ഭാരം’ കേരളത്തിൽ പൊതുവെ കാണാറില്ല.

കേരളത്തിൽ ജാതി വിവേചനമോ ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഇല്ല എന്ന് ഔദ്യോഗികമായി പറയുകയും വാദിക്കുകയും ചെയ്യുകയാണ് സംവരണ സീറ്റുകളിൽനിന്ന് ജയിച്ച് ചെല്ലുന്നവരുടെ പ്രധാന ചുമതലയെന്ന് വിനിൽ പോൾ അഭിപ്രായപ്പെടുന്നു. “മന്ത്രിമാർക്കോ എം.എൽ.എമാർക്കോ എൻ.എസ്.എസ് ആസ്ഥാനത്ത് ചെല്ലുമ്പോൾ അതൊരു ജാതി പ്രസ്ഥാനമായി പൊതുവെ തോന്നാറില്ല. സവർണ വിഭാഗത്തിലുള്ള ആളുകളുടെ മൂവ്‌മെന്റുകളും ജാതി ഐഡന്റിറ്റിയിലല്ല നിലനിൽക്കുന്നത്. താഴെത്തട്ടിലുള്ള മനുഷ്യരുടെ പ്രവർത്തനങ്ങൾ മുഴുവൻ ജാതിയിൽ മൂടിയിരിക്കുകയാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്.

ആക്ടിവിസവും രാഷ്ട്രീയവും

കേരളത്തിന്റെ രാഷ്ട്രീയത്തിൽ സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും ദളിത് സമുദായങ്ങളിൽനിന്ന് ഉണ്ടായെങ്കിലും മുഖ്യധാര രാഷ്ട്രീയത്തിന്റെ പ്രവർത്തനങ്ങളിൽ അവർ ഒരിക്കലും ഭാഗമായിരുന്നില്ല. 1990-കളുടെ അവസാനം മുതൽ നിരവധി ദളിത് ആദിവാസി വിഷയങ്ങൾ ഉന്നയിക്കപ്പെടുകയും വിവിധ ഭൂസമരങ്ങൾ നടക്കുകയും മികച്ച നേതാക്കളും നേതൃത്വവും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അധികാര രാഷ്ട്രീയത്തിനോട് അകന്നു നിൽക്കാനാണ് ഈ നേതാക്കൾ ശ്രമിച്ചത്. പ്രശ്നങ്ങൾ സർക്കാരുമായും മുന്നണി രാഷ്ട്രീയക്കാരുമായും ചർച്ചചെയ്ത് പരിഹരിക്കുക എന്നതായിരുന്നു ഇവർ ലക്ഷ്യം വെച്ചതും. മുത്തങ്ങ സമരത്തിനുശേഷം പൊളിറ്റിക്കൽ പാർട്ടി ഉണ്ടാക്കണമെന്നും അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നും സി.കെ. ജാനു നിലപാടെടുത്തപ്പോൾ അതിൽനിന്ന് പിൻവാങ്ങുകയായിരുന്നു മുത്തങ്ങ സമരനായകൻ കൂടിയായിരുന്ന എം. ഗീതാനന്ദൻ.

രാഷ്ട്രീയ അധികാരം പ്രധാനമാണ് എന്ന് ദളിത് സംഘടനകൾ ആലോചിക്കുകയും മുന്നണികളുമായി അത്തരം ചർച്ചകൾക്ക് വഴിയിടുകയും ചെയ്യുന്നതാണ് അടുത്തകാലത്ത് കാണുന്നത്. സണ്ണി കപിക്കാടിന്റേയും സി.കെ. ജാനുവിന്റേയും സ്ഥാനാർത്ഥിത്വം മുന്നണി രാഷ്ട്രീയത്തിലെ ചർച്ചയിലേക്ക് വരുന്നത് ഈ മാറ്റത്തിന്റെ ഭാഗമാണ്. സംഘടനകളായി നിന്നോ ആക്ടിവിസത്തിലൂടെയോ ആയിരുന്നു ഇത്രയും കാലം ദളിത് ആദിവാസി വിഭാഗം പോരാടിയത്. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ അധികാരത്തിലേക്ക് എത്തണമെന്ന ചിന്ത സമുദായങ്ങൾക്ക് ഇന്നുണ്ട്. സണ്ണി കപിക്കാടിന്റേയും സി.കെ. ജാനുവിന്റേയും ഉൾപ്പെടെയുള്ള നിലപാടുകളിൽനിന്ന് ഇതാണ് വ്യക്തമാകുന്നത്.

എന്നാൽ, ഇവരുടെ സ്ഥാനാർത്ഥിത്വം വരുമ്പോൾത്തന്നെ അതിനെ എതിർക്കാനും ഐഡന്റിറ്റി പൊളിറ്റിക്സ് പറയുന്നു എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗവും ഉണ്ടായി. മുസ്‌ലിം ലീഗടക്കം സാമുദായികമായ രാഷ്ട്രീയം ഉന്നയിക്കുന്ന പാർട്ടികൾ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ തന്നെയാണ് ദളിത് വിഭാഗത്തിന് സീറ്റ് നൽകുന്നതിൽ ഇത്തരം ചർച്ചകൾ ഉയരുന്നതും. സി.കെ. ജാനുവിനെപ്പോലുള്ള നേതാക്കൾ ജനാധിപത്യ സംവിധാനത്തിനുള്ളിൽനിന്ന് ആദിവാസി പ്രശ്നത്തെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരെ പരിഹസിക്കാനും അവസരവാദിയാക്കാനുമുള്ള ശ്രമമാണ് ഒരു വിഭാഗം കൈക്കൊള്ളുന്നത്. അതിനെ എങ്ങനെ ജനാധിപത്യത്തിന്റെ ഭാഗമാക്കി വികസിപ്പിക്കാൻ പറ്റും എന്ന ചിന്ത കേരളത്തിൽ നടക്കുന്നില്ല.

“മുന്‍പുണ്ടായതിൽനിന്നു വ്യത്യസ്തമായി മുന്നണിയുടെ ഭാഗമായിനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദളിത് സമുദായവും താല്പര്യപ്പെടുന്നതായി വിനിൽ പോൾ പറയുന്നു. മുന്‍പ് ജാതി പ്രശ്നങ്ങൾ ഒറ്റയ്ക്ക് പറയുകയും തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയും ചെയ്യുന്നതായിരുന്നു രീതി. അവരൊരിക്കലും ജയിക്കുകയുമില്ല. മുന്നണി രാഷ്ട്രീയം ഉപയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് ദളിതർക്ക് ഉണ്ടാകുന്നുണ്ട്. മറ്റൊന്ന് ഈ പ്രശ്നങ്ങളൊക്കെ തിരിച്ചറിയുന്ന ഒരു കൂട്ടം ആളുകൾ ഇന്ന് പല മേഖലകളിലും ഉണ്ട്. കേരള മോഡൽ ഓഫ് ഡവലപ്‌മെന്റ് എന്ന് പറയുമ്പോഴും ഇവിടെ അടിത്തട്ട് മനുഷ്യർക്ക് പ്രശ്നങ്ങളുണ്ട് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകുന്നുണ്ട്” -വിനിൽപോൾ പറയുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അംബേദ്കർ രാഷ്ട്രീയം പറയുന്ന, ജനസമ്മതിയുള്ള നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലോ പ്രാദേശിക രാഷ്ട്രീയത്തിലോ കാണാൻ കഴിയില്ല എന്ന് മധു നാരായണൻ നിരീക്ഷിക്കുന്നു. “തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലും തമിഴ്‌നാട്ടിലും നമുക്കിത്തരം നേതാക്കളെ കാണാം. ഉദാഹരണത്തിന് തമിഴ്‌നാട്ടിൽ തിരുമാവളവൻ എം.പിയെ നോക്കിയാൽ മുഖ്യധാരാ പാർട്ടികളുമായി മുന്നണി ബന്ധം നിലനിർത്തുകയും അതൊരു രാഷ്ട്രീയതന്ത്രം എന്ന നിലയിൽ പ്രയോഗിച്ച് പൊതുസമ്മതനായ നേതാവായി മാറുകയും ചെയ്ത ആളാണ്. ദളിത് രാഷ്ട്രീയമാണ് പറയുന്നതെങ്കിലും സാധാരണ രാഷ്ട്രീയക്കാരന് കിട്ടുന്ന സമ്മതി അവിടെ അദ്ദേഹത്തിനുണ്ട്. കേരളത്തിൽ അങ്ങനെയില്ല. മുഖ്യധാരാ രാഷ്ട്രീയം പറയാത്ത, ചില സാമൂഹ്യപ്രശ്നങ്ങൾ മാത്രം പറയുന്ന ആളുകളായിട്ടാണ് കേരളത്തിലെ ദളിത് നേതാക്കളെ പൊതുവെ അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയക്കാരായി ഇവരെ അംഗീകരിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ സമൂഹവും രാഷ്ട്രീയമായി വികസിച്ചിട്ടില്ല.

കേരളത്തിൽ അംബേദ്കർ ഐഡിയോളജി വന്നിട്ടുണ്ടെങ്കിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള സോഷ്യലിസ്റ്റ്, നെഹ്റുവിയൻ, ഗാന്ധിയൻ ചിന്തകളും ഒപ്പം മാർക്സിസ്റ്റ് ചിന്തകളുമാണ് കേരളത്തെ പൊതുവെ സ്വാധീനിച്ച പ്രത്യയശാസ്ത്രങ്ങൾ. അത് കൈകാര്യം ചെയ്തതും ഇവിടുത്തെ എലൈറ്റ് ആയിട്ടുള്ള ആളുകളായിരുന്നു. സിദ്ധാന്തപരമായി അംബേദ്കർ കേരളത്തിലെ ജനങ്ങളെ ബാധിച്ചിട്ടില്ല എന്നു പറയാം. അടുത്തകാലത്താണ് അംബേദ്കറിനെ സീരിയസ്സായി വായിക്കാൻ തുടങ്ങുന്നത്. ആ ഒരു അംബേദ്കർ ഐഡിയോളജിയുടെ ഇൻവിസിബിലിറ്റി ദളിത് രാഷ്ട്രീയം രൂപപ്പെടുന്നതിൽ കുറച്ചെങ്കിലും വിഘാതമുണ്ടാക്കിയിട്ടുണ്ട് എന്നു പറയാം” -മധു നാരായണൻ പറയുന്നു.

ഒരു സമുദായത്തെ പരിഗണിക്കാതിരിക്കുക, മനസ്സിലാക്കാതിരിക്കുക, ഉൾപ്പെടുത്താതിരിക്കുക എന്നതാണ് ജാതി. കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് ദൃശ്യവുമാണ്.

നൂറ്റാണ്ടുകളായി ഭൂമിയും വിദ്യാഭ്യാസവും അധികാരവും ഇല്ലാത്തവർക്കു തന്നെയാണ് ഇപ്പോഴും അതില്ലാത്തത്. നൂറ്റാണ്ടുകളായി ഭൂമിയും വിദ്യാഭ്യാസവും അധികാരവും ഉള്ളവർക്കു തന്നെയാണ് ഇപ്പോഴും ഉള്ളതും. അത് തുടരുകയാണ്. ചർച്ച വേണ്ടത് നിയമസഭയ്ക്കുള്ളിലാണ്. അതിനു വേണ്ടത് പ്രാതിനിധ്യവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് പ്ലാന്‍റ് ആക്രമിച്ചു

ശനിയാഴ്ചവരെ ശക്തമായ മഴ തുടരും; റാസല്‍ഖൈമയില്‍ രേഖപ്പെടുത്തിയത് 77.5 മില്ലിലിറ്റര്‍; യുഎഇയെ വിറപ്പിച്ച് പേമാരിയും കാറ്റും

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

സ്റ്റേഡിയം വാടക അടച്ചു; ഇന്ത്യ- ഹോങ്കോങ് ഫുട്ബോൾ പോര് 31ന് തന്നെ; കൊച്ചിയിലെ അനിശ്ചിതത്വം നീങ്ങി

'ഇന്ത്യൻ ജനതയ്ക്ക് നന്ദി'; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി... (വിഡിയോ)

SCROLL FOR NEXT