കേരളത്തിലെ ഇടതുപക്ഷ ചിന്താധാരയ്ക്കൊപ്പം ചേർന്നുനിൽക്കുകയും മാർക്സിയൻ കാഴ്ചപ്പാടുകൾക്ക് സൈദ്ധാന്തിക തലമൊരുക്കുകയും ചെയ്തയാളാണ് ഡോ. പി.കെ. പോക്കർ. ഓർമകളും അനുഭവങ്ങളും ചേർത്ത് അദ്ദേഹമെഴുതിയ ആത്മകഥ ‘എരിക്കിൻ തീ’ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തികമായ രൂപപ്പെടലും വളർച്ചയും കൂടി വരച്ചിടുന്നതാണ്. ലോകമെമ്പാടുമുയർന്ന സ്വത്വവാദ ചിന്തകളും എഴുത്തും കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉൾചേർത്ത് എഴുതുകയും പറയുകയും ചെയ്തു. പാർട്ടി രാഷ്ട്രീയത്തിന്റെ ചുരുങ്ങലുകൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം പങ്കുവെച്ചത്. തലശ്ശേരി ബ്രണ്ണൻ കോളേജിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ഫിലോസഫി അദ്ധ്യാപകനായിരുന്ന അദ്ദേഹം ഗ്രാംഷി മുതൽ വേടൻ വരെ, ആധുനികോത്തരതയുടെ കേരളീയ പരിസരം, ഇ.എം.എസ്സും ആധുനിക കേരളവും തുടങ്ങി ഇരുപതിലധികം പുസ്തകങ്ങളിലൂടെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സാഹിത്യത്തെ വിശകലനാത്മകമായി പ്രചോദിപ്പിച്ചു.
തത്ത്വചിന്തയെക്കുറിച്ചും കേരളത്തിലെ മുസ്‌ലിം ജീവിതത്തെക്കുറിച്ചും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചും ഡോ. പി.കെ. പോക്കർ സംസാരിക്കുന്നു.
തത്ത്വചിന്താപഠനം തെരഞ്ഞെടുക്കാനും ആ മേഖലയിലേക്ക് വരാനുമുണ്ടായ താല്പര്യം എന്തായിരുന്നു?
യാദൃച്ഛികമായിരുന്നു. യാദൃച്ഛികതകൾ എന്റെ ജീവിതത്തിൽ പ്രധാനമാണ്. ചെറുപ്പത്തിൽ വീടുവിട്ട് പോകാൻ തീരുമാനിച്ച എന്നെ അടുത്തുള്ള കണാരേട്ടനാണ് വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരുന്നത്. കണാരേട്ടൻ പത്ത് വയസുകാരനായ എന്നെ ആ സമയം കണ്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നു ചിന്തിക്കാറുണ്ട്. ചിലപ്പോൾ മറ്റാരെങ്കിലും കാണുമായിരുന്നിരിക്കാം. ഇല്ലെങ്കിൽ മറ്റെവിടെയെങ്കിലും എത്തിപ്പോകുമായിരിക്കാം. യാദൃച്ഛികതയാണത്. ചെറുപ്പം തൊട്ടേ യാദൃച്ഛികത എന്റെ ഒരു അന്വേഷണ വിഷയമായിരുന്നു. യാദൃച്ഛികതയാണ് അന്ധവിശ്വാസമായും മറ്റും മാറുന്നത്. ഭാഗ്യം, നിർഭാഗ്യം എന്നൊക്കെ പറയില്ലേ. വിചാരിക്കാതെ ഒരു കാര്യം സംഭവിക്കുന്നതാണല്ലോ യാദൃച്ഛികത. മറുവശത്ത് മതപരമായ അന്വേഷണവും ഉണ്ട്. റിലീജിയസ്സായ അന്തരീക്ഷത്തിലായിരുന്നു ജീവിച്ചത്. യാഥാസ്ഥിതിക കുടുംബമായിരുന്നു. അപ്പോൾ ആ വശത്തും ഒരുപാട് അന്വേഷണ സാധ്യതകളുണ്ട്. അത്തരം സംവാദങ്ങളൊക്കെ സുഹൃത്തുക്കളുമായി നടത്താറുണ്ടായിരുന്നു. മടപ്പള്ളി കോളേജിൽ സുവോളജിയിലായിരുന്നു ഡിഗ്രി. ഡിഗ്രി അവസാന വർഷം തന്നെ പി.ഡബ്ല്യു.ഡിയിൽ എൽ.ഡി ക്ലാർക്കായി പി.എസ്.സി. വഴി ജോലിയും കിട്ടി. അതിന്റെ സുഖവും സന്തോഷവും ഒക്കെ ഉണ്ടായിരുന്നെങ്കിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എ ഫിലോസഫി നോട്ടിഫിക്കേഷൻ വന്നപ്പോൾ അയക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് യൂണിവേഴ്‌സിറ്റിയിൽ എത്തുന്നത്. എന്റെ ഉല്‍ക്കണ്ഠകളും രീതികളുമൊക്കെയായി ചേർന്നുപോകുന്ന പാഠ്യപദ്ധതിയുമായിരുന്നു. ഇന്ത്യൻ ഫിലോസഫി, യൂറോപ്യൻ ഫിലോസഫി, ലോജിക്ക്, ഇസ്‌ലാമിക് ഫിലോസഫി, അങ്ങനെ. ശാസ്ത്രം പഠിക്കുമ്പോൾ പലപ്പോഴും അതൊരു തീർപ്പാണ്. പക്ഷേ, ഫിലോസഫി അന്വേഷിച്ചുകൊണ്ടേയിരിക്കലാണ്. 1977 കാലമാണ്. നാട്ടിൽ അസ്തിത്വവാദത്തെക്കുറിച്ചുള്ള ചർച്ചകളുടെ കാലംകൂടിയായിരുന്നു അത്. സിലബസിന് പുറത്ത് എൻഗേജ് ചെയ്യാനുള്ള ഒരു ത്വരയും സാഹചര്യവും ഉണ്ടായിരുന്നു. തീവ്ര മാർക്സിസ്റ്റ് ചിന്തകളുള്ള ആളുകൾ ചുറ്റിലുമുണ്ടായിരുന്നു. തീവ്ര ഇടതുപക്ഷത്തിന്റെ കാലം കൂടിയായിരുന്നല്ലോ. അതിന്റെ സാന്നിധ്യവും ചർച്ചയും അവരുടെ സംവാദങ്ങളുമൊക്കെ ഒരുവശത്ത് നടക്കുന്നുണ്ട്. അങ്ങനെ പലരീതിയിൽ ചിന്തകളെ വികസിപ്പിക്കാൻ പറ്റിയ സാഹചര്യമായിരുന്നു. വായനയിലും നല്ല വൈപുല്യവും ആഴവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. മനുഷ്യന്റെ സാമ്പ്രദായിക മൂല്യവ്യവസ്ഥയെ മറികടക്കണമെങ്കിൽ ദാർശനികമായ ഒരു പരിസരത്തിലേക്ക് പ്രവേശിക്കണം എന്നൊരു ചിന്തയിൽ എത്തിച്ചേർന്നിരുന്നു അക്കാലത്ത്.
ഫിലോസഫി വിശാലമായ ഒരു വിഷയമാണ്. മാർക്സിയൻ ഫിലോസഫിയിലേക്ക് എത്തുന്നത് എങ്ങനെയാണ്. അന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സാഹചര്യങ്ങൾ സ്വാധീനിച്ചിരുന്നോ?
ഫിലോസഫിയുടെ ചരിത്രത്തിലുടനീളം തന്നെ ഭൗതികവാദവും ആത്മീയവാദവും തമ്മിലുള്ള ഒരു സംഘർഷമുണ്ട്. മാർക്സിസത്തിൽ എത്തിയപ്പോൾ വേറൊരു രീതിയിൽ ഇതിന്റെ ഒരു സമന്വയമാണ്. ഫ്രെഞ്ച് ഫിലോസഫറായ ലൂയിസ് അൽത്തൂസറൊക്കെ പറയുന്ന എപ്പിസ്റ്റമോളജിക്കൽ ബ്രേക്ക് അവിടെ കണ്ടെത്താൻ കഴിഞ്ഞു. മറ്റു ദർശനങ്ങളൊക്കെ ഇരുട്ടിൽ തപ്പുന്നതുപോലെയാണ്. അന്വേഷണാത്മകത ഉണ്ടാവും. പക്ഷേ, കൃത്യതയിൽ ഫോക്കസ് ചെയ്യാൻ കഴിയാത്ത അവസ്ഥ. ഫ്രെഡറിക് ഹെഗലിനെ എടുത്താൽ വലിയ പണ്ഡിതനായിരുന്നു. ഹെഗലില്ലെങ്കിൽ മാർക്സില്ല. പക്ഷേ, ഭരണകൂടത്തെക്കുറിച്ച് ഹെഗലിന് ഒരു വ്യക്തതയില്ല. അത് ദൈവത്തിന്റെ ഒരു പ്രകടനമാണ് എന്നാണ്. അതിഭൗതികമായ ഒന്നിലേക്ക് എത്തിക്കുന്നതല്ലാതെ മറ്റൊരു രീതിയിൽ അഡ്രസ് ചെയ്യാൻ അദ്ദേഹത്തിനു പറ്റുന്നില്ല. സാമൂഹ്യപ്രശ്നങ്ങൾ പ്രധാനമാണല്ലോ. ദാരിദ്ര്യം, കഷ്ടപ്പാട് ഒക്കെ നമ്മൾ നേരിട്ട് കാണുന്നുണ്ട്. വേണമെങ്കിൽ അതൊക്കെ വിധിയാണെന്ന് വിചാരിച്ച് നടക്കാം. പക്ഷേ, അത് പരിഹരിക്കപ്പെടില്ല. മാർക്സ് മുന്നോട്ടുവെച്ച ആശയങ്ങൾ അത്തരത്തിലുള്ളതായിരുന്നു.
ഞാൻ ഒരു മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനത്തിന്റേയോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റേയോ ഭാഗമായിരുന്നില്ല. പക്ഷേ, വായിക്കാനും പഠിക്കാനുമുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. പുസ്തകങ്ങളും പത്രങ്ങളും കിട്ടും. അങ്ങനെയൊരു വായനയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. അന്ന് യൂണിവേഴ്‌സിറ്റിയിലൊക്കെ തീവ്ര ഇടതുപക്ഷക്കാരായിരുന്നു കൂടുതൽ. ഇടതുപക്ഷത്തുള്ളവരുമുണ്ട്. അവരുടെ വായനയും ഇടത് ചിന്തകളുള്ള പുസ്തകങ്ങളായിരുന്നു. അത്തരം ആളുകളുമായുള്ള ഇടപെടലുകൾ എന്റെ ചിന്തയേയും സ്വാധീനിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റേയോ അതുമായുള്ള ബന്ധങ്ങളുടേയോ അടിസ്ഥാനത്തിലല്ല മാർക്സിയൻ ഫിലോസഫിയിലേക്ക് എത്തുന്നത്. ധൈഷണികമായ അന്തരീക്ഷവും ആ അന്തരീക്ഷത്തോട് ഇണങ്ങുന്ന ആളുകളുമായിരുന്നു പ്രധാനം.
സർഗാത്മകതയും സ്വാതന്ത്ര്യവും മാർക്സിയൻ കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ വിഷയം. മാർക്സിസവും സർഗാത്മകതയും എന്നതിൽത്തന്നെ ഒരു വൈരുദ്ധ്യമില്ലേ?
ഏത് ഇസത്തിലും അങ്ങനെയാണ്. മതംപോലെ തന്നെയാണ്. അതിന്റെ ഉപരിതലത്തിലാണെങ്കിൽ മനുഷ്യന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ പറ്റില്ല. പക്ഷേ, അതിന്റെ അഗാധതയിലെത്തിയാൽ ഇതൊന്നും ഒരു പ്രശ്നമല്ല. അവിടെ എല്ലാവരേയും ഒരുപോലെ കാണാൻ പറ്റും. അതിന്റെ അതിരുകളെല്ലാം മാഞ്ഞുപോകും. അതുപോലെ തന്നെയാണ് ഇതും. മാർക്സിസം അതിന്റെ അഗാധതയിൽ ഉൾകൊള്ളാൻ പറ്റിയ ഒരാൾക്ക് ഇതൊന്നും പ്രശ്നമല്ല. സർഗാത്മകത എന്നു പറയുന്നത് ബഹുസ്വരമായിട്ടുള്ള ഒരു ലോകമാണല്ലോ. എല്ലാവരും ഒരു പൂവ് ഒരേപോലെ വരച്ചാൽ അത് സർഗാത്മകത ആവില്ലല്ലോ. വൈവിധ്യം ആണല്ലോ കലയുടെ അടിസ്ഥാനം. അത് മാർക്സിസത്തിൽ കണ്ടെത്തുക എന്നത് ഒരു അനിവാര്യതയാണ്. കലയുടേയും സാഹിത്യത്തിന്റേയും മണ്ഡലത്തിൽ തിയററ്റിക്കലി മാർക്സിസം ഏത് പൊസിഷനാണ് എടുക്കുന്നത് എന്നതായിരുന്നു അന്വേഷണം. കലയെ ആ രീതിയിൽ വ്യാഖ്യാനിച്ച മറ്റൊന്നും ഇപ്പോഴും ഞാൻ കാണുന്നില്ല. കലയുടെ ഉദ്ഭവം, വളർച്ച, വികാസം, അതിന്റെ നാശം എന്നിങ്ങനെ അതൊരു പ്രോസസ് ആണ്. അത് കാര്യകാരണ സഹിതം നമുക്ക് വിവരിക്കാൻ പറ്റണം. മാർക്സിനുപോലും ഉണ്ടായിരുന്നു ആ അങ്കലാപ്പ്. ഗ്രീക്ക് കലയെക്കുറിച്ചൊക്കെ പറയുമ്പോൾ grundrisse എന്ന കൃതിയിൽ ആ ഉല്‍ക്കണ്ഠ പങ്കുവെയ്ക്കുന്നുണ്ട്. മുഴുവൻ കാര്യങ്ങളും മാർക്സിന് പരിഹരിക്കാനൊന്നും പറ്റിയിട്ടില്ല. പിന്നീട് മാർക്സിസ്റ്റ് ദാർശനികർ മാർക്സിനു പറ്റാത്തത് മാർക്സിസ്റ്റ് രീതിശാസ്ത്രം ഉപയോഗിച്ച് പരിഹരിച്ചിട്ടുണ്ട്.
ക്രിയേറ്റിവിറ്റി എന്നത് വളരെ ഐഡിയലൈസ് ചെയ്തിട്ടാണ് ഫിലോസഫിയിലൊക്കെ കാണാൻ കഴിയുക, ഭാരതീയ ചിന്തകളിലായാലും യൂറോപ്യൻ ചിന്തകളിലായാലും. പ്ലാറ്റോ മുതൽ ഇങ്ങോട്ട് നമ്മൾ നോക്കിക്കഴിഞ്ഞാൽ അതിലൊക്കെ മെറ്റാഫിസിക്കലായ വ്യാഖ്യാനങ്ങളാണ്. അതിൽനിന്നു വിഭിന്നമായി ഇതിന് ഹിസ്റ്റോറിക്കലായും മെറ്റീരിയലിസ്റ്റിക്കായും ഉള്ള വിശകലനം മാർക്സിയൻ കാഴ്ചപ്പാടിൽ ഉണ്ട്.
കേരളത്തിൽ മാർക്സിയൻ ഫിലോസഫിയുടെ അവസ്ഥ എന്തായിരുന്നു. തത്ത്വചിന്താപരമായ അടിത്തറ ഉണ്ടായിരുന്നോ?
കേരളത്തിൽ പൊതുവെ ഫിലോസഫി എന്ന ജ്ഞാനശാഖ അന്നും ഇന്നും ദുർബലമാണ്. സാക്ഷര കേരളം എന്നതിലേക്ക് എത്തുന്നത് തന്നെ വളരെ വൈകിയാണ്. അതിനു മുന്‍പ് ലിറ്ററസി ഉണ്ടായിരുന്നെങ്കിലും വളരെ പരിമിതമായിരുന്നു. സ്വാതന്ത്ര്യസമരത്തോടൊപ്പവും നാഷണലിസ്റ്റ് മൂവ്‌മെന്റുകൾക്കൊപ്പവുമാണ് കേരളം തന്നെ രൂപപ്പെടുന്നത്. അതിനുമുന്‍പ് കൊച്ചി, തിരുവിതാംകൂർ എന്നൊക്കെയായിരുന്നു. 19-ാം നൂറ്റാണ്ടിലാണ് ഇന്നു കാണുന്ന മാറ്റങ്ങളൊക്കെ ഉണ്ടായിവരുന്നത്.
അതിലൊന്നും ദാർശനികമായ ഒരു അന്വേഷണം പൊതുവെ കാണില്ല. തത്ത്വചിന്ത വേറിട്ടൊരു ജ്ഞാനശാഖ എന്ന നിലയിൽ നമുക്കു കാണാൻ കഴിയില്ല. കൊളോണിയൽ മോഡേണിറ്റിയുടെ ഭാഗമായി വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ലോജിക്ക് പഠിപ്പിക്കുന്ന രീതി തുടങ്ങിയിരുന്നു. എന്നാൽ, അവിടേയും തത്ത്വചിന്ത എന്ന രീതിയിൽ അത് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തതായി കാണുന്നില്ല. മതപരമായി ചിലയിടങ്ങളിൽ നടന്നിട്ടുണ്ട്. പക്ഷേ, അതിനു പരിമിതിയുണ്ടായിരുന്നു. മതത്തിന് അതിന്റെ ചുറ്റുവട്ടത്തിന് അപ്പുറം കടക്കാൻ കഴിയില്ല. അവിടെ മുട്ടിനിൽക്കും അന്വേഷണങ്ങളൊക്കെ. അങ്ങനെയായിരുന്നു സാഹചര്യം. ഫിലോസഫി പൊതുമണ്ഡലത്തിൽ സംവാദത്തിലേക്ക് കുറച്ചെങ്കിലും വരുന്നത് അസ്തിത്വവാദത്തിന്റെ ഭാഗമായിട്ടാണ്. അസ്തിത്വവാദം സാഹിത്യത്തിലേക്കൊക്കെ വരാൻ തുടങ്ങിയിരുന്നു. എം. മുകുന്ദൻ, ഒ.വി. വിജയൻ, കാക്കനാടൻ എന്നിവരുടെയൊക്കെ രചനകളിൽ വരുന്നുണ്ട്. അന്ന് സാർത്രിനെക്കുറിച്ചുള്ള ചെറിയ മലയാള പുസ്തകം ഇറങ്ങിയത് ഓർക്കുന്നു. 1976-’77 കാലത്താണ്. സാഹിത്യത്തിലൂടെയുള്ള വായനയല്ലാതെ പൊതുമണ്ഡലത്തിൽ തത്ത്വചിന്തയെക്കുറിച്ചുള്ള സംവാദമോ അന്വേഷണമോ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് മാർക്സിസ്റ്റ് ചിന്തയിൽ കുറച്ച് അന്വേഷണങ്ങളൊക്കെ വന്നു. പക്ഷേ, അതും ഫിലോസഫിക്കലായി വികസിപ്പിക്കാൻ പൊതുവിൽ ആളുകൾക്ക് താല്പര്യമുണ്ടായിരുന്നില്ല. കെ. വേണുവിന്റെ ‘വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ’ എന്ന പുസ്തകത്തിൽ ചില അന്വേഷണങ്ങളൊക്കെ ഉണ്ടായിരുന്നു. ബേസിക്കലി സോവിയറ്റ് പുസ്തകങ്ങളാണ് അതൊക്കെ. ഉദാഹരണത്തിന് അതിന്റെ ആദ്യഭാഗത്തുള്ള ഫിലോസഫി നോക്കിയാൽ ഇല്ല്യങ്കോവിന്റെ ‘ഡയലക്ടിക്കൽ ലോജിക്ക്’ എന്ന പുസ്തകത്തിൽ പറയുന്നതാണ്. അക്കാദമിക്കായി പഠിച്ച ഒരാൾക്ക് അതിനൊരു പുതുമ കിട്ടില്ല. സാധാരണ വായനക്കാർക്ക് കിട്ടുമായിരിക്കും. ഞാനൊക്കെ എഴുതി തുടങ്ങുമ്പോൾ അത് വലിയ പ്രശ്നമായിരുന്നു. ലിറ്ററേച്ചർ ഭാഷയ്ക്കപ്പുറം ഫിലോസഫി എഴുതാനുള്ള ഒരു ഭാഷ വേണമല്ലോ. അത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സി.പി.എമ്മുമായി ബന്ധപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?
കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയിൽ മെമ്പർ ആയിരുന്നു. 25 വയസിൽത്തന്നെ ഞാൻ കോളേജ് അദ്ധ്യാപകനായിരുന്നു. നാട്ടിൽ പുരോഗമന കലാസാഹിത്യ സംഘവും ഫിലിം സൊസൈറ്റി പ്രവർത്തനവും സജീവമായിരുന്നു. ഇടതുമായി ഒരു ബന്ധം അന്നേ ഉണ്ടായിരുന്നു. വായനയൊക്കെ അത്തരത്തിലുള്ളതായിരുന്നു. ഇടത് എന്നു പറയുമ്പോൾ ഒരു പ്രത്യേക സംഘടന എന്ന നിലയിലല്ല ഞാൻ കണ്ടത്.
കോളേജ് അദ്ധ്യാപക സംഘടനയിൽ സി.പി.എമ്മും സി.പി.ഐയും ഇതൊന്നുമല്ലാത്തവരും ഉൾപ്പെടുമെങ്കിലും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ഒരു സംഘടനയാണത്. അതുപോലെ തന്നെ പു.ക.സയും. വിശാലമാണ് എന്നു പറയാറുണ്ടെങ്കിലും സി.പി.എം നിയന്ത്രണത്തിൽ തന്നെയാണ്. സാംസ്കാരികവേദി ഇല്ലാതായ സമയത്ത് അതിലുള്ള ആളുകളൊക്കെ പു.ക.സയിൽ ഉണ്ടായിരുന്നു. സച്ചിദാനന്ദനും ബി. രാജീവനുമൊക്കെ പു.ക.സയുടെ ഭാരവാഹികളായിരുന്നു ഒരു കാലത്ത്. ബി. രാജീവൻ സംഘടന വിട്ട സമയത്ത് ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ പൊരുത്തപ്പെടാൻ പറ്റാത്ത കാര്യങ്ങൾ കൊണ്ടാണെന്നാണ് പറഞ്ഞത്. അദ്ദേഹം ഉപയോഗിച്ച വാക്ക് മീഡിയോക്കർ എന്നായിരുന്നു. മീഡിയോക്കറായ കാര്യങ്ങൾ ബഹുജന പ്രസ്ഥാനങ്ങളിലെല്ലാം ഉണ്ടാവും എന്നു ഞാൻ പറഞ്ഞു.
അതുകൊണ്ടുമാത്രം നമുക്ക് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ. ഐഡിയോളജിക്കലി നമുക്ക് ഉപേക്ഷിക്കാം. അത് വേറെ കാര്യം. ധൈഷണികമായ ഇടപെടൽ ശേഷിയുള്ള ആളുകൾ മാറി നിൽക്കുമ്പോഴാണ് ഏത് പ്രസ്ഥാനവും കൂടുതൽ കൂടുതൽ ദുർബലമായി പോകുക. അവർ കൂടി ഇതിന്റെ ഭാഗമായി നിൽക്കുമ്പോൾ ഒരു പരിധിവരെ ഒരു ഉദ്ഗ്രഥനം നടക്കും. ഇമ്മീഡിയറ്റ് റിയാലിറ്റി മാത്രം അഡ്രസ് ചെയ്ത് കുറേയാളുകൾ നിൽക്കുകയും അതുതന്നെ തിയറൈസ് ചെയ്യുകയും ചെയ്യുന്നതിൽനിന്നു വ്യത്യസ്തമായി കുറച്ചുകൂടി ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ കാണുകയും പറയുകയും ചെയ്യുന്ന ആളുകൾ വേണം. ലോകത്തെല്ലായിടത്തും അത് ഉണ്ട്.
ലെഫ്റ്റ് ദുർബലമാണ് എന്നു പറയുമ്പോഴും യൂറോപ്പിലൊക്കെ പലരീതിയിലുള്ള ഇടപെടൽ ഇപ്പോഴും ഒരുവശത്ത് ഉണ്ട്. ഇറ്റലിയിൽ വേൾഡ് ഫിലോസഫി കോൺഗ്രസ്സിന്റെ ഭാഗമായി പോയിരുന്നു. തീവ്ര വലതുപക്ഷമായ മെലൊണിയുടെ ഭരണമാണ് അവിടെ. പക്ഷേ, അവിടെ കാണാൻ കഴിഞ്ഞത് ഒരുവശത്ത് ഗ്രാംഷിയുടെ എക്സിബിഷൻ നടക്കുന്നു. വംശീയതയെ നേരിടുന്ന എഴുത്തുകളാണല്ലോ അന്റോണിയോ ഗ്രാംഷിയുടേത്. ആ പ്രദർശനത്തിൽ മുഴുവൻ അവിടത്തെ ഭരണകൂടത്തിനെതിരെയുള്ള കാര്യങ്ങളാണ് എന്നു നമുക്കു മനസ്സിലാകും.
മാർക്സിസത്തിന്റെ സെമിനാറിലെ പങ്കാളിത്തം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ഡേവിഡ് മെക്‌ലെനെപ്പോലുള്ള ആളുകൾ സജീവമായി പങ്കെടുക്കുന്നു. 80 വയസ് കഴിഞ്ഞെങ്കിലും ലണ്ടനിൽനിന്ന് യാത്രചെയ്ത് അവിടെയെത്തി മാർക്സിസത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ്. ചൈനയിൽനിന്നുള്ള നിരവധി യുവ ഗവേഷകർ. ചൈനയുടെ വികസനവും അതിന്റെ പരിമിതിയും ഒരു വശത്ത് നമ്മൾ ചർച്ച ചെയ്യുമ്പോൾ തന്നെ മാർക്സിസ്റ്റ് ചിന്തയിൽ നല്ല പ്രതിബദ്ധതയുള്ള ഗവേഷകരായിരുന്നു അവർ. യൂറോപ്യൻ സംഗതികളെ വേറൊരു രീതിയിൽ കൗണ്ടർ ചെയ്യാൻ മാർക്സിസത്തിന് ഇനിയും സാധ്യതകളുണ്ട് എന്നു വാദിക്കുന്നവരാണ്. അതുപോലെത്തന്നെ ജപ്പാനിൽനിന്നുള്ളവരും.
ഇപ്പോൾ ഇതൊന്നും പറയാൻ ഒരാളും ലോകത്തുണ്ടാവില്ല എന്നു സംശയിച്ചുനിൽക്കുന്ന സമയത്താണ് ഇതെന്നെ അദ്ഭുതപ്പെടുത്തുന്നത്. മാർക്സിസത്തിന് ഇപ്പോഴും വേറിട്ടൊരു ഇടം നിലനിൽക്കുന്നുണ്ട്. അതിന്റെ സൈദ്ധാന്തിക സാധ്യത അങ്ങനെ എളുപ്പം അവസാനിക്കില്ല. പല കാര്യങ്ങളും വ്യാഖ്യാനിക്കുന്നതിൽ മാർക്സിസത്തിനു വലിയ റോളുണ്ട്. സൊസൈറ്റിയിൽ ചൂഷണത്തിന്റെ അടിസ്ഥാനം എന്നത് മുതലാളിത്തമാണല്ലോ. ആരോഗ്യരംഗത്തായാലും പ്രകൃതിയുടെ കാര്യത്തിലായാലും ആഗോളതാപനമായാലും ഇതിലെല്ലാം മുതലാളിത്തത്തിന് സൂക്ഷ്മമായി ബന്ധമുണ്ട്. ഇതിലൊക്കെ പരിമിതമായ സംവാദങ്ങളെങ്കിലും നടക്കണ്ടെ. ഇതിനെയൊക്കെ പരിമിതമായെങ്കിലും പ്രതിരോധിക്കണമെങ്കിൽ ബദലുകൾ വേണം. അത് ഏതെങ്കിലും പാർട്ടയാവണമെന്നോ സംഘടനയാവണമെന്നോ നിർബന്ധമില്ല. പക്ഷേ, സൈദ്ധാന്തികമായെങ്കിലും ഇത് അന്വേഷണത്തിന്റെ മണ്ഡലത്തിൽ നിലനിൽക്കുന്നില്ലെങ്കിൽ പഴയതുപോലെ അനുഷ്ഠാനപരതയിൽ മാത്രം ജീവിച്ച് എല്ലാം വിധിയാണ് എന്നു വിചാരിച്ച് മനുഷ്യർ ജീവിച്ചുപോകും.
മുസ്‌ലിങ്ങൾക്ക് മാർക്സിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം എങ്ങനെയായിരുന്നു അക്കാലത്ത്, പ്രത്യേകിച്ച് മലബാറിൽ?
താരതമ്യേന കുറവായിരുന്നു എന്നു പറയാം. അതേസമയത്ത് കമ്യൂണിസ്റ്റ് മൂവ്‌മെന്റുകളുടെ ആവിർഭാവകാലത്ത് ധാരാളം ആളുകളുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽത്തന്നെ ഏറെപ്പേർ ഉണ്ടായിരുന്നു. കോഴിക്കോട്ടും കടലോരഭാഗത്തുമൊക്കെയുള്ള തൊഴിലാളികൾ ഇതിന്റെ ഭാഗമായിരുന്നു. അതിന്റെ തുടർച്ചകൾ ഇപ്പോഴും കാണാം. പിന്നീട് അതിന്റെ സാന്നിധ്യം ദുർബലമായതിന് രണ്ട് കാരണങ്ങളാണ് എനിക്കു തോന്നുന്നത്. ഒന്ന് ഗൾഫ് എക്കണോമിയുമായി ബന്ധപ്പെട്ടാണ്. രണ്ടാമത്തേത് സോവിയറ്റ് യൂണിയൻ തകരുകകൂടി ചെയ്തപ്പോൾ ഇതിന്റെ കാലം കഴിഞ്ഞു എന്നൊരു തോന്നലുണ്ടായി. അതിൽ ആളുകളെ കുറ്റം പറയാൻ പറ്റില്ല. വലിയ പ്രതീക്ഷവെച്ച് പുലർത്തിയ ഒരു സംഭവമായിരുന്നു. ലോകത്ത് കൗണ്ടർ ഫോഴ്‌സ് ആണ് എന്നു വിചാരിക്കുന്ന സാധനം പെട്ടെന്ന് വീഴുമ്പോൾ ഇനിയിതിൽ രക്ഷയില്ല എന്ന് ആളുകൾക്കു തോന്നാം. അത് മുസ്‌ലിം സമുദായത്തിനെ മാത്രമല്ല, പൊതുവെ സമൂഹത്തിനെ ബാധിച്ചിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ ഒരു പ്രത്യകത ബോധ്യമായ സംഗതിയിൽ നിൽക്കുക എന്നതാണ്. റിലീജിയസായ ശീലങ്ങളിൽനിന്നു കിട്ടുന്നതായിരിക്കാം ആ പ്രത്യേകത.
ഇടതുപക്ഷത്തെ സംബന്ധിച്ചുള്ള ബോധ്യത്തിൽ മാറ്റം വന്നത് സ്വാഭാവികമായും ബാധിച്ചിട്ടുണ്ടാകും. പിന്നീടത് ഒരു പരിധിവരെ തിരുത്തപ്പെട്ടത് ആഗോള രാഷ്ട്രീയത്തിൽ വന്ന ചില പ്രശ്നങ്ങളാണ്. ഗൾഫ് യുദ്ധം, ഇറാഖ് യുദ്ധം തുടങ്ങിയവപോലുള്ളത്. അമേരിക്കൻ അധിനിവേശത്തിന് വിധേയരാകുന്ന ജനങ്ങളോടൊപ്പമാണ് മുസ്‌ലിം കമ്യൂണിറ്റി. അത് സാമ്രാജ്യത്വ വിരോധംകൊണ്ട് മാത്രം ആകണമെന്നില്ല. മുസ്‌ലിങ്ങൾ കൂടുതലുള്ളതുകൊണ്ടോ അവിടെ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതുകൊണ്ടോ അങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം. അതിലൊക്കെ ഇടതുപക്ഷമാണ് മുന്നിൽ വരുന്നത്. കേരളത്തിൽ കോൺഗ്രസ്സോ മറ്റേതെങ്കിലും പാർട്ടിയോ ഇത്തരത്തിലുള്ള സോഷ്യൽ മൂവ്‌മെന്റുകൾ നടത്തിയതായി കാണാൻ കഴിയില്ല. യാസർ അറഫാത്ത് ഡൽഹിയിൽ വരികയും രാജീവ് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അടിത്തട്ടിൽ കോൺഗ്രസ് അതൊന്നും ഒരു വിഷയമായി ഏറ്റെടുത്തിരുന്നില്ല.
അതേസമയം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങളിൽ ഐക്യപ്പടുന്നുമുണ്ട്. ഇത് സ്വാഭാവികമായും മുസ്‌ലിം കോമൺസെൻസിൽ ഇതിനോട് താതാത്മ്യപ്പെടാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതായി കാണാൻ കഴിയും. ഗുരുവായൂരിൽ പി.ടി. കുഞ്ഞുമുഹമ്മദ് ജയിക്കുന്നതൊക്കെ നോക്കിക്കഴിഞ്ഞാൽ നമുക്കത് മനസ്സിലാക്കാം. അദ്ദേഹം വലിയ പാർട്ടിക്കാരനൊന്നുമായിരുന്നില്ല. അങ്ങനെ തെരഞ്ഞെടുപ്പുകളിലൊക്കെ നോക്കിക്കഴിഞ്ഞാൽ ഇത്തരം കാര്യങ്ങൾ കാണാൻ പറ്റും. മുസ്‌ലിങ്ങൾ മുഴുവൻ ആന്റി ലെഫ്റ്റ് ആയിരുന്നു എന്നു ഞാൻ കരുതുന്നില്ല. ഇപ്പോഴും അല്ല. അതേസമയം പരിമിതികളുണ്ടാവാം. ഗൾഫ് ഇക്കോണമിയുടെ ഭാഗമായി സമ്പന്നമാവുമ്പോൾ അവരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ആശ്രയത്വത്തിന്റെ ആവശ്യമില്ല എന്ന രീതിയിലേക്കും കാര്യങ്ങൾ മാറി.
തിയററ്റിക്കലി റിലീജിയനും ഇതുമായി യോജിക്കുമോ എന്നൊന്നും ആരും അക്കാലത്ത് അന്വേഷിച്ചിരുന്നില്ല. അതൊരു വിഷയവും ആയിരുന്നില്ല. അതൊക്കെ പിന്നീട് ശരീഅത്ത് വിവാദമൊക്കെ വരുന്ന കാലത്താണ് ചർച്ചയാവുന്നത്.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം ഏതൊക്കെ ധാരകളിലൂടെയാണ് വികസിച്ചുവന്നത് എന്നാണ് പറയാൻ കഴിയുക?
കേരളത്തിൽ ഭൂരിപക്ഷവും സുന്നി മുസ്‌ലിങ്ങളാണ്. അതിനകത്തേക്കാണ് മുജാഹിദ്, സലഫി പ്രസ്ഥാനങ്ങൾ കടന്നുവരുന്നത്. പരിഷ്‌കരണ പ്രസ്ഥാനമായിട്ടാണ് അത് വരുന്നത്. പരിഷ്‌കരണ പ്രസ്ഥാനം എന്നു പറയുമ്പോൾ യുവാക്കളെയൊക്കെ ആകർഷിക്കും. കാരണം സ്ത്രീകൾക്ക് പള്ളിയിൽ പോകാം. സുന്നികളുടെ ഒരു രീതിവെച്ച് സ്ത്രീകൾ പള്ളിയിൽ പോയി ശീലിച്ചിട്ടില്ല. അതുപോലെ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണം അറബി ഭാഷയിലാണ്. അവിടെ നടക്കുന്നത് ഇവിടെ പകർത്തുന്നു എന്നേ ഉള്ളൂ. ഇവിടെ അതിന്റെ ആവശ്യമില്ല, മലയാളത്തിൽ പറഞ്ഞാൽ മതി എന്നാണ് ഇവരുടെ ആവശ്യം. ഇത് കുറച്ചുകൂടി റാഷണലായി ആളുകൾക്ക് ഫീൽ ചെയ്യും. അങ്ങനെയാണ് പരിമിതമാണെങ്കിലും ആളുകൾ അതിലേക്ക് എത്തുന്നത്.
1957-ൽ കമ്യൂണിസ്റ്റ് സർക്കാർ വന്നപ്പോഴുണ്ടായ വലിയ പ്രചാരണം കമ്യൂണിസ്റ്റുകൾ വന്നാൽ മതമുണ്ടാവില്ല, ദൈവമുണ്ടാവില്ല, പള്ളിയുണ്ടാവില്ല, വിശ്വാസമുണ്ടാവില്ല എന്നൊക്കെയായിരുന്നു. യഥാർത്ഥത്തിൽ പള്ളി കെട്ടാനുള്ള അനുമതി ലഭിക്കുന്നത് തന്നെ ബ്രഹ്മസ്വം എന്നതിൽനിന്ന് മാറിയതിനു ശേഷമാണ്. അതിനുമുന്‍പ് സ്വത്തിന്റെ അവകാശം ബ്രാഹ്മണർക്ക് മാത്രമായിരുന്നു. എത്ര പരിമിതിയുണ്ടെങ്കിലും ഭൂപരിഷ്‌കരണമാണ് എല്ലാവർക്കും ഈ ഭൂമിയിൽ അവകാശമാവാം എന്ന സാഹചര്യം ഒരുക്കുന്നത്.
1957-ൽ ആന്റി കമ്യൂണിസ്റ്റ് മൂവ്‌മെന്റായിരുന്നു ഇവിടെ. ചെറിയൊരു സംസ്ഥാനമാണെങ്കിലും ആധികാരികമായി പല രേഖകളിലും കാണുന്നത് ഇത് പൊളിക്കാൻവേണ്ടി ഇന്റർനാഷണലി ശ്രമങ്ങൾ നടന്നിരുന്നു എന്നാണ്. സി.ഐ.എയുടെ ഇടപെടൽ കെട്ടുകഥയൊന്നുമല്ലല്ലോ. മുതലാളിത്തം എപ്പോഴും ഭയപ്പെടുന്നത് കമ്യൂണിസത്തെയാണ്. ഇവിടുത്തേത് യഥാർത്ഥ കമ്യൂണിസമാണോ എന്നതൊക്കെ വേറെ വിഷയമാണ്. കമ്യൂണിസം നമ്മുടെ ഭാവനയിൽ ഇതൊന്നുമായിരിക്കണമെന്നില്ല. പല രാജ്യങ്ങളിലും നിലനിൽക്കുന്ന കമ്യൂണിസത്തെ അവർ ഭയപ്പെടുന്നു എന്നതാണ്. അതുപോലും അവരെ സംബന്ധിച്ച് ഭീഷണിയാണ്.
1957-’59 കാലത്ത് ഇവിടെ ജാതിസംഘടനകളേയും മതസംഘടനകളേയും ഐക്യപ്പെടുത്തിയത് ഇത് മതവിരുദ്ധമാണ് എന്ന നിലയിലാണ്. ജാതി എന്നത് അന്ന് മതം തന്നെയാണ്. പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന് മുദ്രാവാക്യം ഉയർത്തിയവരാണല്ലോ എൻ.എസ്.എസ്. ഇന്ന് മന്നത്തിന്റെ ദിനമൊക്കെ പുരോഗമനവാദികൾ ആചരിക്കുന്നത് കാണാറുണ്ട്. അവരുയർത്തിയ മുദ്രാവാക്യം ജനാധിപത്യവിരുദ്ധമായിരുന്നു. അത്തരം ജനാധിപത്യവിരുദ്ധ വ്യവസ്ഥയ്ക്കുവേണ്ടി വാദിക്കുന്ന ആളുകളൊക്കെ ഐക്യപ്പെടുകയായിരുന്നു. 1967 വരെ പിന്നീട് ഇടതുപക്ഷത്തിന് മേൽക്കൈ നേടാൻ കഴിഞ്ഞിരുന്നില്ല. ’67-ൽ മുസ്‌ലിംലീഗിനേയും കൂടി ചേർത്താണ് വരുന്നത്. അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി വളരെ സമർത്ഥമായി മുസ്‌ലിംലീഗിനെ അടർത്തിയെടുത്തു. അങ്ങനെയാണ് സപ്തമുന്നണിയുണ്ടാക്കുന്നത്. മുസ്‌ലിംലീഗ് ഇതിന്റെ ഭാഗമാകുമ്പോൾ മുസ്‌ലിം കമ്യൂണിറ്റിയുമായുള്ള ഒരു അകലം കുറയ്ക്കാൻ സാധിച്ചു. പിന്നീട് നോക്കിക്കഴിഞ്ഞാൽ പള്ളികളിലൊന്നും ഒറ്റ പാർട്ടിക്കുവേണ്ടി പറയുന്ന ഒരു പ്രവണതയില്ല. ആ രീതിയിൽ മുസ്‌ലിം സമുദായം ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരുന്നു.
എന്താണ് സെക്യുലർ മുസ്‌ലിം? എത്രത്തോളം പ്രാതിനിധ്യമുള്ളതാണ് ഈ മുസ്‌ലിം സെക്യുലറിസം എന്നത്?
മുസ്‌ലിം സെക്യുലറിസം എന്ന് ഇപ്പോൾ നമ്മൾ പറയുന്നതിൽത്തന്നെ ഒരു അപാകതയുണ്ട്. മുന്‍പ് ഇത്തരത്തിൽ അപനിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാത്ത ഒരുകാലത്താണ് അത് പറഞ്ഞിരുന്നത്. ഖദറിടുന്നയാളെ ദേശീയ മുസ്‌ലിം എന്നൊക്കെ പറയും. നമ്മളൊക്കെ അങ്ങനെ പറയുകയും വിശ്വസിക്കുകയും അങ്ങനെ കാണുകയും ചെയ്തിട്ടുണ്ട്. അത് വ്യക്തിപരമായ പരിമിതിയൊന്നുമല്ല, സമൂഹത്തിലുണ്ടായ ഡൊമിനന്റ് ആയ ഒരു കാഴ്ചപ്പാടിന്റെ ഭാഗമായി നമ്മളും വളർന്നു എന്നതാണ്.
സെക്യുലർ മുസ്‌ലിം എന്നു പറയുമ്പോൾ മറ്റു മുസ്‌ലിങ്ങളൊക്കെ കമ്യൂണലാണ്, വർഗീയവാദികളാണ് എന്നൊരു മുദ്ര അറിയാതെ ചാർത്തുകയാണ്. നമ്മൾ ഇങ്ങനെ ബൈനറി പരിശീലിച്ചുപോയതുകൊണ്ട് ഇയാൾ സെക്യുലർ മുസ്‌ലിമാണ് മറ്റേയാൾ നോൺ സെക്യുലർ മുസ്‌ലിമാണ് എന്ന രീതിയിൽ പറയും. സെക്യുലർ ഹിന്ദു എന്നു നമ്മൾ പൊതുവെ പറയാറില്ല. എന്തുകൊണ്ട് സെക്യുലർ മുസ്‌ലിം എന്നു പറയുകയും സെക്യുലർ ഹിന്ദു എന്നു പറയാതിരിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞാൽ മുസ്‌ലിം എന്നതുതന്നെ ഒരു അപരനായി കാണുന്നു എന്നതു കൊണ്ടാണ്.
അപരവല്‍ക്കരണത്തിന്റെ തുടർച്ചയിലാണ് ഈ സെക്യുലർ മുസ്‌ലിം എന്ന പ്രയോഗം വരുന്നത്. അത് ഇന്നത്തെ സാഹചര്യത്തിൽ വളരെ അപകടകരമാണ്. കുറച്ചാളുകൾക്ക് ഭരണകൂടത്തോടൊപ്പം ചേർന്നു നിൽക്കാനും എന്തെങ്കിലും വിമർശിക്കുന്നയാളുകളെ മുഴുവൻ വളരെ പെട്ടെന്ന് അടയാളപ്പെടുത്തി തടവറയിലാക്കാനും കഴിയുന്നു. ഒരു ഹിന്ദുവിന് മതം പ്രാക്ടീസ് ചെയ്യുന്നതിൽ നമുക്ക് അസ്വാഭാവികത തോന്നാറില്ല. മറിച്ച് ഒരു മുസ്‌ലിം വീട്ടിലോ ക്രിസ്ത്യന് വീട്ടിലോ നിസ്കരിക്കുന്നതും കുരിശുവരക്കുന്നതും കാണുമ്പോൾ അതിനെ മതമായും വർഗീയമായും ചിന്തിക്കുന്നയാളുകളുണ്ട്. ഡി.വൈ.എഫ്.ഐയിലുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞ പ്രശ്നം കുറച്ച് മുസ്‌ലിം കുട്ടികൾ ഡി.വൈ.എഫ്.ഐയിലേക്ക് വന്നു. പക്ഷേ, വെള്ളിയാഴ്ച അവർ പള്ളിയിൽ പോകുന്നു എന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിൽക്കുന്ന മുഴുവൻ ആളുകളും ഐഡിയോളജിക്കലി പെർഫെക്ട് ഒന്നും ആകേണ്ടതില്ല. അങ്ങനെ ആവാനും കഴിയില്ല. പക്ഷേ, ഒരു കോർ ഗ്രൂപ്പ് ഉണ്ടാകണം. അതുപോലും ഇല്ലാതാവുമ്പോഴാണ് അത് ശുഷ്‌കമായി പോകുന്നത്.
പോസ്റ്റ് സെക്യുലർ എന്ന വിഷയത്തിൽ പാഠഭേദം ഒരു പതിപ്പിറക്കിയിരുന്നു. അതിൽ എന്നോട് ലേഖനം ചോദിച്ചിരുന്നു. ഞാൻ പറഞ്ഞത് പോസ്റ്റ് സെക്യുലറിസത്തിനോട് എനിക്ക് യോജിപ്പില്ല, സെക്യുലർ തന്നെയാണ് സൊസൈറ്റിയാവേണ്ടത് എന്നാണ്. സെക്യുലറിന്റെ ഡെഫിനിഷനിലാണ് നമ്മുടെ പ്രശ്നം, സെക്യുലർ എന്നാൽ, മതം ഉപേക്ഷിക്കുന്നതാണ് എന്ന് വിശ്വസിക്കേണ്ടതില്ല. വിശ്വാസം, മതം അതിന്റെ മൾട്ടിപ്ലിസിറ്റി എന്നിവ അംഗീകരിക്കാൻ കഴിയണം.
മൾട്ടി കൾച്ചറൽ സോഷ്യൽ എക്സിസ്റ്റൻസ് എന്ന യാഥാർത്ഥ്യം അംഗീകരിക്കുകയും അതേ സമയം തിയററ്റിക്കലി കൂടുതൽ ശരിയായത് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. ഞാൻ മതമുപേക്ഷിച്ചത് ഏതെങ്കിലും സംഘടനയെ ബോധ്യപ്പെടുത്താനോ ആളുകളെ ബോധിപ്പിക്കാനോ വേണ്ടിയായിരുന്നില്ല. ആരാധന നിർവഹിക്കണമെങ്കിൽ അതിൽ ഒരു കമിറ്റ്മെന്റ് വേണം. ഇതൊരു മിഥ്യാലോകമാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്ന് മനസ്സിലായതോടുകൂടി ഞാൻ അതിൽനിന്നും പുറത്തേയ്ക്ക് വന്നു. സ്വയം ബോധ്യമല്ലാത്ത കാര്യം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്.
എപ്പോഴാണ് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തേയും സമുദായത്തേയും കുറേക്കൂടി ആഴത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മനസ്സിലാക്കേണ്ടിയിരുന്നു എന്ന് മാഷിന് തോന്നി തുടങ്ങിയത്?
കമ്യൂണിസ്റ്റ് പാർട്ടി എന്നുള്ള അർത്ഥത്തിലല്ല ഞാനെന്റെ പുസ്തകങ്ങളിൽ പറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു തീരുമാനവും എന്റെ നിഗമനങ്ങളോ ആവിഷ്‌കാരങ്ങളോ ആയി ഒരു ഏറ്റുമുട്ടൽ നടന്നിട്ടില്ല. ഞാൻ എഴുതുന്നതിനെതിരായോ പറയുന്നതിനെതിരായോ എന്റെ പുസ്തകത്തിനെതിരായോ ഒരു തീരുമാനവും കമ്യൂണിസ്റ്റ് പാർട്ടി എടുത്തിട്ടില്ല. വ്യക്തി എന്ന നിലയിൽ അങ്ങനെയൊരു അനുഭവം ഉണ്ടാവുകയോ ആത്മനിഷ്ഠമായി അത്തരമൊരു തീരുമാനം എടുക്കുകയോ ചെയ്യേണ്ടിവന്നിട്ടില്ല. അതേസമയം മുസ്‌ലിം കമ്യൂണിറ്റിയെ അഡ്രസ് ചെയ്യുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി ശ്രദ്ധിച്ചിട്ടില്ല എന്നും പറയാൻ കഴിയില്ല. ഹെജിമണിക്കായ ഒരു സിസ്റ്റത്തിലാണല്ലോ ഇതൊക്കെ വർക്ക് ചെയ്യുന്നത്. ഉദാഹരണത്തിന് ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം വൈക്കം മുഹമ്മദ് ബഷീറിന് കൊടുത്തില്ല. അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്താണ്. അതിനേക്കാൾ ശ്രേഷ്ഠനായ എഴുത്തുകാരനൊന്നുമല്ല അത് കൊടുത്തത്. എന്നാൽ, തെറ്റ് മനസ്സിലാക്കി മരണാനന്തരമെങ്കിലും അദ്ദേഹത്തിനത് നൽകാം. അതും കൊടുത്തില്ല. യു.എ. ഖാദറിനും എഴുത്തച്ഛൻ പുരസ്കാരം നൽകിയില്ല. എഴുത്തച്ഛൻ പുരസ്കാരം കിട്ടിയവരോട് അവർക്ക് കിട്ടിയതിലുള്ള വിഷമം കൊണ്ടല്ല ഇത് പറയുന്നത്. എന്തുകൊണ്ട് ഇദ്ദേഹത്തിന് കൊടുത്തില്ല എന്ന് നമുക്കു തോന്നുന്നതുകൊണ്ടാണ്. ന്യൂനപക്ഷം എന്നത് വോട്ട് ചെയ്യേണ്ടവർ മാത്രമല്ലല്ലോ. ന്യൂനപക്ഷത്തിന് കലയും പാട്ടും നൃത്തവും എല്ലാം ഉണ്ടല്ലോ. ഇപ്പോൾ തന്നെ ഈ അടിത്തട്ട് മനുഷ്യരുടെ മൂവ്‌മെന്റ് വന്നില്ലായിരുന്നെങ്കിൽ ഇവിടെ ദളിത് സാഹിത്യത്തെക്കുറിച്ച് പറയുമായിരുന്നോ. യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകർക്ക് നടത്തുന്ന ചില കോഴ്‌സിൽ ഇത്തരം സംഗതികൾ പറയുമ്പോൾ രോഷാകുലരായിട്ടാണ് അദ്ധ്യാപകർ പെരുമാറിയിരുന്നത്. കാരണം അവരുടെ ഒരു ബോധ്യത്തിന് യോജിക്കാത്തതാണ് ഈ പറയുന്നത്. ഇപ്പോൾ അത്ര പ്രശ്നമില്ല. ഒരുപാട് ആളുകൾ ഈ രംഗത്ത് വന്നു, അദ്ധ്യാപകരായും ധൈഷണികരായും വന്നു. ഒരുപാട് എഴുത്തുകൾ വരുന്നു. അതുകൊണ്ടുതന്നെ കുറേ മാറ്റങ്ങളുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ഒരു സംഘടന അവഗണിക്കുന്നത് മാത്രമല്ല, ഈ സംഘടനയിലൊക്കെ സാംസ്കാരിക നേതൃത്വമായി വരുന്ന ആളുകളുടെ കഴിവുകേടും തിരിച്ചറിവില്ലായ്മയും ഒക്കെ അതിലൊരു ഘടകമാണ്. എന്താണോ ആഘോഷിക്കപ്പെടുന്നത് അതിന്റെ കൂടെ കൂടുകയാണ് അവരും. മറിച്ച് എന്തെങ്കിലും പറയുന്നയാളോടാണ് വിരോധം ഉണ്ടാവുന്നത്. ശത്രുത ഉണ്ടാവുന്നത്. ആ ശത്രുതയാണ് യഥാർത്ഥത്തിൽ ഞാനൊക്കെ അനുഭവിക്കുന്നത്. അത് ഇപ്പോൾ പെട്ടെന്നുണ്ടായതല്ല. പോസ്റ്റ് മോഡേൺ എന്ന പുസ്തകം വന്ന കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടുതന്നെയാണ് ഞാനിതിനെ കാണുന്നതും. എനിക്കതിൽ വ്യഥയൊന്നുമില്ല. തീരെ ഇല്ലായെന്നല്ല. ഒട്ടും ചിന്തിക്കാത്ത ഒരു കാര്യത്തിന്റെ പേരിൽ ചാപ്പകുത്തപ്പെടുമ്പോഴുണ്ടാകുന്ന വ്യഥയുണ്ടല്ലോ, അതുണ്ട്.
സ്വത്വവാദം എന്ന ചർച്ചയുടെ തുടക്കം എന്തായിരുന്നു?
2005-’06 കാലത്താണ് ഞാൻ അതുമായി ബന്ധപ്പെട്ട് ലേഖനമെഴുതുന്നത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് പ്രോഗ്രസ് പബ്ലിഷേഴ്‌സ് ആണ്. ദീർഘമായി എഴുതിയ ലേഖനവും അനുബന്ധമായ ചില ലേഖനങ്ങളും ഉൾപ്പെടുന്നതായിരുന്നു പുസ്തകം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ചിലരെങ്കിലും അത് വായിച്ചിട്ടുണ്ട്. ഐഡന്റിറ്റി എന്ന ഇഷ്യുവിനെ സംബോധന ചെയ്തതാണ് ആ ലേഖനം. ആദിവാസി സ്വത്വം- അതിൽ സി.കെ. ജാനുവിന്റെ പുസ്തകമാണ് ഉദ്ധരിച്ചത്, സ്ത്രീ സ്വത്വം- അന്ന് സ്ത്രീ മുന്നേറ്റത്തിൽ ഇത്രയൊന്നും മലയാളത്തിൽനിന്ന് ഉദാഹരണങ്ങൾ വരാത്തതുകൊണ്ട് വിനയയുടെ അനുഭവങ്ങളാണ് ഉദ്ധരിച്ചത്. അന്ന് ലഭ്യമായ മാറ്ററുകൾ വെച്ച് ഐഡന്റിറ്റി എന്ന ഇഷ്യുവിനെ സംബോധന ചെയ്തതാണ്. മൂന്ന് എഡിഷൻ വിറ്റ് കഴിയുന്നതുവരെ വിവാദമൊന്നും ഉണ്ടായിരുന്നില്ല. സ്വത്വവാദം സന്ധിയും പ്രതിസന്ധിയും എന്നതായിരുന്നു പേര്. ആദ്യ ലേഖനത്തിന്റെ തലക്കെട്ടും അതാണ്. ബുക്കിന്റെ കവറിൽ വന്നപ്പോൾ സ്വത്വവാദം എന്ന് അതിന്റെ പബ്ലിഷർ കൊടുത്തു.
ചർച്ചയൊക്കെ നടന്നു എന്നല്ലാതെ വേറൊരു രീതിയിലുള്ള ഇഷ്യൂസ് ഒന്നും അന്നുണ്ടായിരുന്നില്ല.
ഇതിന്റെ തുടർച്ചയായി ഓറ മാഗസിനിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ അവതരിപ്പിച്ച ഒരു പ്രബന്ധമായിരുന്നു. പ്രബന്ധം മുഴുവൻ ട്രാൻസ്ലേറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ചെറിയൊരു ഭാഗമാണ് നൽകിയത്. ബാക്കി രണ്ട് മൂന്ന് ലക്കങ്ങളായി കൊടുക്കാം എന്നും പറഞ്ഞു. വൈറ്റും ബ്ലാക്കും എന്നതിനെക്കുറിച്ചുള്ള ഭാഗമാണ് പ്രസിദ്ധീകരിച്ചത്. അപ്പോഴാണ് കേരളത്തിൽ ഇത് വിവാദമായത്. ഓറ മാഗസിൻ ആളുകൾ കണ്ടതുകൊണ്ടോ വായിച്ചതുകൊണ്ടോ ആയിരുന്നില്ല. അതിനെതിരായി ഒരു ലേഖനം ദേശാഭിമാനി വാരികയിൽ വന്നു. ഇത് പാർട്ടി വിരുദ്ധമാണ് എന്ന രീതിയിലായിരുന്നു അന്നത്തെ റസിഡന്റ് എഡിറ്റർ കൂടിയായ പി. രാജീവ് എഴുതിയത്. അതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഓറ മാസികയിൽ എഴുതിയ ലേഖനത്തിൽ മുസ്‌ലിം എന്നത് വരുന്നേയില്ല. തുടർലക്കത്തിൽ വരുമായിരുന്നു. പക്ഷേ, ആ ലക്കത്തോടെ ഇത് നടത്തിയിരുന്ന ഫാദർ പേടിച്ചു. വർഗമല്ലാതെ വർഗേതരമായ പരികല്പനകളൊന്നും മാർക്സിസത്തിനു സ്വീകരിക്കാൻ പറ്റില്ല എന്ന രീതിയിലായിരുന്നു പി. രാജീവിന്റെ ലേഖനം.
മീഡിയ അത് വലിയ വാർത്തയാക്കി. പാർട്ടിയും ഞാനും തമ്മിൽ വലിയ പ്രശ്നങ്ങളാണ് എന്ന രീതിയിൽ. അന്ന് ചാനലുകൾ കുറവാണ്, ഏഷ്യാനെറ്റും ഇന്ത്യാവിഷനുമാണ് കാര്യമായി ഉള്ളത്. ഏഷ്യാനെറ്റിൽ ന്യൂസ് അവറിൽ ഇത് ചർച്ചയായി. രാജീവും ഞാനും ചർച്ചയിൽ പങ്കെടുത്ത് ഞങ്ങളുടെ നിലപാടുകൾ പറഞ്ഞു. അന്ന് സോഷ്യൽ മീഡിയ ഇല്ലാഞ്ഞിട്ടുപോലും നന്നായി പ്രചരിച്ചിരുന്നു. രാവിലെ ഓഫീസിൽ പോകുമ്പോൾ പാർട്ടിയുമായി പ്രശ്നമായോ എന്നൊക്കെ തരത്തിലുള്ള ചോദ്യങ്ങളുണ്ടായി. ഇത് ഉണ്ടാക്കിയ ഒരു ഒറ്റപ്പെടലുണ്ട്. ലെഫ്റ്റ് എന്ന ഐഡന്റിറ്റിക്ക് പരിക്ക് ഏല്പിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ. എനിക്ക് ഇതിന് ഒരു മറുപടി എഴുതണം എന്നു പറഞ്ഞ് ഞാൻ ദേശാഭിമാനിയിൽ വിളിച്ചു. പക്ഷേ, രാജീവ് റസിഡന്റ് എഡിറ്ററായതിനാൽ മറുപടി കൊടുക്കാൻ പറ്റില്ല എന്നാണ് വാരികയുടെ ചാർജുള്ള ആളുകൾ പറഞ്ഞത്. ഞാൻ വളരെ ശഠിച്ച് പറഞ്ഞപ്പോൾ അവസാനം പ്രതികരണ കത്തിൽ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ കത്ത് കൊടുത്തു. ഞാനന്ന് പു.ക.സ സംസ്ഥാന കമ്മിറ്റിയംഗമാണ്. ഈ വിഷയം ചർച്ച ചെയ്യാൻ പു.ക.സ മീറ്റിംഗ് വിളിച്ചിരുന്നു. പാർട്ടിയുടെ നേതൃനിരയിലുള്ളവരും അതിൽ പങ്കെടുത്തിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവരൊക്കെ അതിൽ പങ്കെടുത്തിരുന്നു. ഞാൻ എന്റെ ഭാഗം മീറ്റിംഗിൽ പറഞ്ഞു. ഇത് ഇനിയൊരു വിഷയമായി ഉയർത്തിക്കൊണ്ടുവരേണ്ട കാര്യമില്ല അത് കഴിഞ്ഞു എന്നായിരുന്നു ആ മീറ്റിംഗിലെ തീരുമാനം.
പിന്നീടാണ് സുനിൽ പി. ഇളയിടം മാതൃഭൂമി വാരികയിൽ ലേഖനം എഴുതുന്നതും അത് കൂടി ഉൾപ്പെടുത്തി പു.ക.സ സംസ്ഥാന കമ്മിറ്റിയിലുള്ള എം.എം. നാരായണൻ എഡിറ്റ് ചെയ്ത പുസ്തകം വരുന്നതും. എന്നെയും കെ.ഇ.എന്നിനേയും വിമർശിച്ചുകൊണ്ട് സ്വത്വവാദവുമായി പടയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സുനിൽ പി. ഇളയിടത്തിന്റെ ലേഖനം. നമ്മുടെ ഭാഗം പറയാൻ സ്‌പേസ് കിട്ടുന്നില്ല. ഞാൻ പ്രതിയും അവർ വാദിയും ആയി മാറുന്ന കാഴ്ച. അത് എക്കാലത്തും ഒരു കീഴാളത്വത്തിന്റെ സംഭവം കൂടിയാണ്.
കെ.ഇ.എന്നിനേയും മാഷിനേയും മാറ്റിനിർത്തുകയാണോ ചെയ്തത്?
കെ.ഇ.എൻ ഇപ്പോഴും അതിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ്. എത്രയോ വർഷമായി ഭാരവാഹിത്വത്തിലുണ്ട്. ഞാനും സംസ്ഥാന കമ്മിറ്റി അംഗമാണ്. അതിലൊന്നും മാറ്റമില്ല. അതേസമയം സൈലന്റായി ഒരു പ്രത്യേക വിഭാഗം ഇത് പ്രചരിപ്പിക്കുകയും ബാക്കിയുള്ളവർ ഏറ്റെടുക്കുകയും ചെയ്യുകയാണ്. ഗൾഫിൽ നടന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മീറ്റിംഗിൽ മുസ്‌ലിം നാമധാരിയായ ഒരാളെക്കൊണ്ട് നിങ്ങളും കെ.ഇ.എന്നും സ്വത്വ രാഷ്ട്രീയം ഒളിച്ചുകടത്തുകയാണോ എന്ന ചോദ്യം ചോദിപ്പിച്ചു.
ബ്രാഹ്മണരോ അർദദ്ധബ്രാഹ്‌മണരോ ആയ ആളുകളാണ് ഇത് പ്രചരിപ്പിക്കുന്നത്. ബ്രാഹ്മണരായി ജനിച്ചതുകൊണ്ട് മാത്രമല്ല അങ്ങനെ പറയുന്നത്. മനുസ്മൃതി കത്തിക്കാൻ കൂടെ നിൽക്കുന്ന ബ്രാഹ്മണരുണ്ട്. അങ്ങനെയുള്ള തിരുത്തൽ ശക്തിയായിട്ടല്ല ഇവർ വർക്ക് ചെയ്യുന്നത് എന്നാണ് ഇതിൽനിന്നൊക്കെ കാണാൻ കഴിയുന്നത്. മറിച്ച് ഇവരിതിനെ അസേർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവർക്ക് ഞങ്ങളെപ്പറ്റി ബോധ്യമില്ലാഞ്ഞിട്ടല്ല. പക്ഷേ, ഈ ഐഡിയോളജി പറയുന്നത് അവർക്കിഷ്ടപ്പെടുന്നില്ല എന്നതാണ്. വ്യക്തിപരമായിട്ടല്ല, ഞങ്ങൾ പറയുന്ന ആശയത്തോടുള്ള വിയോജിപ്പാണത്.
ഒരു ബഹുസംസ്കാര ദേശീയത സാധ്യമാവണമെങ്കിൽ ഹെജിമണി എന്താണ് എന്നു പറയണം. അത് ഞാൻ മാത്രമല്ല, ഇന്ത്യയിലെ ലെഫ്റ്റ് മുഴുവൻ ബാബ്‌റി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം ഫോളോ ചെയ്തതതാണ്. അത്തരത്തിലുള്ള ഒരുപാട് എഴുത്തുകൾ രാജ്യത്തുണ്ടായിട്ടുണ്ട്. അല്ലാതെ ഞാനും കെ.ഇ.എന്നും മാത്രമല്ല. ഇന്ത്യൻ ഭരണകൂടം ഇത്രമാത്രം ഫാസിസ്റ്റ് ആശയത്തിന്റെ, സാംസ്കാരിക ദേശീയതയുടെ തട്ടകത്തിൽ ജനാധിപത്യവിരുദ്ധമാവുന്നു എന്നു തെളിയിച്ച ഒരു സംഭവമാണ് 1992 ഡിസംബർ ആറിനു നടന്നത്. ഇന്ത്യയിൽ ഭരണഘടനയുണ്ട്, കോടതിയുണ്ട്, പൊലീസുണ്ട്, പട്ടാളമുണ്ട്, റോ ഉണ്ട്, ഐബി ഉണ്ട്. ഇതൊക്കെ ഉണ്ടായിട്ടും നിലനിൽക്കുന്ന സർക്കാറിനെ തട്ടിമാറ്റിയാണ് ഇത് തകർക്കുന്നത്. അങ്ങനെ ചെയ്യണമെങ്കിൽ അത്രമാത്രം സുദൃഢമായ ഒരു സെറ്റപ്പ് സാംസ്കാരിക ദേശീയതയ്ക്കുണ്ട്. ആ സാംസ്കാരിക ദേശീയത എങ്ങനെയാണ് ഉണ്ടായത്, എങ്ങനെയാണ് അതിന്റെ ചരിത്രം, വർത്തമാനം എന്നതൊക്കെ ഇന്ത്യയിലുള്ള ലെഫ്റ്റ് പഠിക്കാൻ തുടങ്ങി. ലെഫ്റ്റ് എന്നാൽ, വിശാലമായ അർത്ഥത്തിലാണ്. അതിന്റെ ധാരയിലാണ് ഞങ്ങളും ചേർന്നത്. ലോകത്തെല്ലായിടത്തും ഗ്രാംഷി ഒരു ട്രെൻഡ് ആയി മാറിയത് എന്തുകൊണ്ടാണ്. ബഹുസ്വരത ആവശ്യമാണ് എന്ന് ഗ്രാംഷിയിലൂടെ ആളുകൾക്ക് കുറച്ചുകൂടി ബോധ്യമായി. ചില ആശയങ്ങൾക്ക് സൈദ്ധാന്തികമായ ബാക്ഗ്രൗണ്ട് വേണ്ടേ? സബാൾട്ടേണിറ്റി എന്നതൊക്കെ ഗ്രാംഷിയിലൂടെയാണ്, പ്രത്യേകിച്ച് മാർക്സിസ്റ്റുകൾക്കിടയിൽ സൈദ്ധാന്തികമായ ചർച്ചയായത് ഗ്രാംഷിയിലൂടെയാണ്. അതുപയോഗിച്ച് ലേഖനം എഴുതുന്നത് ഇവർക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണ് ആ ലേഖനം വായിച്ചാൽ മനസ്സിലാവുന്നത്. ഗ്രാംഷി തലങ്ങുംവിലങ്ങും ഉദ്ധരിച്ചുകൊണ്ട് പാണ്ഡിത്യപ്രകടനം നടത്തുക എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. ഇതൊന്നും പാണ്ഡിത്യം പ്രകടിപ്പിക്കാൻ വേണ്ടിയല്ല. ഒരു സംഭവം സ്ഥാപിക്കാൻ സപ്പോർട്ടിങ് ആയ മെറ്റീരിയൽസ് ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി എന്നെ നിയമിച്ചത് പാർട്ടിയിൽ എനിക്കു കിട്ടിയ അംഗീകാരമായി ചിലർക്ക് തോന്നിയിട്ടുണ്ടാകാം. ഈ പോസ്‌റ്റൊക്കെ ഏതോ പോക്കറും കുഞ്ഞഹമ്മദും ഒക്കെ കയ്യടക്കിവെച്ചു എന്ന തരത്തിലുള്ള അപരവല്‍ക്കരണത്തിന്റെ ചിന്ത ഇവർക്കുണ്ടായി എന്നതാണ്. ഭഗവദ്ഗീതയെക്കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട് സുനിൽ പി. ഇളയിടം. കൃഷ്ണൻ ഇന്ത്യയുടെ അൾട്ടിമേറ്റ് ചിഹ്നമാണ് എന്ന രീതിയിൽ എഴുതിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ പു.ക.സയിൽ അയാൾ വർക്ക് ചെയ്തിട്ടില്ല. എന്നിട്ടും ഇതിന്റെയൊരു സൈദ്ധാന്തിക രൂപത്തിലേക്ക് പെട്ടെന്ന് വരാൻ കഴിഞ്ഞത് ഇയാളുടെ പ്രഭാഷണചാതുരി കൊണ്ടൊന്നുമല്ല. ഇതിലെവിടെയോ ഒരു സോഫ്റ്റ് കോർണർ ഈ വരേണ്യ ആശയ ലോകത്തോട് ഉണ്ട് എന്നതാണ്.
എപ്പോഴും ഒരു വരേണ്യ ന്യൂനപക്ഷമാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. സാധാരണ പ്രവർത്തിക്കുന്നവർ ദൈനംദിന കാര്യങ്ങളെ കുറിച്ചായിരിക്കും ആലോചിക്കുക. ഇത്തരം കാര്യങ്ങൾ അവരുടെ ചിന്തയിലേ വരില്ല.
സോവിയറ്റനന്തരം ലോകത്ത് തന്നെ പ്രധാനപ്പെട്ട ഒരു ഐഡിയോളജിയായി ഇസ്‌ലാമോഫോബിയ വന്നു. ഞങ്ങൾക്കെതിരെ വിമർശനമുന്നയിച്ചതിൽ പറയുന്നത് മുസ്‌ലിം പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു എന്നാണ്. മുസ്‌ലിം പ്രസിദ്ധീകരണം എന്നു പറയുമ്പോൾ മറ്റുള്ളവ അമുസ്‌ലിം പ്രസിദ്ധീകരണം എന്ന നിലയിൽ നമ്മൾ കാണാറില്ലല്ലോ. നമ്മളോടാരാണോ ലേഖനം ചോദിക്കുന്നത്, അവർക്ക് കൊടുക്കുന്നു. ഐഡിയോളജിക്കലി ഇത്തരം സംഗതികൾ വരുമ്പോൾ ഇസ്‌ലാമോഫോബിയ ഇവരെ അറിയാതെ പൊതിയുകയാണ്.
ഞാൻ കെ.ഇ.എന്നിനെപ്പോലെ വേദികളിൽ കാര്യമായി പോകുന്ന ആളല്ല. ക്ലാസ്സുകൾക്കൊക്കെയാണ് കൂടുതലായി പോകുന്നത്. അത്തരം സൈദ്ധാന്തിക വേദികൾ പൊതുവെ ഇടതുപക്ഷത്തിനു കുറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധമായ ഒരുപാട് ക്യാമ്പുകൾ പു.ക.സ നടത്തിയിരുന്നു. അതിലായിരുന്നു കേന്ദ്രീകരിച്ചത്. മൊത്തത്തിൽ ഇടതുപക്ഷം സാംസ്കാരിക ദേശീയതയെ വിമർശിക്കുന്ന രീതിയിലുള്ള ഒരു വലിയ ധാര ഉണ്ടായിരുന്നു. ഇതായിരിക്കണം സുനിലിനൊക്കെ പൊള്ളലുണ്ടാക്കിയത്. അതിനു പകരം പെട്ടെന്ന് പിന്നെ നമ്മൾ കാണുന്നത് ഏഴ് ദിവസത്തെ മഹാഭാരത പ്രഭാഷണം ഒക്കെയാണ്. അതിന്റെ സ്‌പേസ് ആയിരുന്നില്ല പു.ക.സ. അതയാൾക്ക് വായനശാലയിൽ പോയി നടത്താം. ഖുറാനെക്കുറിച്ചൊരു പ്രസംഗം ഞാൻ അതുപോലെ വെച്ചാലോ. അങ്ങനെ തന്നെയെ ഇതിനേയും കാണാൻ പറ്റുള്ളൂ. അതിനേക്കാൾ കുഴപ്പമാണിത്. ഇവിടത്തെ കോൺടെക്‌സ്റ്റിൽ ജാതിയെ സാധൂകരിക്കുന്ന ഒരു കൃതിയല്ലല്ലോ ഖുറാൻ. ബൈബിളിനെക്കുറിച്ചൊരു പ്രഭാഷണ പരമ്പര പു.ക.സ വെക്കുന്നില്ലല്ലോ. അപ്പോൾ ഇത് വെക്കുന്നിടത്തേക്ക് ഇതിനെ കൊണ്ടുചെന്നെത്തിക്കുന്നതിൽ ഞങ്ങളെ ആക്രമിച്ച നേതൃത്വത്തിനു വലിയ പങ്കുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് എളുപ്പവുമാണ്. പൊതുവെ പൊതുസമൂഹത്തിന് ഇതിനോട് ഒരു മനച്ചായ്‌വ് ഉണ്ട്. ഈ മനച്ചായ്‌വ് വളരെ എളുപ്പത്തിൽ ബലപ്പെടുത്തിയെടുക്കാൻ പറ്റും. അതിന്റെ ഒരു പാരമ്യത്തിലേക്ക് നമ്മൾ പോയ്‌ക്കൊണ്ടിരിക്കുകയാണ്.
വിവാദം തീർന്നിരുന്നെങ്കിലും ഈ പറയുന്ന സനാതനധർമ വാദികൾ അതിന്റെ തുടർച്ച സൂക്ഷിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. കേരളത്തിലെ എല്ലാ പ്രദേശത്തും ഇത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. ഫെയ്‌സ്ബുക്കിലൊക്കെ ഇവരുടെ രാജ്യമായ ബംഗ്ലാദേശിൽ പോട്ടെ എന്നൊക്കെയാണ് എഴുതുന്നത്. പടയോട്ടക്കാർ എന്നാണ് സുനിൽ പി. ഇളയിടം ലേഖനത്തിൽ ഉപയോഗിച്ച വാക്ക്. അതിനേക്കാൾ വലിയ അക്രമം വേറെയില്ലല്ലോ. എത്രമാത്രം ഹിംസാത്മകമായ ഒരു പ്രയോഗമാണ്. അങ്ങനെയൊരു പ്രയോഗം എങ്ങനെ ഒരു സെക്യുലർ ആയ മനസ്സിൽനിന്നു വരും.
സവർണ പ്രത്യയശാസ്ത്രമാണ് യഥാർത്ഥത്തിൽ ഒളിച്ചുകടത്തിയത്. അതിന് ഒരു ഓഡിയൻസ് എളുപ്പത്തിൽ ഉണ്ടാക്കാം. ദൈവകേന്ദ്രിതമായ കൃതിയെക്കുറിച്ചാണല്ലോ പറയുന്നത്. അത് മുഴുവൻ ഇടതുപക്ഷം ആവും എന്നാണ് വിചാരിക്കുന്നത്. പക്ഷേ, നേരെ തിരിച്ചാണ്. ഭഗവദ്ഗീതയുടെ ക്ലാസ് കേൾക്കാൻ പോയ ഗൾഫിലെ എന്റെ ചില കലാകാരന്മാരായ സുഹൃത്തുക്കളെ അടുത്തകാലത്ത് നടന്ന ഇടതുപക്ഷ സാംസ്കാരിക സംവാദങ്ങളിലൊന്നും കണ്ടില്ല. അന്വേഷിച്ചപ്പോൾ അവർ സംഘപരിവാറിലേക്ക് മാറി എന്നാണ് അറിഞ്ഞത്. ഈ ഐഡിയോളജി കൺസീവ് ചെയ്ത് കഴിഞ്ഞാൽ അവർക്ക് അനുയോജ്യമായ സ്ഥലത്തേക്കാണല്ലോ അവർ പോകുക. ഇത് വളരെ കൃത്യമായി ഒളിച്ചു കടത്തി ഇതിന്റെ ഫ്രെയിമിലേക്ക് മോൾഡ് ചെയ്തെടുക്കാൻ ഒരു വിഭാഗം സവർണ ബ്രാഹ്മണ ബുദ്ധിജീവികൾ ശ്രമിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലപ്രാപ്തി കീഴാളവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായിട്ടുള്ള ഒന്നിലേക്ക്, എത്രയോ കാലമായി വളരെ സെക്യുലറായി വളർന്നിട്ടുള്ള ആളുകളെ മാറ്റപ്പെടുന്നു എന്നതാണ്.
സ്വത്വവാദം എത്രത്തോളം അർത്ഥവത്താണ്, എങ്ങനെയാണ് നമ്മളതിനെ കാണേണ്ടത്?
ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും വിഭാഗങ്ങൾ മർദിക്കപ്പെടുമ്പോൾ മാത്രമാണ് അത് പ്രശ്നമാകുന്നത്. അല്ലെങ്കിൽ അതിനൊരു പ്രസക്തിയുമില്ല.
ആൺ, പെൺ എന്നിങ്ങനെ വേറെ വേറെ സംഘടന വേണം എന്ന് മുന്‍പ് ആരും കരുതിയിരുന്നില്ല. മുതലാളിത്തത്തിനോടാണ് സമരം ചെയ്യുന്നത്. മുതലാളിത്തം ഇല്ലാതായാൽ ഇതൊക്കെ പരിഹരിക്കപ്പെടും എന്ന് ഒരുപാട് കാലം വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തതാണ്. തിരുവനന്തപുരത്ത് മുന്‍പ് നടന്ന പു.ക.സയുടെ ഒരു ക്യാമ്പിൽ മായ എന്ന പെൺകുട്ടി വേദിയിൽ കയറി ഫെമിനിസ്റ്റ് ആശയങ്ങൾ പറഞ്ഞു. അവിടെ ഡോ. പി. സോമൻ അതിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നുവെച്ചാൽ അദ്ദേഹം കൺസീവ് ചെയ്ത ക്ലാസിക്കൽ രീതിയുണ്ട്, അതുമാത്രം മതി. വർഗസമരം വിജയിച്ച് വിപ്ലവം വന്നാൽ എല്ലാം ശരിയായി എന്നാണ് വിചാരിക്കുന്നത്. പക്ഷേ, ലോകത്തിലെ മാർക്സിസ്റ്റുകളും കമ്യൂണിസറ്റുകളും മതവാദികളും എല്ലാം ഒരു പരിധിവരെ തിരുത്തി. കാരണം ജന്റർ ഒരു ഇഷ്യു ആണ് എന്ന് അംഗീകരിക്കപ്പെട്ടു. കറുപ്പ് ഒരു പ്രശ്നമാവുന്നത് എന്തുകൊണ്ടാണ്. ആർ.എൽ.വി. രാമകൃഷ്ണൻ പ്രശ്നം പറഞ്ഞപ്പോൾ ആളുകൾ അധികം ശ്രദ്ധിച്ചില്ല. ശാരദാ മുരളീധരൻ അവരുടെ അനുഭവം പറഞ്ഞപ്പോൾ കുറേക്കൂടി വി.ഐ.പികളൊക്കെ അറിഞ്ഞു. അപ്പോഴാണ് ഇതൊരു വിഷയമാണ് എന്ന തരത്തിൽ ചർച്ചയാവുന്നത്. കാരണം ഇവർ ചീഫ് സെക്രട്ടറിയൊക്കെ ആയതുകൊണ്ടാണ്. ഈയൊരു ഉത്തമ-അധമ ദ്വന്ദം യഥാർത്ഥത്തിൽ ഈ വരേണ്യവാദത്തിന്റെ തുടർച്ചയിൽ ഉള്ളതാണ്. അവർക്ക് ഈ വൈവിധ്യം എന്നത് ഉൾക്കൊള്ളാനോ തിരിച്ചറിയാനോ സ്വീകരിക്കാനോ കഴിയില്ല. അവരുടെ പരിമിതിയാണത്. മറുപടി പറയാനില്ലാതെ ദുർബലമാവുമ്പോൾ ചാടിക്കളിക്കുന്നത് കാണാറില്ലേ, ചാനൽ ചർച്ചയിലൊക്കെ കാണുന്നില്ലേ. അതുപോലെ തന്നെയാണ്. ഇവർക്ക് കൃത്യമായി ഐഡിയോളജിക്കലായി മറുപടി പറയാനില്ല.
അപ്പോൾ “ഇ.എം.എസ് ഇല്ലാത്തതുകൊണ്ടാണ് നിങ്ങളിങ്ങനെ രക്ഷപ്പെട്ടു പോകുന്നത്” എന്ന തരത്തിലുള്ള പ്രതികരണം വരും. ഇതേ വാചകം ആണ് എനിക്കെതിരെയുള്ള ലേഖനത്തിലുള്ളത്. ഇ.എം.എസ് ഉള്ളകാലത്ത് തന്നെയാണ് ഇതൊക്കെ എഴുതിയത്. കൂടാതെ ആരുടെയെങ്കിലും അനുമതി വാങ്ങി എഴുതുന്നവരല്ല ഞങ്ങൾ രണ്ടുപേരും.
നേരത്തെ പറഞ്ഞതുപോലെ സെക്യുലർ മുസ്‌ലിം പോയിന്റിൽനിന്നുകൊണ്ട് സ്വത്വവാദത്തെക്കുറിച്ച് സംസാരിക്കുമ്പോഴുണ്ടാകുന്ന സംഘർഷം എന്തായിരിക്കും?
നോർമലി ഒരു സംഘർഷം ആവശ്യമില്ല. അതേസമയം ഇതുപോലെയുള്ള അന്തരീക്ഷം ഉണ്ടാക്കുന്നത് ആ സംഘർഷം ഉണ്ടാക്കാനാണ്. നമുക്ക് എത്രത്തോളം പറയാം, പറയാൻ പറ്റില്ല എന്നുള്ള ഒരു സംഘർഷം ഈ പറയുന്ന ആളുകളിലുണ്ടാവും. മുസ്‌ലിം നാമധാരിയായ ഒരാൾ സമുദായം എന്ന നിലയിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയാൻ പലപ്പോഴും തയ്യാറാകില്ല. സ്വകാര്യ സംഭാഷണത്തിൽ പറയും പക്ഷേ, ഓപ്പൺ ആയി പറയില്ല. അത് അയാൾക്ക് ഈ കാര്യത്തിൽ ബോധ്യമില്ലാത്തതുകൊണ്ടല്ല. അറിയാതെ ഒരു ഭയത്തിൽ നീങ്ങിപ്പോകുന്നതുകൊണ്ടാണ്. ആ ഭയം ഉല്പാദിപ്പിക്കലാണ് ഇതൊക്കെക്കൊണ്ട് ഇത്തരം ആളുകൾ ഉദ്ദേശിക്കുന്നത്. അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്യും. കാരണം ഭരണകൂടം എന്ന വിശാലമായ സംവിധാനത്തിന്റെ പിന്തുണയോടുകൂടിയാണ് ഇവർ ഇത് നിർവഹിക്കുന്നത്. ഇവർ ഒരിക്കലും ഭരണകൂടവിരുദ്ധരല്ല. സുനിൽ പി. ഇളയിടത്തിന്റെ ലേഖനത്തിൽ പറയുന്നത് ശക്തമായ ദേശത്തിന്റെ സൃഷ്ടിക്കുവേണ്ടി നമ്മൾ നിലകൊള്ളണം എന്നാണ്. അങ്ങനെ പറയുന്നൊരാൾക്ക് ഇതിൽ കൂടുതൽ പറയാൻ കഴിയില്ല. പുരോഗമനവാദികളാണ് എന്നുപോലും പറയാൻ പറ്റില്ല. യഥാർത്ഥത്തിൽ മാർക്സിസത്തിന്റെ എല്ലാ അന്തസ്സത്തയും ചോർത്തിക്കളയുകയാണ് ചെയ്യുന്നത്. സവർണബ്രാഹ്മണ വിശ്വാസിയായിക്കൊണ്ടുതന്നെ ഫാസിസ്റ്റ് വിരുദ്ധ സമീപനം എടുക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇത് പക്ഷേ, പ്രച്ഛന്ന മുഖമാണ്. അത് വലിയ പ്രശ്നമാണ്. സാംസ്കാരിക പ്രഭാഷണം സൈദ്ധാന്തികമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നിർവഹിക്കപ്പെടേണ്ടതാണ്.
1990-കൾക്കു ശേഷമുണ്ടായ ഇന്ത്യൻ സാഹചര്യത്തിൽ-ബാബ്‌റി, മണ്ഡൽ, സച്ചാർ-ഇടതുപക്ഷ പാർട്ടികളിലെ സംവാദം എങ്ങനെയായിരുന്നു?
സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ സി.പി.എം കോഴിക്കോട് ഒരു സമ്മേളനം നടത്തിയിരുന്നു. ചില സംസ്ഥാനങ്ങളിൽ ദളിതുകളേക്കാൾ മോശം അവസ്ഥയിലാണ് മുസ്‌ലിം സമുദായത്തിന്റെ ജീവിതം എന്ന് സച്ചാറിൽ പറയുന്നുണ്ടല്ലോ. സി.പി.എം അത് സീരിയസായി എടുത്തിരുന്നു. കോഴിക്കോട്ടെ പരിപാടിയിൽ ഞാനും സംസാരിച്ചിരുന്നു. അത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യുന്നു എന്നത് മുസ്‌ലിം സമുദായത്തിനിടയിൽ ഒരു ആത്മവിശ്വാസം രൂപപ്പെടുത്തിയിട്ടുണ്ടാകും. മുസ്‌ലിം സാന്നിധ്യം എല്ലാ പഞ്ചായത്തുകളിൽ നോക്കി കഴിഞ്ഞാലും ഇടതുപക്ഷത്തിനുണ്ട്. ഇപ്പോൾ പറയപ്പെടുന്നതുപോലെ സാമുദായിക ധ്രുവീകരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേരളത്തിലെ വോട്ട് നിർണയിക്കപ്പെടും എന്നു ഞാൻ കരുതുന്നില്ല. അതൊരു നരേറ്റീവ് ഉണ്ടാക്കുന്നതാണ്. ആ നരേറ്റീവിൽ സംഘടനകൾ അറിയാതെ വീണ് പോകുന്നതാണ്. സെക്യുലറായും ഇതര പാർട്ടികളോടൊപ്പം ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്ന മുസ്‌ലിങ്ങളെ തമസ്കരിക്കുന്നതിന് തുല്യമാണത്. മുഴുവൻ മുസ്‌ലിങ്ങളും കമ്യൂണൽ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരോ പ്രവർത്തിക്കുന്ന ആളുകളോ അല്ല. ഈ നരേറ്റീവ് വെച്ച് തെരഞ്ഞെടുപ്പിൽ അജണ്ട തീരുമാനിച്ചുകഴിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് എന്തായിരിക്കും.
ജമാഅത്തെ ഇസ്‌ലാമിയോടുള്ള സി.പി.എം സമീപനത്തെ എങ്ങനെയാണ് കാണുന്നത്?
ജമാഅത്തെ ഇസ്‌ലാമിയെ സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ സി.പി.എമ്മിന് സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിംലീഗിൽനിന്നുള്ള ഒരു ചെറിയ പക്ഷം, ഐ.എൻ.എൽ സി.പി.എമ്മിനൊപ്പം നിൽക്കുന്നുണ്ട്. സി.പി.എമ്മിന് അത് ആശ്വാസകരമാണ്. ലീഗിനേക്കാൾ, യു.ഡി.എഫിനേക്കാൾ ഇപ്പുറത്താണ് നല്ലതെന്ന് അവരും വിചാരിക്കുന്നു.
അതേസമയം അവർ വിട്ടുപോയി കഴിഞ്ഞാൽ അവർ ശത്രുപക്ഷത്തായി. ഇത്രയേ ഉള്ളൂ കാര്യം. സംഘടന എന്ന നിലയിൽ എതിർ നിലപാടെടുക്കാൻ ഇരുകൂട്ടർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിൽ നടത്തുന്ന വിമർശനങ്ങൾ ഇന്നത്തെ ഒരു സാഹചര്യത്തിൽ എത്രമാത്രം ആരോഗ്യകരമാണ് എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം എപ്പോഴും നേതൃത്വത്തിനുണ്ടാവണം. ഇന്നത്തെപ്പോലെ കലുഷിതമായ ഒരുകാലത്ത് വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന ഒരു സാഹചര്യം ഉണ്ടാവാൻ പാടില്ല.
അപരവല്‍ക്കരണത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ അപടകരമാണ്. അത്തരം കാര്യങ്ങൾ ഉണ്ടാക്കുന്ന പരിക്ക് ഒരുപക്ഷേ, പരിഹരിക്കാൻ പറ്റുന്നതായിരിക്കില്ല. ഒരു പ്രദേശത്തെ സമൂഹത്തെ ഡെമണൈസ് ചെയ്താൽ അതിനെ ഏറ്റെടുക്കാൻ മറുഭാഗത്ത് വലിയ ഒരു സംവിധാനം നിലനിൽക്കുകയാണ്. ഇത് മൊത്തം മുസ്‌ലിം സമുദായത്തിനേയും ബാധിക്കുന്നുണ്ട്. ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു സംഘടനെയേയോ ഒരു വ്യക്തിയേയോ ആണെങ്കിലും അതൊരു കമ്യൂണൽ ഫ്രെയിമിലേക്ക് വരുമ്പോൾ തെറ്റിദ്ധരിക്കപ്പെടും.
ഇത് ആരെയെങ്കിലും പ്രീണിപ്പിക്കാനാണെങ്കിൽ ഈ പ്രീണിപ്പിക്കപ്പെടുന്നവർക്ക് ഏറ്റവും നല്ലത് അതിന്റെ എ ടീമിനൊപ്പം നിൽക്കുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. ബി ടീമിന്റെ കൂടെ നിൽക്കേണ്ടതില്ലല്ലോ. അതുകൊണ്ട് ആ അർത്ഥത്തിലും അത് ഗുണം ചെയ്യില്ല. രണ്ടർത്ഥത്തിലും വലിയ ദുരന്തം ലെഫ്റ്റ് വിങ് ഉണ്ടാക്കിയേക്കും എന്ന് ഭയപ്പെടുന്നുണ്ട് ഞാൻ. വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. അതിൽ ലാഭമുണ്ടാകില്ല, നഷ്ടം മാത്രമേ ഉണ്ടാവൂ.
കേരളത്തിന്റെ സാഹചര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ എങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്?
ജമാഅത്തെ ഇസ്‌ലാമി അടിസ്ഥാനപരമായി ഒരു മത പ്രസ്ഥാനമാണ്. അവർക്ക് പത്രസ്ഥാപനവും ചാനലും ഉണ്ട്. പക്ഷേ, അവർക്ക് പറയത്തക്ക ജനപിന്തുണയൊന്നും കേരളത്തിലില്ല. പക്ഷേ, ഈ സ്ഥാപനങ്ങളിലൂടെ വലിയ വിസിബിലിറ്റി അവർക്കുണ്ട്. പത്രസ്ഥാപനം ഇപ്പോൾ പ്രതിസന്ധിയിലാണ് എന്നാണ് കേൾക്കുന്നത്. അതും അധികകാലം നിലനിൽക്കില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ അത് ലെഫ്റ്റിന്റേയോ മതേതരവാദികളുടേയോ ജനാധിപത്യവാദികളുടേയോ ഒരു മുഖ്യശത്രു അല്ല. അവർക്ക് എന്തെങ്കിലും ഒരു ബാർഗെയ്‌നിങ് പവർ കേരള രാഷ്ട്രീയത്തിലോ ഇന്ത്യൻ രാഷ്ട്രീയത്തിലോ ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല. അതേസമയം ഐഡിയോളജിക്കലി നമുക്ക് ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കാം. മതത്തെപ്പോലും വിമർശിക്കുന്നുണ്ടല്ലോ. അത് അതിന്റെ കോൺടെക്സ്റ്റിലാണ്. ഒരു മുസ്‌ലിമിനെ തല്ലിക്കൊല്ലുമ്പോൾ തട്ടം ഉണ്ടോ ഇല്ലയോ എന്നതല്ല നോക്കേണ്ടത്. അവിടെ തട്ടമല്ല, തലയാണ് പ്രധാനം.
സന്ദർഭം എന്നത് രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ടതാണ്. ആ അർത്ഥത്തിൽ വേണം അതിനെ കാണാനും വ്യാഖ്യാനിക്കാനും. ഒരുകാലത്ത് കമ്യൂണിസ്റ്റ്കാരെക്കൊണ്ട് പറഞ്ഞതിനെവെച്ച് വേണമെങ്കിൽ ഇതിനെ സമീകരിക്കാൻ പറ്റും. കമ്യൂണിസം വന്നാൽ ലോകത്ത് വേറെ പാർട്ടി ഒന്നും ഉണ്ടാവില്ല, പള്ളിയില്ല, അമ്പലമില്ല, വിശ്വാസമില്ല എന്ന് പറഞ്ഞതുപോലെയാണ് ജമാഅത്തെ ഇസ്‌ലാമി വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നു പറയുന്നത്. അതൊരു സങ്കല്പത്തിലുള്ളതാണ്. യഥാർത്ഥത്തിൽ എവിടെയും വരാനോ നിൽക്കാനോ സാധ്യതയില്ലാത്ത ഒരു സംഭവത്തെ ആവർത്തിച്ച് പറഞ്ഞ് പെരുപ്പിച്ച് കുറച്ചുകൂടി പിന്തുണ ഉണ്ടാക്കി കൊടുക്കുകയാണ്. ജമാഅത്തിനെ അതിന്റെ ഐഡിയോളജി വെച്ച് വിമർശിക്കാം. മതരാഷ്ട്രം എന്നത് വിമർശിക്കാം. അതേസമയം ഇന്ന് ഫോക്കസ് ചെയ്യേണ്ട ഒരു ഇഷ്യു അല്ല അത്.
അംബേദ്കറിനെ പഠിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു എന്ന പരാമർശം പുസ്തകത്തിലുണ്ട്, വിശദമാക്കാമോ?
അത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. അംബേദ്കറിനെ അംഗീകരിക്കാൻ അക്കാലത്ത് തന്നെ തൊഴിലാളി. പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും തയ്യാറായിരുന്നില്ല. അംബേദ്കർ മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ പ്രശ്നം ജാതിയാണ്. അത് പരിഹരിക്കാതെ ജനാധിപത്യ പ്രക്രിയ മുന്നോട്ടുപോകില്ല എന്നതാണ്. ജനാധിപത്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമല്ലോ. ജാതി ഉണ്ടാക്കിയെടുക്കാനല്ല അംബേദ്കർ പറഞ്ഞത്. ജാതിരഹിതമായ ഒരു ലോകം ഉണ്ടാക്കാനാണ്. അതായത് ജാതിയുമായി ബന്ധപ്പെട്ടുള്ള അസമത്വം അവസാനിപ്പിക്കുക. അത് സംസ്കാരത്തിൽ അവസാനിപ്പിക്കണം, രാഷ്ട്രീയത്തിൽ അവസാനിപ്പിക്കണം, ഭരണനിർവഹണത്തിൽ അവസാനിപ്പിക്കണം. ഇതിനുള്ള എന്തെങ്കിലും ശ്രമം ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടില്ല. അടുത്തകാലത്തായി മാറ്റം വരുന്നുണ്ട്. ആനന്ദ് തെൽതുംബ്‌ദെയുടെ പുസ്തകമൊക്കെ അടുത്തിടെ ലെഫ്റ്റ് വിങ് പ്രസിദ്ധീകരിച്ചിട്ടണ്ട്: ദളിത് പ്രസ്ഥാനങ്ങൾ ശക്തിയായി വരികയും ഇന്റലക്ച്വലുകൾ അതിൽനിന്നുതന്നെ ഉയർന്നുവരികയും ചെയ്തതോടെയാണ് ഈ രീതിയിലുള്ള ചെറിയ സമീപനമെങ്കിലും ഉണ്ടാവുന്നത്. ഡി. രാജയും ഡോ. മുത്തുമോഹനും കൂടി എഴുതിയ മാർക്സ് ആന്റ് അംബേദ്കർ എന്ന പുസ്തകമുണ്ട്. അതിൽ ഡി. രാജ പറയുന്നുണ്ട്, അക്കാലത്ത് കമ്യൂണിസ്റ്റുകാരായിരുന്നവരും അപ്പർകാസ്റ്റ് ആളുകളായിരുന്നു. അവർ വിദേശത്ത് വിദ്യാഭ്യാസം കിട്ടിയവരും ആധുനിക സംഗതികളൊക്കെ പരിചയമുള്ളവരുമായിരുന്നു എന്ന്. അവർ കാണുന്ന നക്ഷത്രം പരിമിതമായിരുന്നു. അതിനപ്പുറത്തുള്ള നക്ഷത്രങ്ങളെയൊന്നും അവർ കണ്ടില്ല. ഭൂപരിഷ്‌കരണം വന്നപ്പോൾ എന്തുകൊണ്ട് ആദിവാസികൾ ഒഴിവായി എന്നു നമ്മൾ ചോദിക്കാറില്ലേ. അവരെ കാണുന്നില്ല. അങ്ങനെയൊരു ജനവിഭാഗം അവിടെയുണ്ട് എന്ന് അഡ്രസ് ചെയ്യാൻ കഴിയാതെ പോകുന്നത് അത് കാണാത്തതുകൊണ്ടാണ്. കാണാത്തത് തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്. പക്ഷേ, അത് ബോധപൂർവം അവരോടുള്ള ശത്രുത കൊണ്ടാവണം എന്നില്ല. അതേപോലെ ജാതി എന്നതിനെ അഡ്രസ് ചെയ്താലേ ഇന്ത്യയിലെ തൊഴിലാളിവർഗം എന്ന പരികല്പന തന്നെ വികസിപ്പിക്കാൻ കഴിയുകയുള്ളൂ. മുഖ്യധാരയിലുള്ള നരേറ്റീവിനെ അപനിർമിച്ചുകൊണ്ടു മാത്രമേ ഇനിയങ്ങോട്ട് കൂടുതൽ ജനാധിപത്യപരമായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കാൻ പറ്റൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates