ചൈനയിലെ വികസനപാത സമകാലിക മലയാളം വാരിക
Malayalam Weekly

ചൈനയില്‍നിന്നും പഠിക്കേണ്ടത്

ദേശരാഷ്‍ട്രങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും രൂപംകൊള്ളുന്നത് ഏകദേശം ഒരേ ചരിത്ര കാലഘട്ടത്തിലാണ്. യൂറോകേന്ദ്രിത വ്യാഖ്യാനങ്ങളില്‍ മറച്ചുവെയ്ക്കപ്പെടുന്നുവെങ്കിലും ഈ രണ്ടു രാജ്യങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക മേഖലയില്‍ മഹത്തായ പാരമ്പര്യമുണ്ടെന്നത് അവിതര്‍ക്കിതമായ വസ്തുതയുമാണ്. എന്നാല്‍, ആധുനിക ചൈന നേടിയ കുതിപ്പിനൊപ്പമെത്താന്‍ ഇന്ത്യ ഇനിയും കാലമേറെ കാത്തിരിക്കേണ്ടിവരും

സതീശ് സൂര്യന്‍

ദേശങ്ങള്‍ താണ്ടിയുള്ള കച്ചവടം പഴയകാലം തൊട്ടേ തുടര്‍ന്നുവരുന്ന ഒരു രീതിയാണ്. കടല്‍ക്കരയിലുള്ള നാടുകള്‍ തമ്മിലാണ് ചരക്കുകളുടെ ആദ്യവിനിമയം. അതോടൊപ്പം സംസ്കാരം കൂടി വിനിമയം ചെയ്യപ്പെടും. ഭാഷയിലും നിത്യജീവിതത്തിലും ആ വ്യാപാരം ചിലപ്പോഴൊക്കെ മറ്റൊരു ജനതയുടെ മായാത്ത മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യും. വിദേശവസ്തുക്കള്‍ നാടിന്റെ ഭാഗമായി മാറുന്നപക്ഷം, അവയുടെ വേരുകള്‍ തേടിപ്പോകാതെ സ്വന്തമെന്നോണം ജനം അവയെ സ്വീകരിക്കുകയാണ് ചെയ്യുക. മലയാളിയുടെ അടുക്കള തൊട്ട് ഭാഷാശൈലിയില്‍ വരെ പ്രതിഫലിക്കപ്പെടുന്നുണ്ട് അത്തരം വിനിമയങ്ങള്‍. സാങ്കേതികമികവുകൊണ്ടും ഉല്പന്നങ്ങളുടെ മേന്മകൊണ്ടും ഇത്തരത്തില്‍ നമ്മുടെ നിത്യജീവിതത്തോട് ചേര്‍ന്നുനിന്ന ചരിത്രമാണ് പഴയകാല ചൈനയ്ക്കുള്ളത്. ഒന്‍പതാം നൂറ്റാണ്ട് തൊട്ട് പതിനഞ്ചാം നൂറ്റാണ്ട് വരെ മുസ്സിരിസിലും കൊല്ലത്തും കോഴിക്കോട്ടുമെല്ലാം നങ്കൂരമിട്ട ചൈനീസ് കപ്പലുകള്‍ കേവലം ചരക്കുകളല്ല, അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ കൂടിയാണ് ഇവിടെ ബാക്കിവെച്ചത്. “ചീനച്ചട്ടിയില്‍ വറുക്കും... ചീനഭരണിയില്‍ സൂക്ഷിക്കും... പിന്നെയും ചീനവല വീശും...” എന്നൊക്കെ പറയുമ്പോള്‍ ഈ പേരുകള്‍ക്കു പിറകിലെ പഴയകാലം തൊട്ടേ നിലനിന്നുപോന്നിട്ടുള്ള ഒരു ദേശത്തിന്റെ വ്യാവസായിക മികവാണ് തെളിഞ്ഞുവരുന്നത്.

കേരളത്തിലേക്ക് അക്കാലത്ത് എത്തിയ ഓരോ ഉല്പന്നവും ചൈന കൈവരിച്ചിരുന്ന ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ തെളിവുകളായിരുന്നു. നമ്മുടെ അടുക്കളകളിലെ ‘ചീനച്ചട്ടി’ ലോഹം ഉരുക്കി കനംകുറഞ്ഞ പാത്രങ്ങള്‍ വാര്‍ത്തെടുക്കുന്നതിലുള്ള ചൈനക്കാരുടെ വൈദഗ്ദ്ധ്യമാണ് കാണിച്ചുതന്നതെങ്കില്‍, വീടുകളിലെ കലവറകളില്‍ അച്ചാറും ഉപ്പിലിട്ടതും സൂക്ഷിച്ചിരുന്ന ‘ചീനഭരണി’ കളിമണ്‍ പാത്ര നിര്‍മാണത്തിലും പോഴ്‌സലൈന്‍ കലയിലും അവര്‍ക്കുണ്ടായിരുന്ന മികവിന്റെ ഉദാഹരണമാണ്. കൊച്ചിക്കായലിലെ ‘ചീനവല’കളാകട്ടെ, ഭാരോദ്വഹന തത്ത്വങ്ങള്‍ മീന്‍പിടുത്തത്തില്‍ എങ്ങനെ പ്രായോഗികമാക്കാം എന്നതിന്റെ തെളിവായിരുന്നു. ഉത്സവപ്പറമ്പുകളെ ശബ്ദമുഖരിതമാക്കുന്ന ‘ചീനവെടി’ക്കു പിന്നില്‍ ലോകത്തിന്റെ യുദ്ധഗതികളെത്തന്നെ മാറ്റിമറിച്ച കരിമരുന്നിന്റെ കണ്ടുപിടുത്തമാണുള്ളത്. അക്കാലത്ത് സമ്പന്നവര്‍ഗത്തിന് ഏറെ പ്രിയങ്കരമായിരുന്ന ‘ചീനപ്പട്ട്’ തൊട്ട് നാട്ടുചികിത്സയില്‍ ഉപയോഗിച്ചിരുന്ന ‘ചീനക്കാരം’, ആയുര്‍വേദ മരുന്നുകളിലെ ‘ചീനപ്പാവ്’, സമുദ്രസഞ്ചാരത്തിന് നാവികര്‍ ഉപയോഗിച്ചിരുന്ന ദൂരദര്‍ശിനികള്‍ക്കും സുഷിരവാദ്യങ്ങള്‍ക്കും പേരായ ‘ചീനക്കുഴല്‍’ വരെ നീളുന്നു ആ പട്ടിക. വിദേശത്തുനിന്നു വരുന്ന മികച്ച വസ്തുക്കള്‍ക്കെല്ലാം ‘ചീന’ എന്ന വിശേഷണം നല്‍കുക അന്നത്തെ മലയാളിയുടെ പതിവായിരുന്നു; എന്നാല്‍, അങ്ങനെ പേരുവീണവയെല്ലാം ചൈനയില്‍നിന്നുതന്നെ വന്നതാകണമെന്നില്ല. സാങ്കേതികമികവുള്ളതും അപൂര്‍വവുമായ ഏതൊരു വിദേശ ഉല്പന്നത്തിന്റേയും പര്യായമായി ‘ചീന’ എന്ന വാക്ക് മാറിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. തെക്കേ അമേരിക്കയില്‍നിന്ന് പോര്‍ച്ചുഗീസ് നാവികരിലൂടെ എത്തിയ കാന്താരിമുളകിന് ‘ചീനമുളക്’ എന്നും മധുരക്കിഴങ്ങിന് ‘ചീനക്കപ്പ’ എന്നും പ്രത്യേകയിനം ചേമ്പിന് ‘ചീനച്ചേമ്പ്’ എന്നും പേരുകള്‍ വീണത് ആ ധാരണയുടെ തുടര്‍ച്ചയായാണ്. കൊല്ലം നഗരത്തിലെ ‘ചിന്നക്കട’ എന്ന പേരാകട്ടെ, പഴയകാല ചൈനീസ് അങ്ങാടിയായിരുന്ന ‘ചീനക്കട’ ലോപിച്ചുണ്ടായതത്രേ. പുതിയകാലത്തെ ‘ചൈനീസ് മാര്‍ക്കറ്റു’കളിലേക്ക് എത്തുമ്പോള്‍ മറ്റൊരു കൗതുകകരമായ വഴിത്തിരിവ് ചരിത്രത്തില്‍ അടയാളപ്പെടുന്നുണ്ട്. പി. സുരേന്ദ്രന്റെ ‘ചൈനീസ് മാര്‍ക്കറ്റ്’ എന്ന കഥയില്‍ ഇതേക്കുറിച്ചൊരു സൂചനയുണ്ട്. “ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍” എന്നു മുദ്രാവാക്യം വിളിച്ചിരുന്ന പഴയൊരു നക്‌സലൈറ്റ്, വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മകനുമായി പൂരപ്പറമ്പിലൂടെ നടക്കുമ്പോള്‍ അവനുവേണ്ടി ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്നുണ്ട്. ആ കളിപ്പാട്ടത്തില്‍ ‘മെയ്ഡ് ഇന്‍ ചൈന’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അയാള്‍ കാണുന്നതാണ് കഥയിലെ സന്ദര്‍ഭം. പ്രത്യയശാസ്ത്രപരമായ ആവേശങ്ങളില്‍നിന്ന് ലോകത്തിന്റെ മുഴുവന്‍ ഫാക്ടറിയായി ചൈന മാറിയതിന്റെ നേര്‍ക്കാഴ്ച ആ കഥയിലുണ്ട്. പൂരപ്പറമ്പിലെ കളിപ്പാട്ടങ്ങള്‍ തൊട്ട് അതിനൂതനമായ സാങ്കേതികവിദ്യകള്‍ വരെ ഇന്ന് ആഗോളവിപണി കയ്യടക്കുമ്പോള്‍, ചൈനയുടെ ഈ വ്യാവസായിക കുതിച്ചുചാട്ടം അടുത്തകാലത്ത് പൊടുന്നനെ സംഭവിച്ച ഒന്നല്ലെന്നു കാണാം. മറിച്ച്, നൂറ്റാണ്ടുകള്‍ക്കു മുന്‍പേതന്നെ അവര്‍ ആര്‍ജിച്ചെടുത്ത ഉല്പാദനമികവിന്റേയും ശാസ്ത്ര-സാങ്കേതിക ബോധത്തിന്റേയും തുടര്‍ച്ചയാണത്.

പ്രതീകാത്മക ചിത്രം

അറിവ് അന്വേഷിച്ച്

പോകാനൊരിടം

“ചൈനയില്‍ പോയിട്ടാണെങ്കിലും നിങ്ങള്‍ അറിവ് തേടുക” എന്ന പ്രശസ്തമായ പ്രവാചക വചനം തന്നെയും പൗരാണികകാലത്തുതന്നെ ചൈന കൈവരിച്ചിരുന്ന വൈജ്ഞാനിക-സാങ്കേതിക മികവിനുള്ള ചരിത്രപരമായ സാക്ഷ്യപത്രമാണ്. ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിനേക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ഏഴാം നൂറ്റാണ്ടില്‍ത്തന്നെ അറേബ്യന്‍ ജനത ചൈനയെ എങ്ങനെ നോക്കിക്കണ്ടിരുന്നു എന്നതിന്റെ തെളിവായിട്ടുവേണം ഇതിനെ കണക്കാക്കാന്‍. അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഏറ്റവും വിദൂരമായ അറ്റം എന്നതിലുപരി, കടലാസ് നിര്‍മാണം തൊട്ട് വൈദ്യശാസ്ത്രവും പട്ടുനൂല്‍ വ്യവസായവും വരെ നീളുന്ന ഭൗതികവിജ്ഞാനത്തിന്റെ മഹാസങ്കേതമായി ചൈന അക്കാലത്തേ മാറിയിരുന്നു. മതപരമായ അതിരുകള്‍ക്കപ്പുറം ശാസ്ത്രവും സാങ്കേതികവിദ്യയും തേടി സഞ്ചരിക്കേണ്ട ഇടമായാണ് ചരിത്രം ചൈനയെ അടയാളപ്പെടുത്തിപ്പോന്നിട്ടുള്ളത്.

മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ത്തന്നെ (താങ് രാജവംശത്തിന്റെ ആദ്യകാലം) ചൈന ശാസ്ത്ര-സാങ്കേതികരംഗങ്ങളിലും വ്യവസായത്തിലും ലോകത്ത് ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായിരുന്നു. കടലാസ് നിര്‍മാണം, പട്ടുനൂല്‍ വ്യവസായം, കളിമണ്‍-പോഴ്‌സലൈന്‍ പാത്രനിര്‍മാണം, വൈദ്യശാസ്ത്രം, രസതന്ത്രം തുടങ്ങിയ മേഖലകളില്‍ ചൈനക്കാര്‍ കൈവരിച്ചിരുന്ന മികവ് അറബികള്‍ക്കിടയില്‍ വലിയ മതിപ്പാണ് ഉളവാക്കിയിരുന്നത്.

എട്ടാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എ.ഡി 751-ലെ തലസ് യുദ്ധാനന്തരം, ചൈനീസ് സാങ്കേതികവിദ്യയായ കടലാസ് നിര്‍മാണം അറബ് ലോകത്തേക്ക് എത്തുകയും ജ്ഞാനത്തിന്റെ ഭവനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാഗ്ദാദ് കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക സുവര്‍ണകാലഘട്ടത്തിന് അത് വലിയൊരു അടിത്തറയാകുകയും ചെയ്തു. അറിവ് എന്നാല്‍, കേവലം മതപരമായ ജ്ഞാനം മാത്രമല്ല, ഇതര സംസ്കാരങ്ങള്‍ ആര്‍ജിച്ച ഭൗതികവും സാങ്കേതികവുമായ അറിവുകള്‍ കൂടിയാണ് എന്ന വിശാലമായ കാഴ്ചപ്പാട് ഇസ്‍ലാമിക ലോകത്ത് പരക്കെ സ്വീകരിക്കപ്പെടാന്‍ ചൈന അങ്ങനെ കാരണമായി.

ചൈന ഇന്നും അതിന്റെ കുതിപ്പ് തുടരുകയാണ്. ഒക്ടോബര്‍ 26-ന് സ്വരാജ്യ മാഗ്.കോമില്‍ വന്ന ഒരു ലേഖനം ഈ കുതിപ്പിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചൈനീസ് പക്ഷപാതികളായ ഏതെങ്കിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ളതല്ല സ്വരാജ്യ എന്ന പ്രസിദ്ധീകരണം. ചരിത്രപരമായി ഉദാരവല്‍ക്കരണ-മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന പ്രസിദ്ധീകരണം ഒരു രാജ്യത്തിന്റെ സാമ്പത്തിക-സാങ്കേതിക വളര്‍ച്ചയെ രാഷ്ട്രീയ എതിരാളികള്‍ വിലയിരുത്തുമ്പോള്‍ അതില്‍ വിമര്‍ശനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. എന്നാല്‍, വസ്തുതകള്‍ക്കു മുന്നില്‍ ആ വളര്‍ച്ചയെ അംഗീകരിക്കേണ്ടിവരിക അപൂര്‍വവും. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ-സാമ്പത്തിക നിലപാടുകള്‍ മുന്നോട്ടുവെയ്ക്കുന്ന ‘സ്വരാജ്യ’ മാസികയില്‍ ചൈനയുടെ സാങ്കേതിക കുതിപ്പിനെക്കുറിച്ച് വന്ന പഠനം അത്തരമൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 1956-ല്‍ സി. രാജഗോപാലാചാരിയുടെ മാര്‍ഗനിര്‍ദേശത്തില്‍ സോഷ്യലിസ്റ്റ്‌വിരുദ്ധ-സ്വതന്ത്രവിപണി ആശയങ്ങളുമായി ആരംഭിച്ച സ്വരാജ്യ, 2014-ലെ രണ്ടാം വരവില്‍ തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തേയും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളേയും ഒരുപോലെ പിന്തുണയ്ക്കുന്ന മാധ്യമമായാണ് പ്രവര്‍ത്തിച്ചു പോരുന്നത്. സ്വാഭാവികമായും കമ്യൂണിസ്റ്റ് ചൈനയുടെ നയങ്ങളേയും വളര്‍ച്ചയേയും വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് അവരുടെ രീതി. എന്നാല്‍, സ്വരാജ്യയുടെ സീനിയര്‍ എഡിറ്ററായ പ്രഖര്‍ ഗുപ്ത എഴുതിയ “2018-ല്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിഷേധിക്കാനിടയുള്ള 35 സാങ്കേതികവിദ്യകള്‍ ചൈന പട്ടികപ്പെടുത്തി. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം, അതില്‍ മൂന്നിലൊന്നോളം അവര്‍ സ്വന്തമാക്കി” (In 2018, China Listed 35 Technologies The West Could Deny It. Eight Years On, It Has Mastered Nearly A Third) എന്ന ലേഖനം, ഉപരോധങ്ങളെ മറികടന്ന് ചൈന കൈവരിച്ച വ്യാവസായിക മുന്നേറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ വ്യാപാര ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന നടത്തിയ ആത്മപരിശോധനയില്‍നിന്നാണ് ഈ മാറ്റത്തിന്റെ തുടക്കം. 2018 ഏപ്രിലില്‍ ചൈനീസ് ടെലികോം കമ്പനിയായ സെഡ്.ടി.ഇയ്ക്ക് (ZTE) അമേരിക്കന്‍ വാണിജ്യവകുപ്പ് സാങ്കേതിക ഉപരോധം ഏര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെ, ചൈനീസ് ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രമായ ‘സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലി’ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ വിതരണം നിര്‍ത്തിയാല്‍ ചൈനയുടെ വ്യവസായങ്ങളെ ശ്വാസംമുട്ടിക്കാന്‍ (‘ചോക്ക്‌പോയിന്റുകള്‍’ അഥവാ കഴുത്തില്‍ പിടിമുറുക്കാന്‍) സാധ്യതയുള്ള 35 പ്രധാന സാങ്കേതികവിദ്യകളുടെ പട്ടികയായിരുന്നു അത്. വിമാനങ്ങള്‍ രൂപകല്പന ചെയ്യുന്ന സോഫ്‍റ്റ്‍വെയറുകള്‍ തൊട്ട് മൈക്രോചിപ്പുകള്‍ നിര്‍മിക്കുന്ന ലിത്തോഗ്രാഫി മെഷീനുകളും അതിവേഗ റെയില്‍പ്പാതകള്‍ മിനുസപ്പെടുത്തുന്ന മില്ലിങ് കട്ടറുകളും വരെ ആ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ആ പട്ടിക പുറത്തുവന്ന് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കന്‍ വ്യോമസേനയുടെ ഗവേഷണ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, ആ 35 സാങ്കേതികവിദ്യകളില്‍ മൂന്നിലൊന്നോളം (ഒമ്പത് മുതല്‍ 12 എണ്ണം വരെ) ചൈന ഇതിനോടകം സ്വന്തമായി വികസിപ്പിച്ചെടുക്കുകയോ ലോകനിലവാരത്തിന് ഒപ്പമെത്തുകയോ ചെയ്തിരിക്കുന്നു എന്നാണ്. ചൈനീസ് വ്യോമ-ബഹിരാകാശ സൈനികശേഷിയെ നിരീക്ഷിക്കുന്ന ഒരു അമേരിക്കന്‍ സ്ഥാപനത്തിന്റെ വിലയിരുത്തലായതുകൊണ്ടുതന്നെ ഇതില്‍ അതിശയോക്തിക്ക് സ്ഥാനമില്ല. “കാമ്പുള്ള സാങ്കേതികവിദ്യകള്‍ വിലയ്ക്കു വാങ്ങാനോ യാചിച്ചു നേടാനോ കഴിയില്ല” എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിലപാടാണ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് 2020-ലെ 350 ബില്യണ്‍ ഡോളറില്‍നിന്ന് 2024-ല്‍ 505 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്. വിദേശ കമ്പനികളെ ഏറ്റെടുത്തും ഗവേഷണ സ്ഥാപനങ്ങളേയും വ്യവസായങ്ങളേയും ഏകോപിപ്പിച്ചുമാണ് അവര്‍ ഈ വിടവ് നികത്തിയത്. പണവും കേന്ദ്രീകൃത ആസൂത്രണവും എല്ലാ മേഖലകളിലും ഒരുപോലെ ലഭ്യമായിട്ടും എന്തുകൊണ്ടാണ് ചില സാങ്കേതികവിദ്യകളില്‍ ചൈന വേഗത്തില്‍ വിജയം വരിക്കുകയും മറ്റു ചിലതില്‍ പിന്നാക്കം നില്‍ക്കുകയും ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ‘ഉറപ്പുള്ള ഒരു ഉപഭോക്താവ്’ (Guaranteed Buyer) ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് ഈ വിജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെട്ടത് എന്നാണ് സ്വരാജ്യയിലെ ലേഖനം വ്യക്തമാക്കുന്നത്. തുടക്കത്തില്‍ പൂര്‍ണതയില്ലാത്തതാണെങ്കിലും തദ്ദേശീയമായി നിര്‍മിക്കുന്ന ഉല്പന്നം വാങ്ങാനും അത് മെച്ചപ്പെടുന്നതുവരെ കാത്തിരിക്കാനും തയ്യാറുള്ള ഒരു ഉപഭോക്താവിനെ സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ കഴിഞ്ഞ ഇടങ്ങളിലെല്ലാം ചൈന വിജയിച്ചു. ഡീസല്‍ എന്‍ജിനുകളിലെ ‘കോമണ്‍-റെയില്‍ ഫ്യൂവല്‍ സിസ്റ്റം’ തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ചൈനീസ് സൈന്യത്തിനുവേണ്ടി 2007-ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആറു വര്‍ഷംകൊണ്ട് മുപ്പതിലധികം സൈനിക വാഹനങ്ങള്‍ക്കും ടാങ്കുകള്‍ക്കും കപ്പലുകള്‍ക്കും ആവശ്യമായ ഫ്യൂവല്‍ സിസ്റ്റം സ്വന്തമായി വികസിപ്പിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു; കാരണം, സ്വന്തം ഉല്പന്നം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കാന്‍ സൈന്യം തയ്യാറായിരുന്നു. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് വിദേശ ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സിവില്‍ വിപണിയില്‍ ഇന്നും ജര്‍മന്‍ കമ്പനിയായ ‘ബോഷി’നാണ് 90 ശതമാനത്തിലധികം ആധിപത്യമുള്ളത്. സമാനമായ രീതിയില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റെയില്‍വേയും മെട്രോ കോര്‍പ്പറേഷനുകളും ഉപഭോക്താക്കളായി നിന്നതുകൊണ്ടാണ് അതിവേഗ റെയില്‍പ്പാതകള്‍ മിനുസപ്പെടുത്തുന്ന കട്ടറുകളിലും തുരങ്കം നിര്‍മിക്കുന്ന കൂറ്റന്‍ യന്ത്രങ്ങളുടെ (Tunnel-boring machines) ബെയറിങ്ങുകളിലും ചൈനയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനായത്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ആന്‍ഡ്രോയിഡ് സേവനങ്ങള്‍ നഷ്ടമായ വാവെയ് (Huawei) സ്വന്തമായി വികസിപ്പിച്ച ‘ഹാര്‍മണി ഒ.എസ്’ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐ.ഒ.എസിനെ മറികടന്നതും സര്‍ക്കാര്‍ നയങ്ങളിലൂടെ ബാങ്കുകളിലേയും ഓഫിസുകളിലേയും ഡാറ്റാബേസ് സോഫ്‍റ്റ്‍വെയറുകളില്‍ പകുതിയിലധികവും ചൈനീസ് കമ്പനികളുടെ കൈകളിലെത്തിയതും ഇതേ രീതിയിലാണ്. ഒ.എല്‍.ഇ.ഡി (OLED) സ്ക്രീനുകള്‍ നിര്‍മിക്കുന്ന യന്ത്രങ്ങളുടെ ജപ്പാനില്‍നിന്നുള്ള ലഭ്യതക്കുറവും ഇലക്ട്രിക് വാഹന നയങ്ങളും ‘ലിഡാര്‍’ സെന്‍സറുകളുടേയും ഡിസ്പ്ലേ യന്ത്രങ്ങളുടേയും നിര്‍മാണത്തില്‍ ചൈനയെ മുന്‍പന്തിയിലെത്തിച്ചു.

അതേസമയം, ഉപഭോക്താക്കള്‍ക്ക് വിദേശ ഉല്പന്നങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാന്‍ അവസരമുള്ള വ്യാവസായിക റോബോട്ടുകളുടേയും ഉന്നത നിലവാരമുള്ള കപ്പാസിറ്ററുകളുടേയും കാര്യത്തില്‍ ജപ്പാനും ജര്‍മനിക്കും പിന്നിലാണ് ഇപ്പോഴും ചൈനയുടെ സ്ഥാനം എന്നും ലേഖനത്തിലുണ്ട്. കുത്തകയായ ഉപഭോക്താക്കളെ ആശ്രയിക്കുന്നതിനു ചില പരിമിതികളുമുണ്ട്. വിമാന രൂപകല്പനാ സോഫ്‍റ്റ്‍വെയറുകളില്‍ മത്സരമില്ലാത്തതിനാല്‍ നിലവാരം മെച്ചപ്പെടാതെ പോയതും പാശ്ചാത്യ ഉപരോധം മറികടന്ന് വാവെയ് നിര്‍മിച്ച ഏഴ് നാനോമീറ്റര്‍ ചിപ്പുകള്‍ക്ക് അമിതച്ചെലവ് നേരിടേണ്ടിവന്നതും അന്താരാഷ്ട്ര അംഗീകാരമില്ലാത്തതിനാല്‍ ചൈനയുടെ ‘സി919’ യാത്രാവിമാനങ്ങള്‍ക്ക് വിദേശവിപണി കണ്ടെത്താനാകാത്തതും ആ പരിമിതികളാണ് കാണിച്ചുതരുന്നത്. കൂടാതെ, പല ചൈനീസ് ഉല്പന്നങ്ങളും നിര്‍മിക്കാനുള്ള അടിസ്ഥാന യന്ത്രസാമഗ്രികള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കും ഇപ്പോഴും വിദേശ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നുമുണ്ട്. എങ്കിലും എട്ടു വര്‍ഷം മുന്‍പ് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന പല സാങ്കേതികവിദ്യകളിലും ആധിപത്യം നേടിയതോടെ, ഇന്ന് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശേഷിയുള്ള ശക്തിയായി ചൈന മാറിയിരിക്കുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

2018-ല്‍ തുരങ്കം നിര്‍മിക്കുന്ന യന്ത്രങ്ങളുടെ ബെയറിങ്ങുകള്‍ ഇറക്കുമതി ചെയ്തിരുന്ന ചൈനയാണ് ഇന്ന് ലോകത്തിലെ ഇത്തരം യന്ത്രങ്ങളുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത്. 2026 ഒക്ടോബറില്‍ ഈ യന്ത്രങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ അതിന്റെ ആഘാതം നേരിടുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജര്‍മന്‍ കമ്പനി ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിച്ച ടണല്‍ ബോറിങ് മെഷീനുകള്‍ ഒരു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2026 മാര്‍ച്ചിലാണ് ഇന്ത്യയിലെത്തിയത്. സ്വന്തമായി ഫാക്ടറികള്‍ നിര്‍മിക്കുന്നതുകൊണ്ടുമാത്രം സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാനാകില്ലെന്നും തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്പന്നങ്ങളെ ആദ്യഘട്ടം മുതല്‍ വിശ്വാസത്തിലെടുത്തു വാങ്ങാന്‍ തയ്യാറുള്ള പൊതുമേഖലാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലേ വ്യാവസായിക അടിത്തറ ഭദ്രമാകൂ എന്നുമുള്ള വലിയൊരു പാഠം കൂടിയാണ് ചൈനയുടെ ഈ അനുഭവം നല്‍കുന്നതെന്നും ലേഖനം അടിവരയിട്ടു പറയുന്നു.

ചൈനയിലെ ഫാക്ടറി

വ്യവസായവിപ്ലവം

ആദ്യം ചൈനയില്‍

യൂറോപ്പിനേക്കാൾ നൂറ്റാണ്ടുകൾക്കു മുന്‍പ് തന്നെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള മിക്കവാറും എല്ലാ യന്ത്രങ്ങളും കണ്ടെത്തുകയും അവ സാങ്കേതികമായും സാമ്പത്തികമായും വലിയൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്ത രാജ്യമാണ് ചൈന എന്നു പറയുമ്പോള്‍ ഇത് വായിക്കുന്നവരില്‍ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം.

എൻറിക് ഡസ്സൽ എന്നൊരു പാശ്ചാത്യ ചിന്തകന്‍ പറയുന്നത് വ്യവസായവിപ്ലവം യൂറോപ്പിനേക്കാള്‍ ഒരു നൂറ്റാണ്ട് മുന്‍പ് ചൈനയില്‍ ആരംഭിച്ചിരുന്നു എന്നാണ്. ചൈനയിലെ ഖനികളിൽ രണ്ടായിരത്തോളം മീറ്റർ ആഴത്തിൽനിന്നു വെള്ളം വറ്റിച്ചുകളയാൻ അവർ ആവിയന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നും സാങ്കേതികപരവും സാമ്പത്തികപരവുമായ ആ മുന്നേറ്റം അക്കാലത്ത് വളരെ വലുതായിരുന്നു എന്നുമാണ് അദ്ദേഹം ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങളും ആവിയന്ത്രങ്ങളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും യൂറോപ്പിൽ പിന്നീട് സംഭവിച്ചതുപോലെ സ്വതന്ത്രമായി വളർന്നുവരാൻ കഴിയുന്ന ഒരു ബൂർഷ്വാവർഗത്തിനോ വ്യവസായ തൊഴിലാളി വർഗത്തിനോ അവിടെ രൂപപ്പെടാൻ സാധിച്ചില്ല എന്നും ഭരണകൂടം അത്രയധികം ശക്തമായിരുന്നത് കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

ലോകചരിത്രവും ആധുനികതയുടെ വികാസവും പലപ്പോഴും യൂറോപ്യൻ കേന്ദ്രീകൃതമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ശാസ്ത്രസാങ്കേതിക വളർച്ചയും വ്യവസായ വിപ്ലവവും ജ്ഞാനോദയവുമെല്ലാം യൂറോപ്പിന്റെ മാത്രം സംഭാവനയാണെന്ന പൊതുബോധവും നിലനിൽക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ത്തന്നെ ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ ഇല്ലായിരുന്നെങ്കില്‍ നാമിപ്പോഴും പ്രാകൃതയുഗത്തില്‍ കഴിഞ്ഞേനെ എന്നു പറയുന്ന യൂറോപ്യന്‍ ആരാധകരെ കണ്ടിട്ടില്ലേ? എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്നു പറയുന്ന ഭൂതകാല ആരാധനയുടെ രാഷ്ട്രീയം നാടുവാഴുമ്പോള്‍ ഒരു പ്രതിചിന്ത എന്ന നിലയില്‍ ഈ കാഴ്ചപ്പാട് ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. പാശ്ചാത്യര്‍ തന്നെ വിത്തിട്ടുപോയ ഒരു ചിന്തയാണത്. എന്നാല്‍, അതില്‍ വാസ്തവമില്ല.

എന്നാൽ, പ്രമുഖ തത്ത്വചിന്തകനും ചരിത്രകാരനുമായ എൻറിക് ഡസ്സലിനെപ്പോലുള്ളവര്‍ പാശ്ചാത്യ മിത്തുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും ചരിത്രത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രാധാന്യത്തെ അതര്‍ഹിക്കുംവിധം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആധുനിക ലോകത്തിന്റെ എഴുത്തും വായനയും സുഗമമാക്കിയ കടലാസ് നിർമാണവിദ്യ ആദ്യമായി കണ്ടെത്തുന്നത് ചൈനയിലെ ഹാൻ രാജവംശ കാലത്താണ്. അച്ചടിയന്ത്രവും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും യൂറോപ്പിനേക്കാൾ ചൈനയിൽ വളരെ നേരത്തെ തന്നെ ഉപയോഗത്തിലുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ അച്ചടിവിദ്യയായ മരപ്പലക കൊണ്ടുളള അച്ചടിയും (Woodblock printing), പിന്നീട് ചലിക്കുന്ന ടൈപ്പുകൾ ഉപയോഗിച്ചുള്ള അച്ചടിയും (Movable type) ആദ്യമായി വികസിപ്പിച്ചത് ചൈനയിലായിരുന്നു. നാവിഗേഷനും കപ്പൽയാത്രകളും സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വടക്കുനോക്കിയന്ത്രം ആദ്യമായി വികസിപ്പിച്ചെടുത്തത് ചൈനയിലാണ്. ഇത് ലോകമെമ്പാടുമുള്ള സമുദ്രയാത്രകൾക്കും വ്യാപാരത്തിനും പുതിയ വഴിതുറന്നു. വെടിമരുന്ന് ആദ്യം കണ്ടുപിടിച്ചത് ചൈനക്കാരാണ്. തുടക്കത്തിൽ മരുന്നുകൾ നിർമിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പടക്കോപ്പുകളിലും ആയുധങ്ങളിലും ഇത് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. വടക്കുനോക്കിയന്ത്രവും വെടിമരുന്നും യൂറോപ്യന്‍ കോളനിവല്‍ക്കരണത്തില്‍ വഹിച്ച പങ്ക് എന്തെന്ന് വിശേഷിച്ച് പറയേണ്ടതില്ല. പട്ടുനൂൽ കൃഷിയും തുണിത്തരങ്ങളുടെ നിർമാണവും നൂറ്റാണ്ടുകളോളം രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ആഗോളതലത്തിൽ വലിയ സാമ്പത്തിക സ്വാധീനം ചെലുത്താൻ ചൈനയ്ക്ക് കഴിഞ്ഞിരുന്നുവെന്നും എന്‍‍റിക് ഡസ്സല്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ വളരെ പണ്ടേ അറിവിന്റെ മേഖലയില്‍ കുതിപ്പുണ്ടാക്കാനും വൈജ്ഞാനിക മേഖലയിലെ ആ കുതിപ്പ് ജീവിതത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രയോഗവല്‍ക്കരിക്കാനും സാധിച്ചിരുന്ന ഒരു ജനസമൂഹമാണ് ചൈനക്കാര്‍.

യൂറോപ്പിൽ വ്യാവസായിക വിപ്ലവം ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്കു മുന്‍പ് ഇന്ത്യയിലും സാങ്കേതികവിദ്യ, ശാസ്ത്രം, കരകൗശലം, ഉല്പാദനം എന്നിവയിൽ സമാനമായ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോഹവിദ്യ (Metallurgy)യാണ് ഇതില്‍ ഒന്ന്. പുരാതന ഇന്ത്യയിൽ ഉയർന്ന ഗുണനിലവാരമുള്ള ഇരുമ്പ്, സ്വർണം, വെള്ളി എന്നിവയുടെ ഉല്പാദനത്തിലും ലോഹങ്ങൾ ഉരുക്കിവെള്ളത്തിൽ പണിയുന്നതിലും വലിയ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. ദില്ലിയിലെ തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം ഇതിന്റെ മികച്ച ഉദാഹരണമാണ്. ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ കൈത്തറി പരുത്തിത്തുണികൾക്കും പട്ടുനെയ്ത വസ്ത്രങ്ങൾക്കും വലിയ ആവശ്യക്കാരുണ്ടായിരുന്നു) ഉണ്ടായിരുന്നു. ബ്രിട്ടനിൽ വ്യാവസായിക വിപ്ലവം ആരംഭിക്കുന്നതിന് മുൻപ് ലോകത്തിന്റെ വിപണി കയടക്കിവച്ചിരുന്നത് ഇന്ത്യൻ ഉല്പന്നങ്ങളായിരുന്നു. സമുദ്രവ്യാപാരത്തിലും കപ്പൽ നിർമ്മാണ രംഗത്തും ഇന്ത്യ ഏറെ മുന്നിലായിരുന്നു. ദശസൂചക സമ്പ്രദായം (Decimal system) വഴി ലോകത്തിന്റെ ഗണിതശാസ്ത്ര പുരോഗതിക്ക് ഇന്ത്യ വലിയ സംഭാവനകൾ നൽകിയ രാജ്യവും ഇന്ത്യയാണ്. ഇത് അന്നത്തെക്കാലത്തെ വാസ്തുവിദ്യയിലും (Architecture) നിർമാണ പ്രക്രിയകളിലും വലിയതോതിൽ ഉപയോഗിച്ചിരുന്നു. പിന്നീട് കൊളോണിയൽ അധിനിവേശങ്ങളും ബ്രിട്ടീഷ് ഭരണവും വന്നതോടുകൂടി ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളും തദ്ദേശീയമായ ഉല്പാദനരീതികളും തകരുകയും ഇന്ത്യ അക്കാലത്തെ യൂറോപ്യൻ വ്യവസായങ്ങൾക്കുവേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി കേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം ആധുനിക രീതിയില്‍ വ്യവസായവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍, ഇന്ത്യയില്‍നിന്നും വ്യത്യസ്തമായി ചൈനയില്‍ ഈ അടിത്തറയെ സുഭദ്രമാക്കുന്നതിലും അതിന്‍മേല്‍ പുരോഗതിയുടെ ഒരു സൗധം പണിയുന്നതിലും സഹായകമായ ഘടകങ്ങളില്‍ മുഖ്യമായ ഒന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശകത്വവും നേതൃത്വവുമാണ് അത്. ഗണിതശാസ്ത്രത്തില്‍ നല്ല അടിത്തറയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മികച്ച ഒരു അദ്ധ്യാപകന്റെ ശിക്ഷണം ലഭിക്കുംപോലെയാണത്. ആധുനിക അർത്ഥത്തിലുള്ള സ്വതന്ത്ര പരമാധികാര ദേശരാഷ്ട്രങ്ങളായി (Nation-States) ഇന്ത്യയും ചൈനയും രൂപംകൊള്ളുന്നത് ഏകദേശം ഒരേ ചരിത്ര കാലഘട്ടത്തിലാണെങ്കിലും ഒരന്‍പതു കൊല്ലം കഴിഞ്ഞാലും ഒരുപക്ഷേ, നമ്മുടെ രാജ്യത്തിന് അവര്‍ക്കൊപ്പമാകാനാകില്ല എന്നതിനു കാരണവും ഇങ്ങനെയൊരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എ' ഗ്രൂപ്പിന് മാത്രമല്ല, കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തി: എംഎം ഹസന്‍

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

അമൽ നീരദിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ തോക്കുമായി റോഡിലിറങ്ങി നിൽക്കും; ഒടുവിൽ വിളിയെത്തി, അനുഭവം പങ്കുവച്ച് ചന്തു

കുട്ടികളുടെ പ്ലേറ്റിൽ നിർബന്ധമായും വേണ്ട 5 ഭക്ഷണങ്ങൾ; വളർച്ചയ്ക്കും ആരോഗ്യത്തിനും ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ഹൊറർ ത്രില്ലറുമായി കലേഷും കലാരഞ്ജിനിയും; 'F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്' ഫസ്റ്റ് ലുക്ക്