

തൃശൂര്‍: നടന്‍ ടൈഗര്‍ ഷ്‌റോഫിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട, ക്രുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ഓണ്‍ലൈനായി ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി ഗുരുമൂര്‍ത്തി തൃശൂരില്‍ അറസ്റ്റില്‍. ഇയാള്‍ ഫോട്ടോഗ്രാഫറാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങള്‍ക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
ബോളിവുഡ് താരങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ സംഘാംഗങ്ങള്‍ക്ക് കൈമാറിയതായും സൂചനയുണ്ട്. ഇതിന് പ്രതിഫലമായി പലതവണ ഡോളര്‍ കൈപ്പറ്റിയെന്നും പൊലീസിന് വ്യക്തമായി. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി തൃശൂര്‍ പൊലീസ് ഗുരുമൂര്‍ത്തിയുമായി തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടിലുള്ള ഭാര്യവീട്ടിലെത്തി.
ഏഴു മാസത്തോളമായി തൃക്കങ്ങോട്ടെ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ഇയാള്‍ക്ക് ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ വഴങ്ങിയിരുന്നതായും മാന്യമായ പെരുമാറ്റമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മുകള്‍നിലയില്‍ തമിഴ്‌നാട് സ്വദേശിയായ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇവിടെ നിന്നാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായത്.
ദീപാവലിക്കു തൊട്ടുമുന്‍പു ഭാര്യ സ്വന്തം നാട്ടിലേക്കു പോയിരുന്നു. നേരത്തെ നവി മുംബൈയില്‍നിന്നു തമിഴ്‌നാട്ടിലെത്തിയ ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയതെന്നാണു വിവരം. തൃക്കങ്ങോട്ട് എത്തുന്നതിനു മുന്‍പു ഗുരുമൂര്‍ത്തി വാണിയംകുളത്തെയും ഒറ്റപ്പാലത്തെയും ചില സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. മേയിലാണു തൃക്കങ്ങോട്ടെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സാമ്പത്തികനേട്ടം കൈവരിക്കല്‍, കുറ്റവാളികളെ സഹായിക്കല്‍, തെളിവു നശിപ്പിക്കാന്‍ സാധ്യത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സ്ഥാപന ഉടമയെ പൊലീസ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഗുരുമൂര്‍ത്തി ടെലിഗ്രാം വഴി അധോലോക സംഘത്തലവന്‍ ബിഷ്‌ണോയിയുടെ കൂട്ടാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയെങ്കിലും എന്തെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി തെളിവു ലഭിച്ചിട്ടില്ല.
രാജ്യസുരക്ഷയ്ക്കു ഭീഷണിയായ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെ പ്രതിയെ യുഎപിഎ ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. എന്‍ഐഎയ്ക്കു കൈമാറും. കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബിഷ്‌ണോയ് സംഘവുമായി നേരിട്ടു ബന്ധമുള്ളൊരാള്‍ ഒറ്റപ്പാലം ഭാഗത്തു രഹസ്യമായി താമസിക്കുന്നുവെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരം നല്‍കിയതിനു പിന്നാലെ തൃശൂര്‍ എസിപി ടിആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണു ഗുരുമൂര്‍ത്തി കുടുങ്ങിയത്. അധോലോകവുമായി ഇയാള്‍ക്കുള്ള ബന്ധവും കുറ്റകൃത്യത്തിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശീയ ഏജന്‍സികളും കേസിനു പിന്നില്‍ സജീവമായുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ചില ഗൂഢാലോചനകളില്‍ ഗുരുമൂര്‍ത്തി പങ്കാളിയായിട്ടുണ്ടെന്നു സംശയമുണ്ട്. ബുധനാഴ്ച അര്‍ധരാത്രി തൃക്കങ്ങോട്ടെത്തിയ അന്വേഷണസംഘം ഗുരുമൂര്‍ത്തിയെ മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണു കസ്റ്റഡിയിലെടുത്തു തൃശൂരിലേക്കു കൊണ്ടുപോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates